മേഘമൽഹാരം - ഭാഗം 4
മേഘമൽഹാരം - ഭാഗം 4


"മോളുട്ടി... മോളുട്ടി..."
അവർ ഒരു കുഞ്ഞുടുപ്പ് കൈയിൽ പിടിച്ച് മുറിയുടെ അകത്ത് നിന്ന് ചുറ്റും കണ്ണോടിച്ചു...
"മോളുട്ടി ...ഒളിച്ചിരിക്കാതെ അമ്മയുടെ അടുത്ത് വന്നേ..."
കട്ടിലിന്റെ അടിയിൽ നിന്ന് കൊലുസിന്റെ ശബ്ദം കേട്ട് അവർ പതുക്കെ കട്ടിലിന്റെ അടിയിൽ കുനിഞ്ഞു നോക്കി...
തറയിൽ കണ്ണ് രണ്ടും പൊത്തിപിടിച്ചു കമഴ്ന്നു കിടക്കുന്ന ഒരു 3 വയസുകാരി...
"മോളുട്ടി...."
അവരുടെ നീട്ടിയുള്ള വിളികേട്ട് അവൾ മുഖം ചെറുതായിട്ട് ഉയർത്തി അവരെ ഒന്ന് നോക്കി പെട്ടെന്ന് മുഖം പൊത്തിപിടിച്ചു കിടന്നു..
"അമ്മ കണ്ടുപിടിച്ചേ ..." അവർ തറയിൽ ഇരുന്നു കൈ എത്തി വലിഞ്ഞു അവളെ പിടിക്കാൻ നോക്കിയതും അവൾ കട്ടിലിന്റെ മറുവശത്തേക്ക് ഇഴഞ്ഞ് എഴുന്നേറ്റ് അവിടെ നിന്ന് ഓടി...
"ഓടല്ലേ നാണി വീഴും..."അവർ വേഗം എഴുന്നേറ്റ് അവളുടെ പിറകെ ഓടി ...
ആ അമ്മയ്ക്ക് പിടികൊടുക്കാതെ കുഞ്ഞുകാലിലെ കൊലുസിട്ടിളക്കി അവൾ നടപ്പുരയിൽ ഓടി കൊണ്ടിരുന്നു... ഒടുവിൽ അവൾ ഓടി ഊണ് മുറിയിലെ ടേബിളിന്റെ അടിയിൽ കയറി ഇരുന്നു...
അവർ വീണ്ടും അവിടെ ഇരുന്നു അവളെ വിളിച്ചു...
"എന്റെ പൊന്നല്ലെ വായോ ... പുതിയ ഉടുപ്പല്ലേ...?"
കുഞ്ഞുചുണ്ടുകൾ കൂർപ്പിച്ചു കൊണ്ട് അവൾ ഇല്ല എന്ന് തലയാട്ടി...
"അയ്യേ ഈ നിക്കർ മാത്രമിട്ട് മുഴുവൻകാളയായി നടന്നാൽ... എല്ലാവരും കളിയാക്കില്ലേ...?" അവർ മൂക്കത്ത് വിരൽ വച്ചുകൊണ്ട് പറഞ്ഞു...
"വേണ... അമ്മ ഇറ്റൊ..."
"ദേ ... ഈ ഉടുപ്പിട്ടാൽ അമ്മേടെ തങ്കത്തിന് ഒരു പെട്ടി നിറച്ചു ചോക്ലേറ്റ് തരാല്ലോ ..."
"വേണ വരൂല...".
"പറഞ്ഞകേൾകാത്ത കുട്ടികളെ പാക്കാന്ത പിടിച്ചോണ്ട് പോകും..."
"നാനിയെ പി..പി..ച്ചുല്ല .. അമ്മയെ പിച്ചു.."
"അമ്മേ"
ഒരു ആൺകുട്ടിയുടെ ശബ്‍ദം കേട്ടതും അവൾ ടേബിളിന്റെ അടിയിൽ നിന്ന് ഓടി.
ആ 12 വയസുകാരനെ കണ്ടതും ."രാമു...രാമു" എന്ന് വിളിച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണ് അവന്റെ കാലിൽ ചുറ്റിപിടിച്ചു അവന്റെ പുറകിൽ ഒളിച്ചുനിന്നു അമ്മയെ നോക്കി...
അവൻ അവളെ പതുക്കെ അവന്റെ മുൻപിൽ നിർത്തി.
