Maya Vinayak

Abstract Romance Tragedy

4.4  

Maya Vinayak

Abstract Romance Tragedy

ഈ ജന്മപാഥേയം

ഈ ജന്മപാഥേയം

12 mins
374


സംഭവിക്കുന്നത് എല്ലാം നല്ലതിനെന്നു എല്ലാവരും പറയുന്നതുപോലെ ഈ സംഭവിച്ചതൊക്കെ നല്ലതിനാവോ...മേഘ ആലോചിച്ചു. മിഥുനുമായുള്ള പ്രണയം.. ഏറെ ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നത്.. രണ്ട് മതങ്ങൾ, രണ്ടു ജീവിതരീതികൾ.. എല്ലാത്തിനും മേലെ നിന്നത് പ്രണയമായിരുന്നു. ഇപ്പൊ... ഈ പ്രശ്ങ്ങൾക്ക് ഒക്കെ കാരണം മിഥുന്റെ വാശിയാണ്. മതം മാറുമെങ്കിൽ എല്ലാ സപ്പോർട്ടും ഉണ്ടാകുമെന്നു അവന്റെ പപ്പയും അമ്മയും പറഞ്ഞപ്പോ ഇത്രയും നാൾ തന്നോട് പ്രോമിസ് ചെയ്തതൊക്കെ അവൻ മറന്നു.. നിർബന്ധം ആയി..അതിന്റെ പേരിൽ വഴക്കായി.. ഇപ്പോ അത് വീട്ടിലും അറിഞ്ഞു.. ലാസ്റ്റ് ഇത് നമുക്ക് വേണ്ടന്നു വെക്കാം എന്നൊരു ഡിസിഷനിലേക്ക്... എല്ലാവർക്കും സമാധാനം ആവട്ടെ.. രണ്ട് വീട്ടുകാർക്കും..അങ്ങനെ ഒരു തീരുമാനം എടുത്തെങ്കിലും മിഥുൻ വിളിക്കാറുണ്ട്...വെറുതെ എന്തൊക്കെയോ സംസാരിക്കും.. എന്തോ ഒരു മരവിപ്പ് മാത്രേ ഉള്ളൂ തന്റെ മനസ്സിൽ..ഒരു ദീർഘനിശ്വാസത്തോടെ അവൾ വീണ്ടും ജോലിയിലേക്ക് കടന്നു.


ഉച്ചതിരിഞ്ഞാണ് വൈഗയുടെ ഫോൺ വന്നത്.എല്ലാരും കൂടി ഒരു യാത്ര പോവാനുള്ള പ്ലാനിങ്.. വൈഗയും ഗഗൻ ചേട്ടനും അവരുടെ കുറച്ചു ഫ്രണ്ട്സും നമ്മുടെ ഫാമിലിയും.. മൂഡോന്നു മാറാനും ഒരു യാത്ര നല്ലതല്ലേന്നു ചോദിച്ചു വൈഗയുടെ നിർബന്ധം.എന്തായാലും പോകാമെന്നു തീരുമാനിച്ചു.

ഫോണെടുത്തു മിഥുനു വേഗം മെസ്സേജ് അയക്കാൻ തുടങ്ങിപ്പോ ആണ് ഇനിയെന്തിനു... എന്നൊരുചോദ്യം മനസ്സിനെ വലച്ചത്.. പണ്ടത്തെപ്പോലെ ഓരോ കുഞ്ഞ് വിശേഷങ്ങളും പങ്കുവെയ്ക്കാൻ.... ഞാനിപ്പോ ആരാണ്.. കാമുകിയല്ല..ശീലങ്ങൾ പലതും മറ്റേണ്ടത് തന്നെ.


ശനിയാഴ്ച വെളുപ്പിന്നെ പുറപ്പെട്ടു ഒരു റിസോർട്ടിലേക്ക്.. എല്ലാവരും ഹാപ്പിയായിരുന്നു.മേഘയും എല്ലാരുടെയും ഒപ്പം കൂടുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ഗഗൻ ചേട്ടനും വൈഗയും അവളെ ഒറ്റയ്ക്കിരുത്താൻ വിട്ടതേയില്ല.റിസോർട്ടിലെ രാത്രി ക്യാമ്പ് ഫയർ ഒക്കെ കഴിഞ്ഞു എല്ലാവരും ഓരോ ഭാഗത്തായി വാർത്തമാനങ്ങളിൽ.പതിവ് തലവേദന വന്നതോടെ വൈഗയും റൂമിലേക്ക് കിടക്കാനായി പോയി. മേഘ കുറച്ചു മാറി ഒരു പാർക്ക്‌ ബെഞ്ചിൽ പോയിരുന്നു.മിഥുന്റെ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു


മേഘ.. എവിടാണ് നീ.. I miss u.


"Miss you too..."


എന്ന പതിവ് മറുപടി കൊടുക്കാനാവാതെ അവൾ വെറുതെ ഫോണിൽ പരതി.ശെരിക്കും അവനെ മിസ്സ്‌ ചെയ്യുന്നുണ്ടോ.. ഉണ്ട്..എപ്പോളും കൂടെയുണ്ടായിരുന്നയാൾ...പക്ഷെ ഇനി എന്തിനാ അങ്ങനെ പറയുന്നത്.. ഒന്നിനും ഇനി ഞാനില്ലാന്ന് തീരുമാനം എടുത്തതാണ്... അവൾ റിപ്ലൈ അയക്കാതെ ഫോൺ കയ്യിൽ വെച്ചു വെറുതെയിരുന്നു..


"എന്താഡോ . മാറിയില്ലേ തന്റെ സങ്കടം?...ഒക്കെ ആയിട്ടില്ലല്ലോ.. ഇനിയും?..

ഗഗൻ ചേട്ടൻ പിന്നിൽ വന്നു നിന്നത് അറിഞ്ഞില്ല.


"ഏയ്‌.. ആം ഒക്കെ ഗഗൻ ചേട്ടാ.. ഇരിക്ക്." അവൾ പറഞ്ഞു.


ഗഗൻ മേഘയുടെ മുഖത്തു തന്നെ നോക്കിയിരുന്നു.അവൾ ചിരിക്കാൻ ശ്രമിച്ചു.


"മിഥുൻ വിളിക്കാറുണ്ടോ..?


"ഉം.. ഇടയ്ക്ക്.."


"എന്താണിപ്പോ പറയുന്നത്.. ഒക്കെ വേണ്ടാന്ന് വെച്ചില്ലേ?.. വീണ്ടുവിചാരം വലതുമുണ്ടായോ?


"ഹേയ് ഇല്ല.... എനിക്കൊന്നും പറയാനില്ലാതായി ഇപ്പൊ.... പക്ഷെ മിഥുൻ ഒരു ഫ്രണ്ടിന്നോടെന്നപോലെ.. മിണ്ടാൻ ഒക്കെ പറയും.. എനിക്ക് എന്തോ.. അതിനും പറ്റുന്നില്ല.. അംഗീകരിക്കാൻ പറ്റാത്തപോലെയാണ് ഈ നടന്നതൊക്കെ..."


"മ്മ്.. സാരമില്ലഡോ.. ഒക്കെ നല്ലതിന്.. പിന്നെ ബ്രേക്കപ്പ് ആയാൽ കുറച്ചു സമയം എടുക്കും നമ്മളൊന്ന് ഒക്കെ ആവാൻ..നല്ല ഫ്രണ്ട്‌സ് ആയിരിക്കുക ഒക്കെ എത്രത്തോളം പോസ്സിബിൾ ആണെന്നു എനിക്കും.. ഡൗട്ടാണ്.. രണ്ട് പേരുടെയും മെന്റാലിറ്റി പോലെയിരിക്കും.."


