Niharam The Mist

Drama Romance

4  

Niharam The Mist

Drama Romance

മേഘമൽഹാരം - ഭാഗം 2

മേഘമൽഹാരം - ഭാഗം 2

6 mins
721


രാത്രിമഴ ഡൽഹി നഗരത്തിന്റെ തിക്കിന്റെയും തിരക്കിന്റെയും ആരവങ്ങൾക്ക് തടസ്സമാവാതെ കോരിച്ചൊരിഞ്ഞു കൊണ്ടിരുന്നു... തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അയാളുടെ കണ്ണുകൾ കുറച്ചുനേരം ആ കാഴ്ച്ചകളിൽ ഉടക്കി... പക്ഷെ മനസ് മറ്റെവിടെയോ ആയിരുന്നു... പതുകെ അയാൾ മുഖമുയർത്തി ആകാശത്തെക്ക് കണ്ണുകൾ പായിച്ചു... ഇരുട്ടിന്റെ അദൃശ്യതയിൽ നിന്നും വീഴുന്ന മഴത്തുള്ളികളെ നോക്കി കുറച്ചു നേരം നിന്നു...


ഫ്ലാറ്റിന്റെ അകത്ത് അല്പം തടിച്ചു അധികം പൊക്കമില്ലാത്ത ഒരു സ്ത്രീ ഡൈനിങ് ടേബിളിൽ ഭക്ഷണം എടുത്ത് വച്ച് ബാൽക്കണിയിൽ നോക്കി. പിന്നെ തന്റെ സാരിത്തുമ്പ് വച്ച് കൈതുടച്ചു കൊണ്ട് അടുക്കളയിൽ കയറി സാരിയും മുടിയൊന്നു നേരെയാക്കി കിച്ചൻ ഷെൽഫിൽ വച്ചിരിക്കുന്ന ബാഗും കുടയും എടുത്തു അടുക്കളയിൽ നിന്ന് നേരെ ബാൽക്കണിയിലോട്ട് നടന്നു...


"സാബ് ജി..." അവർ വിളിച്ചു...

അയാളിൽ നിന്നും ഒരു പ്രതികരണം ഇല്ലാത്തോണ്ട് അവർ അൽപ്പം ഉച്ചത്തിൽ അയാളെ വിളിച്ചു... ഒരു ഞെട്ടലോടെ അയാൾ തലയൊന്നു ചരിച്ചു നോക്കി. 


"ഖാന തയാർ ഹേ... മേ ജാത്തി ഹു..." അവർ പറഞ്ഞു...

ശരി എന്ന് തലയാട്ടി... വീണ്ടും വെളിയിൽ നോക്കി...

അവർ അയാളെ ഒന്ന് നോക്കിയിട്ട് തിരിച്ചു നടന്നു...


ഫ്രണ്ട് ഡോർ അടച്ചതിന്റെ ശബ്ദം കേട്ട് അയാൾ പതുക്കെ തിരിഞ്ഞു നിന്നു... ഒരു ദീർഘശ്വാസം വിട്ടിട്ട് അകത്തു കയറി. ബാൽക്കണി അടച്ചു... ബെഡ്റൂമിലെക്ക് നടന്നു... അലമാര തുറന്ന് ഒരു ബോക്സ് എടുത്തുകൊണ്ട് ബാത്‌റൂമിൽ പോയി.


ബാത്റൂമിലെ കണ്ണാടിയിൽ സ്വന്തം പ്രതിരൂപം കുറച്ചു നേരം നോക്കി നിന്നു. അലങ്കോലമായി കിടക്കുന്ന ചെമ്പൻ മുടിയിലും നീട്ടി വളർത്തിയ താടിയിലും ഒന്ന് തടവി...


