Hibon Chacko

Drama

4  

Hibon Chacko

Drama

ഉപേക്ഷ (ഭാഗം-2)

ഉപേക്ഷ (ഭാഗം-2)

3 mins
301


നന്ദന, തന്റെ കൂടെ വന്ന കാർത്തികയോടൊപ്പം നേരെ കിച്ചണിലേക്ക് പോയി- കൈയ്യിലുണ്ടായിരുന്നത് അവിടൊരു ടേബിളിൽ വെച്ചശേഷം. തിരികെ, നന്ദന ചായയുമായി ഹാളിലേക്ക് വന്നപ്പോഴേക്കും ഭർത്താവ് ഹരികൃഷ്ണൻ കുളി കഴിഞ്ഞു തലതോർത്തിക്കൊണ്ട് എത്തി. കാർത്തിക്കും കാർത്തികയും ചായ കുടിക്കുവാനായി ഉത്സാഹത്തോടെ ടേബിളിലേക്കെത്തി. ഇതു കണ്ടെന്ന പോലെ ഹരികൃഷ്ണൻ, ചായ പകർന്നു തുടങ്ങിയ നന്ദനയെ ഒന്ന് നോക്കി.


നന്ദന ശ്രദ്ധിക്കുന്നില്ലെന്നു കണ്ടതോടെ ഹരികൃഷ്ണൻ അല്പം ദൃഢത പ്രാപിച്ചു ചോദിച്ചു;

“നിനക്ക് കുറച്ചു നേരത്തേ വന്നു കൂടെ...? എത്ര നേരമെന്നുവെച്ചാ ഇവിടെ, 

പിള്ളേര് സ്കൂളിൽ പോയിട്ട് വരുന്നതല്ലേ...? എത്ര നേരമായി ഇതുങ്ങൾ വിശന്നിരിക്കുന്നു!”


ഇത്രയും കേട്ടതോടെ നന്ദന അയാളെയൊന്ന് നോക്കി, ഗൗരവത്തിൽ. അടുത്ത നിമിഷം മക്കളിരുവരോടും ചായ കുടിക്കുവാൻ ആംഗ്യം കാണിച്ചു, കാലിയായ ചായപാത്രവുമായി വീണ്ടും കിച്ചണിലേക്ക് തിരിച്ചു. കിച്ചണിൽ ബാക്കി ഇരുന്നിരുന്ന ചായയുമായി അവൾ തിരികെ വന്ന് ഭാവമൊന്നും കൂടാതെ പതിയെ ഹരികൃഷ്ണന്റെ മുന്നിലെ ഗ്ലാസ്സിലേക്കൊഴിച്ചു. അയാൾ അവളെ ശ്രദ്ധിക്കാതെയിരുന്നു മെല്ലെ ചായ രുചിച്ചു തുടങ്ങി. ശേഷം നന്ദന ഒരിക്കൽക്കൂടി കിച്ചണിലേക്ക് പോയി ചില ലഖു-ആഹാരപദാർഥങ്ങളുമായി എത്തി, അവ ടേബിളിലേക്ക് ഇവർക്കായി വിളമ്പിവെച്ചു. കാർത്തിക്കും കാർത്തികയും അവയിൽ നിന്നും ഭക്ഷിച്ചു തുടങ്ങി. 


ചായകുടിയൊക്കെ കഴിഞ്ഞ് മക്കൾ ഇരുവരും അവരവരുടെ മേഖലകളിലേക്ക് ചേക്കേറിയ സമയം ക്ഷീണത്തോടെ റൂമിൽ തന്റെ സാരിയഴിക്കുവാൻ തുനിഞ്ഞ നന്ദനയുടെ അടുത്തേക്ക് ഹരികൃഷ്ണൻ എത്തി, മെല്ലെ റൂമിന്റെ ഡോർ അകത്തു നിന്നും അയാൾ അടച്ചു. നന്ദന സാരി നേരെയാക്കി അയാളെ നോക്കി.