"ഹ്മ്മ്‌.... മിഥുനു നന്നായി അറിയാം എന്നെ.. മതം മാറ്റം മാത്രം പറയരുതെന്ന് ആദ്യം തന്നെ ഞാൻ പറഞ്ഞതാണ്.. ഇപ്പോ എന്താന്ന് അറിയില്ല.. മതം മാറിയാൽ രണ്ടാൾക്കും അതാ നല്ലത്.. നിനക്ക് വേണെങ്കിൽ മതി എന്നൊക്കെ ഒരു രീതിയിൽ അവൻ സംസാരിച്ചു.. അവിടെ ആണ് പ്രശ്നം തുടങ്ങുന്നത്.. അത് പറഞ്ഞു പറഞ്ഞു വഷളായി .. അവന്റെ അമ്മയും ഒരിക്കൽ വിളിച്ചു ഞാൻ കാരണം ആണെല്ലാം.. അവരുടെ മകൻ വിഷമിക്കുന്നത്.. എന്നൊക്കെ പറഞ്ഞു.വല്ലാത്ത പ്രഷർ ആയപ്പോ മതിയാക്കാം എന്ന് പറഞ്ഞത് ഞാനാണ്.. അവനും മതിയായി.. എന്നു പറഞ്ഞു....അങ്ങനെയാണ് അവസാനിച്ചത്.."


"ഉം.. ബന്ധങ്ങൾ ഇല്ലാതാകുമ്പോ വലിയ വേദന തന്നാണ്... അവരുണ്ടാക്കുന്ന ഗ്യാപ് മാറാൻ സമയം എടുക്കും."


"... അതെ.. എങ്കിലും..ഞാനിപ്പോ കെട്ടുപാടുകളില്ലാത്ത ഒരു ഫ്രീഡം അനുഭവിക്കുന്നുണ്ട്.. ആരെയും ഒന്നും ബോധിപ്പിക്കാനില്ലാത്ത ഒരു ഫ്രീഡം.. ഇല്ലെങ്കിൽ മിഥുൻ അറിയാതെ ഒരിലയനക്കം പോലും ഉണ്ടാവാറില്ലായിരുന്നു എന്റെ ജീവിതത്തിൽ.. ഇപ്പൊ ഒന്നും പറയാൻ..എവിടാണെന്നോ എന്തു ചെയ്യുവാണെന്നോ.. ഒന്നും വിശദീകരിക്കേണ്ട കാര്യമില്ല.."


"അതൊക്കെ ഹാപ്പി ആയിട്ടല്ലേ ചെയ്തോണ്ടിരുന്നത്? മിഥുൻ എപ്പോളും കൂടെ ഉണ്ടെന്നു തോന്നില്ലേ അങ്ങനെ കോൺടാക്ടിൽ എപ്പോളും ഉള്ളപ്പോ?"


"യെസ്... തീർച്ചയായും.. ആ തോന്നലുകൾ പെട്ടെന്നു ഒരു ദിവസം ഇല്ലാതാവുമ്പോൾ വല്ലാത്തൊരു ഒറ്റപ്പെടൽ.. മിഥുൻ പിന്നെയും നോർമലായി സംസാരിക്കാൻ ഒക്കെ ശ്രമിക്കുമ്പോൾ, എനിക്ക്.. അതിനു കഴിയുന്നുമില്ല.."


"മ്മ്.. മനസ്സിലാവുന്നുണ്ട്. നമ്മുടെ പ്രതീക്ഷകൾ വഴി മാറിപോകുമ്പോ അങ്ങനെ ഒക്കെയാണ് എല്ലാരും... ഒന്നും പറഞ്ഞിട്ട് കാര്യമില്ല... നമ്മളെന്തൊക്കെയോ പ്രതീക്ഷിക്കും... സംഭവിക്കുന്നത് വേറെ എന്തൊക്കെയോ...എല്ലാവരുടെ ലൈഫിലും ഉണ്ട് ഇതുപോലെ... ഓരോ..."


പാതിയിൽ നിർത്തിയപോലെ ഗഗനും അകലേക്ക്‌ നോക്കിയിരുന്നു..ആ മുഖത്തും ഒരു വേദന നിറയുന്നുണ്ടായിരുന്നു..


എന്തോ വിഷമം ഉണ്ടല്ലോ ഗഗൻ ചേട്ടനും മേഘ വിചാരിച്ചു..


"ഗഗൻ ചേട്ടന്.. ഇങ്ങനെ എന്തേലും അഫയർ..?


ഗഗൻ ചിരിച്ചു.

"ഉം.. ഉണ്ടായിരുന്നു എനിക്ക് വലിയ ഇഷ്ടമായിരുന്നു.. ബട്ട്‌.. അത് നടന്നില്ല "


"ആണോ.. എന്തു നടന്നില്ല? ബ്രെക്കപ്പ് ആയോ?"


"ഏയ്‌.. ബ്രേക്കപ്പ് അല്ല ബ്രേക്ക്‌ ആയത് എന്റെ മനസ്സാണ്. കാരണം ഞാൻ അവളെ സ്നേഹിക്കുന്നു എന്നൊക്കെ ആലോചിച്ചു പറയാൻ തീരുമാനിച്ചപ്പോളേക്ക് അവളുടെ ലൈഫിൽ മറ്റൊരാൾ വന്നിരുന്നു.."


"ഓഹ്!...അത് കഷ്ടമായല്ലോ.. അപ്പോൾ പറഞ്ഞില്ല അല്ലെ?..."


"ഇല്ല.. ഈ നിമിഷം വരെ.. ഗഗൻ ഒന്ന് നിർത്തി.

സാവധാനത്തിൽ ഓരോ വാക്കും ഇരുത്തി പറഞ്ഞു.


"മേഘ...ഇത് അതിനു പറ്റിയ അവസരമാണോ എന്നെനിക്കു അറിയില്ല......പക്ഷെ..നീ അനുവദിച്ചാൽ ഇപ്പോ പറയാം.?."


മേഘയുടെ ഉള്ളൊന്നു കാളി..! അവൾ അമ്പരപ്പോടെ ഗഗനെ നോക്കി.


"നോക്കണ്ട... അത് നീ തന്നെ..


ഗഗൻ അവളുടെ മുഖത്ത് നിന്നു കണ്ണെടുക്കാതെ നോക്കിയിരുന്നു പറഞ്ഞു. അവിശ്വാസത്തോടെ അവനെ നോക്കുന്ന മേഘയുടെ ഭാവം കണ്ട് അവൻ ചോദിച്ചു


" ഞാൻ തമാശ പറഞ്ഞതാന്ന് തോന്നിയോ നിനക്ക്?.. ആം വെരി സീരിയസ്. I really love you..


മേഘയ്ക്ക് ഒരു വാക്ക് പോലും പുറത്തേക്ക് വന്നില്ല.ഗഗന്റെ കണ്ണുകളെ നേരിടാനാവാതെ അവൾ മുഖം കുനിച്ചു 


ഗഗൻ കുറച്ചൂടി അടുത്തേക്ക് നീങ്ങിയിരുന്നു അവളുടെ കൈ പിടിച്ചു.. അവൾ കൈ വലിക്കാൻ ശ്രമിച്ചു.അവൻ പിടിവിടാതെ മുറുക്കെ പിടിച്ചു പറഞ്ഞു


 "എനിക്കൊരുപാട്.... ഒരുപാട്.. ഇഷ്ടാണ് നിന്നെ.. അത് പറയാൻ പാടില്ലായിരുന്നു ഇത്രനാൾ.. ഇനി അത് പറയാതിരിക്കാൻ..എനിക്കാവില്ല...എന്റെ കാമുകിയായിട്ടല്ല .. എന്റെ നല്ല പാതിയായിട്ട്.. എന്റെ ജീവിതത്തിലേക്ക് വരുന്നോ...പൊന്നുപോലെ ഞാൻ നോക്കിക്കോളാം... പക്ഷെ അത് നിന്റെ സമ്മതത്തോടെ, സന്തോഷത്തോടെ വേണം.. ആലോചിച്ചിട്ട് മതി."


മേഘ മുഖമുയർത്തി ഗഗനെ നോക്കി.അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.


"എനിക്ക് അറിയാം നിനക്ക് മിഥുനെ മറക്കാനൊന്നും പറ്റില്ലാന്ന്.. ഉടനെ വേണ്ട.. നീ നന്നായി ആലോചിക്ക്.. ഞാൻ കാത്തിരുന്നോളാം. ഇപ്പോ ഞാൻ..നിന്നെ കൂടുതൽ വിഷമിപ്പിക്കാനായി ഇതും കൂടി പറഞ്ഞതല്ല.. എനിക്കറിയാം നീ കടന്നു പോകുന്ന അവസ്ഥ.. ആ സമയത്ത് കൂടെ നിക്കാനും ഞാനുണ്ടാകും.. ഇനിയീ കണ്ണു നിറയരുത് ഒന്നിന് വേണ്ടിയും.."