വാഷ്‌ബേസിന്റെ മുകളിൽ വച്ച ബോക്സ് തുറന്നു... പതുക്കെ കണ്ണിൽ നിന്നും കോൺടാക്ട് ലെന്സ് എടുത്ത് മാറ്റി... അത് ആ ബോക്സിൽ വച്ചിട്ട് അടച്ചു... വെള്ളം തുറന്ന് കൈകുമ്പിളിൽ വെള്ളം എടുത്തു മുഖം കഴുകി... ഒന്നും കൂടെ അവൻ കണ്ണാടിയിൽ നോക്കി... നീലക്കണ്ണുകള്‍ ഇടനെഞ്ചിലേക്കു പായിച്ചു... പെട്ടെന്ന് മുഖം തിരിച്ചു ബാത്റൂമിൽ നിന്ന് ഇറങ്ങി.


ബോക്സ് ടേബിളിൽ വച്ചു പിന്നെ അവിടെ വച്ചിരുന്ന ഒരു CD എടുത്ത് പ്ലെയറിൽ ഇട്ട് ഓൺ ചെയ്‌തു.. എന്നിട്ട് കട്ടിലിൽ മലർന്നു കിടന്നു...


"ഉം... ഇനി പാട്..."

"ഇല്ല ...ഞാൻ പാടില്ല..."

"പ്ളീസ്....രേവുട്ടി ...ഞാനല്ലേ ഉള്ളു... "

"എന്തിനാ ഇത് പിടിച്ച് റെക്കോർഡ് ചെയുന്നത്...? കൂടെയുള്ളവരെ കേൾപ്പിച്ചു കളിയാകാനല്ലേ...? ഇല്ല ...."

"ഇല്ല... ആരെയും കേൾപ്പിക്കാനല്ലടി... എനിക്ക് മാത്രം കേൾക്കാനാ ...please...."


"ഉം...ഞാൻ പാടിയാൽ ചിരിക്കൊ...?"

"ഇല്ല...ദേ ഞാൻ വായടച്ചു..."

"(പൊട്ടിച്ചിരി) ...ഇപ്പോ ചേലുണ്ട്...ചെമ്പൻ കുരങ്ങൻ..."

അയാൾ ഒന്ന് ചിരിച്ചു...


"അയ്യോ പിണങ്ങല്ലേ ... ഞാൻ പാടാം.."


Lag Ja Gale Ki Phir

ye Hasin Raat Ho Na Ho

shayad Phir Is Janam Mein

mulakat Ho Na Ho


അയാൾ പതുക്കെ കണ്ണുകൾ അടച്ചു...


അടഞ്ഞ കണ്ണുകളിൽ അയാൾ കണ്ടു... വയൽ വരമ്പിൽ നിന്ന് മയിൽപ്പീലി വർണ പട്ടുപാവാടയും ബ്ലൗസും ഇട്ടു മഴനനയുന്ന 17കാരി പെണ്ണിനെ...


"മതി ഈ മഴ നനഞ്ഞത് പനി വരും നിനക്ക്" എന്ന് പറഞ്ഞു കുടയും പിടിച്ച് അവളുടെ കൈപിടിച്ചു വലിക്കുന്ന കണ്ണട വച്ച 23കാരനെ ....


അവന്റെ ശാസനക്ക് ചെവികൊടുക്കാതെ അവന്റെ കൈ തട്ടി മാറ്റി ഇരുകൈകളും വിടർത്തി മഴയെ ആസ്വദിച്ചു നടക്കുന്ന പെണ്ണിനെ നോക്കി അവൻ ഉറക്കെ വിളിച്ചു പറഞ്ഞു... "പറഞ്ഞാൽ കേൾക്കാത്ത മഴപെണ്ണിനെ ഞാൻ കെട്ടില്ല കേട്ടോ..."


ചങ്ങല ഇട്ട പോലെ നിന്ന അവൾ തിരിഞ്ഞു നനഞ്ഞ പാവാട അല്പം ഉയർത്തിപ്പിടിച്ച് ഓടി അവന്റെ നെഞ്ചോട് ചേർന്നു നിന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു...


