Pramod Sachidhanandhan

Romance

4.7  

Pramod Sachidhanandhan

Romance

മുൻപോട്ട് നടക്കുന്ന ഞണ്ടുകൾ

മുൻപോട്ട് നടക്കുന്ന ഞണ്ടുകൾ

9 mins
1.3K


കാറ്റിനു ശക്തി കൂടി വരുന്നുണ്ടെന്നു തോന്നുന്നു. ദൂരെ എം സി റോഡിൽ കൂടെ പോകുന്ന വണ്ടികൾ കാണാം. നക്ഷത്ര എവിടെ? ചുറ്റും ഒന്ന് പരതി നോക്കി. അവളിപ്പോഴും ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പത്തിന്റെ ഭംഗി ആസ്വദിച്ചു കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ജടായു ശില്പത്തിന്റെ പല ആംഗിളിലുള്ള ഫോട്ടോ എടുക്കാനുള്ള ശ്രമം ആണ്.


"ഏയ്... കഴിഞ്ഞില്ലേ ?"


ഫോട്ടോ എടുക്കുന്നത് നിർത്തി ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം അവൾ അടുത്തേക്ക് നടന്നു വന്നു. തലയിൽ വച്ചിരിക്കുന്ന വട്ട തൊപ്പി കാറ്റത്ത് പറന്നു പോകാതെ ഒരു കയ്യ് കൊണ്ട് പിടിച്ചിട്ടുണ്ട്. അടുത്തേക്ക് വന്നവൾ പാറപ്പുറത്തേക്ക് ഇരുന്ന ശേഷം ക്യാമറ എടുത്ത് ചിത്രങ്ങൾ ഓരോന്നായി വീണ്ടും നോക്കാൻ തുടങ്ങി. ചെറുതായ് കിതയ്ക്കുന്നുണ്ട്.


"തളർന്നോ?"


അവൾ ക്യാമറയിൽ നിന്നും മുഖം ഉയർത്തി നോക്കി. ഒരു നിമിഷത്തെ നിശബ്തത.


"ചെറുതായിട്ട് " പറഞ്ഞിട്ട് വീണ്ടുമവൾ ക്യാമറയിലേക്ക് ഊളിയിട്ടു.


അവളുടെ അടുത്തേക്ക് ഇരുന്നു. ക്യാമറ സൈഡിലേക്ക് മാറ്റിവച്ചവൾ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട്‌ ചോദിച്ചു:


"രാവണൻ ചിറകു ചെത്തിക്കളഞ്ഞ ജടായുവിനു ശിൽപം ഉണ്ട്. പക്ഷെ ലക്ഷ്മണൻ മൂക്കും മുലയും ചെത്തിക്കളഞ്ഞ ശൂർപ്പണഖയ്ക്ക് ആരും എന്താ ശിൽപം പണിയാത്തത് ?"


"ശൂർപ്പണഖ...? " 


"അതെ ..ശൂർപ്പണഖ" അവൾ അത് ഒന്ന് ആവർത്തിച്ചു.


ചിരിയാണ് വന്നത്. കോളേജിലെ അവളുടെ ഇരട്ടപ്പേരായിരുന്നു അത്.


"ആരും ഇല്ലെങ്കിലും വേണ്ട അപ്പു... നീ ഒരു പ്രതിമ നിർമിക്കണം..." പറഞ്ഞിട്ടവൾ പിന്നിലേക്ക് കിടന്നു. ഒരു കയ്യെടുത്തു തലയ്ക്ക് പിറകിലും മറ്റേ കയ്യ് നെഞ്ചിലും വച്ചുകൊണ്ടവൾ ആകാശം നോക്കി കിടന്നു...


"പാറപ്പുറത്തൊരു ശൂർപ്പണഖ ശിൽപം ....ദാ ഇതുപോലെ, " പറഞ്ഞു കഴിഞ്ഞൊരു പൊട്ടിച്ചിരി പിറകെ വന്നു.


അവളുടെ അരികിലായി പാറപ്പുറത്തേക്ക് കിടന്നു. മാനം നോക്കി കിടക്കുമ്പോൾ ആകാശത്ത് മേഘങ്ങൾ മാനിന്റെയും മുയലിന്റെയുമൊക്കെ ചിത്രങ്ങൾ വരച്ചു കളിക്കുന്നത് കാണാം.


"അപ്പു," വളരെ നേർത്ത ശബ്ദത്തിൽ ആയിരുന്നു അവളുടെ വിളി.


"ഊം. "


"ആരാണ് എന്നെ ആദ്യമായി ശൂർപ്പണഖ എന്ന് വിളിച്ചതെന്ന് നിനക്ക് ഓർമ്മയുണ്ടോ ?"


ആരായിരുന്നു അത്...?.ഫസ്റ്റ് ഇയറിന്റെ ആദ്യദിവസങ്ങളിൽ എപ്പഴോ ആയിരുന്നു അത്.


അവളെ കാണുന്നവരെല്ലാം ആദ്യം നോക്കുക അവളുടെ മുടിയിലേക്കായിരുന്നു. ഇടതൂർന്നു വളരുന്ന കാട്ടുവള്ളികൾ പോലെ മുട്ടൊപ്പം എത്തുന്ന മുടി. ഒരു കൊച്ചു കുട്ടിക്ക് ഒളിച്ചു ഇരിക്കാൻ മാത്രം ഇടമുണ്ട് അതിനിടെയിൽ എന്ന് തോന്നിയിട്ടുണ്ട്.... ആദ്യം പ്രണയം തോന്നിയതും അതിനോട് തന്നെയാണ്. അവൾ ക്ലാസ്സിൽ വരാതിരുന്ന ഒരു ദിവസം ശൂന്യമായ അവളുടെ സീറ്റിലേക്ക് നോക്കിയിരിക്കുന്നതിനിടയിലാണ് അത് കണ്ടുപിടിച്ചത്. അർക്കമിഡീസിനെ പോലെ അലറി വിളിച്ചുകൊണ്ടു ഇറങ്ങി ഓടണം എന്നുതോന്നി. പറയണമെന്ന് പലതവണ വിചാരിച്ചതാണ് പക്ഷെ എന്തോ മുമ്പിൽ എത്തുമ്പോൾ അകാരണമായി തൊണ്ട ഇടറുകയും മുട്ടുകൾ വിറക്കുകയും ചെയ്തു ...


