Rahul Sankunni

Drama

4.3  

Rahul Sankunni

Drama

ബന്ധു

ബന്ധു

4 mins
12.1K


                                                                      


 'കെ.വി.കുര്യൻ ,സുബേദാർ മേജർ (റിട്ടയെർഡ്)' എന്ന ഫലകം പതിച്ച ഗേറ്റിനു മുൻപിൽ മൂന്ന് ചെറുപ്പക്കാർ പാഞ്ഞെത്തി ഒച്ചയുണ്ടാക്കിയത് വൃശ്ചിക മാസത്തിലെ ഒരു പാതിരാവിലാണ്.ജനാല തുറന്ന കുര്യന്റെ ഭാര്യ സാറാമ്മയോട് വേഗം വിവരം പറഞ്ഞ് ചെറുപ്പക്കാർ തിരികെ പോയി. സാറാമ്മ ഒന്നു തരിച്ചു നിന്ന ശേഷം തറയിൽ തളർന്നു വീണു.ഇളയ മകൾ മിനിക്കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു .മൂത്ത മകൾ ഷീബ അച്ഛന്റെ മുറിയിലേക്ക് അലമുറയിട്ടുകൊണ്ട് ഓടി. കുട്ടിയുടെ നിലവിളി കേട്ട് ചിന്നംവിളി പോലെയുള്ള കൂർക്കംവലി നിലച്ചു.കുര്യൻ എഴുന്നേറ്റിരുന്നു.അത്യാഹിതം മനസ്സിലായിട്ടും കുറച്ചു സമയം കട്ടിലിൽ തന്നെയിരുന്നു.പിന്നീട് മുരടൻ ശബ്ദത്തിൽ മകളോട് പുറത്തു പോകാൻ സൂചന നൽകി.പുതപ്പിനുള്ളിൽ നിന്നും ലുങ്കി നേരേയുടുത്ത് കൈനീട്ടി കട്ടിലിൽ കിടന്ന പച്ച ടീഷർട്ട്‌ എടുത്തു ധരിച്ചു.സിഗറെറ്റും തീപ്പെട്ടിയും പോക്കറ്റിലിട്ടു.ഫോണ്‍ എടുത്ത് എവിടേക്കോ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചുസംസാരിച്ചു.ടോർച്ചും ബുള്ളറ്റിന്റെ ചാവിയുമെടുത്തു.ഗേറ്റു തുറന്ന് ബൈക്കിൽ ഇരുളിനെ ഭേദിച്ച് പുറപ്പെടുകയും ചെയ്തു.     

         

അമാവാസിയുടെ ഭീകരത . മഞ്ഞ് വീഴുന്നുണ്ട്‌.തുളച്ചു കയറുന്ന തണുപ്പും.ചെമ്മണ്ണ് പാത പിരിയുന്ന സ്ഥലമെത്തിയപ്പോൾ ആൾക്കൂട്ടം കാണാൻ കഴിഞ്ഞു.കുര്യന്റെ ബൈക്ക് കണ്ടതും ചെറുപ്പക്കാർ ഓടി വന്നു.                           

  "കിണറ്റിൽ നല്ല ചെളിയുണ്ട്.പടിയൊക്കെ അടർന്നിട്ടുമുണ്ട്.രാഘവനും തമ്പാനും ഇറങ്ങാൻ പേടിയാണെന്നു പറയുന്നു.ഫയർ സ്റ്റെഷനിൽ വിളിച്ചാലോ?" 

"ഞാൻ വിളിച്ചു.അവരുടനെയെത്തും." കുര്യൻ പറഞ്ഞു .

 "എപ്പോഴാ സംഭവിച്ചത്?", കുര്യൻ തിരക്കി.

"പതിനൊന്നു മണി കഴിഞ്ഞുകാണും.പട്ടിയുടെ കുര കാരണം മോനച്ചൻ ഇറങ്ങി നോക്കി.സഖാവിന്റെ പട്ടിയാണെന്നു കണ്ട് ചെന്നപ്പോ കിണറ്റീന്ന്‌ സഖാവിന്റെ നിലവിളീം കേട്ടു." 

"ആപത്തൊന്നുമില്ലല്ലോ?" .

