പ്രിയമാനസം
പ്രിയമാനസം


അദ്ധ്യായം 1
മൊബൈൽ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നു. ഞാൻ വാർഷിക അവലോകന ചർച്ചയിലാണ്. ചർച്ചക്ക് നടുവിൽ ഞാൻ മൊബൈൽ ഫോൺ എടുത്തു സംസാരിക്കില്ലെന്ന് പ്രകാശിന് നന്നായിട്ടറിയാം. എന്താണാവോ ഇത്ര അത്യാവശ്യം? മൊബൈൽ കോട്ടിന്റെ പോക്കറ്റിൽ ആയതിനാൽ എടുത്തു നോക്കാനും പറ്റുന്നില്ല. രണ്ടു തവണ കൂടെ വൈബ്രേറ്റ് അടിച്ച ശേഷം അതു നിന്നൂ.
സ്ഥാപനത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ഗൗരവ് ശർമ്മ, തന്റെ അവലോകനം നിർലോഭം തുടർന്നു കൊണ്ടിരിക്കുന്നു... ഈ വർഷത്തെ സ്ഥാപനത്തിന്റെ വളർച്ച, വിപണിയിലെ ഓഹരി, ലാഭ വിഹിതം, അടുത്ത വർഷത്തേക്കുള്ള ആസൂത്രണം, ലക്ഷ്യം...
സംസാരത്തിനിടയിൽ കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച നിർമാണ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ പ്പറ്റിയും പ്രകടനത്തെ പറ്റിയും പറയാൻ മറന്നില്ല.
"ദി കമ്മീഷനിങ് ഓഫ് ദി പ്ലാന്റ് ഹാസ് ഹെൽപ്പേട് അസ് ഗ്രോ അവർ മാർക്കറ്റ് ഷെയർ ബൈ എ വൊപ്പിങ് ട്വന്റി പെർസെന്റ്. നൗ വീ ആർ ദി ക്ലിയർ മാർക്കറ്റ് ലീഡർ വിത്ത് എ ഹ്യൂജ് മാർജിൻ. " (ഈ നിർമാണ ശാല നിലവിൽ വന്നതോടെ നമുക്ക് വിപണി പങ്കാളിത്തത്തിൽ ഇരുപതു ശതമാനം വളർച്ച നേടാനായി. ഇപ്പോൾ നമ്മളാണ് വിപണിയുടെ നേതൃനിരയിൽ ആധിപത്യം പുലർത്തുന്നത്).
കരഘോഷം ഉയർന്നു. ഗൗരവിന്റെ കണ്ണുകൾ എന്റെ കണ്ണുകളിൽ തറച്ചു.
"ഐ ടേക്ക് ദിസ് ഓപ്പർച്യുണിറ്റി ടു കൺഗ്രാജുലേറ്റ് മിസ് മീനാക്ഷി ഫോർ ദി എക്സംബലേറി ലീഡര്ഷിപ് ആൻഡ് കമ്മിറ്റ്മെന്റ് ഷി ഷോവ്ഡ് ഇൻ ദി പ്ലാനിംഗ് ആൻഡ് കമ്മീഷനിങ് ഓഫ് ദി പ്ലാന്റ്. കോൺഗ്രാജുലേഷൻസ് ഒന്സ് എഗൈൻ." (മീനാക്ഷിയെ ആശംസിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. മാതൃകാപരമായ നേതുത്വവും പ്രതിബദ്ധതയും ഈ തൊഴിൽ സ്ഥാപനത്തിന്റെ ആസൂത്രണവേളയിലും സമാരംഭ സമയത്തും കാഴ്ചവെച്ചതിൽ ഞാൻ അവരെ പ്രകീർത്തിക്കുന്നു).
എന്റെ മനസിന്റെ തിരശീലയിൽ രണ്ടു വർഷം മുൻപത്തെ സംഭവങ്ങൾ മിന്നി മറഞ്ഞു. സ്ഥാപനം വല്ലാത്ത ഒരു പ്രതിസന്ധിയിലായിരുന്നു. മുൻപന്തിയിലുള്ള ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഒരു നിർമാണ സ്ഥാപനം ഇല്ലാത്തതു കാരണം വാണീജ്യ രംഗം പ്രതികൂലമായി മാറുകയായിരുന്നു. ഗതാഗതം, നോക്ക് കൂലി, ഓരോ ഉല്പന്നവും നഷ്ടത്തിന് വിൽക്കേണ്ടി വന്ന ഒരു അവസ്ഥ. അതെ സമയം പ്രാദേശിക ഉത്പന്നങ്ങളുടെ ഒരു കുത്തൊഴുക്ക്, "മേക് ഇൻ ഇന്ത്യ ക്യാമ്പയിൻ" (ഭാരത നിർമിത ഉത്പന്നങ്ങൾക്ക് മുൻഗണന എന്ന പ്രചാരണം), കൂണ് പോലെ മുളച്ച ആയുർവേദ നിർമാണ ശാലകൾ. സ്ഥാപനം ശോഷിക്കുന്ന അവസ്ഥയിലേക്ക് കൂപ്പു കുത്തുന്ന സ്ഥിതി വിശേഷം.
അപ്പോഴാണ് കേരളത്തിൽ ഒരു നിർമാണ ശാല എന്ന ആശയം വന്നത്.
സ്ഥാപനത്തിലെ മേലാളന്മാർക്കു നിർമാണ ശാല തുടങ്ങാനാണ് താല്പര്യം. പക്ഷെ ഒരു വ്യക്തിക്കുപോലും കേരളത്തിൽ കാലുകുത്താൻ കെല്പില്ല. ഞാനാണെങ്കിൽ രണ്ടു പതിറ്റാണ്ടിന്റെ എന്റെ ദൂരവാസം അവസാനിപ്പിച്ച് ബോംബയിൽ സെറ്റിലാകാൻ ധൃതി പൂണ്ടിരിക്കുന്ന നേരം. എല്ലാ വമ്പന്മാരും പിൻവാങ്ങി .ഗൗരവ് എന്നെ വിളിപ്പിച്ചു. മീനാക്ഷി എന്നോട് നോ പറയരുത്.
"ഒൺലി യു ക്യാൻ അകോബ്ലിഷ് ദിസ് " (നിങ്ങള്ക്ക് മാത്രമേ സാധിക്കുകയുള്ളു).
റിസ്ക് എടുക്കാൻ എനിക്കിഷ്ടമാണ്, പക്ഷെ കടന്നുപോയ ഇരുപത്തി മൂന്നോളം വർഷങ്ങളായി ഞാനും പ്രകാശും ഒന്നിച്ചു ജീവിച്ചിട്ട്. ഇപ്പോൾ മോനും ഹാർവാർഡിലേക്ക് ഉപരിപഠനത്തിനായി പോയിക്കഴിഞിരിക്കുന്നു. ദീർഘ നേരം ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. ഗൗരവ് തുടർന്നൂ.
"ദി കമ്പനി ഈസ് ഗോയിങ് ത്രൂ എ ക്രിസിസ്.യു ഷുഡ് നോട് സെ എ നോ.ആൻഡ് ഒൺലി യു ക്യാൻ ടു ദിസ്. ഐ ആം ഷുവർ യു വിൽ കം ഔട്ട് ഇൻ ഫ്ലയിങ് കളേഴ്സ്." (സ്ഥാപനം പ്രതിസന്ധിയിലൂടെ കടന്നുപോയികൊണ്ടിരിക്കുകയാണ്. ഇല്ല എന്ന് പറയരുത്. നിങ്ങള്ക്ക് മാത്രമേ ഈ ദൗത്യം ഏറ്റെടുക്കാനാകു).
ഒടുവിൽ ബോംബേക്കു പോകാൻ തീരുമാനിച്ച ഞാൻ പെട്ടിയും എടുത്തു നേരെ കൊച്ചിക്കു പോരേണ്ടി വന്നു. പ്രകാശ് പരാതിയൊന്നും പറഞ്ഞില്ല. പക്ഷെ വാക്കുകളിലെ നിരാശ പ്രകടമായിരുന്നു.
കളമശ്ശേരിയിലെ പുതിയ നിർമാണ ശാലയുടെ പണി യുദ്ധകാല അടിസ്ഥാനത്തിൽ കഴിപ്പിച്ചു. ദിനരാത്രങ്ങൾ ഞ്യാൻ നിർമാണ സ്ഥലത്തു തന്നെ ചിലവഴിച്ചു.
കളമശ്ശേരിയുടെ പ്രാന്തപ്രദേശത്തുള്ളവർക്കു തൊഴിൽ അവസരം നൽകണം എന്നായിരുന്നൂ ആദ്യത്തെ രാഷ്ട്രീയ പ്രശ്നം. മുംബൈയിലുള്ള നിർമാണ സ്ഥാപനക്കാർ തീർത്തു പറഞ്ഞു കേരളത്തിലെ തൊഴിലാളികളെ വച്ച് പണി ചെയ്താൽ അഞ്ചു വർഷങ്ങൾ കഴിഞ്ഞാൽ പോലും സ്ഥാപനം പ്രവർത്തനമാരംഭിക്കാനാവില്ല. ഒടുവിൽ രാഷ്ട്രീയ കക്ഷികളുമായി അടിയന്തര ചർച്ചകൾ, പാർട്ടി ഫണ്ടിലേക്ക് സംഭാവനകൾ, തൊഴിൽ ഉറപ്പു പദ്ധതികൾ...അവസാനം എന്റെ ഭാഗം ജയിച്ചു, നിർമാണ ശാലയുടെ പണികൾ തീർന്നു പ്രവർത്തന സജ്ജമായി.
പരീക്ഷണാർത്ഥം യന്ത്രങ്ങൾ പ്രവർത്തിപ്പിച്ച ശേഷം നിർമാണം തുടങ്ങാൻ നേരം പരിസ്ഥതി പ്രവർത്തകർ സമരം തുടങ്ങി. എല്ലാ എൻവിറോണ്മെന്റ് ക്ലീറൻസും (പരിസ്ഥിതി വ്യവസ്ഥകൾ പാലിച്ചുകൊണ്ടുള്ള സാക്ഷ്യപത്രങ്ങൾ) ഉണ്ടായിട്ടും ആക്ടിവിസ്റ്റുകൾ (പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ) അതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ല. ഒടുവിൽ സമരക്കാരുടെ രണ്ടു നേതാക്കന്മാരെ കൊള്ള പൈസക്ക് മധ്യസ്ഥരായി നിയമിച്ചതോടെ അതും ഒത്തു തീർപ്പായി. ഒടുവിൽ നിശ്ചയിച്ച രണ്ടു വർഷങ്ങൾക്കു മുൻപ് തന്നെ ഫാക്ടറി പ്രവർത്തനം ആരംഭിച്ചു.. ആ നിർമാണ ശാല പ്രാവർത്തികമായതോടെ രണ്ടായിരം പേർക്ക് പ്രക്ത്യക്ഷമായും, പരോക്ഷമായും തൊഴിലുകൾ ലഭിച്ചു. ഇപ്പോൾ എല്ലാം സുമുഖമായി പ്രവർത്തിക്കുന്നു. ഈ മാസം അവസാനത്തോടെ ഞാൻ ബോംബെയിലേക്ക് തിരിച്ചു വരാൻ കാത്തിരിക്കുകയാണ്. ഗൗരവും അത് സമ്മതിച്ചിരിക്കുന്നു.
ഗൗരവ് വളരെ സന്തോഷത്തിലാണ്. അദ്ദേഹം തുടർന്നൂ.
"ഓൺ ദിസ് ഒക്കേഷൻ ഐ ആം ഗ്ലാഡ് റ്റു അന്നൗൻസ് ദാറ്റ് മിസ് മീനാക്ഷി വിൽ ബി എലിവേറ്റഡ് ആസ് ദി ഏഷ്യ പസിഫിക് ഹെഡ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ഷി വിൽ ബി വർക്കിംഗ് ഔട്ട് ഓഫ് മുംബൈ. " (ഈ സന്ദർഭത്തിൽ ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ മിസ് മീനാക്ഷിയെ ഏഷ്യ പസിഫിക് മേഖലയുടെ പ്രവർത്തന നേതൃത്വം നൽകികൊണ്ട് സ്ഥാനാരോഹണം നൽകിയിരിക്കുകയാണ്. അവർ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കും).
നിർത്താതെയുള്ള കര ഘോഷം ഏറ്റുവാങ്ങിക്കൊണ്ട് ഞാൻ എഴുനേറ്റു നമ്രശിരസ്കയായി കൈ കൂപ്പി നിന്നു. ബോർഡ് റൂമിലെ ചില മുഖങ്ങളിൽ നിരാശയുടെ നിഴൽ പടർന്നത് കണ്ടില്ലെന്നു നടിച്ചു. അസൂയ, നിരാശ, വിധ്വേഷം അങ്ങിനെ പല പല വികാരങ്ങൾ ഓരോ മനസിലും ഉണ്ട്. പക്ഷെ അതെല്ലാം ഉള്ളിൽ വച്ച് പുറമെ ചിരിച്ചു കാണിക്കാൻ കേമന്മാരാണ് കോർപ്പറേറ്റ് ജീവനക്കാർ. ഓരോ ഘട്ടത്തിലും നിരവധി യുദ്ധങ്ങൾ ജയിച്ചാണ് ഇവിടം വരെ എത്തിയത്, ഇനിയും പോരാട്ടങ്ങൾ തുടരും. ഞാൻ മനസ്സിൽ കരുതി.
ഗൗരവിന്റെ അടുത്ത പ്രഖ്യാപനം. "ഇന്ന് രാത്രി നമ്മൾ ആഘോഷിക്കുന്നു. നമ്മുടെ ചെയർമാനും ആഘോഷത്തിന്റെ ഭാഗമാകും."
എല്ലാവരും മുറിയിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങി. ഞാൻ കോട്ട് അഴിച്ചു കൊണ്ടിരിക്കുമ്പോൾ, ഗൗരവ് വന്നു. തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു, വളരെ നന്നായി. എന്റെ പ്രതീക്ഷകൾക്കും അപ്പുറത്തു നീ നിന്റെ കർത്തവ്യ നിർവഹണം സത്യസന്ധമായി ചെയ്തു. അഭിനന്ദനങ്ങൾ. അടുത്ത സന്ദർഭത്തിൽ തന്നെ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം.
തീർച്ചയായും, ഞാൻ പറഞ്ഞു.
രാത്രീ കാണാം , ഗൗരവ് നടന്നു നീങ്ങി.
ഗൗരവ് പോയതും ഞാൻ മൊബൈൽ ഫോൺ എടുത്തു നോക്കി. രണ്ടു രണ്ടു തവണ വിളിച്ചിട്ടുണ്ട്. മഹേന്ദ്ര വർമ്മ. മൊബൈൽ ഫോൺ പിന്നെയും മണി അടിക്കാൻ തുടങ്ങി. ഇത്തവണ പ്രകാശ് ആണ്. പ്രകാശിന് എന്തോ ടെലിപ്പത്തി അറിയാം എന്ന് തോന്നും. കിറു കൃത്യമായി ഫോൺ വരും. വിമാനം കേറുമ്പോൾ, ചർച്ച കഴിഞ്ഞപാടെ, എന്തെങ്കിലും എനിക്ക് വല്ലാതെ മനസിന് വിഷമം തോന്നുമ്പോൾ, അപ്പോഴൊക്കെ വിളിക്കും. ഞാൻ പലപ്പോഴും കളിയാക്കും, ഞാൻ എന്ത് ചെയ്താലും പ്രകാശിന് മൂക്കു വിയർക്കും അല്ലെ എന്നും പറയും.
ഞാൻ ഫോൺ എടുത്തു, “പറയു പ്രകാശ്.”
“മീനു, മീറ്റിംഗ് എങ്ങിനെ ഉണ്ടായിരുന്നു. എന്തായി നിന്റെ സ്ഥലമാറ്റത്തിന്റെ കാര്യം?”
“വളരെ നന്നായി നടന്നു പ്രകാശ്, എല്ലാവരും എന്നെ അഭിനന്ദിച്ചു. ഇന്ന് വൈകീട്ട് എനിക്ക് വേണ്ടി സഹപാഠികൾ വിരുന്നു വയ്ക്കുന്നുണ്ട്. “
“ഓഹോ അത് വളരെ നല്ല വർത്തമാനമാണല്ലോ.”
“പിന്നെ വേറെ ഒരു ശുഭ വാർത്തയുണ്ട്. എനിക്ക് ജോലിയിൽ സ്ഥാനക്കയറ്റം കിട്ടി. അതും ഏഷ്യ പസിഫിക് മേഖലയുടെ നേതൃ സ്ഥാനത്തു. “
“ആഹാ, എന്റെ വക പ്രത്യേക അഭിനന്ദനങ്ങൾ. നീ ഇവിടെ വരുമ്പോൾ ക്ലബ്ബിൽ എല്ലാവർക്കും വിരുന്നു നൽകണം. “
“തീർച്ചയായും.”
“എന്തായാലൂം നമ്മുടെ വിദൂര ദാമ്പത്യം അവസാനിക്കാറായല്ലോ. എന്തായാലും നിന്റെ പരിപാടികൾ നടക്കട്ടെ. ഞാൻ ക്ലബിലേക്കു ഇറങ്ങുകയാണ്.”
പ്രകാശ് അങ്ങിനെയാണ്. വളരെ ചുരുങ്ങിയ വാക്കുകളെ സംസാരിക്കു. അതും കാര്യമാത്ര പ്രസക്തമായി.പക്ഷെ എന്തിനും എന്റെ ഒപ്പം ഉണ്ടാകും, എന്റെ എല്ലാ സംരംഭങ്ങൾക്കും അനുകൂലിക്കും.
എന്തോ ആലോചിച്ചു കൊണ്ട് ലിഫ്റ്റ് കയറാനായി നടന്നു. സമയം ഏഴ് കഴിഞ്ഞിരിക്കുന്നു. മുറിയിൽ ചെന്ന് കുളിച്ചുഒരുങ്ങിയിട്ടു വേണം അത്താഴ വിരുന്നിനു പോകാൻ. ഇന്നത്തെ ദിവസം വളരെ നീണ്ടതാണ്. ഒന്ന് ചിരിക്കാൻ തോന്നി. ഏതു ദിവസമാണ് അങ്ങിനെ അല്ലാത്തത്? എക്സൽ ഷീറ്റും പ്രേസേന്റ്റേഷനായും , രാത്രിക്കും പകലിനും ഒന്നും വല്യ വ്യത്യാസമില്ലാതായിട്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
തലക്കുള്ളിൽ വല്ലാതെ വിങ്ങൽ. ഒരു മൈഗ്രേൻ വരുന്ന എല്ലാ ലക്ഷണവും ഉണ്ട്. നെറ്റിയിൽ വിരലമർത്തി കണ്ണ് പൂട്ടി മെല്ലെ കട്ടിലിലേക്ക് ചാഞ്ഞു...
