Ajmal Shezan

Others

4.1  

Ajmal Shezan

Others

മാലിക്ക്

മാലിക്ക്

5 mins
296



പ്രഭാതത്തിലെ ആരംഭം തന്നെ കുളിർമ ഏറിയ ഇളം തണുത്ത കാറ്റ് വന്നു പ്രകൃതിയെ ചുംബിച്ചു കൊണ്ടാണ്. ആ ചുംബനം ഏറ്റു വാങ്ങാൻ മിക്ക ദിവസങ്ങളിലും ഞാനും ഉണ്ടാകും. രാവിലെ എണീറ്റ് കോലായിൽ ചെന്നിരിക്കുമ്പോഴാണ് കുളിർമ ഏറിയ കാറ്റ് വീശാർ. ഉമ്മ സുബ്ഹി ബാങ്കിന് ഒരു മണിക്കൂർ മുൻമ്പ് തന്നെ എണീക്കാറുണ്ട്. ഞാൻ അപ്പോഴെല്ലാം കമ്പ്ലി പുതപ്പിന്റെ ഉള്ളിൽ തന്നെയാകും.


അടുക്കളയിൽ നിന്നും പാത്രത്തിന്റെ ഒച്ചപ്പാടുകൾ ചെവിക്കകത്ത് എത്തുന്നുണ്ടെങ്കിലും ഞാൻ അപ്പോഴും പ്രകൃതിയുടെ പ്രണയത്തെ ആസ്വദിക്കുന്ന തിരക്കിലാവും. രാവിലത്തെ കാറ്റിന് ഒരു പ്രത്യേക രസമാണ്. നമ്മൾ ഇഷ്ടപ്പെടുന്നവരെ കാണുമ്പോൾ നമ്മടെ ഹൃദയത്തിലുണ്ടാകുന്ന ഒരു ചെറു പുഞ്ചിരി പോലെ പ്രകൃതിയിലെ ഇലകൾക്കെല്ലാം ചെറിയൊരു ആട്ടമുണ്ട്. അവർ പരസ്പരം പ്രണയം പങ്കുവെക്കുവാണെന്ന് എനിക്ക് മനസ്സിലായി. ഇലകൾക്കൊപ്പം അവ എന്നെയും ചുമ്പിക്കാറുണ്ട്.


രാവിലെ ആയോണ്ടന്നെ ഞാൻ കുപ്പായം ഇടാത്തൊരു മനുഷ്യനാണ് പലപ്പോഴും. ഇന്നും അങ്ങനെ തന്നെ. അവ ഓരോ തവണ എന്നെ വന്നു ചുംബിക്കുമ്പോഴും എനിക്ക് വല്ലാതെ തണുത്തുകൊണ്ടിരുന്നു. എന്റെ വീടിന്റെ മുറ്റത്തിനോട് അടുത്ത് ഒരു മതിൽ കെട്ടിയിട്ടുണ്ട്. ഉമ്മാക്ക് ചെടികൾ ഇഷ്ടായത്കൊണ്ട് പഞ്ചസാര കവറുകളിൽ മണ്ണ് നിറച്ച് ചെടികൾ നട്ടു വളർത്തി ആ മതിലിൽ വച്ചിരുന്നു. ഉമ്മ എന്നെ നോക്കുന്നതിലും കൂടുതൽ സ്നേഹം അവക്ക് കൊടുക്കാറുണ്ട്. അതിൽ അസൂയ തോന്നുന്ന ഒരു മനുഷ്യനായി ഞാൻ പലപ്പോഴും മാറാറുണ്ട്. ഉമ്മാന്റെ സ്നേഹം കിട്ടിയോണ്ടാവാം അതെല്ലാം പൂത്ത് നിന്ന് നല്ല ഭംഗി വച്ചിട്ടുണ്ട്. അല്ലെങ്കിലും സ്നേഹം കൊണ്ട് ഭംഗി വരാത്തതായി ഒന്നും തന്നെ ഇല്ലല്ലോ. അതിനിടയിൽ പാത്രത്തിന്റെ കലഹങ്ങൾക്കിടയിലൂടെ ഉമ്മ ഉറക്കെ വിളിച്ചുപറയിണ്ട്..


