sajeev menon

Drama

4.5  

sajeev menon

Drama

അഗ്നിശുദ്ധി

അഗ്നിശുദ്ധി

13 mins
524


നടന്നു ചെന്നപ്പോൾ കണ്ടത് ഒരു ചെറിയ വീടാണ്, വഴി എന്ന് പറയാൻ മാത്രമൊന്നുമില്ല, ഒരാൾക്ക് നടക്കാൻ പറ്റിയ ഒരു ചെറിയ ഇടവഴി. അത് ചെന്ന് നില്കുന്നിടത്തു ഒരു ചെറിയ പുര, ഒരു ചെറ്റപുര, ഒരുവശം മുഴുവൻ പൊളിഞ്ഞു കിടക്കുന്നു.

അങ്ങോട്ട് നടന്നടുക്കുമ്പോൾ ദീപുവിൻറെ ഹൃദയമിടിപ്പ് കൂടി വന്നു, മുന്നിൽ വന്നു നിൽക്കാൻ പോകുന്ന ആ രൂപത്തെ നോക്കി താൻ എന്താണ് പറയാൻ പോകുന്നത് എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 'എന്തിനു വേണ്ടി, എന്തിനു വേണ്ടി എൻറെ അച്ഛനെ എന്നിൽ നിന്നും തട്ടിയെടുത്തു…?' മനസ്സിൽ ആയിരം തവണ അയാളെ വധം നടത്തി കഴിഞ്ഞു താൻ, തൻറെ ജീവിതത്തിൻറെ ആണിക്കല്ല് ഊരിയെടുത്തയാളെ, തൻറെ അച്ഛനെ ഒരു പിച്ചാത്തിപിടിയിൽ അവസാനിപ്പിച്ചയാളെ, പല തവണ തൻറെ മനസ്സിൽ കുത്തിയും, കഴുത്തു ഞെരിച്ചും കൊലപ്പെടുത്തി കഴിഞ്ഞു.

ഇനിയുള്ളത് അയാളോട് മുഖമുഖമുള്ള യുദ്ധമാണ്. ഏറെ നാളായി താൻ കാത്തിരിക്കുന്ന യുദ്ധം. ദുര്യോധനനോട് ഭീമൻ കാത്തിരുന്ന യുദ്ധം, തോറ്റോടിപോയവൻ തിരിച്ചുപിടിക്കാൻ ചെയ്യുന്ന അവസാന യുദ്ധം. ഒരു വനവാസകാലം പോലെ തൻറെ ജീവിതം തള്ളിനീക്കിയത് ഈ ദിവസത്തിനു വേണ്ടിയാണ്. കഴിഞ്ഞു പോയ കാലങ്ങളിൽ താനനുഭവിച്ച വിഹ്വലതകളും ഏകാന്തതകളും അനാഥത്വവുമെല്ലാം തന്നെ കൊണ്ടെത്തിച്ചത് അയാളെ കണ്ടെത്തുക, കണ്ടെത്തി വകവരുത്തുക എന്ന ദൗത്യത്തിലേക്കാണ്.

കഴിഞ്ഞ പന്ത്രണ്ടു കൊല്ലം തൻറെ കണ്ണും മനസുമെല്ലാം തിരഞ്ഞത് അയാളെയാണ്, തൻറെ അച്ഛൻറെ ശരീരത്തിലേക്ക് ഒരു കത്തി കുത്തിയിറക്കിയ ആ കൈകളെയാണ്, ഒരുപാടു തിരഞ്ഞു, താമസിച്ചിരുന്ന വീട്ടിൽ നിന്നും അവർ ഒഴിഞ്ഞു പോയിരുന്നു. വർഷങ്ങൾ കടന്നു പോകുമ്പോഴും, ജീവിതത്തിൽ കൈത്താങ്ങായി ആരുമില്ലെന്ന അവസ്ഥയിലും, പിന്നീട് ദൈവത്തിൻറെ കരസ്പർശം പോലെ വന്ന മുരളീധരൻ എന്നയാളുടെ സഹായത്തിൻറെ തണലിലുമെല്ലാം താൻ തിരഞ്ഞിരുന്നത് തൻറെ അച്ഛൻറെ ചോരക്കറ വീണ ആ കൈകളെയാണ്.

ജീവിതം കടന്നു പോയ വഴികൾ തൻറെ മുന്നിലെ ഇടവഴിയെക്കാൾ എത്രയോ ഇടുങ്ങിയതായിരുന്നു. അച്ഛൻറെ വീഴ്ചയോടെ തളർന്നു പോയ അമ്മ, തൻറെ കുഞ്ഞു പെങ്ങളെയും ചേർത്ത് പിടിച്ചു ജീവിതത്തിനു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന് പോയ അമ്മ. എട്ടു വയസ്സിൽ കുടുംബത്തിൻറെ ഭാരം തലയിലേറ്റേണ്ടി വരുമ്പോൾ, മുന്നോട്ടു പോകാനുള്ള ബുദ്ധിമുട്ടിനേക്കാൾ തന്നെ അലട്ടിയതു മറ്റുള്ളവരുടെ കുത്തിനോവിക്കലുകൾ ആയിരുന്നു. അർത്ഥം വച്ചും മുന വച്ചുമുള്ള വാക്കുകൾ നാട്ടുകാരെ കൂടുതൽ കേട്ടത് വീട്ടുകാരിൽ നിന്നാണ്. പോരാതെ സ്കൂളിലെ കൂട്ടുകാരിൽ ചിലർ തന്നെ അകറ്റി നിർത്തി, അവരുടെ വീട്ടിൽ നിന്നും പറഞ്ഞു വിട്ടത്രേ തന്നോട് കൂട്ടുവേണ്ടെന്നു.

രണ്ടു മാസത്തോടെ സ്കൂൾ പോക്ക് നിർത്തേണ്ടി വന്നു, താൻ സ്കൂളിൽ പോയാൽ വീട്ടിൽ തീ പുകയില്ല, അതോടെ അതും നിന്നു. പിന്നെ കിട്ടിയ തൊഴിലെല്ലാം ചെയ്യാൻ തുടങ്ങി. രാവിലെ മുതൽ രാത്രി വരെ, ചിലയിടത്തു ചിലദിവസം ബാലവേല എന്ന് പറഞ്ഞു മാറ്റി നിർത്തി, അന്ന് വീട്ടിൽ എല്ലാവരും പട്ടിണി കിടന്നു, കൊച്ചു ദീപ്തിമോൾ വിശന്നു കരഞ്ഞു തൻറെ തോളിൽ കിടന്നു തളർന്നുറങ്ങിയ എത്രയോ ദിവസങ്ങൾ, അമ്മയും താനും കരഞ്ഞു കരഞ്ഞു നേരം വെളുപ്പിച്ച എത്രയോ രാത്രികൾ.

ഒരു ദിവസം അമ്മ തന്നോട് പറഞ്ഞു നമുക്കിതാവസാനിപ്പിക്കാം, വരുമ്പോൾ കുറച്ചു വിഷം വാങ്ങണം. ചന്തയിലെ കടയിൽ നിന്നും വാഴയ്ക്കും മറ്റുമടിക്കുന്ന വിഷം വാങ്ങുമ്പോൾ ഒരു കൂസലുമില്ലായിരുന്നു. ഇന്നോടെ തീരുമല്ലോ എല്ലാം അമ്മയുടെ കണ്ണീരും, തൻറെ സങ്കടങ്ങളും, ദീപ്തിമോളുടെ വിശന്നു കരഞ്ഞുള്ള ഉറക്കവുമെല്ലാം. ഉണ്ടായിരുന്ന കുറച്ചു ചോറിൽ കുപ്പി പൊട്ടിച്ചൊഴിച്ചു കുഴച്ചതുമെല്ലാം താനും അമ്മയും കൂടിയാണ്. ദീപ്തിമോൾ അത് കണ്ടു ചോദിച്ചു എന്തിനാ തേൻ ചോറിലൊഴിക്കുന്നേ എന്ന്, നല്ല മധുരമുണ്ടാകാനാണെന്നു മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ അമ്മ മറുപടിയും പറഞ്ഞു. ചോറുരുട്ടി അവളുടെ വായിലേക്ക് വയ്ക്കാൻ അമ്മ തുടങ്ങിയപ്പോൾ നെഞ്ചു പിടഞ്ഞു, അവളെ കുരുന്നിലെ നുള്ളിക്കളയാൻ പോകുന്നുവെന്ന യാഥാർഥ്യം ഉള്ളിൽ നീറ്റലുണ്ടാക്കി. പെട്ടന്നാണ് താൻ അമ്മയുടെ കൈപിടിച്ചതും, ചോറെടുത്തു പുറത്തേക്കെറിഞ്ഞതും. വാവിട്ടുകരഞ്ഞു കൊണ്ട് അമ്മ തന്നെയും അവളെയും ചേർത്തുപിടിച്ചു, കണ്ണുകൾ നീർത്തടങ്ങളായി നിറഞ്ഞൊഴുകി. അമ്മയെയും അനുജത്തിയേയും ചേർത്ത് പിടിച്ചു കരയുമ്പോൾ മനസ് ഒരു തീരുമാനമെടുക്കുകയായിരുന്നു. ഇനി ഇതാവർത്തിക്കില്ലെന്നു, അമ്മയെയും കുഞ്ഞനുജത്തിയേം നോക്കുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും താൻ ഒരിക്കലും ഒളിച്ചോടില്ലെന്നു. കൂട്ടത്തിൽ എടുത്ത മറ്റൊരു തീരുമാനമാണ് തൻറെ അച്ഛൻറെ ഘാതകനെ കണ്ടുപിടിച്ചു വേണ്ടത് ചെയ്യുക എന്നതും.