"അയ്യേ... മോളുട്ടി ഒരുങ്ങിലെ.. സാരമില്ല ചേട്ടൻ ഒരുക്കാമെ ..."
"ചെറ്റ വേണ രാമു മതി..."
"ഓ... എന്റെ കുഞ്ഞിപ്പെണ്ണിനെ ഞാൻ ചുന്ദരികുട്ടിയാക്കുമല്ലോ.."
അവൻ അമ്മയോടപ്പം അവളെ എടുത്ത് മുറിയിൽ കൊണ്ടുപോയി... അനുസരണയുള്ള കുട്ടിയായി അവന്റെ മുന്നിൽ ഇരിക്കുന്ന അവളെ അവൻ കുഞ്ഞു ഉടുപ്പ് ഇടിയിപ്പിച്ചും പൊട്ടുകുത്തിയും മുടികെട്ടിയും കൊടുത്തു. പിന്നെ അവൻ അവളെ കണ്ണാടിയുടെ മുന്നിൽ നിർത്തി...
"ഇപ്പോ കണ്ടോ എന്റെ മോളുട്ടി ചുന്ദരിയായല്ലോ... ഇനി രാമുവിന് ഒരു ഉമ്മ തായോ...?"
അവൾ അവനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു...
എല്ലാം കണ്ടുകൊണ്ട് നിന്ന് ആ അമ്മ രണ്ടുപേരെയും ചേർത്തുപിടിച്ചു അവരുടെ നെറുകയിൽ ഉമ്മ വച്ചു...
ലണ്ടൻ ഗ്രേറ്റ് ബെല്ലിന്റെ മണിനാദം അവനെ ഓർമ്മയിൽ നിന്ന് ഉണർത്തി.
ടവർ ബ്രിഡ്ജിന്റ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ ഇരിക്കുകയായിരുന്ന അവൻ കോഫി കഴിച്ച് പുറത്തിറങ്ങി. വെള്ളാരം കണ്ണുകളെ മറച്ചു വച്ച ഫ്രെയിംലസ് കണ്ണട നേരെയാക്കി അവൻ വിക്ടോറിയൻ കാലഘട്ടത്തിലെ തെരുവ് വിളക്കുകൾ പ്രകാശിക്കുന്ന തെരുവിലൂടെ നടന്നു.
അതിരാവിലെ ശരത്കാലത്തിന്റെ വരവ് അറിയിച്ച് മരങ്ങളിൽ നിന്ന് കൊഴിയുന്ന സ്വർണ്ണ മഞ്ഞ ഇലകളെ തൂത്ത് മാറ്റുന്ന ശുചീകരണ തൊഴിലാളികൾ ഉണ്ടെങ്കിലും ആ തെരുവ് വിജനമായിരുന്നു.
തണുത്ത കാറ്റ് ചെറുതായിട്ട് വീശി... അവൻ ഓവർക്കോട്ട് നേരെയാക്കി...
"Aur aahista kijiye baatein,
dhadkanein koyi sun raha hoga
Aur aahista kijiye baatein,
dhadkanein koyi sun raha hoga"
(ആൽബം സോങ് Pankaj Udhas - Ahista)
ഫോണിൽ നിന്ന് റിംഗ് ടോൺ കേട്ടപ്പോൾ അവൻ പെട്ടന്ന് ഓവർക്കോട്ടിൽ നിന്ന് ഫോൺ എടുത്തു പരിശോധിച്ചു...
ഗിരി ...
അവൻ പെട്ടെന്ന് ഫോൺ അറ്റൻഡ് ചെയ്തു.
"ഹലോ... ഗിരി.. മോളുട്ടി... " അവന്റെ ശബ്‍ദത്തിൽ ഉത്‌ക്കണ്‌ഠ നിറഞ്ഞിരുന്നു...
"ഗിരി... ന്ന് വിളിച്ച ഡ... എന്നെ...എന്നെ നോക്കി ചിരിച്ചു ..." ഗിരിയുടെ ശബ്‍ദം ഇടറി...
"ഹോ..." വലിയ ആശ്വാസത്തോടെ മുടിയിൽ വിരലുകൾ കോർത്തവൻ നെടുവീർപ്പെട്ടു.
അവിടെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് അവൻ ഗിരിയുടെ ഓരോ വാക്കുകളും ശ്രദ്ധിച്ചു കേട്ടു.