അറിയാതെ മയങ്ങി പോയെന്നു തോനുന്നു. മുറിയിൽ ഫോണിന്റെ മണി മുഴക്കം കേട്ടാണ് ഉണർന്നത്. ഏകദേശം ഇരുപതു നിമിഷങ്ങൾ ഉറങ്ങിപോയിരിക്കുന്നു. പ്രദീപ് സെൻ ആണ് അങ്ങേ തലക്കൽ. എന്റെ സഹപ്രവർത്തകനും മാർക്കറ്റിംഗ് ഡിറക്ടറും.
“എന്താ റെഡി അല്ലെ?”
“സോറി, ഞാൻ ഒന്ന് മയങ്ങി.”
“ഞാൻ കാത്തു നിൽക്കാം. മീനാക്ഷി പെട്ടന്ന് ഒരുങ്ങി വരൂ. “
ഒരു നിമിഷം ആലോചിച്ചു.
ഈ തലവേദനയും പേറി ഒരു പരദൂഷണവും കേൾക്കാവുന്ന അവസ്ഥയിലല്ല ഞാൻ.
സെൻ എന്റെ നല്ല മിത്രമാണ്. പരമ രസികനും. ഹെഡ്ഓഫീസിൽ ആയതു കൊണ്ട് സെന്നിന് കിട്ടാത്ത വാർത്തകളും പരദൂഷണവും വിരളമാണ്.
ഇങ്ങിനെയുള്ള യാത്രകളിലും വിരുന്നുകൾക്കിടയിലും ആണ് ഓഫീസിലെ സകല കിംവദന്തികളും പരദൂഷണങ്ങളും ചർച്ച ചെയ്യപ്പെടുക. മറ്റേതെങ്കിലും അവസരത്തിൽ ആണെങ്കിൽ ഞാൻ തീർച്ച ഈ സന്ദർഭം പാഴാകുമായിരുന്നില്ല. സെന്നിനോടൊപ്പം ഉള്ള യാത്ര. പക്ഷെ ഇന്ന് തീരെ വയ്യ. മൈഗ്രൈൻ ഉച്ചത്തിൽ എത്താതെ നോക്കണം. കുറച്ചു നിശബ്ദമായിരിക്കണം. എത്രയും പെട്ടെന്ന് അത്താഴ വിരുന്നിൽ നിന്നും മുഖം കാണിച്ചു മടങ്ങണം.
“ ഇല്ല സെൻ, നിങ്ങൾ ചെല്ലൂ.ഞാൻ കുറച്ചു താമസിക്കും.”
“ശെരി, എന്നാൽ ഞാൻ പോകുന്നു. വിരുന്നു നടക്കുന്നിടത്തു കാണാം.”
വിരുന്നു നടക്കുന്ന സ്ഥലത്തേക്ക് കുറച്ചു ദൂരമുണ്ട്. പെട്ടെന്ന് തയ്യാറാകണം. ഞാൻ തോർത്തെടുത്തു കുളിമുറിയിലേക്ക് കയറി.
പാകത്തിന് ചൂടുള്ള വെള്ളം ഷവറിൽ നിന്നും ദേഹത്തേക്ക് വീണപ്പോൾ ഒരു സുഖം തോന്നി. കയ്യിൽ ഷവർ ജെൽ പതപ്പിച്ചു മേൽ മുഴുവനും തേയ്ക്കാൻ തുടങ്ങി.
മിനുമിനുത്ത തൊലി, വളരെ കാലമായുള്ള ക്രീം ഉപയോഗം കൊണ്ട് ചുളിവുകൾ ദൃശ്യമല്ല. പക്ഷെ സ്തനങ്ങൾ ഒരു മാറ്റവുമില്ലാതെ വടിവൊത്തു നിറഞ്ഞു നില്കുന്നു. ഒരു തരം മരത്താൽ നിർമിച്ച മാങ്ങകൾ പോലെ നിർവികാരമായ ഉയർന്നു നീളുന്നത് കണ്ടിട്ടു എനിക്ക് ചിരി അടക്കാനായില്ല. പുറത്തു നിന്ന് നോക്കിയാൽ എന്ത് നല്ല ജീവിതം, ധനം, പദവി, സ്നേഹ സമ്പന്നനായ ഭർത്താവ്, മകൻ, സമുദായത്തിൽ എല്ലാവരും കൊതിക്കുന്ന അംഗീകാരം. പക്ഷെ ജീവിതം, അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ...അതെന്നെ കൈ മോശം വന്നിരിക്കുന്നു.
കുളി കഴിഞ്ഞു മുറിയിൽ വന്നു. തോളൊപ്പം മുറിച്ച കേശഭാരം. മുടിയാകെ ചുവപ്പു കലർന്ന ബ്രൗൺ ചായം പൂശിയിരിക്കുന്നു. ഹെയർ ഡ്രയർ ഉപയോഗിച്ച് കേശം ഒതുക്കി. കുറച്ചു ബെയ്സും ഫൗണ്ടേഷനും മുഖത്ത് തേച്ചു. മേമ്പൊടിക്ക് ഐ ലൈനറും ഒരല്പം റൂഷും. അധരങ്ങളിൽ ലിപ് ഗ്ലോസ് ഇട്ടശേഷം കറുത്ത ഹൈ ഹീൽ ചെരുപ്പും ധരിച്ചു. ബ്ലാക്ക് ഷിമ്മർ വസ്ത്രമാണ് ധരിച്ചത്. വസ്ത്രത്തിലെ സ്വർണ നിറമുള്ള ഡിസൈൻ ഹീൽസിനു നല്ല ചേർച്ചയാണ്. ചേരുന്ന വാലെറ്റും മൊബൈൽ ഫോണും എടുത്തു. കണ്ണാടിയിൽ നോക്കി ഒന്ന് കൂടി തൃപ്തി പെട്ടൂ.
ലിഫ്റ്റ് ഇറങ്ങി ലോബ്ബിയിൽ ചെന്നപ്പോൾ കാർ പുറത്തുകിടപ്പുണ്ടായിരുന്നു. തലപ്പാവ് വച്ച ഡ്രൈവർ വന്നു കാറിന്റെ വാതിൽ തുറന്നു തന്നൂ.
“നമസ്കാരം മേം സാബ്. പോകാമല്ലേ?”
എന്റെ ഫ്രോക്കിന്റെ സ്പ്ളിറ് അഡ്ജസ്റ്റ് ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു, “യെസ് , ലെറ്റ് അസ് സ്റ്റാർട്ട്.”
പടി കടന്നു പാതയിലേക്ക് വണ്ടി ഇറങ്ങിയതും ഡ്രൈവർ സീഡി പ്ലയെർ ഓൺ ചെയ്തു. ജഗ്ജിത് സിങിന്റെ വോ കാഗസ് കീ...ഗസലിന്റെ ഈണം കാറിൽ ഒഴുകി തുടങ്ങി.
ഡൽഹി വീഥികൾ എന്നും തിരക്കുള്ളവയാണ്. വണ്ടി പൊടി പറക്കുന്ന വീഥിയിലൂടെ പതുക്കെ നീങ്ങി തുടങ്ങി.
“റിസോർട്ടിലേക്കു എത്ര ദൂരമുണ്ട്?”
“ഇരുപതു കിലോ മീറ്റർ മാഡം, ഈ പോക്ക് പോയാൽ ഒരു മണിക്കൂറെങ്കിലും ആകും.”
ഞാൻ തല പുറകിലോട്ടു ചായ്ച്ചു കണ്ണുകൾ ചിമ്മി.
നിർത്താതെ ഉള്ള സൈറൺ, ആംബുലൻസിന്റേതാണ്. അറിയാതെ എന്റെ ചുണ്ടു ഒരു പ്രാർത്ഥനാ ശ്ലോകം ഉരുവിടാൻ തുടങ്ങി. പള്ളിക്കൂടത്തിലുള്ളഅപ്പോൾ ഉള്ള ശീലമാണ്. ആംബുലൻസ് കണ്ടാൽ ഒരു നിമിഷം നമ്മൾ രോഗിക്ക് വേണ്ടി പ്രാർത്ഥിക്കണം. ദേവന്റെ കൃപ അവരോടൊപ്പമുണ്ടാകട്ടെ, അറിയാതെ എന്റെ കൈകൾ നെഞ്ചിൽ ഒരു കുരിശു വരച്ചു.
പെട്ടെന്നാണ് മഹിയുടെ ഫോണിനെ കുറിച്ചോർത്തത്. രണ്ടു മിസ്ഡ് കാൾ.
“പാട്ടിന്റെ ശബ്ദം കുറച്ചു കുറക്കൂ”, ഞാൻ ഡ്രൈവറോട് പറഞ്ഞു.
ഞാൻ മഹേന്ദ്ര വർമയുടെ ഫോൺ നമ്പർ ഡയൽ ചെയ്തു. രണ്ടാമത്തെ റിങ്ങിൽ തന്നെ മഹി ഫോൺ എടുത്തു, കാത്തിരുന്ന പോലെ. പതിഞ്ഞ ശാന്തമായ സ്വരം.
“എന്താടോ, താൻ തിരക്കിലായിരുന്നോ?”
“ഓ, വല്യ തിരക്കൊന്നും ഇല്ല, എപ്പോഴും ഉള്ള പോലെ തന്നെ.”
“താൻ എവിടെയുണ്ട് ഇപ്പോൾ?”
“ഡൽഹിയിൽ ആണ്. ഒരു മീറ്റിംഗിന് വന്നതാണ്.”
“അപ്പോൾ കൊച്ചിയിൽ ഉണ്ടാകില്ലേ?”
“ഞാൻ രണ്ടു ദിവസത്തിൽ കൊച്ചിയിൽ എത്തും. എന്തെ?”
മഹി എന്നെ വിളിക്കുന്നത് പ്രതിവർഷം രണ്ടു പ്രാവശ്യമാണ്. ഒന്ന് എന്റെ ജന്മ നക്ഷത്രത്തിനു. പിന്നെ ഓണത്തിനും. ഇതിപ്പോൾ രണ്ടും അല്ല. പിന്നെ എന്താണാവോ?
മഹി തുടർന്നൂ. “തന്നെ പറ്റിയൊക്കെ അറിയുന്നുണ്ട്. കേരളത്തിൽ ഇത്രയോക്കെ സാധിച്ചെടുത്തില്ലേ. താൻ ഒരിക്കലും എന്നെ വിളിക്കില്ല എന്നെനിക്കു അറിയാം, പക്ഷെ ഞാൻ എന്റെ പ്രതീക്ഷ കൈവിടാറില്ല. ഒരിക്കലെങ്കിലും തന്റെ വിളി വരും എന്ന പ്രതീക്ഷ.”
മനസ്സിൽ കുറ്റബോധം തോന്നി. എന്റെ ജീവിതം ഒരു പാച്ചിലാണ്. ഒന്നിനും സമയമില്ല. മോനെ വിളിച്ചിട്ടും നാളേറെ ആയിരിക്കുന്നു. എന്റെ മൗനം തുടർന്നിട്ടോ എന്തോ, മഹി തന്നെ തുടർന്നു.
“ഞാൻ ബുധനാഴ്ച കൊച്ചിയിൽ വരുന്നുണ്ട്. ഒന്ന് കാണാൻ സാധിക്കുമോ?”
“ബുധൻ, പത്തൊൻപതാം തീയ്യതി... ഞാൻ ഉണ്ടാകും മഹി...ഞാൻ ഉണ്ടാകും. എന്താണ് കൊച്ചിയിൽ പരിപാടി?”
“എനിക്കൊരു പുരസ്കാരം ലഭിക്കാൻ പോകുന്നു. ഗവർണ്ണർ ഒക്കെ വരുന്ന ചടങ്ങാണ്. അവിടെ വരുമ്പോൾ തന്നെ ഒന്ന് കാണണം എന്ന് തോന്നി.”
“അഭിനന്ദങ്ങൾ മഹി... തീർച്ചയായും കാണാം. ഇറ്റ്'സ് മൈ പ്ലെഷർ...”
അദ്ധ്യായം 2
ഫോൺ വച്ച ശേഷമാണ് ഓർത്തത് എന്ത് പുരസ്കാരമാണ് മഹിക്ക് ലഭിക്കാൻ പോകുന്നത്? ഒന്നും ചോദിച്ചു മനസിലാക്കിയില്ല. അല്ലെങ്കിലും ഞാൻ അങ്ങിനെ ആണ്...ഓഫീസിൽ കാര്യങ്ങളിൽ കടു കട്ടി ആണെങ്കിലും ഈ വക കാര്യങ്ങളൊക്കെ മറന്നു പോകും. പ്രകാശ് എന്നും പരാതിപ്പെടും. ചില സാമാന്യ മര്യാദകളൊക്കെ പലപ്പോഴും നീ മറക്കുന്നൂ എന്ന്.
മനസ് പുറകോട്ടു പോകുകയാണ്. മഹി , അല്ല മഹേന്ദ്ര വർമ്മ. ഇപ്പോൾ കണ്ടാൽ തിരിച്ചറിയുമോ എന്ന് പോലും നിശയമില്ല. വിവാഹ ശേഷം ഒരിക്കലേ കണ്ടിട്ടുള്ളു, അതും യാദൃച്ഛികമായി, റെയിൽവേ സ്റ്റേഷനിൽ വച്ച്.
ഏകദേശം മുപ്പതു വർഷങ്ങൾക്കു ശേഷം മഹിയെ കാണുന്നു. മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു സന്തോഷം, ഒരു ലാഘവത്വം. മഹിയും ഞാനും...കോളേജിലെ അഞ്ചു വർഷങ്ങൾ...
ഒരു വഴക്കിന്റെ തുടർച്ചയെന്നോണമാണ് മഹിയെ ഞാൻ കണ്ടു മുട്ടിയത്. ഞാൻ പ്രീ-ഡിഗ്രി ഒന്നാം വർഷം ചേർന്ന കാലം. കോൺവെന്റ് സ്കൂളിൽ ആയിരുന്നു പത്തു വരെ പഠിച്ചത്. പേര് കേട്ട തെക്കേപ്പാട്ടു തറവാട്ടിലെ ആഢ്യന്മാരായ അമ്മാവന്മാരുടെ ഒരേ ഒരു മരുമകൾ.
സ്കൂളിൽ എന്നും പ്രത്യേക പരിഗണന ഉണ്ടായിരുന്നു. നല്ല പോലെ മാർക്ക് വാങ്ങുന്നതിനാൽ എല്ലാവർക്കും കാര്യമായിരുന്നു. മുത്തശ്ശൻ സ്കൂളിന് വേണ്ടി ഭൂദാനം നടത്തിയ വ്യക്തി ആയിരുന്നു.
അത് കൊണ്ട് തന്നെ ഞാൻ എന്തെങ്കിലും കുരുത്തകേട് കാട്ടിയാലും സിസ്റ്റേഴ്സ് പ്രശ്നമൊന്നും ഉണ്ടാക്കില്ല. അങ്ങിനെ എല്ലാവരുടെയും ഓമനയായി കഴിഞ്ഞു. അമ്മയും അച്ഛനും ഗൾഫിൽ ആയതു കൊണ്ട് അമ്മാമന്മാർക്കും കണ്ണിലുണ്ണി. സ്കൂളിൽ ചുറ്റും കൂടി നടക്കാൻ കുറച്ചു കൂട്ടുകാരും.
മൊത്തത്തിൽ അങ്ങിനെ വിലസി നടക്കുമോബോഴാണ് കോളേജിൽ എത്തി പെടുന്നത്. കോളേജിലെ ചേട്ടന്മാരൊക്കെ നമുക്ക് പുല്ലാണേ എന്ന ഒരു ഭാവം മുഖത്ത് എപ്പോഴും ഉണ്ടായിരുന്നു. ആരെയൂം കൂസാത്ത തന്റേടം. പക്ഷെ കോളേജ് അല്ലെ? ചേട്ടന്മാർ വിട്ടില്ല. അവർ തക്കം നോക്കിയിരുന്നു പിടിച്ചു.
അന്ന് ഞാനും സന്ധ്യയും ഗ്രേസും കോളേജ് സഹകരണ സ്റ്റോറിൽ ഗൈഡ്സ് വാങ്ങിക്കാൻ ചെന്നതായിരുന്നു. സ്റ്റോറിൽ നിന്നും കുറച്ചു ദൂരെയാണ് കാന്റീൻ സ്ഥിചെയുന്നതു. ക്യാന്റീനിലേക്കു പോകും വഴി നിറയെ പൂമരങ്ങൾ. വയലറ്റ് നിറത്തിൽ പൂക്കുന്ന ഒരു തരം വാക മരങ്ങൾ. പൂത്തു കുലുങ്ങി നിൽക്കുന്ന ആ മരങ്ങളെ നോക്കി നിന്നാൽ സമയം പോകുന്നത് അറിയില്ല. അവിടെ അങ്ങിനെ കറങ്ങി നിൽക്കുമ്പോഴാണ് അഞ്ചു സീനിയർസ് വരുന്നത്. ആരെയും പരിചയമൊന്നും ഇല്ല, പക്ഷെ കുഴപ്പക്കാരാണ് എന്ന് അറിയാം. വരവ് കണ്ടപ്പോഴേ ഒരു പന്തി കേടു തോന്നി. പിന്നെ ഓരോരുത്തരും മാറി മാറി റാഗിങ് തുടങ്ങി...പേര് ചോദിക്കലും, കളിയാക്കലും ... അങ്ങിനെ ഓരോ വിധത്തിൽ റാഗിങ് പുരോഗമിച്ചു. ഒടുവിൽ പാട്ടു പാടാനും നൃത്തം ചെയ്യാനും പറഞ്ഞു. എന്റെ ക്ഷമ നശിച്ചു. എല്ലാത്തിനുമില്ലേ ഒരു അതിരു. അനുസരിക്കുന്നത് നിർത്തിയശേഷം ഞാൻ അവന്മാരോട് കയർത്തു സംസാരിക്കാൻ തുടങ്ങി. അവർ വിടുന്ന മട്ടില്ലെന്നായപ്പോൾ ഞാൻ ഉറക്കെ ബഹളം വച്ചു. കുട്ടികൾ ഓടി കൂടാൻ തുടങ്ങി.
