Sabitha Riyas

Comedy Romance Thriller


4  

Sabitha Riyas

Comedy Romance Thriller


ഇന്നേക്ക് ഏഴാം നാൾ - 15

ഇന്നേക്ക് ഏഴാം നാൾ - 15

12 mins 206 12 mins 206

ലാപ്ടോപ് സ്‌ക്രീനിൽ തെളിഞ്ഞ ആ ഫോട്ടോയിൽ നോക്കി കബീർ ആചര്യപ്പെട്ടു. പഴുത്ത ഓറഞ്ചുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഒരു മരത്തിനു താഴെ കാലുകൾ നീട്ടി വച്ചിരിക്കുന്ന വർധന്റെയും അയാളുടെ മടിയിൽ ശിരസ്സ് ഉയർത്തി വച്ചു ശാന്തയായി കിടന്നുറങ്ങുന്ന റബേക്കയുടെയും ചിത്രമായിരുന്നു അത്. കബീറിന്റെ കണ്ണിലെ കാഴ്ചയുടെ ഞരമ്പ് ഒന്നു തുടിച്ചു... അഞ്ചു നിമിഷത്തോളം അയാൾ ആ ഫോട്ടോയിലേക്ക് തന്നെ മിഴികൾ നട്ടിരുന്നു. വർധന്റെ മുഖം പ്രസന്നമായിരിക്കുന്നു... ഇത് എപ്പോൾ എടുത്ത ഫോട്ടോയാകും.?കബീറിലെ കൂർമ്മബുദ്ധിയായ പോലീസുകാരൻ ഉണർന്നു. കബീർ അടുത്ത പേജ് ക്ലിക്ക് ചെയ്തു. സ്‌ക്രീനിൽ തെളിഞ്ഞ ചിത്രത്തിൽ ദൃശ്യമായ ഓരോ വരിയും അയാൾ ആവേശത്തോടെ വായിക്കാൻ ആരംഭിച്ചു.


" റബേക്കയോടുള്ള ഇഷ്ടം കൂടുന്ന ചില നൊടികളിൽ അസൂയയോടെ മൃദുലമായ അവളുടെ കവിൾതടത്തിൽ സ്നേഹത്തോടെ നുള്ളിക്കൊണ്ട് ഞാൻ എന്നും എന്റെ ബീയോട് ചോദിക്കാറുണ്ട് ബീ... നിന്നോടുള്ള എന്റെ സ്നേഹത്തിനാണോ അതോ റബേക്കയ്ക്ക് ക്രിസ്റ്റിയോടുള്ള പ്രണയത്തിനാണോ ആഴം കൂടുതലെന്ന്... പലപ്പോഴും അവളെന്റെ ചോദ്യം കേൾക്കാറില്ലായിരുന്നു... ഇനി കേൾക്കാത്ത ഭാവം നടിക്കുകയായിരുന്നോ ബീ നീ... ആദ്യപ്രണയം പരാജയപ്പെട്ടൊരു പെണ്ണിനെ തന്നെ പ്രേമിക്കണം... എന്റെ ബീയെ പോലെയൊരു പെണ്ണിനെ... "


താൻ മുറി ലോക്ക് ചെയ്തിട്ടും അതൊന്നും മനസിലാകാതെ നിന്ന് വിങ്ങിക്കരയുന്ന റബേക്കയുടെ രൂപം വർധന്റെ ഹൃദയത്തിൽ കനിവ് ഉണർത്തി. വർധൻ അവളുടെ കയ്യിൽ പിടിച്ചുവലിച്ചു തന്റെ അരികിലേക്ക് ചേർത്തു നിർത്തി, മിഴിനീരാൽ നനഞ്ഞു കുതിർന്നിരുന്ന അവളുടെ മുഖത്തേക്ക് അയാൾ ദയയോടെ നോക്കി.


"ബീ ... ബീ. എന്നെ നോക്ക്... ഇങ്ങട് നോക്കിയേ എന്നിട്ട് പറ, എന്താ പറ്റിയെ? എന്നോട് പറയാൻ മടിയാണോ നിനക്ക്?"  


വർധൻ റബേക്കയുടെ മുഖം തന്റെ നേരെ പിടിച്ചു ഉയർത്തി ചോദിച്ചു. അവളുടെ കണ്ണുകൾ അവന്റെ അധരങ്ങളുടെ ചലനങ്ങളിൽ ചെന്നു പതിഞ്ഞു. വിങ്ങലോടെ വർധൻ പറഞ്ഞ വാക്കുകൾ മനസ്സിലായതും അവളുറക്കെ പൊട്ടിക്കരഞ്ഞു. അവളുടെ കരച്ചിലിന്റെ ഈണങ്ങൾ കാതിൽ മുഴങ്ങുമ്പോൾ വർധനു ഭ്രാന്ത്പിടിച്ചു. സമചിത്തത പാലിച്ചു മുഖം താഴ്ത്തി അവളുടെ മിഴിനീർ തന്റെ നാസിക തുമ്പാൽ വർധൻ തുടച്ചു നീക്കി. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പിക്കൊണ്ടവൾ പറഞ്ഞു തുടങ്ങി, 


"ഞാൻ... ഞാനല്ല, എനിക്ക് ഒന്നും കേട്ടുകൂടായിരുന്നു. നേർത്തതായി എന്തോ ഒരു ശബ്ദം മാത്രമാണ് ഞാൻ കേട്ടത്, അവൻ... അവനാണ് എന്നെ... ഡോർ ലോക്ക് ആയിരുന്നു, വേറെയൊന്നും കയ്യിൽ തടഞ്ഞില്ല, സത്യമായിട്ടും എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ലായിരുന്നു, ഇപ്പോഴും ഒന്നും കേൾക്കാൻ കഴിയുന്നില്ല. എന്നെ വഴക്ക് പറഞ്ഞത് ഒന്നും ഞാൻ കേട്ടിട്ടില്ല. സത്യം. എന്നെ വിശ്വസിക്കില്ലേ? "


അവളുടെ സ്വരത്തിൽ നിറഞ്ഞിരുന്ന നിഷ്കളങ്കത അയാളെ അവളിലേക്ക് ആകർഷിപ്പിച്ചു, വർധൻ അറിയാതെ അവളെ നോക്കി തലയാട്ടി. അയാളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ടവൾ തുടർന്നു പറഞ്ഞു, 


"ഞാൻ ഇവിടത്തെ ജോലി മതിയാക്കി പൊക്കോളാം, പക്ഷേ എന്റെ ഹിയറിങ് എയ്ഡ് എനിക്ക് ശരിയാക്കി തരുമോ? ആരെയും കേൾക്കാനോ മറ്റൊന്നിനോ അല്ല. എന്നെ തേടി വരുന്ന എല്ലാ പുരുഷൻമാരും ഗോവർധനെപ്പോലെ ആകണമെന്നില്ല, ആദർശിനെ പോലെ ഉള്ളവരാകാനാണ് സാധ്യത കൂടുതൽ, എന്നെ സംരക്ഷിക്കാൻ ഞാൻ തന്നെ ശ്രമിക്കണം. കേൾക്കാൻ കഴിവില്ലാത്തത് ഒരു വലിയ കുറവാണ്, അല്ലേ? ഒരുപക്ഷെ എനിക്കതിനു കഴിഞ്ഞിരുന്നു എങ്കിൽ ഈ മുറിവ് എന്റെ നെറ്റിത്തടത്തിൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല." 


