akshaya balakrishnan aalipazham

Drama Fantasy Others

4.5  

akshaya balakrishnan aalipazham

Drama Fantasy Others

ഈ മഴക്കപ്പുറം

ഈ മഴക്കപ്പുറം

5 mins
3.0K


ഉം ഹും ......

ജല്‍ത്തെ ഹൈ ജിസ്കേ ലിയേ

തേരി ആംഖോം കെ ദിയേ

ഡൂണ്ട്‌ ലായാ ഹൂം വോഹി

ഗീത് മൈ തേരേ ലിയേ

ജല്‍ത്തെ ഹൈ ജിസ്കേ ലിയേ


 കാലിയായ വൈൻ ഗ്ലാസ്‌ വലതുകൈയ്യാൽ നെഞ്ചിലൂടെ ഉരുട്ടി ഇടതു കാലിനു മുകളിൽ വലതുകാൽ മടക്കിവെച്ച് ഇടം കൈ തലക്കുപുറകിൽ പിണച്ചുവെച്ച് കണ്ണുകൾ അടച്ചു റെഡ് ഓക്സൈഡ് ഇട്ട ആ നീളൻ വരാന്തയിൽ കിടന്നു അവൻ ചെറുതായി പാടുന്നുണ്ട്..അവന്റെ പാട്ടിൽ ലയിച്ചു ആ സോപാനത്തിൽ അവൾ ഇരുന്നു . പുറത്ത് നല്ല മഴയാണ്.. നല്ല തണുന്ന കാറ്റു വീശുന്നുണ്ട്.. അവൾ താൻ ധരിച്ച ഷിഫോൺ സാരിയുടെ മുന്താണി കൊണ്ട് ദേഹം പൊതിഞ്ഞു. കൈകൾ കൂട്ടി തിരുമ്മി.സോപാനത്തിൽ ഇരുന്നു ഇടത്തെ കൈ കൊണ്ട് ആർത്തുപെയ്യുന്ന മഴയെ തന്നിലേക്ക് ആവാഹിക്കുകയാണ് അവൾ.. മഴയുടെ തണുപ്പ് പുറത്ത് മാത്രം അല്ല അകത്തും  നിറയുന്നത് അവൾ അറിഞ്ഞു..ഓരോ മഴക്കും ഓരോ സ്വകാര്യങ്ങൾ പറയാൻ ഉണ്ടാവും. വിരഹത്തിന്റെ കയ്യ്പ്പിന്റെ കണ്ണുനീരിന്റെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ദുഃഖത്തിന്റെ പ്രണയത്തിന്റെ കഥകൾ.. പെയ്തുതോരുന്ന ഓരോ മഴക്കും ഓരോ ഭാവങ്ങൾ ആണെന്ന് അവൾക്ക് തോന്നി.. ചിലപ്പോൾ കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി ചിണുങ്ങി മറ്റുചിലപ്പോൾ ഒരു കൗമാരകാരിയുടെ കുസൃതിയോടെ ലക്ഷ്യമോ മാർഗ്ഗമോ ഇല്ലാതെ ചാറ്റൽ മഴയായും.. തിരിമുറിയാതെ പെയ്തൊഴിയുന്ന ഇടവപ്പാതിപോലെ യൗവനമഴയായും ചിലപ്പോൾ മിന്നലിൽ ചുളിവുകൾ കാട്ടി കൂനി കൂടി വരുന്ന വാർദ്ധക്യ മഴയായും അങ്ങനെ എന്തെല്ലാം ഭാവങ്ങളിൽ ആണ്.. മുഖത്തേക്ക് ഇറ്റിയ വെള്ളത്തുള്ളികൾ ആണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. മുൻപിൽ കണ്ണുകളിൽ നിസംഗത നിറച്ചൊരുവൻ .. അവൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.. 

