Binu R

Drama

4  

Binu R

Drama

കാട്ടുനെല്ലിക്ക

കാട്ടുനെല്ലിക്ക

2 mins
443ആനവെള്ളൻ ആഢ്യൻപാറ പണിയക്കോളനിയുടെ ചെറുമൂപ്പനാണ്. അയാൾ മുണ്ടിവാലി എന്ന ആനയുടെ പാപ്പാനായിരുന്നു. മുണ്ടിവാലി എരഞ്ഞിമങ്ങാട്ടെ മുതലാളിയുടെ ആനയാണ്.അയാളുടെ മൂന്നുമക്കളിൽ മൂത്തവനായ ബാലന്റെ കഥയാണിത്. 


    ആനവെള്ളൻ മൂച്ചിക്കുണ്ടിൽ പണിയെടുക്കണ കാലം. മൂച്ചിക്കുണ്ട് ആഡ്യൻപാറയിലെ എണ്ണം പറഞ്ഞ തോട്ടമാണ്.അവനും അവന്റെ *പെണ്ണുങ്ങളായ വെള്ളകയും അവിടെത്തന്നെയാണ് താമസവും. മൂച്ചിക്കുണ്ടിൽ ടാപ്പിങ്ങുകാർ ഇല്ലാതിരുന്നപ്പോൾ ടാപ്പിംഗിനായി വെള്ളന്റെ ഏടത്തിയുടെ മകൻ ചന്ദ്രനെ വെള്ളൻ പോയി വിളിച്ചുകൊണ്ടു വന്നു. അവൻ മുന്തിയ പണിക്കാരനാണ്. അവന് എല്ലാ പണിയും അറിയുകയും ചെയ്യാം.    മൂച്ചിക്കുണ്ട് ഒരു തോട്ടമാണ്. അതിൽ റബർ കുരുമുളക്, മഞ്ഞൾ, ഇഞ്ചി, കാപ്പി എന്നിവയെല്ലാമുണ്ട്. മുകൾപ്പരപ്പിലെല്ലാം കശുമാവുമുണ്ട്. 


    വെള്ളന്റെ മകൻ ബാലൻ ഒരു പണിയുമില്ലാതെ തേരാപ്പാരാ നടക്കുന്ന കാലം. മുന്തിയ പണം കിട്ടിയാൽ മാത്രമേ അവൻ പണിക്കു പോവുകയുള്ളു. അതുകൊണ്ടുതന്നെ അവന് ഒരു പണിയും ഇല്ലെന്ന് പറയേണ്ടിവരും. ബാലന് രണ്ടു കുട്ടികളുമുണ്ട്. ബാലന്റെ പെണ്ണുങ്ങൾ ചന്ദ്രന്റെ പെങ്ങളാണ്. ചന്ദ്രന് പണി കിട്ടിയെന്നറിഞ്ഞപ്പോൾ, അവൻ പെണ്ണുങ്ങളും കുട്ടികളുമൊക്കെയായി വിരുന്നിനെത്തി. ചന്ദ്രന്റെ പണിയൊക്കെ കഴിഞ്ഞ് വൈകുമ്പോൾ രണ്ടുപേരും പിടക്കോഴികളുമായി മങ്കു മോന്താൻ പോകും. അതു പതിവുമായി.


ബാലൻ ആളെങ്ങനെയെന്നു വച്ചാൽ, സുന്ദരനാണ്. പണിയൻമാർക്കിടയിൽ വെളുത്തവനും കണ്ടാൽ, കാപ്പിരിമുഖമില്ലാത്തവനുമാണ്. ചന്ദ്രനാണെങ്കിലോ, എണ്ണക്കറുപ്പും, കാപ്പിരിമുഖവും. മങ്കു ചെന്നുകഴിയുമ്പോൾ ബാലന്റെ സ്വഭാവം മാറും. അവൻ ഏറെ നാൾ സ്റ്റേറ്റിൽ, വടക്കുള്ളവർ തെക്കുള്ളവരെ വിളിക്കുന്ന ഓമനപ്പേരാണ് സ്റ്റേറ്റ് എന്നത്. ആ സ്റ്റേറ്റിൽ പണിയെടുത്തിട്ടുണ്ട് ആ വെളുത്തവൻ സുന്ദരൻ ബാലൻ.