“നിനക്ക് പറയുന്നതൊന്നും മനസ്സിലാകുന്നില്ലേ...? എന്താ നിന്റെ ഭാവം, നന്ദന!? ധിക്കാരമേ കാണിക്കൂ എന്നു തന്നെയാണോ?”


 ഹരികൃഷ്ണന്റെ അല്പം ദേഷ്യം കലർന്ന ഈ വാചകങ്ങൾക്ക് മറുപടിയായി നന്ദന കുറച്ചു നിമിഷം അയാളെ നോക്കി നിന്നു. ശേഷം പറഞ്ഞു, ചില അപ്രസിക്ത കാര്യങ്ങളിൽ മുഴുകിക്കൊണ്ട്;


“ഇന്നത്തെ പ്രോഗ്രാം എല്ലാം കഴിഞ്ഞപ്പോൾ ഒരുപാട് ലേറ്റ് ആയി. പിന്നെ, ഇത്തിരി ഉൾപ്രദേശത്തു കൂടിയായിരുന്നു.”


ഒരുവിധം പുശ്ചഭാവത്തോടെ അയാൾ മറുപടി നൽകി;

“എടീ, ഒരുകാര്യം നീയോർക്കണം. നീയൊരു സ്ത്രീയാണ്, ഭാര്യയാണ്, കുടുംബിനിയാണ്. നിനക്ക് പറയുവാൻ കൊള്ളാവുന്ന ന്യായങ്ങളാണോ ഇത്‌! ചിന്തിച്ചിട്ട്- സംസാരിച്ചു പഠിക്ക്..”


പെട്ടെന്നു വന്നു നന്ദനയുടെ മറുപടി;

“നിങ്ങൾക്കിപ്പോൾ ഞാൻ വീട്ടിൽ ചടഞ്ഞു കൂടിയിരിക്കണം. അതിനെന്നെ എന്തായാലും കിട്ടില്ല... ഇവിടെ കുടുംബത്തിൽ, എനിക്ക് ജോലിയുള്ളതു കൊണ്ട് എന്ത് കുഴപ്പമാണ് സംഭവിക്കുന്നത്!? 

കുഴപ്പങ്ങളിങ്ങനെ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഒരെണ്ണമെങ്കിലുമൊന്ന് കാണിച്ചു തരണം...”

ഹരികൃഷ്ണൻ എന്തൊ പറയുവാൻ തുനിഞ്ഞപ്പോഴേക്കും, നിർത്തിയ അവൾ വീണ്ടും ഇടയ്ക്കുകയറി തുടർന്നു;

“പിള്ളേർക്ക് പ്രായമായതാ, അത്യാവശ്യം ചായയൊക്കെയിട്ട് കുടിക്കുവാൻ. അവർക്കറിയുകയും ചെയ്യാം അത്യാവശ്യം! ഇപ്പോഴേ ചെയ്തു ശീലിച്ചില്ലേൽ പിന്നെപ്പോഴാ...? നിങ്ങളെ പേടിച്ചു അവർ ഒന്നും ഉണ്ടാക്കാതെയും മറ്റും മാറി ഇരിക്കുന്നതാ... ഇതൊന്നും ഞാൻ പ്രത്യേകം പറയേണ്ടല്ലോ!?”


ഉടനെവന്നു അയാളുടെ മറുപടി;

“ഞാനൊരു പൊതുപ്രവർത്തകനാണ്, ഒരു രാഷ്ത്രീയാക്കാരൻ. എന്നാലും, ഒരു കുടുംബനാഥനെന്നുള്ള നിലയിൽക്കവിഞ്ഞു ഞാൻ എന്തിനേലും തുനിയുന്നത് കണ്ടിട്ടുണ്ടോ നീ...? വെറുതെ ഓരോ ന്യായങ്ങൾ പറയുന്നു. 

നാല്പത്തഞ്ചാകാറായ എന്നെയാ പഠിപ്പിക്കുന്നത്...”

