നൈതികപ്രശ്നങ്ങൾ നിറഞ്ഞഒരു മരണം
നൈതികപ്രശ്നങ്ങൾ നിറഞ്ഞഒരു മരണം


ഞാൻ എന്റെ മരണാസന്നനായ അമ്മാവനെ കാണാൻ ചെല്ലുമ്പോൾ അവിടെ കതകിന് പിന്നിലായ് ഒരു മാലാഖ, ഇമയനക്കാതെ അമ്മാവനെത്തന്നെ നോക്കി നിൽക്കുന്നുണ്ടായായിരുന്നു. മാലാഖയുടെ സാന്നിധ്യം എന്നെ അതിശയിപ്പിച്ചു. കാരണം എന്റെ അമ്മാവൻ ദൈവവിശ്വാസിയോ, മനുഷ്യസ്നേഹിയോ, മറ്റുള്ളവരോട് സൗമനസ്യത്തോടെ ഇടപെടുന്ന ആൾ പോലുമോ ആയിരുന്നില്ല . പോരാത്തതിന് നല്ലവർ എന്ന് എനിക്കു വിശ്വാസമുള്ള ചിലരുമായി അമ്മാവൻ വഴക്ക് ഉണ്ടാക്കുകയും അവരിൽ ചിലർക്കെതിരെ അന്യായമായി കേസുകൊടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മാലാഖയെ അവിടെ കണ്ടപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായി: ഭൂമിയിലെ ജീവിതത്തിന്റെ നന്മതിന്മകളുമായി തുലനം ചെയ്തല്ല സ്വർഗത്തിലെ കണക്കുകൂട്ടലുകൾ നടപ്പിലാക്കുന്നത് എന്നത്.
ആ മാലാഖ ആണാണോ പെണ്ണാണോ എന്ന് എനിക്ക് തീർച്ചപ്പെടുത്താൻ ആയില്ല, പക്ഷെ ആ നിമിഷങ്ങൾ പറഞ്ഞറിയിക്കാനാകാത്ത വിധം അവിസ്‌മരണീയമായിരുന്നു. ഞാൻ ആ സ്വർഗീയ സൃഷ്ടിയ
െ സംഭാഷണത്തിൽ ഏർപ്പെടുത്താൻ ആവതു ശ്രമിച്ചു, പക്ഷെ മാലാഖയാകട്ടെ എന്നെ പാടേ അവഗണിച്ച് മരണത്തിന്റെ നിമിഷങ്ങൾ എണ്ണിനിന്നു.
എനിക്ക് പരിചയം ഉള്ള രണ്ടുപേർ വന്ന് അമ്മാവന്റെ അരികിൽ കുറച്ചുനേരം നിന്ന് ധൃതിയിൽ മടങ്ങി. അവരുടെ മുഖങ്ങളിൽ നിഗൂഢമായ ആനന്ദം നിറഞ്ഞു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. വന്നവർ മാലാഖയെ ശ്രദ്ധിച്ചതേയില്ല. ശാന്തത നിറഞ്ഞ മാലാഖയുടെ മുഖത്ത് അമ്മാവനെ നോക്കി നിൽക്കുമ്പോൾ ആദരവ് ഓളം വെട്ടുന്നതു കണ്ടു ഞാൻ പിന്നെയും വിസ്മയിച്ചു.
അവസാനം മാലാഖ നിന്ന നിൽപ്പിൽ ഒന്ന് ഇളകി, എന്തോ പറഞ്ഞു. അതിന്റെ സംഗീതാത്മകത എനിക്കു താങ്ങാനായില്ല. ഞാൻ മൂർഛിച്ചു കാണണം. പിന്നീട് എപ്പൊഴോ സ്വബോധം തിരികെ ലഭിച്ചപ്പൊഴും ഞാൻ ആനന്ദത്തിലായിരുന്നു. മാലാഖ അവിടെ ഉണ്ടായിരുന്നില്ല എന്നു ഞാൻ കണ്ടു. അവ്യക്തമായ ഒരു മന്ദഹാസം അതിനകം ജഡമായി ക്കഴിഞ്ഞ അമ്മാവന്റെ ചുണ്ടിൽ തങ്ങി നിന്നിരുന്നു.