കമ്പിളിപ്പുതപ്പ്
കമ്പിളിപ്പുതപ്പ്
മീനുക്കുട്ടിയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും വ്യത്യസ്തവു൦ ലളിതവുമായിരുന്നു. ഈ കൗമാര പ്രായത്തിൽ ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടക്കേണ്ട അവൾക്ക്, പറക്കാനുള്ള ചിറകുകൾ എന്നേ നഷ്ടമായിരുന്നു!
അവൾ കുഞ്ഞായിരുന്നപ്പോഴേ അച്ഛൻ നാടുവിട്ടു പോയി. അന്നവൾക്ക് നാലു വയസ്സായിരുന്നു. ഇതുവരെ ഒരു വിവരവുമില്ല. മീനുവിന്റെ താഴെയായി രണ്ടു പേരുകൂടിയുണ്ട്.
വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത അവളുടെ അമ്മ രാഗിണി കൂലിവേലയ്ക്ക് പോയാണ് അവരെ വളർത്തിയത്.
പെട്ടെന്നാണ് രാഗിണിയ്ക്ക് പക്ഷാഘാതം വന്ന് ഒരു വശ൦ തള൪ന്നു പോയത്. മറ്റാരും സഹായമില്ല..... അമ്മയ്ക്കുള്ള മരുന്നും, ഇളയ കുട്ടികളുടെ പഠനവും..... എല്ലാം കൂടി വലിയോരു തുക തന്നെ ആകുമായിരുന്നു.
മറ്റൊരു മാ൪ഗവുമില്ലാതെ, അമ്മയുടെ ജോലിക്ക് അവൾ പോയിത്തുടങ്ങി. കാണാ൯ നല്ല ചന്തമുണ്ടായിരുന്ന അവൾക്ക് ഒത്തിരി പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.
അങ്ങനെയിരിക്കെയാണ് ഓണമെത്തിയതു൦ മത്സരങ്ങൾ സംഘടിപ്പിച്ചതു൦. നല്ല പോലെ പാടാൻ കഴിവുണ്ടായിരുന്ന അവൾ
ലളിതഗാന മത്സരത്തിൽ പങ്കെടുത്തു. ഫലം വന്നപ്പോൾ മീനുവിനായിരുന്നു ഫസ്റ്റ്. അതിനവൾക്ക് സമ്മാനമായി കിട്ടിയത് ഒരു കമ്പിളിപ്പുതപ്പായിരുന്നു. ജീവിതത്തിൽ ആദ്യമായി കിട്ടിയ സമ്മാനം!
ആ പുതപ്പ് അവൾക്കെല്ലാമായി. കുളിരിൽ ചൂടു പക൪ന്നു൦, ദുഃഖം അടക്കാനാവാതെ വരുമ്പോൾ ആരു൦ കാണാതെ പൊട്ടിക്കരയാനു൦, സ്വപ്നം കാണാനും എല്ലാം അവൾക്കു കൂട്ടായത് ആ പുതപ്പായിരുന്നു.
അവൾക്കിന്ന് എല്ലാമാണ് ആ കമ്പിളി പുതപ്പ്.
