Ann George

Drama

4.0  

Ann George

Drama

അതിഥി

അതിഥി

4 mins
480


സാലിയുടെ വല്ലപ്പോഴുമുള്ള വരവ് റാഹേലമ്മയിൽ ഉണ്ടാക്കുന്ന വികാരം എന്താണെന്ന് ഇതുവരെ ഔസേപ്പച്ചന് മനസ്സിലാക്കാനായിട്ടില്ല. വർഷത്തിലൊരിക്കലോ അല്ലെങ്കിൽ രണ്ടുവർഷത്തിലൊരിക്കലോ ഉള്ള ആ വരവ് സാലിക്ക് വളരെ വിലപ്പെട്ടതാണ്. വരുന്നതിന്റെ തലേന്ന് ടൗണിലെ എസ്ടിഡി ബൂത്തിൽ നിന്ന് കയ്യിൽ ചുരുട്ടി പിടിച്ച തുണ്ട്കടലാസിലെ പകുതി മാഞ്ഞ അക്കങ്ങൾ നോക്കി അമ്മയുടെ മൊബൈലിലേക്ക് വിളിച്ചു പറയും.

" നാത്തൂനെ എന്നാ ഉണ്ട് വിശേഷം? അച്ചായൻ എന്തിയേ? ഞാനും ഉണ്ണി മോനും നാളെ അങ്ങോട്ട് വരാമെന്ന് വിചാരിക്കുവാ. അവൻ പള്ളിക്കൂടം അടച്ചപ്പം മൊതല് പത്തനംതിട്ടയിലെ അമ്മച്ചിയുടെ വീട്ടിൽ പോണംന്ന് പറയുന്നുണ്ട്. നേരിട്ട് കാണുമ്പോൾ വിശേഷങ്ങളൊക്കെ പറയാം".

 മൂന്നാമത്തെ നാണയം വീഴും മുമ്പ്, സാലി പറഞ്ഞും ചോദിച്ചും വിളി അവസാനിപ്പിക്കും.


 ഫോൺ ബെൽ അടിച്ചു എടുത്തപ്പോൾ മുതൽ റാഹേലമ്മയുടെ വായിലേക്ക് നോക്കി നിന്ന മേഴ്സിമോൾക്ക് അങ്ങേത്തലയ്ക്കലാരാണെന്ന് കൃത്യമായി മനസ്സിലായില്ലെങ്കിലും, റാഹേലമ്മയുടെ

 "ഓ..."

 "ഓ... എന്നാ വിശേഷമാ "

 " ഇവിടുണ്ട്, എവിടെ പോവാനാ? "

 " എന്തുവാ? വിശേഷം വല്ലോം ഉണ്ടോ? "

"ആയിക്കോട്ടെ!"

 ഈ പ്രതിവാക്യങ്ങളിൽ നിന്ന് അത്ര താല്പര്യം ഉള്ള ആളല്ല അങ്ങേത്തലയ്ക്കൽ എന്ന് മേഴ്സിമോൾക്ക് മനസ്സിലായി.

 സാലി ഔസേപ്പച്ചന്റെ പെങ്ങളാണ്. വകയിലൊരു പെങ്ങൾ. ഔസേപ്പച്ചന്റെ അപ്പൻ മത്തായിച്ചന്റെ ആദ്യഭാര്യ മറിയാമ്മയുടെ അനിയത്തി മേരിക്കുട്ടിയുടെ ഏകമകളാണ് സാലി.

"പിന്നെ ഏതു വകയിലാ, അവളെന്നെ നാത്തൂനേ എന്ന് വിളിക്കുന്ന"തെന്ന് റാഹേലമ്മ പിറുപിറുക്കുന്നതിൽ ലേശം അർത്ഥമില്ലായ്കയില്ല.

  

മുറ്റത്ത് പതിവുപോലെ ചാരുകസേരയിൽ ഇരിക്കുമ്പോൾ, താന്നി മരത്തിന്റെ ചുവട്ടിലെ ബസ്റ്റോപ്പിൽ നിറുത്തുന്ന ഓരോ ബസിൽ നിന്നും ഇറങ്ങുന്നവരിൽ സാലിയുണ്ടോയെന്നു, കസേരയിൽനിന്ന് ചന്തി പൊന്തിച്ചു നോക്കുന്നുണ്ടായിരുന്നു.

