Annu George

Abstract Romance

4  

Annu George

Abstract Romance

ആത്മാവ് പാടുമ്പോൾ - ഭാഗം 9

ആത്മാവ് പാടുമ്പോൾ - ഭാഗം 9

1 min
399



രവി,

ഇനി എത്രകാലം ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് അറിയില്ല. മടുത്തു. ഒന്നിനും മനസ്സ് തോന്നുന്നില്ല. ഒന്നിനോടും സ്നേഹവും. 


പണ്ടൊരിക്കലെത്ത വൈകുന്നേര വർത്തമാനങ്ങൾക്കിടയിൽ ഇത് തന്നെ നീ പറഞ്ഞത് ഓർമ്മ വരുന്നു.


 "കമല..."

"ഉം..."


 "ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ ചെയ്തതൊക്കയും തെറ്റായി പോയി എന്ന് തോന്നിയിട്ടുണ്ടോ? എത്ര തന്നെ തിരുത്തിയാലും, തലങ്ങും വിലങ്ങും വെട്ടിയിട്ടാലും പിന്നെയും പിന്നെയും തലപൊക്കി വന്ന് നമ്മളെ അലട്ടുന്ന തെറ്റ്." 


ഒന്നും പറയാനനുവദിക്കാതെ, അത്തരം ഒരു തെറ്റാണ് നിനക്ക് ഇന്ന് ജീവിതം എന്ന് നീ പറഞ്ഞു. എന്ത് മറുപടി തരണമെന്ന് അറിയാതെ, നിനക്കിതെന്ത് പറ്റി എന്ന് മാത്രം ചോദിച്ചതും , അതിന് നീ നിൻ്റെ പതിവ് പുഞ്ചിരി സമ്മാനിച്ചതും ഓർക്കുന്നു . ശാന്തമായ ഒരു പുഞ്ചിരി.


 നിൻ്റെ ചിരി പലപ്പോഴും എന്നെ തെളിഞ്ഞ ആകാശത്തെ ഓർമ്മപ്പെടുത്തിയിരുന്നു. പക്ഷേ ഏത് തെളിഞ്ഞ ആകാശത്തിലുമെവിടെയോ വിമ്മി പൊട്ടാൻ തയ്യാറെടുക്കുന്ന, പെയ്തു തീരാൻ കാത്തിരിക്കുന്ന ഒരു കാർമേഘമുണ്ടെന്ന് തിരിച്ചറിയാൻ ഞാൻ ഒരുപാട് വൈകി പോയി. ഒരുപക്ഷേ നീ അന്നത് തിരിച്ചറിഞ്ഞിരിക്കണം. ഇന്ന് ഞാനും.


 നീ പോയതിന് ശേഷം പലപ്പോഴായി ഞാൻ നമ്മുടെ പഴയ വർത്തമാനങ്ങൾ ഓർത്തെടുക്കാറുണ്ട്. നീയായിരിക്കുന്നിടത്തെങ്കിലും നീ ആഗ്രഹിച്ച, നീ അർഹിക്കുന്ന സമാധാനവും സന്തോഷവും നിനക്ക് ലഭിക്കുന്നുണ്ടോ എന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. നീ പറഞ്ഞ് വച്ചതിലെവിടെയെങ്കിലും നിന്നെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാൻ കെൽപ്പുള്ള എന്തെങ്കിലും ഉണ്ടായിരുന്നിരിക്കണമെന്നും, അതെവിടെയോ ഞാൻ മനസ്സിലാക്കാതെ പോയതാണെന്നമുള്ള കുറ്റബോധം എന്നെ അലട്ടിയിരുന്നു. പക്ഷേ ഇന്ന്, വാക്കുകൾക്ക് തിരിച്ചു പിടിക്കാവുന്നതിലധികം അകലേയ്ക്ക് എവിടെയോ, അന്ന് നീയും ഇന്ന് ഞാനും എത്തിയതായി തോന്നുന്നു. ആശ്വാസവാക്കുകൾക്ക് അകലെ, പുഞ്ചിരികൾക്ക് അകലെ, എവിടെയോ.


എല്ലാത്തിൽ നിന്നും ഒളിച്ചോടി വെറുതെ യാതൊരു ലക്ഷ്യവുമില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് നാമൊരിക്കൽ സംസാരിച്ചത് ഓർക്കുന്നുവോ? ഒരുപക്ഷേ രവി, ഒളിച്ചോടാൻ ജീവിക്കുന്നതലധികം മനോധൈര്യം വേണമെന്ന് തോന്നുന്നു. അത് എനിക്കെന്നെങ്കിലും ഉണ്ടാകുമാവോ?. അറിയില്ല. അതിന് കാലം തന്നെ ഉത്തരം പറയട്ടെ.


കമല.


Rate this content
Log in

Similar malayalam story from Abstract