" ഞാൻ.. എനിക്ക്.. ഞാനങ്ങനെ ഒന്നും ചിന്തിച്ചിട്ട് പോലുമില്ല..

വൈഗയുടെ ഏട്ടനെന്ന റെസ്‌പെക്ട് മാത്രേ എപ്പോളും എനിക്ക്... "


"മേഘ... ഇവിടെ നോക്ക്.. എനിക്ക് നിന്നോട് തോന്നിയ ഇഷ്ടം പെട്ടെന്ന് നിനക്കെന്നോട് തോന്നില്ല.. എനിക്കറിയാമത്.. ടേക്ക് യുവർ ഓൺ ടൈം.. ഇപ്പൊ ഉള്ള റിലേഷൻഷിപ് നു ഒരു ഫുൾ സ്റ്റോപ്പ്‌ ഇട്ടു നീ പുതിയൊരു ലൈഫിനെ പറ്റി ആലോചിക്കുമ്പോ.. അപ്പൊ മതി.. എന്നോട് നിനക്ക് ഇഷ്ടക്കേടൊന്നും ഇല്ലല്ലോ?


അവൾ വെറുതെ തലയാട്ടി.


" ഏയ്‌ .. ഒരുപാട് ആലോചിക്കേണ്ട ഒന്നും ഇപ്പൊ.. പോയി കിടന്നുറങ്ങു.. എല്ലാത്തിനും ഉള്ള ഉത്തരം നമ്മുടെ മനസ്സിൽ തന്നെയുണ്ടാവും.. ഞാൻ പറഞ്ഞത്.. നീ ഒരിക്കലും ഒറ്റക്കായി പോകില്ല.. ഞാനുണ്ടാവും.. നിനക്ക് സമ്മതമെങ്കിൽ മാത്രം.. ഓക്കെ? ചെല്ല്. .. അമ്മേം അച്ഛനും ഒക്കെ അന്വേഷിക്കുന്നുണ്ടാവും.നാളെ കാണാം. "


മേഘ തിരിഞ്ഞു നോക്കാതെ യാന്ത്രികമായി മുന്നോട്ട് നടന്നു. റൂമിൽ ചെന്ന് വൈഗയുടെ അടുത്ത് അവളെ കെട്ടിപ്പിടിച്ചു കിടന്നു.


"ഡീ... ഞാനൊന്നുറങ്ങി.. തല പൊളിഞ്ഞു പോവാരുന്നു... അതാ വേഗം വന്നു മരുന്നും കഴിച്ച്കിടന്നേ.. തിരിഞ്ഞു കിടന്നു വൈഗ പറഞ്ഞു.


മേഘ ഒന്നും മിണ്ടിയില്ല. ഗഗന്റെ വാക്കുകൾ മനസ്സിലങ്ങനെ മുഴങ്ങിക്കൊണ്ടിരുന്നു.' ഒറ്റയ്ക്കാവില്ല.. ഞാനുണ്ടാവും '


"സോറി ഡീ... നീ ഒറ്റയ്ക്കിരിക്കുവാരുന്നോ.. എന്താ നീ മിണ്ടാത്തെ.?.. വൈഗ വീണ്ടും ചോദിച്ചു


"ഒറ്റയ്ക്കാക്കിയില്ല... നിന്റെ ഏട്ടൻ..."


"ങേ.. അവൻ പറഞ്ഞോ നിന്നോട്?" വൈഗ ചാടിഎണീറ്റ് ഇരുന്നു


"നീ ഇതെങ്ങോട്ടാ.. കിടക്ക്.."


"അയ്യോ ആം, so excited ഡീ.. പറ അവനെന്താ പറഞ്ഞെന്നു"


"നിനക്കറിയാരുന്നോ....ഇതൊക്കെ..?" മേഘ ചോദിച്ചു


"ഉം... എന്നോടാ അവൻ ആദ്യം പറഞ്ഞത്. അതൊരുപാടായി.. മിഥുന്റെ കാര്യം ഞാനപ്പോ പറഞ്ഞു.. ആളൊന്നു ഡെസ്പ് ആയി എങ്കിലും മിഥുന്റെ ഫോട്ടോസ് ഒക്കെ ഞാൻ കാണിച്ചു കൊടുത്തു. കോളേജിൽ നമ്മുടെ സീനിയർ ആയിരുന്നെന്നും നിന്നെ വല്യ കാര്യാണെന്നും ഒക്കെ."


"അപ്പോ എന്ത് പറഞ്ഞു?"


എന്ത് പറയാൻ.. അവൻ അങ്ങനെ വിഷമം പുറത്ത് കാണിക്കില്ല. മിഥുൻ മിടുക്കനാ നിനക്ക് നന്നായി ചേരും എന്നൊക്ക പറഞ്ഞു പിന്നീടൊരിക്കൽ.. പാവം.

നിന്റെ ബ്രേക്കപ്പിന്റെ കാര്യം പറഞ്ഞപ്പോ.. നീ എത്ര വിഷമിക്കുണ്ടാവും എന്നായിരുന്നു അവന്റെ സങ്കടം.. എപ്പോളും നിന്നെ വിളിക്കാനും കൂടെ നിക്കാനും ഒക്കെ എന്നോട് പറയുവായിരുന്നു."


വൈഗ  ഒന്നുകൂടി ചേർത്തവളെ കെട്ടിപിടിച്ചു "ഡീ .. നീ എന്റെ വീട്ടിലേക്ക് വന്നാൽ അതിൽ കൂടുതൽ സന്തോഷം എനിക്ക് വേറൊന്നില്ല"

വൈഗയുടെ സന്തോഷം കണ്ട് മേഘ വല്ലാതായി 


.." വൈഗ... പക്ഷെ ഞാൻ.. എനിക്ക്.. മിഥുനെ കാണുന്നപോലെ.. നിന്റെ ഏട്ടനെ.".. എനിക്കാലോചിക്കാൻ പറ്റുന്നില്ല.


"മെല്ലെ മതി... നീ ആലോചിക്ക്.. നന്നായിട്ട്.. എന്നിട്ട് ഒരു തീരുമാനം എടുക്ക്.. എന്തായാലും ഞാൻ കൂടെയുണ്ടാവും.

ഞാൻ പ്രാർത്ഥിക്കാം നിന്റെ മനസ്സിൽ നല്ലത് തോന്നിക്കാൻ."


മേഘയുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു. ഇതെങ്ങോട്ടാണ് ജീവിതം തന്നെ കൊണ്ടുപോകുന്നത്.. അരുതാത്ത ഒരു നോട്ടം പോലും ഗഗൻ ചേട്ടന്റെ ഭാഗത്തു നിന്നു ഇത് വരെ തോന്നിട്ടില്ല. വൈഗയുടെന്ന പോലെ വാത്സല്യം കാണിച്ചിട്ടുണ്ട്.. തിരിച്ചും ഇല്ലാത്ത ഒരേട്ടനെ പോലെ കണ്ടിട്ടുള്ളു... ആലോചിച്ചു തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു എപ്പോളോ ഉറങ്ങി.


തിരികെയുള്ള യാത്രയിൽ ഗഗൻ ചേട്ടൻ എപ്പോളും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവളറിയുന്നുണ്ടായിരുന്നു.. പ്രണയവും കരുതലും നിറയുന്ന നോട്ടങ്ങൾക്ക് മുന്നിൽ ഒന്നിനും ഒരു ഉത്തരം കിട്ടാതെ അവൾ പതറി..


യാത്ര കഴിയുമ്പോ മനസ്സോന്നു ശാന്തമാകുമെന്നു കരുതി പോയിട്ട് ഇപ്പോ ആകെ ഇളകിമറിയുന്ന കടൽ പോലെ തിരിച്ചെത്തിയിരിക്കുന്നു.. മിഥുന്റെ കോൺടാക്ട് ഇപ്പോ കുറഞ്ഞു വരുവാണ്.. കുറച്ചു ദിവസമായി വിളിക്കാറേയില്ല..ഇടയ്ക്ക് കാഷ്വൽ ആയി മെസ്സേജ് വരും.എത്രത്തോളം സ്നേഹിച്ചും കൂടെ നിന്നും കടന്നുപോയിട്ടും ഇങ്ങനെ ഒക്കെ ആയല്ലോ... വിചിത്രം ഈ ജന്മബന്ധങ്ങൾ..all things must change.. ഒന്നും ഒരേപോലെ കോൺസ്റ്റന്റ് ആയി നമ്മുടെ ഒപ്പമുണ്ടാവില്ല.. അങ്ങനെ എന്തൊക്കെയോ തിരിച്ചറിവുകളുടെ നാളുകൾ.