അവളുടെ അവസാന വാചകങ്ങൾ എന്നെ ഒന്നുലച്ചു, ഞാൻ തരളിതനായി. എന്റെ നോട്ടം അറിയാതെ അവളുടെ നെറ്റിത്തടത്തിലെ മുറിപ്പാടിലേക്ക് തിരിഞ്ഞു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. പലപ്പോഴും കോപത്താൽ എനിക്ക് കണ്ണുകാണാൻ കഴിയാറില്ല എന്ന് അമ്മാളു പറയുന്നത് നേര് ആണെന്ന് മനസിലായി. ഇപ്പോൾ എന്റെ മിഴികളിൽ നിറഞ്ഞു നിൽക്കുന്നത് കോപമല്ല പകരം മാടപ്രാവിനെ പോലെയൊരു പെണ്ണിന്റെ സുന്ദരമായ മുഖമാണ് എന്ന് ഞാൻ ചിരിയോടെ ഓർത്തു. എന്റെ മിഴികൾ അവളുടെ മുഖത്തു തന്നെ തങ്ങി നിന്നു. ഇത്ര അടുത്തു ബീ ഇതാദ്യമായാണ്, ഇതുപോലെ എന്റെ മാറോട് ചേർന്നു, ചിരപരിചിതരെപോലെ... ഇവൾക്കും തനിക്കുമിടയിൽ ജന്മജന്മാന്തരങ്ങളുടെ കെട്ടുപിണഞ്ഞു കിടക്കുന്നൊരു അദൃശ്യബന്ധം ഉണ്ടെന്നു ഇവളെ ആദ്യമായി കണ്ട നാളിലെ മനസ്സ് മന്ത്രിച്ചിരുന്നു. എന്റെ മനസ്സ് ഒരു പൂമ്പാറ്റയെപോലെ ഉയർന്നു പറക്കാൻ തുടങ്ങി, എന്നാൽ റബേക്ക വർധന്റെ ചിന്തകൾ ഒന്നും മനസിലാക്കാതെ അവളുടെ വേദനകൾ ആവലാതികൾ വിതുമ്പി പറഞ്ഞു കൊണ്ടേയിരുന്നു.  


"എനിക്ക് എങ്ങനെ അറിയാനാണ് ജനിക്കുമ്പോൾ ഇതുപോലെയുള്ള കുറവുകൾ കൂടി തന്നാണ് കർത്താവ് എന്നെ ഈ ഭൂമിയിലേക്ക് പറഞ്ഞു അയച്ചതെന്ന്, അല്ലെങ്കിൽ തന്നെ ആ ഹിയറിങ് എയ്ഡ് എന്തിനാണ് ... പൊട്ടി ...പൊട്ടി എന്നുള്ള വിളി കേൾക്കാനോ, കേട്ട് മടുത്തു ആ വിളി. അവൾ പൊട്ടിയാണ് എന്ന് പലരും പറയുന്നത് എനിക്ക് അവരുടെ ചുണ്ടിന്റെ ചലനങ്ങൾ കൊണ്ട് തിരിച്ചറിയാൻ കഴിയുമെന്ന് പലർക്കും അറിയില്ല."


തന്റെ പരാതികൾ അവന് മുൻപിൽ ചെറിയൊരു കൊച്ചുകുട്ടിയെ പോലെ പരിഭവിച്ചു ഇടർച്ചയോട് പറയുന്ന അവളെ നോക്കി വർധൻ നിർന്നിമേഷനായി നിന്നു. ചെറിയൊരു വൈകല്യം ഉള്ളവർ കൊച്ചു കുട്ടികളെപോലെയാണ് എന്ന് അമ്മ പറയാറുളളത് എത്ര സത്യമാണ് എന്ന് അയാൾ തിരിച്ചറിഞ്ഞു. ഒരു കുഞ്ഞിനെ പോലെ കരുതൽ നൽകി ചേർത്തു പിടിച്ചു വേണം ഇവളെ സ്നേഹിക്കാൻ. പെട്ടെന്ന് അവൾ തണുത്തിട്ടെന്നപോലെയൊന്നു വിറച്ചു. റബേക്ക മുഖം വർധന് നേരെ ഉയർത്തിവച്ചു ചോദിച്ചു, 


"ഞാനൊരു കാര്യം ചോദിച്ചാൽ മനസിലുള്ളത് തുറന്നു പറയുമോ?" 


"ചോദിക്ക്?" സ്വപ്നത്തിൽ എന്നപോലെ വർധൻ മറുപടി പറഞ്ഞു, 


"എല്ലാരും പറയുന്നപോലെ ഞാനൊരു പൊട്ടിയായ കൊണ്ടാണോ എന്നെ എപ്പോഴും ഇയാളും ഇങ്ങനെ വഴക്ക് പറയുന്നത്...? "


അത് കേട്ട് ഗോവർധൻ മാരാർ എന്ന വർധൻ നിശബ്ദമായി ചിരിച്ചു. 


"ഒരിക്കലും അല്ല. നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടം ആയത്കൊണ്ടാണ് ... നിന്നോട് എനിക്ക് ഒരുപാട് സ്നേഹമുള്ളതിനാലാണ്... നിന്നെ കണ്ട നാൾ മുതൽ എന്റെ ഈ കണ്ണിനുള്ളിൽ മുഴുവൻ നിന്നെ മാത്രമാണ് ബീ ഞാൻ കാണുന്നത് ... നിന്നോട് ഞാൻ എന്നും വഴക്ക് കൂടുന്നത് നിന്നെ കേൾക്കാനാണ് ബീ..."


പറഞ്ഞു നിർത്തി വർധൻ സ്നേഹപൂർവ്വം അവളെ ഉറ്റു നോക്കി നിന്നു, റബേക്ക ഒരു മാത്ര സ്തംഭിച്ചു നിന്നു. അൽപം കഴിഞ്ഞു അവൾ പറഞ്ഞു, 


"ഇപ്പോൾ ഈ പറഞ്ഞതൊക്കെ ഒന്നു നിർത്തി നിർത്തി ഒന്നൂടെ പറയാമോ?എനിക്ക് എല്ലാം ഒന്നും മനസിലായില്ല."


വർധൻ അപ്പോഴും നിശബ്ദമായി ചിരിച്ചു. അവൾ അരികിൽ നിൽക്കുമ്പോൾ തന്റെ ദേക്ഷ്യം പറന്നു പോകുന്നുവെന്ന് അവനറിഞ്ഞു. റബേക്ക അവന്റെ മിഴികളിലേക്ക് നോക്കി മെല്ലെ പറഞ്ഞു, 


"ഒന്നുകൂടി പറയാമോ എന്താ പറഞ്ഞതെന്ന്? 


വർധൻ അവളുടെ ചുമലിൽ പിടിച്ചു മെല്ലെ കുലുക്കിക്കൊണ്ട് റബേക്കയുടെ കവിളിൽ ഇരു കൈത്തലങ്ങളും ചേർത്തുവച്ചു നുള്ളിയെടുത്തു പറഞ്ഞു, 

"നീയും ഞാനും എന്നും ഇതുപോലെ അടുത്തടുത്തു ഒരുമിച്ചു ഉണ്ടായിരുന്നെങ്കില്‍ എന്ന്,നിനക്ക് മനസ്സിലായോ??  


