ARCH---mystery thriller---PART 9---last part
ARCH---mystery thriller---PART 9---last part
ARCH---mystery thriller---PART 9---last part
തുടർക്കഥ
Written by Hibon Chacko
©copyright protected
ആരോണാകട്ടെ തന്റെ സുഹൃത്തിനെ ഗൗനിക്കാതെ, രംഗത്തെ മറികടക്കുംവിധം തന്റെ മുന്നിലിരിക്കുന്ന ആൾക്ക് ഒരു ലഘു മന്ദഹാസം സമ്മാനിച്ചു.
10
നനഞ്ഞപടി കിടക്കുന്ന ഭൂമിയും അന്തരീക്ഷവും അതിന്റെ ആഘാതത്തിലോ ഉന്മാദത്തിലോ എന്നറിയാത്തവിധം നിൽക്കുകയാണ്. ചെറിയൊരു മലയാടിവാരത്തിലുള്ള റോഡിലൂടെ മാർക്ക് ഓടിവരികയാണ്. ഒരുഭാഗത്ത് എത്തിക്കഴിയുമ്പോൾ, വിജനത തോന്നിക്കുന്നൊരിടത്ത് എത്തിക്കഴിയുമ്പോൾ കിതച്ചതുകൊണ്ട് നിന്നശേഷം തന്റെ വലിയ ഫോണിൽ -ഇടതുകൈയ്യിൽ പെട്ടെന്നുള്ള ഉപയോഗത്തിന് തയ്യാറാക്കിവെച്ചെന്നവിധം സ്ക്രീനുള്ളത്, എന്തോ മുമ്പ് തുടർച്ചയായി ആവർത്തിച്ചെന്നവിധം, നോക്കിയുറപ്പാക്കിയശേഷം തന്റെ വലതുഭാഗത്ത് മുന്നിലായി മുകളിലേക്ക് കണ്ട ചെറിയ വഴിച്ചാലിലൂടെ മലയിലേക്കെന്നവിധം വേഗത്തിൽ കയറിത്തുടങ്ങി മാർക്കസ്- ഫോണിലെ ഫ്ലാഷിന്റെ സഹായത്തോടെയും. അന്തരീക്ഷം തന്റെ മനസ്സറിയിക്കാത്തവിധം പഴയപടി നിലകൊള്ളുകയായിരുന്നു.
മലയുടെ ഉദ്ദേശം മുകളിലെവിടെയോ ഒരു നിരപ്പായ ചെറിയ പ്രദേശത്തെന്നവിധം, മുന്നിലെന്തോ ലക്ഷ്യം കണ്ടെത്തിയെന്നവിധം മാർക്ക്, അല്പം ആരോഗ്യംകൂടി നഷ്ടമായവിധം ഓടിവന്നുകൊണ്ടിരിക്കുകയാണ്. ഇടതുകൈയ്യിലേ ഫോണിൽ ഫ്ലാഷ്ലൈറ്റ് തെളിഞ്ഞുകിടപ്പുണ്ടെങ്കിലും മതിയായ നിലാവായിരുന്നു അവനെ നയിക്കുന്നത് തല്ക്കാലം. അവന് അല്പം മുന്നിലായി ഒരിടത്ത് ഒറ്റപ്പെട്ട ഒരു കുടിലിന് സമാനമായ വീട് കാണാമെന്നായി. അതിനുള്ളിൽ മഞ്ഞയെന്ന് തോന്നിക്കാവുന്ന വെളിച്ചത്തിനും സാധ്യതകൾ പുറത്തേക്ക് കാണാം. ആ വീടിനല്പം മുൻപേയായി ഓടിക്കിതച്ചതിന്റെ ആഘാതത്തിലെന്നവിധം ഇരുമുട്ടുകൾക്കും യഥാക്രമം ഇരുകൈകളും കൊടുത്ത്, വീടിന് നേർക്കായെന്നവിധം അവൻ നിന്നുപോയി. അങ്ങനെതന്നെ നിന്നുകൊണ്ട്, ഇടതുകൈയ്യിൽ ഫോണുമായി അവൻ നന്നായി കിതച്ച് ശ്വാസം വലിച്ചുവിട്ടു. അല്പനിമിഷത്തിനകം ഫോൺ പോക്കറ്റിലേക്കിട്ട് വേഗത്തിൽ, ഓടിയെത്തിയതിന്റെ ആഘാതം പൂർണ്ണമായും വിട്ടുമാറാത്തവിധം വീടിനുനേരെ അവൻ നടന്നു.
