kids corner

Drama Romance

4.1  

kids corner

Drama Romance

അർദ്ധ വിരാമം

അർദ്ധ വിരാമം

3 mins
349


അമ്പലത്തിന്റെ പടവുകളിറങ്ങി നടക്കുമ്പോളാണ് ദൂരെ അവളെ കണ്ടത് ...ദേവു... ഒരുപാടായി കണ്ടിട്ട് ... അവധിക്ക് അവള്‍ നാട്ടിലെത്തുന്ന 

സമയങ്ങളിൽ കഴിവതും നേരില്‍ കാണാതെ നോക്കാറാണ് പതിവ്-- അമ്പലത്തിലെത്തുമ്പോളൊക്കെ ചുറ്റും അവളുടെ ഓർമ്മകളാണ്. അമ്മുവിന്റെ കയ്യും പിടിച്ച് പട്ടുപാവാടായൊക്കെയിട്ട് അവളവിടെയൊക്കെ പാറിപ്പറന്നു നടക്കുന്നത്...


കാലമേറെ കഴിഞ്ഞിട്ടും ഇവിടെയെത്തുന്ന ഒരോ പട്ടുപാവാടക്കുട്ടിയിലും ദേവൂനെ തിരയുമായിരുന്നല്ലോ തന്റെ മനസ്സ്... തിരക്ക് പിടിച്ച ജീവിതത്തിന്റെ ഒരു ഓട്ടപ്പാച്ചിലിൽ പലതും മറന്നു... എങ്കിലും എല്ലാ കാലത്തും മനസില്‍ ദേവു ഉണ്ട്...


ഒരു ദീര്‍ഘ നിശ്വാസത്തോടെ അയാളോർത്തു. ചിലപ്പോഴൊക്കെ നിറയുന്ന ഏകാന്തതയും മൗനവും വല്ലാത്ത മുഷിച്ചിലാണ്... അമ്മുവും കൂടി പോയതില്‍ പിന്നെ താനും അമ്മയും മാത്രം... അങ്ങനെയിരിക്കുമ്പോൾ എവിടെയെങ്കിലും ഒരു യാത്ര പോകും... തിരിച്ച് എത്തുമ്പോൾ മനസ്സ് കുറെയൊക്കെ ശാന്തമാകും. വന്നു കേറിയാല്‍ പിന്നെ അമ്മയുടെ സ്ഥിരം പരിഭവങ്ങൾ... കൂട്ട്, കുടുംബം... ഇല്ലാത്തവന്റെ വരും വരായ്കകൾ... മനസ്സിലാകാഞ്ഞിട്ടല്ല...!! എല്ലാം ഓരോ നിയോഗം ആണ്... കഴിഞ്ഞ ജന്മങ്ങളുടെ കർമ്മഫലം...


"എന്താടോ ഉണ്ണി... സ്വപ്ന ലോകത്താണോ താൻ? ഞാന്‍ ഇവിടെ എത്തിയത് കൂടി കണ്ടിട്ടില്ലേ...?" മുന്നില്‍ ചിരിച്ച് നില്‍പ്പാണ് ദാസമ്മാമ. "ഒന്നൂല്ല ദാസമ്മാമേ... ലൈബ്രറി യിലേക്ക് വരികയായിരുന്നു... കുറെ നാളായി വിചാരിക്കുന്നു..."


ദാസമ്മാമയുടെ പതിവ് ചിരി... എല്ലാം ഉണ്ട്‌ അതില്‍... പണ്ടും ഒരു നോട്ടത്തില്‍... മൗനത്തില്‍ നിന്നൊക്കെ തന്നെ വായിച്ചറിയാന്‍ കഴിയുമായിരുന്ന ഒരാള്‍... മിണ്ടാതെ കൂടെ നടന്നു... ഒരായിരം ഓര്‍മകള്‍ പൂത്തു കിടന്ന വഴിയിലൂടെ...