"അവൾ നമ്മുടെ പൂച്ചകുട്ടിയല്ലെ ഡാ... .അവൾക്ക്.... അവൾക്ക് ഒന്നും വരില്ല..."
ചിരിച്ചോണ്ട് ഗിരി അത് പറഞ്ഞ് ഫോൺ കട്ടാക്കുബോൾ രാമുവിന് അറിയാമായിരുന്നു അവനെ പോലെ... ഗിരിയുടെ കണ്ണിൽ നിന്ന് മിഴിനീർ ഒഴുകുന്നുണ്ടെന്ന് ...
ഫോൺ ഓവർകോട്ടിന്റെ പോക്കറ്റിൽ ഇട്ടിട്ട് രാമു കണ്ണട മാറ്റി കണ്ണ് അമർത്തി തുടച്ചു ശേഷം അത് ധരിച്ചു പ്രസനമായ മുഖത്തോടെ... ഉന്മേഷത്തോടെ അവൻ വേഗത്തിൽ നടന്നു...
~~~
രാമുവിനോട് സംസാരിച്ചതിന് ശേഷം ഗിരി നേരെ പോയത് observation വാർഡിലേക്കായിരുന്നു. വാർഡിന്റെ എൻട്രൻസ് ഡോറിന്റെ അടുത്തുള്ള ബെല്ലിൽ അമർത്തി അവിടെ കാത്തു നിന്നു.
നിമിഷങ്ങൾക്ക് ഉള്ളിൽ ഒരു സീനിയർ സിസ്റ്റർ ഡോർ തുറന്നു... ഗിരിയെ കണ്ടതും അവർ പരിചയഭാവത്തിൽ അവനെ നോക്കി ചിരിച്ചു...
"അത് സിസ്റ്റർ ഇന്ന് റൂമിലോട്ട് മാറ്റും എന്ന് ഡോക്ടർ പറഞ്ഞു... ഞാൻ ഒന്ന് പുറത്തു പോവാണ് മാക്സിമം ഒരു രണ്ടു മണിക്കൂർ..."
"അതിനെന്താ പോയിട്ട് വന്നോളു... റൂമിലോട്ട് മാറ്റുന്നത് ഉച്ചയാവും... ഇപ്പോ 10 മണിയായിട്ടല്ലേയുള്ളു...?"
"അത് പിന്നെ കല്യാണി..."
അവളെ കാണാനുള്ള ആഗ്രഹത്തിൽ പാതിതുറന്ന കതവിലൂടെ അവൻ എത്തി നോക്കുന്നത് കണ്ടിട്ട് ആ ഡോർ അവന് അവളെ കാണത്തക്കരീതിയിൽ അവർ തുറന്നു...
തല ഒരു വശത്ത് ചരിഞ്ഞു തളർന്നുറങ്ങുന്ന അവളെ കണ്ടപ്പോൾ അവന് ഉള്ളു പിടഞ്ഞു... പതുക്കെ ഗിരി അവളിൽ നിന്നും നോട്ടം മാറ്റി ഡോറിന്റെ സൈഡിൽ നിന്നു.
"ടെൻഷൻ ഒന്നും വേണ്ട...ഞങ്ങളൊക്കെ ഇല്ലേ...? ഇയാള് പോയിട്ട് വാ."
ഗിരി ശരിയെന്ന് പതുക്കെ തലയാട്ടി തിരിഞ്ഞു നടന്നു...
"അതെ വരുമ്പോൾ ഒന്ന് മേനയായിട്ട് ഒക്കെ വരണം കേട്ടോ..."
പുറകിൽ നിന്ന് ആ സിസ്റ്റർ പറയുന്നത് കേട്ട് അവൻ തിരിഞ്ഞു നോക്കി.
"ആള് ഇടക്ക് ഉണർന്നിരുന്നു... ഇയാള് എവിടെ എന്ന് ചോദിച്ചു...?" സിസ്റ്റർ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവർ ഡോറടച്ചു...
ഗിരി തിരിഞ്ഞു നിന്ന് സ്വയം ഒന്ന് നോക്കി... പിന്നെ ഒരു ചെറുചിരിയോടെ നടന്നകന്നു...
"എന്താ സിസ്റ്ററെ... ഒരു ചിരി...?"