അതുകൊണ്ടുതന്നെ സുന്ദരനെന്നഹങ്കാരവുമുണ്ട്. പറ്റുകേറിക്കഴിഞ്ഞാൽ, ചന്ദ്രനും അവന്റെ പെങ്ങളും ബാക്കിയുള്ള പണിയരൊക്കെയും അവന് നികൃഷ്ടരാണ്.ഒന്നും പറഞ്ഞു രണ്ടാമത്, മങ്കുക്കടയിൽ നിന്നുതന്നെ ഗാഗ്വ വിളിച്ചു തുടങ്ങും. അതു മലയിലെത്തുന്നതുവരെ നീളും. നാട്ടുകാരതിനു ചൂട്ടും പിടിക്കും. ഒന്നിനും പോന്നവരു തമ്മിൽ തല്ലിയാൽ കാണാനെന്തൊരു ശേല്.... എന്നു പറഞ്ഞതു പോലെയാണ് നാട്ടുകാർ. ഉന്തും തള്ളുമായി മലയിലെത്തുമ്പോൾ ആന വെള്ളൻ രണ്ടിന്റെയും മുഖമടച്ചോരൊന്നു കൊടുക്കും. രണ്ടുപേരും അവിടെത്തന്നെ വീണു കൂർക്കവും വലിക്കും.

    

 ഈ ശീലങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. 


 മൂച്ചിക്കുണ്ടിന്റെ മുതലാളി, അനന്തു നാട്ടിൽ പോയി മടങ്ങിവന്നാൽ പിന്നെ ഇവന്മാരുടെ ഒരു തൊന്തരവും നടക്കില്ല. രണ്ടു പേർക്കും പെരുത്ത് പേടിയുമാണ്. അനന്തന്റെ പിറകേ രണ്ടും വാലിൽ തൂങ്ങി നടക്കും. കാട്ടിൽ കണ്ണിമാങ്ങയാകുന്ന കാലത്ത് ബാലൻ കാട്ടിൽ പോയി അനന്തുവിന് അച്ചാറിടുവാനുള്ള മാങ്ങയുമായി വന്ന്, അയാൾ പറയുന്നതുപോലെ മാങ്ങ കഴുകി വൃത്തിയാക്കി ഭരണിയിൽ ഇട്ടുവയ്ക്കും. പിന്നെ അതിൽ കൂട്ടായ മുളകും കായവും കടുകും ഉലുവയും ഇട്ട് കുറേ ഉപ്പും വാരിയിട്ട് അടച്ചുകെട്ടി തട്ടിന്പുറത്തെടുത്തു വയ്ക്കും. ഇതൊക്കെ കണ്ടാൽ ഇവനൊരു തട്ടുപൊളിപ്പനെന്നു ആരാനും പറയില്ല. വൈകുന്നേരം അവൻ അവന്റെ **കുടിയിലേക്ക് പോവുകയും ചെയ്യും. 


ചന്ദ്രനെങ്കിലോ വൈകുന്നേരമായാൽ ***തണ്ടാടി യൊക്കെ എടുത്ത് കുരുക്കൊക്കെയഴിച്ചു കാത്തിരിക്കും. എന്നും വൈകിട്ട് അനന്തുവിന് പുഴയിൽ തണ്ടാടി കെട്ടി മീൻപിടുത്തമുണ്ട്. അതിനൊക്കെ വലയെല്ലാം കെട്ടിയൊരുക്കുന്നതും മീൻകിട്ടിക്കഴിഞ്ഞാൽ വെട്ടിയൊരുക്കി പൊരിച്ചുകൊടുക്കുന്നതുമെല്ലാം ചന്ദ്രന്റെ ജോലിയാണ്. അതും അനന്തു മൂച്ചിക്കുണ്ടിലുള്ളപ്പോൾ നിത്യാഭ്യാസവുമാണ്..


