Binu R

Abstract

4  

Binu R

Abstract

ഭ്രാന്തൻ

ഭ്രാന്തൻ

2 mins
388


കാരാപ്പറമ്പിലേക്കുള്ള റോഡരുകിൽ ഇന്നയാളെ കണ്ടില്ല. എന്നും രാവിലെ കോളേജിൽ പോകാൻ ഇറങ്ങുമ്പോൾ, അയാൾ എരഞ്ഞിപ്പാലം കവലയിൽ നിന്നും കാരാപ്പറമ്പ് റോഡിലൂടെ നടന്നുവരുന്നത് കാണാം. 


തോളത്ത് ഉടുമുണ്ട് ഇട്ടിട്ടുണ്ടാവും അതിന്റെ ഒരു തുമ്പ് നിലത്ത് ഇഴയുന്നുണ്ടാവും. ഇട്ടിരിക്കുന്ന ഷർട്ടിൽ കീറാൻ ഒരുഭാഗവും ബാക്കിയില്ല, കൈകൾ മാത്രം തുന്നൽ വിടാതെ. ശരീരത്തിനും തുണിക്കുമെല്ലാം ഒരേ നിറമാണ്. വെളിച്ചെണ്ണയിൽ ചാലിച്ച കരി വാരിതേച്ചതുപോലെ. 


    എന്നും ഞാൻ ഇറങ്ങി റോഡിലെത്തുമ്പോൾ അയാൾ വരുന്നുണ്ടാവും. അയാൾ എന്റെ അടുത്തെത്തുമ്പോൾ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒട്ടുനേരം നിൽക്കും. 


നോട്ടം എന്നെ ആകെമൊത്തം ഒന്നുഴിഞ് എന്റെ കൂട്ടിപ്പിടിച്ച കയ്യുകളിൽ വന്നു നിൽക്കും. എന്റെ കൈകളിൽ ഒരു പൊതിയുണ്ടാകും. അത് അയാൾക്കുള്ളതാണ്. രാവിലത്തെ ദോശയോ ഇഡലിയോ എന്തെങ്കിലും രണ്ടോ മൂന്നോ എണ്ണം. 


  അതു കാണുമ്പോൾ അയാളുടെ വരണ്ടചുണ്ടുകളിൽ എവിടെയെങ്കിലും ഒരു ചിരിയുടെ പൂത്തിരിയുടെ ഒരു ചിനപ്പ് പൊട്ടിയോ എന്നു തോന്നും. 


   ഞാൻ അങ്ങിനെ അയാൾക്ക് പൊതി കൊടുത്തു തുടങ്ങാൻ ഒരു കാരണമുണ്ട്. ഒരിക്കൽ ഞാൻ രാവിലെ വീട്ടിലേക്ക് മീൻ വാങ്ങാൻ, എരഞ്ഞിപ്പാലം കവലയിലേക്ക് നടക്കുമ്പോൾ, റോഡിന്റെ എതിർ വശത്ത് കനാലിന്റെ സൈഡിൽ അയാൾ ഇരുന്ന് എന്തോ വാരി തിന്നുന്നു. 


കൂടെ വന്ന അരുൺ ആണ് പറഞ്ഞത്, അയാൾ വാരിതിന്നുന്നത് തന്റെ സ്വന്തം മലമാണത്രെ. ഇത് പതിവ് കാഴ്ചയാണെന്നും. ആദ്യമായിട്ടാണ് ഞാൻ അത്തരമൊരു കാഴ്ച കാണുന്നത്. അയാൾ ഒരു ഭ്രാന്തനാണെന്ന് അരുൺ തീർത്തു പറഞ്ഞപ്പോൾ ഞാൻ ഒന്നു പകയ്ക്കുകയും എന്നിൽ ഒരു വല്ലായ്മ വരുകയും ചെയ്തു. 


   കവലയിലെത്തി മീനും വാങ്ങി വീട്ടിലേക്ക് മടങ്ങും വഴി അരുൺ പറഞ്ഞു, --വിശപ്പിന് ഇവർക്കൊക്കെ വേറെയെന്താ വഴി. 


അതുകേട്ട ഞാൻ തരിച്ചുപോയി. ഞാൻ അരുണിനോട് ചോദിച്ചു, 


-- ഇങ്ങനെയുള്ളവർക്ക് തങ്ങാൻ കോർപറേഷന്റെ ഏതെങ്കിലും തണൽ ഉണ്ടാവില്ലേ.. 


അരുണിന്റെ മറുപടി എന്നിൽ കൂടുതൽ അമർഷം ആണ് ഉണ്ടാക്കിയത്. 


-- അതൊക്കെ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രം. ഗ്രാന്റുകൾ തട്ടാനുള്ള സൂത്രം. ഇങ്ങനെയുള്ളവരെ അവിടെ കൊണ്ടുചെന്നാൽ, പണം ചിലവാകും ചികിത്സക്കും മറ്റുമായി. അതുകൊണ്ട്, ഭ്രാന്തന്മാരെ കണ്ടില്ലെന്നു നടിക്കും. 


   അങ്ങിനെയാണ് പിറ്റേന്നുമുതൽ ഞാൻ അയാൾക്ക് പറ്റുന്നതുപോലെ ഓരോ ഭക്ഷണപ്പൊതി നല്കിത്തുടങ്ങിയത്, ആരോരുമറിയാതെ. 


    അതയാൾ കഴിക്കുന്നത്‌ കാണുമ്പോൾ... വളരേ പതിയേ പൊതിയഴിച്ച് പൊതിയിലുള്ളതും തന്നേയും മാറിമാറി നോക്കി, റോഡരുകിൽ ഒതുങ്ങിയ ഒരിടത്തിരുന്നു സാവധാനം കഴിക്കും, ഒരു തിരക്കും കൂട്ടാതെ... 


    ഇന്നയാളെ കണ്ടില്ല. ഞാൻ എരഞ്ഞിപ്പാലം കവലയിൽ എത്തുന്നതുവരേക്കും, കടകൾക്ക് പിന്നിലും മരത്തിന്റെ നിഴലിലും കനാലിന്റെ ഓരത്തുമെല്ലാം അയാളെ തിരഞ്ഞു, കണ്ടില്ല. എനിക്കൊരു വല്ലായ്മ തോന്നി. 


    ഞാൻ പ്രഹ്ലാദന്റെ പച്ചക്കറിക്കടയിൽ കയറി അയാളോട് ഭ്രാന്തനെക്കുറിച്ചന്വേഷിച്ചു.. അയാൾ പറഞ്ഞത് കേട്ട് സന്തോഷവും സങ്കടവും വന്നില്ല. 


-- ഇന്നലെ വൈകുന്നേരം പോലീസ് എല്ലാവരെയും തൂത്തുപെറുക്കി കൊണ്ടുപോയി. നാളെ പ്രസിഡന്റ്‌ വരികയല്ലേ... !



Rate this content
Log in

Similar malayalam story from Abstract