ഗഗൻ ചേട്ടനും വൈഗയും വീക്കേണ്ട്സിൽ വരും ഒന്നിച്ചു പുറത്തൊക്കെ പോകാറുണ്ട്.. ഒരിക്കൽ പോലും ഒരു മറുപടി എന്താ പറയാത്തെ എന്ന് ചോദിച്ചു ശല്യപെടുത്താറില്ല. ആ മനുഷ്യനോട് വല്ലാത്തൊരു റെസ്‌പെക്ട് തോന്നിയതും അതുകൊണ്ടാണ്.ഒരുപാട് സ്നേഹവും കരുതലും മുൻപുണ്ടായിരുന്നതുപോലെതന്നെ...

ഓരോ തവണ കണ്ടു പിരിയുമ്പോഴും പുതുമയുള്ളതെന്തോ,പ്രിയപ്പെട്ടതെന്തോ തന്നിലേക്ക് വന്നുചേരുന്ന പോലാണ് തോന്നാറു...ആ സ്നേഹം പതിയെ പെയ്തു പെയ്തു നമ്മളെ പൂർണ്ണമായി നനയ്ക്കുന്ന ഒരു മഴ പോലെ ഊഷ്മളമാണ് എന്നു എപ്പോളൊക്കെയോ തിരിച്ചറിയുന്നുണ്ടയിരുന്നു.

. ഒരിക്കൽ തുറന്നു ചോദിച്ചു..


 " മറ്റൊരാളെ സ്നേഹിച്ച.. ഇപ്പോളും മറക്കാൻ കഴിഞ്ഞിട്ടില്ലാത്ത എന്നെ... എങ്ങനെ സ്നേഹിക്കാൻ കഴിയുന്നു..?..


" നിന്നെ ഞാൻ മുൻപേ സ്നേഹിച്ചതാണല്ലോ..നിന്റെ മനസ്സിൽ മറ്റൊരാളുണ്ടെന്നു അറിഞ്ഞതുകൊണ്ട് പറഞ്ഞില്ല.സോ .. ഈ പ്രണയം ഒന്നും നമ്മളോട് അനുവാദം ചോദിച്ചിട്ടില്ല മനസ്സിലേക്ക് കേറിവരുന്നത്.. അങ്ങനെ ഒരിഷ്ടം തോന്നി... അതിലൊരു തെറ്റും എനിക്ക് തോന്നുന്നില്ല... ഉണ്ടോ?"


എന്തു പറയാനാണ് .. ഇത്തരം മറുപടികളാണ് എല്ലാ കാര്യത്തിലും.സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാൾ.. അയാളെ പലപ്പോളും താനും ഇഷ്ടപ്പെട്ടു തുടങ്ങുന്നുണ്ടോ എന്നു സംശയം തോന്നിത്തുടങ്ങുന്നു..


"മേഘയുടെ പിറന്നാളാണ് വരുന്ന സൺ‌ഡേ .. നമുക്കടിച്ചു പൊളിക്കണം" ഒരു ഒത്തുകൂടിലിൽ വെച്ച് വൈഗ പ്രഖ്യാപിച്ചു.


"ഏയ്‌.. അതൊന്നും വേണ്ടടാ.." മേഘ ഒഴിഞ്ഞു മാറി.


" ഒന്നും പറയണ്ട. നമ്മൾ സെലിബ്രേറ്റ് ചെയ്യുന്നു. "ഗഗൻ ചേട്ടനും ഉത്സഹാത്തിലായി.


"കാത്തിരിക്കാനും ആഘോഷിക്കാനും ഒക്കെ എന്തേലും വേണമെടോ ജീവിതത്തിൽ.. നിന്റെ സന്തോഷം ഞങ്ങളുടെ സന്തോഷം അല്ലെ.മെമ്മോറബിൾ ബെർത്ത് ഡേ ആക്കണം നമുക്കത്.. ""


സൺ‌ഡേ കാണാമെന്നു പറഞ്ഞുറപ്പിച്ചു മടങ്ങി. വീട്ടിലും അമ്മയോടും പപ്പയോടും സൺ‌ഡേ അവരും കാണും ഊണിനു എന്നോർമിപ്പിച്ചു.


സൺ‌ഡേ പതിവിലും നേരത്തെ എണീറ്റു. ഫോണെടുത്തു നോക്കി ഒരുപാട് വിഷസ്.. എല്ലാവർക്കും റിപ്ലൈ അയച്ചു. മിഥുന്റെ മെസ്സേജ് പോലും കാണുന്നില്ല.. പൂർണമായും മറന്നുകാണും.. ഇല്ലെങ്കിൽ വേണ്ടാന്നു വെച്ചിട്ട് ആയിരിക്കണം.കഴിഞ്ഞ തവണ birthday മറന്നെന്നും പറഞ്ഞു താൻ വഴക്കിട്ടതും, പറയാത്തെ ഓഫീസിലേക്ക് സർപ്രൈസ് ആയി കാണാൻ വന്നതും ഒക്കെ മനസ്സില്ലൂടെ ഓടിമറഞ്ഞു... എല്ലാം ഓർമ്മകളാണ്.. ഇപ്പൊ..


ഒക്കെ ഒരു ദുഃസ്വപ്നം ആയിരുന്നെങ്കിൽ.. കണ്ണു തുറക്കുമ്പോൾ എല്ലാം പഴയപോലെ ആവുമെങ്കിൽ.. ഇല്ല.. ഇത് ജീവിതത്തിന്റെ ഒരു സ്റ്റേജ് തന്നാണ്. എങ്ങോട്ട് തിരിയണം എന്ന തീരുമാനം എല്ലാവർക്കും എടുക്കേണ്ടി വരുന്ന ഒരു ടർണിങ് പോയിന്റ്.


" ഹാപ്പി ബെർത്ത് ഡേ മോളെ,.. കുളിച്ചിട്ട് അമ്പലത്തിലൊക്കെ ഒന്നു പോയി വാ.." അമ്മ പറഞ്ഞു.

" അമ്മയും വാ.. ഒറ്റയ്ക്കു പോകാൻ വല്ലാത്ത മടി "

" നീ പോയിട്ട് വാ.. എനിക്ക് ഉച്ചയ്ക്കത്തേക്ക് ഒരുപാട് പണികളുണ്ട് "


അമ്പലത്തിൽ പോയി നന്നായി തൊഴുതു.. എല്ലാമറിയുന്ന ഭഗവാനോട് എന്ത് പറയണം.. നല്ല തീരുമാനങ്ങൾ എടുക്കാൻ, എല്ലാവർക്കും നല്ലത് വരുത്താൻ ഒക്കെ പ്രാത്ഥിച്ചു.. തിരികെ പോകുന്ന വഴിക്കു ഫോൺ ബെല്ലടിച്ചു


ഗഗൻ ചേട്ടൻ


"ഹലോ മേഘ..many many happy returns of the day"


"Thank you.. So much. വൈഗ വിളിച്ചിരുന്നു ഞാൻ അമ്പലത്തിൽ ആയിരുന്നു. എടുക്കാൻ കഴിഞ്ഞില്ല"


"ആണോ... ഞാൻ വീട്ടിലല്ല.. ഒരു ആവശ്യത്തിന് ഇറങ്ങിതാണ്. എടൊ..

Birthday ആയിട്ട് ഞാൻ ഒന്നു ചോദിച്ചോട്ടെ.. ഇതുവരെ ഞാൻ ഒന്നും ചോദിച്ചില്ല.. പക്ഷെ... ഞാൻ പറഞ്ഞ കാര്യം നീ ആലോചിച്ചോ?


"അത്.....

