Binu R

Fantasy Thriller

4.0  

Binu R

Fantasy Thriller

മംഗലശ്ശേരി.18.രചന :- ബിനുR

മംഗലശ്ശേരി.18.രചന :- ബിനുR

3 mins
374



-18-


അമ്മ മുറിയിൽ നിന്നും ഒന്നും പറയാതെയും തന്നെ നോക്കാതിരുന്നതിലും തെല്ലു പരിഭവം മുഖത്തു നിഴലിച്ചുവോ എന്നൊരു സംശയം. അമ്മ ഗോവണി ഇറങ്ങുന്നതുവരേയ്ക്കും അച്ഛൻ നോക്കി നിന്നു. പരിഭവങ്ങളുടെ നെഞ്ചോരമാണഛൻ. വാത്സല്യത്തിന്റെ പകിട്ട് സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് ഇന്നാണ് മനസ്സിലായത്. മംഗലശ്ശേരിയിലെ തിരിച്ചുള്ള നടപ്പിൽ തന്റെ കൈ അച്ഛന്റെ ഉള്ളംകൈയിലായിരുന്നു. അപ്പോൾ അനുഭവപ്പെട്ട ചൂടും തണുപ്പും പിന്നെ എന്തൊക്കെയോ പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളും അനുഭവിച്ചു. എന്തായിരുന്നു അച്ഛന്റെ മനസ്സിൽ അപ്പോൾ!.


ഇന്നത്തെ പ്രവൃത്തികൾക്കിടയിലെല്ലാം ചിന്ത അത് തന്നെ ആയിരുന്നു. ഇപ്പോൾ ഈ മുറിയിലാണ് അച്ഛൻ കിടക്കുന്നതെന്നറിഞ്ഞപ്പോൾ... എല്ലാ മറുപടികിട്ടാത്ത ചിന്തകൾക്കും പരിസമാപ്തി ഉണ്ടാകുമെന്നൊരു തോന്നൽ.


അച്ഛൻ വിരിച്ചിട്ടിരിക്കുന്ന, വാതിലിന്റെ അടുത്തുള്ള കട്ടിലിൽ ചെന്നിരുന്നു.വാതിലിന്റെ എതിർദിശയിലെ കട്ടിലിലാണ് താൻ കിടക്കുന്നത്.മുറിയാകെയും ഒന്നു കണ്ണോടിച്ചു. ഭിത്തിയോട് ചേർന്നുള്ള അഴയിൽ മടക്കിയിട്ടിരിക്കുന്ന മുണ്ടും ഷർട്ടുകളും. ഒതുങ്ങിയിരിക്കുന്ന കണ്ണാടി അലമാരയിൽ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങൾ,ഭിത്തിയിൽ അവിടവിടെയായി ഒട്ടിച്ചിരിക്കുന്ന ക്രികറ്റർ രാഹുൽ ദ്രാവിഡിന്റെയും അഭിനേതാവ് അമിതാബ് ബച്ചന്റെയും, പോപ്പ് ഗായകന്റെയും ചിത്രങ്ങൾ ഓരോന്ന്. പിന്നെ പ്രശസ്തമായ ചിരിക്കുന്ന സുന്ദരിയും.


അച്ഛന്റെ നോട്ടങ്ങൾ സസൂഷമം ശ്രദ്ധിച്ചിരുന്ന ഉണ്ണി പറഞ്ഞു.


" വിനയന്റെ മുറിയാണ്. "


അച്ഛന്റെ നോട്ടം ഉണ്ണിയിൽ വന്നു പതിച്ചു. ആ നോട്ടത്തിലെ വാത്സല്യം നിറഞ്ഞ സാന്ത്വനം അവൻ തിരിച്ചറിഞ്ഞു. അച്ഛൻ ഇടതു കൈ ഉണ്ണിയുടെ നേരെ നീട്ടി തന്റെ അരികിലേക്ക് വരാൻ ക്ഷണിച്ചു. ഒരു കൊച്ചുകുട്ടിയെന്നപോൽ അവൻ അച്ഛനരികെ ചെന്നു. അയാൾ തന്റെ അടുത്തിരിക്കാൻ ആംഗ്യം കാണിച്ചു. അവൻ അനുസരിച്ചു. അയാൾ തന്റെ കൈത്തലം കൊണ്ട് അവനെ അടിച്ച ആ കവിൾത്തടം മെല്ലെ തലോടി. വികാരംനിറഞ്ഞ ലാഘവത്തോടെ ചോദിച്ചു....