വാർഡിന്റെ അകത്തു കയറിട്ടും അവർ ചിരിക്കുന്നത് കണ്ടിട്ട് കൂടെയുള്ള സിസ്റ്റർ ചോദിച്ചു...
"ഏയ് ഒന്നുമില്ല... ഞാൻ ആ കൊച്ചിന്റെ കെട്ടിയോനോട് പറഞ്ഞു കുറച്ചു മേനയായിട്ട് ഒക്കെ വരാൻ. ഉണരുബോൾ ഇനി അതിന്റെ കോലം കണ്ട് ബോധം പോകണ്ടല്ലോ ..."
"ഓ...അങ്ങനെ... പാവം പയ്യൻ... ഈ കൊച്ചിനെ ആദ്യം കണ്ടപ്പോൾ ആ ചെറുക്കന്റെ കരച്ചിലും നിലവിളിയും ഹോ... പിന്നെ അന്നത്തെ ദിവസം മുഴുവനും അത് തന്നെയായിരുന്നു മനസിൽ." രണ്ടാമത്തെ സിസ്റ്റർ ഒന്ന് നെടുവീർപ്പിട്ടു...
"ഉം... പാവം പയ്യൻ. പ്രേമിച്ചു കെട്ടിയതാണ് എന്ന് തോന്നുന്നു... കൂടെ വേറെ ആരെയും കണ്ടിട്ടില്ല... ഈ പയ്യൻ തന്നെ എല്ലാത്തിനും ഓടുന്നത്..."
"ആവാം... എന്തായാലും കൊച്ചു രക്ഷപെട്ടല്ലോ... എല്ലാം കർത്താവിന്റെ കൃപ..." രണ്ടാമത്തെ സിസ്റ്റർ നാണിയെ നോക്കികൊണ്ട് പറഞ്ഞു...
~~~
തെരുവിന്റെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഒരു ഫ്ലവർ ഷോപ്പിൽ നിന്ന് രാമു വെള്ള റോസാപ്പൂക്കളുടെ ചെറിയ ബൊക്ക വാങ്ങിച്ചു. റോഡ് മുറിച്ചു കടന്നു തൊട്ടു മുന്നിൽ കാണുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ അടുത്തേക്ക് നടന്നു...
ഫ്ലാറ്റിന്റെ കവാടത്തിൽ അവനെ അറിയുന്നവർ ശുഭദിനം ആശംസിക്കുകയും... അവൻ അവർക്ക് തിരിച്ചും ആശംസിച്ചു. ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കയറി. 4 -ാo നമ്പറിൽ ബട്ടൺ അമർത്തി ആ പൂക്കളിൽ മൃദുവായി തൊട്ടും തലോടിയും അവൻ ലിഫ്റ്റിൽ ചാരി നിന്നു.
ലിഫ്റ്റ് 4 -ാം നിലയിൽ നിർത്തി രാമു അതിൽ നിന്ന് പുറത്തേക്കിറങ്ങി ഇടത് വശത്തോട്ട് നടന്നു... ആറാമത്തെ അപ്പാർട്ട്മെന്റെ ഡോറിന്റെ മുന്നിൽ കാളിങ് ബെല്ലിൽ വിരൽ അമർത്തി.
നാല്പതുകളുടെ മധ്യത്തിൽ എത്തി നിൽക്കുന്ന ഒരു മുസ്ലീം സ്ത്രീ ഡോർ തുറന്നു...
അവരെ നോക്കി ചിരിച്ചു കൊണ്ട് രാമു അപ്പാർട്ട്മെന്റിനുള്ളിൽ കയറി. കോട്ട് ഊരി ചുമരിൽ ഘടിപ്പിച്ച കൊളുത്തിലും റാക്കിൽ ഷൂസും ഊരി വച്ചു. ഡോർ അടച്ചതിന് ശേഷം അവർ ഒരുമിച്ച് അകത്തേക്ക് നടന്നു...
ഇടുങ്ങിയ ഇടനാഴി അവസാനിച്ചത് വലതുഭാഗത്ത് തേംസ് നദിയുടെ തടസ്സമില്ലാത്ത കാഴ്ചകൾ നൽകുന്ന വലിയ ബാൽക്കണിയോടുകൂടിയ മാർബിലും പാറ്റേൺ ചെയ്ത തടി തറയോടുകൂടിയ വിശാലമായ സ്വീകരണമുറിയിലേക്ക് ആണ്.
