Dileep Perumpidi

Drama Romance

4  

Dileep Perumpidi

Drama Romance

ദൈവസിംഹാസനത്തിൽ

ദൈവസിംഹാസനത്തിൽ

18 mins
717


കണ്ണാടിയിൽ നോക്കിക്കൊണ്ട് അയാൾ തന്റെ കയറിയ നെറ്റിയിലേക്ക് മുടിയിറക്കിയിട്ടു. ഇടയിൽ കണ്ട ഒരു വെളുത്തമുടി കണ്ണാടിക്കു മുന്നിലിരുന്ന കത്രിക കൊണ്ട് വെട്ടിക്കളഞ്ഞു.


"ഹരി, നീ വിനുവിനെ ഓർമിപ്പിച്ചില്ലേ? അവനെ കാണുന്നില്ലാലോ?"

"അവൻ എത്തും അമ്മെ. ഇവിടെ നിന്ന് അരമണിക്കൂർ പോരെ അവിടെ എത്താൻ."

"നീ എന്തായാലും ഒന്ന് വിളിച്ചുനോക്ക്."

പിന്നാമ്പുറത്തെ വാതിൽ കുറ്റിയിട്ട് , കയ്യിൽ കണ്ണടകൂടും പിന്നെ ഫോണും എടുത്തുകൊണ്ട് അമ്മ അവിടേക്ക് വന്നു.


"ഞാൻ പറഞ്ഞതാ അവനോട് ഒരു ഷർട്ടും മുണ്ടും മതീന്ന്. നല്ല കാര്യങ്ങൾക്കൊക്കെ അങ്ങനെയല്ലേ വേണ്ടത്." അമ്മ പറഞ്ഞു. 

"അയ്യേ, വല്യമ്മേ അതൊക്കെ പണ്ട്. ഇപ്പോൾ ഇതാണ് ട്രെൻഡ്. ഹരിയേട്ടൻ നമ്മുട ഫഹദ് ഫാസിൽ അല്ലെ."  

ഹരി വിനുവിനെ നോക്കി മുടിയൊന്നുകൂടെ ഇറക്കിയിട്ടു.


അമ്മ പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചു. എന്നിട്ടു പുറത്തിറങ്ങി നിറകണ്ണുകളോടെ ഹരിയെ നോക്കി, ഹരി ഞാൻ എന്തുചെയ്യാനാ എന്ന ഭാവത്തിൽ വിനുവിനെ നോക്കി. എന്നിട്ട് ഇറങ്ങാനായി ആംഗ്യം കാണിച്ചു. മൂന്നുപേരും പുറത്തോട്ടു ഇറങ്ങി അവിടെ കിടന്ന കാറിൽ കയറി പുറത്തേക്ക് നീങ്ങി.


ഹരിയുടെ പെണ്ണു കാണൽ ആണ്. ഗൾഫിൽ ആണ് ഹരി ജോലി ചെയ്യുന്നത്. വർഷത്തിലുള്ള ലീവിന് വീട്ടിൽ വന്നിരിക്കയാണ്. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. അമ്മയാണ് ഹരിയെ വളർത്തി വലുതാക്കിയത്. 37 വയസ്സായിട്ടും ഹരിയുടെ കല്യാണം നടക്കാത്തതിലുള്ള വിഷമം ആണ് അമ്മക്ക്. ഹരിയുടെ ചെറിയമ്മയുടെ മകനാണ് വിനയൻ എന്ന വിനു. നാട്ടിൽ വന്നാൽ ഹരിയുടെ സുഹൃത്തും സാരഥിയും എല്ലാം വിനു ആണ്.


"പേരെന്താന്നാ പറഞ്ഞെ ഹരിയേട്ടാ?" വിനു ചോദിച്ചു. 

"മാലിനി." അമ്മയാണ് മറുപിടി പറഞ്ഞത്. "ഇതെങ്കിലും നടന്നാ മതിയാർന്നു ഗുരുവായൂരപ്പ." 

"ഇതിപ്പോ ബ്രോക്കർ വഴിയാണോ അതോ മാട്രിമോണി വഴിയോ?" വിനു ചോദിച്ചു. 

"ചേച്ചി മാട്രിമോണി നോക്കി അയച്ചതാണ്." ഹരി പറഞ്ഞു.

"ഇത്രേം അടുത്തായ സ്ഥിതിക്ക് നമ്മുക്ക് അന്വേഷിക്കാൻ എളുപ്പം ആണ് ഹരിയേട്ടാ."

"ആ എന്തായാലും ഒന്ന് കാണട്ടെ. കഴിഞ്ഞ തവണ വന്നിട്ടുണ്ടായത് ഓർമയില്ലേ?" 

"ഓർമയുണ്ട്. പെണ്ണുകാണൽ ശരിയായില്ലെങ്കിലെന്താ പഴയ മ്യൂസിക് സിസ്റ്റം ശരിയാക്കിയല്ലേ ഹരിയേട്ടൻ തിരിച്ചുപോയത്."


ഹരിയും വിനുവും ചിരിച്ചു. അമ്മയുടെ മുഖം ദേഷ്യത്തിൽ ചുവന്നു.

"എങ്ങനെ ശരിയാവാനാ, ആദ്യം സ്വയം ഒരു വിചാരം വേണം ഇത് നടക്കണം എന്ന്."

ഹരി ഒന്നും മിണ്ടാതെ പുറത്തോട്ട് നോക്കിയിരുന്നു.


"ഇത്ര നാളായിട്ടും മാട്രിമോണി ഈ മൊബൈലിൽ ഇട്ടുതരാം എന്ന് പറയുന്നതല്ലാതെ ചെയ്തട്ടില്ല ഇവൻ. എടാ വിനു നിനക്കു അറിയാമെങ്കിൽ ഇത് ശരിയാക്കിതാ." അമ്മ പറഞ്ഞു. 

"ഈ ആലോചന ശരിയായില്ലെങ്കിൽ അത് ഞാൻ ശരിയാക്കിത്തരാം വല്യമ്മേ." 

"ആവശ്യമിലാത്തത് പറയല്ലേ ചെറുക്കാ , ഇത് എന്തായാലു ശരിയാകും." അമ്മ കണ്ണടച്ചു പ്രാർത്ഥിച്ചു. 

ഡ്രൈവിംഗ് സീറ്റിലിരുന്ന് കണ്ണാടിയിലൂടെ വിനു അവരെ നോക്കി. എന്നിട്ട് ചമ്മലോടെ ഹരിയെ നോക്കി. ഹരി ചിരിയടക്കി.


ഒരു ജംഗ്ഷൻ എത്തിയപ്പോൾ വിനു വണ്ടി നിർത്തി. "പറഞ്ഞ സ്ഥലം എത്തി. നമ്മുക്ക് ഇവിടെ ഒന്ന് ചോദിക്കാം." വിനു കാർ സൈഡ് ആക്കി ഇറങ്ങി. അടുത്തുള്ള ഒരു കടയിലേക്ക് കയറിപ്പോയി. വീട് തിരക്കി തിരിച്ചു വന്നു.


"ലെഫ്റ്റ് എടുത്ത് പോയാൽ ലാസ്റ്റ് വീട്." വണ്ടി മുന്നോട്ട് നീങ്ങി.


തുറന്നിട്ട ഗേറ്റിനു പിറകിലായി അവർ കാർ പാർക്ക് ചെയ്തു. ഹരി കാറിന്റെ കണ്ണാടിയിൽ നോക്കി ഒന്ന് മിനുങ്ങി. ഹരിയുടെ മുഖത്ത് ചെറിയൊരു പരിഭ്രമം നിഴലിച്ചുകാണാം. അമ്മ എന്തൊക്കെയോ ജപിച്ചുകൊണ്ട് കാറിൽ നിന്നിറങ്ങി. അവർ മൂന്നുപേരും ഗേറ്റിലൂടെ മുന്നോട്ട് നടന്നു. അപ്പോഴേക്കും 70 വയസു തോന്നിക്കുന്ന ഒരാൾ ഗേറ്റിനടുത്തേക്ക് ഓടി വന്നു. അതിനു പിറകിലായി അതേ പ്രായത്തിലുള്ള മറ്റൊരാളും വന്നു. വാതിലിന്റെ അവിടെ രണ്ടുമൂന്നു സ്ത്രീകളും നിൽക്കുന്നുണ്ട്. 


"ഹരിയല്ലേ, കയറിവരു. വീട് ഇതുതന്നെയാണ്. ഞാൻ മാലിനിയുടെ അമ്മാവൻ. ഇത് അച്ഛൻ," പിറകിൽ വരുന്ന ആളേ കാണിച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു. ഹരി ചിരിച്ചുകൊണ്ട് രണ്ടുപേർക്കും ഹസ്തദാനം നൽകി. എന്നിട്ട് അമ്മയെയും വിനുവിനെയും പരിചയപ്പെടുത്തി.അവർ എല്ലാവരും അലങ്കരിക്കപ്പെട്ട ഗസ്റ്റ് റൂമിലേക്ക് പ്രവേശിച്ചു. അവിടെ ഉള്ള ഒരു നീളൻ സോഫയിൽ അവർ മൂന്നുപേരും ഇരുന്നു. അമ്മാവനും അച്ഛനും അവർക്കു അഭിമുഖമായി രണ്ടു കസേരകളിൽ ആയി സ്ഥാനം ഉറപ്പിച്ചു. സ്ത്രീജനങ്ങളിൽ ഒരാൾ കസേരക്ക് പുറകിലായും ബാക്കി രണ്ടുപേർ അടുക്കള വാതിലിനു മുന്നിലായും നിരന്നു. ഹരി അവരെയൊക്കെ ഒന്ന് പതിയെ നോക്കി. അവരിൽ ആരും മാലിനി അല്ല എന്ന് മനസിലായി. 


"ഈ നില്കുന്നത് അമ്മായി. അവർ രണ്ടുപേർ ചെറിയമ്മമാർ ആണ്." അച്ഛൻ പറഞ്ഞു. 

"കുട്ടിയുടെ അമ്മ..?" ഹരിയുടെ അമ്മ മുഴുവിപ്പിക്കാതെ ചോദിച്ചു.

"ഇവിടുണ്ട്. അവൾക്ക് കുറച്ചു വല്ലായ്മകൾ ഉണ്ട്. ഇങ്ങോട്ട് വരാൻ പറ്റില്ല. അകത്തു കിടപ്പാണ്." അച്ഛൻ പറഞ്ഞു നിർത്തി.

"വേണമെങ്കിൽ നമ്മുക്ക് അവരെ ഒന്ന് കണ്ടേക്കാം." അമ്മാവൻ അകത്തേക്ക് ആനയിച്ചു കൊണ്ട് പറഞ്ഞു. അച്ഛൻ അമ്മായിയോട് എന്തോ ആവശ്യപ്പെട്ടു എന്നിട്ട് അവരെ അനുഗമിച്ചു.


