വിഷ്ണു വൈക

Comedy Romance

2.6  

വിഷ്ണു വൈക

Comedy Romance

ആദ്യാനുരാഗം

ആദ്യാനുരാഗം

14 mins
31


ഇത് തികച്ചും സങ്കൽപ്പം മാത്രമാണ്.


നല്ല സിനിമകൾ, ചിലപ്പോൾ നമ്മുടെ ജീവിതത്തെയൊ അതിലൂടെ ജോലിയെയൊ , അല്ലെങ്കിൽ തീരുമാനങ്ങളെയൊ തന്നെ ചിലപ്പോൾ ആഴത്തിൽ സ്വാധീനം ചെലുത്തിയെന്നു വരാം. ജീവിതത്തിൽ ഞാനും അങ്ങിനെ ഒരു തീരുമാനമെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ഇതൊക്കെ കാരണമായി.


ടീച്ചറായ ചേച്ചിയുടെ പാത, എനിക്ക് ഇഷ്ടമായിരുന്നെങ്കിലും അച്ഛൻ സമ്മതിക്കാതെ വന്നത് കൊണ്ട് മാത്രം നഴ്സിംഗ് വിദ്യാർത്ഥിനി ആയി പഠനം തുടങ്ങി . നഴ്സിംഗ് പഠനം അവസാന വർഷത്തേക്ക് എത്തിയപ്പോളാണ് ഒരു മിലിറ്ററി സിനിമ അവിചാരിതമായി കണ്ടത്. ഇൻജക്ഷന് വരെ ബോധം പോകുന്ന നായകൻ, സാഹചര്യം കൊണ്ട് സൈനിക സേവനത്തിനു ചേരുന്നതാണ് കഥ. യുദ്ധത്തിൽ പങ്കെടുത്താൽ ആയുധം എടുക്കില്ല എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞതു പോലെ, ഇതിലെ നായകനും ആയുധം തൊടുന്നില്ല. അതിന്റെ പേരിൽ ഒരുപാട് ശിക്ഷണ നടപടികൾ ഏറ്റുവാങ്ങുകയും അവസാനം അടച്ചിട്ട ഇരുട്ട് മുറിയിൽ ആഴ്ചകളോളം ജീവിക്കേണ്ടി വരുകയും ചെയ്യുന്നു . എന്നിട്ടും തീരുമാനത്തിൽ നിന്ന് അണുവിട പോലും പിന്നോട്ട് പോയതുമില്ല. പറഞ്ഞു വിടാൻ ബുദ്ധിമുട്ടായതു കൊണ്ട്, യുദ്ധത്തിനിടയിൽ പരിക്ക് പറ്റുന്നവർക്ക് ചികിത്സ കൊടുക്കാനുള്ള മെഡിക്കൽ സംഘത്തിന്റെ കൂടെ പങ്കെടുപ്പിക്കുന്നു. സ്വന്തം ജീവൻ മുന്നിൽ മറയായി നിർത്തി അവരെ ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ചു കൊണ്ടുവരുന്ന ദൈവ ദൂതനായി അയാൾ അവസാനം മാറിത്തീരുന്നു .


അത് സിനിമ, ഇത് ജീവിതം അതാണ് വിത്യാസം.


വാകപ്പൂമരകൊമ്പിന്മേലിരുന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ കാടിന്റെ തേങ്ങൽ കേൾക്കുന്ന വാനമ്പാടിയെപോലെ, നമ്മുടെ അടുത്ത് വരുന്ന രോഗികളുടെ മുന്നോട്ടുള്ള ജീവിത പാതകൾ വെട്ടിത്തെളിക്കുവാനുള്ള ഒരു വ്യഗ്രത മനസ്സിൽ മൊട്ടിട്ടു വന്നു . പിന്നീടുള്ള എന്റെ എല്ലാ പ്രയത്‌നങ്ങളും മിലിറ്ററി ടെസ്റ്റ്‌ പാസ്സാകുവാൻ വേണ്ടിയായിരുന്നു.


കോഴ്സ് കഴിഞ്ഞു, പഠിച്ച ബിർള ഹോസ്പിറ്റലിൽ തന്നെ ജോലിക്ക് കയറി. അതിനിടയിലും ചങ്കിനുള്ളിലെ കനലെരിയാതെ തന്നെ കാത്തു സൂക്ഷിച്ചു. ഉറക്കമൊഴിച്ചുള്ള പഠനങ്ങൾക്കവസാനം, മഴയുടെ തന്ത്രികൾ മധുരമായ് മീട്ടുന്നപോലെ, ഹൃദയത്തിലെ കിളികൾ ചേർന്ന് പാടി .


ഡൽഹിയിൽ നിന്നും നാർക്കണ്ടയിലേക്കു ഷിംല വഴി ഏകദേശം മുന്നൂറു കിലോമീറ്റർ ദൂരം വരും. അതിനടുത്താണ് എനിക്കും, കൂടെയുള്ള കർണ്ണാടകക്കാരി ഭാനുവിനും പോസ്റ്റിങ്ങ്‌ കിട്ടിയത്. എന്റെ കോളേജിൽ തന്നെയായിരുന്നു അവളും പഠിച്ചത്. അതുകൊണ്ട് മലയാളം ഏറെ കുറെയൊക്കെ പറയാനറിയാം. ഡൽഹിയിൽ നിന്നും ടാക്സിയിൽ ആയിരുന്നു ഞങ്ങൾ യാത്ര തുടങ്ങിയത്. വീതിയുള്ള ആറുവരിപ്പാതയാണ് നിവർന്നു മുന്നിൽ നിവർന്ന് കിടക്കുന്നത്. മൂന്നു വരി അപ്പുറവും, മൂന്ന് വരി ഇപ്പുറവും. നടുവിൽ നല്ല ഭംഗിയായി ചെടികൾ വരിവരിയായി നട്ട് പിടിപ്പിചിരിക്കുന്നു. പുല്ലൊന്നും പിടിക്കാതെ നന്നായി കാത്തു സംരക്ഷിക്കുന്നു. റോഡിന്റെ വശങ്ങളിൽ വിശാലമായി പരന്ന് കിടക്കുന്ന, വിളവെടുപ്പ് കഴിഞ്ഞ കൃഷിപ്പാടങ്ങൾ. സ്‌കൂട്ടറിൽ പോകുന്നവർ റോഡിന്റെ വെളിയിലൂടെ തന്നെയാണ് പോകുന്നത്. മിന്നൽ വേഗത്തിലാണ് വണ്ടികൾ പായുന്നത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് കരുതിയാവും അവരങ്ങനെയെന്നു തോന്നുന്നു . വഴികളിൽ കരിമ്പ് വിൽക്കുന്നവരെ ഒരുപാട് കാണാം. വാങ്ങി കഴിക്കാൻ തോന്നിയെങ്കിലും വണ്ടിയോടിക്കുന്ന ഭായിയോട് പെട്ടെന്ന് നിർത്താൻ പറയാൻ തോന്നിയില്ല. ഷിംല എന്നൊക്കെ എഴുതിയ ബോർഡുകൾ പലയിടത്തും കാണുവാൻ കഴിഞ്ഞു. സമയം കടന്ന് പോയ്‌കൊണ്ടിരിക്കുന്നു, വണ്ടി പതിയെ ചെറിയ കയറ്റം കയറാൻ തുടങ്ങി. നഗരത്തിന്റെ തിരക്കിൽ നിന്നും പ്രകൃതിയുടെ സ്ഥായിഭാവമായ ശാന്തതയിലേക്ക് കാറ്റ് വീശിത്തുടങ്ങി.