അവന്റെ അധരങ്ങളുടെ ചലനം മനസിലാക്കിയ റബേക്ക വർധനെ നോക്കി അന്ധാളിച്ചു നിന്നു കുറേ സമയം, പിന്നെ സങ്കടത്തോടെ പറഞ്ഞു, 


"വേണ്ടാ. എന്തിനാണ്? എനിക്ക് ചെവി കേൾക്കില്ല. ജന്മം തന്നവർ പോലും എന്നെ ഉപേക്ഷിച്ചു. മിന്നു തന്നവൻ ഒരു പുഴുത്ത പട്ടിയെപ്പോലെ തെരുവിലേക്ക് ആട്ടിയിറക്കി വിട്ടു. സ്വന്തം മകളുടെ ജീവിതത്തിനു ഞാനൊരു ശല്യമാകും എന്ന് കരുതി സൂസൻ ആന്റി എന്നെ മറ്റൊരാളുടെ തലയിൽ വച്ചൊഴിയാൻ നോക്കി. എല്ലാരും ഞാനൊരു പൊട്ടിയാണ് എന്ന കാരണം പറഞ്ഞു എന്നെ ഒഴിവാക്കിപോയി. ഒരിക്കൽ എല്ലാരും എന്നെ ഉപേക്ഷിച്ചു പോയ പോലേ നിങ്ങളും പോകും. നിങ്ങളെ എനിക്ക് ഒരുപാടു ഇഷ്ടമാണ്, സത്യം, പക്ഷേ എനിക്ക് അർഹതയില്ല. ഞാൻ ആർക്കും ഒരു ശല്യമാകാൻ ആഗ്രഹിക്കുന്നില്ല."


റബേക്ക നിറമിഴികളോടെ വർധനെ നോക്കി പറഞ്ഞു. വർധന്റെ മിഴികൾ ഈറനായിരുന്നു, ഉള്ളിൽ ഉയർന്നു വന്ന ഗദ്ഗദം അടക്കിപ്പിടിച്ചു അവനൊന്നു മുരടനക്കി, 


"നിനക്ക് ഇനി ഇതുപോലെ എന്നും എന്റെ കൂടെ നിൽക്കാൻ സമ്മതമാണോ? അതായത് എന്നെ ശരിക്കും ഇഷ്ടമാണോ എന്ന്? "


റബേക്ക മുഖം താഴ്ത്തി നിന്നു, വർധൻ അവളുടെ മുഖം തന്റെ നേരെ പിടിച്ചുയർത്തിപിടിച്ചു പതിയെ പറഞ്ഞു, 


"ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം. ചെവി കേൾക്കില്ല എന്നൊരൊറ്റ കാരണം കൊണ്ട് നിന്റെ അച്ഛൻ നിന്നെ അകറ്റി നിർത്തിയിരിക്കാം. നിന്റെ ഭർത്താവ് നിന്നെ ഉപേക്ഷിച്ചു പോയിരിക്കാം, ഈ സമൂഹം നിന്നെകളിയാക്കിയിരിക്കാം പക്ഷെ എന്റെ മരണം വരെയും ഞാൻ നിന്നെ ഉപേക്ഷിച്ചു പോകില്ല ബീ... വർധൻ ജീവനോടെ ഉള്ളിടത്തോളം കാലം റബേക്കയും ജീവിക്കും... നീ മരിച്ചാൽ ഞാനും, ഞാൻ മരിച്ചാൽ നീയും, അക്കാര്യത്തിൽ മാത്രം ഞാനൊരു സ്വാർത്ഥനാണ്. വർധനെ മറികടന്നു മറ്റൊരുത്തനും ഇനി നിന്നെ തേടി വരില്ല ...മനസ്സിലായോ?"


റബേക്ക മറുപടി പറയാൻ കഴിയാതെ തന്റെ വിറയാർന്ന അധരങ്ങൾ ചേർത്തു വിതുമ്പാൻ ഒരുങ്ങിയതും വർധൻ മുഖം താഴ്ത്തി അവളുടെ നാസികത്തുമ്പിൽ മൃദുവായി ചുംബിച്ചു, അവൾ അധീരയായി. റബേക്ക വികാരാധീനയായി ഉറക്കെ കരഞ്ഞു കൊണ്ടവനെ ആലിംഗനം ചെയ്തു വർധന്റെ കാതിൽ ഇടറി പറഞ്ഞു, 


"എനിക്ക് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. എന്താണ് പറഞ്ഞത്? ഒന്നൂടെ പറയാമോ?" 


വർധൻ ചിരിയോടെ അവളുടെ മൂർദ്ധാവിൽ അധരങ്ങൾ ചേർത്തുവച്ചു ചുംബിച്ചു. 


"എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ല, ഒന്നും പൂർണ്ണമായും മനസിലായില്ല. നിങ്ങൾ അതെല്ലാം ഒരു വട്ടം കൂടി എന്നോട് പറയാമോ പ്ലീസ് ?" 


റബേക്ക മിഴിനീരാൽ നനഞ്ഞു കുതിർന്ന തന്റെ മുഖം വർധന്റെ തോളിലേക്ക് ചായ്ച്ചു വച്ചു ഉറക്കത്തിൽ എന്നപോലെ പിറുപിറുത്തു, വർധൻ മൃദുവായി മന്ദഹസിച്ചു കൊണ്ടവളുടെ നെറ്റിത്തടത്തിലേക്ക് മുഖം ചേർത്തു വച്ചു. വർഷങ്ങൾ നീണ്ട അലച്ചിലുകൾക്ക് ശേഷം എന്റെ മനസിലൊരു ശാന്തത കൈവന്ന പോലെ... റബേക്ക ഓർത്തു, ഇതൊക്കെ ശരിക്കും ജീവിതത്തിൽ സംഭവിക്കുന്നത് ആണോ? അതോ ഞാൻ സ്വപ്നം കാണുന്നതോ? എനിക്ക് പെട്ടെന്ന് അവിശ്വാസം തോന്നി. വാടിയ പൂങ്കുല പോലെ തന്റെ തോളിൽ തലചായ്ച്ചു കിടക്കുന്ന ആ പെണ്ണിനോട് എന്നെങ്കിലും ഒരിക്കൽ പറയാനായി കരുതി വച്ചിരുന്ന ഒരായിരം കാര്യങ്ങൾ മനസ്സിൽ അക്കമിട്ടു നിരത്തുകയായിരുന്നു വർധൻ ആ സമയം, എന്നാൽ അവളുടെ മനസ്സിൽ അന്തമില്ലാത്ത ചിന്തകളുടെ ഘോഷയാത്രയായിരുന്നു. അവളുടെ ശ്വാസത്തിന്റെ ചൂട് അവന്റെ കഴുത്തിൽ വന്നു തട്ടുന്നുണ്ടായിരുന്നു, അവളുടെ മുടിയുടെ മണം വർധന്റെ ശ്വാസഗതിയെ വഴിതെറ്റിക്കാൻ തുടങ്ങി. 


"ബീ ..." അയാൾ അരുമയോടെ വിളിച്ചു, എന്നാൽ റബേക്ക ആ വിളി കേട്ടില്ല, അവൾ നിശബ്ദത മാത്രം നിറഞ്ഞ അവളുടെ ലോകത്തായിരുന്നു. 


"ഒന്നും നേരെ ചൊവ്വേ മനസിലായില്ല, എന്തായിരിക്കും എന്നോട് ഈ കാട്ടാളൻ പറഞ്ഞത്? ഞാൻ എന്താണ് മറുപടി പറഞ്ഞത്? ഒന്നൂടി ചോദിച്ചാലോ? കൊല്ലുന്നേ കൊല്ലട്ടെ ഈ കാട്ടാളൻ എന്നെ? ചോദിക്കാം." 