"മാലിക്കെ.. ഇയ് ഈ രാവിലെ തന്നെ മഞ്ഞു കൊണ്ട് വല്ല അസുഖോം വരുത്തി വെക്കാനാണോ അവിടെ പോയി ഇരിക്ക്ണ്. വല്ലോം വന്നു ഇവിടെ കെടന്ന ആരാ നോക്കാൻ ണ്ടാവാ. ഈ അടുക്കള പണീന്റെ എടേല് ഇക്കതിന് നേരം കിട്ടോ. ഇന്നെ എടങ്ങേറക്കാനാണോ അന്റെ ഉദ്ദേശം.."


"ഇല്ല ഉമ്മ ഇവിടെ അങ്ങനെ മഞ്ഞൊന്നുല്ല..." എന്ന് പറഞ്ഞു ഉമ്മാനെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും പ്രകൃതിയിൽ മഞ്ഞുകണങ്ങൾ വിരിഞ്ഞു നിന്ന് അവ ഓരോ തുള്ളിയായി ഭൂമിയെ സ്പർശിക്കുന്നുണ്ടായിരുന്നു.


മനുഷ്യ ശരീരത്തിലേക്ക് തിടുക്കത്തിൽ ആഴ്ന്നിറങ്ങുന്ന അമ്പു പോലെ മഞ്ഞുകണങ്ങളെ കൊല ചെയ്യും വിധം സൂര്യ രക്ഷ്മികൾ അപ്പോഴേക്കും മരച്ചില്ലകളിൽ വന്നു പതിച്ചു തുടങ്ങി. ഉമ്മ ഈ സമയം കൊണ്ടെല്ലാം ഭക്ഷണം ഉണ്ടാക്കി മേശപ്പുറത്ത് കൊണ്ട് വച്ചിരുന്നു. ഉപ്പ ഇല്ലാത്തത് കൊണ്ടും ഉമ്മാക്ക് ഞാനൊറ്റൊരു കുട്ടി മാത്രം ആയത് കൊണ്ടും എല്ലാ ലാളനയും കിട്ടി വളർന്നതാണ് ഞാൻ. ഒരുമിച്ച് ആഹാരം കഴിച്ചതിനു ശേഷം ഉമ്മ ഉമ്മാന്റെ തിരക്കുകളിലേക്ക് പോയി. വായിക്കാൻ ഇഷ്ടമുള്ള ഞാൻ ലൈല മജ്നു എന്ന നിസാമിയുടെ പ്രണയ പുസ്തകവും എടുത്ത് ഉമ്മറപ്പടിയിൽ വന്നിരുന്നു. മജ്നുവിന് ലൈലയോടുള്ള സ്നേഹത്തിന്റെ തീവ്രത ആ പുസ്തകത്തിൽ നിന്നുമാണ് എനിക്ക് മനസ്സിലായത്. ഞാൻ അത് വായിക്കുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ ചില സമയങ്ങളിൽ പ്രകൃതിയിലും സഞ്ചരിക്കും. മജ്നു ലൈലയെ അലഞ്ഞു നടന്നത് പോലെ പല പക്ഷികളും തന്റെ ഇണക്കളെ അലഞ്ഞു നടക്കുന്നുണ്ട്.


വെളുപ്പിന് നേരം പത്തു പത്തര ആയാൽ ചിമ്മു വീട്ടിലേക്ക് കളിക്കാൻ വരാറുണ്ട്. ചിമ്മു അടുത്ത വീട്ടിലെ കുട്ടിയാണ്. അവൾക്ക് അഞ്ചു വയസ് മാത്രമേ പ്രായമൊള്ളു. അച്ഛനേക്കാൾ ഇഷ്ടം അവൾക്ക് അമ്മയെ ആണ്. അവളുടെ അച്ഛൻ എന്നും മദ്യപിച്ചു വന്ന് അവളുടെ അമ്മയെ ഉപദ്രവിക്കുന്നത് കൊണ്ടാവണം അവളങ്ങനെ പറഞ്ഞത്. പതിവ് പോലെ ഇന്നും അവൾ വരുന്നുണ്ട്.


എന്നും പുറത്ത് പോയി വരുമ്പോൾ ഞാൻ എന്തെങ്കിലും അവൾക്ക് കരുതാറുണ്ട്. അവൾ വീട്ടിൽ എത്തിയപ്പോൾ തന്നെ അവളുടെ അമ്മ വിളിച്ചു പറയുന്നുണ്ട്..