നന്ദന വിട്ടുകൊടുത്തില്ല:

“എല്ലാവർക്കും എല്ലാം ഒരു പോലെയാകണമെന്നില്ല. പിള്ളേരോ മറ്റാരെങ്കിലുമോ പറയട്ടെ, ഞാൻ കുടുംബത്തെ മറന്ന് നടക്കുവാണെന്ന്...

എന്റെ കുടുംബത്തിന് വേണ്ട പ്രാധാന്യം നൽകിത്തന്നെയാ ഞാൻ ജീവിക്കുന്നത്! കുടുംബത്തിലെ ഓരോ വ്യക്തികൾക്കുമുണ്ട് പ്രാധാന്യം!

നിങ്ങളുടെ ചിന്താഗതികളെവെച്ച് വളരെ ന്യൂനമായി എല്ലാത്തിനെയും നോക്കിക്കാണുന്നതു കൊണ്ടാ നിങ്ങൾക്കിങ്ങനെയൊക്കെ തോന്നുന്നതും... പ്രവർത്തിക്കുന്നതും!”


കാത്തിരുന്നെന്നപോലെ വന്നു അയാളുടെ മറുപടി;

“എടീ, ഞാനൊരു കുടുംബനാഥനാണ്... സമൂഹത്തിനും മതത്തിനും കീഴ്പ്പെട്ട് ജീവിക്കേണ്ട ഒരാൾ... അതിന് കടമയുള്ളൊരാൾ, എനിക്കുണ്ടാകുന്ന സ്വാതന്ത്ര്യം കൊതിക്കുന്ന ചാഞ്ചാട്ടങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നെ സ്വയം ഞാൻ നശിപ്പിച്ച് അതുവഴി മറ്റുള്ളവരെയും ചെളിവാരിത്തേച്ച് എന്റെ നയങ്ങളുമായി നടന്നിട്ട് ഒരു പ്രയോജനവുമില്ല... പഠിക്ക് ഇത്‌! എന്തായി നീ... എത്ര വയസ്സായി നിനക്ക്... ! നാണം തോന്നുന്നില്ലേ എന്നെക്കൊണ്ടിതൊക്കെ പറയിക്കുവാൻ, ഞാൻ പറയാതെ തന്നെ ഇതെല്ലാം ചെയ്യേണ്ടവളല്ലേ നീ...”


സഹികെട്ടതുപോലെ നന്ദന പ്രതികരിച്ചു;

“എനിക്കൊന്നും പറയുവാനില്ല... നിങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ശരി, നേരത്തേ വന്നതാണെങ്കിൽ പിള്ളേർക്ക് ആ ചായയൊന്ന് തിളപ്പിച്ചു കൊടുക്കുവാൻ തോന്നിയില്ലല്ലോ...? പകരം എന്നെ പറയുവാൻ കാത്തിരുന്നു! ആലോചിച്ചു നോക്കുമ്പോൾ ഒരു മറുപടിയും പറയുവാൻ എനിക്ക് തോന്നുന്നില്ല. എന്നെ വീട്ടിലിരുത്തുവാൻ നോക്കണ്ട, അത് നടക്കില്ല. എനിക്ക് ജീവനുണ്ടെൽ... ഹാ...”


ഹരികൃഷ്ണനു ദേഷ്യം കയറി;

“എടീ, മറ്റവളെ, നീ എവിടെയേലും പോയി കേറിയാൽ അതിന്റെ ഉത്തരവാദിത്വം എനിക്കാ. നിന്റെ കെട്ടിയോനും ഈ കുടുംബനാഥനും ഞാനാ, ചോദ്യവും പറച്ചിലും ഞാനാ നേരിടേണ്ടത്! ഞാനൊരു ആണാ, എന്റെ അസ്തിത്വവും ആത്മാഭിമാനവും നിലനിൽക്കേണ്ടത് നിന്റെ കൂടി ആവശ്യമാണെന്ന് ഓർമ്മ വേണം. ഇതൊക്കെ എത്ര തവണ ഞാൻ നിന്നോടിതു പോലെ ആവർത്തിച്ചിരിക്കുന്നു?"