റാഗിങ്ങ് സംഘത്തിലെ ഏറ്റവും ഇളയ ചെറുക്കാനായിരുന്നു മൈക്കിൾ. അവന്റെ പേര് എനിക്ക് അപ്പോൾ അറിയില്ലായിരുന്നു. ഞാൻ ഉറക്കെ ഒച്ച വച്ചതും അവൻ എന്റെ വായ പൊത്തി. ഞാൻ അവന്റെ കൈക്കു അമർത്തി ഒരു കടി വച്ചു കൊടുത്തു. എന്റെ അഭിമാനത്തിനാണ് ക്ഷതം ഏറ്റത്. ഞാൻ ഉറക്കെ നിലവിളിച്ചു കൊണ്ട് പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് ഓടിക്കയറി. കരഞ്ഞു വിളിച്ചു ചെന്ന എന്നെ കണ്ടു പ്രിൻസിപ്പാളും പേടിച്ചു. സംഭവം ഞാൻ വിശദീകരിച്ചു. റാഗിങ്, അപമര്യാദയായി പെരുമാറൽ, അങ്ങിനെ വകുപ്പുകൾ പലതായി.
നാല് പേർക്ക് സസ്പെൻഷൻ, മൈക്കിൾ ഡിസ്മിസ് ചെയ്യപ്പെട്ടു. അന്ന് റാഗിങ് ഒരു ക്രിമിനൽ കുറ്റമല്ല. കലാലയ കവാടങ്ങളിൽ റാഗിങ് കൊടികെട്ടി വാണ കാലമായിരുന്നു. അതിനാൽ തന്നെ പെൺ കുട്ടിയെ കേറി പിടിച്ചു എന്നതാണ് വല്യ കേസ് ആയി മാറിയത്.
ആ സംഭവത്തോടെ ഒന്നെനിക്കു മനസിലായി. നമ്മൾ ധൈര്യത്തോടെ നിന്നാൽ നമ്മളെ എല്ലാവരും പേടിക്കും. പ്രീഡിഗ്രി കാരി ആണെങ്കിലും ആ സംഭവം എന്നെ കുറച്ചു പ്രസിദ്ധയാക്കി. മാത്രമല്ല ആരും വാലാട്ടാൻ പിന്നീട് ധൈര്യം കാണിച്ചതുമില്ല. കാര്യങ്ങൾ ഇത്രയൊക്കെ എത്തിയെങ്കിലും ഞാൻ ഇതൊന്നും അമ്മാവന്മാരോട് പറഞ്ഞില്ല. ഇനി അവർ അതിന്റെ പേരിൽ വടിയും വാളും എടുത്തു കലാലയത്തിലേക്കു ജാഥ നടത്തണ്ട എന്ന് കരുതി. അത്ര തന്നെ.
രണ്ടു ദിവസം കഴിഞ്ഞില്ല മൈക്കിളും കൂട്ടരും എന്നെ വന്നു കണ്ടു. അന്നത്തെ ശൂരത്തം ഒന്നും ഇല്ല. കരച്ചിലായി, കാലു പിടിക്കലായി. എങ്ങനെയെങ്കിലും പരാതി പിൻവലിക്കണം. ഭാവി തകരുന്ന കാര്യമാണ്. ഞാൻ ഉറച്ചു നിന്നൂ. തെമ്മാടിത്തരത്തിനു തക്ക ശിക്ഷ കിട്ടിയേ മതിയാവു.
ഒരു ആഴ്ച കഴിഞ്ഞു കാണും. ഞാനും ഗ്രേസും കൂടെ ക്യാന്റീനിലേക്കു പോവുകയായിരുന്നു. എന്റെ വയലറ്റ് പൂക്കളോടുള്ള ഭ്രമം കാരണം വീണു കിടക്കുന്ന പൂക്കളൊക്കെ പെറുക്കിക്കൊണ്ടു വളരെ പതുക്കെ ആണ് ഞങ്ങൾ നടന്നിരുന്നത്.
പെട്ടെന്ന് വന്നു മുന്നിൽ നില്കുന്നു മഹേന്ദ്ര വർമ്മ. പരിചയമില്ല, പക്ഷെ വളരെ ഏറെ കേട്ടിട്ടുണ്ട്. സകല കലാ വല്ലഭൻ. പല തരത്തിലും, പ്രീഡിഗ്രിക്കു റാങ്ക് ഹോൾഡർ. എഞ്ചിനീറിംഗും മെഡിസിനും വേണ്ടെന്നു വച്ചു ശാസ്ത്രഞ്ജൻ ആകാൻ തയ്യാറെടുക്കുന്ന ഓൾ റൗണ്ടർ. ബിഎസ്സി ഫിസിക്സ് ആദ്യത്തെ വർഷം. കവി, പ്രാസംഗികൻ, വിദ്യാർത്ഥി നേതാവ്. അച്ഛൻ പ്രൊഫസർ , സെനറ്റ് മെമ്പറും. കോളേജിലെ തരുണീമണികളുടെ, പ്രതേകിച്ചും പ്രീഡിഗ്രി വിദ്യാർത്ഥിനികളുടെ സ്വപ്ന നായകൻ. ആഹാ എന്തായാലും എനിക്കെന്താ, ഞാൻ കണ്ട ഭാവം നടിക്കാതെ നടന്നു.
“മീനാക്ഷി ഒന്ന് നില്ക്കു.” പിന്നിൽ നിന്നും മഹേന്ദ്ര വർമ്മ. ഞാൻ മെല്ലെ നടത്തത്തിന്റെ വേഗത ഒന്ന് കുറച്ചു.
“എനിക്ക് മീനാക്ഷിയോട് കുറച്ചു സംസാരിക്കാനുണ്ട്.”
കലാലയത്തിലെ പെൺകുട്ടികൾ ഇയാളോട് ഒന്ന് മിണ്ടാൻ സന്ദർഭം കിട്ടാൻ വേണ്ടി വഴിപാട് കഴിക്കുമ്പോൾ ഇയാൾക്കെന്താ എന്നോട് പറയാൻ ഉള്ളത്?
അഹങ്കാരം എന്റെ ജന്മ സ്വഭാവമാണ്, അത് കൊണ്ട് തന്നെ ഞാൻ കരുതി എന്നോടെന്തോ പ്രേമമാണ് എന്നു പറയാൻ വന്നതാണ് എന്ന്.
“എന്താ വല്ല പ്രേമ ലേഖനവും ആണോ? എങ്കിൽ എന്റെ അമ്മാവന്മാരുടെ കയ്യിൽ കൊടുത്താൽ മതി.”
വെളുത്തു തുടുത്ത മുഖവും വിടർന്ന കാണുകയും ഉള്ള മഹേന്ദ്ര വർമയുടെ മുഖം ചുവന്നു. ഒച്ച കനത്തു.
“എനിക്ക് പ്രേമിക്കാൻ മീനാക്ഷിയെ പോലുള്ള നീർക്കോലി കുട്ടികൾ ഒന്നും വേണ്ട.”
ഞാൻ ഒന്ന് ചമ്മി. എന്ത് പറയണമെന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്നൂ.
വർമ്മ തുടർന്നൂ. “ഞാൻ ഒരു വിവരം പറയാൻ വന്നതാണ്. മൈക്കിൾ ആത്മഹത്യക്കു ശ്രമിച്ചു, ജീവന് പോരാടുകയാണ്.”
എന്റെ മുഖം പേപ്പർ പോലെ വിളറി.
എന്റെ മുഖ ഭാവം കണ്ടിട്ടോ എന്തോ വർമ്മ പറഞ്ഞു, “മീനാക്ഷിക്ക് വിരോധമില്ലെങ്കിൽ നമുക്ക് ക്യാന്റീനിലേക്കു പോകാം. കൂട്ടുകാരികളെ കൂടെ വിളിച്ചോളൂ.” ഇന്ത്യൻ കോഫി ഹൗസിലെ ജനാലയ്ക്കരികിലെ മേശ കാലി ആയിരുന്നു. വർമ്മ അങ്ങോട്ടേക്ക് നടന്നു.
ഞങ്ങളോട് ഇരിക്കാൻ ആംഗ്യം കാട്ടി.
“കഴിക്കാൻ...?”
“ഒന്നും വേണ്ട”, ഞാൻ പറഞ്ഞു
“ശരി, ഞാൻ പറയാം.”
“നാല് കാപ്പി.”
വർമ്മ പതുക്കെ പറഞ്ഞു തുടങ്ങി. “മീനാക്ഷിക്കറിയാം മൈക്കിൾ തെറ്റൊന്നും ചെയ്തിട്ടില്ല. അവൻ ആ റാഗിങ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത് തെറ്റാണു. പക്ഷെ കുട്ടിയുടെ വായ പൊത്തി പിടിച്ചത് പേടി കൊണ്ടാണ്. മറ്റു നാല് പേരും ഓടി രക്ഷ പെട്ടപ്പോൾ അവനെന്തു ചെയ്യണമെന് അറിയാതെ പോയി. ആ വെപ്രാളത്തിൽ സംഭവിച്ചതാണ്.”
ഞാൻ വിട്ടു കൊടുക്കാൻ തയ്യാറായില്ല.
“എന്ത് വന്നാലും ആരെങ്കിലും ദേഹത്ത് കേറി പിടിക്കുമോ ? എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ?”
“ഒന്ന് ശാന്തായാകു. മീനാക്ഷി. നിങ്ങളെ പോലെ വല്യ പള്ളിക്കൂടത്തിൽ ഒന്നും പഠിച്ചതല്ല അവൻ. ഒരു മലമ്പ്രദേശത്തിൽ നിന്ന് വന്ന പയ്യനാണ്. അച്ഛൻ എന്നെ മരിച്ചു പോയി. വളരെ കഷ്ടപ്പെട്ടാണ് പള്ളിക്കൂടത്തിൽ തുടർന്നതുതന്നെ. എട്ടു പത്തു കിലോ മീറ്റർ നടന്നൂ, തളർന്നു, അങ്ങിനെയാണ് അവൻ പള്ളിക്കൂട പഠനം പൂർത്തിയാക്കിയത്. കായിക സംവരണത്തിലാണ് കലാലയത്തിൽ ചേരാനായത്. താഴെ മൂന്ന് നാല് പിള്ളേരുണ്ട് അവന്റെ വീട്ടിൽ. ആ കുടുംബത്തിന്റെ പ്രതീക്ഷയാണ് അവനെ കലാലയത്തിൽനിന്നും പുറത്താക്കിയപ്പോൾ തകർന്നത്. ബിരുദം നേടിക്കഴിഞ്ഞാൽ അവനു വല്ല ഗവണ്മെന്റ് ജോലിയും കിട്ടും. ഒരു വലിയ കുടുംബം രക്ഷപെടും. അവനിപ്പോഴും ആശുപത്രിയിലാണ്. രക്ഷപ്പെടുമോ എന്ന് പറയാറായിട്ടില്ല. ഇനി കലാലയത്തിലെ കുഴപ്പങ്ങൾ ഒക്കെ പോലീസ് അറിഞ്ഞു കേസ് ഒക്കെ ആയാൽ അവന്റെ ഭാവി അതോടെ തീരും. മീനാക്ഷി പരാതി പിൻവലിക്കണം.”
ഞാൻ ഒരു നിമിഷം നിശബ്ദമായിരുന്നു.
“പക്ഷെ...”
“അരുതേ, വേറൊന്നും പറയരുത്. ഒന്നും ആലോചിക്കരുത്. പരാതി പിൻവലിക്കണം.”
മഹേന്ദ്ര വർമയുടെ ഇടതു കൈ മേശപ്പുറത്തു വച്ചിരുന്ന എന്റെ വലതു കയ്യിൽ അമർന്നു. “പ്ളീസ്...” എന്റെ കണ്ണിലെ ചോദ്യ ഭാവം കൊണ്ടാകാം, വർമ്മ പറഞ്ഞു, “ഞാൻ വരാം, മീനാക്ഷിയുടെ കൂടെ പ്രിൻസിപ്പലിനെ കാണാം.”
ഗ്രേസും സന്ധ്യയും കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. ഞങ്ങൾ എഴുനേറ്റു. അവർ ക്ലാസ്സ്സിലേക്കും ഞങ്ങൾ പ്രിൻസിപ്പലിന്റെ മുറിയിലേക്കും നടന്നു.
“മഹേന്ദ്ര, നീ ഒരു വലിയ കാര്യമാണ് ചെയ്യുന്നത്. മൈക്കിളിന്റെ കാര്യം ഒന്നും എനിക്ക് അറിയില്ലായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ അത് വലിയ നഷ്ടമാകും ആ കുടുംബത്തിന്.. .എനിക്ക് വല്ലാത്ത കുറ്റബോധം തോനുന്നു, ഒന്ന് കൂടെ അന്വേഷിക്കേണ്ടതായിരുന്നു...” പ്രിൻസിപ്പൽ തുടർന്നൂ.
പിന്നെ എന്നെ നോക്കി പറഞ്ഞു. “മീനാക്ഷി കുറച്ചു എടുത്തു ചാടി പ്രവർത്തിച്ചു. ഞാനും ശരിയായ ഒരു അന്വേഷണം നടത്തിയില്ല. പക്ഷെ ഇപ്പോൾ ഈ പരാതി പിൻവലിക്കാൻ മീനാക്ഷി കാണിച്ച മനസിന് , എനിക്ക് സന്തോഷം തോനുന്നു. മൈക്കിൾ വേഗം സുഖം പ്രാപിക്കാൻ നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം.”
പ്രിൻസിപ്പൽ റൂമിൽ നിന്നും പുറത്തു വന്ന വർമ്മ എന്നോട് നന്ദി പറഞ്ഞിട്ട് നേരെ ക്ലാസ്സിലേക്ക് പോയി, എനിക്ക് വല്ലാത്ത ഒരു അസ്വസ്ഥത. ഞാൻ നേരെ ബസ് കയറി വീട്ടിലേക്കു പോന്നു.
അദ്ധ്യായം 3
എന്റെ വാടിയ മുഖം കണ്ടിട്ടോ എന്തോ, അമ്മായിമാർ ഓടി വന്നു.
“എന്തെ കുട്ടി, വയ്യേ? ക്ലാസ് ഇല്ലേ നിനക്ക്?”
“ഒന്നുമില്ല, ഒരു തല വേദന...”
“തല നീര് ഇറങ്ങിയിട്ട് ഉണ്ടാകും. അതെങ്ങനെയാ, കുളിച്ചു ശരിക്കു തോർത്തില്ലല്ലോ? ആ രാസ്നാദി പൊടി തിരുമ്മാൻ പറഞ്ഞാൽ അതും കേൾക്കില്ല. അതൊക്കെ കുറച്ചിലല്ലേ, ഇപ്പോളത്തെ പരിഷ്ക്കാരികൾക്കു...” അമ്മമ്മയാണ്.
കുറച്ചു നേരം മുറിയിൽ പോയി കിടന്നു. മനസുറക്കുന്നില്ല ഒന്നിലും. കുറച്ചു നേരം തൊടിയിൽ ചുറ്റി നടന്നു. ഒരു സമാധാനവും കിട്ടുന്നില്ല. മൈക്കിൾ മരിക്കുമോ? മരിച്ചാൽ?
പെട്ടെന്ന് തോന്നി ഒന്നമ്പലത്തിൽ പോയാലോ എന്ന്? മേൽ കഴുകി, റെഡി ആയി.
“എന്തെ കുട്ടി, ചായയും കാപ്പിയും ഒന്നും വേണ്ടേ?” പണിക്കാരി ശാന്തയാണ്.
“വേണ്ട, ഇപ്പൊ വരം ഞാൻ...”
അമ്പലം അടയ്ക്കുന്നതിന് മുൻപേ എത്തണം. പാടത്തെ വരമ്പിലൂടെ വേഗം നടന്നു. അമ്പലത്തിൽ തിരക്കില്ല. തിരുമേനി ഉണ്ട്.
എൺപതോളം വയസായ നമ്പൂതിരിയാണ്. എന്നെ വല്യ ഇഷ്ടമാണ്.
“മീനു കുട്ടി, കണ്ടിട്ട് ഇശ്ശി കാലായല്ലോ? അമ്മയുടെ കത്തൊക്കെ ഇല്ലേ?”
ഞാൻ വെറുതെ ഒന്ന് ചിരിച്ചു.
മൈക്കിൾ ആണ് മനസ്സിൽ മുഴുവൻ. മൃതുഞ്ജയ പുഷ്പാഞ്ജലി കഴിച്ചാൽ യമ രാജാവിനെ പേടിക്കണ്ട എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ക്രിസ്ത്യാനികൾക്ക് അമ്പലത്തിൽ പുഷ്പാഞ്ജലി കഴിക്കുമോ? നക്ഷത്രവും അറിയില്ല... ഒടുവിൽ മടിച്ചു മടിച്ചു പറഞ്ഞു...
“തിരുമേനി, ഒരു മൃതുഞ്ജയ പുഷ്പാഞ്ജലി,” കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുൻപ് ഞാൻ തന്നെ പറഞ്ഞു,”എൻ്റെ കൂട്ടുകാരിയുടെ അച്ഛനാണ്. പേര് മൈക്കിൾ. നാളൊന്നും അറിയില്ല...”
“അതിനെന്താ, നാളെ രാവിലെ തീർച്ചയായും ചെയ്യാം കേട്ടോ. എന്തെ, വല്ല വയ്യായ്കയും ഉണ്ടോ മൂപ്പർക്ക് ?”
“അത്, അത്, അയാൾ ആസ്പത്രിയിലാണ്.”
“എന്നാൽ ഒരു ധാരയും പിന് വിളക്കും കൂടി ആയിക്കോട്ടെ.
പടിഞ്ഞാട്ടു നോക്കി ഇരിക്കുന്ന ശിവനല്ലേ ഇവിടെ. ശക്തി കൂടും. എല്ലാം നന്നായി വരും.”
പൈസ കൊടുത്തു, ദീപാരാധന തൊഴുതു. പ്രസാദവും വാങ്ങി. ഇത്രയേറെ മനസ്സിൽ തട്ടി ഞാൻ ഒരിക്കലും പ്രാർത്ഥിച്ചിട്ടില്ല.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ മനസ്സിനൊരു ചെറിയ സുഖം തോന്നി. എന്നാലും പോരാ, ഒരു വിഷമം മനസ്സിൽ. സന്ധ്യയുടെ വീട്ടിലേക്കു ഫോൺ ചെയ്തു.
