Binu R

Abstract

3  

Binu R

Abstract

നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്നു.

നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്നു.

2 mins
208



രാത്രിയിലെ നിലാവിനെ നോക്കി അയാൾ വരാന്തയിൽ കിടന്നു. മഹാഗണി മരം ഒടിഞ്ഞുവീണു കറണ്ട് പോയപ്പോൾ മുതൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ അയാൾ തണുത്ത തറയിൽ അർദ്ധനഗ്നനായി കിടപ്പ് തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറും കഴിഞ്ഞു.


അകലെ റോഡരുകിൽ കറണ്ട് കമ്പികൾക്ക് മുകളിൽ വീണ മരം മുറിച്ചുമാറ്റാൻ, കണ്ടുനിൽക്കാൻ കൂടിയവരുടെ തോറ്റംപാട്ടുകൾ കേൾക്കാം. ഇരുട്ടിനെ കുടഞ്ഞെറിയാൻ ടോർച്ചും മൊബൈൽ വെട്ടങ്ങളും മത്സരിക്കുന്നത് ഇവിടെ ഇരുന്നാൽ കാണുകയും കേൾക്കുകയും ചെയ്യാം.


റോഡിനെക്കാൾ ഉയരത്തിൽ കുറച്ച് ഉള്ളിലേയ്ക്ക് കയറി വീട് വച്ചപ്പോൾ പലരും പറഞ്ഞതാണ്, റോഡിന്റെ അരികിൽ വീട് വയ്ക്കണം, അപ്പോഴാണ് സൗകര്യങ്ങൾ കൂടുതൽ കിട്ടുന്നത്. അവർക്കറിയില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. റോഡിലൂടെ ഓടുന്ന വാഹനത്തിന്റെ കരിം പുകകൾ എന്നും ശ്വസിക്കുന്നതിന്റെ ഗതികേട്. കണ്ട കള്ളുകുടിയന്മാരുടെ നെഞ്ചത്തു തറയ്ക്കും തെറിപ്പാട്ടുകൾ കേൾക്കുന്നതിന്റെ ഗതികേട്.

രാത്രിയിലും ഞരങ്ങി കയറ്റം കയറിപ്പോകുന്ന ഭാരവണ്ടികളുടെ കാതടപ്പിക്കുന്ന ശബ്ദം കേൾക്കുന്നതിന്റെ ഗതികേട്. അപ്പോൾ ഉപദേശം കേട്ട് മത്തുപിടിച്ചിരുന്നെങ്കിൽ... ഊറിച്ചിരിക്കാനാണ് തോന്നുന്നത്.


ഇരുട്ട്, പട്ടികളുടെ താളം പിടിക്കുന്ന കുരകൾക്കപ്പുറവും കട്ടിപിടിച്ചിരിക്കുന്നത് കാണുമ്പോൾ ആകാശത്തേയ്ക്ക് അയാൾ വെറുതെയൊന്ന് നോക്കി. പുഞ്ചിരിക്കാത്ത ചുവന്ന മുഖവുമായി ചന്ദ്രൻ ചന്ദ്രികയെ പറത്തിവിടാതെ രോക്ഷാകുലനായി നിൽക്കുന്നതായി തോന്നി.


പറമ്പിന്റെ അതിരിലെ പ്ലാവിൽ ഏറ്റവും മുകളിൽ കിടന്ന പഴുത്ത ചക്കയിൽ ഒരു രാത്രീഞ്ചരൻ കടവാവൽ വന്നൊട്ടിയതിന്റെ ശീൽക്കാരം കേൾക്കാം. കടവാവലുകളുടെ സഞ്ചാരം ഈയിടെയായി കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ഇനി ചക്കക്കാലമായാൽ ഇവറ്റകളുടെ വരവ് കൂടും.. പലവറ്റകൾ ചക്കപ്പഴത്തിനായി കടിപിടികൂടുന്നതിന്റെയും പല ശീൽക്കാരങ്ങളുടെയും ഒച്ചയാൽ രാത്രികൾ മിക്കപ്പോഴും കാളരാത്രികൾ ആവാറുണ്ട് .


 ഒരൊറ്റപേരക്കയും ആ സമയങ്ങളിൽ കിട്ടാറില്ല. പ്ലാവിലെ പോരുകൾ മൂത്ത് തോറ്റോടുന്നവർ പേരക്കയിൽ അഭയം പ്രാപിക്കും. രാവിലെയാകുമ്പോൾ പകുതി തിന്ന പേരയ്ക്കകൾ പേരയുടെ ചുവട്ടിൽ മെത്ത പോലെ കിടപ്പുണ്ടാകും. വാവലുകൾ തിന്ന പേരയ്ക്കകൾ പശുകൾക്കും വേണ്ട. അവറ്റകൾക്കും അറിയാമായിരിക്കും നിപയെ കുറിച്ചും മറ്റും.


രാക്കോഴികൾ എവിടെയോ കൂകുന്നുണ്ട്. എവിടെയോ ഒരു കാക്ക കരയുന്നുണ്ട്. മറ്റേതോ കിളി ശകാരിക്കുന്നതുപോലെ തോന്നുന്നുണ്ട്, പുലരി ആയില്ലെന്നായിരിക്കാം.


കറണ്ട് പണിക്കാരുടെ ആക്രോശങ്ങൾ ഏകദേശം നിലച്ച മട്ടാണ്. എന്നാലും വെട്ടങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതുപോലെ. പണി കഴിഞ്ഞു അവർ പോകുന്നതാവാം. കാഴ്ചക്കാർ പിരിയുന്നതവാം.


ചെറിയ കാറ്റ്‌ വീശുന്നുണ്ട് വരാന്തയിൽ കിടന്നുറങ്ങിയതുകൊണ്ട് കുഴപ്പമൊന്നുമില്ല. പണ്ടൊക്കെ ചെറുപ്പത്തിൽ പ്രധാനവാതിൽ തുറന്നിട്ട്‌ അതിന് ചാരേ കിടന്നുറങ്ങിയിട്ടുണ്ട്. ഇന്നത്തെപ്പോലെ അന്ന് കള്ളന്മാരും പിടിച്ചുപറിക്കാരും തുലോം കുറവുമായിരുന്നു. ഇന്നോ തരം കിട്ടിയാൽ എന്തും അടിച്ചു മാറ്റാൻ തക്കം നോക്കുന്നവർ. വേണ്ടിവന്നാൽ കൊന്നിട്ടുപോകാനും മനസ്സുറപ്പുള്ളവരുടേയും കാലമാണ്. നമ്മൾ തന്നെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.


പൊടുന്നനെ, മൈക്കിന്റെ മുമ്പിൽ നിൽക്കുന്നയാളുടെ പ്രസംഗിക്കുന്നതിനുമുമ്പുള്ള തൊണ്ടശരിയാക്കൽപോലെ, ഇടവിട്ടിടവിട്ട് ചിമ്മിയതിനു ശേഷം കറണ്ട് വന്നണഞ്ഞു. അയാൾ ആകാശത്തേയ്ക്കൊന്നു പാളി നോക്കി. മാനത്ത് ചന്ദ്രൻ പൊൻപ്രഭ വീശി നിൽക്കുന്നു. മുല്ലപ്പൂ വാരിയിട്ടതുപോലെ നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്നു.



Rate this content
Log in

Similar malayalam story from Abstract