ദാസമ്മാമയുടെ ലൈബ്രറി... പുസ്തകങ്ങളുടെ ഒരു വലിയ ലോകം തനിക്ക് മുന്നില്‍ തുറന്നിട്ട ദാസമ്മാമ ആയിരുന്നു... എം. മുകുന്ദനും, എം.ടി യും, മാധവിക്കുട്ടിയും, ഒ.വി വിജയനും ഒക്കെ ചേര്‍ന്ന്‌ വായന ഒരു ലഹരിയായി തീര്‍ന്ന കാലം! യഥാര്‍ത്ഥത്തിൽ ദേവുവും ലഹരി ആയിരുന്നില്ലേ തനിക്ക്? ഉണ്ണി സ്വയം ചോദിച്ചു. വായനയും അവളും തന്റെ അസ്തിത്വത്തിന്റെ രണ്ടിടങ്ങളായിരുന്നില്ലേ?? എന്നിട്ട് ഏറെ പ്രിയപ്പെട്ട ആ ഇടങ്ങളിൽ നിന്നും അവയെ ഉപേക്ഷിച്ച് തിരിഞ്ഞ് നടന്നു... ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങളുടെ ഭാണ്ഡവും പേറി, എത്തിപ്പെടാനാകാത്ത അകലങ്ങളിലേയ്ക് ഒളിച്ചോടുകയായിരുന്നു.


ദാസമ്മാമ ഏതോ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് എന്ന് തോന്നുന്നു... ശല്യപ്പെടുത്താതെ ധൃതിയില്‍ യാത്ര പറഞ്ഞ് ഇറങ്ങി. വീട്ടിലേക്ക് നടന്നു. അമ്മുവിന്റെ വീട് വരെ ഒന്നു പോകണമെന്ന് അമ്മ ഇന്നലെയും സൂചിപ്പിച്ചിരുന്നു. ഒന്നിനും വയ്യ! മനസ്സ് അനുവാദം ചോദിക്കാതെ എവിടെയൊക്കെയോ യാത്ര പോയിരിക്കുന്നു.


നല്ല മഴക്കാറുണ്ട്. കറുത്തിരുണ്ട ആകാശം വീണ്ടും ദേവൂനെ ഓര്‍മ്മിപ്പിച്ചു. പണ്ടൊക്കെ മഴ പെയ്യാന്‍ ഒരുങ്ങുമ്പോള്‍ അമ്മുവിനോടൊപ്പം വീടിന്റെ വരാന്തയിലേക്ക് ഓടി കയറുന്ന ദേവു..." ഉണ്ണി ഏട്ടന് അറിയോ എനിക്ക് ഈ വീടിന്റെ ഉമ്മറത്തിരുന്ന് മഴ കാണാനാണ് ലോകത്ത് ഏറ്റവും ഇഷ്ടം, എന്നും ഈ വീടിന്റെ ഉമ്മറത്ത് ഇരുന്നു മഴ കാണാന്‍..." അത് കണ്ട് ഉള്ള് നിറയാന്‍ ഉള്ള ഭാഗ്യം തനിക്കും ഉണ്ടായില്ല! ഹൃദയം കഴുകൻ കൊത്തി വലിച്ച് കൊണ്ട്‌ പോകുന്നു... ഉള്ളിലുള്ള സങ്കടമത്രയും രാത്രിമഴ പെയ്തു തീര്‍ത്തു. 


രാവിലെ വൈകിയാണ് ഉണര്‍ന്നത്. അടുക്കളയില്‍ അമ്മ ആരോടോ സംസാരിക്കുന്നുണ്ട്. അമ്മു ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. സ്ഥല കാല ബോധം വീണ്ടെടുത്തപ്പോൾ ഉള്ളിലൊരു കാളൽ...ദേവു!!!!!