ആ മുറിയിലെ കട്ടിലിൽ ഒരു മെലിഞ്ഞ സ്ത്രീ കിടക്കുന്നു. അവർ വല്ലാതെ ശോഷിച്ചിട്ടുണ്ട്. ഒരു പക്ഷെ അച്ഛനെക്കാൾ പ്രായം തോന്നും അവർക്ക്. എങ്കിലും മുഖത്തെ തേജസ്സിന് ഒട്ടും കുറവില്ലെന്നു തോന്നി.


"സ്ട്രോക്ക് വന്നതാണ്. ഒരു ഭാഗം തളർന്നു പോയി. സംസാരിക്കാനും പറ്റില്ല. ഇപ്പോൾ നാല് വർഷത്തോളമായി ഈ കിടപ്പ്." അച്ഛൻ പറഞ്ഞു. എന്നിട്ട് ഹരിയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു, "ഇതാ ഹരി."


അവർ ഒന്ന് തലചെരിച്ചു ഹരിയെ നോക്കാൻ ശ്രമിച്ചു. ഹരി കുറച്ചൂടെ മുന്നോട്ട് നീങ്ങി നിന്നു. അവർ പതിയെ തന്റെ വലതു കൈ കൊണ്ട് ഹരിയുടെ കൈ പിടിച്ചു. ആദ്യം ചിരിച്ചു. പിന്ന പതിയെ ചുണ്ട് വിറക്കാൻ തുടങ്ങി. പിന്നെ ഹരിയെ തന്നെ നോക്കി കുറച്ചുനേരം കരഞ്ഞു. ആ കണ്ണുനീരിൽ അമ്മക്ക് മകളോടുള്ള സ്നേഹം മുഴുവൻ ഉണ്ടായിരുന്നു. അച്ഛൻ അത് നോക്കാതെ ദൂരത്തേക് നോക്കിയിരുന്നു. അയാളുടെ മുഖത്തു മനസ്സിലെ വിഷമം പുറത്തുകാണിക്കാതിരിക്കാൻ വരുത്തിയ ഒരു കഠിന ഭാവം കാണാം. അമ്മായി അവിടെ വന്നു അമ്മാവനോട് എന്തോ പറഞ്ഞു. 


"എന്നാപ്പിന്നെ അങ്ങോട്ടുതന്നെ ഇരിക്കാം." അമ്മാവൻ പറഞ്ഞു.

അവർ തിരിച്ചു പഴയ സ്ഥാനങ്ങളിൽ വന്നിരുന്നു. അപ്പോഴേക്കും അവിടെ ഉള്ള ടീപ്പോയിയിൽ ചായയും പലഹാരവും കൊണ്ടുവെച്ചിരുന്നു. 


"എടുക്കു, എല്ലാവരും ചായ കുടിക്കൂ. ഹരിയുടെ അമ്മയ്ക്ക് ഷുഗർ കുഴപ്പം ഉണ്ടാർന്നോ?" അമ്മായി ചോദിച്ചു. 

"ഷുഗർ ഉണ്ട് പക്ഷെ ഇപ്പോൾ മധുരം ഉള്ള ചായ ആകാം", അമ്മ ചിരിച്ചുകൊണ്ട് ചായയെടുത്തു കുടിച്ചു.

അച്ഛൻ അമ്മായിയോട് എന്തോ ആംഗ്യം കാണിച്ചു. അമ്മായി വേറെ ഒരു റൂമിലേക്ക് പോയി. 

"മോള്?" ഹരിയുടെ അമ്മ അക്ഷമയോടെ ചോദിച്ചു. 

"ആ ദേ വിളിക്കാൻ വേണ്ടിയാ പോയത്... മോളെ മാലിനി..." അച്ഛൻ വിളിച്ചു.


അമ്മായിയോട് കൂടി മാലിനി പുറത്തേക്കു വന്നു. എല്ലാവരേം നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി. ഹരി മാലിനിയെ ഒന്ന് നോക്കിയെങ്കിലും മുഖം മനസിൽ പതിഞ്ഞില്ല. ബാക്കിയുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കിയതുകൊണ്ട് പിന്നെ നോക്കാനും തോന്നിയില്ല. അമ്മ കണ്ണാടിയെടുത്തുവെച്ചു എന്നിട്ട് വിശദമായി നോക്കി. ചുരിദാർ ആണ് വേഷം. 32 വയസ്സ് എന്നാണ് പറഞ്ഞത്. പക്ഷെ കാണാൻ 30 ഇൽ താഴെ പറയു.


"മോളിപ്പോൾ ബാങ്കിൽ അല്ലെ വർക്ക് ചെയുന്നത്?" അമ്മ ശബ്ദം കേൾക്കാനായി ചോദിച്ചു. 

"അതെ എസ് ഐ ബി," മാലിനി മറുപിടി പറഞ്ഞു.

"അവൾ ആദ്യം കുറച്ചുപേർക് ട്യൂഷൻ ഒക്കെ എടുക്കുമായിരുന്നു. പിന്നെ ആണ് ബാങ്ക് ജോലി തരപ്പെട്ടത്. ആദ്യം തിരുവനന്തപുരത്തു ആയിരുന്നു പോസ്റ്റിങ്ങ്. കഴിഞ്ഞ വർഷം തൊട്ടു ഇവിടെ അടുത്തൊട്ടായി. ഇവിടെ നിന്നും രണ്ടു കിലോമീറ്റർ ഉള്ളു." ഒന്ന് നിർത്തിയിട്ട് അച്ഛൻ വീണ്ടും തുടർന്നു. "ജോലി തുടർന്നുകൊണ്ടുപോകണം എന്നാണ് അവളുടെ ആഗ്രഹം." 


ഹരിയുടെ അമ്മ പകുതി ശ്രദ്ധ മാലിനിയിൽ വെച്ചുകൊണ്ടുതന്നെ പറഞ്ഞു. "അതിനെന്താ, ഈ കാലത്തു രണ്ടുപേരും ജോലിയെടുക്കണം. അങ്ങനെ തന്നെയാണ് വേണ്ടത്."


"ഇങ്ങനെ നിങ്ങൾ രണ്ടുപേരും എല്ലാം സംസാരിച്ചു തീർത്താൽ അവർക്കു സംസാരിക്കാൻ ഒന്നും ഉണ്ടാകില്ല. അല്ലെ ഹരി?" അമ്മാവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 


"അതുശരിയാ." അച്ഛൻ ചിരിച്ചു. "എങ്കിൽ പിന്നെ അവർ ഒറ്റക്കുനിന്നു സംസാരിക്കട്ടെ. മോൻ അങ്ങോട്ടുചെന്നോളു." അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.


മാലിനി വന്ന റൂമിലേക്കു തിരിച്ചു നടന്നു. പിന്നാലെ ഹരിയും. അമ്മായി അമ്മയെ വീടുകാണാൻ ക്ഷണിച്ചു. അമ്മാവനും അച്ഛനും വിനുവും എന്തോ പറഞ്ഞിരുന്നു. മാലിനി റൂമിനുള്ളിൽ രണ്ടു കസേരകൾ മുകാമുഖം വലിച്ചിട്ടു. അവർ രണ്ടുപേരും അതിൽ ഇരുന്നു. ഒരു മിനുട്ടു നേരത്തെ മൗനത്തിനു ശേഷം ഹരി സംസാരിച്ചുതുടങ്ങി. 


"ബാങ്കിൽ എന്താണ് ജോബ്?"

"മാനേജർ ആണ്. ഗൾഫിൽ എന്താണ് ജോലി?" മാലിനി ചോദിച്ചു.

"അവിടെ ഒരു സൂപ്പർമാർകെറ്റിൽ സൂപ്പർവൈസർ ആണ്. നാട്ടിൽ തന്നെ നിൽക്കണം എന്ന് ആഗ്രഹം ഉണ്ടോ?"

"ഏയ് ഇല്ല." കുറച്ചുനേരത്തെ മൗനത്തിനുശേഷം മാലിനി മറുപിടി പറഞ്ഞു.


മാലിനി കുറച്ചുനേരം പുറത്തോട്ട് നോക്കിയിരുന്നു. ഹരിയുടെ മനസിൽ ചോദ്യങ്ങൾ ഒന്നും തന്നെ തെളിഞ്ഞ് വന്നില്ല. അയാൾ മാലിനിയെ ഇടവിട്ട് നിരീക്ഷിച്ചുകൊണ്ടിരുന്നു. മാലിനി എന്തോ പറയാൻ വരുന്നതായി തോന്നി. പിന്നെ അത് വേണ്ടാന്ന് വെച്ചു.


"മാലിനി എന്തേലും പറയാൻ വന്നോ?" ഹരി നീണ്ട മൗനം മുറിച്ചു കൊണ്ട് ചോദിച്ചു.

"അത്... നമ്മുക്ക് പുറത്തു എവിടെയെങ്കിലും വച്ച് ഒന്ന് സംസാരിച്ചാലോ? നാളെയോ മറ്റോ ഫ്രീ ആണെങ്കിൽ?" മാലിനി ചോദിച്ചു.

"ഇവിടെ വെച്ചുള്ള സംസാരo വളരെ ഫോർമൽ ആണ് അല്ലെ? ഞാൻ ഇത് അങ്ങോട്ട് ചോദിയ്ക്കാൻ വരുകയായിരുന്നു. ഇനി ചോദിച്ചാൽ എങ്ങനെ എടുക്കും എന്നറിയില്ല. അതുകൊണ്ട് ചോദിച്ചില്ല. എവിടെ വച്ച് എപ്പോൾ വേണം?"

"ഫോൺ നമ്പർ പറയാമോ? നമ്മുക്ക് ഒന്ന് ആലോചിച്ചു വാട്സ്ആപ്പ് ഇൽ തീരുമാനിക്കാം." മാലിനി പറഞ്ഞു.


ഹരി തന്റെ ഫോൺ നമ്പർ കൊടുത്തു. മാലിനി അത് സേവ് ചെയ്തു. അപ്പോഴേക്കും അച്ഛന്റെ വിളി വന്നു. "സംസാരിച്ചു തീർന്നെങ്കിൽ ഇങ്ങോട്ട് വരം കേട്ടോ. ഇല്ലെങ്കിൽ സമയം എടുക്കാം." അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 


അവർ രണ്ടുപേരും പുറത്തേക്ക് വന്നു. ഒരുപിടി കണ്ണുകൾ അവരിൽ മാറി മാറി പതിച്ചു. ഹരി കസേരയിൽ തിരിച്ചുവന്നിരുന്നു. ഹരിയുടെ മുഖത്തെ പ്രകാശം മനസിലാക്കിയ വിനു ഒന്ന് മന്ദഹസിച്ചു. 


"ഹരിക്ക് ഒരുമാസം കൂടി ലീവ് ഇല്ലേ?" അച്ഛൻ ചോദിച്ചു.

"അതെ ഇനി 28 ദിവസം കൂടെ," ഹരി പറഞ്ഞു.

