Pramod Sachidhanandhan

Drama

4.5  

Pramod Sachidhanandhan

Drama

മാഞ്ഞുപോകാത്ത അതിരുകൾ

മാഞ്ഞുപോകാത്ത അതിരുകൾ

11 mins
609


മഹേഷ് നിർത്താതെ ഓടുകയായിരുന്നു. വല്ലാതെ കിതയ്ക്കുന്നുണ്ട്. ശ്വാസം നിലച്ചുപോകുന്നുണ്ടെന്നവനു തോന്നി. ഇരുട്ട് കണ്ണുമൂടി കെട്ടിയിരുന്നെങ്കിലും ഓടിക്കൊണ്ടേ ഇരുന്നു. പെട്ടെന്നാണ് എവിടെ നിന്നോ പൊട്ടിമുളച്ചത് പോലെ രണ്ടു തീക്കണ്ണുകൾ മുന്നിലേക്ക് വന്നത്; ഒന്നു വെട്ടിമാറാൻ പോലും ആകുന്നതിനു മുൻപേ തലയിലും നെഞ്ചിലും ആരോ കൂടം കൊണ്ടടിച്ചതു പോലെ തോന്നി. വായുവിൽ രണ്ടു തവണ മലക്കം മറിഞ്ഞു റോഡിൽ ഇടിച്ചു വീണു. ഇരുട്ടുപടരുന്ന കണ്ണുകൾക്ക് മുൻപിലൂടെ പരന്നൊഴുകുന്ന ചോര. സ്വന്തം ചോര തലയും കടന്നു റോഡിൽ പരന്നൊഴുകുന്നത് പകുതി ബോധത്തിൽ അവൻ കണ്ടു. ആരുടെയെല്ലാമോ വ്യക്തമല്ലാത്ത ശബ്‌ദങ്ങൾ അവന്റെ ചെവിയിൽ മുഴങ്ങി. വ്യക്തമല്ലാത്ത കുറച്ചു കാഴ്ചകൾ അവന്റെ കണ്ണിനു മുന്നിലൂടെ ഓടി പോയി. 


"'അമ്മ ...എന്താ കിതയ്ക്കുന്നത് ?" കയ്യിൽ ഒരു വലിയ ചണ സഞ്ചിനിറയെ സാധനങ്ങളുമായി വന്നു നിന്ന് കിതയ്ക്കുന്ന അമ്മയെ കണ്ടു ആ എഴ്‌ വയസ്സുകാരി ചോദിച്ചു. ഓടിക്കിതച്ചു വന്നു ശ്വാസം എടുക്കാൻ കഷ്ടപ്പെടുന്ന അമ്മയെ തന്നെ നോക്കി ചേച്ചിക്കരികിൽ തന്നെ നിൽക്കുകയായിരുന്നു അവൻ. ചുവന്നു കിടക്കുന്ന ആകാശത്തേക്ക് ഒന്ന് നോക്കി ചിരിച്ച ശേഷം സഞ്ചിയിൽ നിന്ന് തേൻമിട്ടായിയുടെ ഒരു പായ്ക്കറ്റ് എടുത്തു അവർക്ക് നേരെ നീട്ടിയിട്ട് ശാരദ വീണ്ടും ആകാശത്തേക്ക് നോക്കി. കടയിൽ നിന്ന് തേൻമിഠായി വാങ്ങി സഞ്ചിയിലേക്ക് ഇടുമ്പോഴാണ് ആകാശത്തിനും മിഠായിക്കും ഒരേ നിറമായത് ശാരദ തിരിച്ചറിഞ്ഞതു. ഒരു വശത്തു മഴക്കാറും മറുവശത്തു ചെമ്മാനവും. ഉള്ളിൽ ഒരു വെള്ളിടി വെട്ടി. കുട്ടികാലത്തെവിടെയോ കേട്ടൊരു കഥയിൽ മഴക്കാറും ചെമ്മാനവും ഒരുമിച്ചുകണ്ടാൽ തീമഴ പെയ്യുമെന്നാണ്. വീട്ടിൽ ഇരിക്കുന്ന രണ്ടു കുരുന്നു മുഖങ്ങൾ ഉള്ളിലൂടെ പാഞ്ഞു പോയി. കാലുകളിൽ ചിറകുകെട്ടി വീട്ടിലേക്ക് ഓടി. കയ്യിലെ ചണസഞ്ചിയുടെ ഭാരം ഒരുവശത്തേക്ക് പിടിച്ചു വലിച്ചുകൊണ്ടിരുന്നു, ഉള്ളിലെ ബോധ്യങ്ങൾ അല്പം ഈർഷ്യയോടെ നിർത്താതെ പിൻവിളി നടത്തികൊണ്ടിരുന്നെങ്കിലും ഓട്ടത്തിന്റെ വേഗം കുറഞ്ഞില്ല. മക്കളെയും കൂട്ടി വീടിനുള്ളിലേക്ക് കയറുമ്പോഴും കിതപ്പടങ്ങിയിരുന്നില്ല.ചേച്ചി വച്ച് നീട്ടിയ തേൻ മിഠായി വാങ്ങി വായിൽ ഇട്ടു നുകർന്നുകൊണ്ട് അവൻ ചോദിച്ചു, "'അമ്മ എന്തിനാ ഓടിയത്?"


ഓടിയെത്തിയ ആൾകൂട്ടം കണ്ടത് വണ്ടിയിടിച്ച ആഘാതത്തിൽ എന്ത് ചെയ്യണം എന്നറിയാതെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ തലയിൽ കൈവച്ചിരിക്കുന്ന ഒരു മദ്ധ്യവയസ്കനെയും പരന്നൊഴുകുന്ന ചോരയ്ക്ക് നടുവിൽ തറയിൽ കിടക്കുന്ന മഹേഷിനെയും ആണ്. ആരൊക്കെയോ ചേർന്ന് അവനെ എടുത്തു കാറിലേക്ക് കയറ്റി. അവ്യക്തമായ ശബ്ദത്തിൽ അപ്പോഴും അവൻ ചോദിക്കുന്നുണ്ടായിരുന്നു


"'അമ്മ ...എന്തിനാ ഓടിയത് ?"


ആൾകൂട്ടം പിരിഞ്ഞു പോയി കഴിഞ്ഞിരുന്നു. റോഡിൽ പരന്നു കിടക്കുന്ന, കട്ടപിടിച്ചു തുടങ്ങിയ ചോരയിൽ ഒന്ന് തല ഇട്ടുനോക്കിയ ശേഷം ഒരു ചോനൻ ഉറുമ്പ് രണ്ടു വളവുകൾക്ക് അപ്പുറത്തുള്ള അമൃതയുടെ വീടിന്റെ ഭാഗത്തേക്ക് നടന്നു പോയി.