"എന്തൊരു ഉറക്കമാണ് മാഷേ... ഞാൻ രാവിലെ ക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് അമ്മ ഉണ്ടാക്കി തന്ന കാപ്പിയും കുടിച്ചിരുപ്പാണ്... വേഗം റെഡി ആയി വാ...നമുക്ക് ഒരിടം വരെ പോകാനുണ്ട് ..." തികച്ചും സ്വാഭാവികമായുള്ള സംസാരം കേട്ട് ഒരായിരം ചിന്തകൾ മിന്നല്‍പിണർ പോലെ കടന്നു പോയെങ്കിലും "ദേവു കാപ്പി കഴിക്കൂ... ഞാനിപ്പോള്‍ വരാം" എന്ന് മാത്രം പറഞ്ഞൊപ്പിച്ചു. കുളിച്ച് കാപ്പി കുടിച്ചെന്നു വരുത്തി മുറ്റത്തേക്ക് ഇറങ്ങി. പൂക്കളോടും കിളികളോടും കിന്നാരം പറഞ്ഞു നടക്കുക ആയിരുന്നു ദേവു അപ്പോൾ... അവളെ കണ്ടതിന്റെ ആകസ്മികതയിൽ, അമ്മയും പുറകെ ഉണ്ട്... ആ കാഴ്ച കൺനിറയെ കണ്ടു താനും അവിടെ നിന്നു..


"നമുക്ക് ,ഗന്ധര്‍വ്വ ക്ഷേത്രത്തിന്റെ പിന്നിലുള്ള രണ്ട്‌ മലകള്‍ ഇല്ലേ...? അതിന്റെ പുറകില്‍,ആമ്പലും താമരയും ഒരുമിച്ച് വിടര്‍ന്നു നില്‍ക്കുന്ന കുളം... അവിടെ പോകണം, കുറച്ച് ഫോട്ടോസ് എടുക്കണം. പണ്ട്‌ എത്ര കൊതിപ്പിച്ചു എന്നെയും അമ്മുവിനേയും... വല്ലതും ഓര്‍മയുണ്ടോ??" ദേവൂ ഒന്നിന് പിന്നാലെ ഒന്നായി പറഞ്ഞു കൊണ്ടേയിരുന്നു.താന്‍ പോലും മറന്ന് പോയ കഥകൾ... കണ്ണ് നനയുന്നത് അവള്‍ കാണാണ്ടിരിക്കാൻ നന്നേ പാടുപെട്ടു. 


ഗന്ധര്‍വ്വ ക്ഷേത്രം കടന്ന്, നടവഴിയിലൂടെ കുളത്തിന്റെ കരയില്‍ എത്തി ച്ചേര്‍ന്നപ്പോള്‍ ചെന്താമര പൂവ് പോലെ വിടര്‍ന്നു ആ മുഖം! പെട്ടെന്ന് കണ്ണ് നനഞ്ഞു, സ്വരം ഇടറി... 

"നിങ്ങൾ എനിക്ക് ആരാണെന്ന് ഇപ്പോളും എനിക്കറിയില്ല... എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ സ്നേഹത്തിന് എത്ര ദളങ്ങളുണ്ടെന്ന്...? സൗഹൃദത്തിന്റെ...,വാത്സല്യത്തിന്റെ...,കരുതലിന്റെ...,ചെമ്പക പൂക്കളുടെ നിഷ്കളങ്കത പേറുന്ന സാഹോദര്യത്തിന്റെ...,പ്രണയം എന്ന് മാത്രമല്ല അതിന് പേര്‍... നിങ്ങള്‍ ഇതില്‍ എന്തൊക്കെയോ ആണ്‌ എനിക്ക്... അല്ലെങ്കില്‍ ഇതിലൊന്നും നിങ്ങളുടെ പേരില്ല!!!"


തിരികെ പോരുമ്പോൾ, കൈയിൽ കിട്ടിയ പ്രിയപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെ പോലെ, കാറിന്റെ വിന്‍ഡോയിലൂടെ, പുറം കാഴ്ച്ചകളിലകപ്പെട്ട് ദേവു... അയാളുടെ മനസ്സപ്പോൾ, അർദ്ധ വിരാമത്തിനും, പൂര്‍ണവിരാമ ത്തിനും ഇടയിലുള്ള ശൂന്യതയില്‍ ആയിരുന്നു.


Rate this content
Log in

Similar malayalam story from Drama