ഒരുദിവസം ഉച്ചയ്ക്കത്തെ ഇടവേളകളിലൊന്നിൽ ധൈര്യം സംഭരിച്ചു അവളുടെ അടുത്തേക്ക് നടന്നു... കൂട്ടുകാരികളുടെ വെടിവട്ടത്തിനിടയിൽ ജനലിലൂടെ പുറത്തേക്ക് നോക്കി അവൾ നിശ്ശബ്ദയായിരിക്കുന്നു. ഡെസ്കിനു മുകളിൽ ലൈബ്രറിയിൽ നിന്നെടുത്ത ഏതോ ബുക്ക് കിടപ്പുണ്ട്. ചുറ്റുമിരിക്കുന്നവരോട് പേരിനെന്തെക്കോയെ സംസാരിച്ചെന്നു വരുത്തി അവളോട് സംസാരിച്ചു തുടങ്ങി. 


"എന്താ നക്ഷത്രാ മിണ്ടാതിരിക്കുന്നത്?" 


"എന്ത് മിണ്ടാൻ..? " പിന്നിലേക്ക് കിടന്ന നീണ്ട മുടി അവൾ മുന്നിലേക്കെടുത്തിട്ടു. ആ കാട്ടുവള്ളികളിലാകെ പൂ വിടർന്നു നിന്നതു പോലൊരു മണം അവിടെയാകെ പരന്നു. ചന്ദനത്തിന്റെ മണമാണോ? മുടിയിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. 


"നിന്റെ മുടി എനിക്ക് ഭയങ്കര ഇഷ്ടമാണ് ... മുടി ഇങ്ങനെ വളരാൻ എന്ത് മരുന്നാണ് ചെയ്യുന്നത്."


അവൾ ഒരു നിമിഷം ഒന്നാലോചിച്ചു. കണ്ണുകൾ കൊണ്ടൊന്നു ചിരിച്ച പോലെ തോന്നി, പിന്നീടതൊരു കപട ദേഷ്യത്തിലേക്ക് മാറി.


"ഫാക്ടംപോസും യൂറിയായും ഇടാറുണ്ട് എന്തെ?"


"എന്ത് ? "


"ആ പിന്നെ ഞായറാഴ്ചകളിൽ കുറച്ചു  ജൈവ വളവും. "


കൂട്ടികാരികളുടെ പൊട്ടിച്ചിരികൾ ഉയരുന്നവരെ സമയം എടുത്തു അവൾ കളിയാക്കിയതാണെന്നു മനസിലാവാൻ. ആകെ വിളറി വെളുത്തു നിന്ന തന്നെ കൈപിടിച്ചവൾ അടുത്തേക്കിരുത്തി.


"വെള്ളം വേണോ ? "കുപ്പി എടുത്തു നീട്ടികൊണ്ട് ചോദിച്ചു.


"വേണ്ട. "


എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു. അപ്രതീക്ഷിതമായാണ് എച് ഓ ഡി ക്ലാസ്സിലേക്ക് കയറിവന്നത്. പത്തിരുപത് വർഷം പിന്നിൽ നിന്ന് അബദ്ധത്തിൽ ഭാവിയിലേക്ക് ടൈം ട്രാവൽ നടത്തിയെത്തിയതാണവർ എന്ന് തോന്നിയിട്ടുണ്ട്. ഒരുപാട് പഴക്കമുള്ള ചിന്തകൾ കൊണ്ട് നടക്കുന്ന ടീച്ചർ, ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതൊക്കെ മഹാ അപരാതമാണെന്നു വിശ്വസിക്കുന്നവർ. ടീച്ചർ ആദ്യം ശ്രദ്ധിച്ചത് നക്ഷത്രയ്ക്ക് അടുത്തിരിക്കുന്ന എന്നെയാണ്. ഭാരതീയ സംസ്ക്കാരത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന രണ്ടുപേർ ... തങ്ങളെ പറ്റി അവരങ്ങനെ ആകും കരുതിയിട്ടുണ്ടാവുക.


"ഇതൊന്നും ഇവിടെ നടക്കില്ല," അടുത്തേക്ക് വന്നുകൊണ്ടവർ പറഞ്ഞു. അവരുടെ ആ കടന്നുവരവ് അവളെ അലോസരപ്പെടുത്തിയെന്നു തോന്നുന്നു. എണീറ്റു മാറാൻ ശ്രമിക്കുന്നതിനിടയിൽ കയ്യിൽ കയറി പിടിച്ചു തടഞ്ഞുകൊണ്ടവൾ ചോദിച്ചു: 


"ഇതിൽ എന്താണ് ടീച്ചർ പ്രശ്നം?"


"നക്ഷത്ര,നിന്നോട് തർക്കിക്കാൻ അല്ല ഞാൻ വന്നത്. പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി."


പ്രശ്നം കൂടുതൽ വഷളാക്കേണ്ടെന്നു കരുതി അവിടുന്ന് എഴുന്നേറ്റു മാറി. അവൾ ഒന്ന് രൂക്ഷമായി നോക്കി എങ്കിലും പിന്നെ ഒന്നും പറഞ്ഞില്ല. തിരിഞ്ഞു പോകാൻ തുടങ്ങുന്നതിനിടയിൽ ആണ് ടീച്ചർ ഡെസ്കിൽ കിടക്കുന്ന ബുക്ക് കണ്ടത്. കെട്ടിപിടിച്ചു ഉമ്മ വച്ചിരിക്കുന്ന രണ്ടുപേരാണ് കവർ. അതുകൊണ്ടാകാം അത് അവർ ശ്രദ്ധിച്ചത്. കൈ എത്തി എടുത്തുകൊണ്ടവർ അതിന്റെ പേര് വായിച്ചു,


"പിയാനോ ടീച്ചർ. "

 

പേജുകൾ മറിച്ചു അവർ ഓടിച്ചു വായിച്ചു. ഓരോ പേജുകൾ കഴിയുമ്പോഴും അവരുടെ മുഖത്തേക്ക് രക്തം ഇരച്ചുകയറുകയും, കണ്ണുകൾ ചുവക്കുകയും ചെയ്തു. ദേഷ്യം കൊണ്ടവർ വിറയ്ക്കാൻ തുടങ്ങി. 