"അതിപ്പോ വേണ്ടി വന്നാൽ കുറച്ചുകുടെ കൂട്ടാവുന്നതേ ഉള്ളു," അമ്മ പറഞ്ഞു.

"എന്തായാലും കുട്ടികൾ ആലോചിക്കട്ടെ. നമ്മൾ മാത്രം ആലോചിച്ചാൽ പോരല്ലോ? അല്ലെ?" അമ്മാവൻ പറഞ്ഞു.

"അതെ അതെ. എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ. നമ്മുക്കു രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഒന്നുടെ ഫോണിൽ സംസാരിക്കാം. എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം." അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ടു അവിടെ നിന്ന് പതുക്കെ എഴുന്നേറ്റ് മാലിനിയുടെ കൈ പിടിച്ചു. മൂന്നുപേരും പുറത്തോട് നടന്നു. എല്ലാരോടും യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. 


മൂന്നുപേരുടെയും മുഖത്തു ഒരു തെളിച്ചം കാണപ്പെട്ടു. അഞ്ച് മിനിറ്റ് നേരത്തെ മൗനത്തിനു ശേഷം വിനു പറഞ്ഞുതുടങ്ങി.


"ഇതെന്താ ആരും മിണ്ടാത്തെ? വല്യമ്മേ എന്തേലും പറ?"

"ഇതുവരെ ഞാൻ ഓക്കേ ആണ്. ഹരി നിന്റെ അഭിപ്രായം?"

"ഹഹ. അതൊക്കെ ചോദിക്കണോ വല്യമ്മേ. ആ മുഖത്തോട്ട് ഒന്ന് നോക്കിയാൽ അറിഞ്ഞൂടെ. എന്താ ഒരു പ്രകാശം!"

ഹരി ചിരിച്ചുകൊണ്ട് തല പരമാവധി പുറത്തോട്ടു തിരിച്ചിരുന്നു. 


"നമുക്ക് എന്തായാലും ഒന്ന് രണ്ടു ദിവസം ഒരു അന്വേഷണം നടത്താം. ഞാൻ എന്റെ വഴിക്കൊന്ന് നോക്കട്ടെ വല്യമ്മേ. അത്രേം ക്ഷമിക്കാലോ ഹരിയേട്ടാ?" വിനു വേണ്ടതും കളിയാക്കികൊണ്ട് ചോദിച്ചു.


"നിനക്കൊന്നും മറുപിടി പറയാൻ ഞാനില്ല." ഹരി എഫ് എം ഓൺ ആക്കി. ഒന്ന് രണ്ടു ചാനലുകൾ മാറ്റി നോക്കി.


   പർ സാംനെ ജബ് തും ആതേഹോ 

   പർ സാംനെ ജബ് തും ആതേഹോ 

   കുച്ച് ബീ കെഹനെസെ ടർത്താഹെ 

   ഓ മേരെ സാജൻ ഓ മേരെ സാജൻ 


വോളിയം കൂട്ടികൊണ്ട് ഹരി പറഞ്ഞു. "എന്താ പാട്ട് ലെ! സാജൻ എന്ന മൂവിയിലെ അല്ലെ?"

"ഓ... എങ്ങനെ...?" വിനു കളിയാക്കികൊണ്ടു ചോദിച്ചു.

ഹരി അത് കേൾക്കാത്തപോലെ പാട്ടുകേട്ട് കണ്ണടച്ചിരുന്നു.


ഹരി രാത്രിയിൽ തന്റെ റൂമിൽ ഹെഡ്സെറ്റും വെച്ചിരിക്കുന്നു. അറിയാത്ത നമ്പറിൽ നിന്നും വാട്സ് ആപ്പ് നോട്ടിഫിക്കേഷൻ കണ്ട് ഹരിയത് ചെക്ക് ചെയ്തു. 


"ഹായ്, ഞാൻ മാലിനി ആണ്. മുരിക്കിൻപുഴ ജംഗ്ഷനിലെ പെട്രോൾ പമ്പിനടുത്തുള്ള ആൽബീസ് കഫെ അറിയുമോ? നാളെ ഉച്ചക്ക് രണ്ടുമണിക്ക് അവിടെ കണ്ടാലോ? ഫ്രീ ആയിരിക്കുമോ ആ ടൈമിൽ?"

"തീർച്ചയായും കാണാം." ഹരി മറുപിടി കൊടുത്തു. 

"ഗുഡ് നൈറ്റ്." 

ഹരിയെന്തോ പറയാൻ ടൈപ്പ് ചെയ്തെങ്കിലും പിന്നെ തിരിച്ചു ഗുഡ് നൈറ്റ് മാത്രം അയച്ചു.


അടുത്ത ദിവസം ഉച്ചക്ക് ഒന്നര മണിയോട് കൂടി വിനുവിന്റെ ബുള്ളറ്റും എടുത്ത് ആൽബീസ് കഫേയിലേക്ക് പുറപ്പെട്ടു. ഫോൺ നമ്പർ കൊടുത്തവിവരം ആരോടും പറയാത്തതിനാലും വിനുവിന്റെ കളിയാക്കൽ സഹിക്കാൻ പറ്റാത്തതിനാലും മാലിനിയെ കാണാൻ പോകുന്നു എന്ന വിവരം ആരോടും ഹരി പറഞ്ഞില്ല. 1:50 ഓട് കൂടി അവിടെ എത്തി കഫെയുടെ പുറത്തു കാത്തുനിന്നു. അഞ്ചുമിനിറ്റിൽ മാലിനിയും അവിടെ എത്തി. അവർ രണ്ടുപേരും ചുമരിനോടടുത്ത ഒരു ടേബിളിൽ സ്ഥാനം പിടിച്ചു. 


"ബാങ്കിൽ നിന്നാണോ?" ഹരി ചോദിച്ചു. 

"അതെ, ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ഇങ്ങോട്ടിറങ്ങി." മാലിനി പറഞ്ഞു.


അപ്പോഴേക്കും ഒരു വെയ്റ്റർ ഓർഡർ എടുക്കാൻ വന്നു. അവർ രണ്ട് ലൈയിം ഓർഡർ ചെയ്തു. ഒരു മിനിറ്റുനേരത്തെ നിശബ്ദതയ്ക്കു ശേഷം ഹരി സംസാരിച്ചു തുടങ്ങി.


"എന്തായാലും ഇവിടെ ആയത് നന്നായി, ഇവിടെ ആകുമ്പോ നമ്മുക്ക് മനസുതുറന്നു സംസാരിക്കാം. മാലിനിക്ക് എന്താ ചോദിക്കാൻ ഉള്ളത്? എന്താണേലും ഫ്രീ ആയി ചോദിക്കാം കേട്ടോ."


"എനിക്ക് ചോദിക്കാനല്ല. പറയാനാണുള്ളത് ഹരി. എനിക്ക് ഒരാളും ആയി അഫയർ ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നല്ല, ഉണ്ട്. സാജൻ എന്നാണു പേര്. കോളേജിൽ തൊട്ടുള്ള ബന്ധമാണ്. ഇപ്പോൾ 13 വർഷം ആയിക്കാണും. ഇപ്പോളും ഉണ്ടോ എന്ന് ചോദിച്ചാൽ എന്താണ് പറയേണ്ടതെന്നറിയില്ല. കുറെ നാളായി നേരിൽ കണ്ടിട്ട്. വല്ലപ്പോഴും മെസ്സേജസ് ഓക്കേ ഇടാറുണ്ട്." 


വെയ്റ്റർ ലൈ൦ ജ്യൂസ് അവിടെ കൊണ്ടുവന്നു വെച്ചിട്ടുപോയി. മാലിനി അതിൽ നിന്നും ഒരു സിപ് എടുത്തു. ഹരിയുടെ മുഖത്തു നീരസം തെളിഞ്ഞു കാണാം. വീണ്ടും സംസാരിച്ചു തുടങ്ങാൻ ബുദ്ധിമുട്ടുന്ന മാലിനിയെ നോക്കി ഹരി പറഞ്ഞു.


"അപ്പോൾ ഞങ്ങൾ അച്ഛനോട് ഈ ബന്ധത്തിന് ഇഷ്ടമല്ല എന്ന് പറയാൻ ആണോ?"


"എനിക്കറിയില്ല ഹരി എന്തുചെയ്യണം എന്ന്. ഇന്നലെ അവിടെ വച്ച് ഇതൊക്കെ പറയണം എന്നുണ്ടായിരുന്നു. എന്തോ അത് സാധിച്ചില്ല. പിന്നെ ഞാനും സാജനും ആയുള്ള വിവാഹം ഒരിക്കലും നടക്കില്ല. കാരണം സാജൻ ക്രിസ്ത്യൻ ആണ്. സാജന്റെ കുടുംബത്തിൽ എതിർപ്പുകളൊന്നും ഇല്ല. എന്റെ അമ്മക്കും എതിരഭിപ്രായം ഇല്ല. പക്ഷെ അച്ഛന് സമ്മതമല്ല. സാജനും കുടുംബവും ഒരുപാട് തവണ അച്ഛനെ കണ്ട് സംസാരിക്കാൻ ശ്രമം നടത്തി. ഒന്ന് സംസാരിക്കാൻ പോലും അച്ഛൻ തയാറായില്ല. ഞാൻ കുറച്ചുനാൾ അച്ഛന്റെ പുറകെ നടന്നു ഇതും പറഞ്ഞു. ആദ്യം ഒക്കെ ചീത്തയെങ്കിലും പറയുമാർന്നു. പിന്നെ പിന്നെ ഒന്നും പ്രതികരിക്കാതെയായി. പിന്നെ ഞാനും ഒന്നും ചോദിക്കാറില്ല. ഞങ്ങൾ തമ്മിൽ വല്ലപ്പോഴും ഉള്ള സംസാരങ്ങൾ ഉള്ളൂ ഇപ്പോഴും. പിന്നെ കുടുംബത്തിനെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതം എനിക്കും സാജനും താല്പര്യം ഇല്ല. അമ്മ ഈ കിടപ്പിൽ ആയിട്ട് നാലുവർഷമായി. ഒരു പക്ഷെ എന്റെ കാര്യം ഓർത്തുകൊണ്ടാണ് ആ പാവത്തിന് ഈ സ്ഥിതി വന്നത്. ആ റൂമിലേക്ക് കേറുമ്പോളെ എന്തോ ഒരു കുറ്റബോധം എന്റെ മനസിൽ വരും." നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് മാലിനി തുടർന്നു. "കഴിഞ്ഞ കുറച്ചു മാസങ്ങളായി അമ്മയുടെ നില മോശം ആയികൊണ്ടിരിക്കുന്നു. ഇനി എത്ര നാൾ എന്നുപോലും ഉറപ്പില്ല. അങ്ങനെ ഉള്ളപ്പോ ആണ് ഹരീടെ ആലോചന വരുന്നത്. ജാതകവും ചേർന്നു ഒരുപക്ഷെ നമ്മുടെ രണ്ട് കുടുംബങ്ങളിലെയും എല്ലാവർക്കും ഈ ബന്ധം താല്പര്യം ഉണ്ട്. ഞാൻ ഇതല്ലെങ്കിൽ വേറൊരു കല്യാണത്തിന് ഇന്നല്ലെങ്കിൽ നാളെ തയ്യാറാകേണ്ടിവരും. പക്ഷെ അതൊരിക്കലും സത്യങ്ങൾ മറച്ചുവെച്ചാകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്. ഇപ്പോൾ തന്നെ ഒരുപാട് പേര് ഞാൻ കാരണം വിഷമിക്കുന്നു. ഇനി ഹരിയുടെ കുടുംബം കൂടി വിഷമിക്കരുത്. ഒരുപക്ഷെ സാജൻ എന്റെ മനസ്സിൽ നിന്നും പോകാൻ സമയം എടുത്തേക്കാം. അതൊക്കെ അറിയുന്ന ഒരാളെ വിവാഹം കഴിക്കാവൂ എന്ന് തോന്നി. അത് തന്നെയാണ് സാജനും എന്നോട് പറഞ്ഞത്. തീരുമാനം ഹരിയുടേതാണ്." മാലിനി പറഞ്ഞു നിർത്തി. ബാക്കിയുള്ള ലൈയിം കുടിച്ചുതീർത്തു. എന്നിട്ടു ഹരിയെ നോക്കി. ഹരിയുടെ മുഖവും മനസ്സുപോലെ കലുഷിതമായിരുന്നു. കുറച്ചുനേരത്തെ ചിന്തക്ക് ശേഷം അയാൾ പറഞ്ഞുതുടങ്ങി.


