Binu R

Fantasy Thriller

4  

Binu R

Fantasy Thriller

കഥ - മംഗലശ്ശേരി.17രചന:ബിനുR

കഥ - മംഗലശ്ശേരി.17രചന:ബിനുR

3 mins
387



-17-


വീണ്ടും, അന്ന് മംഗലശ്ശേരിയിലേക്ക് പോകുമ്പോൾ, ഗേറ്റ് കടക്കുന്നതിനുമുമ്പ് പാദപതനം കേട്ട് തിരിഞ്ഞു നോക്കി. അമ്മ, തൊട്ടു പിറകിൽ തന്നെ.അമ്മയുടെ കണ്ണുകളിലും ചുണ്ടിലും കലുഷിതമായ സംശയങ്ങൾ. അമ്മയെ തലോടൽ കൊണ്ട് സാന്ത്വനിപ്പിച്ചു. അമ്മ കൈ പിടിച്ചു നെഞ്ചത്ത് ചേർത്തുകൊണ്ട് പറഞ്ഞു.


'ഉച്ചക്ക് ഉണ്ണാൻ വരണം.'


അമ്മയുടെ നെഞ്ചത്തിരുന്നു കുറുകുന്ന ഗദ്ഗദത്തെ ഉണ്ണി ശ്രദ്ധിച്ചെങ്കിലും കണ്ടില്ലെന്നു നടിച്ച് ഒരു കള്ളച്ചിരിയോടെ പറഞ്ഞു..


'ഞാൻ വരും.'


ഉണ്ണി നടന്നു മറഞ്ഞപ്പോൾ അമ്മ തിരിഞ്ഞു നടന്നു.


മംഗലശ്ശേരിയിലെ തുറന്നുമലർന്നുകിടക്കുന്ന പുതിയ ഗേറ്റ് കടന്ന് ഉണ്ണി ചെന്നപ്പോൾ കുഞ്ഞൻ തെങ്ങെല്ലാം വൃത്തിയാക്കിക്കഴിഞ്ഞു മുറ്റത്തിന്റെ അരമതിലിൽ പറമ്പിലേക്ക് കാലും തൂക്കിയിട്ട് ബീഡിയും വലിച്ചു ആകാശത്തിന്റെ ഭംഗിയും നോക്കി ബീഡിപ്പുകയുടെ ചന്തവും കണ്ടിരിക്കുന്നു. മുഖത്തെ തിങ്ങിയ താടിമുടികൾക്കിടയിലൂടെ വേർപ്പുകണങ്ങൾ തുള്ളിയായ് ഇറ്റുവീഴുന്നു. പാറിപ്പറന്ന ചുരുളൻ തലമുടി ഇടതു കൈയ്യാൽ ഒതുക്കിവക്കുന്നു.


കുട്ടൻ പറമ്പിൽ വിതറിക്കിടന്ന ചൂട്ടും കോഞ്ഞാട്ടയുമെല്ലാം വാരിക്കെട്ടി ഓരോ തെങ്ങിന്റെ ചുവട്ടിലും കൊണ്ടിട്ട് ചവിട്ടി ഒതുക്കുന്നു. പറമ്പെല്ലാം വൃത്തിയാക്കി നടു നിവൃത്തുമ്പോഴാണ് തന്നേയും നോക്കി ഉണ്ണി നിൽക്കുന്നത് കണ്ടത്. ഒരു നേർത്ത ചിരിയോടെ അടുത്തു വന്നു പറഞ്ഞു.


"തേങ്ങാ തീരെ കുറവാണ്. എല്ലാം കൂടെ ഒരു ഇരുന്നൂറെണ്ണം ഉണ്ടാവും. വെള്ളം വറ്റി.'


ഓരോ വാചകങ്ങൾക്കിടയിലെയും മുഖത്തിന്റെ കൊക്രിയും കൈകളുടെ ചലനങ്ങളും ഇത്രയൊന്നും പോരാ എന്നാണ് കുട്ടന്റെ ഭാഷ്യം.


'ചോട്ടിൽ വളമെല്ലാം ഇട്ട് വെട്ടിക്കൂട്ടിക്കഴിഞ്ഞാൽ അടുത്ത കൊല്ലത്തേയ്ക്ക് എന്തെങ്കിലും കിട്ടും.'


ഉണ്ണി മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും നേർത്തചിരിയിൽ കുട്ടനെ സാന്ത്വനിപ്പിക്കുന്നതെല്ലാം ഉണ്ടായിരുന്നു.

