Ajmal Shezan

Action Classics Thriller

4.0  

Ajmal Shezan

Action Classics Thriller

അയാൾ

അയാൾ

3 mins
339



രാവിലത്തെ തണുപ്പിനോട് ശരീരത്തിന് എന്നും പ്രണയമായിരുന്നു.. ഉറക്കത്തിൽ ആഴ്ന്നു പോയ എന്റെ കണ്ണുകൾ മെല്ലെ തുറന്നു.. പുറത്ത് നല്ല മഴയാണ്. ഓടിന്റെ മുകളിൽ വന്നു പതിക്കുന്ന ഓരോ മഴ തുള്ളിയുടെയും ശബ്ദം അതെന്റെ കാതുകളിൽ അലയടിച്ച് കൊണ്ടിരുന്നു.. പതിവ് പോലെ ജോലിക്ക് പോകാനുള്ള തിരക്കുകളിലേക്ക് ഞാൻ ഏർപ്പെട്ടു..കാർമേഘം പലയിടങ്ങളിൽ നിന്ന് എത്തി ആകാശം മുഴുവൻ പരന്നു കിടക്കുന്നുണ്ട്.. ഭൂമി ഇത്രയും കാലം കാത്തിരുന്നത് തന്റെ പ്രാണനായ മഴയെ വാരി പുണരാനായിരുന്നുവെന്ന് എനിക്ക് മനസ്സിലായി.ഉമ്മറപ്പടിയിൽ ചാരി വെച്ച കുടയും എടുത്ത് ഞാൻ റോട്ടിലേക്ക് നടന്നു.മഴ തെല്ലും കുറയാതെ വാശിയോടെ പെയ്യുന്നുണ്ട്.വലിയ ഹോൺ മുഴക്കി ബസ് വരുന്നത് കണ്ടപ്പോൾ അതിൽ കയറാനുള്ള തയ്യാറെടുപ്പിൽ ഞാൻ റോഡിന്റെ അരികിൽ നിന്നു. ഒരുപാട് മനുഷ്യർക്കിടയിലെ ഒരു മനുഷ്യനെ പോലെ ഞാൻ അതിൽ കയറി ജോലി സ്ഥലത്തോട്ട് യാത്രയായി.അതികം വൈകാതെ തന്നെ ബസ് ടൗണിൽ എത്തി.മഴയുടെ ശക്തി ഒന്ന് കുറഞ്ഞെങ്കിലും ഒരാളെ പകുതിയോളം നനക്കാനുള്ള തുള്ളികൾ താഴേക്ക് പതിക്കുന്നുണ്ടായിരുന്നു.ബസിൽ നിന്നും ഇറങ്ങി തൊട്ടടുത്ത് കണ്ട ഒരു കടയുടെ വശത്തോട്ട് ഞാൻ ഓടി ചെന്ന് നിന്നു.ഒരുപാട് മനുഷ്യർ അവിടെ പല ആവശ്യങ്ങൾക്കായി പരതി നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു.പെട്ടന്ന് എന്റെ ശ്രദ്ധയെ തെറ്റിച്ചു എന്നെ തട്ടി മാറ്റി ഒരു മനുഷ്യൻ എന്റെ മുന്നിലൂടെ നടന്നു പോയി.. മഴ കൊള്ളാതിരിക്കാൻ വേണ്ടി ആയിരിക്കണം അയാൾ എന്നെ തട്ടി മാറ്റി നടന്നു പോകുന്നതെന്ന് എനിക്ക് മനസ്സിലായി.അയാൾ ഒരു മുഷിഞ്ഞ കുപ്പായവും മുഷിഞ്ഞ കാവി മുണ്ടുമാണ് ധരിച്ചിരുന്നത്.എന്റെ ശ്രദ്ധ എല്ലാം അയാളിൽ ആകർഷിച്ചു.കട്ടിയുള്ള മീശയും വളർന്നു നിന്ന താടിയുമുള്ള അയാൾ ഒരു ഇരുണ്ട നിറമുള്ള മനുഷ്യനായിരുന്നു. നാല്പത് വയസോളം പ്രായം തോന്നിക്കുന്ന അയാളുടെ മുടി നാരുകൾ വളരെ നീളമുള്ളതാണ്..