ദൂരെയായി മലനിരകൾ നീല കാർമുകിൽ വർണ്ണനെ അനുസ്മരിപ്പിക്കും വിധം കാണുമാറായി. മഞ്ഞണിഞ്ഞ മലരിയും, ചുറ്റിലും തണുപ്പും, ചെറിയ മഴയും ഉള്ള അന്തരീക്ഷത്തിലൂടെയാണ് ഞങ്ങൾ കടന്ന് പോകുന്നത് . ഇവിടെ സത് ലജ് നദി ഷിംലയോട് ചേർന്നാണ് ഒഴുകുന്നത്. നല്ല മഴക്കാലം കഴിഞ്ഞ് തെളിഞ്ഞ കാലാവസ്ഥയിൽ റിവർ റാഫ്റ്റിങ് എന്നൊരു സാഹസിക യാത്ര പുഴയിലൂടെ ഉണ്ടെന്ന് ഡ്രൈവർ പറഞ്ഞു. വളരെ അപകടം നിറഞ്ഞ ഒരു പരിപാടിയാണത്, കൂടെ സൂചനയും തന്നു. ഷിംലയിൽ നിന്നും തുടർന്നുള്ള വഴി, വീതികുറഞ്ഞു വളവും തിരുവും നിറഞ്ഞതായിരുന്നു.


ദൂരെ ആ കാണുന്ന പൊക്കം കൂടി തലയുയർത്തി നിൽക്കുന്ന മരങ്ങളാണ് പുരാണങ്ങളിൽ ഒക്കെ പറയുന്ന ദേവദാരു. ഡ്രൈവർ പറഞ്ഞു തന്നു. പണ്ട് സ്കൂളിൽ പഠിച്ച കാളിദാസന്റെ കവിതയായ കുമാരസംഭവം ഓർത്തുപോയി. അതിൽ കലമാൻ, അതിന്റെ നീളമുള്ള കൊമ്പുകൊണ്ട് ദേവദാരു മരത്തിന്റെ തൊലിയിൽ ഉരസുമ്പോൾ, പുറപ്പെടുന്ന സുഗന്ധം കാടു മുഴുവനും പരക്കുന്നു അത് ഭഗവാൻ ശിവൻ ഹിമാലയത്തിൽ വെച്ച് നന്നായി ആസ്വദിക്കുന്ന തൊക്കെയും . പ്രകൃതിയിൽ പോലും മുഴുവൻ പ്രണയം നിറഞ്ഞ് നിൽക്കുന്നു.


അങ്ങ് അമേരിക്കയിലുള്ള ഏതോ ഒരു പ്രകൃതി സംരക്ഷണങ്ങൾ നടത്തുന്ന കമ്പനി, ഹിമാലയത്തിൽ ധാരാളം ദേവദാരു തൈകൾ നട്ട് നന്നായി പരിപാലിക്കുന്നതായി ഒരു യാത്രവിവരണത്തിൽ വായിച്ചതിപ്പോൾ ഓർമ്മിക്കുന്നു. കൂടെ അതിന്റെ ഫോട്ടോയും അന്ന് കണ്ടിരുന്നു. യാത്രവിവരണങ്ങളിൽ മാത്രം കണ്ടിരുന്ന ആ ലോകം, ഇന്ന് എന്റെ കണ്മുന്നിൽ ഈറനണിഞ്ഞു നിൽക്കുന്നു.


വണ്ടി അങ്ങനെ ഷിംലയിൽ എത്തിച്ചേർന്നു.

ഷിംല സിറ്റിയിൽ നിറയെ പട്ടാളക്കാരെയും, പച്ചക്കളർ ജിപ്സികളും ധാരാളമായി കാണാം. പഴയ പോസ്റ്റോഫീസ് കെട്ടിടം കാണാൻ നല്ല ഭംഗിയുണ്ട്, ചെറിയ ഒരു കൊട്ടാരത്തിന്റെ രൂപം തന്നെയുണ്ടതിന് , പലതരം കുതിരകളുടെ സവാരികൾ , മലനിരകളുടെ ഭംഗി ആസ്വദിക്കാൻ ഇരിപ്പിടങ്ങൾ , പഴങ്ങളുടെ നറുമണം തുളുമ്പുന്ന വഴിയോര കച്ചവടങ്ങൾ , കമ്പളി പുതപ്പുകളുടെ ചെറിയ ചെറിയ കടകൾ... അങ്ങനെ കടന്നു പോകുന്നു ഷിംലയുടെ നാഗരിക ഭംഗി.


ഇന്ത്യൻ കോഫി ഹൌസിൽ നിന്നും ചൂട് ചപ്പാത്തിയും, വൈറ്റ് കളർ ചന്നമസാലയും പിന്നെ നല്ലൊരു കോഫി യും കൂടി ആയപ്പോൾ മണിക്കൂറുകൾ വണ്ടിയിൽ ഇരുന്നതിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറിക്കിട്ടി .അവിടെ ചന്ന മസാല ഉണ്ടാക്കുവാൻ ഉപയോഗിച്ച എല്ലാം അതിന്റെ മറ്റൊരു വശത്തു വിവരണമായി എഴുതി വെച്ചിരിക്കുന്നു. ജിൻജർ ഗാർലിക് പേസ്റ്റ്, ജീര പൌഡർ, ഡ്രൈ മാംഗോ പൌഡർ അങ്ങനെ കൂടുതൽ അറിയില്ലാത്ത ഒട്ടനവധി ചേരുവകൾ എല്ലാം ഉപയോഗിച്ച് പാചകം ചെയ്ത ഒരു സ്വാദിഷ്ട വിഭവം. ഡ്രൈവർ പുറത്തു എവിടെയോ ആണ് കഴിക്കുവാൻ പോയത്. ഈർപ്പം നിറഞ്ഞ ജനൽ പാളിയിലൂടെ ചുറ്റുമെങ്ങും നോക്കിയിട്ട് കാണാൻ സാധിച്ചില്ല. കോഫി ഒന്നുടെ കുടിക്കാൻ തോന്നിയെങ്കിലും പിന്നീടത് വേണ്ടെന്ന് വെച്ചു .


ഏകദേശം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടപ്പോൾ. ഇനി ഒരു മണിക്കൂർ ദൂരം കൂടി ഉണ്ട്. ഷിംല വരെയുള്ള വഴിപോലല്ലായിരുന്നു തുടർന്ന് മുന്നോട്ട്. വീതി വളരെ കുറവായിരുന്നു. സൈഡ് കൊടുക്കാൻ പലപ്പോഴും വണ്ടി ഡ്രൈവർക്ക് നിർത്തികൊടുക്കേണ്ടി വന്നു.

നിങ്ങൾക്ക് അറിയാമോ, നമ്മൾ ഇപ്പോൾ പോകുന്നത് സമുദ്രനിരപ്പിൽ നിന്നും മൂന്ന് കിലോമീറ്റർ എങ്കിലും, അതായത് 8300 ഫീറ്റിലും ഉയരത്തിലൂടെയാണ്, ഡ്രൈവർ പറഞ്ഞു തന്നു . റോഡിന്റെ ഇരുവശങ്ങളും കനത്തിൽ മഞ്ഞു പെയിതു കിടക്കുന്നു. എന്റെ ആകാംഷ കണ്ടിട്ടാവണം ഡ്രൈവർ വണ്ടി ഒരു സൈഡിൽ ചേർത്ത് നിർത്തി. ഞാനും ഭാനുവും വണ്ടിയിൽ നിന്നും ഇറങ്ങി. അവിടെനിന്ന് കുറച്ചു ദൂരം വെറുതെ ഒറ്റക്ക് നടന്നു. മുളം തണ്ടിൽ നിന്നും, മൂടിവെച്ച മഞ്ഞിന്റെ ഈർപ്പവുമായി കുളിർ തെന്നലെന്നെ തഴുകി വരവേൽപ്പ് തന്നതുപോലെ കടന്നുപോയി. ഇപ്പോൾ ഞാൻ ഒരാൾ മാത്രമാവണം ഈ ഭൂമിയിൽ ഇത്രയേറെ പ്രകൃതി ദേവിയുടെ മനസിന്റെ താളം അടുത്തറിഞ്ഞത്.