"ചിമ്മു നിനക്ക് വയ്യാത്തതല്ലേ നിന്നോട് ഞാൻ പറഞ്ഞതല്ലേ എങ്ങോട്ടും പോകരുതെന്ന്.."

"ഇല്ല അമ്മ ഞാനിപ്പോ വരാ.. ഞാൻ ഏട്ടന് സീംബയെ കാണിക്കാൻ വന്നേക്കുവാ.."


അവൾ ഒറ്റക്കല്ല അവളുടെ കൂടെ ഒരു പൂച്ച കുഞ്ഞും ഉണ്ട്. അതിന്റെ പേരാണ് സീംബ. അതിനെ കാണാൻ ചിമ്മുവിനെ പോലെ തന്നെ നല്ല ഭംഗിയുണ്ട്. അവളുടെ ചെറിയച്ഛന് കുഞ്ഞുങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ ചിമ്മുവിനെ വലിയ കാര്യമാണ്. ചെറിയച്ഛൻ ഇന്നലെ ജോലി കഴിഞ്ഞ് വന്നപ്പോൾ കൊണ്ട് കൊടുത്തതാണ് സീംബയെ. ചിമ്മു നിഷ്കളങ്കമായ കുട്ടിയാണ്. അവളുടെ അച്ഛൻ അവൾക്ക് ഒന്നും കൊണ്ട്കൊടുക്കാറില്ല. ചിലപ്പോഴെല്ലാം ഞാനും ചിമ്മുവും ഒരുപോലെ ആണെന്ന് ഞാൻ ചിന്തിക്കാറുണ്ട്. ഞാൻ ഉപ്പയില്ലാതെ വളർന്നതും അച്ഛൻ ഉണ്ടായിട്ടും അയാളുടെ സ്നേഹം കിട്ടാതെ വളർന്ന കുട്ടിയുമാണ് ചിമ്മു. അവർ മുറ്റത്ത് ഓടി കളിക്കുന്നത് കണ്ട് ഞാൻ ഉമ്മറപ്പടിയിൽ ഇരുന്നു. ഒരു ദിവസം മാത്രമേ അവർ അടുത്തിട്ടുള്ളു എങ്കിലും സീംബക്ക് ചിമ്മുവിനോട് നല്ല സ്നേഹമാണ്.


അമ്മ വിളിച്ചത് കൊണ്ടാവണം അവൾ സീംബയെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി. എന്റെ ശ്രദ്ധ വീണ്ടും ലൈല മജ്നുവിലായി.


 നേരം ഇരുട്ടായി തുടങ്ങി. പതിവ് പോലെ ചിമ്മുവിന്റെ വീട്ടിൽ ഇന്നും ബഹളം തന്നെയാണ്. ചിമ്മുവിന്റെ അച്ഛൻ മദ്യപിച്ചു വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ചിമ്മുവിന്റെ അമ്മയെ അയാൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിമ്മുവിന്റെ ചെറിയച്ഛനും ചെറിയമ്മയും അയാളെ തടയുന്നുണ്ട്. ഇതെല്ലാം കണ്ട് ചിമ്മു ഒരു ഭാഗത്തു നിന്ന് കരയുന്നത് ഞാൻ ശ്രദ്ധിച്ചു. പെട്ടന്ന് അയാൾ പലതും പിറുപിറുത്ത്കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി. ചെറിയച്ഛൻ ചിമ്മുവിനെ കൂട്ടി അവർ അവരുടെ തൊട്ടടുത്ത വീട്ടിലേക്ക് പോയി.