റബേക്ക സ്വയമറിയാതെ തന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. അവളുടെ ആ വർത്തമാനങ്ങൾ കേട്ട് നിന്ന വർധൻ പൊട്ടിവന്ന ചിരിയമർത്തി അവളെ തന്റെ നെഞ്ചോട് ചേർത്ത് ഇറുകെ പുണർന്നു. റബേക്ക അവന്റെ സ്പർശത്താൽ മേലാസകലം പൊള്ളലേറ്റെന്നാ പോലെ പിടഞ്ഞു കുതറികൊണ്ടു മുഖം ഉയർത്തി വർധന്റെ മുഖത്തോട് മുഖം ചേർത്തു വച്ചു നിന്നു. അവൻ അവളെ ബലമായി വീണ്ടുംതന്റെ കരവലയത്തിനുള്ളിൽ ബന്ധനസ്ഥയാക്കി. അവളുടെ മിഴികളിൽ നനവൂറുന്നുണ്ടായിരുന്നു. നല്ലൊരു സുന്ദരമായ ഉറക്കത്തിൽ നെറുകയിൽ തണുത്ത ജലത്തുള്ളികൾ വീണാൽ എന്നപോലെ റബേക്കയുടെ മിഴിനീരിന്റെ നനവ് തന്റെ താടിരോമങ്ങൾക്ക് ഇടയിൽ അറിഞ്ഞതും വർധൻ പിടഞ്ഞു, അവൻ അവളുടെ മിഴികളുടെ ആഴങ്ങളിലേക്ക് ഒരു നോട്ടം പായിച്ചു. വർധന്റെ നോട്ടത്തിൽ നിറഞ്ഞിരുന്ന പ്രണയത്തിന്റെ വർണ്ണങ്ങൾ അവളുടെ മുഖത്തു അസ്തമന സൂര്യന്റെ ചുവപ്പ് പടർത്തി. ആ നിമിഷം റബേക്ക എന്ന എന്റെ അനുരാഗസന്ധ്യക്ക് ഞാനാകുന്ന സൂര്യൻ തന്റെ പ്രണയമാകുന്ന നിറഭേദങ്ങൾ പകർന്നു നൽകാൻ തുടങ്ങി, പെട്ടെന്ന് ഏതോ പഴയൊരു ഓർമ്മയിൽ റബേക്ക പിടഞ്ഞുണർന്നു. 


"ഞാൻ ആലോചിക്കുക ആയിരുന്നു, എനിക്ക് ഇന്ന് ഒരുപാട് സന്തോഷമുണ്ട്. സന്തോഷം കൊണ്ട് ഞാൻ ഹൃദയം പൊട്ടി മരിക്കുമോ എന്നെനിക്ക് പേടിയുണ്ട്, അതൊരു സൈഡ്. മറുഭാഗത്ത് ഒരുപാട് ചോദ്യങ്ങളും. എന്നെ പറ്റി എന്തറിയാം നിങ്ങൾക്ക്? ഓരോന്നു പറഞ്ഞു എന്നെ കളിയാക്കുക ആണോ? ഇനി സീരിയസ് ആണെങ്കിൽ തന്നെ ഈ ഞാൻ എങ്ങനെ നിങ്ങളുടെ ചോയിസ് ആയി മാറി, എന്റെ ഭാഗത്ത് നിന്ന് എപ്പോഴെങ്കിലും അങ്ങനെ ഒരു സമീപനം ഉണ്ടായിട്ടുണ്ടോ? എന്തിനാണ് വെറുതെ എന്റെ കൈപിടിച്ചു ഈ ലോകത്തിനു മുൻപിൽ സ്വയം അപഹാസ്യനാകുന്നത്? ഇതൊക്കെ ഒരു തരം ഭ്രമമാണ്, നേരം ഇരുട്ടി വെളുക്കുമ്പോൾ തീരുന്നത്. ഒരാളെ മൗനമായി, രഹസ്യമായി, അയാൾക്ക് യാതൊരു ശല്യമില്ലാതെ സ്നേഹിക്കാൻ ആരുടേയും അനുവാദം വേണ്ടല്ലോ? നിങ്ങൾ പറഞ്ഞത് ഒന്നും എനിക്ക് കേൾക്കാൻ പോലും കഴിഞ്ഞില്ല... ആരും പറയുന്നത് എനിക്ക് കേട്ടുകൂടാ. എനിക്കറിയില്ല എനിക്കെന്താണ് സംഭവിക്കുന്നത് എന്ന്. നിങ്ങൾ എന്റെ അടുത്തെത്തുമ്പോൾ മാത്രം ഞാൻ ബലം നശിച്ചൊരു പാഴ്മരമായി മാറുന്നു."


ആലോചിച്ചു നില കിട്ടാതെ റബേക്ക വിതുമ്പികരയാൻ തുടങ്ങി, റബേക്കയുടെ കരച്ചിലിന്റെ സ്വരത്തിൽ അടങ്ങിയിരുന്ന മധുരനൊമ്പരം എന്റെ ഹൃദയത്തിൽ വന്നലച്ചു ചിന്നിച്ചിതറി ആപാദചൂഡം ജലതരംഗങ്ങൾ പോലെ സഞ്ചാരം തുടങ്ങിയെന്നു എനിക്ക് തോന്നി. ഞാൻ പ്രണയത്തോടെ എന്റെ കൈകൾ അവളുടെ കഴുത്തിനു ചുറ്റും വലയം ചെയ്തു കൊണ്ടു ചുണ്ടുകൾ മെല്ലെ ചലിപ്പിച്ചു അവളോട് കളിയായി ചോദിച്ചു: 


"എന്താ കാര്യം? " 


 അവൾ എന്റെ ചുണ്ടിന്റെ ചലനങ്ങളിലേക്ക് കണ്ണുനട്ട് അൽപ്പനേരം നിന്നു. പിന്നീട് ഒന്നും മനസിലാകാതെ, മനസിലാക്കാൻ കഴിയാതെ വെഗ്രതയോടെ എന്നെ നോക്കി പറഞ്ഞു: 


"എന്താ, എന്താ പറയുന്നേ? ഞാൻ പൊട്ടി തന്നെയാണ്, എന്നെ ഇനിയും പൊട്ടിയാക്കാൻ ശ്രമിക്കുന്നത് എന്തിന്?"


അവളുടെ വാക്കുകൾ എന്നിൽ പൊടുന്നനെ അരിശം ഉണർത്തി പക്ഷേ അവളുടെ അവസ്ഥ അറിയാവുന്നത് കൊണ്ടു ഞാൻ മൗനം പാലിച്ചു അവളെ തന്നെ നോക്കി നിന്നു.


"ഒന്നൂടെ വ്യക്തമായി പറയുമോ വർധൻ ?" അവളുടെ ആ വാചകം ചിരിക്കണോ അതോ ദേക്ഷ്യപ്പെടണോ എന്നുള്ള ഒരവസ്ഥയിൽ എന്നെ കൊണ്ടു ചെന്നെത്തിച്ചു, അവളുടെ ചോദ്യത്തിന് മറുപടി പറയാൻ ഞാൻ ഒന്നു രണ്ടു നിമിഷമെടുത്തു. അവളുടെ മുഖം എന്റെ കൈത്തലത്തിൽ കോരിയെടുത്തു ഞാൻ പറഞ്ഞു, 


 "നിന്നോട് ഞാൻ പറഞ്ഞത് നിന്റെ മൗനത്തിലും, നിശബ്ദതയിലും എന്നോടുള്ള നിന്റെ സ്നേഹത്തിന്റെ പ്രതിഫലനം ഞാൻ എന്നേ തിരിച്ചറിഞ്ഞിരുന്നു എന്നാണ്. എന്നും ഞാനുണ്ട് നിന്റെ കൂടെ, ഒരിക്കലും തനിച്ചാക്കില്ല. ഈ നിശബ്ദതയിലും നീ ഒളിപ്പിച്ച നിന്റെ ദുഃഖം, എന്നോടുള്ള നിന്റെ സ്നേഹമായിരുന്നു, അതുപോലെ എന്നിലെ നീയെന്ന സത്യം എന്നോ എന്റെ ഹൃദയത്തിൽ ഞാനറിയാതെ എന്നെ പുണർന്നു ആഴ്ന്നിറങ്ങിയിരുന്നു,ബീ... നിന്നിലലിഞ്ഞ ആത്മാവുമായി, നീയാകുന്ന വസന്തത്തിൽ നിന്നിലേക്കുള്ള ദൂരങ്ങൾ താണ്ടാൻ ഞാൻ ആഗ്രഹിക്കുന്നു, നിന്നെ അറിയണം, നിനക്കായി ജീവിക്കണം, ഒടുവിൽ നിനക്കൊപ്പം മണ്ണിൽ അലിഞ്ഞു തീരണം എന്നാണ് എന്റെ ആഗ്രഹം." 


