ഉമ
ഉമ
ഉമ ധൃതിയിൽ സാരി തേക്കുകയാണ്. ഒരു മണിക്കൂർ കഴിയുമ്പോൾ രണ്ട് സാരികൾ, മൂന്നു മുണ്ടുകൾ, ഒരു ജുബ്ബ ഇത്രയും തേച്ചു കൊടുക്കണം. ആ പൈസ കിട്ടിയിട്ട് വേണം നാളത്തേക്ക് ചില്ലറ പലചരക്ക് സാധനങ്ങൾ വാങ്ങാൻ. തുണികൾ തേക്കുന്നതിനിടയ്ക്ക് അവൾ മൊബൈലിൽ വാർത്തകൾ കേൾക്കുന്നുണ്ടായിരുന്നു.
ഒമർ ലുലു ചിത്രത്തിൽ എം ഡി എം എ യെക്കുറിച്ച് പരാമർശം. ഈ വാർത്ത കേട്ടത് മുതൽ ഉമയുടെ മനസ്സ് അസ്വസ്ഥമായി തുടങ്ങി. അവൾ അഞ്ചു വർഷങ്ങൾക്കു മുമ്പുള്ള ജീവിതത്തെക്കുറിച്ച് ചിന്തിച്ചു.
അച്ഛനും അമ്മയും ഏട്ടനും താനും ഉൾപ്പെടുന്ന കുടുംബം. അച്ഛൻ കൃഷി വകുപ്പിൽ നിന്ന് വിരമിച്ചു. അതിനുശേഷം അച്ഛന്റെ പ്രാണവായു പൊതുപ്രവർത്തനവും കൃഷിയും ആണ്. പച്ചക്കറി കൃഷി, കൂൺ കൃഷി, തേനീച്ച വളർത്തൽ ഇതെല്ലാം അച്ഛന് ഉണ്ട്. ഇടയ്ക്കൊക്കെ കൃഷി സംബന്ധമായ വിഷയങ്ങളിൽ ക്ലാസ് എടുക്കാനും സെമിനാറുകളിൽ മോഡറേറ്റർ ആകാനും അച്ഛൻ പോകാറുണ്ടായിരുന്നു. അച്ഛന്റെ എല്ലാ കാര്യങ്ങൾക്കും പ്രാർത്ഥനയും പിന്തുണയുമായി അമ്മ എപ്പോഴും കൂടെ ഉണ്ടായിരുന്നു. ശ്യാമളേ എന്ന് വിളിക്കുമ്പോഴേക്കും അമ്മ ഓടി എത്തിയിരിക്കും.അത്രയ്ക്കും ശ്രദ്ധയാണ് അമ്മയ്ക്ക്.
ഏട്ടൻ പഠനം പൂർത്തിയാക്കി വിദേശത്ത് ജോലി ചെയ്യുന്നു.
തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരുന്നു. ഡിഗ്രി നല്ല മാർക്ക് നേടി പാസായി. കോളേജിലെ റെക്കോർഡ് മാർക്ക് ആയിരുന്നു. എല്ലായിടത്തുനിന്നും അനുമോദനം സ്വീകരണം. എല്ലായിടത്തുനിന്നും കേൾക്കുന്ന മധുര വാക്കുകൾ ഹൃദയത്തെ നിറച്ചു.
തന്റെ ഇഷ്ടപ്രകാരം എൽ. എൽ. ബി യ്ക്ക് ചേർന്നു. അച്ഛനും അമ്മയും ഏട്ടനും പൂർണപിന്തുണ നൽകി കൂടെ നിന്നു. വീട്ടിൽ നിന്ന് ഒരുപാട് ദൂരെയല്ല കോളേജ്. അതുകൊണ്ട് തന്നെ ദിവസവും പോയി വരാം. റാഗിങ്ങിന്റെ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം നല്ലതായിരുന്നു.
രണ്ടാഴ്ച കൊണ്ട് അതിനൊക്കെ മാറ്റം വന്നിരുന്നു. അപ്പോഴേക്കും പഠനത്തിന്റെ തിരക്കുകൾ കൂടി വന്നു. ലൈബ്രറിയിൽ ഏറെ നേരം ചെലവഴിക്കുന്ന കാലമായിരുന്നു അത്.
അവിടെവെച്ച് മിക്കവാറും കാണുന്ന ഒരു മുഖം തന്റെ മനസ്സിൽ ഉടക്കിയത് പിന്നീടാണ് അവൾ തിരിച്ചറിഞ്ഞത്. അത് ആരാണെന്ന് അറിയില്ല.പേര് അറിയില്ല.ഒരു കാര്യം മാത്രം അറിയാമായിരുന്നു. ആ മുഖം തന്റെ മനസ്സിൽ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
പിന്നീട് അവൾ തിരിച്ചറിഞ്ഞു. ആ മുഖത്തിന്റെ ഉടമ ലൈബ്രറിയിലെ മാഡത്തിന്റെ മകൻ ആണ്. പേര് രാജ്. അവധി ദിവസങ്ങളിലും നോട്ട്സ് തയ്യാറാക്കാൻ വേണ്ടി ലൈബ്രറിയിൽ പോകണമായിരുന്നു. അപ്പോഴെല്ലാം ആ മുഖം കാണുമായിരുന്നു.