സമയം പിന്നെയും കടന്നുപോയി. ചക്രവാളം ചുവന്നു തുടങ്ങി. ഞങ്ങൾക്ക് ഹോസ്പിറ്റൽ, വണ്ടിയിലിരുന്നു ദൂരെ നിന്ന് തന്നെ കാണുവാൻ കഴിഞ്ഞു. ചുറ്റും മണ്ണെടുത്തു വർക്ക്‌ നടന്നു കൊണ്ടിരിക്കുന്ന ഒരു വലിയ കെട്ടിടം. സാധങ്ങൾ എല്ലാം എടുത്ത് ഓഫീസിൽ എത്തി. കയ്യിൽ വെച്ചിരുന്ന ലെറ്റർ അവിടെ കാണിച്ചു. അത് നോക്കിയ ശേഷം അവർ ഞങ്ങളെ ഹോസ്റ്റൽ കാണിക്കാൻ കൊണ്ട് പോയി. എല്ലാം ശരിയാക്കി വരുന്നതേ ഉള്ളൂ കുറച്ചു നാൾക്കകം ഓഡർ ആയിക്കോളും. ഹിന്ദിയിൽ പറഞ്ഞത് നന്നായി മനസിലായി. നിങ്ങൾ രണ്ട് പേർ മാത്രമാണ് ഇപ്പോൾ ഐ സി യു വിൽ ഉള്ളത്‌. നാളെമുതൽ ലിസ്റ്റ് റെഡിയാക്കി അറേഞ്ച് ചെയ്യണം. ബുധൻ രാവിലെ ഏഴു മണിക്ക് ഡ്യൂട്ടി തുടങ്ങണം. കുറച്ചു നാളിലേക്ക് 12 മണിക്കൂർ ആണ് ഡ്യൂട്ടി സമയം. എല്ലാം പെട്ടെന്ന് തന്നെ പറഞ്ഞു കഴിഞ്ഞു. എല്ലാവരെയും പരിചയപ്പെടുവാൻ പിന്നെ പോകാമെന്നു കരുതി, അന്നേരം പോയി ചൂട് ചപ്പാത്തിയും പരിപ്പുകറിയും കഴിച്ചു.


ആദ്യ ദിവസം ഇന്ന് തുടങ്ങുന്നു. അവിടെ ഫീമെയിൽ വാർഡ്, ഫീമെയിൽ മെഡിക്കൽ വാർഡ്, ഒ പി ഡി, കാർഡിയോളജി, എമർജൻസി ഇത്രയും ആണ് ആകെയുള്ള വാർഡുകൾ . ഞങ്ങൾ രണ്ടുപേരും കാർഡിയോളജി വാർഡിലാണ്. അവിടെ എട്ട് വെന്റിലേറ്റർ, കുറേ ഓട്ടോമാറ്റിക് സിറിഞ്ചു പമ്പ് ഇതൊക്കെ ഒറ്റനോട്ടത്തിൽ ഇരിക്കുന്നത് കണ്ടു .


രാവിലെ വന്ന് ഗോഡൗൺ തുറന്ന് സാധങ്ങൾ കൊണ്ടുവന്നു. മെഡിക്കേഷൻ, ഗ്ലൗസ്, ഐ വി കാനില, വെന്റിലേറ്റർ ടു വിങ്‌സ്, നെബുലൈസഷൻ മാസ്ക്, ബാൻഡേജ്, യൂറിനറി ബാഗ്, പ്ലാസ്റ്റർ അങ്ങിനെ പോകുന്നു ലിസ്റ്റ്. ഇതിൽ മരുന്നിനും സിറിഞ്ചിനും എക്സ്പയറി ഡേറ്റ് ഉണ്ട്. രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് അതെല്ലാം ഓർഡർ ആക്കി. ഹാർട്ട്‌ പ്രഷർ ചെക്കർ എന്നൊരു പുതിയ ഉപകരണം ഇന്ന് കൊണ്ടുവന്നു. ഞാൻ ഗൂഗിൾ എടുത്ത് പ്രവർത്തനം കുറെയൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചു. എല്ലാ കാര്യങ്ങൾക്കും ഒപ്പം ഡോക്ടർ ഉണ്ടാവും. നമ്മൾ കൂടെ നിന്ന് ഒരു ഹെല്പ് ചെയ്തു കൊടുത്താൽ മതി.


ആഴ്ചകൾ പതിയെ മഴപെയ്തു മാറുന്നപോലെ, ജീവിതത്തിന്റെ നടനവേദികൾ മാറ്റങ്ങളിലൂടെ കടന്ന് പോയിത്തുടങ്ങി .


നേഴ്സ് ആയി ജോലിക്ക് ചേർന്നിട്ട് ഇപ്പോൾ ആറ് മാസങ്ങൾ കഴിയുന്നു. നല്ല തിരക്കുള്ള ദിവസങ്ങൾ ആണ് എന്നും. കാർഡിയോളജി ഡിപ്പാർട്മെന്റിൽ ആയിരുന്നു വന്ന അന്ന് മുതൽക്ക്. മുഴുവൻ സമയത്തും തിരക്ക് തന്നെയാണ്. നിന്ന് തിരിയാൻ പോലും സമയമില്ല.

പേഷ്യന്റ്സ് വന്നാൽ ആദ്യമേ തന്നെ വൈറ്റൽ സൈൻസ് ചെക്ക് ചെയ്യുകയാണ് പ്രാഥമിക ഘട്ടം. വൈറ്റൽ സയൻസിൽ ബ്ലഡ്‌ പ്രഷർ, ബോഡി ടെമ്പറേച്ചർ, പൾസ് റേറ്റ്, ശരീരത്തിലെ ഓക്സിജന്റെ അളവ് ഇവയുടെ എല്ലാ അളവുകളും കുറിച്ച് വെക്കും. അതിൽ ഓക്സിജൻ അളവ് കണ്ടുപിടിക്കാൻ വിരലിൽ സെൻസർ ഉള്ള ഒരു ക്യാപ് പിടിപ്പിക്കും, നഖത്തിന്റെ മുകളിൽ നിന്നുമാണ് ഓക്സിജൻ അളവ് സെൻസർ റീഡ് ചെയ്യുന്നത്. ശേഷം ഡോക്ടർ വന്നു രോഗിയെ ഫുൾ എക്സാമിൻ ചെയ്യും. പാസ്ററ് ഹിസ്റ്ററി മുഴുവനും വള്ളി പുള്ളി വിടാതെ ചോദിച്ചു മനസിലാക്കും. അതിന് ശേഷം ഇ. സി. ജി. എടുക്കും. അതിന്റെ മാറ്റങ്ങൾ നന്നായി നോക്കിയ ശേഷം മോന(മോർഫിൻ, ഓക്സിജൻ, നൈട്രേറ്, ആസ്പിരിൻ ) ഇതിൽ ഏത് എന്നത് ഡോക്ടർ പറയും, പിന്നീട് മോനയും രോഗിക്ക് നൽകും. തുടർന്നും രോഗിക്ക് വളരെ ആശ്വാസം കിട്ടുന്നില്ലെങ്കിൽ കൂടുതൽ ഫെസിലിറ്റി ഉള്ള അടുത്ത ഹോസ്പിറ്റലിൽ റെഫർ ചെയ്യും. മിക്കവാറും ദിവസങ്ങളിൽ റെഫെറലും പോകാറുണ്ട്. വളരെയധികം വളവും തിരിവും കയറ്റവും ഉള്ള വഴികളിലൂടെ ഏകദേശം ഒരു മണിക്കൂറോളം യാത്രചെയത് ഷിംല വരെ പോകണം . ആ സമയം കൊണ്ട് ഞാൻ നന്നായി വാള് വെക്കാറുണ്ട് മിക്കപ്പോഴും . തിരിച്ചു വരുമ്പോളേക്കും എനിക്കും കൂടി ട്രിപ്പ്‌ ഇടേണ്ട അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. പണ്ട് റെഫെറൽ പോയ ആംബുലൻസ് ഒരിക്കൽ അപകടം ഉണ്ടായിട്ട് എന്റെ കൂട്ടുകാരിയുടെ കയ്യിൽ പൊട്ടൽ ഉണ്ടായി. അതിന് ശേഷം ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു ഭയവും കൂടി തോന്നാറുണ്ട്. ഇതെല്ലാം നമ്മുടെ ജോലിയുടെ ഭാഗമാണല്ലോ അതുകൊണ്ട്, തീരെ വയ്യാതെ ആകും എന്നറിഞ്ഞിട്ടും, ഞങ്ങൾ ആരും ഒരുവട്ടം പോലും റെഫെറൽ പോകാതിരുന്നിട്ടില്ല.