"അയ്യേ മാറി നില്ക്കടി...ശോ ... എന്റെ പുതിയ ഷർട്ട്... ആകെ നനഞ്ഞു..." ഒരു കൈയിൽ കുട നേരെ പിടിച്ച് ...മറ്റേ കൈ വച്ച് അവളുടെ കൈ മാറ്റാൻ ശ്രമിച്ചു കൊണ്ടവൻ പറഞ്ഞു..


പക്ഷെ അവൾ കൈ കോളറിൽ മുറുക്കി പിടിച്ചുകൊണ്ടുതന്നെ അവനോട് ഒന്നുംകൂടെ ചേർന്ന് നിന്നു ചോദിച്ചു "എന്നെ കെട്ടില്ലേ ...?"

അവൻ ഇല്ലാന്ന് തലയാട്ടി...


ദേഷ്യം കൊണ്ട് ചുമന്ന അവളുടെ മുഖത്ത് നോക്കി കുസൃതി ചിരി ഒളിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു."...ഇങ്ങനെ പറഞ്ഞ അനുസരിക്കാത്ത മഴയും നനഞ്ഞ് നടക്കുന്ന നിന്നെ കെട്ടാൻ ....എനിക്ക് എന്താ വേറെ പെണ്ണ് കിട്ടാതെ ഇരിക്കാണോ....? എനിക്ക് വേണ്ട ഇതുപോലെ ബോധം ഇല്ലാത്ത പെണ്ണിനെ..."


അത് കേട്ടതും അവൾ കൈകൾ മാറ്റി അവനിൽ നിന്ന് മാറി തലകുമ്പിട്ട് നിന്നു ...


അവൻ കുട അവൾക്ക് നേരെ പിടിച്ച് അവളുടെ കൈയിൽ പിടിച്ചു....

"വാ പോകാം..."


അവൻ്റെ കൈതട്ടി മാറ്റി മഴയത്ത് അവൾ നടക്കാൻ തുടങ്ങി..


പക്ഷെ നനഞ്ഞു ഒട്ടിപ്പിടിച്ചുപോയ പാവാട തുമ്പ് തട്ടി അവൾ വീഴാൻ പോയതും അവൻ അവളുടെ കൈയിൽ പിടിച്ച് അവളെ നേരെ നിർത്തി...


അവൻ വീണ്ടും അവൾക്ക് നേരെ കുടപിടിച്ചുകൊണ്ട് തല കുനിച്ച് അവളുടെ മുഖത്ത് നോക്കി... അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി...


അവളുടെ കവിളിൽ നിന്ന് ഒഴുകുന്ന വെള്ളത്തുള്ളികൾ ... മഴതുള്ളി മാത്രമല്ല മുറുക്കി അടച്ച കണ്ണുകളിൽ നിന്ന് മിഴിനീരും അതിൽ കലർന്നിട്ടുണ്ടെന്ന് മനസിലായി ...


"ഡി കണ്ണ് തുറക്ക്.. "

"ഇല്ല.."

"ഹ തുറക്കടി...."


"ഇല്ല..ഇല്ല... " അവൾ കാല് വരമ്പിലെ ചെളി വെള്ളത്തിൽ ശക്തിയായി ചവിട്ടി..

"അയ്യോ ശേ ...ഡി ദുഷ്ടേ എൻ്റെ ദേഹം മുഴുവനും ചെളിതെറിപ്പിച്ചു..നീ ഇവിടെ കുറ്റി അടിച്ചു നിന്നോ എനിക്ക് വേറെ പണിയുണ്ട്.. ഒരു മഴ ഭ്രാന്തി വന്നിരിക്കുന്നു..."


മുഖത്ത് മഴത്തുള്ളികൾ വീഴാൻ തുടങ്ങിയപ്പോൾ അവൻ പോയന്ന് അവൾക്ക് മനസിലായി .....