എന്റെ കണ്ണുകൾ അയാളിൽ നിന്നും തെന്നി മാറാതെ തന്നെ നിന്നു.അയാൾ എന്തൊക്കെയോ സംസാരിക്കുന്ന പോലെ എനിക്ക് തോന്നി.എന്റെ നോട്ടം കണ്ടിട്ടാവണം അയാളുടെ കണ്ണുകൾ ഒരുമാത്ര എന്നിൽ പതിച്ചു.അപ്പോഴും ഞാൻ അയാളെ തന്നെ നോക്കി നിന്നു.. ആരോടെന്നില്ലാതെ അയാൾ ചിരിക്കുകയും ചെറിയ സ്വരത്തിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്.അയാൾ ഒരു ഭ്രാന്തൻ ആണോ എന്നുള്ള ചിന്ത എനിക്ക് വന്നു.. ആണെങ്കിൽ അയാൾ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിപ്പെട്ടത് എങ്ങനെ ആയിരിക്കും എന്നുള്ള ചിന്തകളും എന്നെ വല്ലാണ്ട് അസ്വസ്ഥതമാക്കി.ഒരുപക്ഷെ ആരും ചേർത്ത് നിർത്താനോ അല്ലെങ്കിൽ കേട്ടിരിക്കാനോ ഇല്ലാത്തൊണ്ടാണോ ഇങ്ങനെ ഒറ്റക്ക് സംസാരിക്കുന്നതെന്ന് തോന്നും വിധം അയാൾ എന്ന മനുഷ്യൻ എന്നിൽ കുടിയേറി.അയാളുടെ അടുത്ത് ചെന്ന് അയാളിലേക്ക് ഇറങ്ങി ചെല്ലാൻ ഞാൻ ആഗ്രഹിച്ചു.പക്ഷെ അയാൾ എന്നെ അവഗണിക്കുമോ എന്നുള്ള ഭയവും എന്റെ ഉള്ളിൽ വല്ലാതെ അലട്ടിയിരുന്നു..എങ്കിലും അയാൾക്ക് ആരുമില്ലാത്ത ഒരു ലോകമുണ്ടെങ്കിൽ അവിടെ ഇടം പിടിക്കാൻ എനിക്ക് കഴിയുമെങ്കിൽ അയാളുടെ വാക്കുകൾക്ക് ഒരു കൂട്ട് അയാൾ ആഗ്രഹിക്കുന്നുവെങ്കിൽ എന്നുള്ള പല ചിന്തകളും എന്നെ അയാളുടെ അടുത്തേക്ക് എത്തിക്കാൻ ശ്രമിച്ചു.. ഞാൻ അയാളുടെ അടുത്തേക്ക് നടന്നു നീങ്ങി.ഞാൻ അയാളുടെ അടുത്ത് എത്തിയെങ്കിലും അയാൾ പറയുന്ന വാക്കുകളെ കേൾക്കാൻ കഴിയുമായിരുന്നില്ല.. അയാൾക്കപ്പഴും പതിഞ്ഞ സ്വരമായിരുന്നു.പലതും ചോദിക്കാൻ എന്റെ മനസ്സ് തയ്യാറാണെങ്കിലും എന്റെ ഭയം എന്നെ വല്ലാതെ പിന്നിലോട്ട് വലിച്ചു.കാർമേഘത്താൽ ഇരുട്ട് കൂടി വന്ന് മഴ ശക്തിയായി പെയ്യാൻ തുടങ്ങി.എന്റെ ചിന്ത അയാളിൽ നിന്നും പിന്മാറാതെയായി.തൊട്ടടുത്ത് അയാൾ ഉണ്ട് എന്നിട്ടും എന്റെ വാക്കുകൾ അയാളിലേക്ക് എത്തുന്നില്ല.. അയാൾ എന്ന മനുഷ്യനിലേക്ക് എനിക്ക് ചെന്നെത്താൻ കഴിയുന്നില്ലായിരുന്നു.ഒരു ദീർഘ ശ്വാസത്തോടെ ഞാൻ അയാളെ ഒന്ന് നോക്കി.അയാൾ വെറുതെ പുഞ്ചിരിക്കുന്നുണ്ട്.. എന്റെ വാക്കുകൾ അയാളിലേക്ക് നീട്ടാൻ സമയമായി.. അയാൾ കേൾക്കും വിധം ഞാൻ അയാളോട് ചോദിച്ചു...