താൻ ഇനിയും സ്വയം ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യത്തിന്റെ ഉത്തരവുമായിട്ടായിരുന്നു അവൻ ഇങ്ങനെ ഓടിയിരുന്നതെന്നറിഞ്ഞിരുന്നെങ്കിൽ ഒരു കുറ്റവാളിയെ പോലെ ഐ സി യൂവിന് മുൻപിൽ അമൃതയ്ക്ക് നിൽക്കേണ്ടി വരില്ലായിരുന്നു. കുറച്ചപ്പുറത്തായി നിൽ ക്കുന്ന നിർമ്മലും കിഷോറും ആൻസിയും ഇടയ്ക്കടിയ്ക്ക് എല്ലാത്തിനും കാരണം നീ ആണെന്ന മട്ടിൽ അവളെ നോക്കുന്നുണ്ടായിരുന്നു. ആത്മഹത്യാശ്രമം ആണെന്നാണ് അവർ പറയുന്നത്. പക്ഷെ ഒരു പ്രണയം നിഷേധിക്കപ്പെട്ടത് കൊണ്ട് ആത്മഹത്യ ചെയ്യുന്ന ആളല്ല താൻ കണ്ട മഹേഷ്. അങ്ങനെ ആണെങ്കിൽ തന്നെ വേണ്ട എന്ന് തോന്നിയ ഒന്നിനോട് അത് പറയാൻ പോലും അവകാശമില്ലേ തനിക്ക്. നീ തെറ്റ് ഒന്നും ചെയ്തിട്ടില്ല, തല ഉയർത്തി നിൽക്കൂ എന്ന ഉൾവിളികളെ മനഃപൂർവം അവഗണിച്ചു. എപ്പോഴെങ്കിലും ഒരിക്കൽ സംഭവിക്കും എന്നു പ്രതീക്ഷിച്ചിരുന്നത് തന്നെയാണ് അവന്റെ പ്രണയ അഭ്യർത്ഥന. ഉത്തരവും കരുതി വച്ചിരുന്നത് തന്നെയാണ്. ഇന്നലെ അവനോട്‌ ആ മറുപടി പറയുമ്പോൾ ഇങ്ങനെ ഒക്കെ ആകുമെന്ന് പ്രതീക്ഷിക്കാൻ തനിക്ക് ആറാം ഇന്ദ്രിയം ഒന്നും ഇല്ലല്ലോ. 


അവളെ തന്നെ നോക്കി നിൽക്കുകയായിരുന്ന ആൻസി അവളുടെ അടുത്തേക്ക് വന്നു.

"ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടോ?" കുറ്റപ്പെടുത്തലിന്റെ മുനകൾ കൂർപ്പിച്ചു അവൾ ചോദിച്ചു. മറുപടി പറയാതെ ഇല്ല എന്നർത്ഥത്തിൽ തലകുലുക്കി. കൂടുതൽ ചോദ്യങ്ങളെ ഒഴിവാക്കാൻ വേണ്ടി പതുക്കെ ജനലിനടുത്തേക്ക് മാറി നിന്നു. ചിന്തകൾ വീണ്ടും മഹേഷിൽ ചെന്ന് നില്കുന്നു, ആർക്കും പ്രത്യേകിച്ച് വലിയ കുറ്റങ്ങളൊന്നും കണ്ടെത്താൻ കഴിയാത്ത ഒരു ചെറുപ്പക്കാരന്റെ പ്രണയം വേണ്ട എന്ന് പറഞ്ഞതിനുള്ള കാരണം? ആ ചോദ്യം അവളെയും കുഴക്കാൻ തുടങ്ങിയിരുന്നു. ഉത്തരം ഉള്ളിൽ എവിടെയോ ഉണ്ട്. പക്ഷെ അതിനു വ്യക്തമായ രൂപം വരുന്നില്ല. ജനലിലൂടെ പുറത്തേക്ക് നോക്കി. ജനൽ പടിയ്ക്ക് പുറത്തു വെളിയിലൂടെ വരിവരിയായി എന്തോ ചുമന്നു കൊണ്ടുപോകുന്ന ഉറുമ്പിൻ കൂട്ടം, കുറച്ചു നേരം നോക്കി നിന്നപ്പോൾ അവയ്ക്ക് മനുഷ്യരൂപം വയ്ക്കുന്നത് അവൾ കണ്ടു, ഏറ്റവും പിറകിലായി നടന്ന ഒരു കുഞ്ഞുറുമ്പിനു അവളുടെ രൂപമായിരുന്നു.


കൊയ്ത്തുകഴിഞ്ഞ പാടത്തു നിന്ന് അവസാനത്തെ കെട്ടു നെൽകറ്റകളുമായി നടന്നു പോകുന്ന പണിക്കാരുടെ ഏറ്റവും പിറകിലായിട്ടായിരുന്നു അവൾ നടന്നിരുന്നത്. കൊയ്ത്തു തുടങ്ങിയ ദിവസം മുതൽ പണിക്കാരുടെ കൂടെ കൂടിയതാണ്. അവൾക്കു ചുമക്കാൻ പാകത്തിനൊരു ചെറിയ കറ്റ ചെല്ലമ്മ കെട്ടികൊടുത്തു. ഉരുളൻ കണ്ണുകൾ മാത്രം കാട്ടി ചേറിൽ പുതഞ്ഞിരുന്ന ഒരു തവള അവരുടെ വരവ് കണ്ടു ചേറിലേക്ക് കൂടുതൽ താഴ്ന്നിരുന്നു. തൊട്ടു മുൻപിലായി നടന്നിരുന്ന ചെല്ലമ്മ തിരിഞ്ഞു നോക്കി സ്നേഹത്തോടെ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു "വീഴാതെ നോക്കണേ" .ഒരാൾക്ക് മാത്രം നടക്കാൻ പറ്റുന്ന വരമ്പിലൂടെ പൊഴിഞ്ഞു തുടങ്ങിയ പാൽപ്പല്ലുകൾ സൃഷ്‌ടിച്ച വിടവുള്ള മോണകാട്ടി ചിരിച്ചുകൊണ്ടവൾ അവരുടെ പിറകെ നടന്നു. ചാണകം മെഴുകി വൃത്തിയാക്കിയിട്ടിരിക്കുന്ന വലിയ മുറ്റത്തിന്റെ ഒരു ഭാഗത്തു നിരത്തി അടുക്കി വച്ചിരിക്കുന്ന കറ്റകളുടെ കൂട്ടത്തിലേക്ക് ആ ചെറിയ കെട്ടവൾ ഇറക്കി വച്ചു.


"ചേച്ചീ, കുറച്ചു വെള്ളം തായോ" തന്റെ ചുമട് താഴെ ഇറക്കി വച്ച ശേഷം വീട്ടിനുള്ളിലേക്ക് നോക്കി ചെല്ലമ്മ വിളിച്ചു പറഞ്ഞു. ഒരു പാത്രത്തിൽ വെള്ളവും കുറച്ചു ഗ്ലാസ്സുകളുമായി വന്ന സാവിത്രി കാലുകളിൽ ആകെ ചേറുമായി നിൽക്കുന്ന അമൃതയെ നോക്കി ഒന്ന് മുഖം ചുളിച്ചു.