സങ്കടം സഹിക്കാൻ വയ്യാതെ അവൾ കൈ മുഖത്ത് പൊത്തി ഉറക്കെ കരഞ്ഞു..


"എനിക്ക് അറിയാം...... എന്നെ ഇപ്പോ ഇഷ്ടം അല്ല.. വേണ്ട എന്നെ ഇഷ്ടപെടേണ്ട ...ഞാൻ ഭ്രാന്തിയല്ലെ..."

ഏങ്ങലടിച്ചു കൊണ്ട് മുന്നോട്ട് നടന്ന അവൾ ആരെയോ തട്ടി നിന്നു .. കണ്ണ് തുടച്ചു നോക്കുബോൾ മുമ്പിൽ മഴ നനയുന്നവനെ കണ്ടു...


ഉള്ളിൽ ആർത്തിരമ്പി വന്ന സന്തോഷം മുഖത്ത് കാണിക്കാതെ ദേഷ്യത്തോടെ അവനെ തള്ളി മാറ്റി നടക്കാൻ തുനിഞ്ഞു ..

പക്ഷെ പോകാൻ അനുവദിക്കാതെ അവളുടെ കൈപിടിച്ചു വലിച്ച് അവനോട് ചേർത്തു നിർത്തിയപ്പോൾ..... ഒരു ഏങ്ങലോടെ അവന്റെ കഴുത്തിൽ കൈകൾ ചുറ്റി ഇടത്തെ കവിൾ അവന്റെ നെഞ്ചോരം ചേർത്ത് വച്ചവൾ കരഞ്ഞു..


അവൻ അവളെ പുണർന്നുകൊണ്ട് ഉയർത്തിയപ്പോൾ അവൾ അവന്റെ തോളിൽ തലചായ്ച്ചു. 

"എന്നെ വിട്ട് പോകുമോ...?" ഇടറിയ സ്വരത്തിൽ അവൾ ചോദിച്ചു..

"നീയോ....?"


പെട്ടന്ന് അവൾ തലയുയർത്തി അവന്റെ മുഖത്ത് നോക്കി.

"ഞാൻ പോകില്ല.. .." വാശിയോടെ അവൾ പറഞ്ഞു.


"പോവുമോ?" ഒരു കൊഞ്ചലോടെ അവൾ പിന്നെ ചോദിച്ചു...

അവൻ ഇല്ല എന്ന് തലയാട്ടി...

"സത്യം..."


അവളെ ഒന്നുകൂടെ ഇറുകി പുണർന്നുകൊണ്ട് "ഈ മഴയാണെ ഈ മഴപെണ്ണിനെ വിട്ട് രവി പോകില്ല" മഴതുള്ളി ഇറ്റു വീഴുന്ന അവളുടെ നാസികത്തുമ്പിൽ മുത്തികൊണ്ട് അവൻ ആദ്രമായി പറഞ്ഞു.


വിടർന്ന പുഞ്ചിരിയോടെ അവൾ അവന്റെ കഴുത്തിൽ ചുറ്റിയ കൈകൾ മോചിപ്പിച്ച് അവന്റെ മുഖത്തുനിന്ന് കണ്ണട ഊരിമാറ്റി പിടിച്ച് അവന്റെ കവിളുകളിൽ കൈകൾ വച്ചു "ഈ നീലക്കണ്ണനെ ആർക്കും കൊടുക്കില്ല" എന്ന് പറഞ്ഞു ആ നീലമിഴികളിൽ ചുംബിച്ചു....


വീണ്ടും പഴയതു പോലെ കഴുത്തിൽ കൈകൾ ചുറ്റി അവന്റെ നെറ്റിയിൽ നെറ്റിചേർത്തു വച്ചു അവൾ പറഞ്ഞു.." എന്റെയാ...എന്റെ മാത്രം."