അധികം വൈകാതെ ആ കണ്ടുമുട്ടൽ പ്രണയത്തിൽ കലാശിച്ചു. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നത് കൊണ
്ട് തന്നെ ആരും ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞില്ല. പക്ഷേ ജീവിതത്തിൽ ആദ്യമായി ഒരു വിഷയത്തിന് പരാജയപ്പെട്ടു. അപ്പോഴും അച്ഛനും അമ്മയും എന്നെ കുറ്റപ്പെടുത്തിയില്ല. ഇനിയും പരീക്ഷകൾ ഉണ്ടല്ലോ എന്ന് പറഞ്ഞ് അവർ ആശ്വസിപ്പിച്ചു.
രാജ് പറഞ്ഞു ഈ വിഷമം മാറാൻ പുറത്തുപോകാം എന്ന്. ഞങ്ങൾ പല സ്ഥലങ്ങളിൽ പോയി.ഒടുവിൽ മ്യൂസിയത്തിൽ എത്തി. അപ്പോഴേക്കും പോലീസ് ഞങ്ങളെ വളഞ്ഞു. എന്താണ് നടക്കുന്നതെന്നു മനസ്സിലാക്കാൻ കുറച്ച് സമയം വേണ്ടിവന്നു. തന്റെ ബാഗിൽ നിന്ന് എം ഡി എം എ കണ്ടെത്തിയിരിക്കുന്നു. രാജ് ഒരു ക്യാരിയർ ആയിരുന്നു. അവൻ തന്റെ ബാഗിൽ ഒളിപ്പിച്ച് വെച്ചതായിരുന്നു. പോലീസ് തങ്ങളെ കുറച്ച് ദിവസമായി നിരീക്ഷിച്ച് വരിക ആയിരുന്നു.
അറസ്റ്റ് വിവരം നാടെങ്ങും പരന്നു. കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു.അച്ഛൻ ഹൃദയം പൊട്ടി മരിച്ചു. ശ്യാമളേ എന്ന് വിളിക്കാൻ ഇനി ആ ശബ്ദം ഇല്ലല്ലോ എന്ന തിരിച്ചറിവിൽ അമ്മ ഭ്രാന്തി ആയിപ്പോയി. പിന്നീട് ഒരിക്കൽപോലും ഏട്ടനോട് സംസാരിച്ചിട്ടില്ല.
രാജിന് കോടതി ശിക്ഷ വിധിച്ചു.തന്നെ വെറുതെ വിട്ടു. പക്ഷേ കോടതി വിധിക്കുന്ന ശിക്ഷയേക്കാൾ കൂടുതൽ അനുഭവിച്ച് കഴിഞ്ഞു.
ഉമേ...ഉമേ...ഈ വിളി കേട്ട് ഉമ തന്റെ പുനർജന്മത്തിലേക്ക് തിരിച്ചുവന്നു. ഇത് തനിക്ക് പുനർജന്മം തന്നെ. അവൾ ഓർത്തു. ഉമേ തുണി എല്ലാം തേച്ചോ? വത്സല ചേച്ചിയുടെ ചോദ്യം കേട്ട് എന്തു പറയണം എന്നറിയാതെ ഉമ നിന്നു. സ്ഥലകാലബോധം വീണ്ടെടുത്ത് അവൾ പറഞ്ഞു. ഒരു സാരിയെ തേച്ചുള്ളൂ. ബാക്കി നാളെ തരാം. സാരിയും വാങ്ങിച്ചു വത്സല ചേച്ചി ഇറങ്ങാൻ തുടങ്ങവേ പ്രസന്നൻ സാർ ആ വഴി വന്നു.അദ്ദേഹം മുൻ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്നു.ഇപ്പോൾ സുഭദ്ര പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ രക്ഷാധികാരിയായി പ്രവർത്തിച്ച് വരുന്നു.
ഉമേ... നാളെ രണ്ടു മുപ്പതിന് നമുക്ക് യോഗം ഉണ്ട്. നിർബന്ധമായിട്ടും എത്തണം. പ്രസന്നൻ സാർ പറഞ്ഞു. നീ കൃത്യസമയത്ത് തന്നെ എത്തും എന്നറിയാം. പ്രസന്നൻ സാർ കൂട്ടിച്ചേർത്തു. സുമതി വല്യമ്മയെ നാളെ പോയി കുളിപ്പിക്കുന്ന കാര്യം സാർ ഉമയെ ഓർമ്മിപ്പിച്ചു .
ഉമ പറഞ്ഞു രാവിലെ തന്നെ പോകാം. ഉമേ അവർ തരുന്ന പണം നീ വാങ്ങണം. അത് നിനക്ക് അർഹതപ്പെട്ടതാണ്. ആരുടെയും ഔദാര്യം അല്ല. പ്രസന്നൻ സാർ സ്നേഹപൂർവ്വം ഉമയെ ഉപദേശിച്ചു.
സാർ മടങ്ങി കഴിഞ്ഞു ഉമയുടെ സമീപം എത്തിയ വത്സല ചേച്ചി ചോദിച്ചു നിനക്ക് വട്ടുണ്ടോ? ചെറിയ പിള്ളേരെ പൈസ വാങ്ങാതെ വെറുതെ പഠിപ്പിക്കുന്നു. പ്രസന്നൻ സാർ പറഞ്ഞപോലെ അർഹതപ്പെട്ട പൈസയും വാങ്ങുന്നില്ല. ഏതോ നാട്ടിൽ നിന്ന് വന്ന നിനക്ക് ഇതിന്റെ ആവശ്യം ഉണ്ടോ?
ഉമ്മ മറുപടി പറഞ്ഞില്ല. "തന്നെക്കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടാകുന്നു എങ്കിൽ ഉണ്ടാകട്ടെ "അവൾ മനസ്സിൽ ഓർത്തു.