"മാലിനി ഒരുപാട് കാര്യങ്ങൾ പറഞ്ഞു. എനിക്ക് ഇപ്പോൾ ഒരു മറുപിടിയില്ല. ഞാൻ ആലോചിച്ചിട്ട് പറയാം. എന്നെപ്പറ്റി കൂടുതലൊന്നും ചോദിക്കാനില്ലെങ്കിൽ നമുക്ക് ഇറങ്ങിയാലോ?"


ഹരി തന്റെ മുഖത്തുള്ള വിഷമം മറയ്ക്കാൻ ശ്രമിച്ചു. കൗണ്ടറിൽ ബില് അടച്ചു പുറത്തോട്ട് ഇറങ്ങി. ഹരിയുടെ മുഖം ശ്രദ്ധിച്ച മാലിനി എന്തോ പറയാൻ വന്നു. പിന്നെ അത് വേണ്ടെന്നുവെച്ചു. ഹരി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് പുറത്തോട്ട് പോയി. മാലിനി ഹരിയെ നോക്കിനിന്നു.

രാത്രിയിൽ തന്റെ മുറിയിൽ ഹരി വളരെ അസ്വസ്ഥനായി കാണപ്പെട്ടു. അമ്മ റൂമിലേക്ക് വന്നു.


"എടാ, നമുക്ക് കാര്യങ്ങൾ ഒക്കെ ഒന്ന് വേഗത്തിൽ ആക്കണ്ടേ? വിനു അന്വേഷിച്ചാർന്നോ? നീ അവനോടു ചോദിച്ചോ?"


ഹരി ഒന്നും മിണ്ടാതെ അമ്മയെ നോക്കി. അവന്റെ മുഖത്തുള്ള വിഷമം അമ്മ വായിച്ചെടുത്തു. 


"നിനക്ക് എന്താ പറ്റിയത്? എന്തെങ്കിലും കുഴപ്പമുണ്ടോ അമ്മയോട് പറ."


"അമ്മെ ചിലകാര്യങ്ങൾ ഉണ്ട്. പക്ഷെ ഞാൻ കുറച്ചൂടെ അന്വേഷിച്ചു വിശദമായി അമ്മയോട് പറയാം. രണ്ടു ദിവസം വേണം എനിക്ക്. അമ്മയുടെ പ്രതീക്ഷകൾ ഒരുപാട് ഉയരണ്ടാ എന്നു കരുതിയാണ് ഇപ്പോ ഇത് പറഞ്ഞത്."


അമ്മയുടെ മുഖത്തു മ്ലാനത പരന്നു. "നീ ആലോചിക്ക്. എല്ലാം അന്വേഷിച്ചട്ടു മതി." അമ്മ അവിടെ നിന്നും പോയി. 


ഹരി കുറച്ചുനേരം കണ്ണടച്ച് അന്ന് മാലിനിയുമായുണ്ടായ സംഭാഷണം ആലോചിച്ചിരുന്നു.


പിറ്റേന്നു രാവിലെ ഉറങ്ങിയെഴുനേറ്റപ്പോൾ തന്നെ ഹരിയുടെ മനസിന് ഒരു ആശ്വാസം അനുഭവപെട്ടു. തലേന്നു മാലിനിക്ക് ഒരു ബൈ പോലും പറയാതെ അവിടെ നിന്നും ഇറങ്ങിപ്പോന്നത് മോശം ആയി തോന്നി. അയാൾ മാലിനിക്ക് ഒരു വോയിസ് മെസ്സേജ് ഇട്ടു.


"ഇന്നലെ പെട്ടെന്ന് കേട്ടപ്പോൾ എന്തോ ഒരു വിഷമം തോന്നി. അതുകൊണ്ട് തിരിച്ചിറങ്ങിയപ്പോൾ ബൈ പോലും പറയാൻ ഒത്തില്ല. എന്റെ പെരുമാറ്റം മോശമായി തോന്നിയെങ്കിൽ സോറി. പിന്നെ ഈ സാജന്റെ വീട് എവിടെയാണ്? ഞാൻ പുള്ളിയുമായി സംസാരിക്കുന്നതിൽ ബുദ്ധിമുട്ടില്ലെങ്കിൽ അഡ്രസ് പറയാമോ?"


പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു റെഡിയായി വന്നപ്പോളേക്കും മാലിനി സാജന്റെ അഡ്രസ് ഇട്ടിരുന്നു. ഹരി ഉടനെത്തന്നെ വിനുവിന്റെ വീട്ടിലേക്ക് പോയി.


"എടാ നിനക്ക് കോട്ടപ്പുറത്തിനടുത്തുള്ള തേഞ്ഞിക്കടവ് ബസ്റ്റോപ് അറിയുമോ?" ഹരി ചോദിച്ചു. 


"ആ അറിയാം. ഇവിടെ നിന്നും ഒരു 20 മിനിറ്റ് എടുക്കും. എന്താകാര്യം?" വിനു ചോദിച്ചു. 


"നീ എന്റെകൂടെ അവിടെവരെ ഒന്ന് വായോ. ഒരാളെ കാണാൻ ഉണ്ട്."


"ഹരിയേട്ടാ, ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പുറപ്പെടുവാർന്നു. കുഴപ്പമില്ല ഞാൻ ഹരിയേട്ടനെ അവിടെ ഡ്രോപ്പ് ചെയ്താൽ പോരെ?"


"അത് മതിയെടാ, ഞാൻ തിരിച്ചുവന്നോളാം." 


അവർ വിനുവിന്റെ വണ്ടിയിൽ കേറി യാത്ര തുടങ്ങി. 


"ഹരിയേട്ടാ, ഇന്നലെ തൊട്ട് വളരെ വിഷമത്തിൽ ആണല്ലോ? അന്ന് പെണ്ണുകാണൽ കഴിഞ്ഞുകണ്ട മുഖം അല്ല ഇന്നലെ വണ്ടി തരാൻ വന്നപ്പോൾ കണ്ടത്. എന്തുപറ്റി?"


"അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലെടാ. എന്നാൽ ഒരു ചെറിയ കാര്യം ഉണ്ട്." ഒന്ന് നിർത്തിക്കൊണ്ട് ഹരി തുടർന്നു. "മാലിനിക്ക് ഒരു അഫൈർ ഉണ്ട്. ഒരു സാജൻ തോമസ്." 


"ഹോ, ഇതാരാ പറഞ്ഞത്?"


"അത് മാലിനി തന്നെ. ഇന്നലെ ഞാൻ പോയത് അവളെ കാണാൻ ആണ്."


"ഓക്കെ, അപ്പൊ അതാണ് പ്രോബ്ലം അല്ലെ. ഞാൻ ഒരു കാര്യം പറയാം ഹരിയേട്ടാ. നമ്മൾ അന്ന് പെണ്ണുകാണാൻ പോയപ്പോൾ ഞാൻ ഒരു കടയിൽ കേറി വീട് ചോദിച്ചില്ലേ? ആ കടക്കാരൻ പറഞ്ഞത് പെണ്ണ് ഒളിച്ചോടിപ്പോയതാണ് എന്നൊക്കെയാണ്. അയാളെ കണ്ടപ്പോൾ ഒരു അസ്സൽ കല്യാണം മുടക്കി ലുക്ക് തോന്നി. അതുകൊണ്ടാണ് ഹരിയേട്ടനോട് അത് പറയാഞ്ഞത്." 


"അങ്ങനെ ഒളിച്ചോട്ടം ഒന്നും അല്ലടാ. ഞാൻ എല്ലാം പറയാം. ആദ്യം സാജനെ ഒന്ന് കാണട്ടെ. സ്ഥലം എത്താറായോ?" ഹരി ചോദിച്ചു. 


"ഓഹോ, സാജനെ കാണാൻ ആണോ? ദാ കാണുന്ന ബസ്റ്റോപ് ആണ്." വിനു ഹരിയെ അവിടെ ഇറക്കി വണ്ടിതിരിച്ചു. ഹരി അവിടെ കണ്ട ഒരു ബേക്കറിയിൽ കയറി വീട് തിരക്കി. പറഞ്ഞതനുസരിച്ചു കുറച്ചുദൂരം ചെന്നപ്പോൾ വീട് കണ്ടു. അയാൾ വാതിലിനു അപ്പുറത്തായി കണ്ട കാളിങ് ബെൽ അമർത്തി. 60 നോടടുത്ത പ്രായം തോന്നുന്ന ഒരു സ്ത്രീ വന്നു വാതില്തുറന്നു.


"സാജൻ ഇല്ലേ?" ഹരി ചോദിച്ചു.


അമ്മ ഹരിയോട് കയറിയിരിക്കാൻ പറഞ്ഞിട്ട് അകത്തോട്ട് പോയി. അല്പ സമയത്തിനകം സാജൻ അവിടേക്കുവന്നു. ഗസ്റ്റ് റൂമിലിരിക്കുന്ന ഹരിയെക്കണ്ടു.


"ആ ഹരിയല്ലേ?" സാജൻ ചോദിച്ചുകൊണ്ട് വന്ന് കസേരയിൽ ഇരുന്നു.


"അതെ. സാജന് എന്നെ എങ്ങനെ അറിയാം?"


"അമ്മേ ചായ എടുക്കു." അമ്മ അകത്തോട്ടുപോയി. 