ഞാൻ... ആലോചിച്ചു...എന്താന്നു എനിക്ക് അറിയില്ല... ഇപ്പൊ ഉറച്ചൊരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.. മിഥുൻ.. കൂടെയില്ലെന്നൊക്കെ ഉൾകൊള്ളാൻ പറ്റുന്നില്ല... ചിലപ്പോളൊക്കെ... എങ്ങനെ പറഞ്ഞു മനസ്സിലാക്കാണെന്നു..."


"എനിക്കതൊക്കെ മനസ്സിലാവും.. എനിക്ക് അറിയേണ്ടത്.. ഞാൻ ഈ ഒരു പ്രൊപോസൽ ആയിട്ട് വീട്ടിൽ വന്നാൽ നീ നോ പറയ്യോ... എന്നാണ്.."


"ഞാൻ......"മേഘയ്ക്ക് ആകെ ആധിയായി.

"എന്തെ ഇപ്പൊ പെട്ടെന്ന്..?"


"പെട്ടെന്ന് അല്ലല്ലോ... ഞാൻ ചോദിച്ചിട്ട് കുറച്ചയല്ലോ. എങ്കിലും ഒരു കാര്യമുണ്ടടോ. അച്ഛന്റെ ഒരു ഫ്രണ്ട് എനിക്കൊരു പ്രൊപോസൽ പറഞ്ഞിരുന്നു. അവര് ചോദിച്ചോണ്ടിരിക്കുയാണ്.. നീ എന്നോട് യെസ് പറഞ്ഞാലല്ലേ എനിക്ക് വീട്ടിൽ ഒന്നു അവതരിപ്പിക്കാനൊക്കെ പറ്റുള്ളൂ.. ഇത് പറഞ്ഞു വേണം അതൊഴിവാക്കാൻ.."


"കണ്ടിട്ടുണ്ടോ?...നല്ല കുട്ടിയാണോ..?


"ആ.. അതല്ലല്ലോ ഇവിടെ കാര്യം.. നീ വിഷയം മാറ്റാതെ..ശെരി ഇപ്പൊ വേണ്ട...ഇന്ന് വീട്ടിൽ വരുമ്പോ എനിക്ക് ഒരു മറുപടി തരണം..ഞാൻ ഇപ്പോ വെക്കുവാ. ഒക്കെ bye..


മേഘ ഒന്നും പറയുന്നതിന് മുൻപ് ഫോൺ കട്ടായി. ഈശ്വരാ.. ഇന്ന് തന്നെ.. ഞാൻ എന്ത് മറുപടി പറയും.. ഒരു കാരണവുമില്ല ഒഴിഞ്ഞു മാറാൻ.. നല്ലവനാണ്. വൈഗയുടെ പ്രിയപ്പെട്ട ഏട്ടനാണ്.. ആ മനസ്സ് നിറയെ സ്നേഹമാണ്.. എങ്കിലും.. മിഥുൻ.. മനസ്സിന് പോകാതെ.. കൊളുത്തിവലിക്കുന്ന ഒരു വേദന..


ആലോചനകളുടെ ഭാണ്ഡം പേറി നടന്നു വീടെത്തിയത് അറിഞ്ഞില്ല. മുറ്റത്തു കാൽകഴുകി ഉള്ളിലേക്കു കയറാൻ തുടങ്ങിയപ്പോ മുന്നിലൊരാളെ കണ്ട് മേഘ നടുങ്ങി.!


മിഥുൻ!


" സന്തോഷ ജന്മദിനം മേഘകുട്ടിക്ക് " നിറഞ്ഞ ചിരിയോടെ മിഥുൻ എന്നത്തേയും പോലെ കയ്യിൽ ഡയറി മിൽക്ക് ഉം തനിക്കു നേരെ നീട്ടി നിൽക്കുന്നു.


മേഘയ്ക്കൊന്നും തിരിച്ചറിയാൻ പറ്റുന്നുണ്ടായില്ല.. കണ്ണുമുറുക്കെ അടച്ചൊന്നുകൂടി തുറന്നു നോക്കി സ്വപ്നമല്ല..!.. അവളവിടെ തന്നെ പ്രതിമ പോലെ നിന്നു പോയി.


"നീ വിചാരിച്ചു ഞാൻ നിന്നെ വിട്ടിട്ട് പോയെന്നു.. അല്ലേ?.. എനിക്കതിനു കഴിയുവോ എന്റെ മണ്ടുസേ..?.. നീ കേറിവാ ഒരുപാട് പറയാനുണ്ട്.. ഇതാദ്യം പിടിക്ക്.. നിന്റെ ഫേവറേറ്റ് ചോക്ലേറ്റസ് "


കൈനീട്ടി അത് വാങ്ങുമ്പോളേക്ക് താങ്ങാനാവാത്ത എന്തൊക്കെയോ വിചാരങ്ങളുടെ വേലിയേറ്റങ്ങളിൽ അവൾ മയങ്ങി മിഥുന്റെ കൈകളിലേക്ക് കുഴഞ്ഞു വീണിരുന്നു.


കണ്ണ് തുറക്കുമ്പോൾ കാൽച്ചുവട്ടിൽ മിഥുൻ ഇരിക്കുന്നുണ്ട്.. "എണീറ്റോ... എന്താ പറ്റിതു.... രാവിലെ ഒന്നും കഴിക്കാതെ വെയിലും കൊണ്ട് അമ്പലത്തിൽ പോയിട്ട് ആവും. അതോ എന്നെക്കണ്ടു ബോധം പോയതാണോ.. നീ എന്തേലും ഒന്ന് പറഞ്ഞെ..?


അവളെണീറ്റിരുന്നു.

" മിഥുൻ... എനിക്കൊന്നും മനസിലാവുന്നില്ല...നീ എന്താണിവിടെ... എന്തൊക്കെയാണ് ഈ നടക്കുന്നത്?..."


"എല്ലാം പറയാം.ഞാൻ പോയി നിനക്ക് കുടിക്കാൻ കുറച്ചു വെള്ളം എടുത്തിട്ട് വരാം "

മിഥുനെണീറ്റു


"മോനവിടെ ഇരുന്നോ.. ഞാൻ വെള്ളമെടുത്തിട്ട് വന്നതാ.. ക്ഷീണം മാറിയോ മോളെ"

അമ്മയാണ്. പുറകെ ആരാണ്... ഈശ്വരാ.. മിഥുന്റെ അമ്മ.. 


മിഥുന്റെ അമ്മ അരികിൽ വന്നിരുന്നു.

" ഒന്നും കഴിക്കാതെ വെയില് കൊണ്ട് എങ്ങും പോവരുത് കേട്ടോ... മോളെ.. പിന്നെ നിന്നെ അന്ന് വിളിച്ചു ഞാൻ പറഞ്ഞതൊക്കെ ഇവൻ പറഞ്ഞിട്ടാണ്.. എന്നോടൊന്നും തോന്നല്ലേ.. ഫോട്ടോ കാണിച്ചപ്പോ തന്നെ എനിക്കിഷ്ടായതാണ് നിന്നെ "


മേഘയൊന്നും മനസിലാവാതെ എല്ലാവരുടെയും മുഖത്തു മാറി മാറി നോക്കി.

" പാവം.. അവൾക്കൊന്നും മനസിലായിട്ടില്ല. നിങ്ങൾ സംസാരിക്ക് മോനെ.ഞാൻ കഴിക്കാൻ എടുക്കാം "


അമ്മമാർ മുറിയിൽ നിന്നു പുറത്തേക്ക് പോയി. മിഥുൻ മെല്ലെ അടുത്ത് വന്നു ചേർത്ത് പിടിച്ചു. "ഒത്തിരി വിഷമിച്ചോ...

എന്നോട് ഒരുപാട് ദേഷ്യം തോന്നിയോ...? മറന്നുകളഞ്ഞോ മനസ്സിന് തന്നെ?.."


മേഘയുടെ കണ്ണുനിറഞ്ഞൊഴുകി..

" ഈ നിമിഷം വരെ എനിക്കതിനു സാധിച്ചിട്ടില്ല... നീ കൂടെയില്ലെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ഞാൻ.. ഒരുപാട് ശ്രമിക്കുന്നുണ്ടായിരുന്നു... എന്തിനാണിതൊക്കെ മിഥുൻ... ഇത്രയും വിഷമിപ്പിച്ചത്..

.. എല്ലാം എന്തിനു വേണ്ടിയായിരുന്നു?"