പതിവായി എല്ലാ ആഴ്ചകളിലും ട്രെയിനിങ്, ഓൺലൈൻ ക്ലാസുകൾ, ടെസ്റ്റുകൾ അങ്ങനെ വളരെ അടുക്കും ചിട്ടയും ആയി ജീവിതം മുന്നോട്ട് പോകുന്നു . പക്ഷെ നാട്ടിൽ എത്തുമ്പോൾ ബലൂൺ കാറ്റു പോയപോലെ പറന്ന് പറന്ന് നടക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ, എത്രമാത്രം വർണ്ണിച്ചാലും അത് മതിവരില്ല.


ഒരുപാട് ഉത്തരവാദിത്തങ്ങൾ നിറഞ്ഞു നിൽക്കുന്ന ജോലിയാണ് ഇവിടെ മുഴുവനും . വളരെ അധികം റിസ്ക് ഉള്ള പേഷ്യന്റ് വരുമ്പോൾ വല്ലാത്ത ഒരു ടെൻഷൻ തന്നെയാണ് എപ്പോളും. നമ്മുടെ ചെറിയ ഒരു അശ്രദ്ധ കൊണ്ട് വലിയ വലിയ നഷ്ടങ്ങൾ ആണല്ലോ മറ്റുള്ളവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്. റീടേക്ക് ഇല്ലാതെ, എന്നും ആശങ്കകൾ നിറഞ്ഞ ജോലി.

ഇത് വരെ അങ്ങനെ ഒന്നും അരുതാത്തത് സംഭവിച്ചിട്ടില്ല, അത് തന്നെ ഞങ്ങളുടെ വലിയ ഭാഗ്യം .


എപ്പോളും മറ്റുള്ളവരുടെ ഹൃദയമിടിപ്പിന്റെ താളവും, സ്പന്ദനവും ശരിയാണോ എന്ന് നോക്കി നോക്കി, എന്നോടുള്ള സ്നേഹത്തിന്റെ താളം മനസിലാക്കാൻ എനിക്ക് പറ്റാതെ ആയോന്ന് ചിലപ്പോളൊക്കെ തോന്നാറുണ്ട്.


പരസ്പരം തമ്മിൽ കാണാതെ, ഇത്രയും വർഷങ്ങൾ കടന്ന് പോയിട്ടും, ഇഷ്ടമാണ് എന്ന് ഒരുവട്ടം പോലും പറയാതെ ഇടക്ക് വെച്ച് എന്നെ വിട്ടുപോയ എന്റെ സ്നേഹിതൻ . ഞാൻ നഴ്സിംഗ് പഠിച്ചു മൂന്നാമത്തെ കൊല്ലമായപ്പോളേക്കും നാട്ടിൽ നിന്ന്, അവൻ ജോലിക്ക് അമേരിക്കയിലേക്ക് പറന്നു പോയി.


ഓരോ വട്ടവും ഞാൻ അവധിക്ക് നാട്ടിൽ എത്തുമ്പോൾ അവൻ താമസിച്ചിരുന്ന വീടിന്റെ മുന്നിലൂടെ സ്കൂട്ടർ എടുത്ത് പോയി നോക്കും. വിഷമത്തോടെ തിരികെ പോരും. യാതൊരു മാറ്റവുമില്ല, അവന്റെ ബൈക്ക് അവിടെ വെറുതെ മൂടിയിട്ടിരിക്കുന്നു.


എന്റെ വീട്ടിലെ ഫോൺ നമ്പർ അവന് അറിയാമായിരുന്നു എന്നിട്ടും, ഒരു വട്ടം പോലും എന്നെ ഒന്ന് വിളിക്കാൻ....

പുതിയ ജോലിക്ക് ചേർന്നു എന്നുള്ള കാര്യം ഞാൻ മെസ്സേജ് അയച്ചിട്ടും റിപ്ലൈ വന്നില്ല. വെറുതെ ഒരു അഭിനന്ദനം മാത്രം. അവന്റെ മൂടിവെച്ചുള്ള ഭാവങ്ങൾ കണ്ട് മടുത്തു തുടങ്ങി പലപ്പോളും. സ്വയം വലിയ ആളായി എന്ന തോന്നൽ വന്നാൽ പിന്നെ, വയൽ മണ്ണിന്റെ ഗന്ധവും, ആമ്പൽകുളത്തിലെ കുളിരലകളും , പൂത്തിലഞ്ഞി കാടും, പൊൻവെയിലും എല്ലാം തന്നെ പുതിയ ലോകത്ത് നിന്നും മാഞ്ഞു പോയിട്ടുണ്ടാവും . അവസാനം എല്ലാം വെറുതെയാണെന്ന് മനപ്പൂർവം അറിഞ്ഞു കൊണ്ടുള്ള, ഏതോ ഒരു ഉഷസ്സിൽ കണ്ട സ്വപ്നത്തിന്റെ ആർദ്ര ഭാവത്തിന് വേണ്ടി കാത്തിരിപ്പ് മാത്രം മിച്ചം.


പണ്ട് മിക്ക ആഴ്ചകളിലും എനിക്ക് അഞ്ചാറു ഓഡിയോ സിഡി എങ്കിലും റൈറ്റ് ചെയ്തു കൊണ്ടുവരും. അതിൽ പ്രണയം, വിരഹം, സൗഹൃദം, മഴ, മഞ്ഞു, പ്രകൃതി, കാത്തിരിപ്പ് തുടങ്ങിയ എല്ലാ വിഷയങ്ങളും ഉണ്ടാവും. അവൻ കൊണ്ടു വന്ന സീഡി ഇട്ട് പാട്ട് കേൾക്കുവാൻ അച്ഛന് ഒരുപാട് ഇഷ്ടമായിരുന്നു. നല്ല സെലെക്ഷൻ ആണല്ലോടി ഇത്‌ നിറയെ , എന്ന് എപ്പോളും പറയും. അച്ഛന്റെ വിചാരം ഞാൻ എവിടുന്നോ പൈസ കൊടുത്ത് മേടിച്ചു കൊണ്ട്‌വരുന്നതാണ് ഇത് മുഴുവനും എന്നാണ്.