"ഇതുവരെ ഇല്ല . അരക്കൊപ്പം വെള്ളമേയുള്ളു ,പക്ഷെ ആളെ എങ്ങനെ പുറത്തു കൊണ്ടുവരും? പൂസാ. കള്ളിൻറെ മണം കിണറിന്റെ മുകളിൽ വരെയുണ്ട് .അച്ചായൻ കേക്കുന്നില്ലേ പൂരപ്പാട്ട്?"

 കുര്യൻ കേൾക്കുന്നുണ്ടായിരുന്നു,കിണറിനുള്ളിൽ നിന്ന് പോന്തിവന്നുകൊണ്ടിരുന്ന സൂക്തങ്ങൾ :"വീഎസ്സ് മതികെട്ടാനീ മിനിയാന്ന് പോയത് അറിയണ്ട,കേന്ദ്രത്തിലെ പൊതുമിനിമം പരിപാടിയെ കുറിച്ച് കേൾക്കണ്ട, സാർവ്വദേശീയപ്രശ്നങ്ങളൊന്നും അന്വേഷിക്കേ വേണ്ട . പനംകുറ്റിയിലെ സാംകുട്ടി കിണറ്റിൽ കിടക്കുന്നത് കണ്ടാൽ മാത്രം മതി",കിണറ്റിലേക്ക് വിഹ്വലതയോടെ നോക്കുന്ന സ്ത്രീകളെ ഭർസിക്കുകയാണ്. കുര്യൻ കിണറു നിരീക്ഷിച്ചു.ഭൂതത്തെ പോലെ വായ്‌ തുറന്നുകിടക്കുകയാണ് കിണറ്,അരികുകൾ ഇടിഞ്ഞു തുടങ്ങിയിരിക്കുന്നു. ആരോ പെട്രോമാക്സ് കത്തിച്ചു വച്ചിട്ടുണ്ട്.  സാംകുട്ടിയുടെ പട്ടി വേവലാതിയോടെ കിണറ്റിലേക്ക് നോക്കി മോങ്ങുന്നു.


കുര്യന്റെ ശിരസ്സ് കിണറിനു മുകളിൽ കണ്ടതോടെ സാംകുട്ടി ആവലാതികൾ അവതരിപ്പിക്കാൻ തുടങ്ങി .

"രക്ഷിക്ക് അളിയോ.തണുപ്പ് സഹിക്കുന്നില്ല.ഹോ! "

"നീ വിഷമിക്കാതിരി സാമേ .ഫയർ ഫോഴ്സുകാര് ഉടനെ എത്തും."

"എങ്കിൽ അളിയൻ ആ അലവലാതികളെയൊക്കെ അങ്ങ് പറഞ്ഞു വിട്.നമ്മുടെ വീട്ടുകാരുടെ വീഴ്ച്ചയാ എല്ലാവനും കാണേണ്ടത്."

കുര്യൻ തിരിഞ്ഞ് എല്ലാവരോടുമായി പറഞ്ഞു ,"എല്ലാരും പൊയ്ക്കോള്ളൂ .ഫയർഫോഴ്സുകാര് ഇപ്പോ 

എത്തും .അവന് ആളുകൂടി നിൽക്കുന്നതിൽ പ്രയാസമുണ്ട്.ധൈര്യമായി പൊയ്ക്കോ.ഞാനില്ലേ ഇവിടെ ?"


കാര്യമായ വിയോജിപ്പ് വന്നില്ല .കൊടും തണുപ്പാണ് കാരണമെന്ന് കുര്യന് മനസ്സിലായി.ഒന്നുരണ്ടു പേർ മടിച്ചു നിന്നു.കുര്യൻ അവരെ സമാധാനിപ്പിച്ചു .ഏലിയാമ്മ മുത്തശ്ശിയുടെ നേതൃത്വത്തിൽ വേഗം ഒരു ലഘു പ്രാർത്ഥന നടന്നു.ആളുകൾ വീടുകളിലേക്ക് മടങ്ങി.

"അളിയാ,കുളിരെടുത്തിട്ടു വയ്യ."

"ഇപ്പം അവരിങ്ങെത്തുമെടാ."