"ഇങ്ങനെ ഉള്ള അശ്‌ളീല ബുക്കുകൾ ആണോ പെൺകുട്ടികൾ വായിക്കുന്നത്."


അതൊരു അലർച്ച പോലായിരുന്നു. ക്ലാസ് ആകെ നിശബ്‌ദമായി. ഉഗ്ര രൂപിണിയായ ടീച്ചറിനോട് അവൾ വളരെ ശാന്തമായാണ് മറുപടി പറഞ്ഞത്.


"ടീച്ചർ, ഞാൻ അത് ലൈബ്രറിയിൽ നിന്നെടുത്തതാണ്."


"എവിടുന്നാണെങ്കിൽ എന്താ? ഇങ്ങനെ ഉള്ള ബുക്കുകൾ ആണോ വായിക്കേണ്ടത്...? വീട്ടിൽ വിളിച്ചു പറയാം, മോളെ കെട്ടിച്ചു വിടാൻ അല്ലെങ്കിൽ കെട്ടി ഇട്ടു വളർത്താൻ. "


"ടീച്ചർ കരുതുന്ന പോലെ ഇത് മുത്തുച്ചിപ്പിയോ, ഫയറോ ഒന്നും അല്ല, സാഹിത്യത്തിന് നോബൽ സമ്മാനം കിട്ടിയ എഴുത്തുകാരിയുടെ ബുക്കാണ് ... പിന്നെ ടീച്ചർ പറയുന്നത് മാത്രമാണ് ശരി ബാക്കി എല്ലാവരും പിഴകളാണ് എന്നൊക്കെയാണ് കരുതുന്നതെങ്കിൽ എനിക്കൊന്നും പറയാൻ ഇല്ല." ശാന്തമായിരുന്നെങ്കിലും ദൃഢമായിരുന്നു അവളുടെ ശബ്ദം.


ഒരു നിമിഷം ടീച്ചർ നിശബ്ദമായി. ജീവിതത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥി എതിർത്ത് സംസാരിച്ചതിന്റെ ഷോക്കായിരുന്നിരിക്കണം.


"നിന്നെ പോലെ കുറച്ചു ശൂർപ്പണഖമാർ മതി ഈ ക്‌ളാസ്സിനെ മുഴുവൻ നശിപ്പിക്കാൻ... ഞാൻ നിന്റെ അച്ഛനോട് സംസാരിച്ചോളം."


ഉത്തരം മുട്ടിയത് കൊണ്ടാകണം, പറഞ്ഞിട്ട് അവർ ചവിട്ടിക്കുലുക്കി പുറത്തേക്ക് ഇറങ്ങി പോയി . എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായിരുന്നു. ചുറ്റും ഒന്ന് നോക്കിയ ശേഷം അവൾ എന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു:


"പേടിച്ചു തൂറി."


"എന്ത്? "


"അവര് വന്നപ്പോൾ നീ എന്താ ഒന്നും മിണ്ടാതിരുന്നത് ?"


"ഞാൻ എന്ത് പറയാനാ ?"


"നിനക്ക് പറയാൻ പാടില്ലായിരുന്നോ നീ അടുത്തിരുന്നത് കൊണ്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം നീ ഏറ്റെടുത്തോളം എന്ന്. "


ദേഷ്യം കൊണ്ട് ചുവന്നിരുന്നെങ്കിലും അവളുടെ മുഖത്തു ഒരു കുസൃതി ഒളിപ്പിച്ചിട്ടുണ്ടായിരുന്നോ ?


തിരിഞ്ഞു സീറ്റിലേക്ക് നടക്കുന്നതിനിടയിൽ ശബ്‌ദം താഴ്തി വിളിച്ചു,


"ശൂർപ്പണഖ."


ഒന്നുകൂടി തിരിഞ്ഞു നോക്കി.കേട്ടിട്ടുണ്ടാകുമോ ? മുഖത്തു ഭാവഭേദം ഒന്നും ഇല്ല. രൂക്ഷമായ നോട്ടം മാത്രം. 


ഇടതു അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായിരുന്ന അവളുടെ അച്ഛനെ ഫോൺ ചെയ്തു മോളെ കെട്ടി ഇട്ടു വളർത്താൻ പറഞ്ഞ എഛ് ഓ ടിക്ക് കിട്ടിയ ആദ്യത്തെ മറുപടി തന്നെ, "ഇവിടുന്നു കോളജിലേക്ക് വരുന്നത് എന്റെ മകളാണ് അല്ലാതെ എന്റെ വളർത്തു പട്ടിയല്ല കെട്ടിയിട്ടു വളർത്താൻ " എന്നായിരുന്നു. പിന്നീടൊരിക്കലും ആരെയും വിളിച്ചു അങ്ങനെ സംസാരിക്കാൻ ഉള്ള ധൈര്യം ആ സംഭാഷണത്തിന് ശേഷം ടീച്ചർക്ക് നഷ്ടപ്പെട്ടു എന്നാണ് കേട്ടിരുന്നത്.