വീടിന് മുന്നിലെത്തിയ മാർക്ക് കാണുന്നത് അതിന്റെ പ്രധാന വാതിൽ തുറന്ന് കിടക്കുന്നതാണ് -കിതപ്പ് മാറാത്തഭാവത്തിലവനത് നോക്കിപ്പോയി. ‘ഹലോ…അരുണിമ..’ എന്നല്പം ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അവനാ തുറന്നുകിടന്ന വാതിലിലൂടെ അകത്തേക്ക് കയറി. പലകകൾകൊണ്ടും മറ്റും അഡ്ജസ്റ്റ് ചെയ്തുണ്ടാക്കിയ ഒരുചെറിയ കൂടാരസമാനമായിരുന്നു ആ വീടും അതിനകവും. ഒരു മുറിയും അവിടെയൊരു മൂലയിൽ അടുക്കളയും പിന്നെയൊരു ബാത്റൂമും എന്ന് പേരിനുമാത്രം പറയാനാകുന്ന ഭാഗങ്ങൾ, തിരയുന്നതിനിടയിൽ മാർക്ക് കണ്ടുപോരുകയാണ്. ആകെ സാമാന്യം വെളിച്ചമുള്ളൊരു പ്രത്യേക മഞ്ഞ ലൈറ്റുണ്ട്, കത്തിനിൽക്കുന്നത് അകത്ത്. പിന്നെയൊരു ചാർജിങ് പ്ലഗ് പോയിന്റും കാണാം. സ്ഥിരമായ ഉപയോഗത്തിനല്ലാത്തവിധം ഉണ്ടാക്കിയിരിക്കുന്ന ഈ ‘കുടിലിൽ’ അരുണിമയും അനുജനും ഇല്ല എന്ന് മനസ്സിലാക്കി അതിനുള്ളിൽ നിന്നും ആകെ അവശത പ്രകടമാക്കുംവിധം മാർക്കസ് ഇറങ്ങി പുറത്ത് നിന്നു. ശേഷം താൻ വന്നതിന്റെ എതിർഭാഗത്തേക്ക്, താൻ വന്നപടിയുള്ള വഴിയിലേക്ക് ദീർഘമായി അവൻ നോക്കി -ഇരുകൈകളും അരക്കുകൊടുത്ത് ക്ഷീണമകറ്റുംവിധം. ചുറ്റുപാടും പ്രത്യക്ഷത്തിൽ മറ്റൊന്നും കാണുവാനില്ലായിരുന്നു. മാർക്കസ് മെല്ലെ വന്ന് വീടിന്റെ ഉമ്മറംപോലെയുള്ള ഭാഗത്ത് ഇരുന്നു, താൻ വന്നവഴിയിലേക്ക് അല്പം ചരിഞ്.
മിനിട്ടുകൾ കഴിയും മുമ്പേ, മാർക്കസ് എത്തിയ വഴിയിലൂടെ പോലീസ് ജീപ്പ് വരികയാണ്. അവൻ പ്രത്യേകമൊന്നും ചെയ്യുവാൻ തയ്യാറായില്ല-അങ്ങനെ അവിടെത്തന്നെ ഇരുന്നതല്ലാതെ. പോലീസ് ജീപ്പ് സൈറൺ ശബ്ദമൊഴിച്ച ലൈറ്റുകൾ പ്രയോഗിച്ചുകൊണ്ട് വീടിനടുത്തേക്കത്തി നിന്നു. അപ്പോഴേക്കും ജീപ്പ് വന്നവഴി പിറകിൽ അല്പമകലെ കാർ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത് മാർക്കിൻറെ ശ്രദ്ധയിൽപ്പെട്ടു. അവനുടൻ എഴുന്നേറ്റ് ജീപ്പിനെ ഉന്നംവെച്ചല്ലാതെ എന്നാൽ അവിടേക്ക് നടന്നു- ഒരു നിസംഗഭാവത്തോടെ. ജീപ്പിന്റെ മുൻഭാഗത്തുനിന്നും എസ്. ഐ. ഇറങ്ങി, ഇത്തവണ പതിവ് മന്ദഹാസം രണ്ടുനിമിഷത്തിന് ശേഷമാണ് ഉണ്ടായത് അയാളുടെ ഭാഗത്തുനിന്നും- മാർക്കസിനെ കണ്ട്. പോലീസുകാർ, ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർ വേഗത്തിൽ, ജീപ്പ് ഓഫാക്കി ഇറങ്ങി- ജീപ്പിനിരുവശത്തുകൂടിയും.