 റാഹേലമ്മ തികട്ടി വന്ന വികാരങ്ങളൊതുക്കി, നിർവികാരതയുടെ മാസ്കിട്ട് ഔസെപ്പച്ചനോട് പറഞ്ഞു.

"ഓ... വരുമ്പമിങ്ങു വരട്ടെ. ഏലപ്പാറേന്നു വെളുപ്പിനെ നാല് മണിക്കിറങ്ങിയാലും ഇങ്ങു വരാൻ പത്തു മണി കഴിയും. എറങ്ങിക്കേറിയൊക്കെ വരണ്ടായോ?"

  

രാവിലത്തെ വെയിലിന്റെ ആയം കൂടി വന്നപ്പോൾ, റാഹേലമ്മയുടെ അഭിപ്രായം മാനിച്ച് അകത്തേക്ക് പോയി. ഏതാണ്ട് പതിനൊന്നേമുക്കാലിനോടടുത്ത് വാതിൽ പടിയിലെ പക്ഷേ ചിലച്ചതിനോടൊപ്പം തന്നെ 'നാത്തൂനെ' എന്ന വിളി കേട്ടു.

 ഔസേപ്പച്ചനാണ് വാതിൽ തുറന്നത്. മുറ്റത്ത് ചിരിച്ചുകൊണ്ട് സാലിയും, അവളുടെ പുറകിൽ പകുതി മറഞ്ഞ് ഉണ്ണിമോനും. മെലിഞ്ഞ് ഇരു നിറത്തിൽ, സാധാരണയിൽ കവിഞ്ഞ നീളമുള്ള സാലി, കാപ്പിപ്പൊടിനിറത്തിലെ സാരിയും, ചുവന്ന ബ്ലൗസുമാണ് ധരിച്ചിരുന്നത്. പകുതിയിലേറെ നരച്ചമുടി നടുക്ക് വകുന്ന്‌ പുറകിലേക്ക് കെട്ടിവച്ചിരിക്കുന്നു. കയ്യിൽ ഒരു ബിഗ് ഷോപ്പറുണ്ട്. പത്രക്കടലാസ് കൊണ്ട് അത് മൂടി വച്ചിരിക്കുന്നു. കാലിൽ ആവശ്യത്തിലേറെ അയഞ്ഞ വെളുത്ത വള്ളിയുള്ള റബ്ബർ സ്ലിപ്പർ. കയ്യിൽ ചുരുട്ടിപ്പിടിച്ച തൂവാലകൊണ്ട്,മുഖത്തെ വിയർപ്പ് വീണ്ടും വീണ്ടും ഒപ്പിക്കൊണ്ട് സാലി പറഞ്ഞു.


  " എന്നാ ചൂടായിത് ഔസേപ്പച്ചായ!"

  " പിന്നെ ഏലപ്പാറേലേ തണുപ്പ് ഇവിടെ കിട്ടുമോ... അവിടെ നിക്കാതെ പെങ്ങളിങ്ങ് അകത്തോട്ട് കേറിവാ," ഔസേപ്പച്ചൻ പെങ്ങളെ ക്ഷണിച്ചു. ഉണ്ണി മോനും സാലിയുടെ അരികു ചേർന്ന് ഉള്ളിലേക്ക് കയറി.

  " ഡി റാലേ, സാലിമ്മ വന്നു കേട്ടോ... കാപ്പിയോ വെള്ളമോ വല്ലോമൊണ്ടെങ്കിൽ എടുക്ക്... എനിക്കുംകൂടെ എടുത്തോ... "

  " ഇവനെത്രയിലാ ഇപ്പം? "

  " അവൻ ഇനി മൂന്നിലോട്ടാ... ഇവിടുത്തെ മേഴ്സിമോളെക്കാട്ടിലും നാലു വയസ്സ് ഇളപ്പമാ. ഇവൻ സ്കൂൾ അടച്ചപ്പം മൊതല് പറയുന്നു 'പത്തനംതിട്ട അമ്മച്ചിയുടെ വീട്ടിൽ പോകാം പോകാം 'എന്ന്... മേഴ്സിമോളുടെ കൂടെ കളിക്കാൻ അവന് വല്യ ഇഷ്ടമാ... സാലി ഉണ്ണി മോനെ അവളുടെ പുറകിൽ നിന്നു വലിച്ച് മുന്നോട്ട് നീക്കി നിർത്തി.

  " ഡാ, നീ ഇപ്പം എന്തിനാ പമ്മുന്നേ? ദാണ്ട് മേഴ്സി മോള്... ചെന്ന് കളിച്ചോ... കതകിന്റെ പുറകിൽ നിന്ന് മേഴ്സിമോളും, സാലിയുടെ പുറകിൽ നിന്ന് ഉണ്ണിമോനും താല്പര്യമില്ലാത്തത് പോലെ അങ്ങോട്ടുമിങ്ങോട്ടും നോക്കി. നിഷ്കളങ്കത അവരെ നിന്നിടത്തുനിന്ന് അനങ്ങാനനുവദിച്ചില്ല.

  

സാലിയുടെ കൈയിലെ ബിഗ്ഷോപ്പർ കണ്ടപ്പോഴേ റാഹേൽ കരുതി, ഒരാഴ്ചത്തെ പദ്ധതിയാകുമെന്ന്. അങ്ങനെയാണെങ്കിൽത്തന്നെ അതിൽ ചെറിയ മാറ്റം വരുത്തി മൂന്നു ദിവസമായി വെട്ടിച്ചുരുക്കുന്നതിന് റാഹേൽ പദ്ധതി ആലോചിച്ചു.

"സാലിമ്മേ, പിന്നെ പറ... ഏലപ്പാറയിലെ വിശേഷങ്ങള്..."

ഒരു ദീർഘനിശ്വാസത്തിൽ ഒരു നീണ്ട കഥക്ക് സാലി തുടക്കം കുറിച്ചു. രണ്ട് വർഷം കൂടിയുള്ള വരവാണ്. ഒത്തിരി പറയാനുണ്ട്. ഇടയ്ക്കിടയ്ക്ക് ചുരുട്ടിയ തൂവാല കൊണ്ടു സാലി വിയർപ്പു ഒപ്പുന്നുണ്ടായിരുന്നു. അത് അവരുടെ ഒരു ശീലമാണോ എന്ന് പോലും റാഹേൽ സംശയിച്ചു.

  

"ഓ... എന്തോ വിശേഷമാ... ഇങ്ങനെ ജീവിച്ചു പോകുന്നു..." എന്ന് തുടങ്ങിയ നീണ്ട കഥയ്ക്കിടയിൽ സാലിയുടെ വലതു കൈയുടെ വണ്ണക്കൂടുതലിന്റെ കാരണവും, ബലക്കുറവും, ഒന്നര വർഷം മുൻപ് തന്നെ കാർന്നു തിന്നു തുടങ്ങിയ കാൻസറിന്റെ ഭാഗമായി തന്റെ സ്ത്രീത്വത്തിന്റെ ഒരു ചെറിയ ഭാഗം ഉപേക്ഷിക്കേണ്ടി വന്നതും, ഉണ്ണിമോനെയും കൊണ്ടു കഷ്ടപ്പെട്ടതും, ഏലക്കാട്ടിലെ പണിക്ക് പോകാതായതും, അടുത്തുള്ള സ്കൂളിലെ കന്യാസ്ത്രീകളുടെ ദയ കൊണ്ടു സ്‌കൂൾബസിന്റെ ക്ലീനറായി പോയിതുടങ്ങിയതും, ഉണ്ണിമോനെ ബോർഡിങ്ങിലാക്കിയതും, ആകെയുണ്ടായിരുന്ന, ഉണ്ണിമോന് വേണ്ടി നീക്കി വച്ചിരുന്ന മൂന്നു സെന്റ് സ്ഥലം, വിൽക്കേണ്ടി വന്നതും ഇപ്പോഴത്തെ സാഹചര്യം, ഉള്ള ജോലിയെ ബാധിച്ചതും, ഉള്ള സാഹചര്യത്തിൽ കുറച്ച് കൈതകൃഷി തുടങ്ങിയതുമൊക്കെ... നിർത്തിയും, നീട്ടിയും... കുറുക്കിയും.. തൊണ്ടയിടറിയും ഒരു സിനിമയിലെന്ന പോലെ സാലി വിശദമായി പറഞ്ഞു.