പിറ്റേന്നു മുതൽ, ചെയ്ത ജോലിയെക്കാൾ കൂടുതൽ ജോലിയെടുത്തു. തൻറെ ശരീരവും ആരോഗ്യവും ഒന്നും നോക്കിയില്ല. മൂന്ന് വയറുകൾ തൻറെ ഉത്തരവാദിത്വമാണെന്ന ചിന്ത എപ്പോഴും മുന്നോട്ടു ചലിപ്പിച്ചുകൊണ്ടേയിരുന്നു. പലയിടത്തും തന്നെ പലരും ഉപദ്രവിച്ചു, ചിലർ കളിയാക്കി, ചിലർ ചെയ്യുന്ന ജോലിക്കുള്ള ശമ്പളം തരാതെയിരുന്നു. ഒരു ദിവസം കൂലി തരാതിരുന്ന ജോയ് എന്ന സൂപ്പർവൈസറെ താൻ ഷിർട്ടിന് കുത്തിപ്പിടിച്ചു. അടുത്തിരുന്ന മൺവെട്ടിയെടുത്തു അയാളെ അടിക്കാനോങ്ങിയപ്പോൾ അയാൾ തൻറെ കൂലി തന്നത് പുതിയ തിരിച്ചറിവായി. പല്ലിനു പല്ലു, നഖത്തിന് നഖം. ജീവിതം പുതിയ പാഠങ്ങളും പാഠഭേദങ്ങളും തന്നെ പഠിപ്പിക്കാൻ തുടങ്ങി. അത് തന്ന പരുക്കൻ യാഥാർഥ്യങ്ങൾ തന്നെ കൂടുതൽ പരുക്കനാക്കി മാറ്റിക്കൊണ്ടിരുന്നു.

കാലം കടന്നു പോയതും തൻറെ ഉത്തരവാദിത്വങ്ങൾ കൂടി വന്നതും അല്ലാതെ ജീവിതത്തിൽ പുതിയതായി ഒന്നും ഉണ്ടായില്ല. രാവിലെ മുതൽ രാത്രി വരെ കൂലി വേല ചെയ്തു, കിട്ടിയത് കൊണ്ട് അമ്മയെയും ദീപ്തിമോളെയും നോക്കി. ദീപ്തിമോളെ സ്കൂളിൽ വിട്ടു. തൻറെ ജീവിതം ഇങ്ങനെ തന്നെ പോയ്‌കൊണ്ടിരിക്കും, വ്യത്യസ്ഥതകളില്ലാതെ, വിരസതകൾക്കു പോലും കടന്നു വരാൻ ഇടങ്ങളില്ലാതെ, ആരോ വരച്ചു വച്ച വഴികളിലൂടെ കടന്നു പോകുക, ഇത് തൻറെ വിധി.

അഞ്ചു വർഷം കടന്നു പോയത് കണ്ണടച്ച് തുറക്കും പോലെ ആയിരുന്നു. പതിമൂന്നുകാരനായ തന്നെ വർഷങ്ങൾ ഒരു മുപ്പതുകാരൻറെ പ്രായത്തിലെത്തിച്ചപോലെ. കുറച്ചു ദൂരെയുള്ള ഒരു സ്ഥലത്തു പോയി ജോലി ചെയ്തത് തന്നെ കൂടുതൽ ക്ഷീണിതനാക്കി, ദിവസവും ബസിൽ പോകാൻ വയ്യ, അതിനു തന്നെ വലിയ ചിലവാകും, അതുകൊണ്ടു നടന്നാണ് പോയത്. ഒരു വീടിൻറെ പണിയാണ്, തീരുമ്പോളേക്കും ഏഴു മണിയാകും, ഒരു അര-മുക്കാൽ മണിക്കൂറെടുക്കും നടക്കാൻ, എന്നാലും നടന്നു തന്നെ പോയി. പണി നടത്തുന്നത് ഒരു കോൺട്രാക്ടർ ആണ്, വീട്ടുടമസ്ഥൻ വല്ലപ്പോഴും വരും. അയാൾ വരുമ്പോൾ ഇടയ്ക്കു കുറച്ചു പൈസ തരും. അഞ്ചെട്ടു മാസം കൊണ്ട് പണിതീർന്ന് അവർ താമസം തുടങ്ങി, എന്നാലും അവിടെ കുറച്ചു പണിയും കൂടി ഉണ്ടായതു കൊണ്ട് പിന്നെയും അവിടെ പോയിരുന്നു.

ഒരു ദിവസം വീട്ടുടമസ്ഥൻ തന്നോട് സ്കൂളിൽ പോകുന്നില്ലേയെന്നു ചോദിച്ചു, ഇല്ലെന്നു മറുപടിയും പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു അയാൾ തന്നോട് തനിക്കു സ്കൂളിൽ പൊയ്ക്കൂടേ എന്ന് ചോദിച്ചു, 'വീട്ടിലെ കാര്യമൊക്കെ ആര് നോക്കും സാറേ' എന്ന മറുപടിയിൽ അയാൾ നിർത്തുമെന്ന് കരുതി.

"ഞാൻ നോക്കാം", ചിരിച്ചു കൊണ്ട് അയാൾ അത് പറഞ്ഞപ്പോൾ അതിനു വലിയ പ്രാധാന്യം കൊടുക്കാതെ പണിയെടുത്തു നിന്ന തൻറെ അടുത്തേക്ക് വന്നിട്ട് അയാൾ തൻറെ മുഖം പിടിച്ചുയർത്തി, എന്നിട്ടു "ഞാൻ നോക്കിയാ പോരെ"? എന്ന് ചോദിച്ചു. കാശുള്ളവർക്കു അതില്ലാത്തവരോട് തോന്നുന്ന മറ്റൊരു തമാശ. കടന്നു പോയ വഴികളിൽ ഒരു സ്നേഹസ്പർശം പോലുമേൽക്കാത്ത, എന്തിനു ഒരു സാന്ത്വനത്തോടെയുള്ള നോട്ടം പോലും തൻറെ നേർക്ക് നീണ്ടുവന്നിട്ടില്ലാത്ത, സ്വയം ബഹുമാനത്തിൻറെ ലാഞ്ചന പോലുമില്ലാത്ത തനിക്കു അത് അങ്ങിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.

ദുരന്തം ഒരു വടവൃക്ഷം പോലെ വളർന്നു പടർന്നു പന്തലിച്ച തൻറെ ജീവിതത്തിൽ ഇതുപോലെ എത്രയോ പേർ തമാശകൾ കാട്ടിയിരിക്കുന്നു. കൈ തട്ടി മാറ്റി നടന്നകന്ന തന്നെ ബലിഷ്ഠമായ അയാളുടെ കൈ പിടിച്ചു നിർത്തി. "എന്തോടോ തനിക്കു ഇത്രയ്ക്കു ഗൗരവം, ചോദ്യത്തിന് മറുപടിയെങ്കിലും തന്നിട്ട് പോ", ചിരിച്ചു കൊണ്ട് അയാളുടെ ചോദ്യം തന്നെ ശുണ്ഠി പിടിപ്പിച്ചു, "നിങ്ങടെ ഔദാര്യമൊന്നും എനിക്ക് വേണ്ട".