നവീനതയും ലാളിത്യവും ഒത്തുചേർന്ന ഇന്റീരിയർ ഡിസൈനിങ് ആ അപാർട്മെന്റിന്റെ അകകാഴ്ചക്ക് മാറ്റുകൂട്ടി...
ആ സ്ത്രീ നേരെ കാണുന്ന മുറി ചൂണ്ടി കാണിച്ച് ആംഗ്യഭാഷയിൽ രാമുവിനോട് എന്തൊക്കെയോ പറഞ്ഞു. അവൻ ആ മുറി ഒന്ന് നോക്കിയിട്ട് അവരോട് ആംഗ്യഭാഷയിൽ തന്നെ മറുപടി നൽകി...
രാമു പൂച്ചെണ്ടുമായി ബാൽക്കണിക്ക് അടുത്തുള്ള മുറിയുടെ ഡോർ തുറന്ന് അകത്ത് കയറി. മുറിയുടെ നടുക്കുള്ള ചുവരിൽ സുന്ദരിയായ പെൺകുട്ടിയുടെ ചിരിച്ച മുഖത്തോട് കൂടിയാ വലിയ ചിത്രം ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. ഒരു വശത്ത് പൊക്കം കുറഞ്ഞ ഒരു കട്ടിലിൽ ഒരു വീണയും തൊട്ടടുത്ത് ഒരു ബുക്ക് റാക്കും പിന്നെ ഒരു ഓട്ടോമാറ്റിക് വീൽചെയറും.
ആ വശത്തെ ചുവരിൽ നിറച്ചും ആ പെൺകുട്ടി വീൽചെയറിൽ കല്യാണിയുടെ കൂടെയും, രാമുവിന്റെ കൂടെയും ഒരു ചെറുപ്പക്കാരന്റെ കൂടെയും ഉള്ള ഫോട്ടോസ് ആയിരുന്നു... കൂട്ടത്തിൽ അല്പം വലിപ്പത്തിൽ രാമുവും ചെറുപ്പക്കാരനും ഇടയിൽ തന്റെ കൈയിൽ കുഞ്ഞിനെയും പിടിച്ചുകൊണ്ടുള്ള പെൺകുട്ടിയുടെ ചിത്രം.
മറുചുവരിൽ ആ കുഞ്ഞിന്റ മാസങ്ങൾ മാത്രം പ്രായം ഉള്ളത് മുതൽ അവന്റെ ആറാം വയസ് വരെ ഉള്ള ഓരോ വളർച്ചകാലങ്ങളെ ഓർമിപ്പിക്കും പോലെ അവന്റെ വയസ് എഴുതി ഫ്രെയിം ചെയത ഫോട്ടോകൾ ക്രമീകരിചിരിക്കുന്നു...
രാമു ആ പെൺകുട്ടിയുടെ വലിയ ചിത്രത്തിന് മുന്നിൽ മുട്ടുകുത്തി ഫോട്ടോക്ക് താഴെ വച്ചിരുന്ന ഫ്ലവർ വേസിലെ പൂക്കൾ മാറ്റി അവൻ കൊണ്ടുവന്ന പൂക്കൾ അതിൽ വച്ചു.
നേരിയ ജാലക വിരിപ്പിലൂടെ കടന്നു വരുന്ന സൂര്യ രശ്മികൾ ആ ചിത്രത്തിന്റെ ഫ്രെമിൽ തട്ടി തിളങ്ങി...
കുറച്ചു നേരം ആ പെൺകുട്ടിയോട് മൗനമായി സംസാരിക്കുന്നത് പോലെ അവൻ ആ ചിത്രത്തിൽ നോക്കി ഇരുന്നു... പിന്നെ എഴുനേറ്റ് ആ റൂമിൽ നിന്ന് ഇറങ്ങി... ഡോർ അടച്ചു ഒരു ദീർഘ ശ്വാസം എടുത്തു...
രാമു പിന്നെ ആ സ്‌ത്രീ കാണിച്ച മുറി പതുക്കെ തുറന്നു. ലൈറ്റ് ഓൺ ചെയ്തു...
