STORYMIRROR

വിഷ്ണു വൈക

Romance

4  

വിഷ്ണു വൈക

Romance

പൂമരത്തിന്റെ സുഗന്ധം

പൂമരത്തിന്റെ സുഗന്ധം

3 mins
8


പൂമരം 99, അതായിരുന്നു റിയൂണിയൻ പ്രോഗ്രാമിന് എല്ലാവരും ചേർന്ന് നൽകിയ പേര്. പൂമരം എന്ന പേര് കേട്ടപ്പോൾ തന്നെ ഉള്ളിൽ ആദ്യം തോന്നിയത്, എല്ലാവരുടെയും അന്നത്തെ ദിവസത്തെ മനസ്സിന്റെ ഒരവസ്ഥ എന്നാണ്.


ചുറ്റുപാടുകളെല്ലാം സുഗന്ധം പരത്തുന്ന ചെമ്പകവും, ഇലഞ്ഞിയുമൊക്കെ പോലെ നിറയെ ഇലകളും, തളിരുകളും പിന്നെ പണ്ട് കേട്ട കഥകളിലെ രാജകുമാരിമാർ വെക്കുന്ന സ്വർണകിരീടം പോലെയുള്ള പൂക്കളും നിറഞ്ഞ ഒരു പൂമരം. അവിടെ ഒത്തുചേർന്ന എല്ലാവരുടെയും ചിന്തകളും, സ്വപ്‌നങ്ങളും, ആഗ്രഹങ്ങളും, കാഴ്ചകളും ഒന്നാകുന്ന മനോഹരദിനം ...


അറിവിന്റെ ഹരിശ്രീ മുത്തുകൾ വിരൽത്തുമ്പിൽ വിരിയിച്ച നമ്മുടെ എല്ലാ അധ്യാപകരെയും, ഇനിയും കുറച്ച് ഉപദേശങ്ങൾ, നമ്മുടെ ബാക്കിയുള്ള ജീവിതത്തിൽ കൂടി, നന്മകൾ ഉണ്ടാകുവാൻ അവർ പറഞ്ഞു തരുന്നത് കേൾക്കുവാനുമായിട്ടുള്ള സംഗമം അതാണ് പൂമരം.


സത്യത്തിൽ കഴിഞ്ഞുപോയ വിദ്യാലയദിനങ്ങൾ നമ്മുക്ക് സമ്മാനിച്ചത് എന്തെല്ലാമായിരുന്നു...?

നല്ല നല്ല സൗഹൃദങ്ങൾ, ഇഷ്ടങ്ങൾ, ഭയപ്പെടലുകൾ, പ്രണയങ്ങൾ, സഹായങ്ങൾ, ബഹുമാനങ്ങൾ... അങ്ങനെ നീണ്ട് നീണ്ട് പോകുന്നു ആ മധുരം നിറഞ്ഞ പഴയ ഓർമ്മകൾ.


ഇപ്പോൾ ഓർമ്മകളിൽ നിന്ന് ജീവിതത്തിലെ തിരക്കിലേക്ക് വന്നെത്തി നിൽക്കുന്ന സമയം. പണ്ട് എപ്പോളോ ആരോടും പറയാതെ, മനസ്സിൽ കൊണ്ടുനടന്ന ഇഷ്ടങ്ങൾ എല്ലാവരിലും ചിലപ്പോൾ അങ്ങനെ ഒന്ന് ഉണ്ടാവാം. സ്കൂളിൽ വെച്ച് അങ്ങനെ ഒരിഷ്ടം അന്ന് തോന്നിയിരുന്നു എന്നോർക്കുമ്പോൾ വെറുതെ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞുവരുന്നു .