“എന്തെ മീനു നേരത്തെ പോന്നത്, എന്ത് പറ്റി? ഒന്ന് പറയുക കൂടെ ഇല്ലാതെ നീ ഓടി പോന്നത്...”
“അതൊക്കെ പിന്നെ പറയാം. നീ എനിക്കൊരു സഹായം ചെയ്യൂ. എനിക്ക് മഹേന്ദ്ര വർമയുടെ ഫോൺ നമ്പർ വേണം.”
“ഫോൺ നമ്പറോ? നിനക്കിതെന്തു പറ്റി.”
“നീ ചോദ്യം ചോദിക്കാതെ ഒന്ന് സംഘടിപ്പിച്ചു താ...എല്ലാം നാളെ പറയാം.”
“എന്നാൽ നീ ഫോൺ വയ്ക്കു. ഞാൻ ഒന്ന് നോക്കട്ടെ. എന്റ്റെ കസിന്റെ ക്ലാസ്സ്മേറ്റ് ആണ് വർമ്മ. ഭാഗ്യമുണ്ടകിൽ കിട്ടും.”
ഞാൻ ഫോണിനെ ചുറ്റി പറ്റി നിന്നൂ. വല്യമ്മാമ പണിക്കാർക്കൊക്കെ കൂലി കൊടുത്തിട്ട് വരുകയാണ്.
“എന്താ മീനു, നീയെന്താ ഇവിടെ ചുറ്റി പറ്റി നിൽക്കണത്?”
“ഒന്നൂല്യ , സന്ധ്യയോടെ ഒരു ഡൌട്ട് ചോദിച്ചിട്ടുണ്ട്. അവൾ ഫോൺ വിളിക്കും.”
“ഉം,” അമ്മാമ പോയി
ഒരു ഇരുപതു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ സന്ധ്യ വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു.
“നീയെന്താ മീനു, ഫോൺ കയ്യിൽ വച്ചിട്ടിരിക്കിയാണോ?”
“നീ നമ്പർ പറ, നമ്പർ കിട്ടിയോ?”
“എഴുതിക്കോ, അവൾ നമ്പർ പറഞ്ഞു തന്നു.”
ഒരു നന്ദിവാക്ക് പോലും പറയാതെ ഞാൻ ഫോൺ താഴെ വച്ചു. വർമയുടെ നമ്പർ ഡയല് ചെയ്യാൻ തുടങ്ങി. അതാ വരുന്നൂ, ചെറിയമ്മായി,
“ആരാ മീനു, അച്ഛൻ സന്ധ്യക്ക് വിളിക്കാം എന്ന് പറഞ്ഞിരുന്നു, ഇനിയും വിളി കണ്ടില്ല.”
അയ്യോ, ഈ സുന്ദരിക്കോത അമ്മായിയെ ഇനി എങ്ങിനെ ഒഴിവാക്കും
“ഞാൻ ഇപ്പൊ കട്ട് ചെയ്യും, പക്ഷെ ചെറിയമ്മായി, അമ്മായിയെ ആരോ അന്വേഷിച്ചിരുന്നല്ലോ...അത് പിന്നെ, വല്യമ്മാമക്ക് പാലും വെള്ളം വേണമത്രേ...”
“ഓഹ്, ഈ വീട്ടിൽ അടുക്കളേൽ നിന്ന് ഇറങ്ങാൻ നേരല്ല്യ . “ചെറിയമ്മായി മുഖം കനപ്പിച്ചു അടുക്കളയിലേക്കു നടന്നു പോയി.
ഫോൺ റിങ് പോകുന്നുണ്ട്.
എന്റെ തേവരെ, വർമ്മ വേഗം ഫോൺ എടുക്കണേ...ഇനി ആരെങ്കിലും ഫോണിനിയരികിലെത്തുംമുമ്പ്.
ഒരു സ്ത്രീ ആണ്.
“ഹലോ, മഹേന്ദ്ര വർമ്മ ഇല്ലേ?”
“ആരാ നിങ്ങൾ?”
എന്താ പറയുക. “ഞാൻ, ഞാൻ വർമയുടെ സഹപാഠിയാണ്.”
“ശരി, ഇപ്പോൾ ഞാൻ വിളിക്കാം.”
“മഹേന്ദ്ര, മഹേന്ദ്ര, ... നിനക്ക് ഫോൺ...അവർ നടന്നു കൊണ്ടേ വിളിച്ചു പറയുന്ന ശബ്ദം എനിക്ക് കേട്ടൂ.”
“മഹേന്ദ്ര വർമ്മയാണ്, ആരാ സംസാരിക്കുന്നെ?”
“മഹേന്ദ്ര വർമ്മ, മഹി, ഞാൻ മീനാക്ഷിയാണ്.”
“ഓഹോ, താനോ? എന്താ പുതിയ വല്ല പ്രശ്നവും ഒപ്പിച്ചോ കലാലയത്തിൽ?”
“എനിക്ക്, എനിക്ക്, മൈക്കിളിനു എങ്ങിനെ ഉണ്ട്?”
“ഓഹോ അതിനാണോ വിളിച്ചത്? ഞാൻ ആശുപത്രിയിൽ പോയിരുന്നു. എന്നാലും ഒരു ഇരുപത്തി നാല് മണിക്കൂർ കൂടി ഗുരുതരമാണ്...”
“ഏതു ആശുപത്രിയിലാണ് മൈക്കിളിനെ പ്രവേശിപ്പിച്ചിരിക്കുന്നെ?
താലൂക്ക് ആശുപത്രിയാണ്.”
“മഹി എനിക്കൊന്നു കാണണം മൈക്കിളിനെ ...”
“സന്ദർശകരെ അങ്ങോട്ട് വിടില്ല...പിന്നെ അവന്റെ അമ്മ തന്നെ കണ്ടാൽ എങ്ങിനെ പ്രതികരിക്കും എന്നും അറിയില്ല...”
“എനിക്ക് വല്ലാത്ത കുറ്റബോധമുണ്ട്...എന്തെങ്കിലും പറ്റിയാൽ?”
“താൻ ഒന്ന് സമാധാനമായിരിക്കു. എല്ലാം ശരിയാവും.”
“എന്നാലും എന്നെ ഒന്ന് കൊണ്ട് പോകുമോ മഹി? പ്ളീസ്...”
“ശരി, തനിക്കു നിർബന്ധമാണെങ്കിൽ നാളെ പോകാം.”
“എനിക്ക് വല്ലാത്ത കുറ്റബോധമുണ്ട്. എന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി, മിഴിനീർ കവിഞ്ഞൊഴുകി.”
“താൻ കരയുകയാണോ? വല്യ ധൈര്യശാലി ആണെന്നാണ് എല്ലാവരും പറഞ്ഞത്. ശരി , കരച്ചിൽ നിർത്തു. മൈക്കിളിനു ഒന്നും സംഭവിക്കില്ല.”
ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ ഫോൺ താഴെ വച്ചു. എങ്ങിനെയെങ്കിലും രാത്രി കഴിഞ്ഞെങ്കിൽ എന്ന് തോന്നി.
അടുത്ത ദിവസം നേരത്തെ തന്നെ കോളേജിലേക്ക് പുറപ്പെട്ടു. ചോറ്റുപാത്രം എടുക്കാൻ മറന്നു പോയിരുന്നു.
“ഈ കുട്ടിക്കെന്തേ പറ്റിയത്? പ്രാതലും കഴിച്ചില്ല, ഇതാ ഇപ്പൊ ചോറ്റു പാത്രവും മറന്നിട്ടു പോയിരിക്കുന്നു.” പിന്നിൽ നിന്നും ശാന്ത വിളിച്ചു പറയുന്നുണ്ടായിരുന്നു
ഞാൻ ക്ലാസ്സ്മുറിയിൽ പോകുന്നതിനു പകരം കവാടത്തിന്റെ അടുത്തുള്ള മരച്ചുവട്ടിൽ പോയി നിന്നൂ. മഹി വന്നപ്പോൾ ഒൻപതര മണിയായി .എന്നെ കണ്ടതും അടുത്ത് വന്നു കാറിന്റെ ചില്ലു താഴ്ത്തി.
“ഇയ്യാൾ എന്താ ഇവിടെ? താൻ വല്ലാതിരിക്കുന്നല്ലോ? ക്ലാസ് ഇല്ലേ?”
“എനിക്ക് ക്ലാസ്സിൽ പോണ്ട. മൈക്കിൾ?”
“ഞാൻ ആശുപതിയിലേക്കു വിളിച്ചിരുന്നു, അവൻ ഭേദപ്പെട്ടു വരുന്നുണ്ട്. ഇപ്പോൾ പോയാലും കാണാൻ ഒക്കില്ല. താൻ ക്ലാസ്സിൽ ചെല്ല്. നമുക്ക് വൈകീട്ട് പോകാം.”
ഞാൻ ക്ലാസ്സിൽ ഇരുന്നു എന്നല്ലാതെ ഒന്നും ശ്രദ്ദിക്കുന്നുണ്ടായിരുന്നില്ല.
ഒടുവിൽ മൂന്നര മണിക്ക് മഹി വന്നു.
“മീനാക്ഷി, നമുക്ക് പോകാം.”
മഹിയുടെ കൂടെ കാറിൽ പോകുമ്പോൾ, എന്റെ മനസ് പെരുമ്പറ കൊട്ടുന്ന പോലെ തോന്നി. തേവരെ പിന്നെയും പ്രാർത്ഥിച്ചു.
ആശുപത്രിയിൽ മഹിയുടെ പുറകെ ഒരു നിഴൽ പോലെ ഞാൻ നടന്നു. മൈക്കിൾ ഐസിയുവിൽ ആണ്. മഹി ഡോക്ടറെ ചെന്ന് കണ്ടു. മൈക്കിൾ സുഖം പ്രാപിച്ചു വരുന്നുണ്ട്. നാളെ വാർഡിലേക്ക് മാറ്റാനാകും.
“മൈക്കിളിന്റെ അമ്മ?”
“അവർ അടുത്തെവിടെയോ തുണി കഴുകാനായി പോയിരിക്കുകയാണ്.
തനിക്കു മൈക്കിളിന്റെ അടുത്ത് പോകണോ?”
“ഉം” , ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ മഹിയെ നോക്കി.
മഹിയും ഞാനും ഐ സി യുവിലെ പ്രത്യേക ഉടുപ്പുകൾ ധരിച്ചു. മൈക്കിളിനു ബോധമുണ്ടായിരുന്നു. മഹി അവന്റെ കൈ പിടിച്ചു.
“മൈക്കിൾ, ഇതാരാണ് എന്ന് നോക്ക്. മീനാക്ഷി നിന്നെ കാണാൻ വന്നതാണ്. നിന്നെ കോളേജ് അധികൃതർ തിരികെ ചേർത്തു. മീനാക്ഷിക്കിപ്പോൾ പരാതി ഒന്നും ഇല്ല.”
മൈക്കിൾ വിഹ്വലനായി .കണ്ണുനീർ തളംകെട്ടി. ഞാൻ പെട്ടെന്ന് തന്നെ മൈക്കിളിന്റെ രണ്ടു കയ്യും ചേർത്ത് പിടിച്ചു, “എനിക്ക് മാപ്പു തരു, വളരെ വളരെ ഖേദമുണ്ട്.” എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
അദ്ധ്യായം 4
“മേം സാബ്, റിസോർട് എത്തി.” ഡ്രൈവർ ആണ്.
ഓർമകൾക്ക് തത്കാലം വിട കൊടുത്തു കൊണ്ട് ഞാൻ വിരുന്നു നടക്കുന്ന മുറിയിലേക്ക് പ്രവേശിച്ചു. കൺ കോണിൽ ഉരുണ്ടു കൂടിയിരുന്ന രണ്ടു തുള്ളികൾ ഞാൻ തുടച്ചു കളഞ്ഞു. ലോബ്ബിയിൽ തന്നെ ഗൗരവ് ഉണ്ട്. ചെയർമാനും . എന്തോ ഗഹനമായ ചർച്ചയിലാണ് ഇരുവരും. എങ്കിലും ഗൗരവ് എന്നെ കണ്ടു.
“മീനാക്ഷി, നീ വളരെ വൈകിയാണ് വന്നിരിക്കുന്നത്. എല്ലാവരും നിനക്ക് വേണ്ടി കാത്തിരിക്കുകയാണ്...”
പിന്നെ ചെയർമാനോട് പറഞ്ഞു. “അമിറ്റിജി, ഇതാണ് മീനാക്ഷി, ഇന്നത്തെ രാത്രിയുടെ താരമാണ് ഇവർ. നമ്മുടെ സ്ഥാപനത്തിന്റെ വളർച്ചയുടെ നെടുംതൂണാണ് മീനാക്ഷി.”
ഞാൻ മുറുകെ കൈപിടിച്ച് കുലുക്കി.
“അഭിനന്ദങ്ങൾ, ഇനിയും നിങ്ങൾ ഉയരണം. വലിയ ഉയരങ്ങളിൽ എത്താറാകട്ടെ.”
“നന്ദി, സന്തോഷം.”
എന്തായാലും എന്റെ കേരളത്തിലെ കഷ്ട്ടപാട് വെറുതെയായില്ല. എല്ലാവരും അഭിനന്ദിക്കാൻ എത്തിയിട്ട് ഉണ്ട്. വിരുന്നു മുറിയിൽ ഡിജെ തന്റെ ഇംഗ്ലീഷ് ഗാനങ്ങൾ കഴിഞ്ഞു, ദേശി മിക്സ് തുടങ്ങിയിരിക്കുന്നു.
പാചക സ്ഥാപനത്തിലെ വനിതകൾ പലതരം ഭക്ഷണ സാധനങ്ങളുമായി മന്ദം മന്ദം നടന്നു വരുന്നു. ഞാൻ ഒരു പന്നീർ ടിക്ക പച്ച നിറമുള്ള ചട്ണിയിൽ മുക്കി ചവക്കാൻ തുടങ്ങി.
“ഓ, എന്തൊരു ട്രാഫിക്. മീനാക്ഷി എപ്പോൾ എന്തി?”പ്രദീപ് ആണ്.
“ഇപ്പോൾ വന്നതേയുള്ളു.”
“ഞാൻ നിങ്ങള്ക്ക് അല്പം മദ്യം പകർന്നു തരട്ടെ?” പ്രദീപ് ചോദിച്ചു.
“വേണ്ട, നന്ദി.”
“ഞാൻ തന്നെ വന്നു എടുത്തോളാം.”
പ്രദീപിനോടൊപ്പം ബാർ കൗണ്ടറിലേക്കു നടന്നു ചെന്ന്. വെള്ള വീഞ്ഞ് ആവശ്യപ്പെട്ടു. ഒന്ന് സൗകര്യമായി ഇരുന്നു കഴിഞ്ഞപ്പോൾ പ്രദീപ് ചോദിച്ചു,
“എന്താണ് മീനാക്ഷി കേരളതിൽ ചെയ്തത്? എന്തായാലും പദ്ധതി ആവിഷ്കരിച്ച ശേഷം മീനാക്ഷി അതി സുന്ദരി ആയിരിക്കുന്നു.
ഇപ്പോൾ ഒരു പതിനഞ്ചു വയസു കുറഞ്ഞ പോലെ തോനുന്നു.”
“പ്രദീപ്, മതി, വല്ലാതെ പൂവാലനാകാതെ. പിന്നെ, ഞാൻ കുറച്ചു വണ്ണം കുറഞ്ഞിട്ടുണ്ട്. ആ കൊഴുപ്പൊക്കെ ഒക്കെ ഒന്ന് കുറഞ്ഞു. എല്ലാ നേരവും ഓട്ട പാച്ചിൽ അല്ലെ.”
പ്രദീപ് എന്നെക്കാളും അനുഭവസ്ഥനാണ്. പക്ഷെ നല്ല മനുഷ്യനാണ്. വിപണിയിലെ അറിവ് ഇത്ര പ്രഗൽബമായി വിശകലനം ചെയ്യാൻ വേറെ അധികം ആളുകൾ ഉണ്ടാകില്ല. കേരളത്തിലെ പദ്ധതി നടപ്പിലാക്കാൻ എന്നെ വളരെ സഹായിച്ചിട്ടുമുണ്ട്. പ്രദീപ് അടുത്ത ഗ്ലാസ് മദ്യം എടുക്കാനായി എഴുനേറ്റു പോയി.
സത്കാരങ്ങളും ബഹളവും എനിക്കെന്നും ചതുർത്ഥിയാണ്. എത്രയും പെട്ടെന്ന് ഇറങ്ങണം. ഇല്ലെങ്കിൽ തലവേദന വീണ്ടും പ്രശ്നമുണ്ടാക്കും. അതിനെവിടെ, ആളുകൾ സൽക്കാര ലഹരിയിൽ അലിയാൻ തുടങ്ങുന്നതേ ഉള്ളു. ഗൗരവ് മാത്രം കുറച്ചു പരിഭ്രാന്തനാണ്.
ഒടുവിൽ സൽക്കാരം അവസാനിച്ചപ്പോൾ പുലർച്ചെ രണ്ടുമണി. എനിക്കാണെങ്കിൽ രാവിലെ നേരത്തെ തന്നെ ഉള്ള ഫ്ലൈറ്റ് ആണ്. ഞാൻ മുംബൈക്കാണ് പോകുന്നത്. അവിടെ പ്രകാശിന്റെ കൂടെ ഒരു ദിവസം, പിന്നെ കൊച്ചിക്കു പോകണം.
പ്രകാശ് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ്. എന്റെ നേരെ വിപരീത സ്വഭാവം. കൃത്യമായ മണിക്കൂറുകൾ ജോലി ചെയ്യും. ഒഴിവു സമയങ്ങളിൽ സംഗീത കച്ചേരികൾ, ക്ലബ്ബിൽ പോയി ചീട്ടു കളിക്കുക പിന്നെ റോട്ടറി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ...അങ്ങിനെ പോകും പ്രകാശിന്റെ ദിവസങ്ങൾ.
രാവിലെ എയർപോർട്ട് എത്തിയതും പ്രകാശിന്റെ ഫോൺ വന്നു, “ഞാൻ വരണോ സ്വീകരിക്കാൻ?”
“വേണ്ട, ഞാൻ വന്നോളാം. ഞാൻ ഉച്ചക്ക് മുൻപേ എത്തും. എന്താ പരിപാടി?”