കുട്ടൻ വഴിയിലേക്ക് കയറി, പിന്നാമ്പുറത്തേയ്ക്ക് നടന്നു. വീടിന്റെ ചായ്പ്പിൽ കൂട്ടിയിട്ടിരിക്കുന്ന തേങ്ങാ കാണിച്ചുകൊണ്ട് പറഞ്ഞു...


'വെള്ളം വറ്റിയതെല്ലാം വെട്ടിയുണക്കി ആട്ടിയെടുക്കാം, വീട്ടിലേക്കാവശ്യമുള്ള വെളിച്ചെണ്ണയെങ്കിലും കിട്ടും.'


ഉണ്ണി തിരിഞ്ഞു നടന്നു. ഒപ്പം പിറകേ കുട്ടനും. കുഞ്ഞന്റെ കണക്കുതീർത്ത് പറഞ്ഞുവിടുമ്പോൾ കുട്ടൻ പറഞ്ഞു.


'രണ്ടുമാസം കഴിയുമ്പോൾ സ്ഥിരമായി തേങ്ങയിട്ടോണം...'


കുഞ്ഞൻ തലയും കുലുക്കി തലയും ചൊറിഞ്ഞു സമ്മതവും മൂളി നടന്നുപോയി.


........


അത്താഴം കഴിഞ്ഞ് അമ്മയുടെ സാരിത്തുമ്പിൽ കൈയ്യും മുഖവും തുടച്ച് മുകളിലേക്കുള്ള ഗോവണി കയറാൻ തുടങ്ങുമ്പോൾ അച്ഛന്റെ വാക്കുകൾ പുറകേ വന്നു പിടിച്ചു നിറുത്തി.


''ഉണ്ണീ... ഞാനിന്ന് നിന്റെ മുറിയിലാണ് കിടക്കുന്നത്.'


ഉണ്ണി തിരിഞ്ഞു നോക്കി. ഒരന്ധാളിപ്പ് മുഖത്തേക്ക് ഇരച്ചു കയറിവന്നെങ്കിലും പെട്ടെന്നുതന്നെ സാന്ത്വനത്തിന്റെ മേലാപ്പ് എടുത്തണിഞ്ഞു. അമ്മയെ നോക്കി, അമ്മയിൽ അമ്പരപ്പ്, സംശയങ്ങളുടെ നൂറുമുനകളും. അമ്മ അച്ഛനെയും നോക്കി. ഊണുമേശയുടെ സമീപത്തെ കസേരയിലിരുന്ന അച്ഛൻ അമ്മയെ ഒന്നു പാളി നോക്കി.. വിനയന്റെ മുത്തച്ഛനെ ഉൾപ്പെടെ മറ്റെല്ലാവരെയും. ഇന്ദുവിൽ മാത്രം ഭീതിയുടെ ഒരു പരപ്പ്. മുത്തച്ഛനിൽ പേടിപ്പെടുത്തുന്ന നിശബ്ദത.


ഉണ്ണി മുറിയിൽ ചെന്ന് പല ചിന്തകളാൽ ഉഴറി. മനസ്സ് കലുഷിതമായി. എന്തിനാകും അച്ഛൻ ഇന്ന് ഇവിടെ കിടക്കാമെന്നു പറഞ്ഞത്!! കൂടുതൽ ഗുണദോഷങ്ങളുടെ വിഴുപ്പുഭാണ്ഡം കുടഞ്ഞിടാനോ..!!മംഗലശ്ശേരി വിട്ടുപോകണമെന്ന് ദൃഢമായി പറയാനോ !!.


ഇനി തല്ലിയതിൽ വിഷമം പറയാനാകുമോ? തന്റെ ജീവിതത്തിൽ ആദ്യമായാണ് തന്നെ അച്ഛൻ തല്ലിയത്. ഇതുവരേയ്ക്കും തല്ലേണ്ടതായിട്ടൊരു കാരണവും താൻ ഉണ്ടാക്കിയിട്ടില്ല എന്നതാണ് ശരി. ഒരിക്കലും അച്ഛൻ പറയുന്നതിനിപ്പുറത്തേക്ക് പഠനത്തിൽ പിറകോട്ടുപോയിട്ടില്ല. ചെറിയ ക്ലാസ്സ്‌ മുതൽ പഠിപ്പ് തീരുന്നതുവരേയ്ക്കും. പിന്നെ ജോലിയുടെ കാര്യം... അത് ഇതുവരേയ്ക്കും ആലോചിച്ചിട്ടില്ല എന്നതാണ് സത്യം.


മംഗലശ്ശേരിയിലെ മഹാത്ഭുതങ്ങൾ ഒന്ന് കാണണമെന്നേയുണ്ടായിരുന്നുള്ളു. പക്ഷേ ഇവിടെ വന്നപ്പോൾ ഒരു നിയോഗം പോലെ...