"ആഹാ, അങ്ങനാണേൽ താൻ വൈകിട്ട് വന്നിട്ടു ഈ വീട്ടിലെ പണിയെല്ലാം ചെയ്തോ, പകൽ സ്കൂളിലും പൊയ്ക്കോ, വെറുതെ വേണ്ടടോ, തൻറെ വീട്ടിലേക്കുള്ള ചെലവ് കൂലിയായി ഞാൻ തന്നാലോ". അയാളുടെ വാക്കുകളൊന്നും തൻറെ തലയിൽ കേറിയതേയില്ല, എന്തോ പറഞ്ഞൊഴിഞ്ഞു പണി തീർത്തു വീട്ടിലേക്കു നടന്നു. രണ്ടു ദിവസം കഴിഞ്ഞാണ് അയാളെ വീണ്ടും കണ്ടത്. "തൻറെ സ്കൂൾ അഡ്മിഷൻ ശരിയായിട്ടുണ്ട്, അടുത്താഴ്ച തൊട്ടു സ്കൂളിൽ പോകാൻ റെഡിയായിക്കോ", പറഞ്ഞിട്ട് അയാൾ തന്നെ നോക്കി നിന്നു. എന്താണെന്നറിയാതെ പകച്ചു നിന്ന തന്നെ അയാൾ പിടിച്ചു അയാളുടെ അടുത്തേക്ക് നിർത്തി, "എടാ നിൻറെ ഈ പ്രായത്തിൽ നീ സ്കൂളിലാണ് പോകേണ്ടത് അല്ലാതെ ഇവിടെയല്ല, പിന്നെ നീ വലിയ അഭിമാനിയല്ലേ, അതോണ്ട് വൈകിട്ട് ഇവിടെ വന്നോ, ഇവിടത്തെ പണിയെല്ലാം ചെയ്തിട്ട് വീട്ടിൽ പോയാൽ മതി".

പറഞ്ഞത് വിശ്വാസമാകാതെ നിന്ന തന്നെ അയാൾ വീട്ടിനകത്തേക്ക് കൂട്ടികൊണ്ടുപോയി തൻറെ സ്കൂൾ അഡ്മിഷൻറെ പേപ്പറുകൾ കാണിച്ചു. ഒന്നും മനസിലാകാതെ നിന്ന തന്നോട് കൈകാൽ കഴുകി വൃത്തിയായി വരാൻ പറഞ്ഞു, "നീ വാ, നിന്നെ ഞാൻ വീട്ടിൽ വിടാം." അയാളുടെ ബൈക്കിൻറെ പുറകിൽ കയറി വീട്ടിലേക്കു പോകുമ്പോൾ അത് തൻറെ ജീവിതത്തിൻറെ മറ്റൊരു ഘട്ടത്തിലേക്കുള്ള യാത്രയായിരിക്കുമെന്നു കരുതിയില്ല.

വീട്ടിലെത്തിയപ്പോൾ അമ്മ പുറത്തേക്കിറങ്ങി വന്നു, 'ആരാ മോനെ ഇത്' എന്ന് ചോദിച്ചു, ആളുടെ പേര് പോലുമറിയാതെ കുഴങ്ങി നിന്നപ്പോൾ, "ഞാൻ മുരളീധരൻ, പോലീസിൽ ആയിരുന്നു, ഇപ്പോൾ ചെറിയ കൃഷി എല്ലാം നടത്തുന്നു. എൻറെ വീട്ടിലാ ദീപു ജോലിക്കു വന്നിരുന്നേ, ഇനി ജോലിക്കു പോണ്ടാന്ന് ഞാൻ പറഞ്ഞു, അവൻ സ്കൂളിൽ പോട്ടെ, എന്നിട്ടു വൈകിട്ട് എൻറെ വീട്ടിൽ വന്നു ജോലിയെല്ലാം കഴിഞ്ഞേ ഇങ്ങോട് വരൂ.” ഏതോ സ്വന്തക്കാരൻ സംസാരിക്കുന്ന മാതിരിയുള്ള അയാളുടെ സംസാരം അമ്മയെക്കാളേറെ തന്നെ കുഴപ്പിച്ചു.

മുരളീധരൻ എന്നയാൾ ജീവിതത്തിൻറെ പുതിയ വാതായനങ്ങൾ തുറന്നിടുകയായിരുന്നു. സ്കൂളിലേക്കുള്ള മടക്കം ആദ്യം ബുദ്ധിമുട്ടായിരുന്നു, മാസങ്ങളെടുത്തു എല്ലാമായിട്ടൊന്നു പൊരുത്തപ്പെടാൻ. വൈകുന്നേരം അയാളുടെ വീട്ടിൽ പോയി ജോലിയെടുത്തു. അയാൾ ഒറ്റക്കാണ്, കുടുംബവും മറ്റുമില്ലേ എന്ന് ചോദിക്കണമെന്നുണ്ടായെങ്കിലും ചോദിച്ചില്ല.

തൻറെ വർഷങ്ങൾ നഷ്ടപെട്ടുപോകാതിരിക്കാൻ വേണ്ടി, എട്ടാം ക്‌ളാസിൽ തുടർന്ന് പഠിക്കാനുള്ള ഏർപ്പാട് അയാൾ ചെയ്തിരുന്നു. സ്കൂളിൽ പോയി തുടങ്ങിയെങ്കിലും അവിടത്തെ കുട്ടികളുടെ ചോദ്യങ്ങളും മറ്റും തന്നെ കുത്തിനോവിക്കാറുണ്ടായിരുന്നു. അച്ഛനെ കുറിച്ച് ചോദിച്ചപ്പോളൊക്കെ ഒഴിഞ്ഞുമാറി, പക്ഷെ നടന്നത് മറച്ചുവയ്ക്കാൻ പറ്റില്ലല്ലോ, പതുക്കെ എല്ലാവരും അച്ഛൻറെ കാര്യം അറിഞ്ഞു. ചിലരുടെ ചോദ്യങ്ങൾ മൂർച്ചയേറിയ വാള് പോലെ ഹൃദയത്തിൽ തറച്ചു കയറി. ചിലവിനു തരുന്നത് ഒരു പോലീസ്കാരനാണല്ലേ എന്ന അർത്ഥം വച്ചുള്ള ചോദ്യം വരെയുണ്ടായി.

അയാളോട് പറഞ്ഞപ്പോൾ പരുന്തിൻറെ ഉദാഹരണം പറഞ്ഞു, കാറ്റിനും കോളിനും മേലെ ചിറകു വീശി പറക്കുന്ന പരുന്തുകളെ സങ്കല്പ്പിച്ചു നോക്കാൻ പറഞ്ഞു. മനസ്സിൽ പരുന്തുകളെ കുറിച്ച് ചിന്തിക്കാൻ ശ്രമിച്ചപ്പോൾ കുറച്ചു ധൈര്യം വരുന്നപോലെ.

അയാൾ പ്രശ്നങ്ങൾക്ക് മീതെ പറക്കാനുള്ള കരുത്തു പകർന്നു തന്നുവെങ്കിലും, ശവം കൊത്തിവലിക്കുന്ന കഴുകന്മാർ തന്നെ കൊത്തിവലിച്ചുകൊണ്ടിരുന്നു. ഓരോ തോൽവിയും മുന്നോട്ടു കുതിയ്ക്കാൻവേണ്ടി കരുത്താർജിക്കാനുള്ള കല്പടവുകളാക്കി മാറ്റണം. അയാൾ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.

മൂന്ന് വർഷങ്ങൾ കടന്നു പോയി പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അയാളാണ് ഡിപ്ലോമ പഠിക്കാൻ പറഞ്ഞത്, ടെസ്റ്റ് എഴുതി കിട്ടുകയും ചെയ്തു. പഠനത്തോടൊപ്പം ജോലിയെടുത്തു തുടങ്ങി. അതും അയാൾ തന്നെ ശരിയാക്കി തന്നു, തൻറെയും ദീപ്തിമോളുടെയും പഠിത്തത്തിൻറെ ചെലവ് അയാളാണ് നോക്കിയത്, വീട്ടിലേക്കുള്ള ചിലവുകൾ സ്വയം നോക്കണം എന്ന് പറഞ്ഞു.