“എല്ലാവരും വേഗം പോയി തപ്പിക്കോ…
ഒരു പൊടിപോലും കിട്ടാൻ പോകുന്നില്ല!”
പരിഹാസരൂപേണയുള്ള പതിവ് മന്ദഹാസത്തോടെ, ജീപ്പിനടുത്തുകൂടി പോകുവാൻ എത്തിയ മാർക്കിനെ ലാഘവത്തോടെ തടഞ്ഞുനിർത്തിയപടി, മറ്റേവരോടുമായി എന്നാൽ മാർക്കിനെ പരിഗണിച്ചുമാത്രം എസ്. ഐ. ഇങ്ങനെ പറഞ്ഞു ഉറക്കെ.
മറ്റ് പോലീസുകാർ വേഗത്തിൽ വീട് സേർച്ച് ചെയ്യുവാൻ, അരുണിമയെയും അനുജനെയും പിടികൂടുവാൻ, മുന്നോട്ട് കുതിച്ചു. പഴയപടി തുടർന്നുനിൽക്കെ, എസ്. ഐ. യെ ഗൗനിക്കാത്തവിധം മറ്റെന്തോയിൽ മുഴുകി നിൽക്കുന്നപടി തുടരുന്ന, മാർക്കിനോട് എസ്. ഐ. അല്പം ലാഘവം കലർത്തി എന്നാൽ ശബ്ദം താഴ്ത്തി പറഞ്ഞു;
“ഒരുമിനിറ്റിവിടെ നിന്നാൽ, അവരിങ്ങു വന്നിട്ട്
തിരിച്ചു പോകാൻ ഞാൻ വഴികാണിക്കാം…”
ഉത്തരം ആവശ്യമല്ലാത്തവിധം ഇങ്ങനെ പറഞ്ഞശേഷം എസ്. ഐ. തന്റെ മന്ദഹാസം കുറച്ചുകൂടി മൂർച്ചയുള്ളതാക്കി, പഴയഭാവത്തിൽത്തന്നെ. ശേഷം തടഞ്ഞ കൈ പൊടുന്നനെ പിൻവലിച്ചു. അപ്പോഴേക്കും അല്പം മുന്നിലായി കാർ വഴിയിൽ നിന്നും ഇടത്തേക്ക് മാറ്റി കുറുകെ പാർക്ക് ചെയ്തപടി ഇട്ടുകഴിഞ്ഞിരുന്നു, കാർ ഓഫാക്കിയിരുന്നു ആരോൺ.
പ്രതീക്ഷയുടെ ഭാരം താങ്ങുന്ന ഒരു ഗാനം മാർക്കസ് ഈ പ്രദേശത്ത് എത്തിയതുമുതൽ അലതല്ലിക്കൊണ്ടിരുന്നിരുന്നു. ഇപ്പോഴും അത് നിലക്കാതെ തുടരുകയായിരുന്നു. ഓരോ ആളുകളുടെയും ജീവിതത്തിന്റെ യാത്ര, അത് ഒന്നായിരിക്കുമ്പോഴും വ്യത്യസ്തമായിരിക്കുന്നത്…ആർക്കാണ് ഉദ്ദേശിക്കുന്നിടത്ത് എത്തുവാൻ സാധിക്കുക…എല്ലാവരും ജീവിക്കുകയാണ് -മുന്നോട്ട് എന്തെന്നറിയാതെ -തങ്ങളുടെ ലക്ഷ്യങ്ങൾ പേറി…ഓടിക്കൊണ്ടിരിക്കുകയാണ്…ഓരോ നിമിഷവും കടന്നുപോയിക്കൊണ്ടിരിക്കുന്നു…പരസ്പരം എല്ലാവർക്കുമായി, എല്ലാവരും ജീവിതയാത്രകൾ തുടരുകയാണ്…ഗാനം നിലച്ചിട്ടില്ല…