ഒരു സുഹൃത് എന്നതിൽ ഉപരിയായി അവൻ എന്നെ കണ്ടിരുന്നോ എന്ന്പോലും എനിക്കറിയിലായിരുന്നു. ചോദിച്ചിട്ടില്ല ഇതുവരെ, അങ്ങനെ പറയുന്നതാണ് കുറച്ചുകൂടി നല്ലത്. അതിന് ഇന്നും വലിയ മാറ്റമൊന്നും കൂടാതെ അങ്ങനെ തന്നെ നിലനിൽക്കുന്നു . പക്ഷെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു പോയി അറിയാതെ. അവൻ അത് എങ്ങനെ മനസിലാക്കി എന്ന് മാത്രമറിയില്ല. അവന്റെ കോളേജിലെ കഥകൾ പലപ്പോളും ഞാൻ പിന്നീടും ഓർമ്മിക്കാറുണ്ട് .


വർഷങ്ങൾ ഒരുപാട് കഴിഞ്ഞു, ഒരു ജോലി ഒക്കെ ആയി, മനസ്സിൽ കാലങ്ങളോളം ഒളിപ്പിച്ചു വെച്ച ഇഷ്ടം വീട്ടിൽ അച്ഛനോട് അവതരിപ്പിച്ചു നോക്കാനുള്ള ചെറിയ ധൈര്യമൊക്കെ വന്നു തുടങ്ങി. ഈ വട്ടം ലീവിന് ചെല്ലുമ്പോൾ വേണം അവതരിപ്പിച്ചു നോക്കാൻ. പക്ഷെ അവൻ എന്നെ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് പോലും അറിയില്ല. അച്ഛനോട് ഇങ്ങനെ ഒരാളുണ്ട്, ഇപ്പോൾ നമ്മുടെ നാട്ടിൽ ഇല്ല, എന്നൊക്കെ എങ്ങിനെ ഞാൻ പറഞ്ഞൊപ്പിക്കും . ആലോചിച്ചു നോക്കിയിട്ട് യാതൊരു എത്തും പിടിയും കിട്ടുന്നില്ല. പക്ഷെ ഇത് അച്ഛനോട് അല്ലാതെ വേറെ ആരോടും പറയുവാനുള്ള ധൈര്യം എനിക്ക് തീരെയില്ല. അച്ഛന്റെ വെട്ടിതുറന്നുള്ള മറുപടികളെ ഞാൻ എപ്പോളും സ്നേഹിച്ചിരുന്നു. ഇഷ്ടപ്പെടാത്തതിന്റെ ന്യായം എനിക്ക് മനസ്സിലാക്കി തരുവാനുള്ള അച്ഛന്റെ കഴിവ് വളരെ അപാരം തന്നെയാണ്. നല്ല കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കാനും, അല്ലാത്തവയോടു കർക്കശമായ നിലപാട് കൈക്കൊള്ളാൻ എന്നും എനിക്ക് പ്രചോദനം നൽകിയത് എന്റെ അച്ഛന്റെ വാക്കുകൾ തന്നെയാണ്. വീട്ടിൽ വെച്ച് എന്റെ കൂട്ടുകാരികൾക്ക് നിസ്സാരം മീൻ കറി ചോറിന്റെ അരികിൽ ഒഴിക്കുന്നത് പോലും അച്ഛന് ഇഷ്ടമല്ല. അത് വേറെ പരന്ന പാത്രത്തിൽ തന്നെ കൊടുക്കണം എന്ന് വളരെ നിർബന്ധം ആണ്. അതിന്റെ രുചി നന്നായിട്ട് ആസ്വദിക്കാൻ ഉള്ള അവസരം നമ്മൾ ചെയ്തു കൊടുക്കണം. അച്ഛന് ഇഷ്ടമായില്ലെങ്കിൽ എന്റെ ഇഷ്ടങ്ങളെ വേണ്ടെന്നു വെക്കുവാനും എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നാറില്ല. വല്ലപ്പോഴും നാട്ടിലെത്തുമ്പോൾ എനിക്ക് കിട്ടുന്ന മിലിറ്ററി കോട്ട മേടിച് അച്ഛന് കൊടുക്കാൻ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാൻ ജോലിക്ക് ചേർന്ന ശേഷം താജ്മഹൽ കാണുവാൻ അച്ഛനെയും കൂട്ടി പോയിരുന്നു പണ്ട്. അന്ന് തിരിച്ചു യാത്ര പറഞ്ഞു ഒറ്റക്ക് അച്ഛൻ നാട്ടിലേക്കു പോയപ്പോൾ, ട്രെയിൻ കയറ്റി വിട്ട് തിരിച്ചു റൂമിലെത്തിയിട്ടും, ഞാൻ ഇവിടെ വളരെ അധികം ഒറ്റപ്പെടുന്നതായി തോന്നി, അന്ന് ഇരുന്ന് ഒരുപാട് കരഞ്ഞു . ഈ ആഴ്ച അവസാനം നാട്ടിൽ പോകാമല്ലോ എന്നോർക്കുമ്പോൾ തന്നെ, മനസ്സിൽ വളരെയധികം ഉന്മേഷം .


അവന് വരുന്ന കാര്യത്തെ പറ്റി ഞാൻ മെസ്സേജ് അയച്ചിരുന്നു. പക്ഷെ മറുപടി ഉടനെ എന്നാണ് പറഞ്ഞിരുന്നത്. ഒരു ദിവസം കഴിഞ്ഞു മെസ്സേജ് വന്നു. ജൂലൈ അവസാനം നാട്ടിലേക്കു വരുന്നുണ്ട്. അപ്പൊ കാണണം എന്ന് പറഞ്ഞു. ആറുമാസം കൂടി അടുത്ത ആഴ്ചയിൽ വീട്ടിൽ പോകാനിരുന്ന ഞാൻ ഇനി എന്താണ് ചെയ്യേണ്ടേ എന്ന് ആലോചിച്ചിരുന്നു പോയി. അവസാനം അവന് വേണ്ടി ജൂലൈ പകുതി മുതൽ ലീവ് ശരിയാക്കി. ആകെ പതിനാല് ദിവസത്തെ എണ്ണപ്പെട്ട ദിനരാത്രങ്ങൾ. അതിനുള്ളിൽ ഒരു ദിവസം മനസ് തുറന്നു സംസാരിക്കണം. എന്നിട്ട് അച്ഛനോട് പറയണം.


ദിവസങ്ങൾ വളരെ പതിയെയാണ് കടന്ന് പോകുന്നത്. നീ ഒറ്റക്ക് പോയിട്ട് വരുമോ ഇനി. ഭാനു ലീവിനെപറ്റിയാണ് ചോദിക്കുന്നത്. പോണം ഒറ്റക്ക്, അല്ലാതെ മാര്ഗമില്ല. അവന് കൊടുക്കാൻ വേണ്ടി മാർബിൾ കൊണ്ടുള്ള നല്ലൊരു താജ്മഹലിന്റെ കൊത്തുപണി രൂപം വാങ്ങിവെച്ചു. അങ്ങനെ ബാഗ് ഒക്കെ എടുത്തു ടാക്സിയിൽ എയർപോർട്ടിലേക്ക് വണ്ടി കയറി. വൈകുന്നേരം 3.30 നാണ് ഫ്ലൈറ്റ്. അതി രാവിലെ തന്നെ ഇറങ്ങി അതുകൊണ്ട്. കൃത്യ സമയത്തു തന്നെയായിരുന്നു എയർപോർട്ടിൽ എത്തിയത്. ചെക്ക് ഇൻ എല്ലാം കഴിഞ്ഞു. വിൻഡോ സൈഡിൽ ഉള്ള സീറ്റാണ് കിട്ടിയത്. കണ്ണുകളടച്ചു ചാരിക്കിടന്നു പതിയെ പിന്നെയും ഓർമകിലേക്ക് വീണ്ടും ഒരെത്തിനോട്ടം.