രാമു നോക്കുമ്പോൾ ബെഡിൽ ഒരു കൂമ്പാരം പോലെ ബ്ലാങ്കറ്റും ഷീറ്റും ചുരുണ്ടു കൂടി ഒരു കുഞ്ഞു കുന്നു പോലെ കിടക്കുന്നു... കണ്ണട ഊരി സൈഡ് ടേബിളിൽ വച്ചിട്ട്... നടുവിൽ കൈ വച്ച് രാമു ആ കൂമ്പാരത്തെ തല ചരിച്ചു നോക്കി...
പിന്നെ രണ്ടടി പിന്നോട്ട് വച്ചിട്ട് ...മുന്നോട്ട് ഓടി അതിന്റെ മുകളിൽ കമഴ്ന്നു വീണു.
"അയ്യോ..."
ഒരു ചെറുപ്പകാരന്റ നിലവിളി ആ മുറിയിൽ നിറഞ്ഞു..
അവന്റെ നിലവിളി കേട്ട് ആ സ്‌ത്രീ പരിഭ്രമിച്ച് ഓടി വന്ന് നോക്കുമ്പോൾ രാമു ആ കൂമ്പാരത്തിന്റെ മുകളിൽ കിടന്നു കൈകൾ കൊണ്ട് ചുറ്റി പിടിച്ചിരിക്കുന്നു. ആ കൂമ്പാരo ഞെളിപിരി കൊള്ളുന്നുണ്ട്...
"ആമി..."
അതിന്റെ അകത്ത് നിന്ന് നിലവിളി കേട്ട് അവർ ഓടി മറുസൈഡിൽ വന്നു. കഷ്ടപ്പട്ട് ഷീറ്റും ബ്ലാങ്കറ്റും മാറ്റിയപ്പോൾ കമഴ്ന്ന് കിടക്കുകയായിരുന്ന ആ ചെറുപ്പക്കാരന്റ തല മാത്രം വെളിയിൽ വന്നു...
"അയ്യോ... കാലമാട മാറട..."
ആമി രാമുവിന്റെ കൈയിൽ അടിച്ചു പിടിച്ചു വലിച്ചു...പക്ഷെ രാമു പിടിവിട്ടില്ല.
"ഇ ...ഇന്നല്ലേ നീ എവിടായിരുന്നു...?"
"ലൈബ്രറിയിൽ..." അവൻ ഉറക്കെ പറഞ്ഞു...
"സ...സത്യം പറയടാ..." രാമു പിടി ഒന്നും കൂടെ മുറുക്കി...
"ആ ....പൂട്ടല്ലേ ...അണ്ണാ....പബ്ബിലാണേ." അവൻ അലറി.
ആമി തലയിൽ കൈ വച്ചു.
"ഇനി... നീ ...പോവോ...?"
"എന്റെ അമ്മച്ചിയാണേ... പോവില്ല ...പൂട്ട് അഴിക്ക് അണ്ണാ..." അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു...
രാമു കൈകൾ മാറ്റി അവന്റെ മുകളിൽ നിന്ന് മാറി ബെഡിന്റെ സൈഡിൽ ഇരുന്നു...
ആമി അവന്റെ പുറത്ത് നിന്ന് ഷീറ്റ് മാറ്റി...
തവള കിടന്നതു പോലെ കമഴ്ന്നു കിടക്കുന്ന അവന്റെ കിടപ്പ് കണ്ടിട്ട് രാമുവിന് ചിരി വന്നു. ആമി പതുക്കെ അവനെ പിടിച്ചു മലർത്തി കിടത്തി...എന്നിട്ട് അവനെ എഴുനേറ്റിരുത്തുവാൻ വേണ്ടി അവനെ പിടി.ച്ചു
"ഇയ്യോ പതുക്കെ ...പതുക്കെ... ആ..." അവന് വേദനിക്കുന്നത് കണ്ടിട്ട് അവർക്ക് വിഷമം വന്നു... പിന്നെ രാമുവിന് കണ്ണുരുട്ടി അടിക്കുന്നത് പോലെ കൈയോങ്ങി...
"കൊടുക്ക് ഒരണം ആമി... ഒരു ഡോക്ടർ പോലും... എന്റെ നടുവേ..." അവൻ നടുവിൽ കൈ കുത്തി പറഞ്ഞു
"വേറ്റനയുന്റോ... കിചേറ്റ ..." രാമു ഇംഗ്ലീഷ് കലർന്ന മലയാളത്തിൽ ചോദിച്ചു...