മാർക്കസ് നടന്ന്, തവിട്ടുനിറമുള്ള, ഡിക്കിയുള്ള പഴയമോഡൽ കാർ, മോഡിഫൈ ചെയ്തെടുത്തത്, അത് പാർക്ക് ചെയ്തപടി ഇറങ്ങി കാറിന്റെ ഇടതു ഭാഗത്ത് നിലകൊള്ളുന്ന ആരോണിനടുത്തേക്ക് എത്തിയിരുന്നു. ആരോൺ തന്റെ സുഹൃത്തിനെ നോക്കിയതും താക്കോലിന് കൈനീട്ടി അവൻ. ഡ്രൈവിംഗ് സീറ്റിലേക്കെന്നവിധം ലക്ഷ്യം വെക്കുന്ന മാർക്കിന്റെ കൈയ്യിലേക്ക് താക്കോൽ നീട്ടിയിട്ടു ആരോൺ. ശേഷം പാസഞ്ചർ സീറ്റിലേക്ക് കയറി ഡോറടച്ചു. മാർക്ക് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് സ്റ്റാർട്ട് ചെയ്ത്, ആരോൺ വന്നവഴി -വലത്തേക്ക് തിരിച്ചു കാർ ചലിപ്പിച്ചുതുടങ്ങി മെല്ലെ. അപ്പോഴേക്കും സെർച്ചിങ്ങിൽ ഒന്നും ലഭിക്കാതെ പോലീസുകാർ ജീപ്പിനും എസ്. ഐ. ക്കും അടുത്തേക്കെത്തുന്നതും അവരെല്ലാവരും തങ്ങളുടെ മുന്നിലൂടെ ദൂരേക്ക് പോകുന്ന ഇരുവരുടെയും കാറിനെ നോക്കി പുശ്ചിക്കുംവിധം വന്നവഴി തിരികെ പോകുവാൻ തയ്യാറെടുക്കുന്നതും കാണാമായിരുന്നു. അപ്പോഴേക്കും കാറിലിരിക്കുന്ന ആരോണിന്റെ ഇടതുകൈയ്യിൽ എടുത്തുപിടിച്ചിരുന്ന പഴയ മൊബൈലിലേക്കൊരു മെസ്സേജ് വന്നു -ഇൻഫർമേഷൻ പോലെ. അവനത് പുറത്തേക്ക് പിടിച്ചുകൊണ്ടെന്നപടി വായിച്ചു മനസ്സിലാക്കി. മാർക്കസ് ഡ്രൈവ് ചെയ്യുകയല്ലാതെ മറ്റൊന്നിനും തുനിഞ്ഞില്ല. ഇരുവരും ജാക്കറ്റ് ധരിച്ചിരുന്നു.
“അവര് മൂന്നുപേരും കുറച്ചു സമയത്തിനകം കപ്പല് കേറും…”
പ്രത്യേകം ഭാവമൊന്നും കൂടാതെ ആരോൺ ഈ വാചകം, കൈപ്പത്തിയും മൊബൈലും കാറിലേക്ക് പിൻവലിക്കാതെ മുഖം വലത്തേക്ക് തിരിച്ച് മാർക്കിനോടായി പറഞ്ഞു. പൂർണ്ണചന്ദ്രൻ അല്പംകൂടി തെളിഞ്ഞ് മുകളിൽ നിൽക്കെ എല്ലാത്തിനും സാക്ഷിയായത് ആരും ശ്രദ്ദിച്ചിരുന്നില്ല. ഗാനം മെല്ലെ അപ്പോഴും തുടരുകയായിരുന്നു.
മാഹിൻ ചന്ദ്ര –“അരുണിമയെക്കുറിച്ച് എന്തെങ്കിലും അറിയുമെങ്കിൽ പറയുമോ?”
ഇൻഫോർമർ -“സമയം കൃത്യമാണല്ലോ, ഇപ്പോൾ ഈ സ്ഥലത്ത് ചെന്നാൽ
നിനക്ക് അരുണിമയെ കാണാം…”
മാഹിൻ ചന്ദ്ര –“അരുണിമ, എത്രനാളാണ് നീയിങ്ങനെ ഓടുക…
വാ, എന്റെകൂടെ വാ ഇനി…”
ഈ വാചകങ്ങൾ അന്തരീക്ഷത്തിലാകെ അലയടിക്കുകയായിരുന്നു, മാർക്കസും ആരോണും കാറിൽ ഒറ്റപ്പെട്ട് തിരികെ പോകുന്നവഴി. ഗാനം മെല്ലെ അവസാനിക്കാറാകുന്നപടിയായിരുന്നു.