"അമ്മൂ, പോയി കാല് കഴുകിയിട്ട് വാ."


പാത്രത്തിൽ നിന്ന് ഗ്ലാസ്സുകളിലേക്കു വെള്ളം പകർന്നു ഓരോരുത്തർക്കും നല്കുന്നതിനിടയിൽ അമൃതയെ നോക്കികൊണ്ടവർ പറഞ്ഞു. കാലുകഴുകി തിരിച്ചു വരുമ്പോൾ ചെല്ലമ്മയുടെ മകളുടെ കല്യാണത്തെ പറ്റിയുള്ള ചർച്ചകൾ നടക്കുകയായിരുന്നു. കല്യാണം ഒക്കെ മുൻപേ വിളിച്ചിരുന്നതാണെങ്കിലും അവർ എല്ലാവരെയും വീണ്ടും ഓർമപ്പെടുത്തി. രണ്ടാഴ്ചയ്ക്കപ്പുറം എന്നോ ആണ് കല്യാണം എന്ന് മുൻപ് കേട്ടത് അമൃത ഓർത്തെടുത്തു.


"മോളേം കൊണ്ട് വരണെ ചേച്ചി," അവളുടെ കവിളിൽ ഒന്ന് പിടിച്ചു കൊഞ്ചിച്ച ശേഷം ചെല്ലമ്മ സാവിത്രിയോടായി പറഞ്ഞു. മറുപടി ഒരു മൂളലിൽ ഒതുക്കി വെള്ളം കുടിച്ചു വച്ച ഗ്ലാസ്സുകളുമെടുത്തു സാവിത്രി അകത്തേക്ക് നടന്നു. തന്നെക്കാൾ പ്രായം കൂടിയ ചെല്ലമ്മ, ചേച്ചീ എന്നുവിളിക്കുന്നതിലുള്ള ഈർഷ്യ സാവിത്രിക്കുണ്ട് പക്ഷെ തന്റെ പാടത്തെ ഒരു പണിക്കാരി തന്നെ പേര് വിളിക്കുന്നത്തിലെ കുറച്ചിൽ ഓർത്തു അവൾ തിരുത്താൻ മിനക്കെടാറില്ല. അമ്മ എടുക്കാൻ വിട്ടുപോയ ഒരു ഗ്ലാസുമെടുത്തു സാവിത്രി പോയ വഴിയേ അമൃതയും നടന്നു. അടുക്കളപുറത്തു പാത്രം കഴുകുന്നിടത്തേയ്ക്ക് ഗ്ലാസ്സുകൊണ്ടു വെയ്ക്കാൻ പോയ അവളുടെ അടുത്തേയ്ക്ക് ഓടി വന്നു സാവിത്രി അത് വാങ്ങി കുറച്ചപ്പുറത്തായി ഇപ്പോൾ അവർ കൊണ്ടുവന്നു കൂട്ടിവച്ചിരിക്കുന്ന ഗ്ലാസ്സുകൾക്കടുത്തേക്ക് മാറ്റിവച്ചു. മാറ്റിവയ്ക്കലിന്റെ പിന്നാമ്പുറം അറിയാത്ത നിഷ്കളങ്കത അതെന്തിനാണെന്നു ചോദിച്ചു. അവരുടെ കൂട്ടരുപയോഗിക്കുന്ന പാത്രങ്ങൾ നമ്മുടെ വീട്ടിൽ ഉപയോഗിക്കാറില്ല എന്ന മറുപടി അപ്പോൾ അവൾക്ക് മനസിലായില്ലെങ്കിലും മാറ്റിനിർത്തലുകളുടെ വിത്തുകൾ അവളറിയാതെ ഉള്ളിൽ വിതയ്ക്കപെടുകയായിരുന്നു.


മണ്ണുകൊണ്ട് കെട്ടിയുണ്ടാക്കി കാട്ടു പുല്ലു മേഞ്ഞ വീടുകൾ നിരനിരയായി ഇരിക്കുന്ന ഒരു ചരിവിലായിരുന്നു ചെല്ലമ്മയുടെ വീട്. കുഞ്ഞഹമ്മദ് സാഹിബിൻറെ റബ്ബർ തോട്ടം അവസാനിക്കുന്നിടത്തു നിന്നാണ് ആ കോളനി തുടങ്ങുന്നത്. മുള്ളുവേലികൊണ്ട് അതിർത്തി നിർണയിച്ച ആ തോട്ടത്തിനു താഴെയായി നിരന്നു കിടക്കുന്ന നെല്പാടങ്ങളാണ്. തോട്ടത്തിനും വയലിനുമിടയിലായി ഒഴുകുന്ന ഒരു ചെറിയ തോടുണ്ട്. തോടിനും തോട്ടത്തിനുമിടയിലെ ചെറിയ സമതലഭാഗത്തു നിരന്നിരിക്കുന്ന കുടിലുകൾ ദൂരെ നിന്ന് കണ്ടപ്പോൾ ഇടി വെട്ടുമ്പോൾ വിരിയുന്ന വലിയ കുമിളുകളെ പോലെ തോന്നി അമൃതയ്ക്ക്. അമ്മയുടെ കൈപിടിച്ചു വയലിലൂടെ കല്യാണ വീട്ടിലേക്ക് നടക്കുകയായിരുന്നു അവൾ. കൊയ്ത്തുകഴിഞ്ഞ പാടത്തു മഞ്ഞയും വെള്ളയും കറുപ്പും ചിത്രശലഭങ്ങൾ കൂട്ടത്തോടെ വന്നിരിക്കുകയും തമ്മിലെ നിറങ്ങളുടെ വ്യത്യാസം ഇല്ലാതെ ഇടകലർന്നു പറക്കുകയും ചെയ്തു. ചിത്രശലഭങ്ങളുടെ പിറകെ ഓടിയപ്പോൾ കാലിൽ ഇക്കിളിയിട്ട നെൽച്ചെടിയുടെ കുറ്റികൾ അവളെ അച്ചന്റെ താടിയിലെ കുറ്റിരോമങ്ങൾ ഓർമപ്പെടുത്തി. അച്ഛൻ ഓഫീസിൽ നിന്ന് നേരത്തെ വന്നിരുന്നെങ്കിൽ അവളെ കൊണ്ട് വരില്ലായിരുന്നു എന്ന് ഇറങ്ങാൻ തുടങ്ങിയപ്പോഴും സാവിത്രി പറഞ്ഞിരുന്നു. കമുകിന്റെ കമ്പുകൾ ചേർത്ത് കെട്ടിയുണ്ടാക്കിയ ഒരു പാലം കടന്നു വേണം വയലിൽ നിന്നു കോളനിയിലേക്ക് കടക്കാൻ. കല്യാണവീടിന്റെ അടയാളമെന്നൊന്നും പാലത്തിൽ നിന്ന് കോളനിയിലേക്ക് കയറുന്നിടത്തു മെടഞ്ഞ ഓലകൊണ്ടൊരു ആർച്ചുണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. ചെല്ലമ്മയുടെ വീടിനോട് ചേർന്ന് നീലടാർപ്പ വലിച്ചു കെട്ടിയ ഒരു ചെറിയ പന്തലിൽ വിളമ്പുന്ന ചൂട് പൊറോട്ടയുടെയും ഗ്രീൻപീസ് കറിയുടെയും മണം പാലം കയറി ചെല്ലുമ്പോഴേ അമൃതയെ കൊതിപിടിപ്പിച്ചു. കഴിച്ചുകൊണ്ടിരിക്കുന്നവരെയും കടന്നു വീട്ടിലേക്ക് കയറുമ്പോൾ ചുമരിൽ വച്ചിരിക്കുന്ന വെള്ള തൊപ്പിവച്ച് വില്ലുവണ്ടിയിൽ പോകുന്ന ഒരാളുടെ ചിത്രത്തിൽ അമൃതയുടെ കണ്ണുടക്കി. ചേട്ടൻറെ പുസ്തകത്തിലെവിടെയോ ആ ചിത്രം കണ്ടിട്ടുള്ളതവൾ ഓർത്തെടുത്തു. ഒരു നീലസാരിക്കുള്ളിൽ വളരെ കുറച്ചു ആഭരങ്ങൾ ഇട്ടുനിൽക്കുകയായിരുന്നു ചെല്ലമ്മയുടെ മകൾ അനിത. അമൃത ഇതിനു മുൻപ് കണ്ടിട്ടുള്ള കല്യാണപെണ്ണുങ്ങളെ പോലെയേ അല്ലായിരുന്നു അവൾ, കല്യാണ പെണ്ണായിരുന്നിട്ടും അവളുടെ ശരീരത്തിൽ സാധാരണ ദിവസങ്ങളിൽ പുറത്തു പോകുമ്പോൾ അമ്മ ധരിക്കുന്നത്ര ആഭരണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് അമൃതയെ അത്ഭുതപ്പെടുത്തി. അനിതയുടെ അടുത്തേക്ക് ചെന്ന സാവിത്രി ഒരു കാവി കവർ അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തു. വീട്ടിൽ നിന്നിറങ്ങുന്നതിനു മുൻപ് ഒരഞ്ഞൂറു രൂപയുടെ നോട്ട് അമ്മ അതിലേക്കിടുന്നത് അമൃത കണ്ടിരുന്നു. അടുത്തിരിക്കുന്ന പാത്രത്തിൽ നിന്ന് ഒരു നാരങ്ങ എടുത്തു അനിത സാവിത്രിയുടെ കയ്യിലേക്ക് വച്ച് കൊടുത്തു.