യഥാർത്ഥത്തിൽ കുര്യൻ ഫയർ ഫോഴ്സിനെ കുറിച്ചു പറഞ്ഞത് അർത്ഥ സത്യം മാത്രമായിരുന്നു .വിളിച്ചു എന്നത് സത്യവും അവർ തിരിച്ചിട്ടുണ്ടെന്നത് അസത്യവും.ഉറക്കച്ചടവോടെ ഫോണെടുത്ത ഫയർഫോഴ്സുകാരനോട് കുര്യൻ പറഞ്ഞത് ഇങ്ങനെ :"നാട്ടുകാർ ശ്രമിക്കുന്നുണ്ട്.ബുദ്ധിമുട്ടുണ്ടെങ്കിൽ വീണ്ടും വിളിക്കാം."

കുര്യൻ ഒരു തിട്ടയിലേക്ക് കയറിയിരുന്ന് സിഗരറ്റ് കത്തിച്ചു. സാമിന്റെ  നായ രോദനം നിറുത്തി ദൂരെ പോയി മൂത്രമൊഴിച്ചു.എന്നിട്ട് കുര്യന്റെ അടുത്തേക്ക് നടന്നു വന്ന് അയാളുടെ പാദങ്ങൾക്കിടയിൽ തലവച്ച് ഉരുമ്മാൻ തുടങ്ങി.

കുറച്ചു കശപിശയൊക്കെ ഉണ്ടാകും.മനപൂർവം എല്ലാവരെയും സ്ഥലത്ത് നിന്നും മാറ്റി എന്നൊക്കെ പറയും.പറയട്ടെ ! നിശ്ചയദാർഡ്യം കുര്യൻറെ മുഖപേശികളെ മുറുക്കി.

 

"അളിയാ മിനിമോളും ഷീബമോളും അറിഞ്ഞോ ഞാൻ വീണത്‌ ?"

കുര്യൻ കിണറിനെ വീണ്ടും സമീപിച്ചു .ശബ്ദം അൽപം ദുർബ്ബലമായിട്ടുണ്ടോ?

"പിള്ളേരു കിടന്നു കരയുവാടാ.നീ എന്ത് പണിയാ കാണിച്ചത് !"

"വയ്യ അളിയാ.അവമ്മാരു വരുന്ന വരെ അളിയൻ എങ്ങും പോവല്ലേ ."

ക്ഷീണിച്ചിട്ടുണ്ട്. ഫയർഫോഴ്സുകാരെ വിളിക്കാം . അവരെത്തുമ്പോഴേക്കും എല്ലാം ഭദ്രമായിരിക്കണം. അല്ലെങ്കിൽ കുറെ കഴിയട്ടെ.ഒരോർമ്മ കുര്യന്റെ മനസ്സിലേക്ക് കടന്നു വന്നു.നാല് മാസങ്ങൾക്ക് മുമ്പ് ഉള്ള നഷ്ടത്തിൻറ്റെയും അപമാനത്തിൻറ്റെയും ഒരോർമ്മ.ക്വോട്ട മേടിച്ചു കൊണ്ട് ടൌണിലെത്തുമ്പോൾ ഏറെ ഇരുട്ടിയിരുന്നു . ഓടയ്ക്ക്‌ ചുറ്റും ആള് കൂടി നില്ക്കുന്നത് കണ്ട് പോയി നോക്കി .ഓടയിൽ കിടക്കുന്ന ശവം നോക്കി നില്ക്കുന്ന ആളുകൾ.പൊക്കി എടുത്ത് ആംബുലൻസിൽ ഇവനുമായി വരുമ്പോൾ അന്ന് കുറച്ച് നീറ്റൽ ഒക്കെ തോന്നിയിരുന്നു. വീടിനു മുമ്പിൽ എത്തിയപ്പോൾ ഇവൻ ബൈബിളിലെ ലാസറിനെപ്പോലെ എഴുന്നേറ്റ് മിഴിച്ചു നിന്നു .ആശ്വാസത്തിനുപരി അപമാനവും അമർഷവും ....കൂക്കുവിളികൾ,പൊട്ടിച്ചിരികൾ....കിടക്കട്ടെ ,കുറേകൂടി കിടക്കട്ടെ . പോരാത്തതിനു കഴിഞ്ഞയാഴ്ചയാണല്ലോ പുതിയ പ്രഖ്യാപനം വന്നത്.അവന്റെ ഓഹരി കാലശേഷം രണ്ട് തേവിടിശ്ശികൾക്കാണെന്ന്! കുംഭമാസത്തിൽ വില്പത്രമെഴുതുമെന്ന്! കിടക്കട്ടെ ,അൽപം കൂടി കിടക്കട്ടെ.