ഇരുവരുടെയും ഒപ്പം അലിഞ്ഞു സഞ്ചരിച്ചുകൊണ്ടിരുന്ന ഗാനം തീർത്തും അവസാനിച്ചപ്പോഴേക്കും ആരോണിന്റെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിന് മുന്നിലെത്തി തവിട്ടുനിറമുള്ള കാർ നിന്നു. വർക്ക്ഷോപ്പ് അടച്ചതിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇരുവർക്കും സ്വാഗതമെന്നപടിയായിരുന്നു അതിന്റെ ഭാവം. വെളുത്തപ്രകാശം അതിനുള്ളിൽ, പുറത്തെ നിലാവിനെ പിന്നിലാക്കുംവിധം ശ്രദ്ദിക്കപ്പെടുന്നുണ്ട്. താത്കാലികമായി വിജനമായ ആ പ്രദേശത്ത്, ഇരുവരും കാറിൽനിന്നുമിറങ്ങി -അത് നിർത്തി, ജാക്കറ്റുകൾ ധരിച്ചിരിക്കെത്തന്നെ യഥാക്രമം കറിനുമുന്നിലും വർക്ക്ഷോപ്പിന് മുന്നിലുമൊക്കെയായി മാർക്കസും ആരോണും ഇറങ്ങിനിന്ന് നടുവ് നിവർത്തുകയും ശരീരത്തിന്റെ ആകെ കോച്ചലുകൾ മാറ്റുന്ന ലഘു പ്രക്രിയകൾ നടത്തുകയും ചെയ്യുകയാണ്.
അല്പസമയം അങ്ങനെയവർ മുന്നോട്ടു പോയതോടെ, ആദ്യം ആരോൺ തന്റെ വലിയ ഫോണെടുത്ത് കാറിന്റെ മുന്നിലെ പാസഞ്ചർ സീറ്റിന്റെ ഭാഗത്ത്, ഡോറിന് ചേർന്ന് ചാരി തന്റെ വർക്ക്‌ഷോപ്പിന് മുന്നിലേക്കായി നിന്നു -ഫോണിലെന്തോ തിരഞ്ഞുകൊണ്ടൊക്കെ. അതിനനുസൃതമായി മാർക്കസ് മെല്ലെ അവനടുത്തേക്ക് എന്നവിധം വന്ന് കാറിന്റെ ഇടതുവശത്തെ ഹെഡ്ലൈറ്റിനടുത്ത് നിലകൊണ്ടശേഷം പറഞ്ഞു;
“മാഹിനും അരുണിമയും സംസാരിക്കട്ടെ…അല്ലേ…?!”
പഴയപടി തുടരവേ, മാർക്കിനെ ഗൗനിക്കാതെ ആരോൺ കൂട്ടിച്ചേർത്തു;
“അതെ! പഴയതും…ഇനിയുള്ളതും…”
മാർക്ക് ഉടനടി പറഞ്ഞു, കൈകൾ യഥാക്രമം ജീൻസിന്റെ ഇരുപോക്കറ്റുകളിലുമിട്ട്;
“നമുക്ക് കാത്തിരിക്കേണ്ടതുണ്ടോ?”
മറുപടിയെന്നവിധം, ഫോണിൽ നിന്നെന്തോ മനസ്സിലാക്കിയപടി, താൻ ഡ്രൈവ് ചെയ്തുകൊള്ളാം എന്ന അർത്ഥത്തിൽ, താക്കോൽ കാറിലെ കീഹോളിൽ തന്നെയുണ്ട് എന്ന ബോധ്യത്തോടെ മാർക്കിനെ മറികടന്ന്, ഫോൺ കൈയ്യിലേന്തി ഡ്രൈവിംഗ് സീറ്റ് ലക്ഷ്യമാക്കി ആരോൺ. മാർക്കാകട്ടെ തന്റെ അടുത്തായുള്ള പാസഞ്ചർ സീറ്റിൽ കയറിയിരുന്ന് ഡോറടച്ചു. അർദ്ധരാത്രിയോട് അടുത്തിരുന്ന ആ സമയം കാർ സ്റ്റാർട്ട് ചെയ്ത് വലത്തേക്ക് തിരിച്ച് വളച്ച്, അവർ എത്തിയ വഴിയേ വേഗത്തിൽ ചലിപ്പിച്ചു ആരോൺ.
“ഇതിന്ന് ഓണർക്ക് കൊടുക്കാമെന്നു പറഞ്ഞിരുന്നതാ…
അവിടുന്ന് ഇതേപോലൊരെണ്ണം ബ്ലാക്ക് എടുത്തോണ്ട് വരണം…
ഇതിനിടക്ക് ഫുഡ് കഴിക്കണം, വിശക്കുന്നില്ലേ…”
കാർ സാമാന്യം വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കെ, ഡ്രൈവ് ചെയ്യുന്നതിനിടയിൽ, ആദ്യ രണ്ടു വാചകങ്ങൾ ഒരുമിച്ചും അടുത്തത് ഒന്ന് നിർത്തി തുടർന്നുമാണ് ആരോൺ പറയുന്നത് ഇങ്ങനെ മാർക്കസിനോടായി.
©ഹിബോൺ ചാക്കോ
---അവസാനിച്ചു---

