Jitha Sharun

Classics

4.2  

Jitha Sharun

Classics

ഓർമ്മയുടെ ഒക്ടോബർ 31

ഓർമ്മയുടെ ഒക്ടോബർ 31

2 mins
444


             

കണ്ണടച്ച് ഒരു ദീർഘശ്വാസം എടുത്താൽ ഇപ്പോഴും അമ്മമ്മയുടെ കഞ്ഞിമുക്കിയ സാരിയുടെ മണം മൂക്കിലേക്ക് വരും. അമ്മമ്മയില്ലാത്ത പതിനാലുവർഷങ്ങൾ ..

ഓർമ്മകൾ പലപ്പോഴും സ്വപ്നവും, ഗൃഹാതുരതയും ആണ് ഒരു പ്രവാസിക്ക് .

ഒക്ടോബർ 31.

അമ്മമ്മ എന്റെ അമ്മയുടെ അമ്മ . ഒരുപാട് വിദ്യാർഥികളുടെ ലീല ടീച്ചർ. എവിടെ പോയാലും “ടീച്ചറെ” എന്നു വിളിച്ചു ഓടി വരാൻ ഒരുപാട് പേർ. നീളൻ മുടി, കറുത്ത ഫ്രെയിം കണ്ണട, കഴുത്തിൽ ഗുരുവായൂരപ്പന്റെ ലോക്കറ്റുള്ള മാല , നെറ്റിയിൽ സൂര്യൻ ഉദിച്ചപോലെ വട്ടത്തിൽ കളഭം, മനസ്സ് നിറയെ സ്നേഹം .

അതായിരുന്നു, എന്റെ അമ്മമ്മ.

“ജിത മോളേ” എന്നു നീട്ടി ഉള്ള വിളി .

മൂന്നുവയസ്സുമുതൽ ഒരു കുഞ്ഞിന് ഓർമ്മിക്കാൻ ആകുമെങ്കിൽ ആ ഓർമ്മ എനിക്കും ഉണ്ട് . എന്റെ ബാല്യം സ്നേഹം കൊണ്ട് നിറച്ച ഒരുപാട്പേർ അമ്മ വീട്ടിൽ ആദ്യത്തെ കണ്മണി. എങ്ങും സ്നേഹം.

മുറ്റത്തെ ചാമ്പമരവും , മൂവാണ്ടൻ മാവും, പിന്നെ ഹൈഡ്രൻജിയാ പൂക്കളും, വലതുഭാഗത്ത് കുറ്റിറോസ് അങ്ങനെ ഓടി നടന്ന് ആസ്വദിച്ച നാളുകൾ .

അമ്മമ്മയുടെ സ്കൂളിലേക്ക് ഒരുപാട് ദൂരം ഉണ്ട് . ഇടയ്ക്ക് എന്നെയും കൊണ്ട് പോകും , അമ്മ അന്ന് കോളേജ് ലക്ചർ ആയിരുന്നു. അമ്മയുടെ കോളേജിനും അമ്മമ്മയുടെ സ്കൂളിനും ഇടയിൽ ദൂരം കുറവായിരുന്നു. ചിലപ്പോൾ നഴ്സറി, അല്ലെങ്കിൽ അമ്മമ്മയുടെ സ്കൂൾ.

“ലീല ടീച്ചർ ജിത മോള് എന്തൊരു പാവമാണ് , എന്തെങ്കിലും കുറുമ്പു കാണിക്കാൻ പറയൂ”


മാധവിക്കുട്ടി ടീച്ചർ ആണ് അമ്മമ്മയോട് എന്നെ പറ്റി പറഞ്ഞത്.


അമ്മമ്മയുടെ സ്റ്റാഫ് റൂമിൽ എന്നെ ഇരുത്തി പോയിട്ട് കുറച്ചു നേരായി. അമ്മ വന്നു എന്നെ നഴ്സറി ആക്കും.

“അമ്മമ്മ താ ആ ടീച്ചർ”

“എന്താ ജിത മോള് , നേന്ത്രപഴം കഴിക്കാ?”

“ഹി ഹി, ഹി”

കാർത്ത്യായനി ടീച്ചർ വന്നു ഒരു കഷ്ണം എടുത്ത പോലെ കാണിച്ചു .

ഞാൻ കരഞ്ഞു.

“അമ്മമ്മ, പഴം കടിച്ച ടീച്ചർറോടു ഞാൻ മിണ്ടൂല”

“അത് കാർത്ത്യായനി ടീച്ചർ വെറുതെ കാണിച്ചതല്ലേ , ജിത മോള് കരയേണ്ട”

അമ്മമ്മ ചിരിച്ചു . കൂടെ എല്ലാരും.

ഇടക്കൊക്കെ എന്നെ അന്നമ്മ ചേടത്തിയാണ് നോക്കിയിരുന്നത്.

കുറച്ചു കുട്ടികുറുമ്പിന്റെ പ്രായം .

പുറകിലെ നീളൻ തൂണിൽ ചുറ്റി തിരിയലും, വാഴകൾക്കു ഇല കുമ്പിളിൽ, വെള്ളം ഒഴിക്കൽ അങ്ങനെ..