നാളത്തെ സദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുന്നിടത്തു നിൽക്കുകയായിരുന്ന ചെല്ലമ്മ അവരെ കണ്ടങ്ങോട്ടു വന്നു.

"വാ ചേച്ചി ...കഴിക്കാൻ ഇരിക്ക്," സാവിത്രിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചെല്ലമ്മ വിളിച്ചു.

"അയ്യോ ... വേണ്ട ... ഞങ്ങൾ കഴിച്ചിട്ടാ വന്നത്," നിഷേധഭാവം മുഖത്തു വരുത്തി കൊണ്ട് സാവിത്രി പറഞ്ഞു.

അമ്മ എന്തിനാ കള്ളം പറയുന്നെതെന്നു മനസിലാകാതെ അമൃത അത്ഭുതത്തോടെ അവരെ നോക്കി. ഈ മറുപടി പ്രതീക്ഷിച്ചിരുന്ന പോലെ ഒരു ഭാവം ചെല്ലമ്മയുടെ മുഖത്തു മിന്നിമറഞ്ഞു.

"എന്നാൽ വേണ്ട, കുറച്ചു ബേക്കറി സാധനങ്ങൾ ഉണ്ട്, അത് എടുക്കട്ടേ ?"


മനസില്ലാമനസോടെ സാവിത്രി അതിനു സമ്മതം മൂളി. പേപ്പർ പ്ലേറ്റിൽ കൊണ്ട് വച്ച ബേക്കറി സാധനങ്ങളിൽ നിന്ന് കുറച്ചു മിച്ചർ മാത്രം എടുത്തു കഴിച്ചെന്നു വരുത്തി സാവിത്രി എഴുന്നേറ്റു. തന്റെ മുന്നിൽ ഇരിക്കുന്ന ബേക്കറി സാധങ്ങളോട് അമൃതയ്ക്ക് താല്പര്യം തോന്നിയതേ ഇല്ല. പോകാൻ ഇറങ്ങുമ്പോഴും അവളുടെ കണ്ണുകൾ ആളുകൾ കഴിച്ചു കൊണ്ടിരുന്ന പൊറോട്ടയിൽ ആയിരുന്നു.


പാലത്തിലേക്ക് കടന്നതും പൊറോട്ട കഴിക്കാൻ സമ്മതിക്കാത്ത അമ്മയോടുള്ള അമൃതയുടെ പ്രധിഷേധം അണപൊട്ടി.

"'അമ്മ എന്തിനാ കള്ളം പറഞ്ഞത് നമ്മൾ കഴിച്ചിട്ടാണ് വന്നതെന്ന് ? "


"അവരുടെ ഒന്നും വീട്ടിൽ നിന്ന് നമ്മുടെ കൂട്ടർ ഒന്നും കഴിക്കില്ല മോളെ," കയ്യിൽ ഇരുന്ന നാരങ്ങ തോട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് അവളുടെ കൈ പിടിച്ചു വരമ്പിലൂടെ വീട്ടിലേക്ക് നടന്നുകൊണ്ട് സാവിത്രി പറഞ്ഞു. തോട്ടിൽ പ്രണയാതുരമായി ഒരു മഞ്ഞ ചേരയെ നോക്കി ഇരുന്ന കരിം ചേര, നാരങ്ങ വെള്ളത്തിലുണ്ടാക്കിയ ബ്ലും എന്ന ശബ്ദം കേട്ട് ഭയന്നു തന്റെ പ്രണയം ഉപേക്ഷിച്ചു വളഞ്ഞു പുളഞ്ഞു എങ്ങോട്ടോ നീന്തി പോയി. സാവിത്രി പറഞ്ഞത് പൂർണമായി അപ്പോഴും അവൾക്ക് മനസ്സിലായിരുന്നില്ല എങ്കിലും ഗ്ലാസ്സ് മാറ്റിവച്ചപ്പോൾ ഉള്ളിൽ വിതച്ച വിത്തുകളിൽ അന്നാദ്യത്തെ മുളപൊട്ടി.


