Binu R

Abstract

4.2  

Binu R

Abstract

ശങ്കു

ശങ്കു

2 mins
464


ഞാൻ വാതിൽ തുറന്നപ്പോൾ കണ്ടത് എന്റെ വളർത്തുനായ ശങ്കുവിനെയും കടിച്ചെടുത്തു കൊണ്ട് ആ കള്ളപുള്ളിപ്പുലി ആകാശത്തും ഭൂമിയിലുമല്ലാതെ ചാടിപ്പോകുന്നതാണ്.


എത്രയോ നാളായി ആ പുലിയുടെ സാന്നിധ്യം ഈ കരയിൽ ഇല്ലാതെ ആയിട്ട്. ഇടയ്ക്കിടെ പാറപ്പുറത്തുകിടന്നുറങ്ങുന്ന ആദിവാസികളുടെ ഇടയിൽ നിന്നും ആടിനെയും പട്ടിയെയും ഇവൻ കൊണ്ടുപോകാറുണ്ട്, ആരും അറിയാതെ.


ആനയും പുലിയുമടക്കം സകല കൊള്ളരുതാത്ത മൃഗങ്ങളും ഉള്ള കാടാണ് ഈ പുഴയുടെ അക്കരെയുള്ളത്. അതിനാൽ തന്നെ ഇരുപതടിയോളമുയരമുള്ള ഒരു പാറയുടെ മുകളിലാണ് എന്റെ വീടിരിക്കുന്നത്. എന്റെ പത്തെക്കറോളം വരുന്ന പറമ്പിന്റെ താഴെ ചെരുവിലാണ് അത്.

   

പകൽ കഴിഞ്ഞു രാത്രിയായാൽ പണിക്കാരൊക്കെ പോയിക്കഴിഞ്ഞാൽ ഏകാന്തതയെ മറയ്ക്കാനാണ് ശങ്കുവെന്ന നായക്കുട്ടിയെ ഒപ്പം കൂട്ടിയത്. ധൈര്യത്തിന്റെ കാര്യത്തിൽ അവനെക്കഴിഞ്ഞേ മാറ്റാരുമുള്ളു.


പക്ഷേ, അവന് ആനയെ പേടിയാണ്. അക്കരെക്കാട്ടിൽ നിന്ന് ആനയുടെ ചൂരോ ചിഹ്നം വിളിയോ കേട്ടാൽ പിന്നെ അന്നത്തെ രാത്രിയിലെ ഉറക്കം വീടിനകത്താണ് എന്റെ കട്ടിലിനുകീഴിൽ.


അത് വളരേ നന്നായിയെന്ന് മൊയ്യീൻകുട്ടിയും അലവിയും പറയാറുണ്ട്. കാരണം, ചില നായ്ക്കൾ ആനയുടെ ചൂരും വിളിയും കേട്ടാൽ കുര തുടങ്ങും. അത് ആനക്ക് വിറളിയാണത്രെ. ആന, നായ് കുരയ്ക്കുന്നടുത്തേയ്ക്ക് വരുകയും നമുക്ക് അപകടം ഉണ്ടാവുകയും ചെയ്യും.


പക്ഷേ,ഞാൻ ഇടയ്ക്കൊക്കെ കാട്ടിൽ പോകാറുണ്ട്, ആദിവാസികൾക്കൊപ്പം. സന്തതസഹചാരിയായ നായ ശങ്കുവും കൂടെക്കൂടും. അത് എന്നെ നേർവഴിക്കു തെളിക്കാനാണ് എന്നാണ് അവന്റെ ഭാവം.കാട്ടിൽ ഏതെങ്കിലും അസ്വാഭാവികമായ ശബ്ദമോ മണമോ വന്നാൽ അവനൊന്നു മുരളും. അപ്പോൾ ആദിവാസികൾക്ക് അപകടം മണക്കും. അവർ എന്നെ ഏതെങ്കിലും ഉയരമുള്ള പാറയുടെ മുകളിൽ വലിച്ചും തള്ളിയും കയറ്റും. ശങ്കു പാറയുടെ താഴെ ജാഗരൂകാനായി ഉണ്ടാകും. ആനയാണെങ്കിൽ കുരച്ചുകൊണ്ട് എതിർ ദിശയിലേക്ക് ഓടും. ആനയുടെ ശ്രദ്ധ തിരിക്കാനാണത്രെ അങ്ങിനെ ചെയ്യുന്നതെന്ന് ഒടുക്കൻ പറയും. ഒടുക്കൻ ആദിവാസികളുടെ മൂപ്പനാണ്. നല്ല ബുദ്ധിയുള്ള നായ എന്നാണ് അവർക്കിടയിലെ പൊതു സംസാരം. അതുകൊണ്ട് അവർക്കും ശങ്കുവിനെ ഇഷ്ടമാണ്.