പിന്നെയും മൂന്ന് വർഷങ്ങൾ, പഠനം കഴിഞ്ഞു ഒരു ജോലിക്കു പോയി തുടങ്ങി. ജോലിസ്ഥലത്തും ചിലർ വാക്കുകൾ കൊണ്ട് നോവിച്ചതു കാര്യമായെടുത്തില്ല. ഒരിക്കൽ കൂടെ ജോലി ചെയ്തയാൾ തനിക്കെതിരെ ഇല്ലാത്ത കാര്യത്തിന് ആരോപണമുന്നയിച്ചപ്പോൾ അയാളോട് തട്ടിക്കേറേണ്ടിവന്നു. 'കുത്തുകൊണ്ട ചത്ത രമേശിൻറെ മോനല്ലേടാ നീ' എന്ന അയാളുടെ പ്രതികരണം തൻറെ മനസിനെ തളർത്തി കളഞ്ഞു, പെട്ടെന്നുള്ള ആവേശത്തിൽ അയാളുടെ മുഖമടച്ചു കൈവീശി, അടി കൊണ്ടതും അയാൾ താഴെ വീണതും, എല്ലാവരും തൻറെ നേർക്ക് വിരലുചൂണ്ടിയതും, പിന്നെ തന്നെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടതും എല്ലാം പെട്ടെന്നായിരുന്നു.

താൻ എവിടെ ചെന്നാലും തൻറെ നെറ്റിയിൽ കാലം എഴുതി ഒട്ടിച്ച ഈ പേര് മാറില്ലായിരിക്കാം, തനിക്കു ഈ പേര് സമ്മാനിച്ച ആളോട് മനസ്സിൽ അമർഷം കൂടി വന്നു. വീട്ടിൽ വന്നു വെറുതെയിരുന്നപ്പോൾ അത് പകയുടെ വിഷം ചീറ്റി. വീണ്ടും വീണ്ടും തൻറെ മനസ്സിലേക്കും ജീവിതത്തിലേക്കും തീ കോരിയിട്ടുകൊണ്ടിരിക്കുന്ന ആ സംഭവത്തിലെ വില്ലനെ കുത്തികീറുന്ന രംഗങ്ങൾ മനസിൻറെ തിരശീലയിൽ ചുവന്ന പശ്ചാത്തലത്തിൽ അരങ്ങേറി. തൻറെ അച്ഛൻറെ രക്തക്കറ വീണ കൈകൾ എവിടെയോ വിലസുന്നുണ്ട്, കണ്ടുപിടിക്കണം, കണ്ടുപിടിച്ചു കൊത്തിനുറുക്കണം, എന്നിട്ടു കൊതിതീരെ കൊന്നു നിശ്ചലമാക്കിയ ആ ശരീരത്തിൽ കയറിയിരുന്നു തനിക്കു ആർത്തലയ്ക്കണം, താൻ തിരിച്ചടിച്ചിരിക്കുന്നു എന്ന്, തന്നെ കുത്തിനോവിച്ച ഓരോരുത്തരോടും പറയണം തൻറെ അച്ഛൻറെ ഘാതകനെ താൻ അവസാനിപ്പിച്ചിരിക്കുന്നു എന്ന്. അയാളെ തിരയാൻ തുടങ്ങിയത് അങ്ങനെ ആണ്, പല സ്ഥലങ്ങളിലും തേടി അലഞ്ഞു, ഒരു വിവരവും കിട്ടിയില്ല.

അയാളുടെ കുടുംബവും മറ്റും അയാളുടെ വീട് വിട്ടു പോയിരുന്നു. അയാൾക്ക്‌ ഭാര്യയും ഒരു മകളുമുണ്ടായിരുന്നത്രെ , തന്നെക്കാൾ രണ്ടു മൂന്നു വയസു താഴെയുള്ള ഒരു മകൾ. പലരോടും തിരഞ്ഞു പക്ഷെ എവിടെയോ അവർ മറഞ്ഞിരുന്നു. മുരളി സാറിനോട് ചോദിച്ചു നോക്കി, പോലീസിലായിരുന്നില്ലേ കണ്ടുപിടിച്ചു തന്നു കൂടെ എന്ന് ചോദിച്ചു.

"എന്നിട്ടെന്തിനാ വെട്ടി കൊല്ലാനോ"? എന്ന മറുചോദ്യം തന്നെ പരിഭ്രമിപ്പിച്ചില്ല, "അല്ലതെന്തിനാ, എന്നെ തകർത്തവനെയും അവൻറെ എല്ലാവരെയും എനിക്ക് തീർക്കണം"

"നീയൊന്നടങ്ങു നമ്മുക്ക് നോക്കാം, പിന്നെ നിൻറെ ഈ തിളപ്പുണ്ടല്ലോ അതൊന്നു തണുപ്പിയ്ക്ക്, എന്നിട്ടു പുതിയ ഒരു ജോലി കണ്ടുപിടിച്ചു അമ്മയേം അനിയത്തിയേം നോക്ക്".

“അതൊക്കെ ഞാൻ നോക്കിക്കോളാം പക്ഷെ എനിക്ക് അയാളെ നേരിട്ട് കാണണം. എന്നിട്ടു വേണം എനിക്കൊന്നു ശരിക്കുറങ്ങാൻ". പറഞ്ഞു കൊണ്ട് വീട്ടിലേക്കു നടക്കുമ്പോൾ മനസ്സിൽ ഒരു ചിത്രം വീണ്ടും തെളിഞ്ഞു വന്നു, ചോരയിൽ മുങ്ങിയ തൻറെ കൈകളുടെ ചിത്രം.

കുറെ ദിവസങ്ങൾ കഴിഞ്ഞാണ് മുരളിസാറിനെ കണ്ടത്, ഒരു വിശേഷം പറയാനുണ്ടെന്നും പറഞ്ഞു വീട്ടിലേക്കു വിളിപ്പിച്ചതാണ്. വീട്ടിലെത്തിയപ്പോൾ തന്നോട് ഇരിക്കാൻ പറഞ്ഞു ചായ എടുത്തു മേശമേൽ വച്ചു. "ചായ കുടിക്കു ദീപു". ചായ എടുത്തു താൻ പതുക്കെ കുടിച്ചു തുടങ്ങി.

"തൻറെ അച്ഛനെ കുത്തിയ ആളുടെ താമസ സ്ഥലം കിട്ടിയിട്ടുണ്ട്".

കൈയിലിരുന്ന ചായ കപ്പ് വിറച്ചു, ചായ മുഴുവൻ തൻറെ മേലേക്ക് വീഴ്ത്തിക്കൊണ്ടു അത് താഴേക്ക് വീണുടഞ്ഞു. ചാടി എഴുന്നേറ്റു കൊണ്ട് സാറിൻറെ കയ്യിൽ കയറി പിടിച്ചുകൊണ്ടു ചോദിച്ചു, "എവിടെയാണ് എൻറെ അച്ഛൻറെ കൊലപാതകി, അയാളുടെ ചോരയുടെ മണം എനിക്കറിയണം".

കൈകൾ വിറക്കുന്നുണ്ടായിരുന്നു, ശരീരത്തിൽ ചങ്ങലക്കിട്ടിരുന്ന വേട്ടപ്പട്ടികൾ തുടൽ പൊട്ടിക്കാൻ വെമ്പികൊണ്ടു കുരച്ചു, മുന്നിലെ ഇരയെ കണ്ടപ്പോൾ പിളർന്ന വായിലൂടെ പുറത്തേക്കു തള്ളിയ പല്ലുകൾ കാട്ടി മുരളുന്ന ചെന്നായെ പോലെ ഹൃദയം മുരണ്ടു. ഇരയുടെ മാംസം പിളർന്നു തറച്ചു കയറാൻ വെമ്പിനിൽക്കുന്ന വേട്ടക്കാരൻറെ കയ്യിലെ ഓങ്ങിപിടിച്ച കുന്തമുന പോലെ മനസ് കൂർത്തുവന്നു.

