Upasana Kodakkattu

Drama Fantasy

4  

Upasana Kodakkattu

Drama Fantasy

മോക്ഷം

മോക്ഷം

2 mins
341


"ആരാ മരിച്ചത്.?"

"അയാളൊരു പോലീസുകാരനായിരുന്നു."

"അദ്ദേഹം എൻറെ മുത്തച്ഛനായിരുന്നു."

"ആളെന്റെ അമ്മാവനാ.."

"ഇനിയിപ്പോ പറഞ്ഞിട്ടെന്താ പോയവർ പോയി. മരിച്ചു പോയവർ തിരിച്ചൊന്നും വരില്ല്യ."

രാഘവേട്ടൻ പറഞ്ഞത് എല്ലാവരും ശരി വെച്ചു.

"എന്നാൽ പിന്നെ എടുക്കല്ലേ? വല്ലോരും വരാനുണ്ടോ?"

രാഘവന് എന്താ ഇത്ര തിടുക്കം.? മരിച്ച എനിക്ക് പോവാൻ ഇത്ര തിടുക്കമില്ല. അമ്മിണിക്കുട്ടി എത്തിയിട്ടില്ലല്ലോ. എന്നോടിപ്പോഴും പിണക്കമാണോ? മരിച്ചാലും തീരില്ലേ പരിഭവങ്ങൾ? 

ഞാൻ വിചാരിച്ചത്ര ആൾക്കൂട്ടം ഇല്ല. ഞാനെന്ന് വെച്ചാൽ ഭാസ്കരൻ. ഇപ്പോൾ പരേതൻ ഭാസ്കരൻ. മരണം ഞാൻ വിചാരിച്ചത്ര ഭീകരമല്ല. എത്രയായാലും ഞാനൊരു പോലീസുകാരനല്ലേ.

മരണാനന്തര ചടങ്ങുകളിൽ പണ്ടേ എനിക്ക് വലിയ വിശ്വാസമൊന്നുമില്ലായിരുന്നു. മരണം ഒരിക്കലും ഒരു മതാചാരങ്ങൾക്ക് അനുസരിച്ച് ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. മരണവും ഒരു ആഘോഷമാക്കാം. ഒരു വിടപറച്ചിൽ എന്തുകൊണ്ട് ആഘോഷമാക്കിക്കൂടാ? ഒരു മനുഷ്യായുസ്സ് മുഴുവൻ ജീവിച്ച് തീർത്തല്ലേ ഞാൻ പോയത്. എല്ലാ കർമ്മങ്ങളും ചെയ്തു കഴിഞ്ഞു. എന്നെ ഞാൻ തന്നെ പൊക്കി പറയുന്നതല്ല. അതാണ് സത്യം. മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ പരിചരിച്ചു, മക്കളെ പഠിപ്പിച്ചു, കല്യാണം കഴിപ്പിച്ചു, അത്യാവശ്യത്തിന് സ്വത്ത് സമ്പാദിച്ചു, ഞാനൊരു നല്ല മനുഷ്യനാവാൻ ഇതെല്ലാം പോരേ.?

"ഭാസ്കരേട്ടാ.."

അമ്മിണിക്കുട്ടി എത്തിയോ? സമാധാനമായി. അമ്മിണിക്കുട്ടി എൻറെ സഹോദരിയാണ്. ജീവിച്ചിരിക്കുമ്പോൾ വർഷങ്ങളോളം സ്വത്തിന് വേണ്ടി ഞങ്ങൾ തർക്കിച്ചു. ഇപ്പോൾ ആകെ ഉള്ള സങ്കടവും തീർന്നു കിട്ടി. ഓർക്കാൻ ഇഷ്ടപ്പെടാത്ത കാലഘട്ടത്തിലേക്ക് ഇനി എനിക്ക് പോവേണ്ട ആവശ്യമില്ല. ഓർമ്മകൾ മരിക്കുന്നില്ല. പക്ഷേ ഞാനിന്ന് സന്തോഷവാനാണ്. സന്തോഷം എന്നുവെച്ചാൽ അതീനിമിഷത്തിൽ ചിലപ്പോൾ ഒതുങ്ങിയേക്കാം. ഇനിയങ്ങോട്ട് എനിക്ക് സങ്കടപ്പെടേണ്ടതില്ലല്ലൊ.

മരണം എല്ലാത്തിന്റെയും അവസാനമാണ്. ജനിച്ചാൽ ഒരിക്കൽ മരിക്കും. ഇനി അങ്ങോട്ട് എന്ത് എന്നതാണ് അറിയാത്തത്. എപ്പോഴാണ് എനിക്ക് ശാന്തി ലഭിക്കുക. എൻറെ ശരീരം ദഹിക്കുമ്പോഴായിരിക്കും. ഒരിക്കലും എഴുന്നേൽക്കാത്ത ഉറക്കമാണോ ശാന്തി?! 

ഇനിയങ്ങോട്ട് എന്ത് എന്ന ചോദ്യചിഹ്നം ഭാസ്കരനെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു.

"ഭാസ്കരാ.."

പുറകിൽ നിന്നുള്ള വിളി കേട്ടയാൾ ഞെട്ടി. തന്നെ കണ്ണാടിയിൽ കാണുന്ന അതേപോലെ മറ്റൊരു ഭാസ്കരൻ. 

"നിങ്ങളാണോ ദൈവം?" ഭാസ്കരൻ ചോദിച്ചു.

"അല്ല. ഞാൻ പരേതൻ ഭാസ്കരൻ, നിങ്ങൾ ജീവിച്ചിരിക്കുന്ന ഭാസ്കരൻ." 

"നിങ്ങൾ എൻറെ വിധി നടപ്പാക്കാൻ വന്നതാണോ?"

ഭാസ്കരൻ ആകെ ആശയ കുഴപ്പത്തിലായി. 

"ഞാനെൻറെ കർമ്മങ്ങളെല്ലാം ചെയ്തു കഴിഞ്ഞു. എനിക്ക് ശാന്തി ലഭിക്കണം. എന്നെ കാണാൻ കഴിയുന്ന ഒരേ ഒരാൾ നിങ്ങളാണ്. എനിക്ക് എല്ലാത്തിനും ഉത്തരം കിട്ടിയേ തീരൂ."

"ഭാസ്കരന് എല്ലാത്തിനും ഉത്തരം കിട്ടും. 'എന്താണ് ജീവിതം' എന്നതിന് ഉത്തരം കണ്ടെത്തിയാൽ താങ്കൾക്ക് ശാന്തി ലഭിക്കും."

എരിഞ്ഞമരുന്ന ചിതയിൽ പരേതൻ ഭാസ്കരൻ എങ്ങോട്ടെന്നില്ലാതെ മായ്ഞ്ഞുപോയി. തൻറെ ശരികളുടെയും തെറ്റുകളുടെയും തുലാസിൽ ജീവിതത്തെ അളന്നു കൊണ്ട് മരണാനന്തര ജീവിതത്തിലേക്ക് ഭാസ്കരൻ പിറന്നു വീണു.



Rate this content
Log in

More malayalam story from Upasana Kodakkattu

Similar malayalam story from Drama