പെട്രോമാക്സിന്റെ വെളിച്ചം കുറഞ്ഞുതുടങ്ങി.ഇരുളിൽ എന്തോ ഒച്ചകേട്ട നായ പാഞ്ഞുപോയി മറഞ്ഞു .കുര്യന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി.അയാൾ കിണറിനടുത്തേക്കു നീങ്ങി. "സാമേ ", അയാൾ പതിയെ വിളിച്ചു.സാം വിളികേട്ടില്ല.ഭീതി അയാളെ ഗ്രഹിച്ചു.താൻ വൈകിപ്പോയിരിക്കുന്നു ! 'ഡെത്ത് ബൈ നെഗ്ലിജെൻസ് '....'ഇൻറ്റെൻഷണൽ ഹോമിസൈഡ്' ......ഏതായിരിക്കും !


കിണറ്റിൽ നിന്നും ഒരു ഞരക്കം പൊന്തിവന്നു .കുര്യന് പ്രാണൻ നേരെ വീണു.ഇനി ഒട്ടും വൈകിക്കൂടാ .ബുള്ളെറ്റ് എടുത്ത് നിവർത്തിയപ്പോൾ പാതയിൽ അന്ധകാരത്തിന് കനം വയ്ക്കുന്ന പോലെ കുര്യന് തോന്നി.ഇരുട്ട് ചലിക്കുന്ന പോലെ. ഒപ്പം ചങ്ങലയുടെ ശബ്ദവും .ടോർച്ച് അടിച്ചു നോക്കി .ഒരു ആന വരികയാണ്. കുര്യൻ ബൈക്കിൽ നിന്നും ഇറങ്ങി മാറിനിന്നു.


ആന അടുത്തെത്തി ."നിൽക്കാനേ !"

ആനക്കാരൻ ആജ്ഞാപിച്ചു .സൌന്ദർരാജന്റെ ഒരു തമിഴ് പാട്ട് പാടിക്കൊണ്ട് ആനക്കാരൻ ആനയുടെ മുട്ടിൽ ചവിട്ടി ചാടിയിറങ്ങി. "ഒരു മനുഷ്യജീവിയെ കണ്ടതിന്റെ സന്തോഷം കൊണ്ട് ഇറങ്ങിയതാ.ആ ടോർച്ച്‌ ഒന്ന് അടിച്ചേ ".കുര്യൻ ടോർച്ച് പ്രകാശിപ്പിച്ചു .ആനക്കാരൻ ആനയെ പാതയുടെ വശത്തേക്ക് നയിച്ചു."കിണറ് വാ തുറന്നു കിടക്കുകയാണല്ലോ",അയാൾ കിണറിനടുത്തുള്ള ഒരു പാറക്കല്ലിലിരുന്നു.

"ഇവിടെ നമ്മുടെ ആൾക്കാരാ കൂടുതൽ അല്ലേ ?"

ചോദ്യം മനസ്സിലായെങ്കിലും കുര്യൻ പ്രതികരിച്ചില്ല.പാർട്ടിക്കാരാണ് 'നമ്മുടെ ആൾക്കാർ'.പാപ്പാൻ‌ കിണറിനടുത്തിരിക്കുന്നത് ആപത്താണ്.പറഞ്ഞു വിടണം.


"വീഎസ്സ് മതികെട്ടാൻ ഉഷാറാക്കും അല്ലേ?",പാപ്പാൻ ഒരു ബീഡി കത്തിച്ചു .

എങ്ങനെ ഒഴിവാക്കും?ബീഡി വലിച്ചു കഴിഞ്ഞു പോയേക്കും.മിണ്ടാതെ നിൽക്കാം. ഇരുളിൽ നിന്നും നായ തിരികെ വന്നു.ആനയെ കണ്ട് ഒന്ന് പകച്ച ശേഷം കിണറിലേക്കുനോക്കി മോങ്ങി. കുര്യൻ വിരൽ ഞെരുക്കി ശബ്ദമുണ്ടാക്കി വിളിച്ചു ,"ടിപ്പു".