“എനിക്കൊരു കക്ഷിയുടെ ചർച്ചയുണ്ട്. ഒരു മണിക്ക് തീരും. മീനു വീട്ടിലെത്തി ഒന്ന് ഉന്മേഷ വതിയാകുമ്പോളേക്കും ഞാനും എത്താം.”
ഏകദേശം പതിനൊന്നു മണിയോടെ ഞാൻ അന്ധേരി ലിങ്ക് റോഡിൽ ഉള്ള ഞങ്ങളുടെ അപ്പാർട്മെന്റിൽ എത്തി. എത്രയോ മാസങ്ങൾക്കു ശേഷമാണ് വീട്ടിലേക്കു വരുന്നത്. പ്രകാശിന്റെ ജീവിതത്തിലെ ചിട്ടകൾ വീട്ടിലും കാണാം. എല്ലാം വളരെ വൃത്തിയായി അടുക്കി വച്ചിരിക്കും., ഒരു സാധനം പോലും അസ്ഥാനത്തു കാണാൻ കഴിയില്ല. വീട്ടിലേക്കു കേറുമ്പോൾ ഒരു ലാഘവം തോന്നും. അമ്മയാണ് വാതിൽ തുറന്നതു. പ്രകാശിന്റെ അമ്മയാണ്. ഏകദേശം എൺപത്തി അഞ്ചു വയസുണ്ട്. പക്ഷെ ഒരു കൊച്ചു കുട്ടിയുടെ ചുറുചുറുപ്പാണ്. എന്നെ വലിയ ഇഷ്ട്ടവും.
“കാപ്പി കൊണ്ട് വരട്ടെ കുട്ടി?”
അമ്മ അങ്ങിനെയാണ്. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കും.
“അമ്മ ഇരിക്ക്, ഞാൻ കാപ്പി എടുക്കാം.”
“എനിക്ക് വേണ്ട കുട്ടി, സരോജ, അമ്മക്ക് കാപ്പി പോഡ്.” അമ്മ വേലക്കാരിക്ക് നിർദേശം കൊടുത്തു കഴിഞ്ഞു.
ഞാൻ വസ്ത്രം മാറി പൂമുഖത്തു വന്നിരുന്നു. അമ്മ ടെലിവിഷനിൽ ഏതോ പുരാണ പരമ്പര കാണുകയാണ്. ഞാൻ അമ്മയുടെ അടുത്ത് ചെന്നിരുന്നു. പരസ്യമാണ്. അമ്മ വിഡ്ഢി പെട്ടി അണച്ചു. പിന്നെ എന്റെ ചെമ്പൻ നിറത്തിലുള്ള മുടി തലോടി.
“എന്ത് കോലാ ഇത്. എത്ര നല്ല മുടിയായിരുന്നു. കമ്പി പോലെയാണ് മുടി ഇപ്പോൾ. കുറച്ചു എണ്ണ തേയ്ച്ചുടെ?എണ്ണ തേക്കാഞ്ഞിട്ടാണ് ഇങ്ങനെ ചെന്നികുത്തു വരുന്നത്.”
എന്റെ ചെന്നികുത്തിനെ അമ്മക്ക് പേടിയാണ്. ഇന്നലെയും ഇന്നും ഇരട്ടി വീര്യമുള്ള ഗുളികകൾ കഴിച്ചശേഷമാണ് ഞാൻ വന്നിരിക്കുന്നതെന്ന് അമ്മക്ക് അറിയില്ല, ഭാഗ്യം.
“ഇപ്പോഴും ഉണ്ടോ ആ തലവേദന, അടിക്കടി വന്നാൽ ഒന്ന് മൂസതിനെ കാണിക്കയാവും നല്ലതു. കൊച്ചിയിൽ നിന്ന് മൂസതിന്റെ സ്ഥലത്തേക്ക് അധികം ദൂരമുണ്ടോ കുട്ടിയെ?”
“തലവേദന വല്യ പ്രശ്നമില്ല. അത് പോട്ടെ. അമ്മ എന്ത് പറയുന്നു, സുഖമല്ലേ?”
“എനിക്കെന്താ കുട്ടി കുറവു? എന്റെ മകനുള്ള സ്ഥലമാണ് എന്റെ സ്വർഗം. ഒറ്റ സങ്കടമേ ഉള്ളൂ. പത്തിരുപത്തെട്ടു കൊല്ലമായില്ലേ കല്യാണം കഴിഞ്ഞിട്ടു, ഒരു കൊല്ലമെങ്കിലും നിങ്ങൾ ഒരുമിച്ചു കഴിഞ്ഞിട്ടുണ്ടോ? എന്ത് ജീവിതമാണ് ഇത്?”
ഞാൻ അമ്മയുടെ കൈ ചേർത്ത് പിടിച്ചു. “ഞാൻ ഒരു മാസത്തിൽ ഇങ്ങോട്ടെത്തും. പിന്നെ ഒരുമിച്ചിരിക്കൽ അല്ലല്ലോ വലുത്, സ്നേഹമല്ലേ... അത് ഞങ്ങൾക്കുള്ളിൽ നിറയെ ഇല്ലേ?”
“അച്ഛനും അമ്മയും ഓരോരോ ഭാഗത്തു. പോരാത്തതിന് ആ കുട്ടി വിദേശത്തതും. അവന്റെ കാര്യം ആലോചിച്ചാൽ നിക്ക് നല്ല വിഷമമുണ്ട്.”
അമ്മ അർജുന്റെ കാര്യമാണ് പറയുന്നത്. അവൻ വിദേശത്തതു നിയമ ബിരുദം പഠിക്കാൻ പോയതിൽ അമ്മക്ക് നല്ല വിഷമമുണ്ട്.
“അവനിപ്പോൾ പഠിത്തം കഴിഞ്ഞു വരില്ലേ അമ്മെ? കൊല്ലങ്ങൾ ഒക്കെ പെട്ടെന്ന് ഓടി പോവില്ലേ?” അമ്മയും പ്രകാശും വളർത്തിയ കുട്ടിയാണ് അർജുൻ എന്ന അച്ചു. എന്റെ ജോലി എന്നും ഓരോരോ പ്രമുഖ നഗരങ്ങളിൽ ആയിരുന്നു. ഞാൻ ഒരു വിസിറ്റിങ് പാരന്റ്. അത്ര മാത്രം.
എന്റെ ദൂരദേശവാസം അമ്മക്കിപ്പോൾ പരിചയമായിരിക്കുന്നു. പക്ഷെ അമ്മ അച്ചുവിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.
“അച്ചു ദിവസേന എന്നെ വിളിക്കും. സുഖമായിരിക്കണു എന്നാണു പറയണേ... എന്നാലും പാവം, നമ്മടെ ഭക്ഷണമൊക്കെ അവിടെ കിട്ടോ ആവോ? അവനു അവിടത്തെ ഭക്ഷണമൊന്നും ഇഷമാകുന്നുണ്ടാകില്ല.”
അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. അമ്മ മെല്ലെ എഴുനേറ്റുകൊണ്ടു പറഞ്ഞു .”ഞാൻ ഒന്ന് കിടക്കട്ടെ.”
അമ്മ അങ്ങിനെയാണ്. ഒരിക്കലും തന്റെ സങ്കടം മറ്റൊരാളെ കാണിക്കില്ല. പ്രകാശിന് മൂന്നു വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. വിവാഹ ശേഷം ഏകദേശം പന്ത്രണ്ടു വർഷം കഴിഞ്ഞു ജനിച്ച കുട്ടിയാണ് പ്രകാശ്. പ്രകാശിന് മൂന്ന് വയസുള്ളപ്പോൾ അച്ഛൻ ഹൃദയ ആഘാതത്തിൽ മരണപെട്ടു. അച്ഛൻ തമിഴ്നാട് ഗവണ്മെന്റ് സെർവിസിൽ ആയിരുന്നു. അച്ഛന്റെ മരണ ശേഷം അമ്മക്ക് ജോലി കിട്ടി.
ലാസ്റ്റ് ഗ്രേഡ് സെർവന്റ് ആയി. അധികം വിദ്യാഭ്യാസം ഇല്ലാത്തതിനാൽ ആ തസ്തികയിലുള്ള ജോലി സ്വീകരിക്കേണ്ടിവന്നു. നാട്ടിൽ എല്ലാവരും അമ്മയോട് പോകരുതെന്ന് പറഞ്ഞു. ആങ്ങള മാരുടെ സംരക്ഷണയിൽ കഴിഞ്ഞാൽ മതി. പക്ഷെ അമ്മ നിർബന്ധം കാണിച്ചു. നെയ്വേലിയിൽ പിഞ്ചു ബാലനെയും കൊണ്ട് ജോലിക്കു പോയി. ഭാഷ അറിയില്ല, സഹായത്തിനായി ആരും തന്നെ ഇല്ല, പ്രകാശിന്റെ പഠിത്തം, ഭാവി അത് മാത്രമായിരുന്നു അമ്മയുടെ മനസ്സിൽ. അന്നും, ഇന്നും അമ്മക്ക് പരാതികൾ ഇല്ല.
അമ്മയോട് പഴയ കഷ്ടപ്പാടുകൾ കുറിച്ച് ചോദിച്ചാൽ അമ്മ ചിരിക്കും. “എന്റെ കഷ്ടപ്പാടൊന്നും സാരല്യ. ന്റെ കുട്ടി പഠിച്ചു വലുതായില്ലേ. അവിടെ തറവാട്ടിൽ ഇരുന്നാൽ ആരും അവനെ പഠിപ്പിക്കാൻ വീട്ടുട്ടുണ്ടാവില്ല. അവസാനം വല്ല കാള പൂട്ടുകാരനും ആയിഅവന്റെ ജീവിതം അവിടെ കഴിഞ്ഞേനെ.”
കുറെ ബിസിനസ് പ്രസിദ്ധീകരണങ്ങൾ ടീപ്പോയിൽ കിടപ്പുണ്ട്. അത് വെറുതെ മറിച്ചു നോക്കി കൊണ്ടിരിക്കുപോഴാണ് ഫോൺ അടിച്ചത്. കൊച്ചിയിൽ നിന്നും ബ്രാഞ്ച് മാനേജർ റോയ് ആണ്. അടുത്ത പ്രശ്നം തയ്യാറായിട്ടുണ്ട്.
അദ്ധ്യായം 5
ഞങ്ങളുടെ പുതിയ നിർമാണ ശാല പരിസ്ഥിതി പ്രശ്നം ഉണ്ടാകുന്നു എന്നും ചൊല്ലി ചില തദ്ദേശ രാഷ്ട്രീയ നേതാക്കന്മാർ രംഗത്തിറങ്ങിയിട്ടുണ്ട്.
“മാഡം ഇന്ന് വരില്ലേ? ഇവിടത്തെ സ്ഥിതി അറിയാമല്ലോ? മുളയിലേ നുള്ളിയില്ലെങ്കിൽ കാര്യം കൈ വിട്ടു പോകും. പ്രശ്നം തുടങ്ങി രണ്ടുദിവസമായി. എന്റെ പരിധിയിൽ നിൽക്കുന്നില്ല.”
“റോയ്, ഞാൻ നാളെ വരം എന്നാണ് കരുതിയത്. ശരി, എന്താണ് പ്രശ്നം?”
“ഇവിടത്തെ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് സമയം അല്ലെ മാഡം. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാക്കി ജന ശ്രദ്ധ പിടിച്ചു പറ്റാനാണ്. ഏതെങ്കിലും മന്ത്രിമാരെ സ്വാധീനിക്കേണ്ടിവരും.”
കഴിഞ്ഞ രണ്ടു വർഷത്തിൽ ഇത് എട്ടാമത്തെ തവണയാണ് പ്രശ്നം. നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ. പക്ഷെ പഠിച്ചതിന്റെ ഒരു ഫലവും അവരുടെ മനസിലോ പ്രവർത്തിയിലോ ഇല്ല. വെറുതെയല്ല, ആ സംസ്ഥാനത്തില് വ്യവസായം വളരാത്തതു. ഏകദേശം ആയിരത്തോളം പേർക്ക് നേരിട്ട് ജോലി കൊടുത്ത സ്ഥാപനമാണ്. പരോക്ഷമായി എണ്ണൂറോളം പേർക്ക് വേറെയും ജോലികിട്ടിയിട്ടുണ്ട്. പക്ഷെ ഇതൊന്നും അവിടത്തെ ഊച്ചാളി രാഷ്ട്രീയക്കാർക്ക് തലയിൽ കയറില്ല. ഏതു കക്ഷി അധികാരത്തിൽ വന്നാലും ഒരേ സ്ഥിതി.
“ശരി റോയ്, ഞാൻ തിരിച്ചു വിളിക്കാം.”
റോയ് ഫോൺ വച്ചൂ. ഞാൻ എന്റെ പ്രൈവറ്റ് സെക്രട്ടറി അജിത്തിനെ വിളിച്ചു.
“അജിത് എനിക്ക് ഗവർണർ ഓഫീസിൽ സെക്രട്ടറി ജയയെ ലൈനിൽ കിട്ടണം. ഒരു അത്യാവശ്യകാര്യം പറയാൻ അഞ്ചു നിമിഷം സമയം തരാനാകുമോ എന്ന് ചോദിക്കു.”
പത്തു നിമിഷങ്ങൾക്കകം അജിത് തിരികെ വിളിച്ചു. “മാഡം രണ്ടു മണിക്ക് വിളിക്കാൻ പറഞ്ഞു.”
“ശരി.”
പറഞ്ഞ പോലെ പ്രകാശ് ഊണ് കഴിക്കാൻ വന്നു.
“എന്താ മീനു ഒരു മൂഡ് ഓഫ്?”
“പ്ലാന്റിൽ ചില പ്രശ്നങ്ങൾ...”
“ഓ അത് പുതിയതല്ലല്ലോ.”
“വാ ഊണ് കഴിക്കാം.”
പ്രകാശും അമ്മയും ഞാനും...വളരെ മാസങ്ങൾ കഴിഞ്ഞാണ് ഒരുമിച്ചു ഊണ് മേശയിൽ ഒത്തു കൂടുന്നത്. അച്ചുവിന്റെ അഭാവം പ്രകടമായിരുന്നു. അവനും കൂടെയുണ്ടായിരുനെങ്ങിൽ. ജോലി തിരക്കിൽ അവന്റെ അഭാവം അറിയാറില്ല. ഊണ് മേശയിൽ ഞാൻ നിശ്ശബ്ദയായിരുന്നു.പല നിറങ്ങളിലുള്ള കൊടികളും മുദ്രാവാക്യവും ആണ് കണ്ണിനു മുന്നിൽ.
രണ്ടു മണിക്ക് തന്നെ ഗവർണർ സെക്രട്ടറി ജയയെ വിളിച്ചു. അവരെ നേരത്തെ ചർച്ചാവേളയിൽ കണ്ടിട്ടുണ്ട്. കാര്യങ്ങൾ പറഞ്ഞു.
“മാഡം വന്നു ഗവർണർ അദ്ദേഹത്തെ ഒന്ന് കണ്ടാൽ പ്രശ്നം തീർക്കാം. നമുക്ക് പോംവഴി ഉണ്ടാക്കാം. പാർട്ടി വഴിയേ പോകുന്നതിലും ഭേദം അതാണ്. അദ്ദേഹം സഹായിക്കാതിരിക്കില്ല .”
“എനിക്കൊരു കൂടിക്കാഴ്ചയ്ക്കു സമയം കിട്ടാൻ എന്താ വഴി?”
“ഇന്ന് രാത്രി ഒൻപതു മണിക്ക് ആയാലോ? മാഡത്തിന് കൊച്ചിയിൽ നിന്ന് വരാൻ പറ്റുമല്ലോ, അല്ലെ?”
“സോറി ജയാ, ഞാൻ ഇപ്പോൾ മുംബൈയിലാണ്.”
“പക്ഷെ മീന മാഡം, അദ്ദേഹം നാളെ ഡൽഹിക്കു പോകും. പിന്നെ ഒരു ആഴ്ച കഴിഞ്ഞേ വരൂ.”
“ഓ, അത് ഒരു പ്രശ്നമാണ്. ശരി ജയാ, എന്നാൽ സമയം ഉറപ്പിച്ചുകൊള്ളു. ഞാൻ എത്താം.”
ഫോൺ വച്ച ശേഷം പ്രകാശിനോട് പറഞ്ഞു, “എനിക്ക് പെട്ടെന്ന് തന്നെ പോകണം.” പ്രകാശന് പരാതികൾ ഇല്ല. പക്ഷെ മുഖത്തെ നിരാശഎനിക്ക് മനസിലാക്കാം. ഇപ്പോൾ അത് കണ്ടില്ലെന്നു നടിക്കുകയെ വഴി ഉള്ളു.
അജിത്തിനെ വിളിച്ചു തിരുവനന്തപുരത്തേക്ക് വിമാന ടിക്കറ്റ് എടുപ്പിച്ചു. താമസവും.അഞ്ചു മണിക്കാണ് വിമാനം. പ്രകാശ് കൊണ്ട് വിടാം എന്ന് പറഞ്ഞു.അമ്മയോട് യാത്ര പറയുമ്പോൾ സങ്കടം വന്നു.
“സൂക്ഷിച്ചു പോയിട്ട് വരൂ.” അമ്മ പറഞ്ഞു
വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ പ്രകാശ് വാചാലാനായി.
“അച്ചു ദിവസവും വിളിക്കാറുണ്ട്. പക്ഷെ നിന്നോട് അവൻ അധികം നിന്നെക്കുറിച്ചു സംസാരിക്കാറില്ല. നീയൊട്ടും അവനെ വിളിക്കാറുമില്ല. നിനക്കെപ്പോഴുംതിരക്കാണെന്നാണ് അവൻ പറയുന്നത്. നിന്റെ തിരക്കുകൾ എനിക്ക് മനസിലാകും. പക്ഷെ അവൻ, അവൻ ചെറുപ്പമാണ്. ദിവസത്തിൽ ഒരിക്കലെങ്കിലും ഒന്നു കുശലം പറയാൻ സാധിക്കാത്തത്ര മാത്രം തിരക്കുണ്ടോ നിനക്ക്?”
സങ്കടം കൊണ്ട് തൊണ്ട അടച്ചു എനിക്ക്. പ്രകാശന്റെ കയ്യിൽ ഞാൻ മെല്ലെ എന്റെ കൈ വച്ച് അമർത്തി പിടിച്ചു.