രാത്രി പത്ത് പതിനൊന്നു ആകുമ്പോഴാണ് ഞാൻ പതിവ് പോലെ ഉറങ്ങാറുള്ളത്. ഓരോ ചിന്തകൾക്കിടയിലൂടെ എന്റെ കണ്ണുകൾ ഉറക്കത്തിലേക്ക് ചേക്കേറി. ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട്കൊണ്ട് പെട്ടന്ന് ഞാൻ ഉറക്കത്തിൽ നിന്നും തെന്നി മാറി. സമയം പന്ത്രണ്ട് മണിയെ ആയിട്ടുള്ളു. ചിമ്മുവിന്റെ അച്ഛന്റെ ബഹളം വീണ്ടും പുറത്ത് നിന്ന് കേൾക്കുന്നുണ്ട്. ഞാൻ എഴുന്നേറ്റ് ജനൽ പാളി മെല്ലെ തുറന്ന് വച്ച് അയാളെ ശ്രദ്ധിച്ചു. വാതിൽ തുറക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു അയാളുടെ എല്ലാ ശക്തിയിലും അയാൾ ആ വാതിലിൽ ആഞ്ഞു ചവിട്ടുന്നുണ്ട്. സഹിക്കാനാവാത്തത് കൊണ്ടാവണം ചിമ്മുവിന്റെ അമ്മ വാതിൽ തുറന്ന് കൊടുത്ത് അയാൾ ഉള്ളിലേക്ക് കയറുന്നതായി ഞാൻ കണ്ടു. എന്തിനാണയാൾ അവരെ ഇത്രയും ഉപദ്രവിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഉത്തരം കിട്ടാത്ത ഒരു ചിന്തമാത്രമാണ് അതെനിക്കിപ്പഴും. ഉറക്കത്തിന് മുന്നെയാണ് ഓരോ ഓർമകളും എന്റെ മനസ്സിൽ സ്ഥാനം പിടിക്കാർ. ഓരോന്ന് ആലോചിച്ച് ഞാൻ വീണ്ടും ഉറക്കത്തിലേക്ക് ആഴ്ന്നു.


നേരം വെളുത്ത് സൂര്യ രക്ഷ്മികൾ വീടിന്റെ ചുമരുകളിൽ വന്നു പതിച്ചു തുടങ്ങി. രാവിലത്തെ കുളിർമ കിട്ടാൻ വേണ്ടി ഞാൻ കോലായിൽ വന്ന് ഇരുന്നു. ചിമ്മുവിന്റെ വീട്ടിൽ ആരൊക്കെയോ വരുന്നുണ്ട്. ആരൊക്കെയോ ചേർന്ന് പായ വലിച്ചു കെട്ടുന്നുണ്ട്. അവരുടെ വീട്ടിൽ ഇതുവരെയും പരിപാടികളൊന്നും നടത്തിയതായി ഞാൻ കണ്ടിട്ടില്ല. ചിമ്മുവിന്റെ പിറന്നാളിന് പോലും അവിടെ ആഘോഷമൊന്നും ഉണ്ടായിട്ടില്ല. ആളുകൾ വന്നു കൂടുന്നുണ്ട്. എന്താണെന്ന് അറിയാൻ ഞാൻ ഉമ്മയെ അന്വേഷിച്ചു അടുക്കളയിൽ പോയി. അടുക്കളയിൽ പാത്രങ്ങളെല്ലാം ചിതറി കിടക്കുവായിരുന്നു. അതൊന്നും പെറുക്കി വെക്കാതെ ഉമ്മ എവിടെയാണെന്ന് ഞാൻ ചിന്തിച്ചു. ഉമ്മയെ കാണാതായപ്പോൾ ഞാൻ ചിമ്മുവിന്റെ വീട്ടിലേക്ക് നടന്നു നീങ്ങി. ആളുകളുടെ വരവുകൾ കൂടി കൊണ്ടിരിക്കുകയാണ്. ഞാൻ അവിടെ എത്തിയപ്പോഴേക്കും സീംബ പൂച്ച എന്റെ കാലിന്റെ ചുവടിലേക്ക് ഓടി വന്നു. ഞാനതിനെ എടുത്ത് എന്റെ കയ്യിൽ ഭദ്രമാക്കി വെച്ചു. ആളുകൾ എല്ലാവരും നിശബ്ദമാണ്. ആരോ മരിച്ചതായി എനിക്ക് മനസ്സിലായി. ഞാൻ ഇടറിയ മനസ്സോടെ അവരുടെ വീടിന്നുള്ളിലേക്ക് കയറി ചെന്നു. വെള്ള തുണികൾക്കിടയിൽ ചിമ്മുവിന്റെ അച്ഛൻ മരിച്ചു കിടക്കുന്നുണ്ട്. മനസ്സ് പതറുന്നുണ്ടെങ്കിലും ആത്മ ധൈര്യത്തോടെ ഞാൻ അവരെ നോക്കി നിന്നു. മറുഭാഗത്ത് ന്റെ ഉമ്മയുടെ മടിയിൽ ചിമ്മുവിന്റെ അമ്മ തളർന്നു കിടക്കുന്നുണ്ട്.