"ങ്ങൾ ന്തിനാ ഒറ്റക്ക് സംസാരിക്കുന്നെ.."


എന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ചിരിയും സംസാരവും മാറ്റി എന്നെ ഒന്ന് നോക്കി.പക്ഷെ എന്റെ ചോദ്യത്തിന് അയാൾ മറുപടി ഒന്നും പറയാതെ അയാൾ വീണ്ടും എന്തൊക്കെയോ സംസാരിക്കുന്നു..എന്നെ ശ്രദ്ധിക്കുവാനോ എന്റെ വാക്കുകൾ കേൾക്കാനോ അയാൾ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് മനസ്സിലായി..പക്ഷെ ആ മനുഷ്യനിലേക്ക് അയാളുടെ വേദനകളിലേക്ക് ഒരാശ്വാസമാവാൻ ഉള്ള എന്റെ ചിന്തയെ അയാളോടുള്ള മറ്റു ചോദ്യങ്ങളിലേക്ക് കൊണ്ടെത്തിച്ചു.അയാളുടെ ശ്രദ്ധ എന്നിലേക്ക് എത്താൻ എന്റെ ചോദ്യങ്ങൾ വീണ്ടും അയാളിലേക്ക് ഉയർന്നു...


"ങ്ങൾ ആരോടാ സംസാരിക്കുന്നെ.."


"ങ്ങൾക് വീടില്ലേ... "


എന്റെ ചോദ്യങ്ങൾ കേട്ട് അയാൾ നോക്കുന്നുണ്ടെങ്കിലും എനിക്ക് വേണ്ട ഉത്തരങ്ങൾ അയാൾ തന്നില്ല...പക്ഷെ അയാൾ എന്റെ ചോദ്യങ്ങളിൽ നിശബ്ദമായി.അയാളുടെ സംസാരം എന്റെ ചോദ്യങ്ങളിൽ നിലച്ചു പോയതായി എനിക്ക് തോന്നി.എനിക്ക് ഒരിക്കലും അയാളിലേക്ക് ഇറങ്ങി ചെല്ലാനോ അയാളെ വാക്കുകൾക്ക് കൂട്ടിരിക്കാനോ കഴിയില്ലെന്ന് മനസ്സിലായി.മഴ പതിയെ കുറഞ്ഞു വന്നു. കാർമേഘങ്ങൾ പലയിടങ്ങളിലേക്കായി യാത്രയായി.അയാൾക്കൊപ്പം ഞാനും നിശബ്ദമായി.അയാളുടെ ആ നിശബ്ദതക്ക് ആയുസ് ഇല്ലെന്ന് അറിയിച്ചു കൊണ്ട് അയാൾ എന്തോ പറയാൻ തുടങ്ങി.ഞാൻ അയാളെ കേൾക്കാൻ ആവേശത്തോടെ ശ്രമിച്ചു.അയാൾ ഒരു ചെറിയ ചിരിയോടെ എന്നോടെന്ന രീതിയിൽ പറഞ്ഞു...


"ഈ ജീവിതമാണ് എന്റെ വീട്.. മരണപെട്ട മനുഷ്യരാണ് എനിക്ക് കൂട്ട്...."


ഒരു ചിരിയോടെ അയാളുടെ വാക്കുകൾ സ്തംഭിച്ചു.. പതിയെ അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങി.. അയാളുടെ വാക്കുകളിലെ അർത്ഥം എനിക്ക് വ്യക്തമായില്ല.. എങ്കിലും അയാൾ ഒരുപാട് വേദനിക്കുന്നുണ്ട്.അയാൾ നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു.. പിന്നീട് പലപ്പോഴും അയാളുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു..എന്റെ കണ്ണുകൾ തിരയുന്ന വ്യക്തികളിൽ അയാൾ ഒരു സ്ഥാനം അയാൾ പോലുമറിയാതെ പിടിച്ചു കഴിഞ്ഞു...



Rate this content
Log in

More malayalam story from Ajmal Shezan

Similar malayalam story from Action