"വേദനിച്ചുവോ നിനക്ക്?"


ആ ചോദ്യത്തിലെ അമ്പരപ്പുകൾ അവനിൽ അത്ഭുതങ്ങൾ വിതാനിക്കുകയായിരുന്നു. ഇതിനുമുമ്പോരിക്കൽപ്പോലും അച്ഛൻ ഞങ്ങളെയാരെയും ലാളിച്ചിട്ടേയില്ല! ഓഫിസ്, വീട്, വല്ലപ്പോഴും ഒരുപാർട്ടി. അച്ഛന്റെ ജീവിതം അതിൽക്കൂടുതലൊന്നും കണ്ടിട്ടേയില്ല. അച്ഛന്റെ സഹ ജോലിക്കാർക്കിടയിൽ നടത്തപ്പെടുന്ന പാർട്ടികളിൽ ഞങ്ങളെയും കൊണ്ടുപോകും. കുടിക്കുഴയലും ഒന്നുമില്ല. അനാവശ്യമായി ഞങ്ങളുടെ കാര്യങ്ങളിലൊന്നും ഇടപെടുകയില്ല. ഇഷ്ടക്കേടുകട്ടിയാൽ, കൺകോണുകളുടെ അറ്റത്തു കൃഷ്ണമണി ഒതുക്കിവച്ച് ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ഒരു നോട്ടം നോക്കും. ആ ഒരു നോട്ടം മാത്രം മതി ഞങ്ങളിലെ സന്തോഷങ്ങൾ മറഞ്ഞുപോകാൻ. ചെറിയതായെങ്കിലും ദേഷ്യം വന്നാൽ അപ്പോൾ ഉണ്ടക്കണ്ണാകും അച്ഛന്റേത്. തലയിലെ കോലന്മുടിയിൽ വിരലൊന്നോടിക്കും. കൈയിന്റെ ദ്രുതചലനത്തിൽ നിന്നും മനസ്സിലാകും ദേഷ്യത്തിന്റെ പാരമ്യത . ഞങ്ങൾ ഞങ്ങളുടേതായ മുറികളിൽപോയി അഭയം പ്രാപിക്കും. പലബുക്കുകൾ ഞങ്ങളുടെ കൈയിൽ ഇടംപിടിക്കും.


ഒരിക്കലും തല്ലിയതായി ഓർമയില്ല. അമ്മ പറഞ്ഞോരറിവിൽ നേരിയൊരു ചിത്രം തെളിയുന്നുണ്ട്. അത് മിനിക്കുട്ടിക്ക് കൊടുക്കുന്നോരടിയാണ്. താൻ നാലിൽ പഠിക്കുന്നു എന്നാണോർമ്മ, അവൾക്ക് രണ്ടോ രണ്ടരയോ പ്രായം. അവളുടെ പുറകേ നടന്ന് വഴക്കുണ്ടാക്കി ദേഷ്യംപിടിപ്പിച്ചു കരയിപ്പിക്കുക എന്നൊരു ഹരം ഉണ്ടായിരുന്നു. അന്ന് അവൾ മേശപ്പുറത്തിരുന്നു പ്ലേറ്റുകളുമായി കളിക്കുകയായിരുന്നു. എന്തോ പറഞ്ഞു ദേഷ്യം കയറി പെട്ടന്നവൾ ഒരു പ്ലേറ്റ് എടുത്തെറിഞ്ഞു. അതിന്റെ വക്ക് കൊണ്ട് തന്റെ മൂക്കിന്റെ പാലം മുറിഞ്ഞു. കാര്യം അറിഞ്ഞു അച്ഛൻ ഓഫിസിൽ നിന്നും ഉടനെത്തി.അവളുടെ തുടയിൽ രണ്ടടികൊടുത്തു. പിന്നെ വൈകുന്നേരം ഓഫിസിൽ നിന്നു വന്നപ്പോൾ കൈ നിറയേ ഗ്യാസ് മുട്ടായി കൊണ്ടുക്കൊടുത്തു. സ്റ്റിച്ചിട്ട മൂക്കുമായി ഇരുന്ന തനിക്കും അതിന്റെ ഒരു പങ്കു കിട്ടി.


