Rahul Sankunni

Comedy

4  

Rahul Sankunni

Comedy

അത്രമാത്രം

അത്രമാത്രം

2 mins
467



മുള്ളുവേലി കെട്ടാനുള്ള പണിക്കു ചെന്നപ്പോഴാണ് രാജൻ സുമതിയെ കണ്ടത്. പണിക്കിടയിൽ സുമതിയെ സദാചാരത്തിന്റെ വേലിചാടിക്കാൻ രാജൻ ഒന്നിലധികം തവണ നോക്കിയെങ്കിലും നടന്നില്ല. അവളുടെ സ്വഭാവദൃഢതയിൽ മതിപ്പു തോന്നിയതോടെ അവളെയങ്ങു കെട്ടാൻ ഉറപ്പിച്ചു. സുമതിയുടെ മുത്തശ്ശിയാണ് വേലി കെട്ടുന്നതിന് ആളെ അന്വേഷിച്ചത്. നാട്ടിൽ ആളില്ലാത്തതു കൊണ്ടാണ് പുനലൂരു നിന്നു രാജൻ എത്തേണ്ടി വന്നത്.


സുമതിയെ പെണ്ണു ചോദിക്കുന്നതിനു മുൻപ് രാജൻ വീടും പറമ്പും നന്നായി നോക്കി. വീടു കൊള്ളില്ല. അതു പൊളിച്ചു പണിയണം. പുറത്തു നിർത്തിയിരിക്കുന്ന മറപ്പുര ഒറ്റത്തട്ടിനു കളഞ്ഞു നല്ലൊരു കക്കൂസ് കെട്ടണം.


" നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ?" രാജൻ പെണ്ണു ചോദിച്ചപ്പോൾ വൃദ്ധ തിരികെ ചോദിച്ചു.


" ഇപ്പോ ആരുമില്ല, ഞാൻ മാത്രമേ ഉള്ളു."

ഓർമ്മയായ കാലം മുതൽ അങ്ങനെയാണെന്ന് അയാൾ പറഞ്ഞില്ല.


" നായരാണോ?"


“അതേ," അയാൾ കള്ളം പറഞ്ഞു.

ഏതാണു ജാതിയെന്ന് അയാൾക്ക് നിശ്ചയമില്ല. പക്ഷേ അതു പറഞ്ഞ് പറമ്പിൽ പൂച്ചെടികൾക്കു നടുവിൽ പൊട്ടിത്തെറിച്ചു നില്ക്കുന്ന സുമതിയെ നഷ്ടപ്പെടുത്തുന്നത് എന്തിന്?


" അയാളെ വേണ്ട. പെഴയാ. തിന്നുന്ന പോലെയാ നോക്കുന്നെ," രാജൻ പോയിക്കഴിഞ്ഞപ്പോൾ സുമതി മുത്തശ്ശിയോടു പറഞ്ഞു.


" ആണുങ്ങൾ അങ്ങനെയാ," മുത്തശ്ശി സമാധാനിപ്പിച്ചു.


ഒരാഴ്ചക്കുള്ളിൽ സുമതിയുടെയും രാജന്റെയും കെട്ടു തീരുമാനമായി.

രാജന്റെ ഭാഗത്തു നിന്ന് കെട്ടിനു വന്നത് നാലു കൂട്ടുകാർ മാത്രം ആയിരുന്നു. അവർ കെട്ട് കഴിഞ്ഞപ്പോൾ നാട്ടിലാകെ ചുറ്റി നടന്നു കണ്ടു. ഒടുവിൽ സ്ഥലത്തെ ഷാപ്പിൽ കയറി.


" നല്ല ഷാപ്പ്. രാജനു ഭാഗ്യമുണ്ട്," കല്യാണ സ്ഥലത്തേക്കു മടങ്ങുമ്പോൾ അവർ ഒരുപോലെ ചിന്തിച്ചു.

അവർ തിരികെ കല്യാണസ്ഥലത്ത് എത്തിയപ്പോൾ അവിടെ നവദമ്പതിമാരും മുത്തശ്ശിയും മാത്രം ആയിരുന്നു. കയ്യിൽ കരുതിയിരുന്ന സഞ്ചി രാജനെ ഏൽപ്പിച്ച് കൂട്ടുകാർ മടങ്ങി.

അൽപ സമയം കഴിഞ്ഞ് മുത്തശ്ശി ചോദിച്ചു:

" യാത്ര എപ്പോഴാണ്?"


രാജനും അതുതന്നെ ആലോചിക്കുകയായിരുന്നു. എപ്പോഴാണ് സുമതിയുടെ വീട്ടിലേക്കു പോകുക?


“ പോകുന്നില്ല, അവിടം ഞാൻ ഒഴിഞ്ഞു" അയാൾ പറഞ്ഞു.


മൂവരും ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തി രാജൻ ദേഹം കഴുകാൻ പോയപ്പോൾ സുമതി അയാളുടെ കൂട്ടുകാർ ഏൽപ്പിച്ച സഞ്ചി തുറന്നു. രണ്ടു ഷർട്ട്, ഒരു മുണ്ട്, ഒരു ലുങ്കി, ഏതാനും അടിവസ്ത്രങ്ങൾ അത്രമാത്രം. ഒരായുസ്സിന്റെ സമ്പാദ്യം! അവൾക്കു ചിരിവന്നു.

നോക്കിക്കൊണ്ടു നിന്ന മുത്തശ്ശി സമാധാനിച്ചു:

" സാരമില്ല നായരല്ലെ, പോരാത്തതിന് ആരോഗ്യമുള്ള പണിക്കാരനും."


അതു കേട്ട് സുമതി പിന്നെയും ചിരിച്ചു. 

രാജൻ മടങ്ങി എത്തിയപ്പോൾ അവൾ അയാളെ തറപ്പിച്ചുനോക്കി പറഞ്ഞു:

" നിങ്ങള് സ്വജാതിയാണ് എന്നതു മാത്രമാണ് മുത്തശ്ശിയുടെ സമാധാനം. ഇനി അങ്ങനെയല്ലെങ്കിലും പറയാനൊന്നും നിൽക്കണ്ട. കേട്ടോ?”


അവളുടെ ‘കേട്ടോ’ എന്ന പറച്ചിലിന് പരിചിതമല്ലാത്ത ഒരു മുഴക്കം ഉണ്ടെന്നു രാജനു തോന്നി.

 ദുർബ്ബലമായ ഒരു തലയാട്ടലോടെ അയാൾ എന്നെന്നേക്കുമായി ഭർത്താവായി.



Rate this content
Log in

Similar malayalam story from Comedy