"കുട്ടിയാണോ അമൃത?" തോട്ടിൽ വീണ ആ നാരങ്ങയെ പോലെ എങ്ങോട്ടോ ഒഴുകിക്കൊണ്ടിരുന്നു മനസിനെ ആ ചോദ്യമാണുണർത്തിയത്. യൂണിഫോമിൽ അല്ലായിരുന്നു എങ്കിലും, പറ്റ വെട്ടിയ മുടിയും കാക്കി ഷൂവും ഇട്ടു മുന്നിൽ നിൽക്കുന്നത് രണ്ടു പോലീസുകാരാണെന്നു അവൾക്ക് മനസിലായി.


"ആക്സിഡന്റിനെ പറ്റി അന്വേഷിക്കാൻ വന്നതാ, അപ്പോഴാണ് നിങ്ങളുടെ കൂട്ടുകാർക്ക് ആത്മഹത്യാ ശ്രമം ആണെന്ന് സംശയം ഉണ്ടെന്നു പറഞ്ഞത്,"കൂട്ടത്തിൽ പ്രായം കൂടിയ പൊലീസുകാരനാണ് പറഞ്ഞത്. അയാളുടെ വെളുത്ത മീശയുടെ നടുക്കുമാത്രം ചെമ്പിച്ചിരുന്നു. അയാൾ അടുത്തുവന്നപ്പോൾ വന്ന സിഗരറ്റിന്റെ മണം അവളെ അസ്വസ്ഥപെടുത്തി.


"നിങ്ങൾ തമ്മിൽ ഇന്നലെ എന്തോ പ്രശ്നം നടന്നിരുന്നു എന്ന് അവർ പറഞ്ഞു," നിർമ്മലും കിഷോറും നിന്ന ഭാഗത്തേക്ക് നോക്കികൊണ്ടാണയാൾ ബാക്കി പറഞ്ഞത്.


"അത് ആക്സിഡന്റ് തന്നെയാണ്, അവൻ ആത്യമഹത്യ ചെയ്യില്ല, അതെനിക്ക് ഉറപ്പാണ്." അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു.

"അത് തനിക്ക് എങ്ങനെ അറിയാം?" രണ്ടാമത്തെ പോലീസുകാരൻ ആണത് ചോദിച്ചത്.

"അവൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കില്ല സാർ," അത് പറഞ്ഞത് അമൃതയായിരുന്നില്ല.പ്രായത്തിന്റെ കുറച്ചു ചുളിവുകൾ വീണിരുന്നെങ്കിലും ചെമ്മാനം കണ്ട് ഭയന്നോടിയ ദിവസത്തെ അതെ മുഖത്തോടെ തൊട്ടപ്പുറത്തായി നിന്നിരുന്ന ശാരദയുടേതായിരുന്നു ആ ശബ്‌ദം.


"നിങ്ങൾ ആരാ?" ഇടയിൽ കയറി പറഞ്ഞതിന്റെ നീരസത്തോടെയാണ് പോലീസുകാരൻ ചോദിച്ചത്. അമ്മയാണെന്നുള്ള മറുപടി അവരെ തൃപ്തിപെടുത്തിയത് കൊണ്ടാകണം പിന്നീട് ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല. ഒന്നിരൂത്തി മൂളിയ ശേഷം രണ്ടു പേരും തിരിഞ്ഞു നടന്നു. പെട്ടെന്ന് എന്തോ ഓർത്തപ്പോൾ തിരിഞ്ഞു നിന്ന് അമൃതയോടായി പറഞ്ഞു.


"വിളിപ്പിക്കുമ്പോൾ സ്റ്റേഷനലിക്ക് വരണം, തന്റെ നമ്പർ പറ." അവൾ പറഞ്ഞു കൊടുത്ത നമ്പർ കയ്യിലിരുന്ന ഫയലിലേക്ക് എഴുതിയ ശേഷമാണു അയാൾ അവളോട് ഐ ഡി കാർഡ് വല്ലതും കയ്യിൽ ഉണ്ടോ എന്ന് ചോദിച്ചത്. രാവിലെ റെഡിയായി ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് തലേന്ന് ഓഫ് ചെയ്തു വച്ച ഫോൺ അവൾ ഓണാക്കുന്നത്, മഹേഷിന്റെ അപകട വിവരം ആന്സിയുടെ മെസ്സേജിലൂടെ അറിഞ്ഞതും അപ്പോഴാണ്. കഴുത്തിൽ കിടന്ന കമ്പനി ഐ ഡി കാർഡ് ഊരി അവൾ അയാൾക്ക് നേരെ നീട്ടി. അതിന്റെ ഒരു ഫോട്ടോ എടുത്ത ശേഷം ഫയലിൽ എഴുതിയിരുന്ന അമൃത എന്ന പേരിനൊപ്പം നായർ എന്നുകൂടി എഴുതി ചേർത്തിട്ട് അയാൾ അത് അവൾക്ക് തിരിച്ചു കൊടുത്തു.


"അമൃത നായർ," പേരൊരിക്കൽ കൂടി വായിച്ചുറപ്പിച്ച ശേഷം അവർ തിരിച്ചു നടന്നു. അമൃത തന്റെ ഐ ഡി കാർഡിലേക്ക് ഒരിക്കൽ കൂടി നോക്കി, അതിലേക്ക് നോക്കി നിന്നപ്പോൾ കാരണമെന്തെന്നറിയാത്തൊരു കുറ്റബോധം അവളിൽ ഉരുണ്ടു കൂടി.


ഐ സി യുവിന്റെ ചില്ലുവാതിലിലൂടെ അകത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ശാരദ. അകത്ത്‌ കിടക്കുന്ന മഹേഷിനെ അവർക്ക് കാണാം. തലയ്ക്കുള്ള പരിക്ക് സീരിയസ് അല്ല എന്നാണ് ഡോക്ടർ പറഞ്ഞത്. കുറച്ചുകഴിഞ്ഞു റൂമിലേക്ക് മാറ്റം. തലയോട്ടിയിൽ ഒരു ഹെയർ ലൈൻ ഫ്രാക്ചർ ഉണ്ടെങ്കിലും ഭയക്കാൻ മാത്രമുള്ളതല്ല പക്ഷെ ഇടതു കാലിലെ ഒടിവ് കുറച്ചു പ്രശ്നമുള്ളതാണ്, സ്വന്തമായി നടക്കാൻ മൂന്നുമാസമെങ്കിലും ആകുമത്രേ. തലയ്ക്കു പരിക്കുള്ളതുകൊണ്ട് മൂന്നു ദിവസം നിരീക്ഷണത്തിൽ കഴിയണം.