സ്വയം മറന്ന് പുണർന്നു നിൽക്കുന്ന അവരുടെ പ്രണയത്തിന് ആ വയലെയായിൽ പുൽനാമ്പുകൾ സാക്ഷിയാകുമ്പോൾ പെയിതിറങ്ങുന്ന മഴപോലും അവർക്ക് വേണ്ടിയാണ് എന്ന് തോന്നി ....


Lag Ja Gale Ki Phir

ye Hasin Raat Ho Na Ho

shayad Phir Is Janam Mein

mulakat Ho Na Ho

lag Jaa Gale ke phir ye hansi raat ho na ho shayad phir is janam Mein mulakat ho na ho... lag ja gale a a aahh hhh hhh


ആ മുറിയിൽ അവളുടെ സ്വരം നിറഞ്ഞിരുന്നു...


വലത്തേ കൈവിരലുകൾ ഇടനെഞ്ചിൽ വച്ച് ഒരു നേർത്ത നിശ്വാസം പോലെ "രേവു" എന്ന് ഉരുവിടുന്നതിനോടൊപ്പം പുറത്തുപെയ്യുന്ന മഴപോലെ അവന്റെ അടഞ്ഞ കൺപോളകളിൽ നിന്ന് മിഴിനീർ തോരാതെ പെയ്യുന്നുണ്ടായിരുന്നു.


~~~


മാന്തോപ്പിലൂടെ അവൾ ചിരിച്ചു കൊണ്ട് അവന് പിടികൊടുക്കാതെ ഓടുകയാണ്....അവളുടെ കൂടെ എത്താൻ പിന്നാലെ അവനും... അവളുടെ ചിരിയും കുലുസിന്റെ ശബ്ദം അവിടെയല്ലാം അലയടിച്ചു കൊണ്ടിരുന്നു...


"ഡി അവിടെ നിക്ക്".

"ഇല്ല.. .സായിപ്പേ " ഓട്ടത്തിനിടയിൽ അവൾ വിളിച്ചു പറഞ്ഞു..


ഒരുവേള അവൻ അവളുടെ ദാവണി പിടിക്കാൻ നോക്കിയെങ്കിലും അവൾ വെട്ടിച്ചു മാറി... 

"നടക്കില്ല . Catch me if you can " ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചോണ്ട് അവൾ പറഞ്ഞു..

"ഓഹോ അത്രക്കായോ ".


അവൾ ഓടി ഒരു വലിയ മാവിന്റെ ചോട്ടിൽ കിതപ്പോടെ ഒളിച്ചു നിന്ന്...അവൻ വരുന്നുണ്ടോ എന്ന് നോക്കി... ആരെയും കാണാത്തൊണ്ട് അവൾ അവിടെ നിന്നും മുമ്പിലോട്ട് വന്നു ഒരു വിരൽ കടിച്ചുകൊണ്ട് ചുറ്റും നോക്കി "ഇത് എവിടെ പോയി..ഉം...."

പെട്ടെന്ന് അവൻ പിന്നിലൂടെ അവളെ പിടിച്ചു .. അവൾ ഞെട്ടിപ്പോയി .. എന്നിട്ട് അവന്റെ കൈയിൽ അവൾ അടിക്കാൻ തുടങ്ങി... "വിട് "

"ഇല്ല".


"രവി എനിക്ക് ദേഷ്യം വരുന്നു.. വിട് ചെക്കാ..."

"ചെക്കന ... ഏട്ടാ... എന്ന് വിളി".

"അയ്യടാ ഒരു കൊട്ടൻ "


"ഏട്ടാ എന്ന് വിളിച്ചാൽ വിടാം .. പറ...."

"ശരി.. ഏട്ടാ ....വിട് ..."

