akshaya balakrishnan aalipazham

Abstract Tragedy Classics

4.5  

akshaya balakrishnan aalipazham

Abstract Tragedy Classics

ഹതഭാഗ്യ

ഹതഭാഗ്യ

5 mins
504


അലസമായി കിടക്കുന്ന മുടിയിഴകളെ മുഖത്തുനിന്ന് വകഞ്ഞു മാറ്റി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ ആ ജാലകത്തിനു അരികിൽ വന്നിരുന്നു. 

ഇത് ഇപ്പോൾ അവളുടെ ഒരു ജീവിതചര്യയായി മാറിയിട്ട് പതിനെട്ടു വർഷമാകുന്നു.

 പകലിന്റെ വെളിച്ചത്തിൽ അണിയുന്ന മുഖമൂടിയെ ഇരവിന്റെ പക്കൽ അഴിച്ചു കളയുമവൾ. തന്റെ ചുറ്റുമുള്ളവരുടെ സന്തോഷത്തിനു വേണ്ടി പുറമെ ചിരിച്ചു അകമേ ഒരു അഗ്നിപ്പർവ്വതം സൂക്ഷിക്കുന്നവൾ.. ഇന്നത്തെ ദിവസം അവളെ സംബന്ധിച്ച് ഒരുപാട് പ്രിയപ്പെട്ടതാണ്. പതിനെട്ടു വർഷം മുൻപ് ഇതേ ദിവസത്തിൽ ആയിരുന്നു അവൾ ഒരു അമ്മയായത്. ഇഷ്ടമല്ലായിരുന്നു ആ കുരുന്നു ജീവനെ. തന്റെ നിവർത്തിക്കേട് എന്ന് പലപ്പോളും ചിന്തിച്ചിട്ടുണ്ട്. എത്ര എല്ലാം അകറ്റി മാറ്റിയാലും ഒരു അമ്മക്ക് തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ സ്നേഹിക്കാതെ ഇരിക്കാൻ ആവുമോ. അവൾക്കും അങ്ങനെ ആയിരുന്നു. സ്നേഹിക്കാതെ ഇരിക്കാൻ ആയില്ല. 


" ജ്യൂവി "


കാതരമായരോ മൃദുലമായി തന്റെ പേരുചൊല്ലി വിളിക്കുന്നത് പോലെ അവൾക്ക് തോന്നി. 


"ആര്യൻ "


ഒരു മന്ത്രണം പോലെ അവൾ ആ പേര് ഉച്ചരിച്ചു..


" മതി ജ്യൂവി കരഞ്ഞത്. ഇങ്ങനെ കരഞ്ഞു കരഞ്ഞു അസുഖം വരുത്തല്ലേ"


അവൾ അത് കേട്ടില്ല എന്ന് അവന് തോന്നി. നിറയെ നക്ഷത്രങ്ങൾ നിറഞ്ഞ വാനിലേക്ക് അവൾ മിഴി പായിച്ചു അവൾ തന്റെ നിൽപ്പ് തുടർന്നു. ആര്യന്റെ കൈകൾ അവളുടെ ചുമലിൽ പതിഞ്ഞു. ഒരു തണൽ ആഗ്രഹിച്ച വണ്ണം അവൾ അവനിലേക്ക് ചാഞ്ഞു. തന്റെ പ്രിയപ്പെട്ടവൾക്ക് ഒരു ആശ്രയമെന്നപോൽ അവൻ അവളുടെ മുടിയിൽ തഴുകികൊണ്ടിരുന്നു.


" ആര്യൻ, നിനക്ക് അറിയോ ഇപ്പോളും എനിക്ക് എന്റെ മാറിടം പാൽ കെട്ടികിടന്നു വിങ്ങുന്നപോലെ തോന്നുന്നു. ദൂരെ എവിടെയോ ഇരുന്നു എന്റെ കുഞ്ഞ് അമ്മേ വിളിച്ചു കര..യു..ന്ന പോ..ലെ " പറഞ്ഞു തീരുന്നതിനു മുൻപേ അവൾ കരഞ്ഞു പോയിരുന്നു. ആര്യൻ അവളുടെ മുടിയിൽ തഴുകിയും പുറത്ത് തലോടിയും അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.