"ഏയ്... ഒരു 90 കിലോ തൂവൽ വീണ പോലെ...സ്പർശന സുഖം..." അവൻ രാമുവിനെ നോക്കാതെ വേദനയും ദേഷ്യവും കലർന്ന സ്വരത്തിൽ പറഞ്ഞു.
"കണ്ട അലവലാതി മദാമ്മാരുടെ കൂടെ പോകാൻ തോന്നുമ്പോൾ ഈ സുഖം എപ്പോഴും ഓർമ്മ വേണം..."
ആമി ആംഗ്യ ഭാഷയിൽ "പോട്ടെ പാവം അല്ലെ...ഇനി ഉണ്ടാവില്ല..."
"ഉണ്ടാവാതിരുന്നാൽ അവന് കൊള്ളാം ..."രാമു ബെഡിൽ നിന്ന് എഴുനേറ്റ് ഒരു താക്കീതായി പറഞ്ഞു.
രാമു ആമിയോട് ചായ ഇടാൻ പറഞ്ഞിട്ട് അവന്റെ പുറകെ ചെന്ന് നിന്നു ...
"അല്ല അണ്ണാ... അറിയാൻ പാടില്ലാത്തോണ്ട് ചോദിക്ക... എനിക്കും പൂച്ചകണ്ണുകൾ അല്ലെ...? നിങ്ങൾ നാല് തടിമാടൻ പൂച്ചകൾ എന്തല്ലാം വേലത്തരങ്ങൾ ഒപ്പിച്ചിട്ടുണ്ട്... പിന്നെ എനിക്ക് മാത്രം എന്താ വിലക്ക്...?" അവൻ തല ചരിച്ചു രാമുവിനെ നോക്കി ചോദിച്ചു...
"നിനക്ക് ഇപ്പോ എത്ര വയസ്സായി...?" രാമു അവന്റെ തോളിൽ കൈവച്ചു.
"26 അല്ല. 26 1/2. എന്തെ...?"
"ഉം...നീ പറഞ്ഞത് ശരിയാ (അവന്റെ തോളിൽ കൈയൊന്ന് അമർത്തി രാമു തുടർന്നു) ഞങ്ങൾ ഒരുപാട് തല്ലുകൊള്ളിത്തരങ്ങൾ ഒപ്പിച്ചിട്ടുണ്ട്. പക്ഷെ പെണ്ണ് കേസോ ഡ്രഗ് കേസോ ഞങ്ങളുടെ തലയിൽ വന്നിട്ടില്ല."
"ഡ്രഗ..!!!!!." കിച്ചൻ ഞെട്ടി.
"അതേടാ കൃതേഷ് ഉണ്ണിത്താനെ..."
"അപ്പോ വോ ലേഡിക്കി..."
"Dealer... അതുകൊണ്ട് കൃതേഷ് ഉണ്ണിത്താൻ (രാമു കൈകൾ അവന്റെ നടുവിൽ ചുറ്റി പിടിച്ചു) എന്ന കിച്ച മര്യാദക്ക് നിന്നാൽ നിനക്ക് കൊള്ളാം (രാമു അവനെ ഒന്ന് പൊക്കി...)"
"അമ്മേ..." കിച്ചൻ ഒറ്റ വിളി.
"ഡാ... കിടന്നു കൂവിയാൽ ഒറ്റ അടി തരും ..."
"അമ്മെ" പതിഞ്ഞ ശബ്ദത്തിൽ അവൻ വിളിച്ചു...
"ഉം... എഴുനേൽക്ക്..." രാമു കിച്ചനെ പിടിച്ചെഴുന്നേൽപ്പിച്ചു...
കിച്ചൻ കൈകൾ നിവർത്തി മൂരിയിട്ടു...
"നിങ്ങളെങ്ങനെ അറിഞ്ഞ് അണ്ണാ...?"
"നിന്റെ ഭാഗ്യത്തിന് റൈഡ് നടക്കുന്നതിന് മുൻപ് വന്ന ഷാഡോ പോലീസ് എന്റെ ഫ്രണ്ട് ആയിരുന്നു... സംശയം തോന്നി അവൻ എന്നെ വിളിച്ചു നിന്റെ ഫോട്ടോയും സെൻറ് ചെയ്തു ... അവനാ കുടിച്ച് പൂസായ നിന്നെ അവിടെ നിന്ന് മാറ്റി... ഇവിടെ വിട്ടത്...അതുകൊണ്ട് പൊന്നുമോൻ... ഇപ്പോ എവിടെ ഇങ്ങനെ നിൽക്കുന്നു... ഇല്ലെ 10 വർഷം ബ്രെഡും കഴിച്ചോണ്ട് ജയിലിൽ ഡിസ്കോ കളിച്ചേനെ..."