"ഒന്നു തെളിച്ചു പറഞ്ഞു കൂടെ? പതിയെ നിർത്തി നിർത്തി... എന്തിനാണ് എന്റെ ഹിയറിങ് എയ്ഡ് പൊട്ടിച്ചേ? അല്ലെങ്കിൽ എനിക്ക് എല്ലാം കേൾക്കാമായിരുന്നു." 


റബേക്കയ്ക്ക് കരച്ചിൽ വന്നു. വർധൻ അരിശത്തോടെ അവളെ തന്റെ ദേഹത്തേക്ക് ഇറുകെ ചേർത്തു പിടിച്ചു.


"ഇത്ര പൊട്ടിയാകരുത് നീ? ഇതിൽ കൂടുതൽ വ്യക്തമാക്കാൻ എനിക്ക് അറിയില്ല!"


"ഞാൻ പൊട്ടിയാണ് വർധൻ ... "


അവളുടെ സ്വരം ശാന്തമായിരുന്നു. ഞാൻ ആ ചോദ്യം പ്രതീക്ഷിച്ചത് ആയിരുന്നു, എന്റെ ദേക്ഷ്യം പറന്നു പോയി. എനിക്ക് ചിരി വന്നു, എന്റെ ചിരി അവളെ വേദനിപ്പിച്ചുവെന്നു തോന്നുന്നു.


"ചിരിച്ചോ, എല്ലാരും ചിരിച്ചോ, എനിക്ക് കൂട്ടത്തിൽ ചിരിക്കാനും കഴിയില്ല, പൊട്ടിയല്ലേ? എന്നെ ഈ നിമിഷം ചേർത്തു പിടിച്ചിരിക്കുന്ന ഈ കരങ്ങൾ നാളെ ഒരിക്കൽ തെരുവിലേക്ക് തള്ളിയിറക്കും, എനിക്കറിയാം." 


അവളുടെ സ്വരം ചെറുതായി ഇടറുന്നുണ്ട് എന്ന് എനിക്ക് തോന്നി, എന്റെ മനസ്സ് ആർദ്രമായി, അവളുടെ മിഴികൾ എന്റെ കണ്ണുകളുമായി ഏറ്റുമുട്ടി. ആ മുറിയിൽ നിശബ്ദത പരന്നു. കുറേക്കഴിഞ്ഞു ഞാൻ അവളുടെ മുഖം എനിക്ക് നേരെ അൽപ്പം ഉയർത്തി. കണ്ണീരിൽ കലങ്ങിയ മുഖത്തേക്ക് ഉറ്റു നോക്കി. എനിക്ക് ഈ ഭൂമിയിൽ ഈ നിമിഷം ഏറ്റവും പ്രിയപ്പെട്ട ആ പേടമാനിനോട് ശബ്ദം താഴ്ത്തി വികാരാധീനനായി ഞാൻ ചോദിച്ചു, 


"എന്താ നിന്റെ പ്രോബ്ലം? എന്നോട് പറയ്‌? എന്തിനാണ് ഇപ്പോൾ കരഞ്ഞേ? പറഞ്ഞോ..." 


റബേക്ക അയാളുടെ മുഖത്തേക്ക് നോക്കി അധരങ്ങളുടെ ചലനങ്ങൾ മനസ്സിലാക്കിയെടുത്തു. തുടർന്നു ശ്വാസമെടുത്തു അൽപനേരം അനങ്ങാതെ നിന്നു. 


"എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല." അവൾ പറഞ്ഞു. 


"അതാണോ നിന്റെ പ്രശ്നം?" ഞാൻ ചോദിച്ചു. റബേക്ക മൗനമായി എന്റെ മുഖത്തേക്ക് നോക്കി നിന്നു.


"നിനക്ക് ഒന്നും കേൾക്കാൻ കഴിയില്ല എന്നുള്ളതാണോ അതോ ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ കഴിയുന്നില്ല എന്നതാണോ നിന്റെ ഇപ്പോഴത്തെ പ്രശ്നം? ബീ എന്നെ നോക്ക്, നിന്റെ നിശബ്ദത എന്നെ ഇതുവരെയും ബാധിച്ചിട്ടില്ല, എന്നാൽ ഈ നിമിഷം എന്നെയത് വല്ലാതെ നൊമ്പരപെടുത്തുന്നു. എന്റെ നെഞ്ചോടു ചേർന്നു നീ നിൽക്കുന്ന ഈ നിമിഷം നീ എന്നിൽ നിന്ന് വളരെ ദൂരത്താണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നു. നിന്റെ വേദന നീ വാക്കുകളായി പറഞ്ഞാൽ ഞാൻ സ്വീകരിച്ചു അതിന്റെ തീവ്രത കുറയ്ക്കാം. ഇന്ന് കുറച്ചു സമയം മുൻപ് വരെ എന്റെ മനസ്സിനുള്ളിൽ നിന്നെ ഞാൻ പ്രണയിക്കുമ്പോള്‍ നിനക്ക് മുന്‍പില്‍ ഞാൻ വാചാലനാകുമായിരുന്നു. എങ്കിലും പലപ്പോഴും നിന്നെ എന്റെ തൊട്ട് അടുത്ത് കാണുമ്പോൾ എന്ത് കൊണ്ടോ വാക്കുകളില്‍ എനിക്ക് ഇതുവരെയും ആ പ്രണയം പകര്‍ത്താനായിട്ടില്ല ...


ചില നിമിഷങ്ങളിൽ നിന്നെയോര്‍ത്തുള്ള എന്റെ വേദന ... മറ്റൊന്നിനോടും കമ്പയർ ചെയ്യാൻ കഴിയില്ല ... നീ എന്ന വേദനയ്ക്ക് ഉപരിയായി മറ്റൊരു വേദനയും ഇന്ന് എനിക്കില്ല. 


ഒരുപക്ഷെ ആ വേദനയെക്കാളും എത്രയോ ആഴമേറിയതാകാം എനിക്ക് നിന്നോടുള്ള പ്രണയം ... ഒരുപക്ഷെ അതുകൊണ്ടാവും... വാക്കുകളില്‍ എനിക്കത് ഒരിക്കലും പകര്‍ത്താനവാത്തത്, ഏതു വാക്കുകള്‍ കടമെടുത്താലും ...


എവിടെയൊക്കെ തിരഞ്ഞാലും റബേക്ക എന്ന പേരിനും വ്യക്തിക്കും തുല്യം ചാർത്താൻ കഴിയുന്ന മറ്റൊന്നിനെ തേടാൻ എനിക്കാവില്ല... ഞാൻ ഇങ്ങനെ തന്നെയാണ്. മുൻകോപിയാണ്, തെമ്മാടിയാണ്, മുരടനും, അഹങ്കാരിയുമാണ് പക്ഷെ ക്രിസ്റ്റഫറിനെ പോലെ ദുഷ്ടനല്ല... ചതിയനും അല്ല. നിന്നെ ഒരിക്കലും ഉപേക്ഷിച്ചു കളയുകയുമില്ല, എന്നെ വിശ്വസിക്കാമെങ്കിൽ വിശ്വസിക്കു."