അവൾ ഒന്ന് ഒതുങ്ങി തോന്നിയപ്പോൾ അവൻ അവളെ നിർബന്ധിച്ചു കിടക്കയിൽ കിടത്തി. അവൾക്ക് ഇന്ന് ഉറങ്ങാൻ പറ്റില്ല എന്ന് അവന് അറിയാമായിരുന്നു എങ്കിലും ഒരു പാഴ്ശ്രമം. കണ്ണും തുറന്നു മുകളിലേക്ക് നോക്കി കിടക്കുമ്പോൾ അവളുടെ മനസ്സിൽ തന്റെ കുഞ്ഞും തന്റെ ആര്യനും ആയിരുന്നു. വേദനിപ്പിച്ചിട്ടേ ഉള്ളൂ ഇന്നോളം എങ്കിലും സ്വന്തമായി ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ അവൻ. അവൾ ഒന്ന് എടുത്ത് കിടക്കുന്ന ആര്യനെ തിരിഞ്ഞു നോക്കി. മയക്കത്തിൽ ആണ്. ശബ്‌ദമുണ്ടാക്കാതെ അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. ടേബിൾ ലാബ് ഓൺ ചെയ്തു ചെയറിൽ ഇരുന്നു. മേശമേൽ നിന്ന് ഒരു ലെറ്റർ പാഡ് എടുത്ത് എഴുതാൻ തുടങ്ങി.


"""കുഞ്ഞാ,

അമ്മടെ കുഞ്ഞിന് സുഖമാണോ? നിന്റെ അമ്മയെന്ന് പറയാൻ എനിക്ക് അർഹതയില്ല എന്ന് അറിയാം. എന്നാലും കൊതി കൊണ്ട് ആണ്. നിന്റെ അമ്മ എന്ന് പറയാൻ.. നിന്റെ നാവിൽ നിന്ന് അമ്മേ എന്നാ വിളി കേൾക്കാൻ.. അറിയാം ഒരിക്കലും നടക്കില്ല അത് എന്ന്. എന്റെ ഗർഭപാത്രത്തിന്റെ സംരക്ഷണം ആദ്യം അനുഭവിച്ചത് അല്ലെ നീ. എന്റെ ഉദരത്തിൽ തുടിച്ച കുഞ്ഞ് ജീവൻ. ഞാൻ എന്തൊരു പാപിയാണ് അല്ലെ? നിന്നെ ഒരു നോക്ക് കാണാൻ പോലും എനിക്ക് പറ്റിയില്ലല്ലോ? ഇങ്ങനെ ഒരു അമ്മയുള്ളത് നീ ഒരിക്കലും അറിയില്ല എന്ന് എനിക്ക് അറിയാം. നിന്റെ യഥാർത്ഥ മാതാപിതാക്കൾ ഒരിക്കലും നിന്നോട് ഒരിക്കലും ഈ അമ്മയുള്ളത് പറയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതായിരുന്നല്ലോ എഗ്രിമെന്റ്. ഒരു പോറൽ പോലും ഏൽക്കാതെ നിന്നെ ഭൂമിയിലേക്ക് കൊണ്ടുവരിക അത് മാത്രം ആയിരുന്നു എന്റെ ജോലി . ഒമ്പതു മാസങ്ങൾ നിനക്ക് താമസിക്കാൻ ഞാൻ എന്റെ ഗർഭപാത്രം വാടകക്ക് നൽകി. അതായിരുന്നു എന്റെ അന്നത്തെ അവസ്ഥ.. കഷ്ടതയും ഇല്ലായിമയും എല്ലാം കാരണം ആകെ തകർന്നു നിൽക്കുന്ന എന്റെ മുൻപിൽ രണ്ട് ദൈവദൂതർ എത്തി. എന്റെ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കാം എന്ന് പറഞ്ഞു എനിക്ക് വേണ്ട പണം നൽകാം എന്ന് പറഞ്ഞു അവർ.പകരം അവർക്ക് ഒരു കുഞ്ഞെന്ന സ്വപ്നം അതായിരുന്നു കരാർ. എന്റെ അന്നത്തെ അവസ്ഥയിൽ എനിക്ക് പിടിച്ചു കയറാൻ ഉള്ള കച്ചിത്തുരുമ്പ് ആയിരുന്നു അത്. അത് കൊണ്ട് ആണ് വാടക ഗർഭപാത്രം എന്ന് പറഞ്ഞു എന്നെ അവർ സമീപിച്ചപ്പോൾ ഞാൻ നിന്ന് കൊടുത്തത്. പണത്തിനു വേണ്ടി സ്വന്തം ഗർഭപാത്രം പണയം വെച്ച എനിക്ക് അമ്മയെന്ന് പറയാൻ എന്ത് യോഗ്യതയുണ്ട് എന്നല്ലെ നീ ചിന്തിച്ചത്.അറിയാം ഈ സമൂഹത്തിൽ എനിക്ക് ഒരു സ്ഥാനവുമില്ലന്ന്.

ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഉദരത്തിൽ കിടന്ന കുഞ്ഞേ.. ഇന്നും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും എനിക്ക് അറിയില്ല നീ ആൺ കുഞ്ഞാണോ അതോ പെൺകുഞ്ഞാണോ എന്ന്. അറിയാൻ എനിക്ക് അവകാശമില്ലായിരുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ നിന്റെ മാതാപിതാക്കൾക്ക് കൊടുക്കണം എന്നെ പ്രാർത്ഥിച്ചിരുന്നുള്ളു. ഇങ്ങനെ ഒരു അമ്മ നിനക്ക് ഉണ്ട് അറിഞ്ഞാൽ നീ തേടി വരുമോ എന്നെ എന്നെങ്കിലും... നിന്നെ ഒന്ന് കാണാൻ ഈ അമ്മമനം ഒരുപാട് കൊതിക്കുന്നുണ്ട്. നിന്നെ പ്രസവിച്ചു കഴിഞ്ഞാൽ നിന്നിൽ ഒരു അവകാശവും പറഞ്ഞു ഞാൻ ഒരിക്കലും നിന്നെ തേടി വരില്ല എന്ന ഉറപ്പിൽ നിന്നെ എന്റെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുവാൻ നിന്റെ മാതാപിതാക്കൾ എന്റെ ഗർഭപാത്രത്തിനു ഇട്ടവിലയാണ് ഇന്നത്തെ എന്റെ ജീവിതം. ജീവിതത്തിൽ വിജയങ്ങൾ പലതും ഞാൻ നേടി ആഗ്രഹിച്ചതിലും ഒരുപാട് ഉയരങ്ങളിൽ എത്തി എല്ലാത്തിനും മൂലധനം എന്നത് നിന്നെ ഒമ്പതുമാസം ഉദരത്തിൽ ചുമന്നതിന്റെ കൂലിയാണ്. മറവിയുടെ കാണകയങ്ങളിലേക്ക് നിന്നെ എറിയാൻ ശ്രമിച്ചാലും എനിക്ക് അതിനു ആവുന്നില്ല കുഞ്ഞേ.. ഓരോ ദിനരാത്രങ്ങൾ കഴിയുമ്പോളും ഉരുകുകയാണ് കുഞ്ഞേ ഞാൻ. പകലിന്റെ വെളിച്ചത്തിൽ അണിയുന്ന മുഖമൂടി ഇരവിൽ അഴിച്ചു കളഞ്ഞു ഞാനാവുമ്പോൾ ഉള്ളം ചുട്ട് പൊള്ളുന്നു നിന്നെ ഓർത്ത്. നിന്റെ മാതാപിതാക്കൾ നിന്നെ നന്നായി നോക്കുമെന്ന് അറിയാം. ഒരിക്കലും നീ അവരെ വേദനിപ്പിക്കരുത്. ഇന്നത്തെ കാലഘട്ടത്തെ കുറിച്ച് ഓർക്കുമ്പോൾ ഭയമാണ് എനിക്ക്. ആധിയാണ് ഈ അമ്മക്ക് നിന്നെയോർത്ത്. വഴി തെറ്റാൻ ഒരുപാട് ഉണ്ട്. ഒരിക്കലും ദുർവഴികളിലേക്ക് പോവരുത്. എന്നും നന്മയുടെ പാത പിന്തുടരണം നീ.