ദിവസങ്ങളും മാസങ്ങളും കടന്നു പോകുന്നതിനിടയിൽ അവളുടെ മുടിയുടെ കറുപ്പും ഭംഗിയും കൂടി കൂടി വരുന്നുണ്ടായിരുന്നു... എന്റെ ഇഷ്ടവും ധൈര്യമില്ലായ്മയും ഒരുപോലെ കൂടുന്നുണ്ടായിരുന്നു ... അവൾ അടുത്തേക്ക് വരുമ്പോൾ ഉള്ള ചന്ദനത്തിന്റെ മണം മാത്രം മാറ്റമില്ലാതെ നിന്നു. ടെലിപ്പതിയാണോ എന്നറിയില്ല. അവൾ മുടിയിൽ മുല്ലപ്പൂ ചൂടി വരണം എന്നാഗ്രഹിക്കുമ്പോൾ അവൾ മുല്ലപ്പൂ ചൂടി വന്നു... റോസാ ചൂടി വരണമെന്നാഗ്രഹിക്കുമ്പോൾ റോസയും. മുടി പിന്നിയിട്ട് കാണണമെന്ന് ആഗ്രഹിച്ച ദിവസങ്ങളിൽ അങ്ങനെയും, വിടർത്തി ഇട്ടു കാണണം എന്നാഗ്രഹിച്ച ദിവസങ്ങളിൽ അങ്ങനെയും സംഭവിച്ചു... സംസാരിക്കാൻ വിഷയങ്ങൾ ഒന്നുമില്ലായിരുന്നെങ്കിലും ഓരോ ദിവസവും രാവിലെ മുന്നിൽ വന്നു നിന്നവൾ മുടിയുടെ ഭംഗിയെ പറ്റി ചോദിച്ചു. കൊള്ളാം എന്ന് മാത്രം ഉള്ള മറുപടികൾ അവളെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. അതും കേട്ട് കണ്ണുകൾ ചുരുക്കി ഒരു ചിരി തന്നു അവൾ മടങ്ങും. എല്ലാ ദിവസവും അത് തുടർന്ന് കൊണ്ടേ ഇരുന്നു. ചിലപ്പോഴൊക്കെ എന്റെ ഇഷ്ടം അവൾക്ക് മനസിലായിട്ടുണ്ടെന്നു തോന്നിയെങ്കിലും അവൾ പിടി തരാതെ തെന്നിമാറികൊണ്ടേയിരുന്നു...


അവൾ ക്ലാസ്സിനുള്ളിൽ നിന്ന് ക്യമ്പസാകെ വളർന്നു. തീപ്പൊരി പ്രസംഗങ്ങൾ കൊണ്ട് വിദ്യാർത്ഥി സംഘടനയുടെ കോളേജിലെ നേതാവായി എങ്കിലും "ശൂർപ്പണഖ" എന്ന പേര് അവളെ വിട്ടു പോയില്ല. മുന്നിൽ നിന്ന് വിളിക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ലെങ്കിലും അവൾ അറിയപ്പെട്ടിരുന്നത് അങ്ങനെ തന്നെ ആയിരുന്നു. അവൾക്കൊപ്പം നടക്കാൻ വേണ്ടി ഞാനും രാഷ്ട്രീയം തുടങ്ങി. കാമ്പസിന്റെ ഇടനാഴികളിലൂടെ അവൾക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു നടന്നു. ഇതിനിടയിലാണ് ഏതോ പെൺകുട്ടിയോട് അനാവശ്യം പറഞ്ഞു എന്നാരോപിച്ചു എതിർ പാർട്ടി നേതാവിന്റെ മൂക്കു റിക്കോർഡ് ബുക്ക് കൊണ്ട് അടിച്ചു പൊട്ടിച്ചതിനു അവൾ ഒരു മാസത്തെ സസ്‌പെൻഷൻ വാങ്ങിയത്. അതോടെ ആ പേരിന്റെ ഖ്യാതി കൂടി .  


സസ്‌പെൻഷൻ കഴിഞ്ഞു തിരിച്ചു വന്ന ദിവസനങ്ങളിൽ ഒന്നിലാണ് ഫിസിക്സ് ലാബിൽ വച്ച് ആ കണ്ടുപിടുത്തം നടത്തുന്നത്. ജീവിതമാകെ മാറ്റി മറിച്ച കണ്ടുപിടുത്തം...


സ്പെക്ട്രോ മീറ്റർ എക്സ്പിരിമെന്ററുകൾക്കായി ലാബിലെ ഇരുട്ട് റൂമിൽ ആയിരുന്നു അന്ന്. സസ്‌പെൻഷൻ പിരീഡിൽ പോർഷനുകൾ നഷ്ടപെട്ടത് കൊണ്ട് മിസ് ആയ എസ്പീരിമെന്റുകളിൽ ചിലത് കഴിഞ്ഞ ശേഷമാണ് അവൾ അവിടേക്ക് വന്നത്. റീഡിങ്ങുകൾ കമ്പ്ലീറ്റ് ചെയ്തത് ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി പൊയ്ക്കൊണ്ടിരുന്നു. അവൾ അപ്പോഴും സ്പെക്ട്രോമീറ്ററിന്റെ ടെലിസ്കോപ്പിലൂടെ റീഡിങ്ങുകൾ എടുക്കുകയായിരുന്നു... റൂം ഏറെക്കുറെ ശൂന്യമായി കഴിഞ്ഞിരുന്നു. അവൾ അവിടെ നിൽക്കുന്നത് കൊണ്ട് തന്നെ പുറത്തേക്ക് പോകാൻ തോന്നിയില്ല.ടേബിളിൽ കൈയ് കുത്തി അല്പം കുനിഞ്ഞു നിന്ന് ഐ പീസിലൂടെ നോക്കി അവൾ റഫ് റിക്കോർഡിലേക്ക് അക്കങ്ങൾ പകർത്തി കൊണ്ടിരുന്നു. ആരോ നോക്കി നിൽക്കുന്നു എന്ന് തോന്നിയതുകൊണ്ടാവണം മുഖമുയർത്തി ഒന്ന് നോക്കി.


"എന്താ പോകുന്നില്ലേ?"


"പോകാന്നേ."