"നാളെ നമ്മൾ അവരെ കാണാൻ പോകുന്നു, നമ്മൾ ഒരുമിച്ചു. രാവിലെ വരണം കുറച്ചു ദൂരെയാണ് നമ്മുക്ക് പോകേണ്ടത്." തൻറെ അമിതാവേശം കണ്ടു മുരളിസാർ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

"നമുക്കിപ്പോൾ തന്നെ പൊയ്ക്കൂടേ, എന്തിനാ നാളേക്ക് വയ്ക്കുന്നത്"?

“ഇന്ന് വേണ്ട, നാളെ രാവിലെ തന്നെ നമ്മുക്ക് പോകാം". മുരളിസാർ പറഞ്ഞു നിർത്തി.

ഇന്ന് തനിക്കുറങ്ങാൻ കഴിയില്ല, കിടക്കയിൽ ജനലിലൂടെ പുറത്തേക്കു നോക്കി കിടന്നു, രാത്രിയുടെ ഓരോ യാമങ്ങളും വർഷങ്ങൾ പോലെ, ഈ രാത്രി തൻറെ തീരാത്ത പകയുടെ ആഘോഷ രാത്രിയാണ്, തൻറെ ഉറക്കം കെടുത്തിയവരുടെ അവസാന ഉറക്കം ഇന്നായിരിക്കും, ഇന്ന് അവർക്കു വേണ്ടി താനുറങ്ങാതിരിക്കും. പതുക്കെ ഒച്ചയുണ്ടാക്കാതെ അടുക്കളയിൽ പോയി വലിയ ഒരു കത്തിയെടുത്തു. പുറത്തെ അരകല്ലിൽ ഉരച്ചു മൂർച്ചയുറപ്പുവരുത്തി, എന്നിട്ടു അതുകൊണ്ടുവന്നു തൻറെ തലയിണച്ചോട്ടിൽ തിരുകി. പച്ചമാംസത്തിൽ ആഴ്ന്നിറങ്ങുന്ന കത്തിമുനയുടെ തിളക്കം തന്നെ ഭ്രാന്ത് പിടിപ്പിച്ചു, അതിൻറെ പിടിയിലൂടെ ഒഴുകിവരുന്ന രക്തം തന്നെ മത്തുപിടിപ്പിച്ചു. പ്രതികാരത്തിൻറെ ഇരമ്പലുകൾ മനസിനെ പ്രക്ഷുപ്തമാക്കി.

രാവിലെ തന്നെ കുളിച്ചു പുറപ്പെട്ടു, മൂന്നാലു മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്തു ഒടുവിൽ ബസ് ഇറങ്ങുമ്പോൾ മുരളിസാർ പറഞ്ഞു, "ഇതാണ് സ്ഥലം, ഇവിടെ ചോദിച്ചു പോകണം".

കുറച്ചു നടന്നു ഒരു ചായക്കടയിൽ കയറി ഒരു ചായ കുടിക്കാം എന്ന് സാർ പറഞ്ഞപ്പോൾ, "എനിക്ക് ചായയൊന്നും വേണ്ട, നമുക്ക് ആ വീട്ടിലേക്കു പോകാം" എന്ന് മറുപടി പറഞ്ഞു.

"നിക്കെടോ ഇത്ര വർഷം കാത്തില്ലേ ഇനിയിപ്പോൾ കുറച്ചു കൂടി കാത്തൂടെ? ഈ ചായക്കടയിൽ സ്ഥലം ചോദിച്ചു മനസിലാക്കിയിട്ടു പോകാം".

തൻറെ ക്ഷമകെടുന്നത് മുഖത്ത് പ്രകടമായിരുന്നു. സ്ഥലം ചോദിച്ചു കഴിഞ്ഞു നടന്നു തുടങ്ങി. കുറെ നടന്നു, ഇനി എത്ര ദൂരം എന്ന ചോദ്യം മനസ്സിൽ വന്നെങ്കിലും ചോദിച്ചില്ല, വഴി ചെറുതായി ചെറുതായി വന്നു, ഒടുവിൽ അതൊരു ഇടുക്കു വഴിയായി. "അതാണ് വീട്". കുറച്ചു മുന്നിലെ പൊളിയാറായ വീട്ടിലേക്കു വിരൽ ചൂണ്ടി സാർ പറഞ്ഞു.

"ഇവിടെ ആരൂല്ലേ" എന്ന മുരളി സാർ വിളിച്ചു ചോദിച്ചു. പതുക്കെ ആരോ വാതിൽ തുറന്നു, ബാഗിലെ അറയിൽ കയ്യിട്ടു തലേന്ന് വച്ച കത്തി കൈപ്പിടിയിലാക്കി, തൻറെ അച്ഛൻറെ ഘാതകനെ നേരിട്ട് കാണാൻ പോകുന്നു. ഹൃദയം പെരുമ്പറ കണക്കെ അടിച്ചുകൊണ്ടിരുന്നു.

പതുക്കെ വാതിൽ തുറന്നു, വന്നത് പക്ഷെ ഒരു സ്ത്രീയാണ്, പരുക്കൻ മട്ടിൽ നോക്കി കൊണ്ട്, "ഓ നേരത്തെ എത്തിയോ ആൾക്കാർ", അവർ തൻറെ നേരെ നോക്കിയിട്ടു, "ചെറുപ്പമാണല്ലോടെ ചെക്കാ, ആ പോരെ അകത്തേക്ക്, സാർ എൻറെ കൂടെ പോരെ, എടാ ചെറുക്കാ അപ്പറത്തെ മുറീല് മോളുണ്ട്, നീ അങ്ങോടു പൊക്കോ, അതോ ഞാൻ മതിയോ നിനക്ക്, എന്തോ വേണം സാറേ". മിഴിച്ചു നിന്ന തൻറെ കൈ പിടിച്ചു ചിരിച്ചുകൊണ്ട് അവർ അകത്തേക്ക് വലിച്ചു, "ആദ്യമായിട്ടായിരിക്കും അല്ലെ ചെക്കൻ, സാരൂല്ല ശീലമാവുമ്പോ മാറിക്കോളും".

"..അല്ല ഞങ്ങൾ ...." മുരളിസാർ എന്തോ പറയാൻ തുടങ്ങിയെങ്കിലും ആ സ്ത്രീ ഇടയ്ക്കു കയറി, "കേറി വാ സാറേ അകത്തിരുന്നു പറയാം".

യന്ത്രം കണക്കെ ഞങ്ങൾ അകത്തു കയറി. ഉള്ളിൽ ഒരു പൊളിഞ്ഞ ബെഞ്ച് ചൂണ്ടി അവർ ഇരിക്കാൻ പറഞ്ഞു. അപ്പോൾ അടുത്ത മുറിയിൽ നിന്നും മെലിഞ്ഞ ഒരു പെൺകുട്ടി നടന്നു വന്നു, മുഖത്ത് ഒരു പ്രസാദവുമില്ലാത്ത അവളുടെ കണ്ണുകളിൽ തേങ്ങലുകൾ അലയടിക്കുന്ന പോലെ. ഞങ്ങളെ അകത്തു കണ്ടിട്ടും അവളുടെ മുഖത്ത് ഒരു ഭാവ ഭേദവുമില്ല.

മുരളിസാർ വീണ്ടും പറഞ്ഞു തുടങ്ങി,"ഞങ്ങൾ സുരേന്ദ്രനെ അന്വേഷിച്ചു വന്നതാണ്".

ആ പേര് കേട്ടതും അവർ ക്രോധം കൊണ്ട് വിറക്കാൻ തുടങ്ങി, "ആ പട്ടിയെ കാണാൻ വന്നതാണോ, അല്ലാതെ എന്നെ കാണാൻ വന്നതല്ല അല്ലെ, ഇറങ്ങിക്കോണം ഇപ്പൊ, ഇല്ലെങ്ങി വെട്ടിയരിയും ഞാൻ...." പറഞ്ഞതും അവർ താഴെ കിടന്ന ഒരു വെട്ടുകത്തിയെടുത്തു ഓങ്ങിയതും ഒരുമിച്ചായിരുന്നു.