എന്റെ ഗർഭപാത്രത്തിൽ ആദ്യമായി കിടന്ന പൊന്മുത്ത് നീയാണ്. എന്റെ ആദ്യത്തെയും അവസാനത്തെയും കണ്മണി. നീയെവിടെയാ , എന്തെടുക്കുവാ, എന്താണ് എന്നൊക്കെ അറിയാൻ ഒരുപാട് ആഗ്രഹമുണ്ട് എനിക്ക്. വിധിയില്ലന്ന് അറിയാം അതിനൊന്നും. ഈ ലോകം തന്നെ നീ എന്റെ അല്ലെന്നു പറഞ്ഞാലും നീ എന്റെ അംശമെല്ലാന്ന് പറഞ്ഞാലും നീ എന്റെയാണ്. നീ നുകർന്ന ഭക്ഷണം എല്ലാം എന്റെ രക്തത്തിലൂടെ ആയിരുന്നു. നീ ശ്വസിച്ച ശ്വാസമെല്ലാം എന്റെ നിശ്വാസങ്ങൾ ആയിരുന്നു. നിന്റെ വളർച്ച എന്നിലൂടെ ആയിരുന്നു. നിന്നിലെ ഓരോ അണുവിലും ഞാൻ ഉണ്ട്. ഗർഭിണിയാവുന്ന അമ്മയുടെ ചിന്തകൾ ഉദരത്തിൽ ഇരിക്കുന്ന കുഞ്ഞിനെ സ്വാധീനിക്കും എന്നാണ്. അപ്പോൾ എന്റെ ചിന്തകൾ , വികാരവിചാരങ്ങൾ നിന്നെയും സ്വാധീനിച്ചിട്ടുണ്ട്. അതിനാൽ നീയെന്റെ അംശം തന്നെ ആരൊക്കെ എതിർത്താലും..


കുഞ്ഞാ, അറിയോ നിനക്ക്? നിനക്ക് വേണ്ടി ഒമ്പതു മാസം എന്റെ ഗർഭപാത്രം മാത്രമല്ല എന്റെ ശരീരവും ഞാനും പൂർണമായി തയാർ എടുത്തിരുന്നു. നീ അവശേഷിപ്പിച്ച വെള്ളിവരകൾ ഇന്നുമുണ്ട് എന്റെ വയറിനുമുകളിൽ.. നിനക്ക് വേണ്ടി മാത്രം എന്റെ മാറിൽ പാൽ നിറഞ്ഞിരുന്നു. ഒരിറ്റുപോലും നിനക്ക് നൽകാൻ എനിക്ക് ഭാഗ്യമില്ലാതെ പോയി. പാൽ നിറഞ്ഞു വീങ്ങി വീർത്ത മാറിടം നൽകിയ അസഹ്യമായ വേദന എല്ലാം ഞാൻ എങ്ങനെ പറഞ്ഞു അറിയിക്കാൻ ആണ് . നിനക്ക് വേണ്ടി ചുരന്ന മാറിടത്തിലെ പാൽ ഓരോ തവണ പിഴിഞ്ഞ് കളയുമ്പോളും ശരീരത്തേക്കാൾ വേദന മനസിനായിരുന്നു.നിനക്ക് അവകാശപ്പെട്ട അമൃതാണ് ഞാനീ ഒഴുക്കി കളയുന്നത് എന്നോർത്ത്. എന്റെ വയറ്റിൽ കിടന്ന നിന്നെ ഒന്ന് കാണാൻ മുലയൂട്ടാൻ ഒന്ന് ചുംബിക്കാൻ വരെ നിഷിദ്ധമുള്ളവളായിരുന്നു ഞാൻ. എന്നിൽ നിന്ന് നിന്റെ പൊക്കിൾകൊടി അറത്തുമാറ്റുന്നത് വരെ നീയെന്റേത് ആയിരുന്നുള്ളു. സ്വന്തമല്ല എന്നറിഞ്ഞിട്ടും ഞാൻ നിന്നെ എന്റെ സ്വന്തമെന്ന പോൽ സ്നേഹിച്ചു. അങ്ങനെയല്ല ഞാൻ നിന്നെ സ്വന്തമായേ കണ്ടിരുന്നുള്ളു എന്റേത് ആണ് നീ .. നീ എന്നിൽ ഉണ്ടായിരുന്ന ഒമ്പതുമാസങ്ങൾ എന്റെ ജീവിതത്തിൽ മനോഹരമായ കാലഘട്ടമായിരുന്നു. ഒരുപാട് കഷ്ടതകളും കൈപ്പുനീരും നിറഞ്ഞ എന്റെ ജീവിതത്തിലെ വെളിച്ചമായിരുന്നു നീ.