ഈ ഒരു രാവ് അവർ രണ്ടുപേർക്കും എത്ര പ്രിയപ്പെട്ടത് ആണെന്ന് അവൾക്ക് അറിയാം. അവന്റെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന ഭാവത്തിന്റെ അർത്ഥങ്ങളും.. അവൾ സോപാനത്തിൽ നിന്നും തന്റെ കാലുകൾ താഴ്ത്തി അവനെ നോക്കി.. ആ ക്ഷണം എന്തിന് ഉള്ളത് ആണെന്ന് അവന് മനസ്സിൽ ആയിരുന്നു.. അവളുടെ മടിയിൽ കിടക്കാൻ ഒരുപാട് ഇഷ്ടമാണ് അവന്.. റാന്തൽ വെളിച്ചത്തിൽ അവൾ വായിക്കുന്ന കഥകൾ കേട്ട് ആ മടിയിൽ അങ്ങനെ കിടക്കാൻ.. അവൻ അവളുടെ മടിയിലേക്ക് കിടന്നു. അവൾ തന്റെ വലം കൈയാൽ അവന്റെ കോലൻ മുടിയിഴകളിലൂടെ വിരലോടിച്ചു.. അവളുടെ ഇടം കൈ അവന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു ആ നിമിഷം. പറയാൻ ഏറെ ഉണ്ട്.. വാക്കുകൾ തൊണ്ടയിൽ തടയുന്നത് പോലെ അവർക്ക് തോന്നി.. മഴ തോർന്നിരുന്നു.. എങ്കിലും ഓടിന്റെ മുകളിലൂടെ താഴേക്ക് ഇറ്റുന്ന മഴത്തുള്ളികളുടെ ശബ്ദവും ചിറകടിച്ചുയരുന്ന ചീവിടിന്റെ ശബ്ദവും അവർക്ക് ഇടയിൽ നിറഞ്ഞു നിന്നു..

ആ മൗനം അവസാനിപ്പിച്ചു ആദ്യം സംസാരിച്ചത് അവൻ തന്നെ ആയിരുന്നു..

" നന്ദ, നിന്റെ തീരുമാനത്തിന് മാറ്റം ഒന്നും ഇല്ലേ? പിരിയാതെ ഇരുന്നൂടെ നമുക്ക് ? "

അവന്റെ തലമുടിയിലൂടെ ഓടിനടന്നിരുന്ന വിരലുകൾ ഒന്ന് നിശ്ചലമായി..


ഉള്ളം ചുട്ടുപൊള്ളുന്നു.. തൊണ്ടയിൽ ഒരു കരച്ചിൽ വന്നു നിൽക്കുന്നത് പോലെ അവൾക്ക് തോന്നി. അവൾ ശ്വാസം ഒന്ന് എടുത്തു വിട്ടു.

" ഇതാണ് ശെരി ജീവ , നമ്മൾ ഒന്നിച്ചാൽ മടുക്കും വെറുക്കും അകലും വേദനിക്കും അതിലും നല്ലത് ഈ വേർപാട് തന്നെ അല്ലെ.. ഇപ്പോൾ ഒരു സൗഹൃദം എങ്കിലും നമുക്കിടയിൽ ബാക്കിയുണ്ട്. പക്ഷെ മുൻപോട്ടു പോയാൽ അത് പോലും നമ്മുക്ക് നഷ്ടപ്പെടാം.."

അവൾ പറയുന്നത് അവൻ മൂളികെട്ടു. ദൃഢനിശ്ചയം ഉള്ളവൾ ആണ്.. എടുക്കുന്ന തീരുമാനം ശെരിയോ തെറ്റോ അതിൽ നിന്നു പുറകോട്ടു പോവാത്തപ്പോൾ അവളുടെ തീരുമാനങ്ങളെ തിരുത്തുക എന്നത് ബുദ്ധിമുട്ടുള്ളതാണ്. അവന് അവളോട്‌ ഒന്നും പറയാൻ തോന്നിയില്ല. അവന് അറിയാം അവൾ തന്റെ അസ്തിത്വത്തിന്റെ ഒരു ഭാഗമാണ്. അവളിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ വെറുതെയാണ് എന്ന്.. ജീവൻ തോമസിനെ പൂർണനാക്കിയത് അവൾ ആണ് അളകനന്ദ ..ജീവന്റെ നന്ദ!.

കാലം തെറ്റി പെയ്ത വേനൽ മഴയിൽ ആണ് അവൻ അവളെ ആദ്യമായി കണ്ടത്. ഇന്ത്യൻ കോഫി ഹൗസിൽ നിന്നു ഒരു കാപ്പി കുടിച്ചു പുറത്ത് ഇറങ്ങിയപ്പോൾ ആണ് വിളിക്കാത്ത അതിഥിയെ പോലെ വേനൽമഴ എത്തിയത്. മഴയെ പ്രാകി ആ കെട്ടിടത്തോട് ചേർന്ന് നിൽക്കുമ്പോൾ ആണ് കുട നിവർത്തി മഴയിലേക്ക് ഇറങ്ങുന്ന പെൺകുട്ടിയിൽ അവന്റെ കണ്ണുകൾ ഉടക്കിയത്.