ഒരു സാദാ നാട്ടിൻപുറമാണ് എന്റെ വീടിന്റെ ചുറ്റുവട്ടം മുഴുവനും . കാവും, പാടങ്ങളും, ചെറിയ തോടുകളും, കുറച്ച് മണ്ണിട്ട വഴികളും എല്ലാം ആസ്വദിക്കാൻ ആവശ്യത്തിന് ഉണ്ടായിരുന്നു . പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി അവനെ കാണുന്നത്. അവന്റെ ചേട്ടന്റെ കൂടെ എന്റെ വീടിന്റെ അടുത്ത വീട്ടിൽ വന്നതായിരുന്നു. പെരുവ അടുത്ത് ഉള്ള സ്കൂളിൽ ആണ് ഞാൻ പ്ലസ്ടുവിന് ചേർന്നത്. ബസ് കയറാൻ കൃത്യമായി എന്നും രാവിലെ ഏഴു മണിക്ക് വെയ്റ്റിംഗ് ഷെഡിൽ എത്തുമായിരുന്നു. ഏഴു പത്തിനുള്ളിൽ എന്റെ ബസ് വരുമായിരുന്നു. ഒരു ദിവസം രാവിലെ ഞാൻ നോക്കുമ്പോൾ അവൻ സൈക്കിൾ ചവിട്ടി പാലും കുപ്പി ഒക്കെ പുറകിൽ വെച്ച് എന്റെ മുന്നിലൂടെ കടന്നു പോകുന്നു. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ വിട്ടടിച്ചു പോയി, പരിചയം ഇല്ലല്ലോ അതാവും എന്ന് കരുതി.


അന്ന് ഞാൻ പ്ലസ് ടു കഴിഞ്ഞു എൻട്രൻസ് കോച്ചിങ്ന് പാലായിൽ പോയിക്കൊണ്ടിരിക്കുന്ന സമയം .


ചില ദിവസങ്ങളിൽ സ്റ്റോപ്പിന് തൊട്ട് പുറകിൽ ഉള്ള വീടിന്റെ മുന്നിൽ നിന്ന് പേപ്പർ നോക്കുന്നത് കാണാം. ബസ് അപ്പോളേക്കും വന്നു കഴിയും. ഇങ്ങനെ രണ്ടു മൂന്നു ദിവസമെങ്കിലും പേപ്പർ നോക്കി നിൽക്കാറുണ്ട്. ചില ദിവസം അവൻ പാല് മേടിച്ചു തിരിച്ചു വന്നിട്ടാണ് ബസ് വരാറുള്ളത്.


ഒരിക്കൽ ഉച്ചക്ക് എക്സാം എഴുതാൻ ഞാൻ ഏകദേശം പതിനൊന്നു മണിക്ക് വെയ്റ്റിംഗ് ഷെഡിൽ എത്തി. അപ്പോൾ അവൻ ബസ് കാത്തു അവിടെ ഇരിക്കുന്നു. അന്ന് ആദ്യമായി അവൻ എന്നോട്, ഇവിടെ എന്നും കാണാറുണ്ടല്ലോ എവിടെ ആണ് പഠിക്കുന്നത് എന്ന് ചോദിച്ചു. പാലായിൽ ആണെന്ന് പറഞ്ഞു. പതുക്കെ പതുക്കെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. അവൻ കോഴ്സ് കഴിഞ്ഞു നിൽക്കുന്നു. പ്ലേസ്ഡ് ആയി, ഇനി ജോയ്‌നിങ് ഡേറ്റ് വന്നാൽ മതി എന്നൊക്കെ പറഞ്ഞു. ഒരു അഭിനന്ദനം അറിയിക്കാൻ ഞാനും മറന്നില്ല. പെട്ടന്ന് ബസും വന്നു.

പിന്നീട് രാവിലെകളിൽ സൈക്കിളിൽ പോകുമ്പോൾ അവൻ നോക്കി ചിരിക്കാറുണ്ട് എന്നും. കൂടെ ബസുകയറാൻ ഒരുപാട് ആളുകൾ മിക്കവാറും കാണാറുണ്ട്, അപ്പോൾ മൈൻഡ് ഒന്നും ചെയ്യാറില്ല എന്നെ.


പിന്നീട് ഞാൻ ഒറ്റക്കായിരുന്ന ദിവസം, അവൻ സൈക്കിൾ നിർത്തി ബസ് വരുന്ന സമയം വരെ സംസാരിച്ചു. ഞായറാഴ്ചകളിൽ, ചിലപ്പോൾ വൈകുന്നേരങ്ങളിൽ എന്നെ ഫോൺ വിളിക്കുവാറുണ്ട്. ഒരിക്കൽ ഞാൻ ഫോൺ ചെയ്തപ്പോൾ അവന്റെ അമ്മയായിരുന്നു ഫോൺ എടുത്തത്. ഞാൻ ഫോൺ വെച്ചിട്ട് പോകാതെ അമ്മയോട് സംസാരിച്ചു നല്ല പരിചയം ആയി.


അങ്ങനെ എൻട്രൻസ് എക്സാം കഴിഞ്ഞു . ഇനി നാളെ മുതൽ ബസിൽ കയറാൻ റോഡ് വരെ നടന്ന് പോകേണ്ട, ബസിലെ ഇടി കൊള്ളേണ്ട,

വല്ലപ്പോളും ഒന്ന് രണ്ടു മിനിറ്റ് ദൈർഘ്യം ഉള്ള സംസാരവും, ചെറിയ നോട്ടവും, ചിരിയും, ആ സൈക്കിളും, വെയ്റ്റിംഗ് ഷെഡ്ഡും, അതിനോട് ചേർന്നു നിൽക്കുന്ന ബദാമിന്റെ മരവും, എന്നെ മൈൻഡ് ചെയ്യാതെ ഉള്ള അവന്റെ പത്രം വായനയും, ഇടക്ക് സമ്മാനം കിട്ടുന്ന ഓഡിയോ സിഡിയും എല്ലാം കൺമുന്നിൽ നിന്ന് ദൂരെ ദൂരെ വിട്ട് പോകുന്ന പോലെ തോന്നി.