എവിടെ ആണെങ്കിലും നീ നന്നായി ഇരിക്കുന്നു അറിഞ്ഞാൽ മതി ഈ അമ്മക്ക്.. എന്നും നിനക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും. എന്റെ പ്രാർത്ഥനകൾ എല്ലാം ഇന്ന് നിനക്ക് വേണ്ടിയാണ്. എന്നെങ്കിലും ലോകത്തിന്റെ ഏതോ കോണിൽ ഇങ്ങനെ ഒരു അമ്മയുണ്ട് അറിഞ്ഞാൽ നി എന്നെ തേടി വരുക. ഒരു ദിവസം മാത്രം നിനക്ക് നൽകാൻ കൊതിച്ച സ്നേഹമെല്ലാം ആവോളം നൽകാൻ എനിക്ക് അവസരം തരുക. തരില്ലേ നീ..


എന്ന്""""


അവളുടെ കണ്ണുനീർ വീണു ആ കത്തിലെ അക്ഷരങ്ങൾ പടർന്നിരുന്നു.


ചുമലിൽ പതിഞ്ഞ കൈകളുടെ ഉടമയെ അവൾ ഒന്ന് നോക്കി. 


" ആര്യ, ഈ കത്ത് ഫാദർ ആന്റണിയെ ഏൽപ്പിക്കണം. എന്നെങ്കിലും എന്റെ കുഞ്ഞ് എന്നെ തിരക്കി വരുമ്പോൾ കൊടുക്കാൻ പറയണം "


" ഹ്മ്മ് " ആര്യൻ മൂളികേട്ടു.


തന്റെ മെയിലേക്ക് ചാഞ്ഞു കിടന്നു തന്റെ ഉള്ളിലെ നോവുകൾ കരഞ്ഞു തീർക്കുന്ന ആ പെണ്ണിനോട് അവന് കരുണ തോന്നി സഹാനുഭൂതി തോന്നി. ലോകത്തിന്റെ പല കോണിൽ ഇതുപോലെ ഉരുകുന്ന surrogate mothers ഉണ്ടാവില്ലേ എന്ന് അവന് തോന്നി. കരഞ്ഞു കരഞ്ഞു തളർന്നു അവൾ ഉറങ്ങി പോയിരുന്നു.

അത് നന്നായി എന്ന് അവൻ മനസ്സിൽ പറഞ്ഞു. അവളെ ബെഡിലേക്ക് എടുത്ത് കിടത്തി. അവൻ അവൾ എഴുതി വെച്ച കത്തിലൂടെ കണ്ണോടിച്ചു. നിറഞ്ഞു വരുന്ന തന്റെ കണ്ണുകളെ അവൻ തുടച്ചു കളഞ്ഞു. തന്റെ പ്രിയപെട്ടവളോട് ചേർന്ന് കിടന്ന് അവളെ ഒന്നും കൂടെ ചേർത്തുപിടിച്ചു


Rate this content
Log in

Similar malayalam story from Abstract