അബോധത്തിനും ബോധത്തിനും ഇടയിലുള്ള ചുഴിയിൽ പെട്ട് മുങ്ങുകയും പൊങ്ങുകയും ചെയ്യുകയായിരുന്നു മഹേഷ്. ഒരു മാനത്തുകണ്ണി അവന്റെ മൂക്കിനടുത്തുകൂടി പാഞ്ഞു പോയി. തറയിൽ കാലുറപ്പിച്ചു മൂക്കും വായും വെള്ളത്തിന് മുകളിൽ എത്തിക്കാൻ ഒരു വിഫല ശ്രമം നടത്തി, ചവിട്ടിയത് ഒരു മണൽ തിട്ടയുടെ അരികിൽ എവിടെയോ ആണ്, അത് പൊടിഞ്ഞു വീണത് കുറച്ചുകൂടി ആഴത്തിലേക്ക് ആണ്. അടിയൊഴുക്കിൻറെ ശക്തി കൂടിയിരിക്കുന്നു, ചവിട്ടിയുറപ്പിച്ചു നില്ക്കാൻ ശ്രമിച്ച കാലുകളെ അത് എങ്ങോട്ടേക്കോ വലിച്ചു കൊണ്ടുപോകുന്നു. ശ്വാസം കിട്ടാതെ ഉള്ള പിടച്ചിലിന്റെ ശക്തിയിൽ ഇടയ്ക്കൊന്നു വെള്ളത്തിനുമുകളിൽ ഉയർന്നു വന്നു കൈകൾ ആഞ്ഞടിച്ചു, ശബ്‌ദം കേട്ടിട്ട് വലിയ മീൻ എന്തോ ആണെന്ന് കരുതിയാണ് കുറച്ചപ്പുറത്തു പശുവിനെ കുളിപ്പിച്ചുകൊണ്ടിരുന്ന മണിലാൽ തിരിഞ്ഞു നോക്കിയത്. വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന ചെറിയ കൈകൾ കണ്ടവൻ എടുത്തു ചാടി, മുങ്ങാം കുഴിയിട്ടുചെന്നു അവനെ പൊക്കിയെടുത്തു കരയിലേക്ക് നീന്തി. വള്ളം വന്നടുക്കുന്ന കടവിലെ പുൽത്തകിടിയിൽ അവനെ കിടത്തി. വടിയും കുത്തി വള്ളം കയറാൻ വന്ന അലി ഉപ്പാപ്പ തന്റെ കട്ടികണ്ണട ഒന്നുകൂടി ഉറപ്പിച്ചു വച്ച ശേഷം അവനെ സൂക്ഷിച്ചു നോക്കി.


"ആരാ മോനെ വെള്ളത്തിൽ പോയത്?"

കണ്ണട ഉണ്ടായിരുന്നെങ്കിലും ഉപ്പാപ്പയുടെ കാഴ്ചകൾ പലപ്പോഴും അപൂർണമായിരുന്നു. 

"മഹേഷാണ് ഉപ്പാപ്പ," മണിലാൽ പറഞ്ഞു.


"ഏതു മഹേഷ് ?" ഉപ്പാപ്പയ്ക്ക് ആരാണെന്നു മനസ്സിലായിരുന്നില്ല.

"നമ്മുടെ രാഘവൻ ചാന്നാരുടെ കൊച്ചുമോൻ," മണിലാൽ വിശദീകരിച്ചു കൊടുത്തു.


പകുതി ബോധത്തിൽ കിടന്നിരുന്ന മഹേഷ് അവസാനം പറഞ്ഞത് മാത്രമാണ് വ്യക്തമായി കേട്ടത്. ഒരു വലിയ എക്കിട്ടതോടെ അവന്റെ വായിലൂടെയും മൂക്കിലൂടെയും കുറച്ചു വെള്ളം പുറത്തേക്ക് ഒഴുകി.


കണ്ണുകൾ വലിച്ചു തുറന്ന് നോക്കിയപ്പോൾ നീല ആകാശത്തിനും അവനുമിടയിൽ നിറയെ ബാക്ടീരിയയും അമീബയും ഒഴുകി നടക്കുകയാണ്. ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ വായുവിൽ ഒഴുകി നടക്കുന്ന സൂക്ഷ്മജീവികളെ കാണുന്നത് തന്റെ മാത്രം മാന്ത്രിക ശക്തിയായിട്ടാണ് അവൻ കരുതിയിരുന്നത്. തന്റെ ശക്തി നഷ്ടപെട്ടുപോകുമെന്നു കരുതി അവൻ അതിനെപ്പറ്റി ആരോടും പറയുകയോ ചോദിക്കുകയോ ചെയ്തില്ല. പിന്നെയും ഒരുപാടു വർഷങ്ങൾ കഴിഞ്ഞാണ് അവൻ അതിന്റെ ശാസ്ത്രം അറിയുന്നത്. അന്ന് കണ്ടതിൽ കൂടുതൽ സൂക്ഷ്മജീവികൾ കണ്ണിനു മുന്നിൽ ഒഴുകി നടക്കുന്നുണ്ടെന്ന് തോന്നി മഹേഷിനു. മണിലാൽ എടുത്തു കൊണ്ടിട്ട പുൽത്തകിടിയിൽ തന്നെയാണ് താനെന്നാണ് അവൻ കരുതിയത്, പക്ഷെ ദൂരെ നീലാകാശമല്ല വെളുത്ത ഭിത്തിയാണ് കാണുന്നത്. ചുറ്റും പരതി നോക്കി, അവനെ തന്നെ നോക്കി നീക്കുകയായിരുന്നു ശാരദ. അവനെ റൂമിലേക്ക് മാറ്റിയിട്ടു ഒരു മണിക്കൂറോളം ആയിരുന്നു.ശരീരത്തിലേക്ക് കയറ്റിയ മരുന്നുകൾ അവനെ ഉറക്കത്തിലേക്ക് തിരിച്ചു വിളിക്കുന്നുണ്ടായിരുന്നു. ശാരദ നോക്കി നിൽക്കെ കണ്ണുകൾ പതുക്കെ അടച്ചു അടുത്ത മയക്കത്തിലേക്ക് അവൻ മുങ്ങി പോയി.


കട്ടിലിൽ ഉയർത്തി വച്ച തലയണയിൽ ചാരി കിടന്നു ശാരദ കോരി കൊടുക്കുന്ന കഞ്ഞി കുടിച്ചു കൊണ്ട് ഇന്നലെ സംഭവിച്ചതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു. അമ്മ ചെമ്മാനം കണ്ടു തീമഴ പെയ്യുമെന്നു കരുതി ഓടി വന്നതാണ് അവന്റെ ഓർമയിൽ ആദ്യം എത്തിയത്. ബോധം നഷ്ടപെടുന്നതിനു തൊട്ടു മുൻപവൻ കണ്ട കാഴ്ച. അതെന്തു കൊണ്ടാകും? അമ്മ പണ്ട് പറഞ്ഞിരുന്ന തീമഴയുടെ കഥ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു, പക്ഷെ പൂർണമാകുന്നില്ല. അവൻ ശാരദയോട് തന്നെ ചോദിച്ചു.


"'അമ്മ പണ്ട് ചെമ്മാനം കണ്ടു ഓടിയതിനു ഒരു കഥ പറഞ്ഞിരുന്നില്ലേ? എന്തായിരുന്നു അത്?"

ചോദ്യം കേട്ട് ശാരദ ഒന്ന് ചിരിച്ചു. പഴയ കാര്യങ്ങൾ ഓരോന്നായി അവർ ഓർത്തെടുത്തു.