മംഗലശ്ശേരി വീണ്ടും ഉയിർത്തെഴുന്നേൽപ്പിക്കണമെന്നുതോന്നി. എല്ലാക്കാര്യങ്ങളും ഒരുവിധം ശരിയായി വരുന്ന സമയത്താണ് അച്ഛന്റെ കുഴഞ്ഞുമറിഞ്ഞ ചിന്തകൾ തന്നെ ധിക്കരിക്കാൻ പ്രേരിപ്പിച്ചത്. എന്തായിരുന്നു, അതിന്റെ പ്രചോദനമെന്നത് ഇപ്പോഴും ചിന്തിക്കേണ്ട കാര്യമാണ്.


തുറന്നുകിടന്ന ജനലിനരികിലേക്ക് ചെന്നു. ഇരുട്ട് പുറത്ത് പുതച്ചു നിൽപ്പുണ്ട്. പുറത്ത് ചെറുകാറ്റിഴകൾ ഇഴയുന്നുണ്ട്. അകലെ ഇരുളിമയുടെ നിനവിൽ മംഗലശ്ശേരിയുടെ മുഖപ്പ് ചെറിയ നിഴലുപോലെ. അരിച്ചെത്തിയ മന്ദമാരുതനിൽ കാപ്പിപ്പൂവിന്റെ നറുമണം.


ആരോ മുറിയിലേക്ക് വന്നു ചേരുന്നതുപോലെ. ഉണ്ണി തിരിഞ്ഞു നോക്കി. അമ്മയാണ്. അമ്മ ഒരു ജഗിൽ വെള്ളവുമായി വന്ന് മുറിയുടെ മൂലക്കിട്ടിരിക്കുന്ന ഭംഗിയുള്ള ചെറുവട്ടമേശയിൽ കൊണ്ടുവച്ചു. ഉണ്ണി ജനലിന്റെ ചാരേ തന്നെ തിരിഞ്ഞു നിന്നു. അമ്മ രണ്ടു കട്ടിലും ഭംഗിയായി കുടഞ്ഞു വിരിച്ചു.അമ്മ അടുത്തുവന്നു ഒരു സാന്ത്വനമെന്നവണ്ണം പറഞ്ഞു. അതിൽ അമ്മയുടെ വിറളിപിടിച്ച മനസ്സിന്റെ നൊമ്പരങ്ങളുണ്ടായിരുന്നു.


" അച്ഛൻ എന്തുപറഞ്ഞാലും നീ തിരിച്ചൊന്നും പറയരുത്. "


വാത്സല്ല്യത്തോടെ അമ്മയെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു...


" ഇല്ലമ്മേ... "


ആ വാക്കിൽ നിറഞ്ഞവേദനയുടെ ശേഷിപ്പുകൾ ഉണ്ടായിരുന്നു. ഉണ്ണി തുടർന്നു...


" അച്ഛന്റെ ചെയ്തികളിൽ ഒരു സംശയം ബാക്കിയുണ്ട്. അതെന്താണെന്നറിയണം. ഒരു പക്ഷേ എല്ലാം നല്ലതിനാവും. ഇന്നു രാവിലെ അച്ഛന്റെ വാത്സല്യം ഞാൻ തിരിച്ചറിഞ്ഞു. "


അമ്മയുടെ മുഖത്തെ സങ്കടത്തിന്റെ നീർച്ചുഴികൾ കണ്ണുകളിൽ തരംഗമാകുന്നത് കണ്ടു.


"ഇന്ന് അച്ഛൻ പകലൊന്നും മുറിക്കു പുറത്തേക്കിറങ്ങിയിട്ടില്ല. മൂടിപ്പുതച്ചു കിടപ്പായിരുന്നു. ഊണു കഴിക്കാൻ നീ വന്നെന്നു പറഞ്ഞപ്പോൾ മാത്രമാണ് എഴുന്നേറ്റത്. കാര്യമായിട്ടെന്തോ അച്ഛന്റെ ഉള്ളിൽ തട്ടിയിട്ടുണ്ട്. എന്റെ ചോദ്യത്തിനൊന്നും മറുപടി തന്നിട്ടേയില്ല, ദേഷ്യപ്പെട്ടിട്ടുമില്ല."


ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിൽ അച്ഛൻ മുറിയിലേക്ക് വന്നു കയറി. അമ്മ ആരോടും ഒന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി..


    -തുടരും.-

ബിനു. ആർ


Rate this content
Log in

Similar malayalam story from Fantasy