അന്നവൾക്ക് കിട്ടിയ ആ ഭാഗ്യം, അടി,തനിക്ക് കിട്ടാൻ ഇന്നോളം കാത്തിരിക്കേണ്ടി വന്നു.


അച്ഛൻ ഒരു കുറ്റസമ്മതമെന്നപോലെ പതുക്കെ പറഞ്ഞു തുടങ്ങി.


"എന്റെ ഒരേയൊരു പിഴവാണ് ഏട്ടനെയും ഏട്ടത്തിയമ്മയെയും എനിക്കില്ലാതാക്കിയത്. ഞാനിപ്പോൾ അത് തിരിച്ചറിയുന്നുണ്ട്."


പലതും പറഞ്ഞുതുടങ്ങേണ്ട ഒരു തുടക്കം അച്ഛൻ മെനഞ്ഞെടുക്കുന്നതുപോലെ തോന്നി.


" എന്റെ പിടിവാശികളാണ് എല്ലാത്തിനും കാരണം. ആദ്യം കോളേജിൽ പഠിക്കുമ്പോൾ, തലതെറിച്ച കുറേ കൂട്ടുകാർക്കിടയിൽ അവരുടെ പ്രലോഭനങ്ങളിൽ മുഴുകി, അവധിക്കു വീട്ടിൽ വരുമ്പോൾ ഏട്ടനുമായി ആവശ്യമില്ലാത്ത കലഹങ്ങൾ. "


അച്ഛനിൽ തന്നെ ഒരു പുച്ഛം നിറയുന്നത് ഉണ്ണി കണ്ടു. ചുണ്ടുകളുടെ കോടലുകൾ അത് വ്യക്തമാക്കിയിരുന്നു,ഇടക്കുള്ള ശക്തമായ മൂക്കിൽ നിന്നുമുള്ള വായുവിന്റെ തള്ളലും.


" ചെറുപ്പത്തിന്റെ പോരായ്മകളിൽ ഒന്നായിരുന്നു അത്. നമ്മിലെ അഹം ബോധം ഇല്ലാതെ പോയി. ഇഞ്ചക്കരയിൽ നമ്മുക്കൊരു വിലയുണ്ടായിരുന്നത് ഓർത്തതേയില്ല. നാട്ടുകാരുടെ ബഹുമാനിതരായിരുന്നു മംഗലശ്ശേരിക്കാർ. അച്ഛന്റെ മരണവും അമ്മയുടെ മരണവും ഞാൻ അറിയാതെ പോയത്, ഏട്ടനും ഏട്ടത്തിയമ്മയും ഉള്ളതുകൊണ്ടാണെന്നത് എന്റെ ആ ചെറുപ്പം ഓർത്തതേയില്ല.. "


അച്ഛന്റെ ഇപ്പോഴത്തെ നിസ്സഹായതയും സങ്കടവും ഉണ്ണി തിരിച്ചറിഞ്ഞു.


"ജോലികിട്ടിയപ്പോൾ, ഓഫീസിലെ കൂട്ടുകാർ എന്നുപറയുന്ന കുറേ കുത്തിത്തിരുപ്പുകൾക്കിടയിൽ ഏക്കർ കണക്കിനുള്ള ഭൂമി വിറ്റ് നഗരത്തിൽ രാജാവിനെപ്പോലെ ജീവിക്കണമെന്ന ചിന്ത വളർന്നു."


അതും ചെറുപ്പത്തിന്റെ പോരായ്മകളിൽ ഒന്നായിരുന്നെന്നു അച്ഛൻ പറഞ്ഞുകേട്ടപ്പോൾ ഉണ്ണിയിലെ തിരിച്ചറിവുകളുടെ എണ്ണം കൂടുകയായിരുന്നു.


തൃപ്തിയില്ലായ്മയുടെ പ്രായമാണ് ചെറുപ്പം. ഓരോരുത്തർ പറയുന്നതിനനുസരിച്ച് ചാഞ്ചാടുന്നപ്രായം. വീട്ടിലുള്ളവർ പറയുന്നതിനേക്കാൾ വില പുറത്തുള്ളവർ പറയുമ്പോഴാണെന്നുള്ള തോന്ന്യാസങ്ങളുടെ പ്രായം.പഠിപ്പും തൊങ്ങലുകളും സ്വപ്നങ്ങളും ഉള്ളതുകൊണ്ട് താൻ പറയുന്നതാണ് ശരി എന്ന നെറികേടിന്റെ പ്രായം.