വർധൻ പറഞ്ഞു നിർത്തിയതും പൊടുന്നനെ റബേക്ക സമ്മതം ചോദിക്കാതെ അവന്റെ നെഞ്ചിലേക്ക് അവളുടെ നെറ്റി മുട്ടിച്ചു ഒന്നുകൂടി ചേർന്നു നിന്നു. വർധൻ ഒരു നിമിഷം വിസ്മയം പൂണ്ടു. എന്റെ ഹൃദയത്തിൽ എവിടെയോ ചലനങ്ങൾ ഉടലെടുത്തത് ഞാൻ അറിഞ്ഞു, പൊടുന്നനെ എന്റെ നെഞ്ചിൽ ചൂടുള്ള ഒരു നനവ് അനുഭവപെട്ടു. ആചര്യസ്തബ്ധനായി ഞാൻ ഒരു നിമിഷം ശ്വാസം പിടിച്ചു നിന്നു, തുടരെ തുടരെ ചുടുനീർ ഒഴുകി എന്റെ ഷർട്ടിനെ നനച്ചു താഴേക്ക് ഒഴുകിയിറങ്ങുന്നുവെന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. 


"ബീ ... ബീ ... " ഞാൻ മൃദുവായി അവളെ തട്ടി വിളിച്ചു. അവൾ മുഖം ഉയർത്തി എന്നെ നോക്കി, അവളുടെ നിറഞ്ഞ മിഴികൾ കാണവേ എന്റെ കണ്ണിൽ ഒരു കുസൃതി മിന്നിമാഞ്ഞു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി വെറുതെ ചുണ്ടനക്കി, അവൾ കണ്ണുമിഴിച്ചു എന്നെ നോക്കി. പതിയെ അവളുടെ അധരങ്ങൾക്ക് ഇടയിൽ ഒരു ചിരി തെളിഞ്ഞു. 


"ഇപ്പോൾ പറഞ്ഞില്ലേ, ഇത് ഞാൻ കേട്ട്, കേട്ടു." 


എന്റെ ഇരുകൈത്തലം ചേർത്തു അവളുടെ കവിളിൽ മൃദുവായി പിച്ചിക്കൊണ്ട് ഞാൻ അവളോട് ചോദിച്ചു: 


"ഇപ്പോൾ എല്ലാം നിനക്ക് മനസ്സിലായോ? നേരത്തെയുള്ള ആ കാട്ടാളൻ ലൈൻ മതിയായിരുന്നു... അല്ലേ!!


"കാട്ടാളൻ അല്ല." 


അവൾ മുഖം വെട്ടിച്ചു കൊണ്ടു എന്റെ കൈത്തലത്തിൽ അവളുടെ കരങ്ങൾ ചേർത്തു പിടിച്ചു വച്ചു മന്ത്രിച്ചു. 


"ഓക്കേ എന്നാൽ വർധൻ?" 


"വർധനും അല്ല..." 


ഞാൻ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു വച്ചു ചോദിച്ചു,

"പിന്നെ ???" 


"ഓയ്..." 


'ഓയ്...???" 


ഞാൻ പുരികം വളച്ചൊടിച്ചു അവളെ നോക്കി, "ഞാൻ അങ്ങനെ വിളിക്കൂ... ആദ്യം ഞാൻ വിളിച്ചതും അങ്ങനെ അല്ലേ? ഓർമ്മയുണ്ടോ??" 


ഇരുവരും ഒരു നിമിഷം പരസ്പരം ഒന്ന് നോക്കി, പിന്നെ ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ആ റൂമിന്റെ പുറത്ത് നിന്നിരുന്ന അലോഷി അകത്തു നിന്നും ഉയർന്ന ആ പൊട്ടിച്ചിരിയുടെ അലയൊലികൾ കേട്ട് അമ്പരന്നു നിന്നു. വർധന്റെ ക്യാബിനിന്റെ അകത്തു നിന്നും ഉയർന്നുകേട്ട പൊട്ടിച്ചിരിയുടെ അലയൊലികൾ കാതിൽ വന്നലച്ചതും അലോഷി അമ്പരപ്പോടെ ഒരു നിമിഷം ഒന്നന്തിച്ചു നിന്നു പോയി. പിന്നീട് മെല്ലെ തല ചെരിച്ചു വാതിലിന്റെ സൈഡിലേക്ക് ചേർത്തു വച്ചു അകത്തു നടക്കുന്നത് എന്താണ് എന്ന് മനസിലാക്കാൻ അയാൾ ശ്രമിച്ചു. പെട്ടെന്ന് അയാളുടെ ചുമലിൽ ആരോ ആഞ്ഞൊന്നു തല്ലി. അലോഷി ഞെട്ടിത്തിരിഞ്ഞു തലചെരിച്ചു നോക്കി. മുൻപിൽ സ്കൂൾ ബാഗും തോളിലേന്തി സംശയദൃഷ്ടിയോടെ തന്നെ നോക്കി നിൽക്കുന്ന അമ്മാളുവിനെ കണ്ടതും അലോഷി ഒന്ന് ചമ്മിപോയി.


ഋതുവെന്ന വർധന്റെ സ്വന്തം അമ്മാളു. ആ കുട്ടിക്കുറുമ്പിയെ സ്വന്തം അനിയത്തിയായി കരുതി അലോഷിയും സ്നേഹിക്കുന്നു. അവർ ഇരുവരെക്കാളും പതിനാലു വയസ്സിനു ഇളയതാണ് ഋതു. ആ ഒരു വാത്സല്യം ഇരുവർക്കും അവളോടുമുണ്ട്. വർധൻ എപ്പോഴും പറയും അമ്മാളു അനിയത്തിയല്ല എന്റെ മകൾ തന്നെയാണെന്ന്. ചേട്ടനും അനിയത്തിയും തമ്മിൽ സഹോദരബന്ധത്തിലുപരി ഗാഢമായൊരു സൗഹൃദബന്ധവും നിലനിനർത്തിയിരുന്നു. 


അമ്മാളുവിനെ പറ്റി പറയാൻ തുടങ്ങിയാൽ ഇന്നും നാളെയും തീരില്ല എന്നാണ് വർധനും അലോഷിയും പരസ്പരം പറയാറ്. വർധന്റെ അടുത്ത സുഹൃത്തായ അലോഷിയോട് ചേട്ടനോട്‌ ഉള്ള അതേ സ്വാതന്ത്ര്യം ഋതു പുലർത്തിപോന്നു. പതിനെട്ടാമത്തെ വയസ്സിൽ ബോബെയിൽ വച്ചു നടന്നൊരു ഒരപകടത്തിൽ മാതാപിതാക്കളെ നഷ്ടപെട്ട അലോഷിക്ക് ഈ ഭൂമിയിൽ ഇന്ന് ബന്ധവും സ്വന്തവുമായി ആകെ അവശേഷിക്കുന്നത് വർധനും അമ്മാളുവും മാത്രമാണ്. അമ്മാളുവിന് അവർ രണ്ടു പേരെയും ജീവനാണ്. തിരിച്ചു അവർക്കും. എന്നാൽ സമയവും സന്ദർഭവും കിട്ടുമ്പോൾ വർധനെയും അലോഷിയെയും തമ്മിൽ തല്ലിക്കാനും ഈ കട്ടുറുമ്പ് ശ്രമിക്കാറുണ്ട്. അതറിഞ്ഞു കൊണ്ടു ഇരുവരും അവൾക്ക് തലവച്ചു കൊടുക്കാറുമുണ്ട്. "കർത്താവെ ഈ കുരിശ് എപ്പോൾ വന്നു കയറി? ഇന്നെന്റെ അവസാനം ഇവളോ അവനോ കുറിക്കും, ഒരു കൈ തന്നേക്കണേ?"