അത് ശാരദയോട് അവളുടെ കൂട്ടുകാരി പറഞ്ഞകൊടുത്ത കഥയാണ്, കൂട്ടുകാരിക്ക് അവളുടെ അമ്മയും. ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്താണ് ശാരദയുടെ കൂട്ടുകാരി ലക്ഷ്മിക്ക് അവരുടെ ക്ലാസ്സിൽ തന്നെ ഉള്ള കുട്ടപ്പനോട് പ്രണയം തോന്നുന്നത്, കറുത്ത സുന്ദരനായ കുട്ടപ്പനോട് ക്‌ളാസ്സിലെ പല കുട്ടികൾക്കും ഇഷ്ടമുണ്ടായിരുന്നു. നാട്ടിലെ വലിയ തറവാട്ടിലെ ഇളയ കുട്ടിയായിരുന്നു ലക്ഷ്മി. അവളുടെ അച്ഛൻ ആയിരുന്നു സ്കൂളിലെ പി ടി എ പ്രസിഡണ്ട്. കുട്ടപ്പനാകട്ടെ അവരുടെ പറമ്പിൽ പണി എടുക്കാൻ വരുന്ന ചേറുവിന്റെ മകനും. ലക്ഷ്മിയുടെ പ്രണയ കഥ എങ്ങനെയോ അവളുടെ അമ്മ അറിഞ്ഞു. അന്നാണ് ലക്ഷ്മിക്ക് ആ കഥ അവളുടെ അമ്മ പറഞ്ഞു കൊടുത്തത്, അവരുടെ തറവാട്ടിൽ തന്നെ പണ്ടെങ്ങോ നടന്നതാണത്രേ. ലക്ഷ്മിയുടെ അമ്മൂമ്മയുടെ അമ്മൂമ്മയ്ക്ക് സുന്ദരിയായ ഒരു അനുജത്തി ഉണ്ടായിരുന്നു. അവരുടെ പേരും ലക്ഷ്മി എന്നായിരുന്നു. അക്കാലത്തു പുലപ്പേടി എന്നൊരാചാരം ഉണ്ടായിരുന്നു. കർക്കിടകമാസത്തിൽ സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങുന്ന ഉയർന്ന ജാതിയിലെ സ്ത്രീകളെ സ്വന്തമാക്കാൻ താണ ജാതിയിൽ പെട്ട പുരുഷന്മാർക്ക് സാധിക്കുന്ന ആചാരം. വീടിന്റെ പരിസരത്ത് ഒളിച്ചിരിക്കുന്ന താണജാതിയിൽപ്പെട്ട പുരുഷന്മാർ പുറത്തിറങ്ങുന്ന സ്ത്രീയെ കല്ലോ കമ്പോ കൊണ്ടെറിഞ്ഞു കൊള്ളിച്ചാൽ ആ സ്ത്രീയെ തറവാടിൽ നിന്ന് ഭ്രഷ്ടാക്കുകയും പിന്നീടവൾ ആ താണ ജാതിക്കാരനൊപ്പം ആജീവനാന്തം താമസിക്കുകയും വേണം.


ലക്ഷ്മിഅമ്മൂമ്മയെ സ്വന്തമാക്കാൻ വേണ്ടി താഴ്ന്ന ജാതിയിൽ പെട്ട ഒരാൾ രാത്രി തറവാടിന്റെ അടുത്തുള്ള കാട്ടിൽ ഒളിച്ചിരുന്ന് കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു, കരച്ചിൽ കേട്ട് പുറത്തിറങ്ങിയ ലക്ഷ്മിയെ അവൻ ഒരു കമ്പെടുത്തെറിഞ്ഞു ഭ്രഷ്ടാക്കി, എന്നാൽ ഒരു താഴ്ന്ന ജാതിക്കാരനൊപ്പം ജീവിക്കുന്നതിലെ അപമാനം ഓർത്തു ലക്ഷ്മി അമ്മൂമ്മ സ്വന്തം കഴുത്തു മുറിച്ചു ആത്മഹത്യ ചെയ്തു. അവരുടെ കഴുത്തിൽ നിന്ന് പടർന്നിറങ്ങിയ ചോരകോണ്ടാകാശവും ഭൂമിയും ചുവന്നു. അവളുടെ കണ്ണുനീർ മഴമേഘങ്ങളായി ഉരുണ്ടുകൂടി. തന്നെ ഭ്രഷ്ടാക്കാൻ ശ്രമിച്ച പുലയനോടുള്ള ദേഷ്യത്തിൽ അവൾ തീമഴയായി പെയ്തിറങ്ങി അവിടെയുള്ള അയാളുടെ ജാതിയിൽ പെട്ടവരുടെ കുടിലുകൾ മുഴുവൻ എരിച്ചു കളഞ്ഞു. അതിനു ശേഷം എപ്പോഴെങ്കിലും താഴ്ന്ന ജാതിക്കാർ സവർണ്ണ സ്ത്രീകളെ സ്വന്തമാക്കാൻ ശ്രമിച്ചാൽ ആകാശം ചുവന്നു തുടുക്കും എന്നും ലക്ഷ്മിയുടെ കണ്ണുനീർ കാർമേഘങ്ങളാകുമെന്നും അവ തീമഴയായി പെയ്‌തിറങ്ങുമെന്നുമാണ് അന്ന് ശാരദയ്ക്ക് അവൾ പറഞ്ഞു കൊടുത്തിരുന്നത്. ശാരദ കഥ പറഞ്ഞു നിർത്തി.


"ഓ, അപ്പോൾ താഴ്ന്ന ജാതിക്കാരെ കല്യാണം കഴിക്കുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ് എന്നാണ് കഥാസാരം അല്ലെ?" ഒരു പരിഹാസ ചിരിയോടെ മഹേഷ് ചോദിച്ചു.


ആ ചോദ്യവും കേട്ടുകൊണ്ടാണ് വാതിൽ തുറന്നു അമൃത അകത്തേക്ക് കയറി വന്നത്. എന്താണ് അവിടെ സംഭവിച്ചത് എന്ന് മനസിലാകാതെ അവൾ ഒരു നിമിഷം ഒന്നറച്ചു നിന്നു.


തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് യാതൊരു വിലയും കല്പിക്കാത്ത ആചാരം എന്ന വൃത്തികേടിനോടുള്ള അവരുടെ പ്രധിഷേധം ആയിട്ട് എന്തെ അതിനെ ആരും വ്യഖ്യനിക്കാനിക്കാതിരുന്നത് എന്ന് ഒരു നിമിഷം അവൻ ഒന്നാലോചിച്ചു ... ഉവ്വ് അമ്മയുടെ കൂട്ടുകാരിയുടെ ആ ലക്ഷ്മി അമ്മൂമ്മയാകും ഒരുപക്ഷെ പാട്രിയാർക്കി ആഘോഷിച്ച ഒരു വൃത്തികേടിനോട് പൊരുതി മരിച്ച ആദ്യ വനിത... പക്ഷെ അതും അവർ ജാതിയിൽ കെട്ടിയിട്ടൂ ... കൂടുതൽ പേരെ അകത്തളങ്ങളിൽ കെട്ടിയിട്ടു വളർത്താൻ വേണ്ടി ഒരു കഥ ...ഒരു പുതിയ കഥ.