"കോളേജിലെ വഴിപിഴച്ച കൂട്ടുകാരുടെ അപഹാസ്യവും ജോലികിട്ടിയപ്പോഴത്തെ തലതിരിഞ്ഞ സഹപ്രവർത്തകരുടെ, തനിക്കും ഏട്ടനും തുല്യമായ അവകാശമാണെന്ന, ഉപദേശവും എന്നിൽ മായക്കാഴ്ചകൾ വളർത്തി. "


" ഏട്ടന്റെ ഇഷ്ടങ്ങളെല്ലാം ബാലികഴിച്ചാണ്, എന്റെ ഇഷ്ടങ്ങളെല്ലാം നേടിതന്നതെന്ന് മറന്നു. ഏട്ടന് ചെറുതുരുത്തി കലാമണ്ഡലത്തിൽ ഏറെ മാനാഭിമാനങ്ങൾ നേടാമായിരുന്നു. ആൾ മിടുമിടുക്കനുമായിരുന്നു. വല്ലപ്പോഴും ഞാനും അച്ഛനും അമ്മയും കാണാൻ ചെല്ലുമ്പോൾ അവിടെയുള്ള മാഷുമാർ കഥകളിയിൽ, വായ്പ്പാട്ടിൽ, ഉപകരണസംഗീതത്തിൽ ഏട്ടനെക്കുറിച്ച് പറയുമ്പോൾ അമ്മ അഭിമാനം കൊണ്ടു കണ്ണു തുടച്ചിരുന്നത്, ഞാനിപ്പോഴും ഓർക്കുന്നുണ്ട്. ഒരു റഷ്യൻ യാത്രക്ക് കോപ്പുകൂട്ടിയിരുന്ന സമയത്തായിരുന്നു, അച്ഛന്റെ അന്ത്യം. "


അച്ഛൻ ഓർമകളുടെ ഭാണ്ഡം അഴിക്കുകയായിരുന്നു.


"അവിടെവച്ചു ഏട്ടൻ പഠനം നിറുത്തി. തന്റെ എഞ്ചിനീയറിംഗ് പഠനത്തിന് തടസമുണ്ടാവരുത് എന്നാണ് ഏട്ടൻ പറഞ്ഞത്. അമ്മയ്ക്കൊരു താങ്ങാവാൻ കൂടിയായിരുന്നു അത് എന്നത് എനിക്ക് മനസ്സിലാക്കാനേ ആയില്ല അന്ന്."


"ഏട്ടന് കൃഷിയിൽ അന്നേ താല്പര്യമുണ്ടായിരുന്നു. കുടുംബത്തിന്റെ ചിലവുകൾ നടത്തിക്കൊണ്ടുപോകാൻ ഏട്ടൻ പാടുപെടുന്നത് ശ്രദ്ധിച്ചില്ല. ജോലികിട്ടിയപ്പോഴും കല്യാണം കഴിഞ്ഞും ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടപ്പോഴെങ്കിലും ഏട്ടന്റെ ചെയ്തികൾ തിരിച്ചറിയേണ്ടതായിരുന്നു. ബോംബെയിലെ താമസത്തിനിടയിലും മാസത്തിൽ ഏട്ടന്റെ നീക്കിയിരുപ്പുപണം വന്നെത്തിയതൊന്നും എന്റെ തലയിൽ കയറിയില്ല."


" പല തവണ ആവശ്യപ്പെട്ടിട്ടും വസ്തുവിൽക്കാൻ തയ്യാറാകാതെ വന്നപ്പോൾ ഏട്ടന്റെ അന്ത്യത്തിന് തൊട്ടുമുമ്പ് ഇവിടെ വന്നപ്പോൾ എന്റെ നാക്കിന്റെ ഒരു പിഴവാണ്, ഏട്ടനെയും ഏട്ടത്തിയമ്മയെയും നഷ്ടമാക്കിയത്. അതൊരു തീരാനഷ്ടമെന്ന് കാണിച്ചു തന്നത് നീയാണ്.... ഇന്ന്."




Rate this content
Log in

Similar malayalam story from Fantasy