"ആ മാലിനി ഹരിയുടെ കാര്യം പറഞ്ഞിരുന്നു. അപ്പോൾ തന്നെ ഞാൻ ഫേസ്ബുക്കിൽ കയറിനോക്കിയാർന്നു. ഒരു പഴയ ഫോട്ടോ കണ്ടാർന്നു."


"ഓ, അതിൽ ഈ കോലം ആയിട്ടില്ല അല്ലെ?" മുടി നെറ്റിയിൽ ഇറക്കിക്കൊണ്ട് ഹരി തുടർന്നു. "കാര്യങ്ങൾ എല്ലാം മാലിനി എന്നോട് സംസാരിച്ചു. അപ്പോൾ സാജനെ വന്നോന്നുകാണണം എന്നുതോന്നി. അതാ വന്നത്. സാജൻ ഇറങ്ങാറായെങ്കിൽ ഞാൻ വൈകീട്ട് വരാം." 


"അത് സാരമില്ല ഹരി. പറഞ്ഞോളു. ഇന്ന് കുറച്ചു വൈകിയാലും കുഴപ്പമില്ല. പിന്നെ ഹരിയെ ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമെന്നു എനിക്കും ആഗ്രഹം ഉണ്ടായിരുന്നു." 


"ഓക്കെ താങ്ക്സ്. എവിടാ സാജൻ ജോലിചെയ്യുന്നത്?" 


അമ്മ ചായയും ആയി വന്നു. ഹരി ചിരിച്ചുകൊണ്ട് അത് വാങ്ങി.


"മുംബൈ ബേസ്ഡ് കമ്പനിയിൽ സിവിൽ എഞ്ചിനീയർ ആണ്. കുറച്ചുനാൾ മുംബൈയിൽ ആയിരുന്നു, അപ്പൻ മരിച്ചപ്പോൾ ഇങ്ങോട്ടു ട്രാൻസ്ഫർ വാങ്ങി. ഇവിടെ ഇപ്പോൾ 3 വർഷമായി." 


"ഹോ ഓക്കേ. സാജൻ വേറെ വിവാഹം ഒന്നും?" ഹരി പറഞ്ഞു തീർക്കുമ്പോളേക്കും സാജന്റെ അമ്മയുടെ നെടുവീർപ്പ് കേൾക്കാൻ ഇടയായി. അവർ കരഞ്ഞുകൊണ്ട് ഉള്ളിലോട്ട് പോയി. ഹരി എന്തെന്നില്ലാത്ത കുറ്റബോധത്തിൽ സാജനെ നോക്കി.


"അയ്യേ അത് സാരമില്ല. അമ്മക്കു കരയാൻ പ്രത്യകിച്ചു ഒന്നും വേണ്ടാ. അമ്മേ ആ ബാഗ് എടുത്തേ, ഞാനും ഹരിയും ഇറങ്ങട്ടെ." സാജൻ ഹരിയോട് കണ്ണടച്ചു കാണിച്ചു എന്നിട്ടു ചിരിച്ചു. ബാഗും വാങ്ങി അമ്മയോട് ബൈ പറഞ്ഞ് സാജന്റെ കാറിൽ പുറത്തോട്ട് നീങ്ങി. 


"സാജൻ, ഞാൻ അമ്മയുണ്ടെന്നോർക്കാതെയാണ് ചോദിച്ചത്. സോറി." ഹരി പറഞ്ഞു. 


"അത് സാരമില്ല, ഹരി. ഇന്ന് രാവിലെ കൂടി എന്റെ കല്യാണo പറഞ്ഞു തർക്കിച്ചേ ഉള്ളു. മക്കളുടെ കല്യാണവും അമ്മമാരുടെ കണ്ണീരും തമ്മിലുള്ള ബന്ധം ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ ഹരിക്ക് അറിയുമായിരിക്കുമല്ലോ?" സാജൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഹരിയും ചിരിച്ചു.


അപ്പോഴേക്കും വണ്ടി ആൽബീസ് കഫേയുടെ അടുത്തെത്തിയിരുന്നു. അവിടെ വണ്ടി പാർക്ക് ചെയ്ത് അവർ രണ്ടുപേരും ആൽബീസ് കഫേയിലെ ഒരു ടേബിളിൽ മുകാമുഖം ഇരുന്നു. 


"സാജന് ഓഫീസിൽ ലേറ്റ് ആകുമോ?"


"ഏയ് വീട്ടിൽ ഇരുന്നാൽ അമ്മ എന്തേലും കേൾക്കും. പിന്നെ രാത്രി ഞാൻ തന്നെ കാണണം കണ്ണീരു. അതുകൊണ്ടാ ഇങ്ങോട്ട് പൊന്നെ." സാജൻ പറഞ്ഞു.


"ഹിഹി. ഒക്കെ ഒക്കെ. ഇവിടെയാണ് ഞാനും മാലിനിയും ഇന്നലെ കണ്ടത്." മുഖത്ത് ഒരു ചോദ്യഭാവവുമായി ഹരി സാജനെ നോക്കികൊണ്ട് പറഞ്ഞു.


വെയ്റ്റർ വന്ന് ഓർഡർ എടുത്തുപോയി. 


"ആ പറഞ്ഞു. സംശയിക്കണ്ട ഇവിടെ ഞങ്ങൾ പണ്ടുമുതലേ വരാറുണ്ട്. കോളേജ് കഴിഞ്ഞതിനു ശേഷം ഞങ്ങളുടെ പ്രധാന ഹൈഡ് ഔട്ട് ഇതായിരുന്നു. ഇവിടെ ആകുമ്പോ ഒരു ശല്യവും ഇല്ല. കാരണം ഇവിടത്തെ ഫുഡ് അത്രേം ബോറാണ്." സാജൻ ശബ്ദം താഴ്ത്തി ചിരിച്ചുകൊണ്ട് പറഞ്ഞു. "ദാ ആ കാണുന്ന ടേബിൾ ആണ് ഞങ്ങളുടെ സ്ഥിരം ടേബിൾ." തൊട്ടപ്പുറത്തെ സീറ്റ് കാണിച്ചുകൊണ്ട് സാജൻ പറഞ്ഞു. 


"ഞങ്ങൾ ഇന്നലെ ഇരുന്നത് അതിനു അടുത്ത സീറ്റിൽ ആയിരുന്നു. ഇപ്പോൾ അല്ലെ ഒഴിഞ്ഞ ആ സീറ്റിൽ ഇരിക്കാത്തതിന്റെ കാര്യം മനസിലായത്." ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.


സാജനും ചിരിച്ചുകൊണ്ട് അവരുടെ ടേബിളിലേക്ക് കുറച്ചു നേരം നോക്കിയിരുന്നു. ഓർമ്മകൾ അയാളുടെ മുഖത്തെ ചിരിക്കു മാറ്റുകൂട്ടി. യാഥാർഥ്യങ്ങളുടെ തിരിച്ചുവരവ് അയാളുടെ ചിരി പതിയെ മാച്ചു കളഞ്ഞു.


"കോളേജ് തൊട്ടുള്ള പ്രണയം, അല്ലെ?" ഹരി ചോദിച്ചു.


"അതെ ഹരി. ഞങ്ങൾ ക്ലാസ്സ്മേറ്റ്സ് ആയിരുന്നു. ആദ്യം തുടങ്ങിയ സൗഹൃദം പിന്നെപ്പോള്ളോ പ്രണയമായി മാറി. അധികം ആളുകൾക്കൊന്നും അറിയില്ലാരുന്നു. ആ സമയത്ത് എല്ലാർക്കും ഞങ്ങളെ മനസിലാകും എന്നുള്ള വിശ്വാസം ഞങ്ങൾക്ക് ഉണ്ടാർന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല. എല്ലാർക്കും അവരവരുടേതായ നിയമങ്ങൾ ഉണ്ടല്ലോ? അവസാനമായി നേരിൽ കണ്ടത് ഇവിടെവെച്ചുതന്നെയാണ്. 3 വർഷം ആയിക്കാണും. പിന്നീട് ഞാൻ ഇവിടെ ഇടക്കൊക്കെ വരാറുണ്ട്. വരുമ്പോൾ ആദ്യം ആ സീറ്റിലേക് നോക്കും. അവൾ അവിടെ ഉണ്ടാകില്ല എന്നറിഞ്ഞിട്ടും." കുറച്ചുനേരത്തെ മൗനത്തിനുശേഷം സാജൻ തുടർന്നു. "പിന്നീട് വല്ലപ്പോഴും ഫോണിൽ സംസാരിക്കും. ക്രമേണ മെസ്സേജസ് മാത്രം ആയി. കാണാനും സംസാരിക്കാനും താല്പര്യം ഇല്ലാഞ്ഞിട്ടല്ല ഹരി. ഒരോ തവണ കാണുമ്പോളും കൂടുതൽ അടുക്കുന്നതായിട്ടേ തോന്നിയിട്ടുള്ളു." അതുവരെ മൂടിയിട്ടിരുന്ന അയാളുടെ വിഷമങ്ങൾ എല്ലാം നേർത്തചിരിയുടെ പുതപ്പുമാറ്റി സാജന്റെ മുഖത്തു കാണാമായിരുന്നു.


വെയ്റ്റർ ലൈയിം കൊണ്ടുവന്നു വെച്ചു. സാജൻ അതിൽ നിന്നും ഒരു സീപ്പെടുത്തു ഹരിയെ നോക്കി. എന്നിട്ട് തുടർന്നു.


"ഞാൻ ഇതൊക്കെ ഹരിയോട് എന്തിനാ പറയുന്നതെന്നെനിക്കറിയില്ല. എനിക്കെന്തോ ഹരിയോട് പറയാൻ തോന്നി. പക്ഷെ അത് ശരിയാണോ എന്നറിയില്ല. കാരണം ചിലപ്പോൾ ഹരിയുടെ ഭാര്യ ആകേണ്ട ആളാണ് മാലിനി."


"അങ്ങനെ പറയല്ലേ സാജൻ. എന്നെ നിങ്ങളുട ഒരു സുഹൃത്തായി കണ്ടാൽ മതി. പിന്നെ പ്രണയം എന്നത് ഒരു തെറ്റല്ലലോ... മാലിനിയുട അച്ഛൻ ആണോ എതിർപ്പ്?"