“ഹേ, സങ്കടപെടണ്ട, കുറ്റപെടുത്തിയതല്ല. മുംബയിൽ ഇന്ന് നമുക്ക് അന്തസ്സായ ജീവിതമുണ്ട്. എല്ലാ സൗകര്യവും കൂടിയപെന്റ്ഹൗസ്, ബ്രാൻഡ് ന്യൂ കാറുകൾ. പക്ഷെ കുട്ടികളുടെ മനസ് വേറെയാണ്. നിനക്ക് ഞാൻ അത് പറഞ്ഞു തരേണ്ട. നീ ഈവയസിൽ അനുഭവിച്ച ഒറ്റപ്പെടൽ...അത് അവനു തോന്നരുത്.”
അച്ചുവിനോട് മണിക്കൂറുകൾ സംസാരിക്കണം എന്നുണ്ട്. പക്ഷെ വളരെ കലുഷിതമായ ഒരു മനസികാവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. അതും കഴിഞ്ഞ രണ്ടു വർഷമായി, ഒരു മാതിരി വെള്ളത്തിൽ ഇട്ട പോങ്ങു പോലെ, അങ്ങുമിങ്ങുമായി പോകുകയാണ്.
ഒരു ദിവസം പോലും മന സമാധാനം അറിഞ്ഞിട്ടില്ല.
കാർ പാർക്ക് ചെയ്തു ചെക്കിങ് പോയിന്റ് വരെ പ്രകാശ് വന്നു. യാത്രായാക്കുമ്പോൾ തോളിൽ തട്ടി പ്രകാശ് പറഞ്ഞു, “ടേക്ക് കെയർ...ഹാവ് എ സേഫ് ട്രാവൽ.”
അദ്ധ്യായം 6
വിമാന യാത്രയിൽ മുഴുവൻ പ്രകാശിന്റെ വാക്കുകൾ എന്റെ മനസ്സിൽ മിന്നിമാഞ്ഞു. എന്റെ ബാല്യകാലം. തെക്കേപ്പാട്ടെ തറവാട്. പഴയ കാലത്തു ആനയും അമ്പാരിയും ഒക്കെ ഉണ്ടായിരുന്ന ജന്മിമാർ ആണത്രേ. പക്ഷെ എനിക്കോർമ്മ വച്ച നാൾ മുതൽ ഞാൻ ഒരു കുഴി ആനയെ പോലും കണ്ടിട്ടില്ല. പക്ഷെ ആനയെ തളച്ചു എന്നും പറഞ്ഞു കുറ്റികൾ ഒക്കെ ഒരു പാട് എണ്ണം അമ്മമ്മ കാണിച്ചു തന്നിട്ടുണ്ട്. വലിയ ഈന്തപ്പനകൾ തറവാട്ടിൽ ഇപ്പോളും ഉണ്ട്. ആനക്ക് തീറ്റ കൊടുക്കാൻ വേണ്ടിയാണത്രെ ഒരു പറമ്പു മുഴുവൻ ഈന്തപ്പന വച്ച് പിടിപ്പിച്ചിരുന്നത്. പിന്നെ ആനയെ കുളിപ്പിക്കാൻ ഉള്ള കുളം. എല്ലാവരും കുളിക്കുന്ന കുളത്തിൽ നിന്നും വ്യത്യസ്തമാണ് ആ കുളത്തിന്റെ പടവുകൾ. വീതി കൂടിയുള്ള പടവുകൾ ആണവ. പരദേവതയായ കരിങ്കാളി കാവ്.
അമ്മമ്മക്ക് നാല് മക്കളാണ്. മൂന്നു ആണും ഒരു പെണ്ണും. വല്യമ്മാവനാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്. രണ്ടാമത്തെ അമ്മാവൻ ശേഖരൻ, ദേവി ഉപാസകനാണ്. അതിനാൽ വിവാഹം കഴിച്ചിട്ടില്ല. പൂജ, കർമങ്ങൾ, ഇത് മാത്രമേ അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തിൽ ഉള്ളു. കുഞ്ഞമ്മാവനും ഞാനും ആയിരുന്നു വല്യ കൂട്ടു. എന്നെക്കാളും പത്തു വയസിനു മൂത്തതാണ് കുഞ്ഞമ്മാവൻ.
എന്റെ അമ്മ കുഞ്ഞമ്മാവന്റെ മൂത്ത ഒപ്പോളാണ്. അമ്മ കല്യാണത്തിന് ശേഷം ബഹറിനിൽ ആയിരുന്നു താമസം.
മൂന്നാം ക്ലാസ് വരെ അവിടെ പഠിച്ചു . പിന്നെ അവിടത്തെ പഠിത്തം പോരാ എന്ന് പറഞ്ഞു എന്നെ തറവാട്ടിൽ വിട്ടിട്ടു പോയതാണ്. ഒറ്റ പെങ്ങളുടെ മകളായതു കൊണ്ടും, വീട്ടിലെ പുതിയ തലമുറയിലെ പെണ്കുട്ടിയായതു കൊണ്ടും, എന്റെ ചട്ടമ്പിത്തരങ്ങൾ ഒന്നും അമ്മാവന്മാർ കാര്യമാക്കിയില്ല. ഒരു ടോംബോയ് ആയാണ് വളർന്നത്.
വീടിനു പുറത്തെ കുസൃതികൾക്കോക്കെ കുഞ്ഞമ്മാവനായിരുന്നു കൂട്ട്. പൂര പറമ്പുകളിൽ പോകുക, ആനവാൽ മുറിക്കുക, ഫുട്ബോളും കാളപൂട്ട് മത്സരവും കാണുക, ഇങ്ങിനെ എല്ലായിടത്തും ഞാനും അമ്മാവന്റെ കൂടെ കൂടും. ഇടക്കൊക്കെ സിനിമ, പിന്നെ സർക്കസ്,
കുഞ്ഞമ്മാവന് എലെക്ട്രിസിറ്റി ഓഫീസിലായിരുന്നു ഉദ്യോഗം. രാവിലെ ഹാജർ വച്ച് പോരും എന്നല്ലാതെ ജോലി ചെയ്തു കണ്ട ഓർമ്മ എനിക്കില്ല. ഒരു കൊപ്ര മില്ല്, തെങ്ങിൻ തോട്ടം, ഇതൊക്കെ നോക്കി നടത്തലും വല്യമ്മാവനെ സഹായിക്കലും ആണ് മുഴുവൻ നേര ജോലി. വല്യമ്മാവനും അമ്മായിക്കും കുട്ടികൾ ഇല്ല, അമ്മായി എന്നും ദീനക്കാരി ആയിരുന്നു. അത് കൊണ്ട് തന്നെ എന്നെയും കുഞ്ഞമ്മാവനെയും അവർക്കു മക്കളെ പോലെ സ്നേഹമായിരുന്നു.
അങ്ങിനെ കാര്യങ്ങൾ ഒക്കെ ഭംഗിയായി പോയ്കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞമ്മാവന് കല്യാണം നടന്നത്. സിനിമയിലെ നായികയെ പോലെ സുന്ദരിയായ അമ്മായി. ഞാൻ അന്ന് ഒൻപതാം ക്ലാസ്സിലാണ്. കല്യാണത്തോടെ കുഞ്ഞമ്മാവൻ ആളാകെ മാറി. സദാ സമയവും അമ്മായിയുടെ പുറകിൽ തൂങ്ങി നടപ്പായി. ഒരു ശുദ്ധ പെങ്കോന്തനായി എന്ന് ചുരുക്കം. ഒരിക്കൽ സിനിമയ്ക്കു പോവുകയാണ് എന്ന് പറഞ്ഞതും ഞാനും ചാടിക്കയറി പുറപ്പെട്ടു. പക്ഷെ അത് മുതിർന്നവർക്കുള്ള സിനിമയാണെന്നും പറഞ്ഞു എന്നെ കൊണ്ട് പോയില്ല, പക്ഷെ പിന്നെ ഞാൻ കണ്ടു പിടിച്ചു അതെല്ലാവരും കാണാവുന്ന സിനിമയായിരുന്നെന്നും എന്നെ ഒഴിവാക്കിയതാണെന്നും. അതെനിക്കൊരു വല്ലാത്ത വിഷമമായി. അതോടെ ഞാൻ എല്ലാവരിൽ നിന്നും അകലാൻ തുടങ്ങി.
ഇതിനിടയിൽ ചെറിയമ്മായിക്കും വല്യമ്മായിക്കും തമ്മിൽ ഉരസലുകൾ തുടങ്ങി. തറവാട്ടിൽ സൗകര്യങ്ങൾ പോരാ, എപ്പോളും പണിയാണ്. ദേഹം ക്ഷീണിക്കുന്നു. അവസാനം, ആറു മാസത്തിനുള്ളിൽ കുഞ്ഞമ്മാവൻ സ്ഥലം മാറ്റം വാങ്ങി അമ്മായിയുടെ നാട്ടിലേക്കു പോയി. അമ്മമ്മക്ക് കുഞ്ഞമ്മാവൻ പോയത് വല്യ സങ്കടമായി. “കണ്ടില്ലേ, ഒരു പെണ്ണ് വന്നു കേറീതും കുടുംബം കലങ്ങി. വല്യ സുന്ദരിക്കോതയാണെന്ന വെപ്പ്, ഗുണം പിടിക്കില്ല അവള്. എന്റെ ദേവൂ നെ (വല്യമ്മായിയെ) കണ്ടു പടിക്കട്ടെ. എങ്ങിനെയാ കുടുംബത്തിൽ പെണ്കുട്ടിയോള് ഇരിക്കേണ്ടതെന്നു.”
പിന്നെ കുഞ്ഞമ്മാവൻ എപ്പോളെങ്കിലും ഒക്കെ വീട്ടിൽ വരും രണ്ടു ദിവസം നിൽക്കും അത്ര തന്നെ. പക്ഷെ ശാന്ത പറഞ്ഞത് കുഞ്ഞമ്മാവനും അമ്മായിയും വരുന്നത് അവരുടെ മാസ വിഹിതം വാങ്ങാനാണ് എന്നാണ്. എന്തായാലൂം എനിക്കാ കാര്യത്തിൽ ഒന്നും ഒരു പിടിയും കിട്ടിയില്ല.
പക്ഷെ ഞാൻ ആകെ സങ്കടത്തിലായി. കുഞ്ഞമ്മാവൻ ഒരു കൂട്ടുകാരനെ പോലെ ആയിരുന്നു. എന്തും പറയാം, എല്ലാ ഇടത്തും കൊണ്ട് പോകും. കക്ഷിക്കിത്തിരി രാഷ്ട്രീയം ഒക്കെ ഉള്ളത് കൊണ്ട് എനിക്കും അതിന്റെ ഗമ കാണിച്ചു നടക്കാമായിരുന്നു. പക്ഷെ എല്ലാം പോയി, എന്റെ കാര്യം തതൈവ. കണ്ണ് കെട്ടി കാട്ടിൽ വിട്ട പോലെയായി. അതിനിടയ്ക്കാണ് കോളേജും റാഗിങ്ങും ഒക്കെ കൂടെ. കുഞ്ഞമ്മാവനുണ്ടെങ്കിൽ മൈക്കിളിന്റെ കാര്യമൊക്കെ പുല്ലു പോലെ കൈകാര്യം ചെയ്യാമായിരുന്നു. പക്ഷെ എന്ത് ചെയ്യാം. ആയിടക്കാണ് മഹേന്ദ്ര വർമ്മ എന്റെ മുന്നിൽ എത്തുന്നത്.
അദ്ധ്യായം 7
ദിവസേന മൈക്കിളിനെ കാണാൻ പോയി ഞാനും മഹി യും വല്യ കൂട്ടായി. ഒരിക്കൽ മഹി ചോദിച്ചു. “താനെന്താ എന്നെ വിളിച്ചത്?”
“മഹി...”
“എന്നെ ആരും അങ്ങിനെ വിളിക്കാറില്ല, ആരെയും വിളിക്കാൻ അനുവദിക്കാറുമില്ല. അതെന്റെ മുത്തശ്ശന്റെ പേരാണ്. ചുരുക്കി വിളിക്കുന്നത് മര്യാദ കേടാണ്.”
“ആ, എനിക്കിത്തിരി മര്യാദ കുറവാണ്. എനിക്കങ്ങിനെയെ വിളിക്കാൻ പറ്റൂ. ഇഷ്ട്ടമുണ്ടെങ്കിൽ കൂട്ട്, ഇല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും”, അതും പറഞ്ഞു ഞാൻ ഓടിക്കൊണ്ടിരുന്ന കാറിന്റെ വാതിൽ തുറന്നു. മഹി ഒരു നിമിഷം ശരിക്കും ഭയന്നു. കാർ നിർത്തി.
“താനൊരു ചങ്കൂറ്റക്കാരിയാണല്ലോ. ഇത്രയ്ക്കു മുന്കോപവും എടുത്തു ചാട്ടവും പാടില്ല.”
ഞാൻ വാതിൽ തുറന്നു പുറത്തിറങ്ങിയിരുന്നൂ. മഹി ഇറങ്ങി വന്നു. എന്റെ കൈ പിടിച്ചു. “ശരി, താൻ എന്നെ മഹി യെന്നു വിളിച്ചോ. പക്ഷെ എല്ലാവരുടെ മുന്നിലും മുഴുവൻ പേരും വിളിക്കണം. നമ്മൾ മാത്രമുള്ളപ്പോൾ മഹി യെന്നു വിളിച്ചോ.” മുഖം വീർപ്പിച്ചു നിന്ന ഞാൻ പെട്ടെന്ന് കാറിൽ കയറി.
മഹി എന്റെ മൂക്കിന് പിടിച്ചു.
“ഓഹോ വല്ലാത്തൊരു സാധനം തന്നെ.”
അതും പറഞ്ഞു മഹി ചിരിച്ചു. നിരയൊത്ത പല്ലുകൾ കാണിച്ചു, കവിൾ തുടുത്തു പോകുന്ന ആ വിടർന്ന ചിരി.
മൈക്കിളും സംഘവും കോളേജിൽ തിരിച്ചെത്തി. പ്രതേയ്കിച്ചു സംഭവങ്ങൾ ഒന്നും ഇല്ലാതെ അങ്ങിനെ പോകുന്നു. കലാലയമെന്നാൽ വല്യ സംഭവമാണ് എന്ന് വിചാരിച്ചു വന്ന എനിക്ക് ഭയങ്കര ബോർ അടിക്കാൻ തുടങ്ങി. ഗ്രേസ് അവളുടെ അപ്പാപ്പന്റെ വീട്ടിലേക്കു താമസം മാറ്റി അതിനാൽ എപ്പോഴും തിരക്കാണ് അവൾക്കു. സന്ധ്യക്ക് വീട്ടിൽ മുത്തശ്ശി മാത്രമേ ഉള്ളു. മുത്തശ്ശിക്ക് വയ്യാതാകുമ്പോൾ ഒക്കെ അവളും ലീവ് എടുക്കും. മിക്കവാറും എല്ലാ ക്ലാസ്സുകളും പരമ ബോർ ആണ്. ഒരു ദിവസം വല്ലാതെ ബോർ അടിച്ചു, ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി നടന്നു. എവിടേക്കെന്നറിയാതെ.
നടന്നു എത്തിയത് ഗ്രൗണ്ടിൽ ആണ്. അവിടെ ഒരു ഭാഗത്തു ബാഡ്മിന്റൺ നടക്കുന്നു. പെൺകുട്ടികളെ ആരെയും കാണ്മാനില്ല.
ഗ്രൗണ്ടിൽ കിടന്ന ഒരു തകര ഡബ്ബ കണ്ണിൽ പെട്ടു. വെറുതെ കാല് കൊണ്ട് അത് തട്ടി കളിയ്ക്കാൻ തുടങ്ങി. കുറച്ചുനേരം ഞാൻ കളി തുടർന്നു. പെട്ടെന്ന് ആരോ മുന്നിൽ വന്നു നിന്ന പോലെ തോന്നി. ഞാൻ കളിയുടെ ആവേശത്തിൽ ആരാണെന്ന് കണ്ടില്ല. നെഞ്ചിൽ പോയി ഇടിച്ചു നിന്നപ്പോൾ ആണ് ഞാൻ തല ഉയർത്തി നോക്കിയത്.
മഹിയാണ്.
“താനെന്താ ഇവിടെ ചെയുന്നത്? തന്നെ ഞാനിനി തിരയാത്ത സ്ഥലമില്ല. ഇന്നെന്താ തോഴിമാരൊന്നും ഇല്ലേ?”
“ആ അവർക്കൊക്കെ വേറെ പണി ഉണ്ടത്രേ.”
“ശെരി, എന്നാൽ എനിക്ക് പണിയൊന്നും ഇല്ല, താൻ പറ, തനിക്കിപ്പോൾ എന്താ വേണ്ടത്?”
“എനിക്ക്, എനിക്കിപ്പോൾ ആർക്കെങ്കിലുമിട്ടു രണ്ടു ഇടി കൊടുക്കാൻ തോനുന്നു.” ഞാൻ മുഷ്ടി ചുരുട്ടി കൊണ്ട് പറഞ്ഞു.
മഹി പെട്ടെന്ന് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു.
“താനിടിച്ചോ, എന്നെ ഇടിച്ചോ...”
മഹി എന്റെ കൈകൾ മഹിയുടെ നെഞ്ചത്ത് ചേർത്ത് വച്ചൂ.
ഒരു നിമിഷം എനിക്കെന്തോ പോലെ ആയി.എന്റെ ഭാവമാറ്റം കണ്ടിട്ടോ എന്തോ, മഹി കൈകൾ വിട്ടു.അന്തരീക്ഷം ഒന്ന് തണുപ്പിക്കാൻ എന്നോണം മഹി പറഞ്ഞു, “വാ, നമുക്കൊരു കാപ്പി കുടിക്കാം.”
ഇന്ത്യൻ കോഫീ ഹൗസിലേക്ക് നടക്കുമ്പോൾ മഹി പറഞ്ഞു. “തന്നെകുറിച്ചു എനിക്കധികമൊന്നും അറിയില്ല. പക്ഷെ മിടുക്കിയാണെന്ന് കേട്ടിട്ടുണ്ട്. സ്കൂൾ ഫസ്റ്റ് ആയിരുന്നല്ലേ.?”
ഞാൻ തലയാട്ടി.
മഹി തുടർന്നു. “തന്നെ കാണുമ്പോൾ എനിക്ക് കൊടൈക്കനാലിന്റെ കാലാവസ്ഥയാണ് ഓർമ്മ വരിക. നിമിഷത്തിനു നിമിഷം മാറി മറയുന്ന പ്രകൃതം.