ടാപ്പിംഗ്കാർ ഇടയ്ക്കിടെ അവന്റെ സഹായം തേടും. അതിരാവിലെ പണിയ്ക്കെത്തുന്നവർ പറമ്പിലേയ്ക്ക് കൂട്ടിന് വിളിക്കും. അവൻ മുമ്പേ പോയി അപകടങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി തിരികെ വരും. ചിലപ്പോൾ അവർക്കൊപ്പം മലയിലേയ്ക്ക് കയറിപ്പോകും. നന്നേ വൈകി വീട്ടിലേയ്ക്ക് പോകുന്നവർക്ക് തുണയായി ഒപ്പം പോകും. ഇരുട്ടുന്നതിനു മുമ്പേ തിരികെ വരികയും ചെയ്യും. അവർ പറയുന്നത് ഇപ്രകാരമാണ്, ഒന്ന് വെള്ളം കുടിക്കാൻപോലും അവൻ നിൽക്കില്ല. അവന്റെ യജമാനൻ മലയിൽ ഒറ്റയ്ക്കാണെന്ന് അവനറിയാം.


ഒരിക്കൽ, വേനലിൽ പറമ്പു നനയ്ക്കുന്നതിനിടയിൽ സന്ധ്യയായി, ഇരുട്ടും വീണു തുടങ്ങി.ശങ്കു എന്റെ അടുത്തുള്ള ഒരു പാറയുടെ മുകളിൽ കയറി കിടക്കുകയാണ്. വളഞ്ഞുചുരുണ്ടാണ് കിടപ്പ്. നല്ല കറുകറമ്പനാണ്. കഴുത്തിൽ നിന്ന് അടിവയറ്റിലേക്ക് നീളത്തിൽ ഒരുവെളുത്ത ടൈ കെട്ടിയതുപോലെ,ഒരു വെളുപ്പ് പടർന്നുകിടപ്പുണ്ട്.ഇടയ്ക്കിടെ ഇരുചെവികളും ഇരു സൈഡിലേക്കും തിരിക്കുകയും മറ്റും ചെയ്യുന്നത് ഞാൻ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൊടുന്നനെ അവൻ എഴുന്നേൽക്കുന്നത് ഞാൻ കണ്ടു. അവനിലെ ഒരു ഭാവമാറ്റവും ഞാൻ കണ്ടു.


സാധാരണ ഞാൻ അവനോട് കുശലം ചോദിക്കാറുണ്ട്. അവൻ പല രീതിയിൽ എനിക്ക് മറുപടിയും തരും. പക്ഷേ അപ്പോൾ അവനിൽ ആ കുട്ടിക്കളി മറന്നതുപോലെ. കാട്ടിലേക്ക് അവൻ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു. പെട്ടെന്ന് അവൻ എന്റെ അരികിൽ വന്ന് എന്റെ മുണ്ടിൽ കടിച്ചുവലി തുടങ്ങി.എനിക്കെന്തോ ഒരപായം മണത്തു. ഞാൻ അവനെ അനുസരിച്ചു.അവൻ എന്നെയുംകൊണ്ട് വീട്ടിലേക്കാണ് പോയത്. അകത്തുകടന്നതും അവൻ വാതില്പടിയിൽ അലോസരനായി നിന്നു. ഒരു മൂളൽ പോലും അവനിൽ നിന്നുമുണ്ടായില്ല.


പിറ്റേന്ന്, നേരം പരപരാന്നു വെളുത്തപ്പോൾ അടുത്ത പറമ്പിലെ ടാപ്പിംഗ്കാരൻ എന്നെ വന്ന് വിളിച്ചുണർത്തി. ഞങ്ങൾ ഒന്നിച്ചു താഴേക്ക് നടക്കുമ്പോൾ ശങ്കുവും കൂടെയുണ്ടായിരുന്നു. താഴെ തൊടിയിൽ നിന്ന തേങ്ങുകളുടെ സമീപം കാട്ടാന പെരുമാറിയത്തിന്റെ ലക്ഷണങ്ങൾ. കഴിഞ്ഞ ദിവസം ഞാൻ നനച്ചുനിന്നിരുന്ന പറമ്പിന്റെ ഒരു തൊടി താഴെയായിരുന്നു ഇത്. അത് കണ്ട് എനിക്ക് അവനോടുള്ള സ്നേഹം അടക്കാൻ കഴിഞ്ഞില്ല. അന്ന് ഞങ്ങൾ ഒരു കോഴിയെ പൊരിച്ചു തിന്ന് ആഘോഷിച്ചു.


ആ ശങ്കു നായയേയും കൊണ്ടാണ് ആ പുള്ളിപ്പുലി ആകാശത്തും ഭൂമിയിലുമല്ലാതെ ചാടിപ്പോയത്.പുലിയുടെ അടിവശം നല്ല വെളുത്ത നിറമായിരുന്നു.വിഞ്ചെസ്റ്റർ ടോർച്ചിന്റെ വെട്ടത്തിലാണ് ഞാനത് കണ്ടത്.



Rate this content
Log in

Similar malayalam story from Abstract