മിഥുന പറഞ്ഞു തുടങ്ങി . "അപ്പ ഒരു ബിസിനസ്‌ സ്റ്റാർട്ടപ്പിനു വേണ്ടി നമ്മുടെ സ്ഥലം പണയം വെച്ച് നല്ലൊരു തുക ലോണെടു ത്തിരുന്നു കുറെ മുൻപ് . ബിസിനസ്‌ നഷ്ടത്തിലായി . ഞങ്ങളുടെ കിടപ്പാടം വരെ പണയത്തിലായി. ജപ്തിയും ബാങ്ക് നോട്ടീസും ആയി നിന്ന നേരത്തു ഇതിൽ നിന്നും ഉടനെ രക്ഷപെടാൻ ആവില്ലന്ന് എനിക്ക് മനസ്സിലായി..നിന്റെ വീട്ടിൽ കുറച്ചു നല്ല ആലോചനകൾ വന്നത്  നീ എന്നോട് പറഞ്ഞിരുന്നല്ലോ.... ഞാൻ കാരണം അതൊന്നും നടക്കില്ല എന്നെനിക്ക്‌ തോന്നി....നിനക്ക് നല്ലത് വരുന്നെങ്കിൽ അത് നടക്കട്ടെ എന്നോർത്തു ...കാര്യങ്ങൾ പറഞ്ഞാൽ നീ കൂടെ നിക്കുവേ ഉള്ളൂ എന്നു നന്നായി എനിക്കറിയാമല്ലോ... നിന്നെക്കൂടി കഷ്ടപ്പെടുത്തണ്ട എന്നു വിചാരിച്ചപ്പോ.. ആലോചിച്ചെടുത്ത പ്രശ്നം ആണീ മതം മാറ്റം... അത് പറഞ്ഞു നിന്നെ നിർബന്ധിച്ചാൽ നി എതിർക്കും എന്നുറപ്പുണ്ടായിരുന്നു...അതാണ്..".


" നീ... അങ്ങനെ ആണോ എന്നെപ്പറ്റി ഓർത്തത്.... എന്നിട്ട്... ഇപ്പൊ എന്തിനാ വന്നേ.. കഴിഞ്ഞോ നിന്റെ പ്രശ്നങ്ങൾ? മേഘയ്ക്ക് സങ്കടവും ദേഷ്യവും തോന്നി


"അതൊരു മിറക്കിൾ പോലെ.. പപ്പേടെ റിലേറ്റീവ് ഒരു മാത്യു അങ്കിൾനെപ്പറ്റി ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ.. അങ്കിൾനു മക്കളില്ല എന്നോട് വല്ല്യ കാര്യാണെന്നൊക്കെ.. അങ്കിൾ ഈയിടെ കാനഡന്നു നാട്ടിൽ എത്തിയപ്പോളാ വിവരമൊക്കെ അറിഞ്ഞത്... അങ്കിൾ സഹായിച്ചു.. ജപ്തി ഒഴിവായി.. കടങ്ങൾ ഒക്കെ തീർത്തോണ്ടിരിക്കുന്നു.. എനിക്ക് കാനഡല് ഒരു ജോലിയും ഒക്കെ ആക്കിട്ടുണ്ട്. അങ്ങോട്ട് പോകാനുള്ള പ്രിപ്പറേഷൻ കൂടി ആയിരുന്നു ഈ സമയത്ത്.. എല്ലാം കൂടി ഒന്ന് ഒക്കെയായപ്പോ..നിന്നെ വിട്ടുകളയാൻ ആലോചിച്ചത് പോലും.... വല്ലാത്ത വിഷമം ആയി.. നിന്റെ കല്ല്യാണാലോചനകൾ ഒന്നും ആയിട്ടില്ലെന്ന് അന്വേഷിച്ചിട്ടൊക്കെയാ ഇപ്പോ വീണ്ടും വന്നത്... സോറി.. ഒത്തിരി സോറി.. വിഷമിപ്പിച്ചതിനൊക്കെ ..നിന്റെ അമ്മയോടും പപ്പയോടും ഇന്നലെ വിളിച്ചൊക്കെ സംസാരിച്ചിരുന്നു.. നിന്നെ നേരിൽ കണ്ട് പറഞ്ഞാലേ എനിക്ക് ഒരു സമാധാനമുണ്ടാവുള്ളു.. അതാ ഇങ്ങനെ ഒരു വിസിറ്റ് ."


"എങ്കിലും...നീ ഒറ്റയ്ക്ക് എന്തൊക്കെ സങ്കടപെട്ടു.. എന്നെ ഒഴിവാക്കിട്ട് അതിനും വിഷമിച്ച്...." മേഘ തലയ്ക്കു കൈ കൊടുത്തു ഇരുന്നു.


""പോട്ടെ... ഇപ്പൊ ഒക്കെ കലങ്ങി തെളിഞ്ഞല്ലോ. ഇനി ഇട്ടിട്ട് പോകില്ല ഒരിടത്തും.... നിന്നെ കൈവിട്ടു പോയാൽ പകരം വെയ്ക്കാനൊന്നും ആവില്ലന്ന് എനിക്ക് മനസ്സിലായി.. പിരിഞ്ഞപോളാണ് എത്രത്തോളം.... .."


മിഥുന്റെ വാക്കുകളിൽ അത്രനാൾ അനുഭവിച്ച മുഴുവൻ സങ്കടങ്ങളുമുണ്ടായിരുന്നു..ഒന്നും പറയാനാവാതെ മേഘയും കൈകൾ കോർത്തുപിടിച്ചു അവന്റെ തോളിൽ തലചായ്ച്ചിരുന്നു..


അധികം വൈകാതെ തിരിച്ചുപോകണ്ടതുള്ളതുകൊണ്ട് അപ്പയേം കൂട്ടി പിന്നെ വരാമെന്ന് പറഞ്ഞു മിഥുനും അമ്മയും യാത്ര പറഞ്ഞിറങ്ങി.


അമ്മയും പപ്പയും സന്തോഷത്തിലാണ്.മേഘയും മനസ്സിലോർത്തു ഒരു മഴ പെയ്തു തോർന്നപോലുണ്ട്..


ഫോൺ ബെല്ലടിക്കുന്ന കെട്ടവൾ റൂമിലേക്ക് പോയി


ഗഗൻ ചേട്ടൻ!


ഈശ്വരാ..

കുറേനേരത്തേക്ക് ഞാനീ മനുഷ്യനെ മറന്നേപോയല്ലോ.. എന്ത് പറയും..


അവൾ ഫോണെടുത്തു

" എടൊ കുറച്ച് ലേറ്റ് ആകും വരാൻ കേട്ടോ.. വൈഗയെ വിളിച്ചിരുന്നോ..?


"ഇല്ല... ഞാൻ... വന്നിട്ട് കുറച്ച് തിരക്കായിപ്പോയി.."

പെട്ടെന്ന് മിഥുൻ വന്നതൊന്നും പറയാൻ തോന്നിയില്ല.


" ഏയ്‌.. എന്താ സൗണ്ട് വല്ലാതിരിക്കുന്നെ.. ലേറ്റ് ആകുന്നു പറഞ്ഞിട്ടാണോ..?വേഗം വരാട്ടോ പറ്റുന്നത്ര വേഗം വരാം "


പാവം..! ഈ മനുഷ്യനോട് എങ്ങനെ ഞാൻ പറയും.. മേഘയുടെ ഉള്ളുരുകി.


" ഇന്ന് ഒരു യെസ് കിട്ടിയാൽ ഇന്ന് തന്നെ ഞാൻ വീട്ടിൽ പറയും.. അമ്മയോട് ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.. എല്ലാം നന്നായി വരുന്നൊക്കെ തോന്നുന്നു.. ഞാൻ ഒരു ഫ്രണ്ടിന്റെ കൂടെ അവന്റെ കല്യാണത്തിന് ജാതകം നോക്കാൻ പോയതായിരുന്നു.. ഞാൻ നിന്റെയും എന്റെയും നാള് പറഞ്ഞിട്ട് ഒന്ന് നോക്കിച്ചു.. നന്നായി ചേരുന്നു തിരുമേനി പറഞ്ഞു..എനിക്കത് കേട്ടപ്പോ വല്ലാത്ത സന്തോഷം തോന്നി.. കൂടെയുണ്ടാകില്ലേ നീ..?