എപ്പോഴാ ദേഷ്യം വരിക, ചിരി വരിക കാർമേഘം പടരുക, മഴവില്ലു ഉദിക്ക ഒന്നും പറയാൻ പറ്റില്ലാ. നവരസങ്ങൾ അങ്ങിനെ മിന്നി മറയുകയല്ലേ മുഖത്തു.” എനിക്ക് ചിരി വന്നു. ഞാൻ കവിള് വീർപ്പിച്ചു കൊഞ്ഞനം കാണിച്ചു. മഹി ഉറക്കെ ചിരിച്ചു. ക്യാന്റീനിലെ ജനാലക്കരികിൽ ഉള്ള മേശയിൽ ഇരിക്കുമ്പോൾ മഹി പറഞ്ഞു, “താൻ ഓർഡർ ചെയ്യൂ. ഇന്ന് തന്റെ ദിവസമാണ്.”
ഞാൻ പറഞ്ഞു
“പഴം പൊരി, കാപ്പി.”
പിന്നെ ഞാൻ ക്ലാസ്സിൽ ഇരിക്കുന്നതിനേക്കാളേറെ മഹിയോടൊപ്പം സമയം ചിലവിടാൻ തുടങ്ങി. മഹി അരികിലുള്ളപ്പോൾ എനിക്കൊരു ലാഘവം വന്നു, എന്റെ അടങ്ങിയിരിക്കാത്ത പ്രകൃതം മാറാൻ തുടങ്ങി. എന്റെ വാശിയും, ദേഷ്യവും , എടുത്തു ചാട്ടവും എല്ലാം മഹിയെക്കൊണ്ട് ഒരു വഴിക്കു കൊണ്ട് വരാൻ കഴിഞ്ഞു. അമ്മാവന്മാർ തന്നെ വീട്ടിൽ പറയാൻ തുടങ്ങി, “ആവൂ, മീനുവിന് ഒരു അടക്കവും ഒതുക്കവും വന്നു തുടങ്ങിയിരിക്കുണൂ. ഭാഗ്യം തന്നെ!”
പ്രീഡിഗ്രി രണ്ടാം വർഷം യുവജനോത്സവത്തിനു മഹിയാണ് എന്റെ പേര് കൊടുത്തത്. പ്രസംഗം, കവിത പാരായണം, നാടകം ഇത്യാതി. എനിക്ക് വല്ലാതെ പേടിയായി. ഒരു വേദിയിൽ നിന്ന് സംസാരിക്കാനോ, കവിത ചൊല്ലാനോ ഒന്നും എനിക്കറിയില്ല. മുട്ട് കൂട്ടിയിടിക്കും. ധൈര്യമൊക്കെ കൂട്ടുകാരുടെ മുന്നിലെ ഉള്ളൂ. ഞാൻ മഹിയോട് വഴക്കിട്ടു. പക്ഷെ മഹി വിട്ടില്ല, തനിക്കു പറ്റും. ഈ വർഷം ഈ കലാലയത്തിന്റെ അഭിമാനമാകണം താൻ. മഹിയായിരുന്നു ആർട്സ് ക്ലബ് സെക്രട്ടറി.
മഹിയുടെ കോച്ചിങ് വളരെ വ്യത്യസ്തമായിരുന്നു.
ക്ലാസ് കഴിഞ്ഞതും ദിവസേന മയിലാടും കുന്നിലേക്കു കൂട്ടികൊണ്ടു പോകും. ഓരോ ദിവസവും ഓരോ വിഷയത്തെപ്പറ്റി പ്രസംഗിക്കണം. പിന്നെ കവിത ചൊല്ലാൻ പഠിപ്പിക്കും. മഹിക്കേറ്റവും തമാശയായി തോന്നിയത് എന്റെ ഉച്ചാരണമാണ്. അതൊന്നു ശരിയാക്കി എടുക്കാൻ മഹി നന്നേ പാട് പെട്ടു. സ്കിറ്റ് സംവിധാനം ചെയ്തത് മഹിയായിരുന്നു. ജാതിയെയും മതത്തെയും വെല്ലുവിളിച്ചു മാനുഷിക മൂല്യങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഉഷ എന്ന കഥാപാത്രമായിരുന്നു എന്റേത്.
ഒടുവിൽ യുവജനോത്സവം നടന്നു. കോഴിക്കോട് സർവകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പാലത്താണ് മതസരങ്ങൾ. നാല് ദിവസം നീണ്ടു നിൽക്കുന്ന ഒരു മഹോത്സവം. ആയിരക്കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് പങ്കെടുക്കുന്നത്. വീട്ടിൽ നിന്ന് വിടണമോ വേണ്ടയോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. അവസാനം അമ്മമ്മയുടെ സഹായത്തോടെ അമ്മാവന്മാരെ സമ്മതിപ്പിച്ചു.
കലാലയത്തിൽനിന്നും വാടകക്കെടുത്ത ബസിലാണ് മത്സരത്തിന് പുറപ്പെട്ടത്. ബസിൽ കയറി മുഖത്ത് കാറ്റടിച്ചതും ഞാൻ ഉറങ്ങി പോയി. മത്സര സ്ഥലത്തു എത്തുന്ന വരേയ്ക്കും എന്റെ തല മാഹിയുടെ തോളിൽ ചായ്ച്ചു ഉറങ്ങി. ഇടക്കെപ്പോളോ പാറി വീണ എന്റെ മുടിയിഴകളെ മഹി ഒതുക്കി മാറ്റി, ചെവിയുടെ പുറകിലേക്ക് ചേർത്ത് വച്ചു.
പ്രസംഗത്തിന് വേദിയിൽ കയറുന്നതിനുമുമ്പു ഞാൻ ഭയന്നു വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ മഹിയുടെ കയ്യിൽ അമർത്തി പിടിച്ചു. മഹി എന്റെ ചെവിയിൽ മന്ത്രിച്ചു. “എല്ലാവരും വളരെ യാന്ത്രികമായാണ് സംസാരിക്കുന്നതു. താൻ ധൈര്യമായിരിക്കു.” ഒടുവിൽ ഫലം വന്നപ്പോൾ ഞാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
“ഇപ്പോൾ എന്തായി, ഞാൻ പറഞ്ഞില്ലേ, തന്നെ കൊണ്ട് സാധിക്കും എന്ന്. പക്ഷെ കുറെ ഉന്തണം തന്നെ, എന്ത് ചെയ്യണമെങ്കിലും”, മഹി കളിയാക്കി.
നാടകത്തിലും, കവിത പാരായണത്തിലും ഒന്നാം സ്ഥാനവും നേടി ഞാൻ വ്യക്തി ഗത ചാംപ്യൻഷിപ് നേടി. മികച്ച നടിക്കുള്ള പുരസ്കാരവും എനിക്കായിരുന്നു. ആ വർഷത്തെ റോളിങ്ങ് ഷിൽഡ് ഞങ്ങളുടെ കലാലയത്തിനു ലഭിച്ചു. സന്തോഷം കൊണ്ട് വീർപ്പു മുട്ടിപോയി.
അമ്മമ്മക്കും വല്യമ്മാവനും അമ്മായിക്കും സന്തോഷമായി. സമ്മാനം വാങ്ങുന്ന ഫോട്ടോ അമ്മക്ക് അയച്ചു കൊടുത്തു. അച്ഛൻ എനിക്കെന്തെങ്കിലും സമ്മാനം അയക്കും എന്ന് കാത്തിരുന്നു.
പക്ഷെ വന്ന മറുപടി, “നാടകം കളിച്ചു കളയാനുള്ളതല്ല ജീവിതം. നന്നായി പഠിക്കാൻ നോക്കണം. ഈ വക ശ്രദ്ധ പതറിപ്പോകല് നല്ലതല്ല.”
എന്റെ കണ്ണ് നനഞ്ഞു. ആരും കാണാതെ മിഴിനീർ തുടച്ചു കളഞ്ഞു ഞാൻ പറമ്പിലേക്കിറങ്ങി. കുളത്തിന്റെ കരയിൽ ഇരുന്നു മീൻ പിടിക്കുന്ന പൊന്മാനേ നോക്കി ഇരുന്നു.
കണ്ണിന്റെ കോണുകളിൽ ഉരുണ്ടു കൂടിയ ജല കണങ്ങൾ ആരും കാണാതെ തുടച്ചു. കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കത്തെടുത്തു ചപ്പിലകൂട്ടത്തിൽ ഇട്ടുകത്തിച്ചു.
കോളേജ് അരക്കൊല്ല പരീക്ഷക്ക് ശേഷം തുറന്നു. ആദ്യത്തെ പ്രവർത്തി ദിവസം മഹിയുടെ കൂടെ രണ്ടു പേര് കാറിൽ വന്നു. ഞാൻ നടന്നുപോകുന്നത് ശ്രദ്ധിക്കാൻ കൂട്ടാക്കാതെ മഹിയും കൂട്ടരും പ്രിൻസിപ്പൽ റൂമിലേക്ക് പോയി . കുറച്ചു കഴിഞ്ഞപ്പോൾ പ്യൂൺ വന്നു എന്നെ ക്ലാസ്സിൽ നിന്നു വിളിപ്പിച്ചു . മൃദുല ടീച്ചറുടെ ക്ലാസ് ആയിരുന്നു. പ്രിൻസിപ്പൽ റൂമിന്റെ വരാന്തയിൽ നിന്നു മഹി കൈകാട്ടി. വേഗംവരാൻ ആംഗ്യം കാണിച്ചു .
ഇതെന്താണ് ഇപ്പൊ പുതിയൊരു പ്രശ്നം. ഞാൻ വേഗത്തിൽ നടന്നു. മഹിയുടെ കൂടെ വന്നവർ മാതൃഭൂമി പത്രത്തിൽ നിന്നുമായിരുന്നു. അവർ ഫോട്ടോകൾ എടുത്തു, എന്നെയും, കോളേജ് ടീമിനെയും പ്രത്യേകം അനുമോദിച്ചു. അടുത്ത ദിവസം രാവിലെ വല്യമ്മാവനാണ് ആദ്യം പത്രം കണ്ടത്. “ഇത് നോക്ക്, മീനുവിന്റെ ഫോട്ടോ പത്രത്തിൽ.” ഞങ്ങളുടെ കോളേജിന്റെ, യുവജനോത്സവത്തിനു പോയ ടീമിന്റെ പിന്നെ എന്റെതനിയെ, നിറയേ ഫോട്ടോകളും, കോളേജിനെ പറ്റിയ വിവരങ്ങളും അടങ്ങിയ റിപ്പോർട്ട്. ഞാൻ അമ്മമ്മക്ക് വായിച്ചു കൊടുത്തു. അമ്മമ്മസ്നേഹത്തോടെ തലയിൽ തലോടി. വല്യമ്മാമക്ക് സന്തോഷമായി. പത്ര വിതരണക്കാരനോട് പറഞ്ഞു രണ്ടു പ്രതി കൂടുതൽ തരാക്കി.
അന്ന് വൈകുന്നേരം ഞാൻ കത്തിരി എടുത്തുകൊണ്ടുവന്നു എന്നെക്കുറിച്ചുള്ള പത്ര വാർത്ത വെട്ടിയെടുത്തു സൂക്ഷിച്ചു വച്ചു. പക്ഷെ ഇത്തവണ അമ്മയ്ക്കുംഅച്ഛനും ഞാൻ അത് അയക്കാൻ മിനക്കെട്ടില്ല.
രാത്രി അത്താഴത്തിനു ഇരിക്കുമ്പോൾ അമ്മാവൻ പറഞ്ഞു, “ഇതൊക്കെ നന്ന്. പക്ഷെ പഠിത്തം വിടരുത്. നല്ല ബുദ്ധി ഉള്ള കുട്ടിയാ നീ.”
അദ്ധ്യായം 8
വിമാനം തിരുവനന്തപുരത്തു എത്താറായിരിക്കുന്നു. വീഥികളിൽ അധികം വാഹനങ്ങൾ ഉണ്ടാകാൻ വഴിയില്ല.
ഗവർണർ സഹായിച്ചാൽ പിന്നെ വല്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. എന്റെ ചെന്നൈ പോസ്റ്റിംഗിൽ കിട്ടിയ അടുപ്പമാണ് ഗവർണറോട് . സൗന്ദര രാജൻ . അതി ശക്തമായി വീശിയ ചുഴലിക്കാറ്റും മഴയും, നീലം എന്ന് പേരിട്ട , പ്രകൃതി ദുരന്തം സംഭവിച്ച വർഷം.
ചെന്നൈയും പോണ്ടിച്ചേരിയും എന്റെ അധീന മേഖലയിലായിരുന്നു. ദുരന്തത്തിന് ശേഷം ഞങ്ങളുടെ സ്ഥാപനം പോണ്ടിച്ചേരിയും തീരദേശ പ്രദേശങ്ങളും ദുരിത നിവാരണ ദൗത്യങ്ങളും ഏറ്റെടുത്തു. ചില ഗ്രാമങ്ങൾ ദത്തെടുത്തു. വളരെ അഴിമതിയും ദൂർത്തും ഉള്ള ഒരു സർക്കാരായിരുന്നു അവിടെ. രാഷ്ട്രീയക്കാരെ ഇടപെടുത്തിയാൽ ഒരു പൈസയുടെ പ്രയോജനവും ദുരിതമനുഭവിക്കുന്നവർക്ക് ഉണ്ടാവില്ല. ഒടുവിൽ ദുരിതാശ്വാസ നിധി ഗവർണ്ണർ മുഖേന വിതരണം ചെയ്യാൻ തീരുമാനിച്ചു. അദ്ദേഹത്തെ മുന്നിൽ നിർത്തി ഒരു കമ്മിറ്റ രൂപീകരിച്ചു. വളരെ വിപുലമായ ഒരു ദുരിത നിവാരണ പദ്ധതി തന്നെ നടപ്പിലാക്കി.
ഇരുനൂറോളം വീടുകൾ, രണ്ടു പള്ളികൂടങ്ങൾ, കമ്മ്യൂണിറ്റി ഹാൾ, സ്ത്രീകൾക്കും കുട്ടികൾക്കും കുളിക്കാനും ഉപയോഗിക്കാനുമുള്ള കുളിമുറികൾ, കക്കൂസുകൾ... ഇവയെല്ലാം നിർമിച്ചു നൽകി. ഗവർണർ എല്ലാത്തിനും കൂടെ നിന്നു. രാഷ്ട്രീയ ഇടപെടലുകൾ നടന്നപ്പോഴെല്ലാം ഞങ്ങൾക്ക് ഗവർണ്ണർ സഹായഹസ്തവുമായി ഞങ്ങളുടെ രക്ഷയ്ക്കെത്തി. അന്ന് മുതലുള്ള സ്നേഹ ബന്ധമാണ്. കൊച്ചി നിർമാണ ശാല ഉത്ഘാടനവും അദ്ദേഹം തന്നെയാണ് നിർവഹിച്ചത്. വളരെ രസികനായ, മനുഷ്യത്വമുള്ള ഒരു വ്യക്തി, അപ്പോയിന്മെന്റ് ഉണ്ടായിരുന്നതിനാൽ സെക്യൂരിറ്റി ക്ലീറൻസ് ബുദ്ധിമുട്ടായില്ല. ഒരു പത്തു നിമിഷം മുൻപ് തന്നെ ഞാൻ രാജ് ഭവനിൽ എത്തി കാത്തിരുന്നു.
“എന്നമ്മ സൗഖ്യമാ?” അദ്ദേഹം എത്തി.
“സുഖമാണ് സർ. എന്ത് പറയുന്നു തിരുവനന്തപുരം വിശേഷങ്ങൾ?
എനിക്കെന്താ കുറച്ചിൽ. പച്ചപ്പുള്ള നാട്, ചുറ്റും വെള്ളം, പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്നു. ഡെയ്വത്തിന്റെ സ്വന്തം നാടല്ലേ ഇത്.”ഞാൻ വാങ്ങിച്ചിട്ടു വന്ന മോതിച്ചൂര് ലഡു വിന്റെ പാക്കറ്റ് ഞാൻ അദ്ദേഹത്തിന് നീട്ടി.
“നീ ഇതൊന്നും മറന്നില്ല അല്ലെ? എന്റെ ഇഷ്ടം മറന്നില്ല. എനിക്കേറ്റവും ഇഷ്ടപെട്ട മധുര പലഹാരം തന്നെ കൊണ്ട് വന്നു. ഡോക്ടർ ശകാരിക്കും. എന്നാലും സാരമില്ല, ഇത്ര നല്ല ലഡ്ഡു കഴിച്ചിട്ട് കാലം കുറെയായി. " അതും പറഞ്ഞു ഒരു വലിയ ലഡു എടുത്തു അദ്ദേഹം വായിലേക്കിട്ടു. ഉറക്കെ ചിരിച്ചു.
“എന്താണ് പ്രശ്നം? ജയാ എന്തോ സൂചിപ്പിച്ചു...”
“അത് സർ, നമ്മുടെ നിർമാണ ശാലയുടെ പ്രശ്നം തന്നെ... നിയമം അനുശാസിക്കുന്ന എല്ലാ പരിസ്ഥിതി സെർട്ടിഫിക്കറ്റുകളും ഉണ്ട്. ഇത്ര നാൾ പ്രശ്നവും ഇല്ലായിരുന്നു. ഇപ്പോൾ രണ്ടു ദിവസമായി പിന്നെയും സമരക്കാർ ഓരോ പ്രശ്നമുണ്ടാക്കുന്നു.”
“ഏതു കക്ഷിയാണ് ഇപ്പോഴത്തെ പ്രശ്നക്കാർ?”
“ഭരണ കക്ഷി തന്നെ...”
“ഉണ്ണിത്താൻ വിചാരിച്ചാൽ തീർക്കാൻ പറ്റുമോ?”
“അത് മതി സർ, അയാളാണ് അവിടുത്തെ നേതാവ്, ഈ ചെറുകിട നേതാക്കന്മാർ അയാളെ അനുസരിക്കും.”
“ശരി, നീ മുഴുവൻ പ്രശ്നത്തിന്റെ സ്ഥിതിഗതികൾ ഒന്ന് വിശദമായി പറയു.”