വീണ്ടുമവളുടെ ശ്രദ്ധ ടെലിസ്കോപ്പിലേക്കായി. അല്പം മുന്നിലേക്കാഞ്ഞു ഡെസ്കിൽ കൈകുത്തി അവൾ റീഡിങ് എടുക്കുന്നത് തുടർന്നു. അപ്പോളാണ് അത് കണ്ടുപിടിച്ചത്. ഐൻസ്റ്റീനിനും ന്യൂട്ടനുമൊക്കെ ഒപ്പം എത്തി എന്ന് തോന്നി ആ നിമിഷം... പതുക്കെ നടന്നു അവളുടെ തൊട്ടുമുന്നിലേക്ക് ചെന്നു.


"നക്ഷത്രാ," ശബ്‌ദം താഴ്ത്തി വിളിച്ചു.


ടെലിസ്കോപ്പിൽ നിന്ന് മുഖമുയർത്തി അവൾ നോക്കി. റൂമിൽ നിന്ന് എല്ലാവരും പോയിരുന്നു.


"എന്തേ? "


"ഞാൻ ഒരു വലിയ കണ്ടുപിടുത്തം നടത്തി."


"എന്താണ് ?" അവൾക്ക് വലിയ താല്പര്യം ഇല്ലെന്ന് തോന്നി.


അല്പം മടിച്ചു മടിച്ചാണെങ്കിലും ആ കണ്ടുപിടുത്തം അവളോട് വെളിപ്പെടുത്തി. 


"നിന്റെ ഇടതു നെഞ്ചിനു മുകളിൽ ഒരു വലിയ കാക്ക പുള്ളിയുണ്ട് ."


നിവർന്നു നിന്നവൾ രൂക്ഷമായി ഒന്ന് നോക്കി. ഒരു പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത്. അല്ലെങ്കിൽ കൈയ് നീട്ടി ഒരു അടി. രണ്ടും ഉണ്ടായില്ല.


"ഇതിനായിരുന്നല്ലേ നീ ഇവിടെ വായിനോക്കി നോക്കി നിന്നത് ...?" സ്‌ഥാനം തെറ്റി കിടന്ന ഷാൾ നേരെ ഇട്ട ശേഷം അവൾ തുടർന്നു.


"ഇറങ്ങി പൊയ്ക്കോ ഇവിടുന്നു ... ഇല്ലെങ്കിൽ എന്റെ കയ്യിൽ നിന്ന് നീ നല്ലത് മേടിക്കും."


എന്തായിരുന്നു മുഖത്തെ ഭാവം എന്ന് വേർതിരിചെടുക്കാൻ പറ്റിയില്ല. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് കണ്ടു പതുക്കെ റൂമിനു പുറത്തേക്ക് നടന്നു.


"ടാ," പിന്നിൽ നിന്നൊരു വിളികൊണ്ടവൾ കാലുകൾക്ക് ചങ്ങല ഇട്ടു.


തിരിഞ്ഞു നോക്കുംമ്പോൾ അവൾ അടുത്തെത്തിയിരുന്നു. തൊട്ടു മുന്നിലേക്ക് വന്നു നിന്ന് അവൾ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. പതറിപോകുന്നു. റൂമിലെ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.


"ഇപ്പോൾ നിനക്ക് എവിടുന്നു കിട്ടി ഇത്ര ധൈര്യം?"


"എനിക്ക് പണ്ടേ ധൈര്യമുണ്ടല്ലോ. "


"ഉവ്വ്... " അവൾ ഒന്ന് ചിരിച്ചു.


അവൾ രണ്ടടി കൂടി മുന്നിലേക്ക് കയറി നിന്നു. അവളുടെ ചൂട് ശ്വാസം മുഖത്തു തട്ടുന്നുണ്ട്. ചന്ദനത്തിന്റെ മണം മൂക്ക് തുളച്ചുകയറുന്നു. രണ്ടു കൈകളും എടുത്തു തോളിൽ വച്ച് കൊണ്ട് അവൾ ചോദിച്ചു:


"നീ എന്ത് പൈങ്കിളി ആടാ?"  


"പൈങ്കിളിയോ ...?"


"അഹ്... അല്ലെങ്കിൽ എന്തിനാ ഒരാളോട് ഇഷ്ടം പറയാൻ ഇത്ര പേടി..രണ്ടു വർഷമായില്ലേ? "


ഒന്നും മിണ്ടാൻ കഴിയുന്നില്ല. അവൾ തുടർന്നു.


"നിനക്കു ഞാൻ പഠിപ്പിച്ചു തരാം എങ്ങനെയാ ഇഷ്ടം പറയേണ്ടതെന്ന്." അവൾ മുഖം കൂടുതൽ അടുത്തേക്ക് കൊണ്ട് വന്നു. രണ്ടു മുഖങ്ങൾക്കുമിടയിൽ ഒരു നേർത്ത അകലം മാത്രം. കണ്ണുകളിലേക്ക് സൂക്ഷിച്ചിച്ചു നോക്കിക്കൊണ്ടവൾ പറഞ്ഞു,


"ഇങ്ങനെ കണ്ണിലേക്ക് നോക്കണം... എന്നിട്ട് പറയണം... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണെന്നു. "


മുഖം പിന്നെയും അടുത്ത്, ചുണ്ടുകളിൽ ഒരു തണുപ്പാണാദ്യം തോന്നിയത്. ആ തണുപ്പ് ദേഹമാസകലം പടരുന്നു. രക്തമാകേ കട്ടപിടിച്ചുവോ ? ചന്ദനത്തിന്റെ മണം സിരകളില്ലേക്ക് പടർന്നിറങ്ങുന്നു. അവളുടെ തലയിൽ നിന്ന് പടർന്നിറങ്ങിയ കാട്ടുവള്ളികൾ ശരീരം ആകെ വരിഞ്ഞു മുറുക്കുന്നുവോ? ചലിക്കാൻ ആവുന്നില്ല. കണ്ണുകൾ അടഞ്ഞു പോകുന്നു. ചെവികളിൽ അവളുടെ നിശാസ്വത്തിന്റെ ശബ്‌ദം മാത്രം. ചുണ്ടുകളിൽ നിന്ന് തണുപ്പകന്നു പോയി. അവ്യക്തമായി അവളുടെ വാക്കുകൾ ചെവിയിൽ വന്നു വീണു,


"ശൂർപ്പണഖ അല്ലെ രാമനെ പ്രൊപ്പോസ് ചെയ്‌തത്‌....കഥ നമ്മളായിട്ട് മാറ്റണ്ട."


