Annu George

Drama

3.8  

Annu George

Drama

ഒരു കുഴിവെട്ടുകാരന്റെ കഥ

ഒരു കുഴിവെട്ടുകാരന്റെ കഥ

3 mins
24.8K


അയലത്തെ വീട്ടിലെ അമ്മിണിയുടെ കോഴി കൂവുന്നത് കേട്ടാണ് അയാൾ തന്റെ ഉറക്കത്തിൽ നിന്ന് ഉണർന്നത്. നേരം ഏതാണ്ട് വെളുത്തു. അയാൾ കണ്ണുകൾ വലിച്ചു തുറന്നു കിടക്കപായയിൽ ഇരുന്നു കുരിശുവരച്ചു, തീരെ തെളിമയില്ലാതെ ഒരു കടമപോക്കൽ എന്ന നിലയിൽ എന്തോ കുറച്ചു പ്രാര്‍ത്ഥിച്ചു. പിന്നെ കിടക്കപായ ചുരുട്ടി ഒരു മൂലയ്ക്ക് തള്ളിയിട്ടു ഉമികരിയും തലേന്ന് നിറച്ചു വെച്ച വെള്ളവുമെടുത്തു കുളിമുറിയിലേക്ക്.


അയാളുടെ വീട് അലംകോലപ്പെട്ടുകിടക്കുന്നു. വീടെന്നു പറയാൻ മാത്രം ഇല്ല. ഒരൊറ്റ മുറി മാത്രമുള്ള ആ കൂരയുടെ ഒരു വശത്തായി ചെളി പുരണ്ട് മുഷിഞ്ഞ രണ്ടു ഷർട്ടും കൈലിമുണ്ടും തൂക്കിയിട്ടിട്ടുണ്ട്. മറ്റൊരു വശത്തായി ചളുങ്ങിയ അലുമിനിയം പാത്രങ്ങളും ഒരു വിറകടുപ്പും .വേറൊരു കോണിലായി തൂമ്പ,മമ്മട്ടി മുതലായ പണിയായുധങ്ങളും. അയാൾ അല്ലാതെ മറ്റാരും അവിടെ ഉള്ളതായി തോന്നുന്നില്ല. ഇടയ്ക്കു ഒരു പൂച്ച മാത്രം കൂരയിലേക്ക്‌ കേറി വരുന്നത് കണ്ടു.


കുളി കഴിഞ്ഞ അയാൾ നേരെ കൂരയിൽ കേറി മുഷിഞ്ഞ ഒരു ഷർട്ടും കൈലി മുണ്ടുമിട്ട് മമ്മട്ടിയുമെടുത്തു തിടുക്കത്തിൽ കൂരയിൽ നിന്ന് ഇറങ്ങി. ആളൊരു കൃഷികാരൻ ആണെന്ന് കരുതുന്നുണ്ടാവും അല്ലേ, അതുമല്ലെങ്കിൽ പാടത്തു പണി എടുക്കുന്ന ഒരു കീഴാളൻ എന്നല്ലേ ചിന്തിക്കുന്നെ... അല്ല. അയാള് ഒരു കുഴിവെട്ടുകാരനാണ്. പേര് തോമ്മാച്ചൻ. നാട്ടുകാർ അയാളെ കുഴിതോണ്ടി തൊമ്മൻ എന്ന് കളിയാക്കി വിളിച്ചിരുന്നു.


നടന്നു നടന്നു അയാൾ ആദ്യം എത്തിയത് ചാക്കോയുടെ ചായ കടയിലാണ്.

"ചാക്കോ ചേട്ടാ ,കടുപ്പത്തിൽ ഒരു ചായ," അയാൾ പറഞ്ഞു.

"ആ... ആരിത് തൊമ്മനൊ, അന്തോണിക്ക് കുഴിവെട്ടാൻ പോവാരിക്കും അല്ലേ...? എന്തുണ്ടായിട്ടെന്നാ മനുഷ്യന്റെ ഗതി ഇത്ര ഒക്കെ ഉള്ളെന്നെ... ആട്ടെ നിന്റെ ദീനം ഒക്കെ കുറഞ്ഞോ?" അയാൾ കുശലം അന്വേഷിച്ചു.

"എന്നാ പറയാനാ എന്റെ ചാക്കോ ചേട്ടാ... അടുക്കള പണി മുതൽ ഞാൻ ഒറ്റയ്ക്ക് ചെയ്യേണ്ടേ... ആ മടുത്തു..."