നായ കുര്യനെ സമീപിച്ചു ഹതാശനായി നിന്നു.


"ഏ ക്കേ ജിക്കു ശേഷം നമുക്കൊരുശിരൻ സഖാവിനെ കിട്ടിയതിപ്പഴാ അല്ല്യോ?"

ഒരു പുക കൂടി വലിച്ചിട്ട് ,"ഈ എമ്മസ്സിനും മുകളിലാ വീയെസ്സ്"

കിണറിനുള്ളിൽ നിന്നും ഒരു അലർച്ച ഉയർന്നു,"രാഷ്ട്രീയം അറിയണമെടാ പുല്ലേ".

പാപ്പാൻ‌ പിടഞ്ഞെണീറ്റു.പെട്രോമാക്സിന്റെ വെട്ടം കിണറിലേക്കു ചരിച്ചു. തിരിഞ്ഞ് കുര്യനെ നോക്കി പകച്ചു നിന്നു.

"ഫയർ ഫോഴ്സുകാരെ വിളിച്ചിട്ടുണ്ട്.അവരിപ്പം വരും. ",കുര്യൻ മൊഴിഞ്ഞു .

"വേണ്ട.ഇത് നമുക്ക് ചെയ്യാം.നിങ്ങൾ സഹായിക്കണം."

വേണ്ടിവന്നില്ല.മിന്നൽ വേഗത്തിലാണ് പാപ്പാനും ആനയും ചേർന്ന് സാമിനെ മുകളിലെത്തിച്ചത്.ആനയുടെ മുകളിൽ കിടന്ന വടത്തിൽ പാപ്പാൻ‌ ഊർന്നു താഴെയിറങ്ങി .ആദ്യം സ്വയം ചുറ്റി ,പിന്നെ സാമിനെയും .ആന തുമ്പിക്കൈയും കൊമ്പും കാലും പ്രവർത്തിപ്പിച്ച് ഇരുവരെയും മുകളിലുമെത്തിച്ചു. സാം പിറുപിറുക്കുന്നുണ്ടായിരുന്നു .ആനക്കാരൻ നിശ്ശബ്ദനായിരുന്നു. ഇടയ്ക്കിടെ കുര്യനെ ചുഴിഞ്ഞു നോക്കി.കുര്യൻ കുശലം ചോദിച്ചു,"എവിടെ പോകുവാ".മറുപടി പറയാതെ ആനക്കാരൻ കുര്യനെ മിഴിച്ചു നോക്കിനിന്നു.കുര്യൻ  ഒരു രണ്ടാംകിട അടവിറക്കി :"എനിക്ക് നിങ്ങളോടാണ് യോജിപ്പ്."ആനക്കാരൻ ചോദ്യരൂപേണ നോക്കി.കുര്യൻ തുടർന്നു ."വീഎസ്സിനെ പോലൊരു സഖാവ് ഉണ്ടായിട്ടില്ല." ആനക്കാരന്റെ മുഖം തെളിഞ്ഞു."സഖാവ് നേരം കളയാതെ ഇയാളെ രക്ഷിക്ക്."


ആശുപത്രിയിൽ സാമിനെ കാണാൻ വന്ന ആരെയും കുര്യൻ അടുപ്പിച്ചില്ല.ഏലിയാമ്മ മുത്തശ്ശി കുര്യനെ ന്യായീകരിച്ചു:"അവനു ദെണ്ണം കാണാതിരിക്കുമോ?പോവാൻ പറഞ്ഞപ്പം എല്ലാരും അങ്ങു പോയി .ഫയർ പോലീസുകാര് വന്നില്ല.അവൻ പിന്നെ എവിടെയോ പോയി ഒരാനേം ആനക്കാരനേം കൊണ്ടുവന്ന് സാമിനെ രക്ഷപ്പെടുത്തി."

---------------------------------------------------------------------

                                                          


  Rate this content
Log in

Similar malayalam story from Drama