"പോരാ...രവിയേട്ട... അങ്ങനെ വിളി"

"അയ്യേ .. എനിക്ക് വയ്യ"


അവൻ വീണ്ടും പിടി മുറുക്കി

"ആ... എനിക്ക് വേദനിക്കുന്നു..."

"എങ്കി പറ..."

"ശരി.. ശരി.....രവി.."

"രവി..."


"ഉം... രവി....ബാക്കി പോരട്ടെ....."

അവൾ ഒന്നും...പറയാതെ ചിരിച്ചു..

അവൻ അവളെ അവന് നേരെ തിരിച്ചു നിർത്തി....അവനെ നോക്കാതെ അവൾ മുഖം കുനിച്ചു നിന്നു.. "രവിയേട്ട..." എന്ന് ആദ്രമായി വിളിച്ചു..


അവൻ പതുക്കെ താടിയിൽ പിടിച്ച് അവളുടെ മുഖം ഉയർത്തി..അവളുടെ തവിട്ടുനിറമുള്ള കണ്ണുകളിൽ നോക്കി...


അവൻ്റെ മുഖം അവൾക്ക് നേരെ വന്നപ്പോൾ പ്രണയം നിറഞ്ഞ നീലമിഴികളിൽ നോക്കിനില്‍ക്കാനാകാതെ അവൾ കണ്ണുകൾ അടച്ചു..


"രേവു". അവൻ്റെ നിശ്വാസം അവളുടെ കാതിൽ പതിഞ്ഞപ്പോൾ.. അവൾ കണ്ണ് തുറന്നു . മുമ്പിൽ അവനെ കാണാതെ പരിഭ്രമത്തോടെ ചുറ്റും നോക്കി അവൾ പിറകോട്ട് നടന്നു .


പെട്ടെന്നാരോ അവളെ പിന്നിലോട്ട് ശക്തിയായി വലിച്ചു....

"ആാാാാ..."


രാത്രിയിൽ observation വാർഡിൽ നിന്ന രണ്ട് സിസ്റ്റർമാർ നിലവിളികേട്ട് അവളുടെ അടുത്തേക്ക് ഓടി... ബെഡിൽ ഇരുന്നു കൊണ്ട് കാലും കൈയുമിട്ട് അവൾ അടിക്കുന്നത് കണ്ട് അവർ അവളെ പിടിച്ചു കിടത്താൻ നോക്കി.. പക്ഷെ അവൾ ഒരു സിസ്റ്ററിനെ ശക്തമായി തള്ളി തറയിൽ വീഴ്ത്തി ... കൂടെനിന്ന സിസ്റ്റർ അവളെ അമ്പരപ്പോടെ നോക്കി അവൾ കൺതുറക്കാതെ മുറുക്കി അടച്ചിരിക്കാണ് ...


വീണ സിസ്റ്റർ പെട്ടെന്ന് എഴുനേറ്റ് അവളെ കിടത്താൻ നോക്കി.. അവൾ വീണ്ടും അലറി വിളിക്കാൻ തുടങ്ങി...

"രഞ്ജിനി.... എമർജൻസി ബട്ടൺ അമർത്തു .. ."

അവൾ പെട്ടെന്ന് കട്ടിലിനടുത്തുള്ള സ്വിച്ച് അമർത്തി. ...നിമിഷങ്ങക്കുള്ളിൽ രണ്ട് ജൂനിയർ ഡോക്ടർസും.. നഴ്സുമാരും വന്നു..


അവളെ ശാന്തമാക്കാൻ അവർ പരമാവധി ശ്രമിച്ചു.. പക്ഷെ അവൾ ശക്തിയിൽ അവരുടെ കൈ തട്ടി മാറ്റികൊണ്ടിരുന്നു... ഒരു ജൂനിയർ ഡോക്ടർ മാറി നിന്ന് ഫോണിൽ സീനിയർ ഡോക്ടറെ വിളിച്ചു ..