" വിരോധം ഇല്ലെങ്കിൽ എന്നെ ഒന്ന് ആ കാറിന്റെ അടുത്ത് ആക്കാമോ? " അതായിരുന്നു ആദ്യ സംസാരം. ഒരു അപരിചിതന് സാഹചര്യം അങ്ങനെ ആയത് കൊണ്ട് മാത്രം കുടയിൽ ഇടം നൽകുക ആണെന്ന് അവളുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു. കൊടിമരം പോലെ നീളം ഉള്ളവന് കുട പിടിക്കാൻ അവൾ ബുദ്ധിമുട്ടുന്നത് മനസിലാക്കി അവൻ തന്നെ ആ കുടപിടിച്ചു. പാർക്കിങ്ങിൽ എത്തി കുട അവൾക്ക് തിരിച്ചേൽപ്പിച്ചു അവൻ കാറിൽ കയറി, അവന്റെ ഒരു നന്ദി വാക്കിന് പോലും കാത്തുനിൽക്കാതെ അവൾ നടന്നകന്നു. അതായിരുന്നു തുടക്കം.

പിന്നെ പലയിടങ്ങളിൽ വെച്ച് അവർ കണ്ടുമുട്ടി ഓരോ കൂടികാഴ്ചക്കും അകമ്പടിയായി മഴയും. ഒരു നേർത്ത ചിരി പരസ്പരം നൽകി അവർ പരിചയം പുതുക്കി.. പതിയെ പതിയെ അവർക്കിടയിൽ ഒരു സൗഹൃദം രൂപം കൊണ്ടു. ആ സൗഹൃദം ഒരു പ്രണയമായതും മറ്റൊരു മഴയിൽ ആയിരുന്നു. മഴയോടുള്ള അവളുടെ അടങ്ങാത്ത പ്രണയമാണ് അവളെ പ്രണയിച്ച അവനെ മഴ ഭ്രാന്തനാക്കിയത് എന്ന് അവൻ കളിയായി പറയാറുണ്ട്. അവൻ ആ ഓർമകളിൽ അവളെ നോക്കി. നന്ദയുടെ മുഖഭാവങ്ങളിൽ നിന്നും അവളും തന്നെ പോലെ ഓർമകളുടെ മേച്ചിൽ പുറങ്ങളിൽ ആണെന്ന് ജീവന് തോന്നി. 

നന്ദയുടെ ഉള്ളിലും അവരുടെ പ്രണയകാലം തന്നെ ആയിരുന്നു. ഓരോ തവണയും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂട്ടായി പെയ്ത മഴകളും.


വലിയൊരു ഇടിനാദാത്തോടെപ്പം മിനിമാഞ്ഞ കൊള്ളിയാൻ ആണ് അവരെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവൾക്ക് മാത്രം അവകാശപ്പെട്ട എന്തോ ഇനിയും അവനിൽ അവശേഷിക്കുന്നുണ്ടെന്നു അവൾക്ക് തോന്നി. ഒരു പിടച്ചിലോടെ നോട്ടം മാറ്റുമ്പോൾ ഇനി ഒരിക്കലും ഇതുപോലെ നോക്കിയിരിക്കാൻ കഴിയില്ല എന്ന സത്യത്തെ ഉൾകൊള്ളുക കൂടി ആയിരുന്നു അവൾ. മഴയിൽ വൈദ്യുതി നിലച്ചതിനാൽ ഒരു ചിമ്മിണി വിളക്കിൽ മണ്ണെണ്ണ പകർന്നു അതിന്റെ തിരിക്ക് തീ കൊളുത്തി അവൻ. ആ മണ്ണെണ്ണ വിളക്കിന്റെ പ്രഭയിൽ അവളിലേക്ക് അവന്റെ നോട്ടം പാറി വീണു. ഇനി ഏതാനും നാഴിക മാത്രമേ ഇതുപോലെ ഒന്നിച്ചുള്ളൂ എന്ന് അവൻ വേദനയോടെ ഓർത്തു.


" ജീവ.. "


" ഊം "


" എനിക്ക് ഒന്ന് നനയണം.. നിന്റെ പ്രണയത്തിൽ.. നിന്റെ ചുംബനങ്ങൾ കൊണ്ട് നീയെന്നെ മൂടണം.. ഇനി ഒരിക്കലും നമ്മുക്ക് അതിനു കഴിഞ്ഞില്ലങ്കിലോ? "


" എന്തിനാ നന്ദ ഈ വാശി.. ഇന്നോളം നീ എന്ന വ്യക്തിയുടെ തീരുമാനങ്ങൾ ഞാൻ അംഗീകരിച്ചിട്ടേ ഉള്ളൂ. ഇപ്പോളും ഈ വേർപിരിയൽ പോലും നിന്റെ മാത്രം തീരുമാനം ആണ് "