"ആവുന്ന കാലത്ത് പെണ്ണ് കെട്ടികൂടാരുന്നോ എന്റെ  തോമായെ? ഇനിയിപ്പോ ഈ പ്രായത്തില് എവിടെന്നു പെണ്ണ്  കിട്ടാനാ...? പതുക്കെ സ്വരം താഴ്ത്തി അയാൾ കൂട്ടി ചേർത്ത്,"ചില കാര്യങ്ങളിൽ പെമ്പെർനോത്തി ഇല്ലാത്തതാ നല്ലത്."


ചായ കുടിച്ചു തീർത്ത ശേഷം ഒരു ഊറിയ ചിരി ചിരിച്ചിട്ട് തൊമ്മൻ പീടികയിൽ നിന്നിറങ്ങി. ശീക്രം പള്ളിയിലേക്ക് വെച്ച് പിടിച്ചു. മാളികയിലെ അന്തോണി ഇന്നലെ രാത്രിയാണ് മരിച്ചത്. പൂത്ത പണക്കാരൻ !!! പക്ഷെ അറുത്ത കയ്യ്ക്ക് ഉപ്പു തേക്കില്ല. പണ്ടൊരിക്കൽ എന്തോ സഹായം ചോദിച്ചു ചെന്നപ്പോ ആട്ടി ഇറക്കി വിട്ടതാണ്. അന്നേ വിചാരിച്ചതാ ഇയാൾക്കു ചത്ത്‌ കഴിയുമ്പോ ഒരു ഗംഭീര കുഴി കുഴിക്കണോന്ന്. എല്ലാം കെട്ടിപിടിച്ചോണ്ടിരിന്നിട്ട് എന്തേലും കൂടെ കൊണ്ടുപോകാൻ പറ്റുന്നുണ്ടോ ആവോ? ഇന്ന് മുതൽ അയാളും, അന്ന് വരെ മരിച്ച എല്ലാവരുമായി തുല്യനാക്കപെടും. എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച അയാൾ ഇന്ന് ഒന്ന് തിരിയാൻ പോലും ഇടമില്ലാത്ത ഒരു ചെറു കുഴിയിൽ അടക്കപെടും. മണ്ണ് മണ്ണിനോടു തന്നെ ചേരും. അത്ര തന്നെ...


ദൂരെ നിന്നും പള്ളി മണി മുഴങ്ങി കേൾക്കാം. അയാൾ നടപ്പിന്റെ വേഗത അല്പ്പം കൂട്ടി. പള്ളിയിൽ ചെന്നു ഗബ്രിയേൽ അച്ഛന്റെ അനുവാദം വാങ്ങിയ  ശേഷം മുൻ വൈരാഗൃങ്ങൾ മാറ്റി വെച്ച്  അയാള് മനോഹരമായ ഒരു കുഴിവെട്ടി. താൻ കുഴിക്കുന്ന 111-ആമത്തെ കുഴി. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അപ്പൻ അപ്പൂപ്പന്മാരായി കൈ മാറി വന്ന  കുലതൊഴിലാണ്. ചെറുപ്പം മുതലേ ശീലിച്ച പട്ടിണിയുടെയും പരിവട്ടതിന്റ്റെയും നടുവിൽ ഒരു മനുഷ്യജീവിയെക്കൂടി കൊണ്ടുവരേണ്ട എന്ന് കരുതി കല്യാണം കഴിച്ചില്ല. ഇന്നിപ്പോ ഈ എഴുപതാം വയസ്സിലാണ് കഷ്ടപാടുകൾ പങ്കുവയ്ക്കാൻ ഒരു തുണ ഉണ്ടായിരുന്നെങ്കിൽ എന്ന തോന്നലുണ്ടായത്‌. അടുത്ത് വരുന്ന  ഒപ്പിസുപ്പാട്ടുകൾ അയാളെ തന്റെ ചിന്തകളിൽ നിന്ന് ഉണർത്തി.


അത്യാവശം ആരോഗ്യം ഉള്ള നാല് പേര് ചേർന്ന് ശവം ചുമെന്നു സെമിത്തേരിയിൽ എത്തിച്ചു. ബന്ധുക്കളും  സുഹൃത്തുക്കളും നിരനിരയായി സെമിത്തേരിയിലേക്ക് കടന്നു. അന്തോണിയുടെ ഭാര്യ അന്നമ്മ ചേടത്തിയുടെ നിലവിളി അന്തരീക്ഷത്തിൽ അലയടിച്ചു. മക്കളും കരയുന്നുണ്ട്. ചില ബന്ധുക്കളുടെ കണ്ണുകളും കരഞ്ഞു കലങ്ങിയിട്ടുണ്ട്. കൂടി നിലക്കുന്നവരുടെ എല്ലാം മുഖത്തു സങ്കടഭാവം. പക്ഷെ അയാളുടെ മുഖത്തു മാത്രം യാതൊരു ഭാവവ്യത്യാസവും ഇല്ല.