അതെ പണ്ടെപ്പോളോ നിന്നെ എനിക്കിഷ്ടമായിരുന്നു എന്ന്, കഴിഞ്ഞ ദിവസം അവൾ വെറുതെ മെസ്സേജ് അയച്ചു പറഞ്ഞപ്പോൾ, പ്രായം കൂടുന്നതിന്റെ ആഭരണചാർത്തുകൾ മുഖത്തുനിറയെ വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത്, കുറച്ചു സമയം,വളരെ കുറച്ചു സമയം, പണ്ട് ആ ക്ലാസ് മുറിയിൽ അവളെ കൺമുന്നിൽ കണ്ട അതേ അവസ്ഥ. ഈ പരിപാടിക്ക് വരുമ്പോൾ കൂടുതലൊന്നും ഇപ്പോളവൾ ആവശ്യപ്പെട്ടില്ല, ഉച്ചക്ക് പൊതിച്ചോറ് മേടിച്ചു സ്കൂളിന്റെ അടുത്തുള്ള പാടത്തിന്റെ വരമ്പത്തിരുന്ന് കഴിക്കണം പിന്നെ നമ്മുടെ പൂമരം പ്രോഗ്രാം കഴിഞ്ഞ് ചൂടൻ കട്ടൻചായയും പരിപ്പ് വടയും കഴിക്കണം...


പലപ്പോഴായിട്ട് അവളുടെ ഈ മെസ്സേജ് ഒക്കെ കണ്ടപ്പോൾ ചെറുതല്ലാത്ത ഒരു സന്തോഷം ഉള്ളിൽ തോന്നി. 

കട്ടൻ ചായ എങ്കിൽ കട്ടൻ ചായ. അവളുടെ ഒരാഗ്രഹമല്ലേ എന്ന് കരുതി പ്രോഗ്രാമിന് പങ്കെടുക്കാൻ ഞാനും ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്തു. ടിക്കറ്റ് ബുക്ക്‌ ചെയ്ത ഡീറ്റെയിൽസ് അവൾ എനിക്ക് അയച്ചു തന്നു. കാനഡ to കൊച്ചി. നാട്ടിൽ 15 ദിവസം മാത്രം. വരുന്ന അന്ന് നേരെ പ്രോഗ്രാമിന് പോകുന്ന രീതിയിൽ. ഞാൻ ബാംഗ്ലൂർ to കൊച്ചി. അവളെത്തിച്ചേരുന്ന അതേ ദിവസം രാവിലെ തന്നെ.


രാവിലെ ഞാൻ നേരത്തെ എയർപോർട്ടിൽ എത്തി. കൊച്ചി ഫ്ലൈറ്റ് correct ടൈമിൽ തന്നെ ആണ്. വായിക്കുവാനായി പതിവ് ബുക്കുകൾ എല്ലാമെടുത്തു കയ്യിൽ പിടിച്ചു. ആകാശത്തിലൂടെ പറക്കുമ്പോൾ നോവലിലെ കഥാപാത്രങ്ങൾ, കണ്മുന്നിൽ വരുന്ന സുഖം, കുറച്ചു സമയം ആസ്വദിച്ചു. പിന്നീട് വിമാനം പതിയെ ഭൂമിയിൽ ഇറങ്ങി. കൊച്ചി എന്ന എന്റെ സ്വന്തം മണ്ണിൽ കാല് കുത്തി. അവൾ വരുവാൻ വേണ്ടിയുള്ള കാത്തിരിപ്പായി പിന്നെ. ചായ ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങനെ വയറ്റിലേക്ക് പതുക്കെ പതുക്കെ ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കുന്നു. ചായയുടെ ഇടയിൽ ഓരോ സമൂസ കൂടി ഇട്ട് ബാലൻസ് ചെയ്യുന്നു . സമയം പിന്നെയും നിരങ്ങി നീങ്ങികൊണ്ടിരിക്കുന്നു. അവസാനം അവളുടെ ഫ്ലൈറ്റ് വരുന്ന time ആയി. Waiting for luggage അവളുടെ മെസ്സേജ് വന്നു. ഇരുപത് കൊല്ലത്തിലധികമായി തമ്മിൽ കണ്ടിട്ട്. നേരിൽ കണ്ടാൽ മനസ്സിലാവുമോ എന്നൊക്കെയുള്ള സംശയങ്ങൾ മനസ്സിൽ ഓടി ഓടി വരുന്നു. ദൂരത്ത് നിന്ന് ചെറിയ പുഞ്ചിരിയുമായി, എല്ലാ തോന്നലുകൾക്കും വിരാമമിട്ട് അവൾ എന്റെ മുന്നിൽ വന്നു നിന്നു. പരസ്പരമുള്ള പുഞ്ചിരിയിലൂടെ എന്തൊക്കെയോ പറയാതെ പറഞ്ഞു. മഴ ചെറുതായി പെയ്യുന്നു. കൂട്ടത്തിൽ ചെറിയ കാറ്റും. ദീർഘയാത്രയുടെ ബാക്കിയായി മുഖത്ത് വീണു കിടക്കുന്ന മുടിയിഴകളിൽ അവൾ അലസമായി കയ്യോടിച്ചുനിന്നു. അന്നത്തെ പ്രണയം വീണ്ടും എന്നിൽ തളിരിടുകയാണോ. അതിന് വേണ്ടുന്ന പാശ്ചാത്തലമൊരുക്കി പ്രകൃതിയും മഴയിൽ നനഞ്ഞു നിൽക്കുന്നു.