“സർ, നിർമ്മാണശാലയുടെ എല്ലാ മാലിന്യങ്ങളും നിയമം അനുശാസിക്കുന്ന പരിമിതികൾ പിന്തുടർന്നാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾ നിർമാണ ശാലയിൽ കൃത്യമായും എല്ലാ ആഴ്ചയിലും മലിനീകരണം അളക്കാറുണ്ട്. മൂന്നു മാസത്തിൽ ഒരിക്കൽ പരിസ്ഥിതി ബോർഡും മലിന ജലം പരിശോധിക്കാറുണ്ട്. എല്ലാം നിയന്ത്രണത്തിലാണ്. പക്ഷെ പറയുന്നത് അവർക്കു പേടിയാണെന്നും, ഭാവിയിൽ മലിനീകരണം വന്നാലോ എന്ന ആശങ്കയിലാണെന്നും വാദിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഞങ്ങൾ ഒരിക്കലും സമയോചിതമായി പ്രശ്നങ്ങൾ തരണം ചെയാൻ താത്കാലിക പണികൾ ചെയ്യുന്നവരല്ല. ഇതിപ്പോൾ എന്തോ തിരഞെടുപ്പിനു വേണ്ടി ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് എന്നാണു തോന്നുന്നത്.”
“ഉം എന്താ ചെയ്യാ, നല്ല വിദ്യാഭ്യാസമുള്ള ജനങ്ങളാണ് പക്ഷെ തല തിരിഞ്ഞു പോയി. അത്യാവശ്യം അധ്വാനിച്ചാൽ സുഭിക്ഷമായി ജീവിക്കാം ഇവിടെ. പക്ഷെ ചെയ്യില്ല. മറ്റു സംസ്ഥനത്തെ പോലെ ചൂടോ, വെള്ള ക്ഷാമമോ, പട്ടിണിയോ ഒന്നുംതന്നെ ഇല്ല, പക്ഷെ ഈ സമര വാസന... ചോര ചോരയെ കൊല്ലുന്ന സ്ഥിതി... ലോകം മുഴുവൻ മുന്നിലേക്ക് പോകുമ്പോളും, ഓരോരോ മുട്ട് ന്യായങ്ങൾ പറഞ്ഞു, വികസനം മുടക്കുന്നവർ... സാക്ഷരതയുള്ള വിഡ്ഢികൾ എന്ന് പറയാം...”
മൂന്നു വർഷത്തെ കേരളം വാസം ഗവർണറെ വല്ലാത്ത നിരാശയിൽ ആഴ്ത്തിയിരിക്കുന്നു....
“ഏകദേശം രണ്ടായിരം പേര് ജോലി ചെയ്യുന്നുണ്ട് സർ.
എത്ര കുടുംബങ്ങളാണ് രക്ഷപ്പെടുന്നത്. ഇതേ നിർമാണ ശാല ഹിമാചൽ പ്രദേശിൽ സ്ഥാപിച്ചാൽ, ഇവിടെ നിന്ന് അവിടെ പോയി കുറഞ്ഞ കൂലിക്കും ശമ്പളത്തിനും ഇവർ ജോലി ചെയ്യും...പക്ഷെ ഇവിടെ കൈ നിറയേ ശമ്പളം, സൗകര്യങ്ങൾ ഇതൊക്കെ നൽകിയാലും ജോലി ചെയ്യാനാളില്ല. അഥവാ ജോലി ചെയാൻ ആരെങ്കിലും സന്നദ്ധത പ്രകടിപ്പിച്ചാൽ അവരെ സമാധാനത്തിൽ തൊഴിൽ ചെയ്യാൻ സമ്മതിക്കില്ല... സാറിനു അറിയുമോ? ഞങ്ങളുടെ വടക്കും വടക്കു കിഴക്കും സംസ്ഥാനങ്ങളിൽ ഉള്ള തൊഴിൽ സ്ഥാപനങ്ങളിൽ ഭൂരിഭാഗം തൊഴിലാളികളും മലയാളികലാണ്. ഇത്ര ശമ്പളമില്ല അവിടെ...പക്ഷെ ഇവിടത്തെ അവസ്ഥ...”
“ശരി, നീ സമാധാനമായി ഇരിക്ക്... ഞാൻ സംസാരിക്കാം...ഗവർണർ ഒരു റബ്ബർ സ്റ്റാമ്പ് അല്ല എന്നും ഞാനും കുറേശ്ശേ ഇവരെയൊക്കെ ഒന്ന് പഠിപ്പിച്ചു വച്ചിട്ടുണ്ട്...എല്ലാ കക്ഷിയുടെ നേതാക്കന്മാരുടെ പേരിലും അഴിമതിയും, പെണ്ണ് കേസും അല്ലെ... ഞാൻ പരിഹാരം ഉണ്ടാക്കി തരാം.
ശരി, ഇന്ന് എപ്പോൾ പുറപ്പെട്ടു നീ, കൊച്ചിയിൽ നിന്ന്?”
“ഞാൻ മുംബയിൽ നിന്നാണ് വന്നത്...”
“അതെയോ...അതാണ് ലഡുവിനിത്ര സ്വാദ്...”
“അടുത്ത ആഴ്ച നീ കൊച്ചിയിൽ ഉണ്ടോ?”
“ഉണ്ട്...എന്തെ?”
“ഞാൻ അവിടെ വരുന്നുണ്ട്...ഒരു പുരസ്കാര വിതരണം.
വല്യ എഴുത്തുകാരനാണത്രെ...ഒരു മഹേന്ദ്ര വർമ്മ..
അയാളുടെ ചില പുസ്തകങ്ങളൊക്കെ ഞാൻ വായിച്ചു...വല്ലാത്ത ഒരു തീക്ഷണത ഉണ്ട് അയാളുടെ എഴുത്തുകൾക്കു...
ഞാൻ ജയയോട് പറഞ്ഞു ക്ഷണക്കത്തു അയക്കാം...
നീ അതിൽ പങ്കെടുക്കണം.
വെറും വാണീജ്യവും മാത്രം ചെയ്തു നടന്നാൽ പോരല്ലോ?
വല്ലപ്പോഴുമൊക്കെ കഥയും കവിതയും ആകാം...
നീ വർമയുടെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ?”
“ഇല്ല, പക്ഷെ ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചവരാണ്...”
“അത് ശരി...
ഏതു കോളേജിൽ ആണ് നീ പഠിച്ചത്?”
“പാലക്കാട് ബിഷപ്പ് കോളേജ്...”
“ഓഹോ, നിറയെ മഹാന്മാരെ സൃഷ്ടിച്ച കലാലയമാണ്. വെറുതെയല്ല ആ സ്ഥാപനത്തിന്റെ ഗുണം നിനക്കും കിട്ടിയിട്ടുണ്ട്...
രാത്രി മടക്കമുണ്ടോ ഇന്ന്?”
“ഇല്ല.”
“താമസം?”
“ഏർപ്പാടുചെയ്തിട്ടുണ്ട്...ഞാൻ ഇറങ്ങട്ടെ സർ...”
“ശരി... നാളെ എല്ലാം ശരിയായിരിക്കും.”
ഞാൻ കാറിൽ കയറി ഹോട്ടലിലേക്ക് പുറപ്പെട്ടു...
മനസ് ശാന്തമായിത്തുടങ്ങിയതായി തോന്നി.
റോയിയെ വിളിച്ചു...”ഞാൻ തിരുവനന്തപുരത്തു ഉണ്ട്...സമരത്തിനെ നിർത്താൻ വേണ്ട ചില കാര്യങ്ങൾ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. നാളെ ഉച്ചയോടെ ഫലം കാണണം.
നാളെ ഞാൻ ഓഫീസിൽ ഉണ്ടാകും.”
“ഞാൻ വണ്ടി അയക്കട്ടെ മാഡം വിമാനത്താവളത്തിലേക്ക്.”
“വേണ്ട, അജിത്തിനോട് എന്നെ ഒന്ന് വിളിക്കാൻ പറഞ്ഞാൽ മതി.”
ഹോട്ടലിൽ എത്തി മുറിയിൽ പ്രവേശിച്ചതും മഹി വിളിച്ച കാര്യം പ്രകാശിനോട് പറഞ്ഞില്ല എന്നോർമിച്ചു. പ്രകാശിനെ വിളിച്ചു.
“മഹി വിളിച്ചിരുന്നു. മഹിക്കെന്തോ വലിയ പുരസ്കാരം കിട്ടുന്നുണ്ട്. ഗവർണർ ആണ് പുരസ്കാരം നൽകി ആദരിക്കുന്നത്. കൊച്ചിയിലാണ് ചടങ്ങു നടക്കുന്നത്.”
“ഓ, ഗ്രേറ്റ് ന്യൂസ്.”
“നീ പോകുന്നില്ലേ. പിന്നെ നീ അവിടെ ഉള്ള കാരണം, മഹിയുടെയും കുടുംബത്തിന്റെയും ആതിഥേയ നീ ആയിരിക്കണം.”
“ഓഹോ, അതൊന്നും ഞാൻ ചോദിച്ചില്ല.”
പ്രകാശ്ശ് ചിരിച്ചു. “നിന്റെ മനസിലെപ്പോഴും സോപ്പിന്റെയും ഷാംപൂവിന്റെയും കച്ചവട കണക്കുകൾ മാത്രമേ ഉള്ളു?
അതൊക്കെ ഒരു മര്യാദയല്ലേ. നിന്റെ കോളേജ് സീനിയർ, വല്യ അവാർഡ് ഒക്കെ വാങ്ങുമ്പോൾ നീയും പോകണം. അതൊക്കെ നിനക്കും ഒരു ഗമയല്ലേ.”
ഉം , പ്രകാശ് പറഞ്ഞതിലും കാര്യമുണ്ട്. ഒരു പാട് വർഷങ്ങളായി മഹിയെ കണ്ടിട്ട്. ആ കുറവ് ഈ പ്രാവശ്യമെങ്കിലും നികത്തണം. കുറെ ചോദ്യങ്ങളും മനസ്സിലുണ്ട്... അഞ്ചു വർഷം ഒരുമിച്ചു കൂട്ടു കൂടി നടന്നവരാണ് ഞങ്ങൾ. ഒരു മൂന്ന് മാസത്തിൽ ജീവിതമാകെ മാറിപോയി. പിന്നെ ജീവിക്കാനുള്ള തത്രപ്പാടിൽ പഴയതെല്ലാം മനഃപൂർവം മറന്നു.
ഇന്നിപ്പോൾ സമയം ഏറെയായി. നാളെ വിളിക്കണം മഹിയെ.
ഉറങ്ങുന്നതിനു മുൻപ് അച്ചുവിനെ വിളിച്ചു. അവൻ കോളേജിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവനു വല്ലാത്ത ആശ്ചര്യമായി. “അമ്മെ, എന്തൊരു ആശ്വര്യമാണിത്.”
“ഞാൻ നിന്നെ വിളിക്കാറില്ല അല്ലെ? വിഷമമുണ്ട് നിനക്ക്...”
“ഛെ ഛെ എനിക്കറിഞ്ഞൂടെ അമ്മയുടെ തിരക്കുകൾ. പിന്നെ ഞാനും വലുതാകുമ്പോൾ അത്രയ്ക് തിരക്കുള്ള ആളാകില്ലെ... അച്ഛനും അച്ഛമ്മയും എന്നും വിളിക്കും, അത് കൊണ്ട് എനിക്ക് സങ്കടമൊന്നും ഇല്ല...”
അവന്റെ ശബ്ദത്തിനൊക്കെ ഒരു ഘനം വന്നിരിക്കുന്നു...ആ പഴയ തൊട്ടാ വാടി കുട്ടി അല്ല അവൻ. പുതിയ രാജ്യം, പുതിയ കൂട്ടുകാർ, പലതരം സംസ്കാരങ്ങൾ... ഇത്തരം അന്തർദേശിയ അനുഭവം നല്ലതാണു. ഓരോന്നൊക്കെ പറഞ്ഞു പറഞ്ഞു ഞങ്ങൾ ഏകദേശം മുക്കാൽ മണിക്കൂർ സംസാരിച്ചു. അവനോടു ഏറെ നേരം സംസാരിച്ചപ്പോൾ മനസിന് വല്ലാത്ത സന്തോഷം തോന്നി. അലാറം സെറ്റ് ചെയ്തു ഞാൻ ഉറങ്ങാൻ തയാറായി.
അദ്ധ്യായം 9
ഉറക്കത്തിൽ ഞാനാ സ്വപ്നം വീണ്ടും കണ്ടു...കൃഷ്ണനെ തേടി പോകുന്ന ഞാൻ...കുന്നിൻ ചെരിവുകളിൽ, പുഴയുടെ തീരത്തു, അടർന്നു കാട്ടിനുള്ളിൽ, പക്ഷെ കൃഷ്ണൻ എവിടെയും ഇല്ല... ഒരു കരച്ചിലിന്റെ വിലിമ്പിൽ നിൽക്കുമ്പോൾ, അതാ ഒരു വിളക്കിന്റെ ശോഭ. ഞാൻ ഓടി ഓടി അങ്ങോട്ടേക്ക് ചെന്നു...കുറെ ഗോവണിപ്പടികൾ, നീണ്ട ഇടനാഴികൾ, എത്ര ഓടിയിട്ടും കൃഷ്ണന്റെ സന്നിധിയിൽ എത്തുന്നില്ല. ഒടുവിൽ ഓടിക്കിതച്ചെത്തിയപ്പോൾ, സന്നിധി അടച്ചിട്ടിരിക്കുന്നു...ഒരു തേങ്ങലോടെ ഞാൻ ഞെട്ടിയുണർന്നു. സമയം നോക്കി. അലാറം അടിക്കാൻ ഇനിയും അര മണിക്കൂറുണ്ട്. ഇനി ഉറങ്ങാൻ കഴിയില്ല. ഈ സ്വപ്നം... വിവാഹത്തിന് ശേഷം തന്നെ ഇങ്ങിനെയൊരു അവസ്ഥ ഉണ്ടാകാൻ തുടങ്ങിയിരുന്നു...അന്നൊക്കെ പക്ഷെ ആരെയോ അന്വേഷിച്ചു പോകുന്ന മാതിരി സ്വപ്നങ്ങൾ ആയ്യിരുന്നു...പിന്നീടെപ്പൊഴോ കൃഷ്ണനെ തേടി ഉള്ള യാത്രകളുടെ സ്വപ്നങ്ങളായ് അവ മാറി. അത് ഒരു സ്വപ്നം മാത്രമല്ലെ എന്ന് എനിക്ക് ഇപ്പോഴും തോന്നാറുണ്ട്... അത്ര മാത്രമാണ് ആ അനുഭവത്തിന്റെ തീക്ഷ്ണത...ഒരു മൂന്നു നാല് ദിവസത്തേക്കെങ്കിലും ആ ചിന്ത എന്നെ വിട്ടു മാറില്ല...ഇല്ല, ഇനി ഇന്നുറങ്ങാൻ കഴിയില്ല.. എന്റെ കൃഷ്ണ നീ എവിടെയാണ്? എത്ര കാലം ഇനിയും നിന്നെ ഞാൻ തേടി തേടി അലയും? ഈ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു .
പിന്നീട് എഴുനേറ്റു കുളിമുറിയിലേക്ക് നടന്നു.
വീണ്ടും പെട്ടി ഒതുക്കിവച്ചു... അടുത്ത യാത്ര... വീണ്ടും വിമാനത്താവളത്തിലേക്ക്.
വിമാനം ഇറങ്ങി നേരെ ഓഫീസിലേക്കാണ് പോയത്. ഉച്ചയായപ്പോൾ ഉണ്ണിത്താന്റെ ഫോൺ.
“എന്തിനാ മാഡം, ഗവർണർ ഒക്കെ ഈ പ്രശ്നത്തിൽ വലിച്ചിഴയ്ക്കുന്നതു...എന്നെ ഒന്ന് വിളിച്ചാൽ പോരായിരുന്നോ?”
“മനഃപൂർവ്വമല്ല, ഇതിപ്പോൾ കുറെയേറെ പ്രാവശ്യമായില്ലേ ഓരോരോ പ്രശ്നങ്ങളായി വന്നുകൊണ്ടിരിക്കുന്നു.”
“മാഡം ദേഷ്യപ്പെടല്ലേ...തിരഞ്ഞെടുപ്പൊക്കെ വരികയല്ലേ. പ്രാദേശികമായി എന്തെങ്കിലും ഒക്കെ ഓളമുണ്ടാക്കിയാലേ രക്ഷപെട്ടു പോകൂ.”
എനിക്ക് വല്ലാത്ത ദേഷ്യം വന്നു...
പാർട്ടിക്ക് പിടിവള്ളി ഉണ്ടാക്കാൻ കോടി കണക്കിന് രൂപയുടെ പ്ലാന്റും ആയിരക്കനകീനാളുകളുടെ ജീവിതവും കൊണ്ടാണോ കളിക്കുന്നത്.
പക്ഷെ സംയമനം പാലിച്ചു.
“ഉണ്ണിത്താൻ, നിങ്ങളുടെ ഭരണകാലത്തു ആരംഭിച്ച ഒരു പ്രൊജക്റ്റ് അല്ലെ ഇത്. ഇത്രയും ജോലി ഉണ്ടാക്കി കൊടുത്ത് നിങ്ങളുടെ പാർട്ടിയുടെ നേട്ടമല്ലെ. വോട്ട് ചോദിക്കേണ്ടത്, ഉണ്ടാക്കി കൊടുത്ത ജോലി സാധ്യതയെ കാണിച്ചോ അതോ പൂട്ടിച്ച ഫാക്ടറി കളുടെ എണ്ണം കാണിച്ചോ? എന്ത് രാഷ്ട്രീയമാണിത്?”
ഞാൻ അല്പം പരിഹാസം കലർത്തി മുന വച്ച് തന്നെയാണ് പറഞ്ഞത്.
പക്ഷെ ഉണ്ണിത്താൻ അത് മനസിലാക്കിയ ഭാവം കാണിച്ചില്ല.
“മാഡം ദൈര്യമായിരിക്കു . എന്നോട് പറഞ്ഞില്ലേ. ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല.”
രാത്രി ഹോട്ടലിൽ എത്തിയപ്പോളാണ് മഹിയെ വിളിച്ചില്ല എന്നോർമ്മ വന്നത്. ഇന്ന് കുറച്ചു നേരത്തെ എത്തിയ ദിവസമാണ്. നേരം ഒൻപതര. ഒന്ന് വിളിച്ചു നോക്കാം.
“മഹി ചിരിച്ചു. അവസാനം താൻ എന്നെ വിളിച്ചിരിക്കുന്നു...”
“മഹി, തമാശ കള. എന്നാണ് കൊച്ചിയിൽ എത്തുന്നത്? ