‘ചാർളി’യും വേട്ടക്കാരനും പിന്നെ എൻറെ പ്രവാസവും....
‘ചാർളി’യും വേട്ടക്കാരനും പിന്നെ എൻറെ പ്രവാസവും....


‘ചാർളി’ എന്ന സിനിമയിലെ ചാർളി എന്ന നായക കഥാപാത്രമാണ് എന്നെ വീണ്ടും വേട്ടക്കാരനെ കുറിച്ച് ഓർമപ്പെടുത്തിയത്.
ഒരു സാരി കഴുത്തിലിട്ടു മരണത്തിലേക്കു യാത്ര തുടങ്ങിയ കനിയെ ജീവിതത്തിലേക്ക് തിരിച്ചു വിളിച്ചു കൊണ്ടു പോകുമ്പോൾ, വഴിയിൽ വച്ച് ചാർളി കനിയോടു ചോദിക്കുന്നുണ്ട്, 'വേട്ടക്കാരനെ കണ്ടിട്ടുണ്ടോ?’ എന്ന്.
ഒരു കയ്യിൽ മഴുവും മറ്റേ കയ്യിൽ പരിചയും പിടിച്ചു, അരയിൽ വാളും തൂക്കി നിൽക്കുന്ന വേട്ടക്കാരൻറെ രൂപം അപ്പോൾ കനി ഓർത്തു കാണുമോ എന്നെനിക്കു സംശയം തോന്നി.
എൻറെ കുട്ടിക്കാലത്തു ഞാൻ വേട്ടക്കാരനെ കാണാറുണ്ടായിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞു കിടക്കുന്നതിനു മുൻപ്, മുറ്റത്തു ഇറങ്ങി നടക്കുന്ന ചില സമയങ്ങളിൽ, മാനത്തു നിൽക്കുന്ന വേട്ടക്കാരനെ ഞാൻ തിരഞ്ഞു കണ്ടുപിടിക്കാറുണ്ടായിരുന്നു. വലുതായപ്പോളും ഇടക്ക് രാത്രിയിൽ ഞാൻ വേട്ടക്കാരനെ തിരയാറുണ്ടായിരുന്നു.
കുവൈറ്റിൽ വന്നതിനു ശേഷം ഞാൻ വേട്ടക്കാരനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. വേട്ടക്കാരനെ കുറിച്ച് മാത്രമല്ല, മറ്റു പലതിനെയും കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് ഒരു നഷ്ടബോധം തോന്നി, ഞാൻ അസ്വസ്ഥനായി.
ഇവിടെ വന്നതിനു ശേഷം വേട്ടക്കാരനെ കുറിച്ച് എന്നെ ഓർമ്മപ്പെടുത്തിയത് ‘ചാർളി' ആണ്. കയ്യിൽ മഴുവും പരിചയും പിടിച്ചു, അരയിൽ വാളും തൂക്കി നിൽക്കുന്ന വേട്ടക്കാരൻറെ രൂപം എൻറെ മനസ്സിൽ തെളിഞ്ഞു വന്നു. എനിക്ക് വേട്ടക്കാരനെ വീണ്ടും കാണണം എന്ന് തോന്നി.
ഞാൻ എൻറെ ബാൽക്കണിയിലേക്കു ഇറങ്ങി നിന്നു. ചെറിയ ബാൽക്കണിയായതിനാൽ എനിക്ക് ആകാശം മുഴുവൻ കാണാൻ കഴിയുന്നില്ല. എൻറെ മുന്നിൽ ആകാശം പകുതി മറയ്ക്കപെട്ടിരിക്കുന്നു. മുകളിലേക്കു നോക്കി നോക്കി ഞാൻ തിരഞ്ഞു കൊണ്ടിരുന്നു, പക്ഷെ വേട്ടക്കാരനെ മാത്രം കാണുന്നില്ല...
പെട്ടെന്ന്, ആകാശം വലുതാകുന്നതായി തോന്നി. ഞാൻ ബാൽക്കണിയോടൊപ്പം മുകളിലേയ്ക്കു ഉയർത്തപ്പെട്ട പോലെയും, ആകാശം താഴേക്ക് ഇറങ്ങി വന്ന പോലെയും. വേട്ടക്കാരൻ എൻറെ തൊട്ടു മുന്നിൽ തെളിഞ്ഞു വന്നു. കയ്യെത്തും ദൂരത്തു, കയ്യിൽ മഴുവും പരിചയും, അരയിൽ വാളുമായി വേട്ടക്കാരൻ. ഓരോ നക്ഷത്രങ്ങളും എനിക്ക് കാണാം. അതിൻറെ പ്രകാശവും ഊഷ്മളതയും എനിക്ക് സ്പർശിക്കാം. ആ ശ്വാസോഛ്വാസം എനിക്ക് കേൾക്കാം.
വാതിലിൽ മുട്ടുന്ന ശബ്ദം എന്നെ വീണ്ടും എൻറെ കൊച്ചു ബാൽക്കണിയിലേക്ക് തിരിച്ചു കൊണ്ട് വന്നു. രണ്ടു വയസ്സ് പ്രായമുള്ള എൻറെ കുഞ്ഞു മകൻ വിളിക്കുകയാണ്. രണ്ടു മുറിയും ഹോളും മാത്രമുള്ള ഫ്ലാറ്റിനുള്ളിൽ കളിക്കാനായി. അവൻറെ ലോകം ഇതാണ്, രണ്ടു മുറിയും ഹോളും ഉള്ള ഈ ഫ്ലാറ്റ്. എൻറെ കുട്ടിക്കാലത്തു ലഭ്യമായിരുന്ന മുറ്റവും മണ്ണും പച്ചത്തളിർപ്പുകളുമൊന്നും എൻറെ കുഞ്ഞുങ്ങൾക്കു ഇല്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് വിഷമം തോന്നി. അവർക്കു അത് നഷ്ടമായി എന്ന കാര്യം പോലും അവർ അറിയുന്നില്ലല്ലോ എന്നോർത്തപ്പോൾ ഞാൻ വീണ്ടും അസ്വസ്ഥനായി.
പ്രവാസം എന്ന അവസ്ഥ എന്നിൽ ഉളവാക്കുന്ന നഷ്ടങ്ങളും,ഞാൻ തെരഞ്ഞെടുത്ത ഈ പ്രവാസം മൂലം എൻറെ കുഞ്ഞുങ്ങൾക്ക് ഞാൻ നഷ്ടപ്പെടുത്തുന്ന സൗഭാഗ്യങ്ങളെയും കുറിച്ചോർത്തപ്പോൾ എന്നിലെ അസ്വസ്ഥതകൾ ഇരട്ടിയായി. ഈ മരുഭൂമിയുടെ നടുവിൽ, ഈ കോൺക്രീറ്റ് കാടുകൾക്കിടയിൽ, ഒരു കൊച്ചു ബാൽക്കണിയിൽ നിന്ന് കൊണ്ട് ഞാൻ എൻറെ ഈ അസ്വസ്ഥതകളുമായി സമരസപ്പെടാൻ ശ്രമിക്കട്ടെ, അവയെ ഇഷ്ടപ്പെടാൻ ശ്രമിക്കട്ടെ, കാരണം ഈ അസ്വസ്ഥതകളാണ് എൻറെ ഈ പേന ചലിപ്പിക്കുന്നത്, എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്....
വാക്കുകൾ മുഴുവൻ പറയാൻ അറിയാത്ത എൻറെ കുഞ്ഞു മകൻ എന്നെ പിടിച്ചു വലിക്കുകയാണ്,"അച്ഛാ വാ, അച്ഛാ വാ" എന്ന് പറഞ്ഞുകൊണ്ട്. ഞാൻ ആകാശത്തിലേക്കു ഒന്ന് കൂടി കണ്ണോടിച്ചു നോക്കി, ദൂരെ വേട്ടക്കാരൻ നിൽക്കുന്നു. വീണ്ടും കാണാം എന്ന വാക്കോടെ വേട്ടക്കാരന് താത്കാലിക വിട നൽകി ഞാൻ അകത്തേക്കു കടന്നു.