 മുന്നിൽ തല താളത്തിൽ ആട്ടിക്കൊണ്ട് നിൽക്കുന്ന അമ്മാളുവിനെ നോക്കി മനസ്സിൽ പിറുപിറുത്തു അലോഷി പതിയെ ചോദിച്ചു.


"മോള് എപ്പോൾ വന്നു?


മറുപടിയായി ഋതു അയാളെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു കൊണ്ടു അവനെയൊന്നു ഇരുത്തി നോക്കി, "ഈ മോള് വന്നിട്ട് ഒരു പത്തു പതിനെഞ്ചു വർഷമായി മോനെ. അതവിടെ നിൽക്കട്ടെ, നീ ഇവിടെ കിടന്നു ചുറ്റി തിരിഞ്ഞൊരു ഒളിഞ്ഞു നോട്ടം നടത്തുന്നത് എന്തിനാ?"


ഒരു അഞ്ചു വയസ്സുകാരന്റെ നിഷ്കളങ്കതയോടെ അലോഷി അവളോട് പറഞ്ഞു. "എന്ത് ഒളിഞ്ഞു നോക്കാൻ. ഞാൻ വെറുതെ ഇവിടെ ചുവരിൽ പൊടി തട്ടി..." 


അയാൾ പറഞ്ഞു തീരും മുൻപേ ഋതു അലോഷിക്ക് അരികിലേക്ക് നീങ്ങി ചെന്നു, അയാളുടെ തോളിൽ തന്റെ ഇടതു കരം താങ്ങിനിന്നു.


"അരിപ്പൊടി വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ, മാരാത്തെ അരിപ്പെട്ടി നിറയെ ഇഷ്ടം പോലെ ഇരിപ്പുണ്ടാലോ? ഞാൻ അത് അല്ല മോനെ ചോദിച്ചേ. ഇബിടെ എബിടെ ബോടി എന്നാണ്? ഉള്ളത് പറഞ്ഞോട്ടാ അല്ലെങ്കിൽ ഈച്ചേ ഈ ബോഡിയിൽ പൊടി പറ്റും... ഒളിഞ്ഞു നോട്ടമാണ് അല്ലേ കൊച്ചുഗള്ളാ..."


അലോഷി അവൾക്ക് നേരെ ഞെട്ടലോടെ തിരിഞ്ഞതും അടഞ്ഞ മുറിക്കുള്ളിൽ നിന്നും വർധന്റെ പൊട്ടിച്ചിരി ഉയർന്നു. അമ്മാളു അത്ഭുതത്തോടെ അലോഷിയെ നോക്കി കണ്ണുരുട്ടി. അലോഷി ഞാനൊന്നും അറിഞ്ഞിട്ടില്ല എന്ന ഭാവം മുഖത്തണിഞ്ഞു അവളെ നോക്കിനിന്നു. ആ സമയം റബേക്കയുടെ ചിരിയും മുഴങ്ങി. ഋതു അലോഷിയുടെ കഴുത്തിൽ തന്റെ വലതു കൈ ചുറ്റിക്കൊണ്ട് ബലമായി മുന്നോട്ട് പിടിച്ചു വലിച്ചു നടന്നു.


"സത്യം പറഞ്ഞോ ആ കാട്ടാന ആ മുറിക്കുള്ളിൽ ഏത് പിടിയാനയുടെ കൂടെയാണ് പഞ്ചാരയടിക്കുന്നത്, നിങ്ങളാണ് അല്ലേ ബ്രോക്കെർ?"


"ഹേയ് ഞാനല്ല... അത് നീ വിചാരിക്കുന്നത് പോലെ ഒന്നുമല്ല, പാവം ഒരു ടീച്ചറാണ് അകത്ത്, അവൾക്ക് എന്തോ കേസ്. ചിലപ്പോൾ അവൾ അകത്താകാതിരിക്കാൻ അവൻ എന്തോ ലോ പോയിന്റ്സ് പറഞ്ഞു കൊടുത്തതാകും, അവൾക്ക് ഒന്നും മനസിലാകാതെ ചിരിച്ചതാകും."


അലോഷി പതിയെ ഉഴപ്പാൻ തുടങ്ങി.


"പിന്നെ ലോ പോയിന്റസ്, ആര് എന്റെ എട്ടയോ? ലോകത്ത് അങ്ങേര് ആകെ ചിരിക്കുന്നതും, പറഞ്ഞാൽ കേൾക്കുന്നതും ആ ഗൂഗിൾ അമ്മായി പറയുന്ന അളിഞ്ഞ കോമഡിക്ക് മാത്രമാണ്. അത് നല്ലപോലെ അറിയുന്ന ഈ എന്നോടാണോ ബാലാ നീ? സത്യം പറഞ്ഞോ അല്ലെങ്കിൽ നിങ്ങൾ ഈ ക്ലിനിക്ക്, ഹോസ്പിറ്റൽ എന്ന് പറഞ്ഞു ഇവിടെ കിടന്നു കറങ്ങുന്നത് ഇവിടെയുള്ള ഏതോ ടീച്ചറെ ലൈനിടാൻ ആണെന്നുള്ള കാര്യം ഞാൻ ഈ സ്കൂൾ മൊത്തം ഫ്ലാഷ് ആക്കും."


"കർത്താവെ... ഇവൾ എന്നെ കൊലയ്ക്ക് കൊടുത്തേ അടങ്ങു. ടീ ചതിക്കരുത്, ആ കാട്ടാന കുറെ മുൻപേ ഒരു പിടിയാനയെയും കൂട്ടി കൊണ്ടു ആ മുറിയിലേക്ക് ചെന്ന് കയറിയതാണ്, എനിക്കറിയില്ല എന്താണ് കാര്യമെന്ന്. നീ വാ വേണേൽ നമ്മുക്ക് പോയി വാതിലിൽ തട്ടി വിളിച്ചു എന്താണ് സംഭവമേന്ന് ചോദിക്കാം ..."


"നോ വേണ്ട നമ്മുക്ക് ഒളിഞ്ഞു നോക്കാം...വാ വാ... ഇന്നത്തോടെ ആ കോഴിയെ ഞാൻ തന്തൂരിയാക്കും. കുറച്ചു കാശിന്റെ ആവശ്യം ഉണ്ടായിരുന്നു, എന്തായാലും അത് സെറ്റ് ആയി... അല്ല ഈ പിടിയാന ആളെങ്ങനെ? അവൾ ഇനി ആ കാട്ടാനയുടെ പേരിൽ പീഡനകേസ് കൊടുക്കുമോ??"


ഋതുവിന്റെ ഡയലോഗ് കേട്ട് കണ്ണ് തള്ളിയ അലോഷി കളിയായി അവളുടെ തലമുടിയിൽ പിടിച്ചു വലിച്ചു. പെട്ടെന്ന് വർധന്റെ ക്യാബിനിന്റെ ഡോർ തുറന്നു. ഋതു അലോഷിയെ പിടിച്ചുവലിച്ചു അടുത്ത് കണ്ടൊരു തൂണിന്റെ മറവിലേക്ക് മാറി നിന്നു. മുറിക്ക് അകത്തു നിന്നും വർധൻ പുറത്തേക്കിറങ്ങി, അയാൾക്ക് പിന്നിലായി റബേക്കയും. റബേക്കയെ അയാൾക്ക് ഒപ്പം കണ്ടതും അമ്മാളുവിന്റെ മുഖം തെളിഞ്ഞു.