റൂമിൽ ഇരുട്ട് കൂടി വന്നു. ചുറ്റിവരിഞ്ഞ കാട്ടുവള്ളികൾക്ക് വേരിറങ്ങിയോ. കാലുകൾ അനക്കാൻ ആകുന്നില്ലലോ. ഇപ്പോൾ അകന്നകന്നു പോകുന്ന കാലടികൾ മാത്രം കേൾക്കാം. ലാബ് അറ്റൻഡർ വന്നു റൂമിലെ ലൈറ്റ് ഇട്ടപ്പോഴാണ് പൂർണ ബോധം വന്നത്. ചുറ്റും നോക്കി, അവൾ പോയി കഴിഞ്ഞിരുന്നു.


പിന്നീടുള്ള ദിവസങ്ങളിൽ കൈയ് ചുരുട്ടി ഇൻക്വിലാബ് വിളിച്ചു നടന്ന ഇടനാഴികളിലൂടൊക്കെയും ഞങ്ങൾ കൈ കോർത്ത് നടന്നു. പ്രണയത്തിനൊപ്പം വിപ്ലവം കൂടി ചേരുമ്പോൾ അത് കൂടുതൽ പൈങ്കിളി ആകുമെന്നു തോന്നിയിട്ടുണ്ട് പിന്നീട് പലപ്പോഴും. 


ഫൈനൽ ഇയറിന്റെ അവസാന നാളുകളിലാണ് അവളുടെ നാട്ടിലെ തൈപ്പൂയം കാണാൻ പോകുന്നത്. നാട്ടിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്.


പട്ടു പാവാടയിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. വീട്ടിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തിൽ ആണ് അമ്പലം. വീട്ടിൽ നിന്ന് അമ്പലത്തിലേക്ക് ഇറങ്ങുമ്പോൾ കാലിൽ തട്ടിയ മൈസൂർ സാൻഡൽ സോപ്പിൻറെ കവർ അവൾ കാലുകൊണ്ട് തട്ടിയെറിഞ്ഞു. അതിനടിയിൽ ഒളിച്ചിരുന്ന ഒരു ചുവന്ന ഞണ്ട് സൈഡിലേക്ക് നടന്നു റബ്ബർ മരങ്ങൾക്കിടയിലേക്ക് മറഞ്ഞു.


"ഇവിടെ ഒക്കെ വയലായിരുന്നു പണ്ട്, പിന്നീടതൊക്കെ നികത്തി റബർ വച്ചു ... പക്ഷെ ഇപ്പോഴും ഇതുപോലെ ഞണ്ടുകൾ ധാരളം ഉണ്ട്." അത് ഓടി പോയ വഴിയിലേക്ക് നോക്കിയവൾ പറഞ്ഞു.


"ഇവ എന്താ മുൻപോട്ട് നടക്കാതെ സൈഡിലേക്ക് നടക്കുന്നത്? "


"അതിന്റെ അനാട്ടമി അങ്ങനെയാണ് ... മുന്പോട്ടു നടക്കാൻ കഴിയില്ല "


"ഉം .." ഒരു മൂളലിൽ ഒതിക്കിയെങ്കിലും ആ സംശയം പൂർണമായി മാറിയില്ല.


അമ്പലത്തിനു ചുറ്റും ഉള്ള മരങ്ങളിലൊക്കെയും ദൈവങ്ങൾ കയറികൂടിയിട്ടുണ്ട്. പലനിറങ്ങളിൽ അവർ ഓടുകയും മിന്നുകയും കറങ്ങുകയും ചെയ്യുന്നുണ്ട്. കുറച്ചപ്പുറത്തായി അഗ്നിക്കാവടിക്കായി കനലുകൾ കൂട്ടിയിട്ടിട്ടുണ്ട്. കവിളിലൂടെ കുത്തിയിറക്കിയ ശൂലവുമായി നിരവധി പേർ കനലിലൂടെ നടക്കാനുള്ള ഊഴം കാത്തുനിൽക്കുന്നു. അഗ്നിക്കാവടി കാണാൻ പറ്റുന്ന രീതിയിൽ ഒരു പടിയിൽ ഇരുന്നു. അടുത്തായി അവളും. ഓരോരുത്തരായി കാവടിയുമായി കനലിലേക്ക് ഇറങ്ങി തുടങ്ങി. ഭക്തിയുടെ ഭ്രാന്തമായ പ്രകടനങ്ങൾ. കനലുകൾ വാരി മുകളിലേക്കെറിഞ്ഞു കുറച്ചുപേർ. അഞ്ചോ ആറോ വയസുള്ള ഒരു കുട്ടിയെ ഒരാൾ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കനലിലൂടെ ഓടി. ആ കുഞ്ഞിന്റെ കാലുകൾ പൊള്ളി അടർന്നിട്ടുണ്ടാകുമോ?


"സഖാവിനു ഇതിലൊക്കെ വിശ്വാസം ഉണ്ടോ? "


കാവടി ആടിക്കൊണ്ടിരിക്കുന്ന സ്വാമിമാരെ നോക്കിയിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയാണ് ചോദിച്ചത്.


"ചിലപ്പോഴൊക്കെ... "ചിരിച്ചു കൊണ്ടാണവൾ പറഞ്ഞത്. കനലുകൾ പടർന്നിറങ്ങിയ പോലെ അവളുടെ മുഖമാകെ ചുവന്നിരിന്നു.


"അപ്പോൾ ചെഗുവരെയെയും ഭഗത് സിങ്ങും ഒക്കെ പറ്റിക്ക പെട്ടോ?" 