ആന വെള്ളനും വെള്ളകയും പകലത്തെ പണിയെല്ലാം കഴിഞ്ഞാൽ കുടിയിലേക്കു മടങ്ങും. രാത്രി വൈകുവോളം മീൻപിടുത്തവും കഴിഞ്ഞു തിരിച്ചുവന്ന് ചോറുവച്ചു തീറ്റയും കഴിഞ്ഞ് പച്ചയായി കിടന്നുറങ്ങിക്കൊള്ളും ചന്ദ്രൻ. മങ്കുവിന്റെ മണം പോലും അവൻ കൊള്ളില്ല. അങ്ങിനെയിരിക്കെ, ഒരിക്കൽ അനന്തു നാട്ടിൽ നിന്നു വന്ന രാത്രി,ലവന്മാർ അനന്തു വന്നതറിഞ്ഞിട്ടുണ്ടായിരുന്നില്ല. രണ്ടുപേരും കൊമ്പുകോർത്തു.


ഒരുപാറയുടെ മുകളിൽ കയറി നിൽക്കുന്നുവെന്നും പറഞ്ഞു ബാലന്റെ കെട്ട്യോൾ ഓടിപ്പാഞ്ഞു മൂച്ചിക്കുണ്ടിൽ വന്നു കയറി. അനന്തു യാത്രയുടെ ക്ഷീണത്തിൽ കിടന്നുറങ്ങുവാൻ തുടങ്ങുകയായിരുന്നു അപ്പോൾ.വാതിലിൽ മുട്ടുകേട്ട് എഴുന്നേറ്റ് വാതിൽ തുറന്നു നോക്കുമ്പോൾ ഒരു മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഭദ്രകാളിയുടെ രൂപഭാവങ്ങളോടെ ചന്ദ്രന്റെ കെട്ട്യോൾ നിൽക്കുന്നു. അവൾ ആർത്തലമുറയിട്ടു. 'എന്റെ പൊന്നാര മൊയ്ലാളി നിങ്ങളിപ്പം എന്റോടെ വന്നില്ലെങ്കി എന്റെ കെട്ട്യോനെ ഓൻ കൊല്ലും. '


അനന്തു രണ്ടാമതൊന്നാലിച്ചക്കാതെ അപ്പോൾ തന്നെ ഒരു വടിയും ****കൊടുവാളും ടോർച്ചും എടുത്ത് വാതിലും ചാരി പുറകേ പുറപ്പെട്ടു.ചെല്ലുമ്പോൾ, നിലാവത്ത്, പാറപ്പുറത്ത്, രണ്ടുമല്ലൻമ്മാർ അങ്കം വെട്ടാൻ അങ്കക്കലിയുമായി നിൽക്കുന്ന ചേകവരെ പോലെയുള്ള കാഴ്ചയാണ് കണ്ടത്. 


   ' എടാ '


എന്ന ഉറച്ച ഉറക്കെയുള്ള വിളിയിൽ രണ്ടുപേരുടെയും ആയുധങ്ങൾ ഏതൊക്കെയോ പാറക്കെട്ടുകളിൽ തട്ടി തെറിച്ചുപോകുന്ന ശബ്ദം കേട്ടു. രണ്ടുപേരും എങ്ങോട്ടൊക്കെയോ ചാടിയോടുന്ന ശബ്ദവും കേട്ടു. പിന്നെ കുറേ ദിവസത്തേക്ക് ആരാനും ഊരാനും ആ വഴിക്കൊന്നും വന്നതുമില്ല. 

 പിന്നെ, കുറേദിവസം കഴിഞ്ഞ് ചന്ദ്രൻ മാത്രം ഒരു കുട്ടിച്ചാക്ക് അനന്തന്റെ മുമ്പിൽ കൊണ്ടു വച്ചു, കെട്ടഴിച്ചു. ഒരു ചാക്ക് കാട്ടു നെല്ലിക്ക. 

     


 *ഭാര്യ. 

**വീട്. 

*** മീൻ പിടിക്കാൻ ഉള്ള ഒരിനം വല. 

***** അരിവാള് പോലെ ഒന്ന്. 


      


Rate this content
Log in

Similar malayalam story from Drama