"അതൊക്കെ പഴയ ആളുകളുടെ ഓരോ കാര്യങ്ങൾ അല്ലെ?" ശാരദ അവനുള്ള മറുപടി എന്നോണം പറഞ്ഞു.

"പഴയത്," ഒന്ന് ചിരിച്ചുകൊണ്ട് അതാവർത്തിച്ചു ശേഷം അവൻ അമൃതയെ നോക്കി.


ഇന്നലെ അവൾ നോ പറഞ്ഞതിന്റെ കാരണം അവൻ ചോദിച്ചെങ്കിലും അപ്പോൾ അവൾ പറഞ്ഞിരുന്നില്ല. പക്ഷെ രാത്രിയിൽ ബിയറിനൊപ്പം അവളുടെ ഫേസ്ബുക്ക് പ്രൊഫൈലിലെ പഴയ പോസ്റ്റുകൾ വെറുതെ നോക്കികൊണ്ടിരിക്കുന്നതിനിടയിൽ ആണ് ആറ് ഏഴു വർഷം മുൻപുള്ള ആ പോസ്റ്റ് അവന്റെ കണ്ണിൽ പെട്ടത്.


പണ്ട് അമ്മ ഉള്ളിൽ വിതച്ച വിത്തുകൾ ഓരോന്നും വളർന്നു വൻ മരങ്ങളായ നിമിഷങ്ങളിൽ എപ്പോഴോ ആണവൾ ആ പോസ്റ്റിട്ടത്. അതിന്റെ ചുരുക്കം ഇങ്ങനെ ആയിരുന്നു ."കല്യാണം കഴിക്കുന്നെങ്കിൽ നല്ല തറവാട്ടിൽ പിറന്ന എന്റെ ജാതിയിൽ പെട്ട ഒരാളെ ആയിരിക്കും. അല്ലാത്തവന്മാരൊന്നും എന്റെ പിറകെ വരണ്ട". താൻ ആലോചിച്ചു തല പുകച്ചിരുന്ന ചോദ്യത്തിന് അവനപ്പോൾ ഉത്തരം കിട്ടി. ഫോൺ എടുത്തവളെ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച്ഓഫ്. ഉള്ളിൽ ഉള്ള മദ്യം ആ രാത്രി തന്നെ അവളെ കണ്ടു തന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി എന്നറിയിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേ ഇരുന്നു. ബാറിൽ നിന്നിറങ്ങി ഓടി, ഇടറോഡിൽ നിന്ന് റോഡിലേക്കിറങ്ങിയതുവരയെ ഓർമയുള്ളൂ, പിന്നെ കണ്ണ് തുറക്കുന്നത് ആശുപത്രിയിൽ ആണ്.


വെളിയിൽ നിന്നത്ര നേരവും തന്റെ ഉള്ളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങളോരോന്നും തൻറെ സർവശക്തിയും ഉപയോഗിച്ച് മറിച്ചിടാൻ അവളൊന്നു ശ്രമിച്ചു നോക്കിയിരുന്നു, പക്ഷെ ആഴത്തിൽ വേരുറപ്പിച്ചിരുന്ന അവയിൽ നിന്ന് ഒന്ന് രണ്ടു പഴുത്ത ഇലകൾ അടർന്നു വീണതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.


എന്തോ പറയാൻ ഒരുങ്ങിയ അമൃതയെ തടഞ്ഞു കൊണ്ട് അവൻ പറഞ്ഞു,

"ഉള്ളിൽ ഉള്ള വംശീയതയും ജാതീയതയും ഒന്നും പെട്ടെന്ന് മാറുന്നതല്ല, എനിക്ക് മനസിലാക്കാൻ പറ്റും."

അവൻ പറഞ്ഞതിന്റെ പിറകിലെ കഥ മനസിലായില്ലെങ്കിലും ശാരദ തിരിഞ്ഞു നിന്ന് ചോദിച്ചു,

"ഇതിനാണോ നീ വണ്ടിയുടെ മുൻപിൽ ചാടിയത് ?"


"മനുഷ്യരുടെ ഉള്ളിൽ ഉള്ള കറുപ്പിനെ തിരിച്ചറിഞ്ഞു വെളുപ്പ് കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഇങ്ങനെ ഒക്കെ അപകടം പറ്റും അമ്മേ ..."ഫിലോസഫി ക്ലാസ്സുപോലെയുള്ള അവന്റെ മറുപടി കേട്ട് ശാരദ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ആ ചിരിയുടെ അർഥം മനസിലാക്കതെ മഹേഷും അമൃതയും മുഖത്തോട് മുഖം നോക്കി. താൻ തമാശ ഒന്നും പറഞ്ഞില്ലല്ലോ എന്നോർത്ത് അവൻ ചോദിച്ചു,

"അമ്മ എന്തിനാണ് ചിരിക്കുന്നത്?"

"നീ കുറച്ചു മുൻപ് വംശീയത എന്നോ മറ്റോ പറഞ്ഞിരുന്നോ...?" ചിരി നിർത്തിയ ശേഷം ശാരദ ചോദിച്ചു.

"കറുപ്പിൽ നിന്ന് വെളുപ്പിലേക്ക് അല്ലെ ?" ശാരദ വീണ്ടും ചിരിച്ചു തുടങ്ങി.


ശാരദയുടെ ആ ചോദ്യത്തിന്റെ പൊരുൾ മനസിലാക്കിയെടുക്കാൻ അവൻ ശ്രമിക്കുമ്പോൾ തന്റെ ഐ ഡി കാർഡിലെ പേരിന്റെ വാൽ ഭാഗത്തു വെറുതെ ചുരണ്ടി കൊണ്ട് നിൽക്കുകയായിരുന്നു അമൃത. ഭിത്തിയുടെ മുകളിൽ നിന്ന് താഴേയ്ക്ക് വീണൊരു പല്ലി തൻറെ വാൽ വീണ്ടും കിളിപ്പിക്കാൻ വേണ്ടി മുറിച്ചുകളഞ്ഞിട്ട് എങ്ങോട്ടോ ഓടിപ്പോയി. അമേരിക്കയിൽ എവിടെയോ ഒരു കറുത്ത വർഗക്കാരനെ വെളുത്ത പോലിസുകാരൻ വെടിവച്ചുകൊന്ന വാർത്ത റൂമിലെ ടിവിയിലൂടെ സ്ക്രോൾ ചെയ്തു പോയി.


മഹേഷിനപ്പോഴും ശാരദ ചിരിച്ചതെന്തിനെന്നു മനസിലായിട്ടുണ്ടായിരുന്നില്ല.


Rate this content
Log in

Similar malayalam story from Drama