"അങ്ങനെയാണപ്പൂ ...നമ്മൾ സമ്മതിച്ചില്ലെങ്കിലും ചില കാര്യങ്ങൾ അങ്ങനെ വല്ലാതെ വൈരുധ്യങ്ങൾ നിറഞ്ഞതായിരിക്കും. "


"ന്യായീകരണം ... "


"അല്ല... ഉദാഹരണത്തിന് നീ എന്നോട് പ്രണയം അഭിനയിക്കുവല്ലേ ... നിന്റെ പ്രണയം മുഴുവൻ എന്റെ മുടിയോടല്ലേ?"


"അതങ്ങനെ അല്ല."


"അങ്ങനെയാണ്. "


തർക്കം തുടർന്നുകൊണ്ടേയിരുന്നു. അവൾ തോറ്റുതരുന്ന ലക്ഷണം ഇല്ല.


"എന്നാൽ എനിക്ക് അതിലും ഇഷ്ടം ഉള്ള വേറൊന്നുണ്ട്. " അവളെ തോൽപ്പിക്കാൻ വേണ്ടിയാണു അത് പറഞ്ഞത്.


"അതെന്താണ്? " ആകാംഷ വിടർന്ന കണ്ണുകളെ കൂടുതൽ വലുതാക്കിയിരുന്നു.


"ആ വലിയ കാക്കപുള്ളി."


"ഛീ. "


ഒരു നുള്ളായിരുന്നു മറുപടി.നന്നായി വേദനിച്ചു. തിരികെ എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ അവൾ എഴുന്നേറ്റോടി. മുകളിലെ കൊമ്പിൽ കൃഷ്ണനും രാധയും നീലയും പച്ചയും നിറത്തിൽ മാറി മാറി ഒളിച്ചുകളിക്കുന്ന ഒരു ആല്മരത്തിനു പിന്നിൽ അവൾ മറഞ്ഞു. പിന്നാലെ എഴുന്നേറ്റോടുമോൾ പിറകിൽ അഗ്നിക്കാവടി ഏറ്റവും മൂർത്തമാകുകയിരുന്നു... സ്വാമിമാർ ഹര ഹാരോ വിളിച്ചു കൊണ്ട് കനലുകളിൽ നൃത്തം വച്ചു. മുകളിലേക്കുയർന്ന കനലുകൾ അന്തരീക്ഷമാകെ ചൂടുപിടിപ്പിക്കുന്നു. കനലുകളിൽ നിന്ന് രക്ഷപെടുത്താൻ എന്നപോലെ ചുണ്ടുകളിലേക്ക് തണുപ്പ് പടർന്നു... ചന്ദനം പൂത്തു നിൽക്കുന്ന കാട്ടുവള്ളികൾക്കിടയിലേക്ക് ഊളി ഇട്ടു. ചന്ദനത്തിന്റെ മണം ബോധം നശിപ്പിക്കുന്നു...


നാലുതവണ കൂടി തൈപ്പൂയം നടന്നു. ഭൂമി നാലു പ്രാവശ്യം സൂര്യന് ചുറ്റും ഓടി തീർത്തു കഴിഞ്ഞൊരു ദിവസം അവൾ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സോഫയിൽ അവൾക്കെതിരെ ഇരുന്നു. കണ്ണുകളിൽ ചുവപ്പു പടർന്നിരിക്കുന്നു... കയ്യിൽ ഒരു കവർ പിടിച്ചിട്ടുണ്ട്. അകാരണമായൊരു ഭയം ഉള്ളിൽ പെരുമ്പറ കൊട്ടിത്തുടങ്ങി. അവൾ പതിയെ എഴുന്നേറ്റു വന്നു അടുത്തിരുന്നു.തോളിലേക്ക് തല ചായ്ച്ചു കുറച്ചു നേരം മിണ്ടാതിരുന്നു.


"അപ്പൂ," ശബ്‌ദം അടച്ചിരിക്കുന്നു. വിളികേട്ടില്ല പകരം മുഖത്തേക്ക് നോക്കി.


"നിനക്ക് എന്നോടുള്ള ഇഷ്ടത്തിന്റെ കാരണങ്ങൾ ഒക്കെ ഒരു ദിവസം പെട്ടെന്ന് ഇല്ലാതായാൽ എന്ത് ചെയ്യും? "


"നിനക്ക് എന്താ വട്ടായോ ... വിളിച്ചത് എന്തിനാണെന്ന് പറ. "


അവൾ കയ്യിലിരുന്ന കവർ നീട്ടി.


"ബയോപ്സി റിപ്പോർട്ട് ആണ്. "


ഉള്ളിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു പോയി


"വയല് നികത്തിയപ്പോൾ കിടപ്പാടം നഷ്ടപെട്ട ഒരു ഞണ്ട് എപ്പഴോ എന്റെ ഇടത് മാറിൽ കൂടുകൂട്ടി അപ്പു... അവനവിടെ ഇപ്പോൾ മക്കളും കൊച്ചുമക്കളുമൊക്കെയായി മുട്ടയിട്ട് പെരുകി കൊണ്ടിരിക്കുകയാണെന്ന്." 


എന്താണ് അവൾ പറഞ്ഞതെന്ന് മനസിലാക്കാൻ കുറച്ചു സമയം എടുത്തു. ചന്ദനത്തിന്റെ മണമുള്ള പൂക്കൾ കാട്ടുവള്ളികളിൽ നിന്നടർന്നു വീഴുന്നു. അവൾക്ക് ചുറ്റും അവ കരിഞ്ഞുണങ്ങി കിടക്കുന്നു.


"നിന്റെ വലിയ കണ്ടുപിടുത്തമില്ലേ...ആ കാക്ക പുള്ളി ...അതും ചേർത്ത് ആ കൂട് നീക്കം ചെയ്യണം എന്നാണ് ഡോക്ടർ പറഞ്ഞത്." അവൾ ഒന്ന് ചിരിച്ചു. കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി അടർന്നു വീണു.