ഞാൻ വിചാരിച്ച പോലെ തന്നെ എൻട്രൻസ് ഒന്നും കിട്ടിയില്ല. അച്ഛൻ തിരക്കിട്ട് നഴ്സിംഗ് അഡ്മിഷൻ ശരിയാക്കി തന്നു. നാട്ടിലെങ്ങുമല്ല അങ്ങ് ഗ്വാളിയർ, ലാലേട്ടൻ പറയുന്നപോലെ ഘോരാനകളുടെ ഗ്വാളിയർ. ക്ലാസ് അവിടെയുള്ള കോളേജിൽ തുടങ്ങി എന്നാണ് അറിഞ്ഞത്. ആ കോളേജിലെ ആദ്യത്തെ ബാച്ച് ആണ് തുടങ്ങിയത്. അതുകൊണ്ട് എല്ലാത്തിനും വേണ്ടുവോളം സമയവും കിട്ടിയില്ല. അച്ഛൻ പെട്ടെന്ന് തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്തു, കൊണ്ടുപോകാൻ സാധങ്ങൾ വേഗം വേഗം പാക് ചെയ്തു. ഇതിനിടയിൽ പലവട്ടം ഞാൻ അവനെ ഫോൺ ചെയ്തു നോക്കി. കിട്ടുന്നില്ലായിരുന്നു അപ്പോളെല്ലാം. ഞാൻ വേഗം സ്കൂട്ടർ എടുത്തു വീട്ടിൽ പോയി നോക്കി. വീട് പൂട്ടി ഇട്ടിരിക്കുന്നു. പറയാനുള്ളത് എല്ലാം അടുത്ത വീട്ടിലുള്ള നീതുവിനോട് പറഞ്ഞ് ഏല്പിച്ചിട്ടു ഞാൻ ഗ്വാളിയറിലേക്ക് ട്രെയിൻ കയറാൻ എറണാകുളത്തിന് പോയി .


എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ രണ്ട് മണി ആയപ്പോൾ എത്തി. 3.30 ആണ് മംഗള എക്സ്പ്രസ്സ്‌ തിരുവനന്തപുരത്തു നിന്നും വരുന്നത്. അച്ഛനോടൊപ്പം ലഗ്ഗേജ് എല്ലാം എടുത്ത് വെച്ച ശേഷം ഞാനും ട്രെയ്നിൽ കയറി. വിൻഡോ വഴി പുറത്തു നോക്കി വെറുതെ കണ്ണുകൊണ്ടു അന്വേഷണം നടത്തി നോക്കി . ഇനി എവിടെയെങ്കിലും എന്നെ യാത്ര അയക്കാൻ മാറി നില്പുണ്ടെങ്കിലോ. പതിയെ ട്രെയിൻ ചലിച്ചു തുടങ്ങി. ഞാൻ എല്ലാവരിൽ നിന്നും ദൂരേക്ക് അകലുവാൻ തുടങ്ങുന്നു. എത്ര അടക്കിപിടിച്ചിട്ടും കണ്ണ് നിറഞ്ഞു വന്നു. പുലരി വീണ്ടും പൂത്തുവരുമെന്നും, വയൽ മണ്ണിന്റെ ഗന്ധം എന്നും ഒപ്പമുണ്ടാകുമെന്നും, ജീവിതത്തിൽ നിറങ്ങൾ വീണ്ടും ചേർക്കുമെന്നും വെറുതെ ആലോചിക്കാറുണ്ട്.


ഏകദേശം രാത്രി 8 മണിയോടെ ഞാൻ നാട്ടിൽ നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തു. അച്ഛൻ പുറത്ത് കാത്തു നിന്നിരുന്നു. ലഗ്ഗേജ് ഒക്കെ എടുത്ത് വെച്ച് ഞങ്ങൾ എന്തെങ്കിലും കഴിക്കാനായി പുറത്തേക്ക് പോന്നു. കൈ കഴുകി ഇരുന്ന ശേഷം, അച്ഛൻ നാട്ടിലെ വിശേങ്ങളുടെ മാന്ത്രികചെപ്പ് തുറന്നു കഴിഞ്ഞു. ആ സമയത്ത് അച്ഛനോട് പറയാൻ തോന്നിയെങ്കിലും പിന്നെ വേണ്ടന്ന് വെച്ചു.


ഏകദേശം പത്തു മണിയോടെ ഞങ്ങൾ വീട്ടിലെത്തി. അമ്മയുടെ വകയിൽ മീൻകറിയും, അപ്പവും റെഡി. എന്തൊരു കോലമാടി, അവിടെ പട്ടിണിയാണോ ഒന്നും കിട്ടില്ലേ കഴിക്കാൻ. ഈ രുചി അവിടെ കിട്ടില്ലല്ലോ എന്റെ അമ്മേ. നാലഞ്ചപ്പം കഴിചെന്ന് തോന്നുന്നു. എന്നിട്ട് മുറിയിലെ അലമാരയിൽ നിന്ന് പണ്ടത്തെ സിഡി ബാഗ് തുറന്ന് ഒരെണ്ണം കേൾക്കാൻ തുടങ്ങി.


ചമ്പക്കുളം തച്ചനിലെ, മകളെ പാതി മലരേ മനസ്സിലെന്നെ അറിയൂ


എന്ന പാട്ട് ഒന്ന് രണ്ടുവട്ടം കെട്ടുപോയി.


ഓർമ്മകൾ പാട്ടിന്റെ വരികൾക്കൊപ്പം പിന്നെയും യാത്ര തുടർന്നു.


രാവിലെ അടുത്ത വീട്ടിലെ നീതുവിന്റെ കൂടെ എന്റെ പ്രിയപ്പെട്ട കാവിൽ പോയി. കാവിന്റ മുന്നിലുള്ള വലിയ ആലിന്റെ തറയിൽ ഇരുന്ന് കാറ്റു കൊള്ളാൻ തന്നെ എന്ത് രസമാണെന്നോ, ആരുമില്ലെങ്കിൽ. കാവിൽ നിന്നുമുള്ള കടുംപായസവും പാൽപ്പായസവും ഒന്ന് കഴിക്കേണ്ടത് തന്നെയാണ്. എന്താ രുചി. പിന്നെ കുറച്ചു തുളസിക്കതിരും പറിച്ചു മുടിയിൽ ചൂടി പതിയെ തിരികെ വീട്ടിലേക്കു പോന്നു. കാവിലൊക്കെ പോയിട്ടുവന്നാൽ പിന്നെ അന്നത്തെ ദിവസം വെജിറ്റബിൾ കറി മാത്രമേ ഞാൻ കഴിക്കാറുള്ളു. പണ്ടേ ഉള്ള ഒരു ശീലമാണ്, മാറിയില്ല ഇതുവരെയും. അല്ലെങ്കിലും ഇഷ്ടങ്ങളും, ശീലങ്ങളും പെട്ടെന്ന് ആർക്കും മാറ്റാൻ കഴിയില്ലല്ലോ, കാലമെത്ര കടന്നാലും .


രാവിലെ ഒരു വീടിന്റെ പാലുകാച്ചുണ്ട്, വൈകുന്നേരം ഒരു റിസെപ്ഷനും. നീ പോരെ അമ്മ പോരുന്നില്ലെന്നു പറഞ്ഞു. വീട്ടിൽ നിന്നും അര മണിക്കൂർ പോലുമില്ലായിരുന്നു പുതിയ വീടിന്റെ പാലുകാച്ചൽ സ്ഥലത്തേക്ക്. പൂമുഖമൊക്കെ ഉള്ള നിറയെ പൂക്കളും, പഴചെടികളും ഒക്കെ ആയിട്ട് നല്ല ഭംഗിയുള്ള ഒരു വലിയ വീട്. വെള്ളക്കളറിൽ ഉള്ള ടൈൽസ് ആണ് വീടുനിറച്ചും ഇട്ടിരിക്കുന്നത്. അതുകൊണ്ട് നല്ല പ്രകാശമായിരുന്നു മുറികൾ നിറച്ചും. ഒരു ഓവൻ ആയിരുന്നു അച്ഛൻ മേടിച്ചു കൊടുത്തത്. അപ്പവും വെജിറ്റബിൾ കറിയും കൂട്ടി ഞാൻ കഴിച്ചു. ഏകദേശം രണ്ടു മണികഴിഞ്ഞു അവിടെ നിന്നും ഇറങ്ങിയപ്പോൾ. വീട്ടിലേക്കു പോരുന്ന വഴിയിൽ വെച്ച് അച്ഛനോട് ഞാൻ തുറന്നു പറഞ്ഞു എല്ലാകാര്യങ്ങളും. ആരാണ്, എവിടെയാണ് വീട്, ജോലിയെന്താണ് എന്നൊക്കെ. നമ്മുക്ക് നോക്കാം, ആദ്യം ഞാൻ ഒന്ന് കണ്ട് സംസാരിക്കട്ടെ എന്നിട്ടാവാം ബാക്കിയെല്ലാം, അച്ഛന്റെ ശബ്ദത്തിന് പെട്ടെന്ന് വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചു. പിന്നീട് അച്ഛൻ വീട്ടിൽ ചെല്ലുന്ന സമയം വരെ ഒന്നും അതെപ്പറ്റി ചോദിച്ചില്ല.