"ആദ്യം എല്ലാവർക്കും എതിർപ്പുണ്ടായിരുന്നു. പിന്നീട് അപ്പനേം അമ്മയെയും ഒരു വിധത്തിൽ ഞാൻ സമ്മതിപ്പിച്ചു. മാലിനിയുടെ വീട്ടിലും അമ്മയ്ക്ക് എതിർപ്പില്ലാർന്നു. പക്ഷെ അവളുടെ അച്ഛന് ഒരിക്കലും ഈ ബന്ധം അംഗീകരിക്കാൻ പറ്റുമായിരുന്നില്ല. അപ്പനും അമ്മയും ഒന്നു രണ്ടുതവണ മാലിനിയുടെ അച്ഛനെ കാണാൻ ശ്രമിച്ചു. അവരെ അപമാനിച്ചു ഇറക്കിവിടുകയാണ് ചെയ്തത്. ഞാനും ഒന്നോ രണ്ടോ തവണ സംസാരിക്കാൻ ശ്രമിച്ചു. എന്നോടൊന്നും സംസാരിക്കാൻ ഇല്ലെന്നാണ് പറഞ്ഞത്. മാലിനി പിന്നീടും ശ്രമം നടത്തിക്കൊണ്ടിരുന്നു. എന്നും ഇതുപറഞ്ഞു കരച്ചിൽ ആയപ്പോൾ ഞാനാ പറഞ്ഞത് ഇനി ഒന്നും വേണ്ടായെന്ന്. ഫാമിലിയെ വിഷമിപ്പിച്ചു എന്തെങ്കിലും ചെയ്യുന്നതിനോട് ഞങ്ങൾക്കും താല്പര്യ൦ ഇല്ലായിരുന്നു. കുറച്ചുനാളുകൾക്ക് ശേഷം ഇപ്പോൾ ഹരിയുടെ കേസ് വന്നപ്പോളാണ് മാലിനി എന്നെ കോൺടാക്ട് ചെയ്തത്. ഞാനാണ് നല്ല കേസ് ആണെങ്കിൽ മുന്നോട്ടുപോകാൻ പറഞ്ഞത്. അവൾക്ക് ഒരു നല്ല ജീവിതം ഉണ്ടാകണം. നടക്കാത്ത കാര്യത്തിനുവേണ്ടി എത്രനാൾ എന്ന് വെച്ചാണ്..." സാജൻ മുഴുവിപ്പിക്കാതെ നിർത്തി.


"അപ്പോൾ സാജൻ അതുകഴിഞ്ഞു മാര്യേജ് നോക്കാൻ ആണോ?" ഹരി ചോദിച്ചു.


അയാൾ അതിനു ഉത്തരം നല്കാതെ പുറത്തോട്ടുനോക്കി. എന്നിട്ടു പറഞ്ഞു.


"ഹരി നല്ല ആളാണ്. ഞാനും മാലിനിയും ആയുണ്ടായിരുന്ന അടുപ്പം പ്രശ്നമാകില്ലെങ്കിൽ ഇതിനു സമ്മതിക്കണം. മാലിനി നല്ല കുട്ടിയാണ് ഹരി. അവൾക്ക് ഒരു നല്ല ജീവിതം കിട്ടണം."


"ആലോചിക്കാൻ ഒരുപാടുണ്ട് സാജൻ. ഒരുപാടുപേരുടെ കണ്ണീരു വീണതല്ലേ? എന്തായാലും നമുക്കിനിയും കാണാം. മാലിനിക്ക് ഒരു നല്ല ജീവിതം ലഭിക്കണം. അത് തന്നെയാണ് എന്റെയും ആഗ്രഹം." ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു. 


അവർ ബില്ല് കൊടുത്ത് അവിടെ നിന്നും ഇറങ്ങി. ഹരി സാജനെ പറഞ്ഞയച്ചശേഷം കുറച്ചുനേരം ആൽബീസ് കഫേ നോക്കിനിന്നു. എന്നിട്ട് എന്തോ മനസ്സിൽ ഓർത്തു മന്ദഹസിച്ചു. അവിടെ നിന്നും ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്കു പോയി.


രാത്രി മുറിയിലിരിക്കുന്ന ഹരിയുടെ അടുത്തേക്ക് അമ്മ വന്നു. അമ്മയുടെ മുഖത്ത് ഒരുപാട് ചോദ്യങ്ങളും നിഴലിച്ചുകാണാം. 


"ഹരി, എന്താ മോനെ പ്രശ്നം? നിനക്ക് ആ കുട്ടിയെ ഇഷ്ടമായില്ലേ? അതോ വേറെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?" 


"ഞാൻ ആ കുട്ടിയുമായി സംസാരിച്ചു അമ്മേ. മാലിനിക്ക് വേറേ ഒരാളുമായി അടുപ്പം ഉണ്ട്. അത് 13 വർഷങ്ങൾ ആയുള്ള ബന്ധമാണ്." ഹരി പറഞ്ഞു.


"ഹോ അങ്ങനെ ആണോ? എന്നാൽ ഇത് നമുക്ക് വേണ്ടാ മോനെ." അമ്മ പറഞ്ഞു.


കിടക്കയിൽ കിടന്നിരുന്ന അമ്മയുടെ മൊബൈൽ ഹരി അമ്മയ്ക്കുനേരെ നീട്ടി. 


"ദാ മാട്രിമോണി ഇതിൽ ഇട്ടിട്ടുണ്ട്. ഇനി എത്രവേണേൽ നോക്കിക്കോ." ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. 


ചിരിയടക്കി പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു, "ഇതെങ്ങനെ ആണെന് കാണിച്ച് താടാ?"


ഹരി മാട്രിമോണി ആപ് ഉപയോഗിക്കുന്നത് പഠിപ്പിച്ചുകൊടുത്തു. 


"അമ്മേ , ഈ കാര്യം ഇപ്പോൾ വേറെ ആരും അറിയണ്ട. ഞാൻ മാലിനിയുടെ അച്ഛനൊട് നേരിട്ട് സംസാരിച്ചോളാം," ഹരി പറഞ്ഞു.


അമ്മ സമ്മതം മൂളി. അവിടെ നിന്നും പോയി. ഹരി ഫോൺ എടുത്ത് മാലിനിയുടെ അച്ഛനെ വിളിച്ചു.


അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടി ഹരി ആൽബീസ് കഫേയിൽ എത്തി. അഞ്ചുമിനിട്ടിനുള്ളിൽ മാലിനിയുടെ അച്ഛനും അവിടെയെത്തി. ഹരി അദ്ദേഹത്ത സാധാരണ മാലിനിയും സാജനും ഇരിക്കാറുള്ള ടേബിളിന്റെ ഇടതുവശത്തുള്ള ടേബിളിൽ ഇരുത്തി. 


"എന്താ ഹരി കാണണം എന്ന് പറഞ്ഞത്?"


"ഒന്നുമില്ല, അങ്കിൾ. ഒന്ന് സംസാരിക്കണം എന്ന് തോന്നി."


"എന്തുണ്ടെലും പറഞ്ഞോ മോനെ." മാലിനിയുടെ അച്ഛൻ പറഞ്ഞു.


"മാലിനിയും ആയി ഞാൻ സംസാരിച്ചിരുന്നു.സാജനുമായുള്ള അഫയർനെ പറ്റി എന്നോട് എല്ലാം പറഞ്ഞു."


മുഖത്തു വന്ന ജാള്യത മറച്ചുകൊണ്ട് മാലിനിയുടെ അച്ഛൻ പറഞ്ഞു. "അതൊക്കെ കോളേജ് ടൈമിൽ ആർക്കും ഉണ്ടാകുന്ന ഒരു ഇൻഫാൿച്ചുവേഷൻ അല്ലെ? അതൊക്കെ ഇത്ര പറയാൻ ഉണ്ടോ എന്ന് കരുതിയാ ഞാൻ മോനോട് ഒന്നും പറയാതിരുന്നത്." 


"ഇൻഫാൿച്ചുവേഷൻ..." ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു. "അങ്കിളേ, ഇൻഫാൿച്ചുവേഷൻ 13 വർഷം ആയിട്ടും അവരുടെ മനസ്സിന്നു പോയിട്ടില്ല."


അയാൾ വീണ്ടും വല്ലാതായി. "അവൾ ഈ കല്യാണത്തിന് റെഡി അല്ല എന്ന് പറഞ്ഞോ? അതോ മോന് ഇതുകാരണം ഇഷ്ടക്കേടുണ്ടോ?"


"ഒരു അഫയർ മാലിനിക്ക് ഉണ്ടായിരുന്നു എന്നുള്ളത് എനിക്ക് വിഷയമല്ല. പക്ഷെ മാലിനിയുടെ മനസിൽ സാജൻ മാത്രമേ ഇപ്പോൾ ഉള്ളു എന്നുള്ളത് വിഷയമാണ്. സാജന്റെ മനസ്സിൽ മാലിനി മാത്രമേ ഉള്ളു എന്നുള്ളതും വിഷയമാണ്. അവരുടെ രണ്ടുപേരുടെയും ജീവിതത്തിൽ ഞാൻ ഒരു വില്ലനായി വരുന്നതും വിഷയമാണ്." 


കുറച്ചുനേരത്തേക്ക് അവിടെ നിശബ്ദത പരന്നു. അതിനെ മുറിച്ചുകൊണ്ട് മാലിനിയുടെ അച്ഛൻ സംസരിച്ച് തുടങ്ങി. 


"ഓക്കെ. ഹരിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലായെന്ന് മനസ്സിലായി. കൂടുതൽ ഒന്നും ഹരിയിൽ നിന്നും കേൾക്കാനും ഇല്ല. എന്നാൽ പിന്നെ കാണാം." മാലിനിയുടെ അച്ഛൻ അവിടെനിന്നും ഇറങ്ങാൻ ഒരുങ്ങി.


"അങ്കിൾ പ്ലീസ്. കുറച്ചുനേരം ഞാൻ പറയുന്നത് അങ്കിൾ കേൾക്കണം. ഇത് ഇനി ആരും അങ്കിളിനോട് പറയാൻ പോകുന്നില്ല. എന്നോട് ഇതൊന്നും ആരും പറയാനും ഏല്പിച്ചതല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ആദ്യം മാലിനിയായും പിന്നീട് സാജനായും സംസാരിച്ചിരുന്നു. ആവരോട് സംസാരിച്ചു തീരുന്നത് വരെ ഞാൻ എന്റെ കാര്യം മാത്രമാണ് ചിന്തിച്ചിരുന്നത്. പക്ഷെ അവരുടെ സ്നേഹം എന്താണെന്നറിഞ്ഞപ്പോ, അത് അവർ ഇനി ഒരിക്കലും അങ്കിളിനോട് പറഞ്ഞുവരില്ല എന്നറിഞ്ഞപ്പോൾ ആണ് ഞാൻ അങ്കിളിനോട് സംസാരിക്കാൻ തീരുമാനിച്ചത്." 


"ഹരിക്കു ഇപ്പോൾ പലതും തോന്നാം. ഞാൻ ജാതിയോ മതമോ മറക്കാം. പക്ഷെ ഈ സമൂഹത്തിൽ ഇനിയും ഇടപഴകേണ്ടത് മാതാപിതാക്കളാണ്. എന്റെ സമ്പാദ്യങ്ങൾ മുഴുവൻ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. അതിൽ ഏറ്റവും വലുത് എന്റെ അഭിമാനം ആണ്. സമൂഹത്തിൽ നിന്നും ലഭിക്കുന്ന ബാഹുമാനം ആണ്. അതൊന്നും തനിക്കു ഈ പ്രായത്തിൽ മനസ്സിലാകില്ല." അയാൾ പറഞ്ഞു നിർത്തി.