" അതെ എന്റെ മാത്രം തീരുമാനങ്ങൾ ആണ്.. എനിക്ക് നമ്മുടെ സൗഹൃദം എന്നും വേണം ജീവ.. നമ്മൾ എത്ര സന്തോഷത്തിൽ ആയിരുന്നു എന്ന് നീ ഓർക്കുന്നുണ്ടോ ഈ പ്രണയം തുടങ്ങുന്നതിനു മുൻപ് വരെ.. എന്റെ നീയും നിന്റെ ഞാനും എത്ര തവണ നമ്മൾ അങ്ങനെ പറഞ്ഞിരിക്കുന്നു. പലഹാരപൊതിയുമായി വരുന്ന അച്ഛനെ കാത്തിരിക്കുന്ന കുഞ്ഞിനെ പോലെ നിന്റെ കഥകൾ കേൾക്കാൻ ആയി എത്ര രാവുകൾ ഞാൻ കാത്തിരുന്നിരിക്കുന്നു. എന്റെ ഓരോ ദിനവും തുടങ്ങുന്നത് അവസാനിക്കുന്നത് നിന്നിൽ ആയിരുന്നില്ലേ.. അത്രമേൽ പ്രിയപ്പെട്ട നമ്മുടെ സൗഹൃദം പ്രണയത്തിന് വഴിമാറിയതിൽ പിന്നെ അല്ലെ എന്നോട് സംസാരിക്കാൻ നിനക്ക് വാക്കുകൾക്ക് ക്ഷാമം വന്നത്.. പറയാൻ വരുന്ന ഓരോ വാക്കുകളെയും വീണ്ടും മനസ്സിൽ ഇട്ടു കുറുക്കി പറയണോ വേണ്ടയോ രണ്ടുവട്ടം ചിന്തിച്ചതിനു ശേഷം അല്ലെ നീ പറയാറുള്ളൂ.. അതിനു കാരണം ഈ പ്രണയം അല്ലെ? എനിക്ക് എന്റെ ജീവയെ വേണം നന്ദയുടെ ജീവയായി.. അതിനു ഈ പ്രണയം ഒരു തടസം ആണെങ്കിൽ അത് വേണ്ട വെക്കാനും ഞാൻ തയ്യാർ ആണ്.. എനിക്ക് നിന്നെ മിസ്സ്‌ ചെയ്യുന്നുണ്ട് എന്നെയും അതിലും നല്ലത് നമ്മളെ മിസ്സ്‌ ചെയ്യുന്നുണ്ട് പറയുന്നത് ആവും. ആ പഴയെ നമ്മളെ നമ്മളുടെ സൗഹൃദത്തെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് "

 പറഞ്ഞു തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന ശക്തിയെല്ലാം ചോർന്നു പോവുന്നത് പോലെ അവൾക്ക് തോന്നി. കണ്ണുകൾ എല്ലാം അനുവാദം കാത്തുനിൽക്കാതെ നിറഞ്ഞൊഴുക്കുന്നുണ്ട്.

അവൾക്കുള്ളിൽ ഇത്രയും നോവ് ഉണ്ടായിരുന്നു എന്ന് ഈ തുറന്നു പറച്ചിലിലൂടെ ആണ് അവന് മനസ്സിൽ ആയത്. ഇത്ര നേരവും അവളുടെ ഇഷ്ടം അതിനെ മാനിക്കുന്നു എന്ന്   പറഞ്ഞായിരുന്നു ഈ വേർപിരിയലിനു പോലും സമ്മതിച്ചത് പക്ഷെ തന്റെ ഭാഗത്ത്‌ ആയിരുന്നോ തെറ്റ്? അവൻ തന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു. അവളെ ആശ്വസിപ്പിക്കണം എന്നുണ്ടെങ്കിലും അവൾക്ക് പറഞ്ഞു തീരാൻ ഉള്ളതിനായി അവൻ കാത്തിരുന്നു. 


" ജീവ, നിന്നെ വിഷമിപ്പിക്കാൻ പറയുന്നത് അല്ല.. ഈ ഒരു പ്രണയം തുടങ്ങുന്നതിനു മുൻപ് പോലും ഞാൻ നിന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ? ഈ സൗഹൃദം അത് എനിക്ക് എന്തിനേക്കാൾ വിലപ്പെട്ടത് ആണെന്ന് അല്ലെ? എനിക്ക് എന്നും നിന്റെ സൗഹൃദം വേണം. ഒരിക്കലും നിന്നിൽ നിന്ന് അകലാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ പ്രണയത്തിൽ നിന്ന് വീണ്ടും പഴയെ സൗഹൃദത്തിലേക്ക് വന്നാൽ അല്പം ലിമിറ്റേഷനോടെ ആണെങ്കിലും എനിക്ക് നിന്നെ സ്നേഹിക്കലോ എന്നും.. അത് മതി നമ്മുക്ക് "