മേഘയ്ക്ക് തല പെരുക്കുന്നപോലെ തോന്നി..

ഇതെന്തിനുള്ള പുറപ്പാടാണ് ദൈവമേ.. ഒന്നും പറയാനും പറ്റുന്നില്ല.

അവൾ പെട്ടെന്ന് ഫോൺ കട്ടാക്കി.


കുറച്ച് കഴിഞ്ഞപ്പോ മെസ്സേജ് വന്നു 


എടൊ, വിളിച്ചിട്ട് കിട്ടുന്നില്ല.റേഞ്ച് കുറവാ തോന്നുന്നു.വരുമ്പോ കാണാം കേട്ടോ.. Take care. Love you..


ഒരുപാട് പ്രതീക്ഷിക്കുന്നു.. പാവം.. എന്തിനാണ് ഈ പാവത്തിനെ കൂടി എന്നോട് അടുപ്പിച്ചത്.. സങ്കടം മാത്രേ തിരിച്ചു കൊടുക്കാനുള്ളാലോ തന്റെ കയ്യിൽ.. മിഥുൻ വന്നു പോയതിന്റെ ആശ്വാസം അതേപോലെ ഇറങ്ങിപ്പോയ അവസ്ഥയിലായി.. എന്ത് ചെയ്യും എന്നോരെത്തും പിടിയും കിട്ടുന്നില്ല!.. വൈഗയെ വിളിച്ചാലോ... ഇങ്ങോട്ട് വരാനുള്ള ഉത്സഹാത്തിലായിരിക്കും.. വേണ്ട ഇപ്പോ ഒന്നും പറയണ്ട.. അവര് വരട്ടെ..


ഉച്ചയ്ക്ക് ഉണ്ണാൻ അവരെത്തിയില്ല.. വിളിച്ചിട്ട് കിട്ടിയതുമില്ല. മിഥുൻ വീട്ടിലെത്തിയിട്ട് വീണ്ടും വിളിച്ചിരുന്നു.. അവൻ പഴയപോലെ തന്നെ ഹാപ്പിയായി.. ഗഗൻ ചേട്ടന്റെ കാര്യം പറഞ്ഞു ടെൻഷൻ ആക്കാൻ തോന്നിയില്ല. ഞാൻ ഒറ്റയ്ക്ക് അനുഭവിച്ച മതിയല്ലോ..പ്രണയം ഒന്നും തോന്നിയിട്ടില്ല എങ്കിലും ഒരുപാട് ഇഷ്ടം, അതിലേറെ റെസ്‌പെക്ട് ഒക്കെ തോന്നിട്ടുണ്ട് ഗഗൻ ചേട്ടനോട്.. മിഥുനുമായി കമ്പയർ ചെയ്യാൻ ഒന്നും പറ്റില്ല. രണ്ട് പേരും രണ്ട് തലങ്ങളിലാണ്.. കോമൺ ആയി ഒന്നേയുള്ളു..

തന്നോടുള്ള പ്രണയം.!..ഒരാളെ വേദനിപ്പിക്കേണ്ടി വരും..വേറെ വഴിയില്ല.


വൈകിട്ട് നല്ല മഴക്കാറുണ്ടായിരുന്നു.. മേഘയുടെ മനസ്സുപോലെ മൂടികെട്ടി മാനം .. വൈഗയും ഗഗൻ ചേട്ടനും കൂടി കയറിവന്നത് ആ നേരത്താണ്.


" ഹാപ്പി birthday ഡാ.. "

കയ്യിലുള്ള കേക്ക് അവൾക്കു നീട്ടിക്കൊണ്ട് വൈഗ പറഞ്ഞു


"Thank യു ഡീ.. വാ.. എന്താ വൈകിയത്...?


"ഗഗനേട്ടൻ പുറത്തായിരുന്നു. വരാൻ വൈകി. അതാഡാ.."


ഗഗൻ ചേട്ടൻ  പപ്പയോട് എന്തൊക്കെയോ സംസാരിച്ചോണ്ടിരിക്കുന്നു. തന്റെ മുഖത്തൊന്നു നോക്കുന്നു പോലുമില്ല.. മനഃപൂർവം ആണോ... എന്തേലും അറിഞ്ഞോ.. പല പല ചിന്തകൾ അവളുടെ മനസ്സിൽ നിറഞ്ഞു.


"കേക്ക് കട്ട്‌ ചെയ്തിട്ട് ആവാം ഇനി സംസാരം ,.. വാ മക്കളെ". അമ്മ പറഞ്ഞു


എല്ലാരൂടി കേക്ക് കട്ട് ചെയ്തു.


ഗഗൻ ചേട്ടൻ കൂടുതൽ നേരം പുറത്തും പപ്പെടെയൊപ്പവും ആയിരുന്നു. വൈഗയുടെ സംസാരത്തിൽ നിന്നു അവൾ ഒന്നും അറിഞ്ഞിട്ടില്ലാന്നു മനസ്സിലായി.. അലെങ്കിലും ഞാൻ പറയാത്തെ ഇവരെങ്ങനെ അറിയാനാ.. തന്റെ തോന്നലാവും ഗഗൻ ചേട്ടന് എന്തോ മാറ്റം പോലെ..


മുറ്റത്തു ഒറ്റയ്ക്കു നിക്കുന്നതുകണ്ട് മേഘ അങ്ങോട്ട് നടന്നു..അവളെ കണ്ടപ്പോ മുഖം കൊടുക്കാതെ ഗഗൻ നിന്നു . വൈഗയും മേഘയുടെ പിന്നാലെ ഇറങ്ങിവന്നു.


" രണ്ടാളും ഇന്നെന്താ എന്തോ ഒരു ഒളിച്ചുകളി?.. "


" ഒരു കളിയുമില്ല.. നീ ഒന്ന് പോയെ " ഗഗൻ ചേട്ടൻ പറഞ്ഞു.


"ഗഗനേട്ടനു എന്തോ പറ്റിട്ടുണ്ട് ട്ടോ... ഡീ നീ വല്ലതും പറഞ്ഞോ എന്റെ ഏട്ടനോട്?


"ഞാൻ... ഞാൻ ഒന്നും പറഞ്ഞില്ല.. എന്നോടും മിണ്ടിയില്ല വന്നിട്ട്.." മേഘ ആരോടെന്നില്ലാതെ പറഞ്ഞു.


"അതെന്താ.. സംഭവം..?..എന്നോടൊന്നും പറഞ്ഞില്ലാലോ.. പറ പറ.." വൈഗ വഴക്കിട്ട് തുടങ്ങി


"നീ ഒന്ന് നിർത്തിക്കെ!.... എനിക്ക്.. മേഘയോട് കുറച്ച് സംസാരിക്കാനുണ്ട്.. നീ അകത്തുപോയ്ക്കോ." ഗഗൻചേട്ടൻ കുറച്ച് ശബ്ദമുയർത്തി പറഞ്ഞു


"ഓഹ് .. സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ അല്ലേലും ഞാനില്ലേ.." അവൾ ചിരിച്ചുകൊണ്ട് അകത്തേക്കൊടി.


" . ..എനിക്ക്.. ഒരു കാര്യം.. മേഘ പറയാൻ ഒരുങ്ങി


" വേണ്ട!.... ഞാനറിഞ്ഞു.. അങ്കിൾ വിളിച്ചിരുന്നു വേറെ ഒരാവശ്യത്തിനു.. മിഥുനും അമ്മയും വന്നെന്ന് പറഞ്ഞു. "


അപ്പോ എല്ലാം അറിഞ്ഞിട്ടുള്ള നിപ്പാണ്.. അത് തന്നെയാണ് ഭാവമാറ്റം തോന്നിയതും.. മേഘ അരികിലേക്ക് ചെന്ന് പറഞ്ഞു

" ഞാൻ.. വിളിച്ചു പറയാൻ . ആലോചിച്ചതാ.. പക്ഷെ എനിക്ക് കഴിഞ്ഞില്ല.. വരുമ്പോ പറയാം എന്നോർത്തു... എന്നോട് ക്ഷമിക്ക്'


"ഹേയ്... എന്തിന്.. നിന്റെ ഭാഗത്തു നിന്നു ഒരുറപ്പു കിട്ടും മുൻപേ ഒരുപാട് ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഒക്കെ എന്റെ മാത്രം തെറ്റ്.." മേഘയാകെ വല്ലാതായി. എന്താ പറയേണ്ടതെന്നറിയാതെ അവൾ നിന്നു വിഷമിച്ചു.