"അങ്കിളിനു ഒരു കാര്യം അറിയുമോ? ഞങ്ങൾ അന്ന് മാലിനിയെ കാണാൻ വന്ന ദിവസം വീടിന്റെ അടുത്തുള്ള ജംഗ്ഷനിൽ വഴി ചോദിച്ചിരുന്നു. കല്യാണ പാർട്ടി ആണെന്ന് മനസ്സിലാക്കിയിട്ടായിരിക്കണം അയാൾ പറഞ്ഞത് മാലിനി ഒരിക്കൽ ഒളിചോടി പോയതാണെന്നാണ്. ഇങ്ങനെയൊക്കെയാണ് ഈ സമൂഹത്തിലെ ചിലരുടെ അഭിപ്രായങ്ങൾ. മോശം പറയാൻ തീരുമാനിച്ചവൻ അത് പറയുക തന്നെ ചെയ്യും. ഇവരെപോലെ ഉള്ളോരേ കൊണ്ട് നല്ലതുപറയാൻ ശ്രമിക്കണോ അതോ അങ്കിളിന്റെ മകൾക്ക് ഒരു നല്ല ജീവിതം വേണോ എന്നുള്ളത് അങ്കിൾ തീരുമാനിക്കൂ." ഒരു മിനിറ്റു നേരത്തെ മൗനത്തിനുശേഷം ഹരി തുടർന്നു. "അങ്കിൾ സാജനോട് ഒന്ന് സംസാരിച്ചു നോക്കീട്ടുണ്ടോ? പലതവണ അയാൾ ശ്രമിച്ചതല്ലേ അങ്കിളേ? ഒരുതവണ ഒരൊറ്റ തവണ ആ ചെറുപ്പക്കാരനോട് സംസാരിച്ചു നോക്കാമായിരുന്നില്ലേ? എന്നിട്ട് അങ്കിളിനു ഇഷ്ടപ്പെട്ടില്ലെങ്കിൽ മനസിലാക്കാം. അങ്കിൾ മാലിനിയുടെ മനസ്സിൽ എന്താണെന്നു ചോദിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും അവളെ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?" 


മാലിനിയുടെ അച്ഛൻ വളരെയധികം വ്യാകുലനായി കാണപ്പെട്ടു. ഹരി തുടർന്നു.


"അവർക്കു രണ്ടുപേർക്കും നല്ല ജോലിയുണ്ട്. അവർക്ക് വേണമെങ്കിൽ സ്വന്തം ജീവിതം നോക്കി പോകാമായിരുന്നു. അവർ അങ്ങനെ ഒരിക്കലും ചെയ്തില്ല. കാരണം കുടുംബങ്ങളെ വേദനിപ്പിച്ചു ഒരു ജീവിതം അവർക്കു താല്പര്യം ഇല്ല. മിനിങ്ങാന്നു മാലിനിയോട് ഞാൻ സംസാരിച്ചത് ഇവിടെയിരുന്നാണ്. അവൾ പറഞ്ഞത് കല്യാണത്തിന് സമ്മതമാണെന്നാണ്. കാരണം കുടുംബത്തിലെ എല്ലാവർക്കും ഇഷ്ടമായി. പക്ഷെ അവൾ കാരണം എന്റെ കുടുംബത്തിൽ ഒരു വിഷമം ഉണ്ടാകരുത് എന്നുണ്ട്. അതുകൊണ്ട് അവൾ എല്ലാം തുറന്നു പറഞ്ഞു. സാജനും എന്നോട് മാലിനിയെ വിവാഹം കഴിക്കാൻ തന്നെ പറഞ്ഞു. കാരണം അവരുടെ വിവാഹം കുടുംബത്തിന്റെ സമ്മതത്തോടെ ഒരിക്കലും നടക്കില്ല എന്ന് അറിയാവുന്നതുകൊണ്ട്. കുടുംബം അല്ല, അങ്കിളിന്റെ സമ്മതത്തോടെ." ഹരി തിരുത്തി.


"നീ എന്താ പറഞ്ഞു വരുന്നതെന്ന് എനിക്ക് അറിയേണ്ട കാര്യ ഇല്ല. എന്റെ വീട്ടിലെ തീരുമാനങ്ങൾ വഴിയിലിട്ട് വിഴുപ്പലക്കാൻ ഉള്ളതല്ല. അത് ഞാൻ തീരുമാനിക്കും." അയാൾ പോകാൻ എഴുന്നേറ്റു.


"അങ്കിൾ പ്ലീസ്. ഇത് അങ്കിളിന്റെ ജീവിതം മാത്രമല്ല. സാജൻ, സാജന്റെ അമ്മ, മാലിനി അങ്ങനെ ഒരുപാടുപേരുടെ ജീവിതമാണ്. ഒരുപക്ഷെ മാലിനിയുടെ അമ്മയുടെ ജീവിതം പോലും ഇങ്ങനെയൊക്കെ..."


ഹരി പറഞ്ഞുമുഴുവിക്കുന്നതിനു മുൻപ് മാലിനിയുടെ അച്ഛൻ ടേബിളിൽ അരിശംകൊണ്ട് ഉറക്കെയടിച്ചു. കണ്ണുകൾ ദേഷ്യംകൊണ്ട് ചുമന്നു.


"നീ പറഞ്ഞു വരുന്നത് എന്റെ ഭാര്യയുടെ ഈ അവസ്ഥക്ക് കാരണം ഞാൻ ആണെന്നാണോ? മതി നിന്റെ ഉപദേശം." അയാൾ അരിശത്തിൽ വിറച്ചുകൊണ്ട് അവിടെ നിന്നും നടന്നു നീങ്ങി.


ഹരി അവിടെ നിന്ന് പതുക്കെ നടന്ന് ബില്ല് കൊടുത്തു. അപ്പോളേക്കും കഫേയുടെ വാതിൽക്കൽ നിന്ന ഒരു ജോലിക്കാരൻ പുറത്തേക്ക് ചൂണ്ടി ഹരിയെ വിളിച്ചു. അവിടേക്കു ചെന്നപ്പോൾ കണ്ടത് നിലത്തു വീണ് കിടക്കുന്ന മാലിനിയുടെ അച്ഛനെയാണ്. നെറ്റിയിൽനിന്നും ചോര പൊടിയുന്നുണ്ട്. ഹരി അയാളെ താങ്ങിപ്പിടിച്ച് തന്റെ കാറിൽ കൊണ്ടിരുത്തി. 


"ഹരി, സാരമില്ല. എനിക്ക് കുഴപ്പമൊന്നും ഇല്ല." 


"അത് ശരിയാവില്ല അങ്കിൾ. നെറ്റി പൊട്ടിയിട്ടുണ്ട്, നമ്മുക്ക് എന്തായാലും ഒന്ന് ഹോസ്പിറ്റലിൽ പോയിനോക്കാം. അങ്കിൾ ആ സീറ്റ്ബെൽറ്റ് ഇടൂ." ഹരി വളരെ വേഗത്തിൽ തന്നെ സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോഴേക്കും മാലിനിയുടെ അച്ഛൻ ചെറിയ മയക്കത്തിൽ പെട്ടിരുന്നു. ഉടനെ അവിടെ അഡ്മിറ്റ് ചെയ്തു. അവർ പ്രാഥമിക പരിശോധനകൾക്കു ശേഷം തലയുടെ സ്കാനിംഗ് ചെയ്തു. കുറച്ചുസമയത്തിനു ശേഷം ഒരു ഡോക്ടർ വന്നു മെഡിക്കൽ റിപ്പോർട് പരിശോധിച്ചു. ഹരി ഡോക്ടറോട് കാര്യം തിരക്കി.


"പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ല. മുറിഞ്ഞിടത്ത് ഡ്രസ്സ് ചെയ്തിട്ടുണ്ട്. തലക്ക് വേറെ ഇഞ്ചുറീസ് ഒന്നും ഇല്ല. ചെറിയ തോതിൽ ബിപി കൂടുതൽ ഉണ്ട്. എന്തായാലും രണ്ടുമണിക്കൂർ ഒബ്സർവേഷന് ശേഷം ഡിസ്ചാർജ് ചെയാം." 


ഹരി കുറച്ചുനേരം അവിടെ ഇരുന്നു. പിന്നീട് പുറത്തുപോയി ഒരു ചായ കുടിച്ചു. അടുത്ത കടയിൽ നിന്നും ഒരു ചെറിയ ഫ്ലാസ്ക് വാങ്ങി. ഒരു ചായ പാഴ്സൽ ചെയ്തു. തിരിച്ച് ഹോസ്പിറ്റൽ വാർഡിൽ എത്തിയപ്പോഴേക്കും മാലിനിയുടെ അച്ഛൻ ഉണർന്നിരുന്നു. ചായ മടിയോടുകൂടി കുടിച്ചു. എന്നിട്ട് ഹരിയെ നോക്കി ചിരിച്ചു. കുറച്ചുസമയത്തിനുശേഷം ഡോക്ടർ വന്ന് ഡിസ്ചാർജ് ചെയ്തു. അവർ രണ്ടുപേരും കാറിൽ കയറി അൽബീസ് കഫേയിലേക്ക് പുറപ്പെട്ടു. 


"സോറി അങ്കിൾ ഞാൻ ആവശ്യം ഇല്ലാതെ എന്തൊക്കെയോ പറഞ്ഞു. അങ്കിൾ ഒന്നും മനസ്സിൽ വെയ്ക്കരുത്." ഹരി പറഞ്ഞു.


"ഹരി എന്തിനാണ് സോറി പറയുന്നത്. ഹരി പറഞ്ഞത് എല്ലാം ശരിയാണ്. പിന്നെ അവിടെ വെച്ച് കേട്ടപ്പോ എനിക്ക് ഒന്നും അംഗീകരിക്കാൻ തോന്നിയില്ല എന്നുമാത്രം. ഹരി ഇന്ന് പറഞ്ഞകാര്യങ്ങൾ പലപ്പോഴായി ആരോ എന്റെ മനസ്സിൽ ഇരുന്ന് പറയുന്നതായി തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ എപ്പോളും കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു." 


"അയ്യോ അങ്കിൾ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല." 


"ഹരി അങ്ങനെ ഉദ്ദേശിച്ചുകാണില്ല. പക്ഷെ അതാണ് സത്യം. പിന്നെ സോറി അത് പറയേണ്ടത് ഞാൻ അല്ലെ? ഹരിയോട് അല്ല. എന്റെ മകളോട്, സാജനോട് പിന്നെ അയാളുടെ കുടുംബത്തോട്. എന്റെ പിടിവാശി തന്നെയാണ് എന്റെ ഭാര്യയുടെയും അവസ്ഥക്ക് കാരണം ഹരി." അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


"അങ്കിളേ ഇതെന്താ ഇങ്ങനെ? ബിപി കൂടുതൽ ആണെന്നാ ഡോക്ടർ പറഞ്ഞത്. നമുക്ക് ഈ സംസാരം വിടാം. വേറെ എന്തെങ്കിലും പറയാം." 