വൈകുന്നേരം നീ പോന്നാൽ മതി, അമ്മയെ കൊണ്ടുപോകുന്നില്ല എന്ന് പറഞ്ഞിട്ട് അച്ഛൻ പുറത്തേക്കു പോയി. ഞാൻ നീതുവിന്റെ വീട്ടിൽ വരെ ഒന്ന് പോയി. പുള്ളി വന്നിട്ടുണ്ടല്ലോ ഞാൻ കണ്ടായിരുന്നു. നീതു പറഞ്ഞു. എന്റെ മുഖം കണ്ടിട്ടാവണം അവൾ എന്നോട് കൂടുതൽ ഒന്നും പറഞ്ഞില്ല.


വൈകുന്നേരം ഞാനും, അച്ഛനും കൂടി വീട്ടിൽ നിന്നും ഇറങ്ങി. പോയിട്ട് വരുമ്പോളേക്കും രാത്രിയാകും ഒരു മണിക്കൂർ മേലെ ഉണ്ട് ഇവിടെ നിന്നും. ആളൊഴിഞ്ഞ എന്റെ വെയ്റ്റിംഗ് ഷെഡ്, ബദാമിന്റെ പൊക്കമുള്ള മരം, ഇനി പോകുന്നത് അവന്റെ വീടിന്റെ മുന്നിലൂടെയാണ്. അവൻ അവിടെ ഉണ്ടാകുമോ, മനസ്സിൽ ആകാംഷ കൂടി കൂടി വന്നു. അച്ഛൻ വണ്ടി സൈഡിലേക്ക് ഒതുക്കി. എനിക്ക് പേടിയാവാൻ തുടങ്ങി. അച്ഛനോട് പെട്ടെന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. അവിടെ ചെന്ന് ബഹളം വെക്കുമോ എന്ന് ചെറിയ പേടി തോന്നി. നന്നായി അലങ്കരിച്ച അവന്റെ വീട്, എങ്ങും ലൈറ്റ് തെളിഞ്ഞു കിടക്കുന്നു. അവന്റെ ഒപ്പം വേറൊരു പെൺകുട്ടിയും ഒപ്പം നിന്നുള്ള വലിയൊരു ഫോട്ടോയും. ഈ റിസപ്ഷൻ തന്നെയാണ് അച്ഛൻ ഉദ്ദേശിച്ചത്. അവൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഇവിടെ വന്ന് നാണം കെടണ്ടായിരുന്നു. അച്ഛനോട് ഒന്നും പറയാൻ പറ്റുന്നതിനു മുന്നേ ഞങ്ങളെ അവിടെ കസേരയിൽ ഇരിക്കാൻ പറഞ്ഞു ആളുകൾ ഒപ്പം വന്നു. അവന്റെ കൂടെ അമേരിക്കയിൽ ഉള്ള പെൺകുട്ടിയാണ്, അടുത്ത മാസം തിരികെ പോകും അവധി കുറവാണ് എന്നൊക്കെ അവിടെ ആരൊക്കെയോ പറയുന്നത് ഞാൻ കേട്ടു. അച്ഛൻ എന്റെ കയ്യിലേക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് എടുത്ത് തന്നു, നോക്കിയപ്പോൾ ഞാൻ മേടിച്ച താജ്മഹൽ തന്നെ . എന്നിട്ട് കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞു. എനിക്ക് മനസിലായി അച്ഛൻ ഉദ്ദേശിച്ചത്. ഞാൻ തന്നെ കൊണ്ടുപോയി അവരുടെ കയ്യിൽ കൊടുത്തിട്ടു പൊന്നു. കൂടെ ഫോട്ടോയും എടുത്തശേഷം, വീടിന്റെ അടുത്തുള്ള ആളാണ് എന്ന് പറഞ്ഞു അവൾക് പരിചയപ്പെടുത്തി. ഫുഡ്‌ കഴിക്കാൻ എനിക്ക് അവിടെ നിൽക്കുവാൻ തോന്നിയില്ല . പോയി കാറിൽ കയറി ഇരുന്നു. അറിയാതെ ഞാൻ കരഞ്ഞു പോയി. കുറച്ചു വെള്ളം കുടിച്ചു, മുഖം കഴുകി വണ്ടിയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞ് അച്ഛൻ വന്നു, ഇറങ്ങി വരുവാൻ പറഞ്ഞു. എന്റെ അടുത്ത് വന്ന് കയ്യ് തോളത്തു പിടിച്ചു കുലുക്കിയിട്ട് പറഞ്ഞു, അവന്റെ ജീവിതം, അവന്റെ ഇഷ്ടം പോലെ അവൻ തീരുമാനിച്ചു , സാരമില്ല. അതൊക്കെ വിചാരിച്ചിരിക്കാതെ നീ വന്ന് കഴിക്ക്, എന്നിട്ട് നമ്മുക്ക് പോകാം.


കുറച്ചു ദിവസങ്ങൾ കൂടി വീട്ടിൽ നിന്നു. ഒരു ഫാമിലി എന്നെ അതിനിടയിൽ കാണുവാനും വന്നു. എനിക്ക് ഇഷ്ടക്കുറവൊന്നും തോന്നിയില്ല. ബാക്കിയുള്ള കാര്യങ്ങൾ അതിന്റെ വഴിയേ നടക്കട്ടെ എന്ന് വിചാരിച്ചു. തിരികെ പോകേണ്ട ദിവസമെത്തി, എയർപോർട്ടിൽ കൊണ്ട് വിടാൻ അച്ഛനും അമ്മയും കൂടെ വന്നു. നീ പോയിട്ട് വാടാ, ഡ്യൂട്ടിയിൽ ശ്രെദ്ധിക്കുക ഒരുപാട് ചിന്തകൾ ഒന്നും വേണ്ട കേട്ടോ.


തിരികെ പോരുന്ന വഴിയിൽ അച്ഛന്റെയും അമ്മയുടെയും നടുവിൽ നിശബ്ദത ഊഞ്ഞാൽ പോലെ ആടിക്കളിച്ചു. അതിനെ ഭേദിച്ച് അമ്മ ചോദിച്ചു, പണ്ട് നിങ്ങൾ ആ പയ്യനെ പേടിപ്പിച്ചു വിട്ടകാര്യം അവളോട് പറഞ്ഞായിരുന്നോ...?


മുഖം ചരിച്ചു നോക്കിയിട്ട് അമ്മയോട് പറഞ്ഞു, ഇല്ലെടി അതൊക്കെ വഴിയേ അറിഞ്ഞോളും.


എല്ലാമറിഞ്ഞപോലെ പ്രകൃതി ചെറു മഴയായ് മുന്നിൽ പെയ്തു തുടങ്ങിയിരുന്നു...




Rate this content
Log in

Similar malayalam story from Comedy