ഒത്തിരി മരണങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ്. ഓരോ മരണങ്ങളിലും അയാളുടെ സ്ഥാനം മാത്രം മാറുന്നു. ഇന്ന് അയാൾക്കൊരു  നാട്ടുക്കാരന്റെ സ്ഥാനമാണ്. ചില മരണങ്ങളിൽ അത് വെറും ഒരു കുഴിവെട്ടുക്കാരനിലേക്ക് ചുരുങ്ങുന്നു. അപ്പന്റെ അടക്കത്തിന്  ഒരു മകന്റെ സ്ഥാനം ആയിരുന്നു. ഇനി എന്നേലും ഒരിക്കൽ, ഒരു പക്ഷെ വളരെ അടുത്ത് തന്നെ ആ ജഡത്തിന്റ്റെ സ്ഥാനം ആയിക്കൂടാ എന്നില്ല. മരിച്ച ശേഷമുള്ള ബന്ധുക്കളുടെ കണ്ണീരിന്റെ തൂക്കമാണ് ഓരോ മനുഷ്യനും കിട്ടുന്ന പ്രതിഫലം, പക്ഷെ ഇത്രെയും പേർക്ക് കുഴിവെട്ടിയ തനിക്കു വേണ്ടി ഒരിറ്റു കണ്ണുനീർ പൊഴിക്കാനൊ കുഴി വെട്ടാനോ ആരും ഉണ്ടാവില്ല. ജീവിചിരുന്നപ്പോഴും ഒന്നും ഉണ്ടായിരുന്നില്ല ,മരിക്കുമ്പോഴും ബാക്കി ഉള്ളവർക്കുണ്ടായിരുന്ന ആറടി മണ്ണു പോലും തനിക്കുണ്ടാവാതെ പോകുമല്ലോ എന്ന ചിന്ത  അയാളെ വല്ലാതെ അലട്ടി.


"തോമാ ,കുഴി മൂടിക്കോ" എന്ന ഗബ്രിയേൽ അച്ചന്റെ സ്വരം കേട്ടപ്പോൾ ഒരു യന്ത്ര മനുഷ്യനെ പോലെ അയാൾ ജഡം ഇറക്കിയ കുഴി മൂടി. പതുക്കെ എല്ലാവരും പിരിഞ്ഞു പോയി . തന്റെ കൂലി വാങ്ങിയ ശേഷം അയാൾ പതുക്കെ വീട്ടിലേക്കു തിരികെ നടന്നു. പോകുന്ന വഴിക്ക് ഒരു പലച്ചരക്ക് കടയിൽ കേറി അരിയും പച്ചക്കറിയും വാങ്ങി,വീട്ടിലെത്തി, പതുക്കെ കഞ്ഞിയും കറിയും വെച്ച് കുടിച്ചതിനു ശേഷം അയാൾ ഉച്ചമയക്കത്തിന് ഒരുങ്ങി. അയാൾക്ക് എന്തോ മനസ്സിന് വല്ലാത്തൊരു ഭാരം അനുഭവപ്പെടുന്നതായി തോന്നി. തന്റ്റെ മരണത്തെ പറ്റിയുള്ള ചിന്തകൾ അയാളെ അലട്ടിക്കൊണ്ടിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാൾക്ക് ഒരുപോള കണ്ണടക്കാൻ പോലും സാധിച്ചില്ല. പെട്ടന്ന് അയാള് ചാടി എണിറ്റു മമ്മട്ടിയും എടുത്തു ഓടാൻ  തുടങ്ങി. വഴിയിൽ നിന്ന പലരും ചേട്ടൻ ഇതെങ്ങോട്ടാ എന്ന് ചോദിച്ചെങ്കിലും അതൊന്നും അയാൾ കേട്ടതായി ഭാവിച്ചില്ല. ഒരു ഭ്രാന്തനെ പോലെ അയാൾ തൻറ്റെ ഓട്ടം തുടർന്നു. അയാളുടെ ആ ഓട്ടം അവസാനിച്ചത് പള്ളി സെമിത്തേരിയിൽ ആണ്. തൻ്റെ മമ്മട്ടിയെടുത്തു അയാൾ അവിടെ മനോഹരമായ ഒരു കുഴി വെട്ടി. തൻ്റെ ജീവിതത്തിൽ താൻ കുഴിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ കുഴി. അത് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം നെറ്റിയിലെ വിയർപ്പ് തുടച്ചുകളഞ്ഞ ശേഷം അയാൾ പതിയെ വീട്ടിലേക്കു നടന്നു. തനിക്കു സ്വന്തമായി ഒരു ആറടി മണ്ണുണ്ടെന്ന ധൈര്യത്തിൽ ....


ശുഭം.


Rate this content
Log in

Similar malayalam story from Drama