ഇതെല്ലാം വേദനയോടെ ഞാൻ നോക്കി നിന്നു.


അതിനിടയിൽ സീംബ എന്റെ കയ്ക്കുള്ളിൽ നിന്നും ഇറങ്ങി അരികെയുള്ള വാതിലിന്റെ അടുത്തോട്ടു പോയി. ഞാൻ അവിടേക്ക് നോക്കിയപ്പോൾ ചിമ്മു അവിടെ തനിയെ ഇരിക്കുന്നുണ്ട്. അവളെ ആരും ശ്രദ്ധിക്കാത്തത് പോലെ എനിക്ക് തോന്നി. ഞാൻ അവളെ അവിടെ നിന്നും വാരിയെടുത്തു. അവളുടെ കണ്ണുകളിൽ അച്ഛനോടുള്ള സ്നേഹത്തെ എനിക്ക് കാണാൻ കഴിഞ്ഞിരുന്നു. ശബ്ദമില്ലാത്ത അവളുടെ കണ്ണുനീർ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി.


ഭർത്താവിന്റെ ഉപദ്രവം നേരിടേണ്ടി വന്നെങ്കിലും അവരെ ഉപേക്ഷിച്ചു പോവാതെ അയാൾക്കും ചിമ്മുവിനും വേണ്ടി ജീവിച്ചവരാണ് ചിമ്മുവിന്റെ അമ്മ. അയാളോടുള്ള സ്നേഹം തന്നെ ആയിരിക്കണം ചിമ്മുവിന്റെ അമ്മയെ തളർത്തിയതും. ഭർത്താവില്ലാതെ ജീവിച്ച വേദന അറിയുന്നത് കൊണ്ടായിരിക്കണം ന്റെ ഉമ്മ അവരെ ചേർത്ത് പിടിച്ചിരുന്നു. ന്റെ ഉമ്മ പലപ്പോഴും പറയുമായിരുന്നു.. "ഒരാൾ തളർന്നിരിക്കുമ്പോൾ അയാൾക്ക് വേണ്ടത് താങ്ങി നിർത്തും വിധം മറ്റൊരാളുടെ കൈകളാണ്.." അതെനിക്ക് ഓർമ വന്നു.. എല്ലാവരും കർമക്രിയകൾക്കൊരുങ്ങി.


അവസാനമായി ചിമ്മുവിനെ അവളുടെ അച്ഛനെ കാണിക്കുമ്പോൾ അവൾ ഉള്ളിൽ തേങ്ങുന്നുണ്ടായിരുന്നു.കണ്ണുകളിൽ നിന്നും പൊടുന്നനെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. അവൾക്ക് അയാളോടുള്ള അടുപ്പവും സ്നേഹവും എനിക്കന്ന് മനസ്സിലായി. ഒറ്റക്കല്ലെന്ന് തോന്നും വിധം ഞാൻ അവളെ ചേർത്ത് നിർത്തി. ഒടുവിൽ കർമങ്ങൾ എല്ലാം കഴിഞ്ഞ് എല്ലാവരും പോയി തുടങ്ങി. എന്റെ ഉമ്മയും വളരെ സങ്കടത്തിലാണ് അവിടെ നിന്നും വന്നത്. അവരുടെ വേദനകളെ അത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉമ്മാന്റെ മുഖഭാവത്തിൽ നിന്നും എനിക്ക് വ്യക്തമായി.


നാളുകൾക്കു ശേഷവും ചിമ്മു വീടിനടുത്തെ അച്ഛനെ ദഹിപ്പിച്ചതിനടുത്തു പോയി അച്ഛന് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അവിടെ അച്ഛൻ അവളുടെ പ്രാർത്ഥനക്ക് വേണ്ടി കാത്തിരിക്കാറുണ്ടെന്ന് അവൾ പലപ്പോഴും പറയാറുണ്ട്. അവൾക്കുള്ളിൽ ചെറുപ്പം മുതലേ അവളുടെ അച്ഛനോടുള്ള സ്നേഹം വളർന്നിരുന്നു. അതുകൊണ്ടായിരിക്കാം അവളുടെ പ്രാർത്ഥനയിലും അയാൾ ഇപ്പോഴും ജീവിക്കുന്നത്...





Rate this content
Log in

More malayalam story from Ajmal Shezan