"ബീയല്ലേ അത് ഇച്ചാച്ചന്റെ ബീ... " അവൾ റബേക്കയെ നോക്കി ചിരിച്ചുകൊണ്ടു മനസ്സിൽ പറഞ്ഞു.


അലോഷിക്ക് അപ്പോഴും എന്താണ് കാര്യങ്ങൾ എന്ന് ഒന്നും മനസിലായില്ലായിരുന്നു, പുലി പോലെ അകത്തേക്ക് കയറിപോയവൻ എലിയെപ്പോലെ ഇറങ്ങി വരുന്നു... അതും ആജന്മശത്രുവാണ് അവളെന്നു നാഴികയ്ക്ക് നാൽപതു വട്ടം പറയുന്ന പെണ്ണിനെയും കൂട്ടി.


വർധൻ ചുറ്റുപാടും ഒന്നു വീക്ഷിച്ച ശേഷം തിരിഞ്ഞു തനിക്ക് പിന്നിലായി നിന്നിരുന്ന റബേക്കയുടെ വലതു കൈത്തണ്ടയിൽ അധികാരത്തോടെ കടന്നു പിടിച്ചു മുന്നോട്ട് നടന്നു. സ്റ്റാഫ് റൂമിന്റെ വാതിക്കൽ നിന്ന് മോബൈലിൽ ആരോടോ ദേക്ഷ്യപെട്ടു ഉറക്കെ സംസാരിച്ചു കൊണ്ടിരുന്ന ആദർശ് ആ രംഗം ദർശിച്ചതും ഉള്ളിൽ ഉയർന്നു വന്ന പകയുടെ തീജ്വാല അണയ്ക്കാൻ പാടുപെട്ടു. അവന്റെ മിഴികൾ വർധനോട്‌ ചേർന്നു നടക്കുന്ന റബേക്കയുടെ മേൽ പതിഞ്ഞു. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ അവൾ ഭയത്തോടെ തന്റെയൊപ്പം നടന്നു വരുന്ന വർധന്റെ കൈത്തണ്ടയിൽ ഇറുക്കി പിടിച്ചു അവന്റെ പിന്നിലേക്ക് മാറി നടന്നു. എന്നാൽ അവളുടെ ഭയം മനസിലായ വർധൻ റബേക്കയുടെ കൈത്തലത്തിൽ തന്റെ കൈകോർത്തു അരികിലേക്ക് ചേർത്തു നിർത്തി താഴെ പാർക്കിങ്ങിലേക്ക് നടന്നു. 


പൊടുന്നനെ ആദർശ് കാൾ കട്ട് ചെയ്ത ശേഷം ആ ഫോണിലെ ക്യാമറ ഓൺ ചെയ്തു അവർക്ക് നേരെ തിരിച്ചു പിടിച്ചു. സ്കൂൾ കോംബൗണ്ടിലെ പാർക്കിംഗ് യാർഡിലേക്ക് ഒരുമിച്ചു ചേർന്നു നടക്കുന്ന ഗോവർധന്റെയും റബേക്കയുടെയും കുറച്ചു ചിത്രങ്ങൾ അയാൾ ക്ലിക്ക് ചെയ്തു. കുറച്ചകലെ നിന്നു അവർ മൂവരെയും നോക്കിക്കണ്ടു കൊണ്ടു നിന്നിരുന്ന ഋതുവും അലോഷിയും മുഖത്തോടു മുഖം നോക്കി അമ്പരന്നു നിന്നു. പാർക്കിങ്ങിൽ കിടന്നിരുന്ന തന്റെ കാറിന്റെ ഫ്രണ്ട് സീറ്റ് വർധൻ ഡോർ റബേക്കയ്ക്ക് തുറന്നു കൊടുക്കുന്നത് കണ്ട ഋതു ഗൂഢമായി മന്ദഹസിച്ചു കൊണ്ടു പിറുപിറുത്തു.


" ഇന്ന് നീ ഒരു മുൻകൂർ ജ്യാമം എടുത്തോണ്ട് മാരാത്തേക്ക് തിരിച്ചു വന്നാൽ മതി മോനെ... ഇന്നത്തോടെ ഈ ടീച്ചറുടെ വിധി ഞാൻ നടപ്പിലാക്കും. ഒപ്പം നിന്റെയും..."


ഗോവർധന്റെ കാർ സ്കൂൾ ഗേറ്റ് കടന്നു പുറത്തേക്ക് പോയതും തന്റെ തൊട്ടരുകിൽ നിന്ന് ഗേറ്റിങ്കലേക്ക് ഉറ്റുനോക്കി നിന്നിരുന്ന അലോഷിയെ നോക്കി അമ്മാളു വീണ്ടും ആവർത്തിച്ചു... 


"മറക്കണ്ട നിന്റെയും ... അവരെ വായിനോക്കാതെ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ നോക്ക്, ഇല്ലെങ്കിൽ എല്ലാം ഞാൻ ഫ്ലാഷ് ആക്കും". "വാ... ഇങ്ങോട്ട്", അലോഷി ചിരിയോടെ അവളുടെ തോളിൽ കൈചേർത്തു വച്ചു മുന്നോട്ട് നടന്നു കൊണ്ടു ചോദിച്ചു...


"ഡീ അമ്മാളു..."'


"എന്താ ഇച്ചേ ?"


"നമ്മുടെ കാട്ടാന ആ വാരിക്കുഴിയിൽ വീണല്ലേ?"


"പിന്നെ ആ പോക്ക് കണ്ടാൽ അറിഞ്ഞുടെ അങ്ങേരു മൂക്കും കുത്തി വീണുവെന്ന്. അല്ല ഇനി മാരാത്തെക്ക് എങ്ങാനും ആണോ ആ പിടിയാനയെയും കൊണ്ട് പോയെ? " ഋതു നടത്തം നിർത്തി അലോഷിയെ നോക്കി.


"ഉടനെ സാധ്യത ഇല്ല പക്ഷേ പറയാൻ കഴിയില്ല നിന്റെ അല്ലേ ഏട്ടൻ... എന്തായാലും നമ്മുക്ക് പോകാം. പിന്നെ വഴിയിൽ കാണുന്ന ഒന്നും വാങ്ങിത്തരാൻ പറഞ്ഞു കിടന്നു കരയരുത്, എന്റെ പേഴ്സ് ക്ലിനിക്കിലാണ്.'


"അത് സാരമില്ല, ഇച്ചേ. നമ്മുക്ക് അവരോട് ഇന്ന് കടം പറയാം, നാളെ കൊടുക്കാം അങ്ങോട്ട് നടക്കൂ കുഴിയാനേ ..."


ഋതു ഉറക്കെ പൊട്ടിചിരിച്ചു കൊണ്ടു അലോഷിയെ പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു...


കബീർ ആ പേജ് വായിച്ചു തീർന്നതും ലാപ്ടോ ബെഡിലേക്ക് ഇട്ട് കിടക്കയിലേക്ക് വീണു ഉറക്കെ വിക്കി വിക്കി ചിരിക്കാൻ തുടങ്ങി. കൂടെപ്പിറപ്പ്, പ്രത്യേകിച്ചും ഒരു അനിയത്തി, അതിനുമൊരു ഭാഗ്യം വേണം. ഗോവർധൻ നിങ്ങളോട് എനിക്ക് അസൂയ തോന്നിത്തുടങ്ങിയോ എന്നൊരു സംശയം.


തുടരും...


Rate this content
Log in

More malayalam story from Sabitha Riyas

Similar malayalam story from Comedy