  

"ഉണ്ണിമോനെ... നിങ്ങൾ കൂട്ടുകാരായോ? മേഴ്‌സി മോൾക്കും ആന്റിക്കും അപ്പച്ചനുമൊക്കെ മോൻ കൊണ്ടുവന്നതെടുത്തു കൊടുത്തേ..."കഥയുടെ ഒരു ഇടവേളയിൽ, സാലി ഉണ്ണിമോനോട് പറഞ്ഞു.

അടുപ്പത്തു തിളച്ചുകൊണ്ടിരുന്ന ഇറച്ചിക്കറിയുടെ പാകം നോക്കുന്നതിനിടയിൽ റാഹേലൊന്നു തിരിഞ്ഞു നോക്കി. ഉണ്ണിമോൻ സഞ്ചി തുറന്ന്, മൂടി വച്ചിരുന്ന പേപ്പർ മാറ്റി, നാല് പഴുത്ത കൈതച്ചക്കകൾ, ഓരോന്നോരോന്നായി എടുത്തു മേശപ്പുറത്തു വച്ചു. ഉള്ളതിൽ വലുത് അവൻ മേഴ്‌സിമോൾടെ അടുത്തേക്ക് നീക്കി വച്ചു.

"ഇത് ചേച്ചിക്ക് ഉണ്ണിമോൻ കൊണ്ടുവന്നതാ,"മേഴ്‌സിമോൾ അത് ചിരിച്ചുകൊണ്ട് കുറച്ച് കൂടി തന്റെയടുത്തേക്ക് നീക്കിവച്ചു.

  

സഞ്ചിയുടെ വലുപ്പം പകുതിയിലും കുറഞ്ഞത് കണ്ട് റാഹേൽ മനസ്സിലെ കലണ്ടറിലെ 2 അക്കങ്ങൾ കൂടി വെട്ടിച്ചുരുക്കി.

സാലി... കൈതച്ചക്കകൾ ഒതുക്കി വച്ച് സഞ്ചി, ചുരുക്കിയൊതുക്കി മുറിയുടെ ഒരു മൂലയിലേക്ക് മാറ്റിവച്ചു.

"നാത്തൂനേ... ഒരാഴ്ച വന്നിവിടെ നിങ്ങടെയൊക്കെ കൂടെ നിക്കണമെന്ന് ഇടയ്ക്ക് വിചാരിക്കും. സൂസമ്മയുണ്ടായിരുന്നപ്പം അത് പറ്റുമാരുന്നു. പക്ഷെ... ഇപ്പ ഉണ്ണിമോന് ഞാനല്ലേയുള്ളു. മാത്രമല്ല, മറ്റെന്നാൾ കേസിന്റെ വിധിയാണ്. അങ്ങു ചെല്ലണം."

"ആ കേസൊക്കെ എന്തായി സാലിമ്മേ? വല്ല തീർപ്പുമായോ..? അവനിപ്പഴും ജയിലിലാ. അല്ല്യോ?"

റാഹേലിന്റെ ജിജ്ഞാസയിൽ ഒന്ന് രണ്ട് മിനിട്ട് നേരത്തെ നിശ്ശബ്ദതക്കൊടുവിൽ സാലി വിയർപ്പിനൊപ്പം ഇടതുകൈയിലെ തൂവാല കൊണ്ട് കണ്ണീരുമൊപ്പി.

  

സൂസമ്മ സാലിയുടെ ഒറ്റ മോളായിരുന്നു. ഉണ്ണിമോനെയും കൊണ്ട് ഒരു അവധിക്കാലത്ത് അമ്മയെ കാണാനെത്തിയതാണ്. ജനലിനോട് ചേർന്ന് കിടന്നുറങ്ങുകയായിരുന്ന സൂസമ്മയുടെ അലർച്ച കേട്ടാണ് സാലി ഓടിയെത്തിയത്. തലയൊട്ടി തകർന്ന് രക്തത്തിൽ കുളിച്ചു കിടന്ന സൂസമ്മയുടെ ചിത്രം മനസ്സിലേക്ക് വന്നപ്പോൾ സാലി തൊണ്ടയിലുടക്കിയ കണ്ണുനീരിലൂടെ... ഉണ്ണിമോനെ വിളിച്ചു.