" നന്ദ, എന്തെ ഒന്നും എന്നോടും പറഞ്ഞില്ല. എന്തും എന്നോട് പറയാൻ സ്വാതന്ത്ര്യം നിനക്ക് ഇല്ലായിരുന്നോ? ഇത്രയും ഉള്ളിൽ ഇട്ടു എന്നോട് സംസാരിക്കുമ്പോൾ ഒരിക്കൽ എങ്കിലും പറഞ്ഞൂടായിരുന്നോ നിനക്ക്? നിന്നെ മനസിലാക്കി നിന്നെ എനിക്കെ മനസിലാവും കരുതിയ എനിക്ക് എവിടെയാണ് തെറ്റിയത്? "


" മനസിലാക്കുക അത് വെറും നുണയാണ് ജീവ. എന്നെ നീ മനസിലാക്കി എന്ന് പറയുന്നതും നിന്നെ ഞാൻ മനസിലാക്കി പറയുന്നതും. എനിക്ക് പോലും എന്നെ ഇതുവരെ മനസ്സിൽ ആക്കാൻ പറ്റിയിട്ടില്ല പിന്നെ അല്ലെ നിനക്ക്. "

അവളുടെ വാക്കുകളിൽ ഒരു പരിഹാസം ഒളിഞ്ഞിരിപ്പുണ്ടോ അവന്റെ നെറ്റിയൊന്നു ചുള്ളിഞ്ഞു.

" ഇതുപോലെ തന്നെ മറ്റൊരു നുണയാണ് നിനക്ക് ഞാനും എനിക്ക് നീയും എന്നത്. എനിക്ക് ഞാനും നിനക്ക് നീയും അതാണ് സത്യം. അത് മാത്രം ആണ് സത്യം.. "


അവൾക്കുള്ളിൽ ഒരായിരം കടൽ ഒന്നിച്ച് ഇരമ്പുന്നുണ്ട് എന്ന് അവന് തോന്നി. അവന്റെ ഒരു ചേർത്തുപിടിക്കൽ അതിൽ തീരുന്ന പരിഭവങ്ങളും പിണക്കങ്ങളും മാത്രമേ അവൾക്ക് ഉള്ളൂ. ഉള്ളിലെ ഭാരം ഇറക്കാൻ ഒരു തോൾ അത്യാവശ്യമാണ് അവൾക്ക് തോന്നി. അത് അറിഞ്ഞ പോലെ അവൻ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. പെയ്തുതൊരാൻ ഒരു മഴക്കാലം അവളുടെ കണ്ണിൽ ഒളിപ്പിച്ചിരുന്നു അവൾ. ആ മഴയെ തന്റെ നെഞ്ചിൽ ഇരുകൈയും നീട്ടി സ്വികരിച്ചു അവൻ. സ്നേഹം മാത്രം നിറഞ്ഞു നിൽക്കണം ആഗ്രഹിച്ച ആ രാവ് അവർക്ക് മനസ്സ് തുറക്കാൻ ഉള്ളത് ആയിരുന്നു. പരസ്പരം കൂടുതൽ അറിയാൻ ഉള്ളത് ആയിരുന്നു.


കതിരോന്റെ ഇത്തിരി വെട്ടം കണ്ണിൽ അടിച്ചപ്പോൾ അവർ കണ്ണുകൾ തുറന്നു. രാത്രിയിൽ എപ്പോളോ ആ ആലിംഗനത്തിൽ തന്നെ അവർ നിദ്ര പുൽകിരുന്നു. കാർ ഒഴിഞ്ഞ വാനം പോലെ ശാന്തമാണ് ഇപ്പോൾ അവരുടെ മനസ്സ്. എങ്കിലും സമയം ആവശ്യമാണ്. മുൻപേ നിശ്ചയിച്ച പോലെ അവർ രണ്ടുവഴിയിലേക്ക് യാത്രയായി. ഓർമകളിൽ ഒരു മൺചിരാത് കത്തിച്ചു അവന് വേണ്ടി അവളും അവൾക്ക് വേണ്ടി അവനും ഒരു കാത്തിരിപ്പിൽ ആണ്.. എന്നെങ്കിലും ആ കാത്തിരിപ്പ് അവസാനിക്കും ജീവയുടെ നന്ദയായി നന്ദയുടെ ജീവയായി ഒരു പ്രണയഗസൽ അവർ തീർക്കുക തന്നെ ചെയ്യുംRate this content
Log in

Similar malayalam story from Drama