"എനിക്കിപ്പോ ഒരു പ്രശ്നവും ഇല്ല ഹരി. മനസ്സിൽ സമാധാനം മാത്രം ആണ്. ആകെ ഒരു ടെന്ഷനെ ഉള്ളൂ. അതിപ്പോ ഹരി വിചാരിച്ചാൽ തീർക്കാം. "


ഹരി അയാളെ ചോദ്യഭാവത്തിൽ നോക്കി. 


"സാജന്റെ വീട്ടിലേക്കുള്ള വഴി ഹരിക്കറിയാമോ? ഒന്ന് എന്റെകൂടെ എവിടെ വരെ വരാമോ? എനിക്ക് ആ പയ്യനെ ഇന്നു തന്നെ കാണണം ഹരി. അല്ലാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല."


ഹരി വണ്ടി ചവിട്ടി നിർത്തി. കേട്ടത് സത്യമാണോ എന്ന രീതിയിൽ മാലിനിയുടെ അച്ഛനെ തന്നെ നോക്കി. അയാളുടെ കണ്ണുകളിൽ ഒരിക്കലും കാണാത്ത തിളക്കം കാണപ്പെട്ടു.


"ഇത്രയും നാൾ മാലിനിക്ക് ഒരു സഹോദരന്റെ കുറവുണ്ടാർന്നു. ഇപ്പോൾ അത് തീർന്നു. പെണ്ണിന്റെ അച്ഛനും സഹോദരനും കൂടെ ചെക്കനെ കാണാൻ പോകുന്നു. അതാകുമ്പോ സമയം ഒന്നും പ്രശ്നമല്ല ഹരി." പറഞ്ഞുകൊണ്ട് അയാൾ പൊട്ടിച്ചിരിച്ചു.


ഹരിയും ചിരിച്ചു. വണ്ടി സാജന്റെ വീട്ടിലേക്ക് നീങ്ങി.


.

.

.


കുറച്ചുദിവസങ്ങൾക്കുശേഷം 


ഹരിയും വിനുവും കാർ പാർക്ക് ചെയ്ത് കല്യാണഹാളിലേക്ക് നടന്നു . ഹാളിനടുത്തായി കിടക്കുന്ന കാറുകളിൽ സാജനെയും മാലിനിയുടെയും ചിത്രങ്ങൾ പതിച്ചിരുന്നു. അവ വളരെ മനോഹരമായി ഹരിക്ക് തോന്നി. അവർ ഹാളിൽ കയറി കുറച്ചുനേരം അവിടെ നിന്ന് ചടങ്ങുകൾ കണ്ടു. മാലിനിയുടെ അച്ഛൻ എവിടെനിന്നോ വന്ന് ഹരിയുടെ പുറത്തു കൈ വെച്ചു. 


"അതുശരി നിങ്ങൾ രണ്ടുപേരുമെ വന്നുള്ളോ? അമ്മ വന്നില്ലേ? അമ്മക്ക് എന്നോട് നീരസം ഉണ്ടോ?"


"അയ്യോ അങ്കിളേ അതൊന്നും അല്ല. വീട്ടിൽ ചേച്ചിയും കുട്ടികളും വന്നിട്ടുണ്ട്. പിന്നെ എന്റെ കല്യാണം ശരിയാകാൻ ഉള്ള കൊണ്ടുപിടിച്ച ശ്രമം ആണ്."


"ഹഹ ഓക്കെ ഓക്കെ. ഞാൻ അമ്മയെ വന്നു കാണുന്നുണ്ട്. ഈ കല്യാണം കഴിഞ്ഞാൽ പിന്നെ എന്റെ ജോലിയും ഹരിയുടെ കല്യാണം ശരിയാക്കൽ ആണ്," മാലിനിയുടെ അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും ആരെയൊക്കണ്ട അദ്ദേഹം അങ്ങോട്ട് പോയി.


"ദോ ആ വെള്ളേം വെള്ളേം ഉടുത്ത് നിൽക്കുന്ന പുണ്യാളനെ കണ്ടോ? അയാളാണ് മാലിനി ഒളിച്ചോടിയതാണെന്നു പറഞ്ഞ മാന്യൻ." വിനു കല്യാണത്തിന് വന്ന ഒരാളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. 


ഹരി അയാളെ നോക്കി. വിനുവിനോട് "ഇപ്പോൾ വരാം" എന്നുപറഞ്ഞ് അയാളുടെ അടുത്തേക്ക് പോയി.


"ഹലോ ചേട്ടാ. നമ്മൾ ഇതിനുമുന്നെ എവിടെങ്കിലും കണ്ടണ്ടോ? നല്ല മുഖ പരിജയം." ഹരി അയാളോട് പറഞ്ഞു.

"ഏയ്, ഞാൻ ഓർക്കുന്നില്ലല്ലോ മോനെ." ഒരു വലിയ ചിരി പാസാക്കിക്കൊണ്ട് അയാൾ പറഞ്ഞു.

ഹരി കുറച്ചുനേരം മിണ്ടാതെ നിന്നു. എന്നിട്ട് തുടർന്നു.

"എന്താലേ നല്ല ജോഡിയാണ് പെണ്ണും ചെറുക്കനും."


"എന്ത് ജോഡി? ഒരു ഹിന്ദു, ഒരു ക്രിസ്ത്യാനി. അത് പോട്ടെ. പെണ്ണിന്റ കല്യാണം ഒന്നും നടക്കാതായപ്പോ പണ്ടത്തെ കാമുകനെ തപ്പിയെടുത്തതല്ലേ ദാമോദരൻ? ഇന്നാൾ ഒരു ചെക്കൻ വന്നിട്ട് പെണ്ണിനെ കുറിച്ച് അന്വേഷിച്ചപ്പോ ജീവനും കൊണ്ടോടി എന്നാ കേട്ടത്." ഹരിയെ നോക്കികൊണ്ട് പറഞ്ഞു.


"എന്നാ ഞാൻ കേട്ടത് അങ്ങനെ അല്ലല്ലോ. ഏതോ ഒരു കടക്കാരൻ കല്യാണം മുടക്കിയെന്നും, അങ്കിൾ അത് അന്വേഷിക്കാൻ പോലീസിൽ കേസ് കൊടുത്തെന്നും ആണല്ലോ?"


"മോന്റെ അങ്കിൾ ആണോ ദാമോദരൻ? എന്നാ ശരി കുറച്ചു തിരക്കുണ്ട്. ഞാൻ ഭക്ഷണം കഴിച്ച് ഇറങ്ങട്ടെ." അയാൾ അവിടെ നിന്നും നീങ്ങി. ഹരി വിനുവിന്റെ അടുത്തുപോയി എന്തോ പറഞ്ഞു ചിരിച്ചു. 


കുറച്ചുനേരത്തിനുശേഷം ഭക്ഷണ കഴിച്ച് തിരിച്ചു ഹാളിൽ വന്നിരുന്നു. അപ്പോഴേക്കും സാജന്റെ അമ്മ എവിടെ നിന്നോ വന്ന് ഹരിയുടെ കൈ പിടിച്ച് കണ്ണുകൾ നിറച്ച് നന്ദി പ്രകാശിപ്പിച്ചു. ചുറ്റുമുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയ ഹരിക്ക് എന്തോപോലെ തോന്നി. അപ്പോളേക്കും മാലിനിയുടെ അച്ഛൻ വന്ന് ഹരിയേയും വിനുവിനെയും സ്റ്റേജിലേക്ക് വിളിച്ചുകൊണ്ട് പോയി. ക്യാമെറയ്ക്കു മുന്നിൽ നിന്ന് വിയർക്കുന്ന സാജനും മാലിനിയും അപ്പോളാണ് ഹരിയെ കണ്ടത്. അവരുടെ കണ്ണുകൾ ഹരിയോട് എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നതായി ഹരിക്ക് തോന്നി. അവർ ഫോട്ടോയ്ക്ക് പോസ് ചെയ്തു. 


"കൺഗ്രാറ്റ്സ് സാജൻ ആൻഡ് മാലിനി." രണ്ടുപേർക്കും ഹസ്തദാനം നൽകിക്കൊണ്ട് ഹരി പറഞ്ഞു. നാല് കണ്ണുകൾ ഹരിയെ തന്നെ നോക്കികൊണ്ടിരുന്നു.


"എന്തുപറയണം എന്നറിയില്ല ഹരി," സാജൻ പറഞ്ഞു.


"ഇനി ഇതിലും കൂടുതൽ നന്ദി ഞാൻ താങ്ങില്ല." ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു. "പിന്നെ ഞാൻ 15 ദിവസം കൂടെ നാട്ടിൽ ഉണ്ട്. രണ്ടുപേരും ഒഴിവുനോക്കി വീട്ടിലേക്ക് ഇറങ്ങണം. വീട്ടിൽ ഒരു ഉഗ്രൻ വിരുന്ന് എന്റെ വക." ഹരി പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി. സ്റ്റേജിനു മുന്നിൽ നിന്നും അവരുടെ ഒരു ചിത്രവും മൊബൈലിൽ പകർത്തി വിനുവിന്റെ കൂടെ പുറത്തേക്ക് നടന്നു. അവർ രണ്ടുപേരും കാറിൽ കയറി. ഹരി ഒരു ദീർഘ നിശ്വാസം വിട്ട് കാറിലെ എഫ് എം ഓൺ ആക്കി. 


  സാഗർ കി ബാഹോമേം മോചെ ഹെ ജിത്നീ 

  ഹം കൊ ബി തും സെ മുഹബത്ത് ഹെ ഉത്ത്നി 


"അയ്യോ ദാണ്ടെ വീണ്ടും സാജൻ. ഇവൻ ചേട്ടനെ വിടുന്ന ലക്ഷണം കാണുന്നില്ലല്ലോ. സ്റ്റേഷൻ മാറ്റിപിടിക്കട്ടെ?" വിനു ചിരിച്ചുകൊണ്ട് ചോദിച്ചു.


"സ്റ്റേഷൻ മാറ്റിയാ നിനക്ക് എന്റെ കയീന്നു ചവിട്ട് കിട്ടും. വോളിയം കൂട്ടി വയ്ക്കെടാ." 


മനസ്സ് നിറഞ്ഞ പുഞ്ചിരിയുമായി ഹരി തന്റെ കസേര പുറകോട്ട് വലിച്ച് കണ്ണടച്ച് നിവർന്ന് ആ പാട്ട് ആസ്വദിച്ച് കിടന്നു.


  ബഹുത്ത് പ്യാർ കർത്തെ ഹെ തും കൊ സനം 

  ബഹുത്ത് പ്യാർ കർത്തെ ഹെ തും കൊ സനം 

  കസം ചാഹേ ലേലോ കസം ചാഹേ ലേലോ 

  ഖുദാ കി കസം


Rate this content
Log in

Similar malayalam story from Drama