കിച്ചൻ വാ തുറന്നു നിന്നു.
"എല്ലാം ആ രായപ്പൻ കാരണമാ," കിച്ചൻ ബെഡിൽ ഇരുന്നു.
"അങ്ങേര് എന്ത് ചെയ്തു...?" രാമു അവന്റ അടുത്തിരുന്നു ചോദിച്ചു.
"അങ്ങേര് അല്ലേ എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത്...?"
"അത് നിന്റെ നന്മക്കല്ലേ...?"
"എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്...മാസ്റ്റർ ഡിഗ്രി കൂടെ കിട്ടിയാലേ പരട്ട രയപ്പൻ മരുമോളെ കെട്ടിച്ചു തരത്തുള്ളൂ പോലും... നാട്ടിൽ പഠിച്ച പറ്റൂല്ലേ..." കിച്ചൻ ദേഷ്യത്തിൽ പറഞ്ഞു.
രാമു ചിരിച്ചു...
"ചിരിച്ചോ... ചിരിച്ചോ... അണ്ണന് അറിയാമോ...? ഇന്നലെ വിളിച്ചപ്പോൾ അവൾക്ക് എക്സാം ആണ് എന്ന് പറഞ്ഞ് ആ നിത്യ ജന്തു ഫോൺ കൊടുത്തില്ല... ആ സങ്കടത്തിലാ ഞാൻ കുടിച്ചേ... മീശയില്ലാ പ്രായംതൊട്ട് ഒരുത്തിയുടെ പുറകെ നടന്നു ഒരുവിധത്തിൽ വളച്ചു കൊണ്ട് വന്നതാ... ഇപ്പോ മീശയും താടിയും മാത്രം ഉണ്ട്," കിച്ചൻ അവന്റെ മീശയിലും താടിയിലും സങ്കടതോടെ തടവി.
"അതിന് നീ എന്തിനാ അവിടെ പോയെ...?"
"എന്റെ അണ്ണാ ഞാൻ പോയതല്ല... ഞാൻ ആ വഴി നടന്നു പോയപ്പോൾ ഈ പണ്ടാരത്തിന്റെ ബാഗ് ഒരുത്തൻ അടിച്ചുകൊണ്ട് പോകുന്നത് കണ്ട് അവനെ പിടിച്ചു രണ്ട് പൊട്ടിച്ചിട്ട് ബാഗ് ആ പെണ്ണിന് കൊടുത്തു."
"അവള് നന്ദി സുചകമായി വരൂ ചേട്ടാ... നമ്മുക്ക് രണ്ട് champagne അടിക്കാം എന്ന് പറഞ്ഞ് കേട്ട് നീ പുറകെ പോയി... " രാമു പറഞ്ഞത് കേട്ടിട്ട് കൊച്ചുകുട്ടിയെ പോലെ ചുണ്ട് വക്രിച്ച് സങ്കടത്തോടെ കിച്ചൻ തലയാട്ടി...
"പോട്ടെ... ഇനി സൂക്ഷിച്ചാൽ മതി... കൂടെ നിൽക്കുന്നവരെ പോലും വിശ്വസിക്കാൻ പറ്റില്ല മോനെ..." രാമു അവന്റെ തോളിൽ കൈയിട്ട് കൊണ്ടു പറഞ്ഞു..
കിച്ചൻ തലയാട്ടി.
"കിച്ച..." രാമു അവനെ ചേർത്തുപിടിച്ചു "എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്..."
"എന്ത് അണ്ണാ...?"
"നാണി ..." രാമു ഒന്ന് നിർത്തി...
"ഓ.. അവള് ചങ്കരൻ മുതലാളിക്ക് വല്ല പണി കൊടുത്തു കാണും... അല്ലെ?" കിച്ചൻ ലാഘവത്തോടെ പറഞ്ഞു..
"കിച്ച..." രാമുവിന്റെ സ്വരത്തിലെ ഗൗരവം കേട്ടപ്പോൾ കിച്ചൻ ചോദ്യഭാവത്തോടെ രാമുവിനെ നോക്കി...
തുടരും...