“എന്റെ ടീച്ചെറേ ,നിങ്ങടെ ജിതമോള് ഒരുകൂട്ടം ചെയ്യാൻ സമ്മതിക്കിണില്ല,ഇങ്ങനെ പാറി നടക്കും, ഇങ്ങനെ ഒരു ഇളക്കി മറിയം”

അന്നമ്മചേടത്തിയുടെ പരാതികേട്ട് അമ്മമ്മ ചിരിച്ചു.

അമ്മമ്മ ജോലിയിൽ നിന്നു റിട്ടയർ ആയ ശേഷം പെൻഷൻ വാങ്ങാൻ പോകുമ്പോൾ ഞങ്ങളെയും കൊണ്ട് പോകും തിരിച്ചു വരുമ്പോൾ

ഡിലൈറ്റ് കോഫീഹൌസ്ന്നു ഫ്രൂട്ട് സലാഡ് വാങ്ങി തരും.

വർഷങ്ങൾ കഴിഞ്ഞു. ഞങ്ങൾ വലുതായിട്ടും

ആ സ്നേഹവും കരുതലും അത് പോലെ തന്നെ .

ഒരുപാട് അമ്മമ്മ ഓർമ്മകൾ.

ഞാനും , അമ്മയുടെയും അമ്മമ്മയുടെയും പാതയിൽ അദ്ധ്യാപികയായി.

(ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഇപ്പോൾ ഗൃഹഭരണം; എന്നാലും അദ്ധ്യാപിക എന്നു കേൾക്കാൻ ഒരുപാട് ഇഷ്ടം; ഇടയ്ക്ക് ഞാൻ ഒരു അദ്ധ്യാപിക ആണെന്ന് പറഞ്ഞപ്പോൾ അതിന് താൻ ജോലിക്കു പോകുന്നില്ലലോ എന്നു ചോദിച്ചവർക്ക് നന്ദി )


ഒരു ഒക്ടോബർ 31 സ്കൂൾ വിട്ടു വീട്ടിലെത്തിയപ്പോഴേക്കും

അമ്മമ്മക്കു അസുഖം കൂടുതൽ ആണെന്ന് പറയുന്നെ. വേഗം അമ്മമ്മക്കടുത്തേക്ക് .

പിന്നെ അമ്മമ്മയുടെ അടുത്ത് രാത്രി മുഴുവൻ ..

ഉറക്കമില്ലാതെ ..

ആരും കാണാത്ത ലോകത്തേക്ക് അമ്മമ്മയും ..

കണ്ണാടിക്കു മുമ്പിൽ ഞാൻ നിലക്കുമ്പോൾ ഞാൻ അമ്മമ്മയായി മാറുകയാണോ എന്നു തോന്നിയിട്ടുണ്ട്.


നാൽപ്പത്കളിലെ നരച്ചമുടി അമ്മമ്മയെ പോലെ ഞാനും ഭയപ്പെടുന്നില്ല.

ഇത്തവണ നാട്ടിൽ പോയപ്പോൾ അമ്മേടെ ചെറിയമ്മ എന്നോടു ചോദിച്ചു.

“സുഖമല്ലേ ജിത മോൾക്ക്” നാൽപ്പത് വയസ്സിലും അമ്മ വീട്ടിൽ ഞാൻ ജിത മോളാണ്. ഒരുപാട് സ്നേഹം.

“സുഖം അമ്മമ്മ, പിന്നെ ചെറുതായി തടി കൂടി , ചിലര് വല്ലാതെ കളിയാക്കുന്നു”


“ജിതമോള് നിന്റെ അമ്മമ്മയെ പോലെ അല്ലേ .. പിന്നെ എന്തിനാ വിഷമിക്കുന്നേ”


ചെറിയമ്മ ഫോൺ വച്ചതും ഞാൻ കരഞ്ഞു.


ഞാൻ അമ്മമ്മകുട്ടിയാണ്, സാഹചര്യങ്ങൾ നേരിടാൻ ജീവിതം കൊണ്ട് പഠിപ്പിച്ച ലീല ടീച്ചറുടെ പേരക്കുട്ടി. ഞാൻ തളരുമ്പോൾ , ഇന്നും എന്നെ പിടിച്ചുയർത്തുന്ന എന്റെ അമ്മമ്മ. എന്നോടു ഇടക്കെങ്കിലും തന്നെ കുറിച്ച് കഥ എഴുതാൻ പറഞ്ഞിട്ടുണ്ട് . ഇന്നാണ് എന്തെങ്കിലും എഴുതാൻ ആകുന്നത്.

കരയുമ്പോൾ ചിരിപ്പിക്കാനും , വിശക്കുമ്പോൾ ഭക്ഷണം തരാനും , ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കൂടെ ഇരിക്കാനും, സന്ധ്യക്ക് ചെറിയ ചെമ്പ് കുടത്തിൽ നിന്നും ഭസ്മം തൊടിവിക്കാനും എന്റെ അടുത്ത് ഇന്നും അമ്മമ്മ വരും.

വീണ്ടും ഒരു ഒക്ടോബർ 31 ന്നു കഴിയുമ്പോൾ ഒരു പതിന്നാലു വയസ്സുകാരിയായി വേറെ ഏതോ ലോകത്ത് ചിരിച്ച് എന്റെ അമ്മമ്മ കഴിയുന്നുണ്ടാകും…..


Rate this content
Log in

Similar malayalam story from Classics