എന്താണ് അവളോട് പറയേണ്ടതെന്നറിയാതെ കയ്യെടുത്തു ചേർത്ത് പിടിച്ചു. അവൾ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ഞാൻ കണ്ട ഏറ്റവും ശക്തയായ പെൺകുട്ടി പതറി പോയോ? നെഞ്ചിൽ നിന്ന് മുഖം ഉയർത്തി അവൾ കണ്ണുകൾ തുടച്ചു.


"കീമോ കഴിയുമ്പോൾ നിന്റെ ഈ കാട്ടുവള്ളികൾ പട്ടുപോകുമല്ലോ അപ്പൂ, " പിന്നിലേക്ക് കിടന്ന മുടി അവൾ മുന്നിലേക്ക് എടുത്തിട്ട് ചിരിച്ചു.

 

ഉള്ളിൽ കനലുകൾ തെറിച്ചു വീഴുന്നു. ശൂലം തുളച്ചുകയറുന്നു. ആരെല്ലാമോ അലറിവിളിച്ചു കൊണ്ട് അഗ്നിക്കാവടി ആടുന്നു. ചുറ്റും ഇരുട്ട്. തൊണ്ടയിൽ മുട്ടിവിളിച്ചു മടുത്ത ഒരു വിങ്ങൽ തുള്ളികളായി കണ്ണിലൂടെ പുറത്തേക്ക് ഒഴുകി.


കുറച്ചു നേരം കൂടി നിശബ്തയായി ഇരുന്ന ശേഷം അവൾ റൂമിനുള്ളിലേക്ക് കയറിപ്പോയി. എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാത്ത കുറച്ചു നിമിഷങ്ങൾ. സോഫയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയുന്നില്ല. മുന്നിൽ എന്താണ് ... നിറയെ പൂക്കളുമായി കാട്ടുവള്ളികൾ കണ്ണിന് മുൻപിൽ. പെട്ടെന്ന് എവിടുന്നൊക്കെയോ നിറയെ ചിത്രശലഭങ്ങൾ പറന്നു വന്നു. അവ പൂക്കൾക്ക് ചുറ്റും നൃത്തം വയ്ക്കുന്നു. അവയ്ക്ക് അസാധാരണമായൊരു തിളക്കം. മിന്നാമിനുങ്ങുകളെ പോലെ അവ പ്രകാശിക്കാൻ തുടങ്ങി. കണ്ണിലേക്ക് തുളച്ചുകയറുന്ന വെളിച്ചം.ചുറ്റും വെളിച്ചം പരക്കുന്നു.


കത്തി കിടക്കുന്ന ലൈറ്റിൽ നിന്നുള്ള വെട്ടം കത്രികയിൽ തട്ടി കണ്ണിലേക്ക് തന്നെ അടിക്കുന്നു. ഒരു കയ്യിൽ കത്രികയും മറ്റേ കയ്യിൽ മുറിച്ചെടുത്ത മുടിയുമായി മുന്നിൽ അവൾ.


"ഇത് വിഗ്ഗുണ്ടാക്കാൻ കൊടുക്കാം ... കടുത്ത രാസലായിനികളുടെ വിഷമേറ്റ് ഓരോന്നായി കരിഞ്ഞു പോകാതെ അവ വളരട്ടെ. "


എഴുന്നേറ്റ് നിന്ന് ചേർത്തുപിടിച്ചു.


"ഇപ്പോൾ പറ ... നിനക്കു എന്തിനോടാ കൂടുതൽ ഇഷ്ടം ...മുടി ?... കാക്കപുള്ളി ?..."


ഒന്നും പറഞ്ഞില്ല...കൂടുതൽ ചേർത്തുപിടിച്ചു ...


കണ്ണുതുറക്കുമ്പോൾ ആകാശത്തൊരു മേഘം ഞണ്ടിന്റെ രൂപമുണ്ടാക്കി കളിക്കുകയായിരുന്നു.


"പോകണ്ടേ " പാറപ്പുറത്തവൾ എഴുന്നേറ്റിരുന്നു. തലയിൽ നിന്ന് തൊപ്പി ഊരി മാറ്റിയിരിക്കുന്നു. നഗ്നമായ തല. അവസാന കീമോയും കഴിഞ്ഞൊരു മാസം ആയിരിക്കുന്നു. കാറ്റിൽ ടോപ്പിന്റെ ഇടതു ഭാഗം ശരീരത്തോട് കൂടുതൽ ചേർന്ന് നിന്നു.


"പോകാം. "


അവൾ മുൻപേ നടന്നു. എതിരെ വന്നൊരാൾ അവളുടെ തലയിലേക്ക് തുറിച്ചു നോക്കികൊണ്ട് പോയി. പിന്നിലേക്ക് തിരിഞ്ഞു അവൾ രഹസ്യം പറയുന്നപോലെ ചോദിച്ചു.


"അയാൾ എന്തായിരിക്കും ആലോചിച്ചതെന്നറിയാമോ?"


"എന്താണ് ?"


"ഏതാ ഈ മൊട്ടച്ചി എന്നാകും. "


"എന്നാൽ ഞാൻ പോയി തിരുത്തിയിട്ട് വരാം."


"എന്ത് ?"


"മൊട്ടച്ചി അല്ല ...ശൂർപ്പണഖ ആണെന്ന് ."


അവൾ ചിരിക്കാൻ തുടങ്ങി... നിർത്താതെ. കൈകൾ കോർത്തുപിടിച്ചു താഴേക്ക് നടക്കുമ്പോൾ പിന്നെയും ആരൊക്കെയോ തുറിച്ചു നോക്കി കടന്നു പോയി. അവളതൊന്നും ശ്രദ്ധിച്ചില്ല. ആകാശത്തെ ഞണ്ടു മുൻപോട്ട് നടന്നു പോകുന്നു.


ആരാണ് പറഞ്ഞത് ഞണ്ടുകൾക്ക് മുൻപോട്ട് നടക്കാൻ ആവില്ലെന്ന് ??...


Rate this content
Log in

Similar malayalam story from Romance