മുരളിസാർ അവരുടെ കൈയ്ക്ക് പിടിച്ചു, "അതികം ഒച്ച വെയ്ക്കണ്ട ഞാൻ പോലീസ് ആണ്" എന്ന് പറഞ്ഞു. എന്നിട്ടും അവർ നിർത്തിയില്ല.

"എന്തിനാ സാറേ ഇനീം വല്ലതും ബാക്കിയുണ്ടോ എന്നറിയാൻ വന്നതാ, ഒന്നൂല്ല എന്റേം എൻറെ മോൾടെ ശരീരോല്ലാതെ ഒന്നൂല്ല ഇവിടെ, അത് തരാം വേണോ, പിന്നെയുള്ളത് ഞങ്ങടെ ചോരയാ അതും വേണോ, എടുത്തോ. ഇവിടേം ജീവിക്കാൻ സമ്മതിക്കില്ല അല്ലെ, ഓടിയോടി എനിക്ക് മതിയായി. ഞാനും എൻറെ മോളും എന്ത് തെറ്റാ ചെയ്തേ.... ആ പട്ടീടെ ഭാര്യയായി പോയതോ, എൻറെ മോൾ ആ പട്ടീടെ മോളായി പോയതോ?" അവർ അലമുറയിട്ടു കരയാൻ തുടങ്ങി.

മുരളിസാർ അവരോടു ശാന്തമാകാൻ പറഞ്ഞു, എന്നിട്ടു തന്നെ ചൂണ്ടി, "ഇത് രമേശിൻറെ മോനാണ്, ഓർമ്മയുണ്ടോ രമേശിനെ, സുരേന്ദ്രൻറെ കയ്യിന്നു കുത്തേറ്റ രമേശിനെ...." പറഞ്ഞു തീർന്നതും അവർ മുഖമുയർത്തി തൻറെ നേർക്ക് നോക്കി. അവരുടെ കണ്ണുകളിൽ തീ പാറുന്നതു പോലെ, അവരുടെ ഉള്ളിൽ നിന്നും ഒരു ഭീകരസത്വം തൻറെ നേർക്ക് വന്നു, അതിൻറെ കൈവിരലുകളിൽ നിന്നും തള്ളി നിന്നിരുന്ന കൂർത്ത നഖങ്ങൾ തൻറെ മുഖത്ത് ആഴ്ന്നിറങ്ങി, ചോരയൊലിപ്പിച്ച ദംഷ്ട്രങ്ങൾ പുറത്തുകാട്ടികൊണ്ട് തുറന്ന വായ് തന്നെ കടിച്ചു കീറി.

വിറങ്ങലിച്ചു നിന്ന് പോയ തൻറെ കയ്യിൽ നിന്നും ബാഗ് താഴെ പോയി, അവർ കാണാതെ കയ്യിൽ ഒളിച്ചു പിടിച്ചിരുന്ന കത്തി കയ്യയഞ്ഞു താഴെ വീണു, അത് അവരെയും മുരളിസാറിനെയും ഞെട്ടിച്ചു.

"എടാ നീ ഈ കത്തി എന്തിനാ കൊണ്ടന്നെ?" മുരളിസാർ ചോദിച്ചു.

അവരാണ് അതിനു മറുപടി പറഞ്ഞത്, "കൊല്ലാൻ, ഞങ്ങളെ കൊല്ലാൻ, നിനക്ക് പകരം വീട്ടണോ, എന്നാ കൊല്ല്, എന്നേം മോളേം കൊന്നു പകതീർക്ക്‌".

ഉള്ളിൽ നിന്നും വന്ന ആർത്തനാദത്തെ പിടിച്ചുനിർത്താൻ തനിക്കായില്ല, നിലവിളിച്ചു കൊണ്ട് താൻ തറയിലേക്കിരുന്നു, തലയ്ക്കു കൈവച്ചുകൊണ്ടു ഉറക്കെ ഉറക്കെ കരഞ്ഞു. പിടഞ്ഞുപോയ ഹൃദയത്തിൽ നിന്നും വന്ന ഏങ്ങലുകൾ കണ്ണുകളെ നീർത്തടങ്ങളാക്കി, അവ അണമുറിഞ്ഞുപോയതു എപ്പോളാണെന്നു അറിഞ്ഞില്ല, മലവെള്ളപ്പാച്ചിൽ കണക്കെ അത് താഴോട്ടൊഴുകി.

തൻറെ യുദ്ധം വെറുതെയായിരുന്നുവന്നു തിരിച്ചറിയുന്നു, എല്ലാം നഷ്ടപെട്ടവരോട് എന്ത് യുദ്ധം, തോറ്റോടിപോയവരോട് എന്ത് പകപോക്കൽ, എല്ലാം വെറുതെ. ഈ അമ്മയും മകളും സഹിച്ചതിൻറെ പത്തിലൊന്നു താൻ സഹിച്ചിട്ടില്ല. ഇവരെ വച്ച് നോക്കുമ്പോൾ താൻ എത്രയോ ഭാഗ്യവാനാണ്, മനസ് തണുത്തു വന്നു, താഴെ നിന്നും എഴുന്നേറ്റു അവരുടെ കാൽക്കൽ വീണു. "എന്നോട് പൊറുക്കണം ഞാൻ ഇത്രയും നാൾ നിങ്ങടെ ഭർത്താവിനെ കൊല്ലാൻ കാത്തു ജീവിക്കുകയായിരുന്നു, എന്നോട് പൊറുക്കണം".

തൻറെ കരച്ചിൽ അവരെ അദ്‌ഭുതപെടുത്തി, പകച്ചു നിന്ന അവർ വിറയ്ക്കുന്ന ശബ്‍ദത്തോടെ പറഞ്ഞു, "അതിനു അയാൾ എവിടെയെന്നു പോലും ഞങ്ങൾക്കറിയില്ല, അന്നത്തെ സംഭവത്തിന് ശേഷം ഞങ്ങൾ അന്വേഷിച്ചിട്ടു പോലുമില്ല, അന്ന് തുടങ്ങിയതാണ് എൻറെ മോളേം കൂട്ടിയുള്ള ഓട്ടം, പല സ്ഥലത്തും പണിയെടുത്തു, റോട്ടിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങി, ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച് രാത്രി ഒരാൾ എന്നെ ...., പോകാൻ നേരം എൻറെ കയ്യിൽ ഒരു നൂറു രൂപ നോട്ടും വച്ച് തന്നു, അന്ന് തുടങ്ങീതാ ഞാൻ, എൻറെ മോളെയെങ്കിലും ചീത്തയാകാൻ സമ്മതിക്കരുതെന്നു ആഗ്രഹിച്ചു, പക്ഷെ വേശ്യയുടെ മകൾ വേശ്യയായല്ലേ പറ്റൂ, ഇല്ലെങ്കിൽ ആളുകൾ അങ്ങനെ ആക്കിയെടുക്കും." അവരുടെ പറച്ചിൽ തൻറെ കൈകാലുകൾ തളർത്തിക്കളഞ്ഞു, മനസിനെ വലിഞ്ഞു മുറുക്കി. എന്ത് പറയണമെന്നറിയാതെ നിന്ന തന്നെ നോക്കി മുരളിസാർ,"നമുക്ക് പോകാം, വീടെത്തണ്ടതല്ലേ".

ഒന്നും മിണ്ടാതെ ഞങ്ങൾ പുറത്തേക്കു കടന്നു, അവർ രണ്ടുപേരും വാതിൽക്കൽ തന്നെ നില്പുണ്ടായിരുന്നു, ആ പെൺകുട്ടിയുടെ കണ്ണുകളിൽ നിസ്സംഗതയല്ലാതെ മറ്റൊന്നില്ല, യാത്ര പറയാൻ പോലും കഴിയാതെ ഞങ്ങൾ നടന്നു തുടങ്ങി, ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കിയപ്പോളും അവർ അവിടെ തന്നെ നില്പുണ്ടായിരുന്നു. പതുക്കെ ആ വീട് കാണാതെയായി, മുന്നിലെ വഴികൾ മടുപ്പുളവാക്കി, യുദ്ധം പരാജയപെട്ടു തിരിച്ചുപോകുന്ന യോദ്ധാവിനെ പോലെ മനസ് മരിച്ചുകിടന്നു, വ്യർത്ഥതകളുടെ ഒരു മലകയറി അപ്പുറത്തു ചെന്നപോലെ ജീവിതം മരവിച്ചുനിന്നു. ഇനി എന്ത് എന്ന ചോദ്യം ഒരു വലിയ കടംകഥ പോലെ മുന്നിൽ....

"ജീവിതം ഏതെല്ലാം വഴികളിലൂടെയാണല്ലേ നമ്മെ കൂട്ടികൊണ്ടുപോകുന്നത്, നമ്മൾ തീർന്നു എന്നുകരുതുന്നയിടത്തു നിന്ന് അത് തുടങ്ങും, പുതിയ വഴിത്താരകളൊരുക്കി, നമ്മെ പുതിയ ലോകത്തേക്ക് കൂട്ടികൊണ്ടുപോകും, അല്ലെ ദീപു"? ബസ് നീങ്ങി കൊണ്ടിരിക്കുന്നതിനിടയ്ക്കു മുരളി സാർ ദൂരേക്ക്‌നോക്കി കൊണ്ട് പറഞ്ഞു, താൻ മറുപടി ഒന്നും പറഞ്ഞില്ല, ചിരിച്ചു കൊണ്ട് സാർ തുടർന്നു, "ഇപ്പോ നിൻറെ മനസ്സിൽ എന്താണെന്നു ഞാൻ പറയട്ടെ, നീ ആ പെൺകുട്ടിയുടെ കണ്ണുകളിൽ കണ്ട അതേഭാവം, നിസ്സംഗത, അല്ലേ"? അദ്‌ഭുതത്തോടെ നോക്കിയ തൻറെ തോളിൽ തട്ടി സാർ ചിരിച്ചുകൊണ്ട് പറഞ്ഞു, "എനിക്ക് ഈ മനസ് വായിക്കാൻ അറിയാം". ഇയാൾ ആരാണ്, ദൈവം രൂപം മാറി വന്നതാണോ, ഇയാൾ ശരിക്കും തൻറെ കൂടെ ഉണ്ടോ, അതോ ഇതെല്ലാം തൻറെ തോന്നലുകളാണോ, ഒരുവേള മനസ് ചഞ്ചലപ്പെട്ടുപോയി.

"കണ്ടതിനേക്കാൾ വിശേഷം കാണാനുള്ളതല്ലോ, ഹാ ജീവിതം എത്ര ദുഷ്ക്കരം, ചേതോഹരം, ഹ,ഹ,ഹ ..." അയാൾ ഒരു പാട്ടുപോലെ നീട്ടി പാടി ചിരിച്ചുകൊണ്ട് പുറത്തേക്കു നോക്കിയിരുന്നു.

കലുഷിതമായ മനസുമായി വീട്ടിലെത്തി ദിവസങ്ങൾ തള്ളി നീക്കി. വർഷം കഴിഞ്ഞു തിരയടങ്ങിയ കടൽ പോലെ മനസ് പതുക്കെ ശാന്തമാകാൻ തുടങ്ങി. തനിക്കു ഇനി ആരോടും പകയില്ല, ദ്വേഷമില്ല, ഉള്ളിൽ ഇരമ്പുന്ന സാഗരങ്ങളില്ല. ഉള്ളിൽ തേങ്ങലുകൾ അലയടിക്കുന്ന ആ പെൺകുട്ടിയുടെ നിസ്സംഗത തളംകെട്ടിനിന്ന കണ്ണുകൾ മനസ്സിൽ നിന്നും മായാതെ നിന്നു. ഒരുവേള സ്വയം അവളുടെ സ്ഥാനത്തു പ്രതിഷ്ഠിച്ചു നോക്കി, എന്താണ് അവൾക്കു പ്രതീക്ഷിക്കാനുള്ളത്. വാതിലിൽ മുട്ടുന്ന ഓരോ ശബ്ദവും ഒരുപക്ഷെ അവളെ പേടിപ്പിക്കുന്നുണ്ടാകാം, അതോ അത് ശല്യംചെയാത്തവിധം അവളുടെ വിധിയുമായി അവൾ പൊരുത്തപ്പെട്ടിട്ടുണ്ടാകുമോ, അതാണോ അവളുടെ കണ്ണിലെ നിസ്സംഗതകൾ വിളിച്ചു പറയുന്നത്. താനൊരിക്കലും തൻറെ വിധിയുമായി പൊരുത്തപ്പെട്ടിരുന്നില്ലല്ലോ. മനസ് അവിടെയും ഇവിടെയും അലഞ്ഞു നടന്നു.

പതുക്കെ ഒരു ജോലി ശരിയായി, അവിടെ പോകാൻ കൂടി തുടങ്ങിയതോടെ കാര്യങ്ങൾ സാധാരണസ്ഥിതിയിലായി. അമ്മയോടും ദീപ്തിയോടും ഒന്നും പറഞ്ഞില്ല, അവർ തത്കാലം അറിയേണ്ടന്ന് വച്ചു.

ഒരു ദിവസം മുരളിസാർ വിളിച്ചിട്ടു പെട്ടെന്ന് വരണമെന്നും ഒരിടം വരെ സാറിൻറെ കൂടെ ചെല്ലണമെന്നും പറഞ്ഞു, ആ യാത്ര അവസാനിച്ചത് ജയിലിലെ സൂപ്രണ്ടിൻറെ മുറിയിലാണ്. എന്താണ് കാര്യമെന്ന് മനസിലാകാതെ ഇരുന്നപ്പോൾ ഒരു ബാഗും കുറച്ചു സാധനങ്ങളുമായി പോലീസുകാരൻ വന്നു, സാധനങ്ങൾ മേശമേൽ വച്ചിട്ട് അയാൾ പോയി. സൂപ്രണ്ട് പറഞ്ഞു, "ഇതാണ് അയാളുടെ സാധനങ്ങൾ, ബോഡി എടുക്കാൻ റെഡി ആയിട്ടുണ്ട്, ആംബുലൻസ് വന്നു അപ്പൊ ഇനി നിങ്ങക്ക് ഇറങ്ങാം".

പകച്ചിരുന്ന തന്നെ നോക്കി മുരളിസാർ പറഞ്ഞു, "സുരേന്ദ്രൻ ഇന്നലെ മരിച്ചു, അയാളുടെയാണ് ഈ സാധനങ്ങൾ, ബോഡി ഏറ്റുവാങ്ങാൻ ആരുമില്ല, ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം എന്ന് പറഞ്ഞു".

ഭൂലോകം മുഴുവൻ തൻറെ മുന്നിൽ ഇടിഞ്ഞുതാന്നു, ആകാശം തൻറെ മുന്നിൽ പൊട്ടിച്ചിതറി, വർഷക്കാലരാത്രിയിലെ ഇടികുടുക്കം പോലെ ഹൃദയം പടപടാ മിടിച്ചു, മേഘപാളികൾകൂട്ടിയിടിച്ചു ചിതറിയ മിന്നൽ പിണറുകൾ തൻറെ തലച്ചോറിലൂടെ കടന്നുപോയി, പാറമേൽ വീണു തകർന്ന സ്ഫടികം പോലെ മനസ് ചിന്ന ഭിന്നമായി. കൈകൾ ആരോ കെട്ടിയിട്ട പോലെ, എന്തൊക്കെയോ ചെയ്യണമെന്നുണ്ട്, പക്ഷെ ഒന്നിനും കഴിയുന്നില്ല. അദൃശ്യമായ ചങ്ങല കൂട്ടങ്ങൾ തന്നെ ബന്ധിച്ചിരിക്കുന്നു, അവ തന്നെ നിശ്ചലമാക്കിയിരിക്കുന്നു. മുൾച്ചെടികുത്തിനിടയിൽ പെട്ട കുരുവിയെപോലെ അനങ്ങാൻ വയ്യാത്ത അവസ്ഥ.

എന്തൊരു വിധിയാണിത്, തന്നെ ചുറ്റിനിൽകുന്ന എല്ലാവരും ദുഖഃചുഴിയിൽപെട്ടുഴലുന്നു. ഒരിക്കൽ താൻ കൊല്ലാൻ കൊതിച്ചു നടന്നയാൾ മരിച്ചു കിടക്കുന്നു. ദൂരെ ഒരിടത്തു അയാളുടെ ഭാര്യയും മകളും ശരീരം വിറ്റു ജീവിക്കുന്നു. ദൈവം ഒരു ക്രൂരൻറെ മുഖത്തോടെ തന്നെ കളിയാക്കിച്ചിരിക്കുന്നതുപോലെ, വിധിയുടെ പേരുപറഞ്ഞു തങ്ങളെ അമ്മാനമാടുന്നതുപോലെ.

തകർന്ന മനസുമായാണ് ആംബുലൻസിൽ കയറിയത്, അയാളുടെ ശരീരത്തിൽ തണുപ്പ് ബാധിച്ചിരുന്നു, അയാൾ കുറെ നാളായി രോഗിയായിരുന്നത്രെ. അയാളുടെ സംസ്കാരത്തിനുള്ള ഏർപ്പാടുകൾ മുരളിസാർ ഒരുക്കിയിരുന്നു, ആംബുലൻസ് വന്നു നിന്നപ്പോൾ അയാളുടെ ഭാര്യയും മകളും കരഞ്ഞുകൊണ്ട് ഓടിവന്നത് തന്നെ അദ്‌ഭുതപെടുത്തി. ചിതയൊരുക്കി അതിനുള്ള ഒരുക്കങ്ങൾ നടന്നു. തീ കൊളുത്താൻ മുരളിസാർ കുളിച്ചു തയാറാകാൻ പോയപ്പോൾ, താൻ തടഞ്ഞു, "ഞാൻ ചെയ്തോളാം ചിതയ്ക്ക് തീ കൊളുത്താലും, കർമ്മങ്ങളുമെല്ലാം".

കുളിച്ച്‌, കർമ്മങ്ങളിലൂടെ പോയയാളുടെ ആത്മാവിനോട് ഇവിടെ എല്ലാം ശുഭമായിരിക്കുന്നു എന്നും, സ്വസ്ഥമായി പൊയ്ക്കൊള്ളു എന്ന സന്ദേശവും കൊടുത്ത്, ചിതക്ക് തീ കൊളുത്തി.

തീ ആളിക്കത്തി, അതിലേക്കു തൻറെ മനസുരുക്കിയൊഴിച്ചു കൊണ്ട് നിന്നു, അവിടെ നിന്നു പോകാൻ തോന്നുന്നില്ല, ഇനിയും എത്ര കർമങ്ങൾ ബാക്കി, അറിയില്ല. മുരളിസാർ തൻറെ അടുത്ത് വന്നു തോളിൽ കൈവച്ചു നിന്നു, "വാ പോകാം, നേരം ഒരുപാടായി".

"ഈ ചിത എരിഞ്ഞടങ്ങട്ടെ, എന്നിട്ടു പോകാം". എരിഞ്ഞുക്കൊണ്ടിരുന്ന തീയിലേക്ക് നോക്കികൊണ്ട്‌ പറഞ്ഞു. ചിതയിലെ തീ പെട്ടെന്ന് ആളികത്തി, അതിൻറെ ചൂട് തന്റെ ശരീരത്തിലേക്ക് പടർന്നു വന്നു.

മുരളിസാർ പറഞ്ഞു, "ദീപുവിനറിയാമോ, സുരേന്ദ്രനെ എനിക്ക് നേരത്തെ അറിയാം, അയാൾ കഴിഞ്ഞിരുന്ന ജയിലിൽ തന്നെയായിരുന്നു എനിക്ക് ജോലി. അവിടെ വച്ച് ഞങ്ങൾ കുറെ അടുത്തു, അയാൾക്ക്‌ പറ്റിയ കൈയബദ്ധവും അതിൽ അയാൾക്കുള്ള പശ്ചാത്താപവും അയാൾ എന്നോട് പറഞ്ഞു. അയാളുടെ കുടുംബത്തെ കുറിച്ച് അന്വേഷിച്ചു പറയണം എന്ന് എന്നോട് പറഞ്ഞെങ്കിലും എനിക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നെ അയാൾ അത് മറന്നു.

പിന്നെയാണ് തൻറെ കയ്യാൽ മരണപ്പെട്ട രമേശിനെ കുറിച്ച് ചോദിച്ചു തുടങ്ങിയത്, ഞാൻ നിങ്ങളെ കുറിച്ച് അറിഞ്ഞതെല്ലാം പറഞ്ഞു കൊടുക്കുമായിരുന്നു. നീ ബുദ്ധിമുട്ടുന്നതെല്ലാം പറഞ്ഞപ്പോൾ, അയാളുടെ ജയിലിൽ കിട്ടുന്ന ശമ്പളം നിനക്ക് തരണം എന്ന് പറഞ്ഞു, അതാണ് ഞാൻ നിനക്ക് തന്നിരുന്നത്. അയാൾക്കൊരു വീടുണ്ടായിരുന്നു, അത് വിറ്റിട്ട് പൈസ ബാങ്കിൽ ഇട്ടു. അതിൽ നിന്നും കിട്ടുന്ന പലിശയും നിന്നെ ഏല്പിച്ചു. നിൻറെ ചിലവുകൾ നോക്കിയിരുന്നത് അയാളാണ്, ഞാനല്ല, ഞാനൊരു ഇടനിലക്കാരൻ മാത്രം".

വാക്കുകൾ ഇടിത്തീയായി കാതിൽ വീണത് താനറിഞ്ഞു, ഞരമ്പുകൾ വലിഞ്ഞു മുറുകി, മനസിലെ മരച്ചില്ലകളിൽ നിന്നും ഒരായിരം കിളികൾ പറന്നകന്നു, അവ മനസിന് ചുറ്റും വട്ടമിട്ടു പറന്നു. അമ്മയോട് ചെന്ന് മുരളിസാർ പറഞ്ഞ കാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മ വിങ്ങിപ്പൊട്ടി.

ചിതയടങ്ങി തുടങ്ങി, നേരം ഇരുട്ടാറായപ്പോൾ സുരേന്ദ്രൻറെ ഭാര്യയും മകളും പോകാൻ തയാറാകുന്നത് കണ്ടപ്പോൾ അവരുടെ അടുത്തുചെന്നു, "ഇനി ആ പഴയ വീട്ടിലേക്കു പോകണ്ട, നമ്മുക്ക് എൻറെ വീട്ടിലേക്കു പോകാം. അവിടെ എൻറെ അമ്മയും അനിയത്തിയുമൊത്തു കഴിയാം".

അമ്മയും ദീപ്തിമോളും അവരുടെ അടുത്തേക്ക് വന്നു, അവർ പരസ്പരം കൈകൾ ചേർത്തുപിടിച്ചു, ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നും സ്നേഹത്തിൻറെ അലകൾ ഉയർന്നുവന്നു, അവ ആകാശം മുട്ടെ ഉയർന്നു നിന്ന മനസിൻറെ പ്രതലത്തിൽ തട്ടി ശാന്തമായൊതുങ്ങി. മുരളി സാറിൻറെ വാക്കുകൾ മനസ്സിൽ അലയടിച്ചു, “നമ്മൾ തീർന്നു എന്നുകരുതുന്നയിടത്തു നിന്ന് അത് തുടങ്ങും, പുതിയ വഴിത്താരകളൊരുക്കി, നമ്മെ പുതിയ ലോകത്തേക്ക് കൂട്ടികൊണ്ടുപോകും, അല്ലെ ദീപു"?

പതുക്കെ നീങ്ങി തുടങ്ങിയ ടാക്സിയിൽ ഇരുന്നു നോക്കുമ്പോൾ വഴികൾക്കു പുതിയ മോടി തോന്നി, ആകാശം തെളിഞ്ഞു നിന്നു, വഴിയരികിലെ ചെടികളും മരങ്ങളുമെല്ലാം പൂവിട്ടു നിന്നു, മനസ്സിൽ പുതിയ ചക്രവാളങ്ങൾ തുറന്നു വന്നു. ആ ചക്രവാളങ്ങളിൽ പുതിയ വഴിത്താരകളും പുതിയ ലോകങ്ങളും തുറക്കപ്പെട്ടു, ആരോ കൈപിടിച്ച് കൊണ്ടുപോകുന്ന പോകുന്ന പോലെ അതിലേക്കു താനും നടന്നകന്നു, അലിഞ്ഞു ചേർന്നു, ആകാശത്തിൽ അലിഞ്ഞു ചേർന്ന മേഘപാളികളെപോലെ....


Rate this content
Log in

Similar malayalam story from Drama