അപ്പോഴേക്കും..അവൾ cannula ഇട്ടിരുന്ന ഇടത്തെ കൈകൊണ്ട് ഡ്രിപ് tube ചുറ്റി പിടിച്ച് വലിച്ചു dripstand അവളുടെ cannulaയിൽ തട്ടി താഴെ വീണു ... അതിൽ നിന്നും രക്തം വരാൻ തുടങ്ങി. ഒരു സിസ്റ്റർ മുറുക്കി പിടിച്ച കൈ നിവർത്താൻ നോക്കി.


ഫോൺ വച്ച ശേഷം.. ജൂനിയർ ഡോക്ടർ അവിടെ നിന്ന് ഒരു സിസ്റ്ററിന് നിർദ്ദേശം നൽകി.. അവരെ പറഞ്ഞു വിട്ടു..


ആ ഡോക്ടർ അവളുടെ കാലുകളിൽ മുറുകെ പിടിച്ചു..ഒരു ഡോക്ടർ അവളുടെ ഇരുതോളിലും പിടിച്ചവളെ കിടത്തി..സിസ്റ്റർമാർ അവളുടെ കൈകളിൽ മുറുകെ പിടിച്ചു ...അവൾ വില്ലുപോലെ വളയാനും കുതറാനും തുടങ്ങി.


നേരെത്തെ പോയ സിസ്റ്റർ പെട്ടന്ന് മെഡിസിനും സിറിഞ്ചുമായി വന്നു...അവർ മെഡിസിൻ സിറിഞ്ചിൽ fill ചെയ്‌തു... അവളുടെ വലതു കൈയിൽ ഒരു സിസ്റ്റർ മുറുകെ പിടിച്ചു...


സ്പിരിറ്റ് അടങ്ങിയ കോട്ടണും അവളുടെ കൈമടക്കിൽ തുടച്ചിട്ട് ആ സിസ്റ്റർ ഒരു വിധത്തിൽ ഇൻജെക്ഷൻ കൊടുത്തു.

നിമിഷങ്ങൾക്കുള്ളിൽ അവളുടെ ശരീരത്തിന്റെ ബലം കുറഞ്ഞു വരുന്നത് അവർക്ക് അനുഭവപെട്ടു... അവർ കൈകൾ മാറ്റി... അവൾ ശാന്തമായി മയക്കത്തിലേക്ക് വഴുതി വീണു...


ചുറ്റുമുള്ളവർ ആശ്വസിച്ചു... ജൂനിയർ ഡോക്ടമാർ അവളുടെ stitches ഒക്കെ നോക്കി... പ്രശ്‌നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി... സിസ്റ്റർമാർക്ക് വേണ്ട നിർദേശങ്ങൾ നൽകി. പിന്നെ അവർ അവളുടെ നെറ്റിയിലെ ബാൻഡേജുo .. കാനുലയും മാറ്റി പുതിയത് ഇട്ടു...


കുറച്ചു കഴിഞ്ഞപ്പോൾ റേഡിയോളജി സ്റ്റാഫ് portable x-ray machine കൊണ്ടുവന്നു അവളുടെ fracture ആയ ഭാഗങ്ങളുടെ x-ray എടുത്തുകൊണ്ട് പോയി...കൂടെ ഒരു സിസ്റ്റർ ഒഴിച്ച് ബാക്കി സിസ്റ്റർമാരും ..


ആ സിസ്റ്റർ ശാന്തമായി ഉറങ്ങുന്ന അവളുടെ അടുത്ത് വന്നു തലയിൽ ഒരു പുഞ്ചിരിയോടെ തലോടി... പിന്നെ കോട്ടിന്റെ പോക്കറ്റിൽ നിന്ന് കൊന്ത എടുത്ത് പ്രാർത്ഥിച്ച് അവളുടെ നെറ്റിയിൽ കുരിശ് വരച്ച ശേഷം അവർ ആ റൂം വിട്ടു..


(തുടരും)


Rate this content
Log in

Similar malayalam story from Drama