"ഉണ്ണിമോനെ.. വിശക്കുന്നുണ്ടോ?? അമ്മച്ചി മോനെന്തൊക്കെയാ ഉണ്ടാക്കിയേക്കുന്നതെന്നു നോക്കിയേ... വിശക്കുന്നെങ്കിൽ പറയണം കേട്ടോ."

 "രാവിലെ റാന്നി സ്റ്റാൻഡിൽ വണ്ടി പത്തു മിനിട്ട് പിടിച്ചിട്ടപ്പം, ഒരു ച്ചായ കുടിച്ചതാ , അത്രേയുള്ളൂ."


പ്രമാദമായ റിപ്പർ കേസും റിപ്പർ ചന്ദ്രനും ഒരു സമയത്തു എല്ലാവരിലും ആകാംക്ഷയുളവാക്കിയ സംഭവമായിരുന്നു. അഞ്ചാറു കൊല്ലങ്ങൾക്കിപ്പുറം, ഇന്നലെയെന്ന പോലെ ആ ദിവസം ഓർക്കുന്ന സാലിയുടെ മനസ്സിലെ ആ ചിത്രം മായിക്കുവാൻ ആറും അറുപത്തും വർഷങ്ങൾ മതിയാകില്ല.

  

ഉച്ചയൂണിന് ശേഷം, ഔസേപ്പച്ചനോട് ഈ വിശേഷങ്ങളെല്ലാം ഒരാവർത്തി കൂടി പറയുന്നതിൽ സാലിക്കു ഒരു മടുപ്പും തോന്നിയില്ല. മറവിക്കു വിട്ടുകൊടുക്കാത്തതും, മരണം തട്ടിയെടുക്കാത്തതും, പങ്കു വയ്ക്കാനോ, എഴുതി വയ്ക്കാനോ സാധിക്കില്ലാത്തതുമായ ആ വേദനയോർമ്മകൾ സാലിയുടെ ജീവിതത്തിൽ വേരുറച്ചിരുന്നു.

  

ഓർമകളുടെയും കഷ്ടപ്പാടുകളുടെയും കുത്തൊഴുക്കിനും വേലിയേറ്റത്തിനും വേലിയിറക്കത്തിനുമൊടുവിൽ, നെടുവീർപ്പുകളോടൊപ്പം അയവിറക്കിയ വിശേഷങ്ങൾക്കൊടുവിൽ, സാലി പിറ്റേന്നത്തെ തിരിച്ചുപോക്കിനായുള്ള ഒരുക്കങ്ങൾ തുടങ്ങി.

  

ഉണ്ണിമോനും കളിച്ചു മതിയായിരുന്നില്ല. റാഹേലമ്മയുടെ പഴയ എന്നാൽ പുത്തൻ മാറാത്ത തുണികളും, മേഴ്‌സി മോൾ കളിച്ചു മടുത്ത കളിപ്പാട്ടങ്ങളും, വായിച്ചു നരച്ച കഥപ്പുസ്തകങ്ങളും സഞ്ചിയിലൊതുക്കി, പടികളിറങ്ങുമ്പോൾ, ഔസേപ്പച്ചൻ സാലിമ്മയുടെ കൈയ്യിൽ കുറച്ച് നോട്ടുകൾ തിരുകി.

  

"ഒന്നിനും തികയാതില്ലാമെന്നാലും സാലിമ്മയ്ക്കൊരു ചെറിയ സഹായമാകും. നടന്നോ... ബസ്റ്റോപ്പ് വരെ ഞാനൂടെ വരാം."

ഉണ്ണിമോന്റെ കയ്യും പിടിച്ച് ഔസേപ്പച്ചൻ സാലിമ്മയോടൊപ്പം നടന്നു.

ഉണ്ണിമോനെയും കൊണ്ട് ബസിൽ കയറുമ്പോൾ സാലിമ്മ ഒന്ന് രണ്ട് വട്ടം തിരിഞ്ഞു നോക്കി. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.


Rate this content
Log in

More malayalam story from Ann George

Similar malayalam story from Drama