എൻ്റെ പള്ളിക്കൂടം
എൻ്റെ പള്ളിക്കൂടം
ഞാൻ വളർന്ന കൊച്ചു ഗ്രാമത്തിൽ, മഞ്ഞു വീണു ഉറങ്ങിയ പച്ച പുല്ലുകൾ ഇടതൂർന്നു നിൽക്കുന്ന ഒരു ചെറു പാത താണ്ടിയാൽ, അനേകം ഓർമകൾ കൂടിയിരിക്കുന്ന ഒരു ചെറിയ പള്ളിക്കൂടം. ഉണക്കപ്പുല്ലുകൾ കൊണ്ട് മേഞ്ഞ പകുതിയോളം ഉയർന്നു നിൽക്കുന്ന മൺ ഭിത്തികൾ. വാതിലുകൾ ഇല്ലാത്ത യഥേഷ്ടം വായു സഞ്ചാരമുള്ള ക്ലാസ് മുറികൾ, പലകകൾ കൊണ്ടും, പരമ്പു കൊണ്ടും ഉണ്ടാക്കിയ ചെറിയ സ്ക്രീനുകൾ ക്ലാസ് മുറികളെ വേർ തിരിക്കുന്നു. ഇതാണെന്റെ പള്ളിക്കൂടം. എന്റെ ബാല്യത്തിന്റെ പ്രിയങ്കരമായ സ്മരണ.
ഞങ്ങൾ സിറ്റി എന്നു വിളിക്കുന്ന ചെറിയൊരു കവല, അതിനു താഴെ നീളത്തിലുള്ള ഓടിട്ടതും, പുല്ലു മേഞ്ഞതുമായ മൂന്നു നാലു കെട്ടിടങ്ങൾ. അത് വെറുമൊരു കെട്ടിടം മാത്രമല്ല, അന്ന് ഒത്തുകൂടിയ നിരവധി ചെറു മനസ്സുകളുടെ പ്രതീകമാണ്. എല്ലാർക്കും ഒരുപോലെ സ്വപ്നങ്ങൾ, ഒരുപോലെ ഭാവനകൾ. ആ ക്ലാസ് മുറികളിൽ, നിറം മങ്ങിയ മേശപ്പലകയിലും, ഉപ്പുമാവ് വിളമ്പിയ പാത്രങ്ങളിലും, നമ്മുടെ സ്‌നേഹത്തിന്റെയും ചിരിയുടെയും ചിഹ്നങ്ങളുണ്ട്.
അദ്ധ്യാപകൻ രവീന്ദ്രൻ സാറിന്റെ സ്നേഹം നിറഞ്ഞ അധ്യാപനം, അക്ഷരങ്ങളുടെ ലോകത്തെ ഞങ്ങളുടെ മുന്നിലെത്തിച്ചു. സാറിന്റെ വാക്കുകളിൽ ഉണ്ടായിരുന്നത് വിസ്മയവും പ്രചോദനവുമായിരുന്നു. ഗണിതശാസ്ത്രത്തിലെ കണക്കുകളും ഭാഷയിലെ കഥകളും, ഓരോന്നും നമ്മളെ പുതിയ ലോകങ്ങളിലേക്ക് കൊണ്ടുപോയി.
മറക്കാനാകാത്ത കളിക്കളം, അവിടെ ഒന്നിച്ചു പന്ത് കളിച്ചും ചിലവഴിച്ച പല പകലുകൾ. പണി പൂർത്തിയാകാതെ നിന്നിരുന്ന പള്ളി കെട്ടിടത്തിൽ ഒത്തുകൂടി നടത്തിയ രഹസ്യകഥകൾ, ആരും കേൾക്കാത്ത പാതിരാവിലെ സ്വപ്നങ്ങൾ.
പള്ളിക്കൂടത്തിന്റെ വശത്തായി നീണ്ടു ചരിഞ്ഞു കിടക്കുന്ന പാറ, അതിന് ഓരം ചേർന്നു കഥകൾ പറഞ്ഞും, പുല്ലിൽ മാത്രം ചവിട്ടി വീട്ടിലെത്തുന്ന കളികളുമായി പോകുമ്പോൾ എത്രയോ തവണ ചിരിയുമായി തെന്നി വീണിട്ടുണ്ട്.
കാലത്തിന്റെ ചുഴിയിൽ, പലരും പല വഴികൾ തിരിഞ്ഞെങ്കിലും, ഞങ്ങളുടെ പള്ളിക്കൂടം ഇപ്പോഴും മനസ്സിൽ അവിശ്വസനീയമായൊരു സ്നേഹത്തിന്റെ സ്മാരകമായി നിലകൊള്ളുന്നു