".. എനിക്ക് അറിയാം.. ഒത്തിരി പ്രതീക്ഷിച്ചെന്ന്.. പക്ഷെ.. ഞാൻ എന്താ... ഇനി.."


"ഇനിയെന്ത്? നിനക്ക് ഇഷ്ടപ്പെട്ടയാൾ തിരിച്ചു വന്നല്ലോ.. എനിക്ക് മാത്രം അല്ലേ ഉള്ളൂ നഷ്ടം.... മണ്ടനെപ്പോലെ എന്തൊക്കെയോ ചെയ്തു "


"അങ്ങനെ... ഒന്നും പറയല്ലേ... ഗഗൻചേട്ടാ.. നിങ്ങളോട് ഒരുപാട് സ്നേഹവും റെസ്‌പെക്ടറും ഉണ്ടെനിക്ക്.. വിഷമിക്കരുത്.. പ്ലീസ് "


" ദയവ് ചെയ്ത് നിന്നെക്കാൾ നല്ലൊരാളെ എനിക്ക് കിട്ടുന്നും പെങ്ങളെപ്പോലെ കാണണം എന്നും കൂടി പറയാൻ വരരുത്..! എനിക്കതിനു കഴിയില്ല! ഏതു നേരത്താണെന്നു അറിയില്ല നീ മനസ്സിൽ കേറിക്കൂടിത്!.. .. ഒരിക്കൽ പറയാതെ പോയ ആ ഇഷ്ടം ഇത്തവണ... പറയാൻ പറ്റിയപ്പോ.. എല്ലാം ശെരിയാകുന്നു ഞാൻ ഓർത്തു... മരമണ്ടൻ!!"


ഹൊ.. നിന്നാനിൽപ്പിൽ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിലെന്നു മേഘയാലോചിച്ചു പോയി.. അറിഞ്ഞോണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.. എന്നിട്ടും..ഇങ്ങനെയൊക്കെ കേൾക്കുമ്പോ വല്ലാത്തൊരു ബുദ്ധിമുട്ട്..അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു.


 കുറേനേരത്തേക്ക് ചുറ്റും നിറയുന്ന മൗനത്തിനു സ്വയം വിട്ടുകൊടുത്തു രണ്ടുപേരും ദൂരേക്ക് നോക്കിനിന്നു


വീണ്ടും സംസാരിച്ചു തുടങ്ങിയത് ഗഗനാണ്.


"മേഘ... ഞാൻ കുറച്ചു ഹാർഷ് ആയിട്ട് സംസാരിച്ചു..സോറി..... വീണുപോയവന്റെ വേദന കൊണ്ടാണ്... ഒന്നും മനസ്സിൽ വെക്കേണ്ട..പെട്ടെന്ന് കേട്ടപ്പോ ഉൾകൊള്ളാൻ പറ്റിയില്ല....വൈഗ ഒന്നും അറിഞ്ഞിട്ടില്ല. ഞാൻ പതിയെ പറഞ്ഞോളാം. നീയിപ്പോ ഒന്നും പറയാൻ നിക്കണ്ട.."


"..ഇല്ല... എന്നോട് ദേഷ്യം തോന്നരുത്...പ്ലീസ് ..എനിക്കെല്ലാം കൂടി താങ്ങാൻ പറ്റുന്നില്ല...."മേഘയുടെ സ്വരത്തിൽ നിറഞ്ഞ നിസ്സഹായത കേട്ടപ്പോ ഗഗനു വല്ലാതെ തോന്നി.


"ഇല്ലെടോ... നിന്നോട് ദേഷ്യം തോന്നാൻ നീയൊന്നും ചെയ്തില്ല.വിധി രണ്ടാം തവണയും എന്നെ നിന്റെ അടുത്തെത്തിക്കാതെ അകറ്റി... ഈ ജന്മത്തിൽ എനിക്ക് വിധിച്ചിട്ടില്ലെന്നു ഓർത്തോളാം... ഇങ്ങനെ പോട്ടെ.... ഹ്മ്മ്‌..അടുത്ത ജന്മം എന്റെ കൂടെ പോന്നോണം?!


ചെറിയൊരു ചിരിയോടെ ഗഗൻ അത് പറഞ്ഞപോളാണ് മേഘയ്ക്ക് നെഞ്ചിലെ ഭാരം ഇത്തിരി കുറഞ്ഞത്.. ഒന്ന് ചിരിച്ചല്ലോ..


" .. അന്ന് പറഞ്ഞപോലെ മെമ്മറിബിൾ ബർത്ത് ഡേ ആയെനിക്ക്... പലതരം ഇമോഷൻസ് ഇന്നെന്നിൽ കയറിയിറങ്ങി.."


"സോറി.. ഡോ.. ഇങ്ങനെ ഒന്നുമാകുമെന്ന് ഓർത്തില്ല.. ബർത്ത് ഡേ ആയിട്ട് ഞാൻ ദേഷ്യപ്പെട്ടു.. റിയലി സോറി ..ആഗ്രഹിച്ചതൊക്കെ കിട്ടിയാൽ എന്തു ജീവിതം.. അല്ലേ?..തന്റെതാവില്ലെന്നു ഉറപ്പായിട്ടും സ്നേഹിക്കാൻ പറ്റുന്നതിനു വേറൊരു സുഖമുണ്ട്..... എക്സ്പ്ലെയിൻ ചെയ്യാനാവില്ല.. That's sweet.. but painful.."


" കഴിഞ്ഞില്ലേ കിന്നാരം?! വൈഗ ഇറങ്ങിവന്നു.


" ഇല്ലടി തുടങ്ങാൻ പോകുന്നെ ഉള്ളൂ. ഇപ്പോ ഒരു ബ്രേക്ക്‌ അല്ലേ ഡോ..?"


മേഘ അതേയെന്ന മട്ടിൽ തലകുലുക്കി.


അധികനേരം വീണ്ടും നിൽക്കാതെ രണ്ടാളും യാത്ര പറഞ്ഞിറങ്ങി. പോകും മുൻപ് കാറിൽ നിന്നു ഒരു ഗിഫ്റ്റ് എടുത്ത് ഗഗൻ മേഘയ്ക്ക് നീട്ടി


" തുറന്ന് നോക്ക് "


എന്തായിത്?


" തുറക്കെടോ.. ഇഷ്ടായൊന്നു പറ


മേഘ കൗതുകത്തോടെ തുറന്നു നോക്കി.


ഒരു രാധാമാധവ വിഗ്രഹം...


കണ്ണന്റെ തോളിൽ ചാരി കണ്ണുകളടച്ചു നിൽക്കുന്ന രാധ.


" ഒരുപാട് ഇഷ്ടപ്പെട്ടു "


"കുറച്ച് ഇഷ്ടം മാറ്റിവെച്ചേരെ..എനിക്ക് വേണ്ടി..അപ്പോ നെക്സ്റ്റ് ബർത്ത്.. മറക്കണ്ട.."  ആരും കേൾക്കാതെ ഗഗൻചേട്ടൻ പറഞ്ഞു.. പിന്നെ തിരിഞ്ഞു നോക്കാതെ ഇറങ്ങി.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഉള്ളിൽ നിറയെ സ്നേഹവുമായി തന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപോകുന്ന ആ മനുഷ്യനെ ഒരു നാളിലും മറക്കാൻ കഴിയില്ലെന്ന് അവളറിഞ്ഞു.


കളഞ്ഞുപോയൊരു പ്രണയം തിരികെ കിട്ടിയതിനെ ചേർത്ത് പിടിക്കാനോ.. വൈകി വന്നുചേർന്നൊരിഷ്ടത്തെ വിട്ടുകളയാനോ.. വയ്യാതെ മേഘ നിസ്സഹായയായി അകലേക്ക്‌ നോക്കി നിന്നു..മഴയപ്പോ അവൾക്കു ചുറ്റും നിറഞ്ഞുപെയ്തു തുടങ്ങിയിരുന്നു...











Rate this content
Log in

Similar malayalam story from Abstract