വേഗമെത്തി നന്ദനയുടെ മറുപടി;

“ഹാഹ്... ആവർത്തിച്ചപ്പോഴൊക്കെ എനിക്കൊരു മറുപടിയെ

ഉണ്ടായിരുന്നുള്ളല്ലോ...? നിങ്ങൾ എന്നെയിവിടെ തളച്ചിടാമെന്നുവെച്ചാൽ നടക്കില്ല. പറഞ്ഞു വഴക്കിടുവാൻ ഞാനില്ല... എനിക്ക് നല്ല ക്ഷീണമുണ്ട്. 

സാരിമാറി ഞാനൊന്ന് കുളിക്കട്ടെ.”


അവളെ നോക്കി ഒന്ന് പല്ലിറുമ്മിയ ശേഷം പതിവു പോലെ ഡോർ വേഗത്തിൽ തുറന്നടച്ചു അയാൾ റൂമിൽ നിന്നും പോയി. കുളികഴിഞ്ഞു ക്ഷീണത്താൽത്തന്നെ ചില ദിവസങ്ങളിലെ പതിവു പോലെ നന്ദന, എല്ലാവർക്കുമായി ഭക്ഷണം വിളമ്പി. മക്കൾ പരസ്പരം ഓരോന്ന് പറഞ്ഞും തർക്കിച്ചും ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ, ആ സമയം തനിക്ക് വിളമ്പപ്പെട്ട ഭക്ഷണവുമായി ഹരികൃഷ്ണൻ ടി.വി. യിൽ ന്യൂസ്‌ കാണുവാൻ തുടങ്ങി- പതിവ് സ്വഭാവമനുസരിച്ച്.


ഡൈനിങ് ടേബിളിൽ ഏകദേശം ആഹാരാവശിഷ്ടങ്ങളും കാലിയായ പാത്രങ്ങളും മാത്രമായപ്പോൾ, കിച്ചണിലിരുന്ന് മെല്ലെ കഴിക്കുകയായിരുന്ന നന്ദന അത് മതിയാക്കി ഡൈനിങ് ടേബിളിലേക്കെത്തി. ക്ഷീണത്തിന്റെ ആധിക്യത്തോടെ തന്നെ ഓരോന്നും പതിയെ ക്ലിയർ ചെയ്തു ടേബിൾ പഴയപടിയാക്കിയ ശേഷം നന്ദന കിച്ചണിലേക്കെത്തി. താൻ ബാക്കിയാക്കിയ ഭക്ഷണം ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് മുഴുവൻ കഴിക്കുവാൻ തോന്നി. 


ഒരു ലഖു ആത്മവിശ്വാസത്തോടെ ഭക്ഷണം മുഴുവൻ കഴിച്ചുതീർത്ത അവൾ, വെള്ളം കുടിച്ചശേഷം മുടിയാകെ ഒന്നഴിച്ചിട്ട്, മെല്ലെ ലൈറ്റുകൾ ഓരോന്ന് ഓഫ് ചെയ്തു തന്റെ റൂമിലേക്ക് കയറി. റൂമിലാകെ ഇരുട്ടായിരുന്നു, സാധ്യമായ കാഴ്ചകളുടെ സഹായത്തോടെ നന്ദന, തന്നെ മനഃപൂർവം ഒഴിവാക്കിയമട്ടിൽ കിടന്നിരുന്ന ഭർത്താവിന്റെ അടുത്തായി അല്പം മാറി, തനിക്കെതിരെ കിടക്കുന്ന അയാളുടെ എതിരേയായി കിടന്നു ചുരുണ്ടുകൂടി, തന്റേതായ മനസികമണ്ഡലത്തിലേക്ക് പ്രവേശിച്ചു.


തുടരും...


Rate this content
Log in

Similar malayalam story from Drama