പെട്ടന്ന് വല്ലാത്ത ശബ്ദം എങ്ങും മുഴങ്ങി. ഇത് എവിടെ നിന്നാണ് എന്ന് ആലോചിച്ചു ചുറ്റും നോക്കിയപ്പോളേക്കും ഞാൻ കണ്ണ് തുറന്നു.


മുന്നിൽ പ്രോഗ്രാമുമില്ല, എയർപോർട്ടുമില്ല, ഫ്ലൈറ്റുമില്ല, ആരുമില്ല. മുറിയിൽ ഫാൻ സ്പീഡിൽ കറങ്ങുന്നത് കാണാം. അലാറം വെച്ചത് ഞാൻ തന്നെയാ. ചുമ്മാ സ്വപ്നം കണ്ട് കിടക്കാതെ ഒന്നെണീറ്റ് പോകാമോ . ടാപ്പ് കേടായി, ഗ്യാസ് തീർന്നു, സോപ്പ്പൊടി ഇല്ല . നിങ്ങളുടെ ഏതാണ്ട് പ്രോഗ്രാം ഉണ്ടല്ലോ ഇന്ന് ഓൺലൈൻ വഴി. അത് മുഴുവനും കുത്തിയിരുന്ന് കണ്ട് സമയം കളയരുത് പറഞ്ഞേക്കാം. മുഴുവൻ തുണിയും ഇന്ന് തന്നെ അലക്കിയിടണം, വേഗം എണീറ്റു പൊക്കോ. എനിക്ക് ഇന്ന് evening ആണ് ഡ്യൂട്ടി, കുറച്ചു നേരം കൂടി ഉറങ്ങണം. ഭാര്യയുടെ സ്നേഹത്തോടെയുള്ള ആ വാക്കുകൾ കേട്ടപ്പോൾ കോരിത്തരിച്ചു നിന്ന് പോയി.


പിന്നീട് എന്റെ മനസ്സിൽനിന്നും പൂമരത്തിന്റെ ഇലകളും, പൂക്കളും, ശിഖരങ്ങളുമെല്ലാം കൊടുംകാറ്റിൽ ചിന്നഭിന്നമായി അടിവേര് സഹിതം പറിഞ്ഞു പോകുന്നത് കണ്മുന്നിൽ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

എങ്കിലും അതിന്റെ സുഗന്ധം ഇപ്പോളും ഹൃദയത്തിൽ തന്നെ നിറഞ്ഞു നിൽക്കുന്നു.



Rate this content
Log in

Similar malayalam story from Romance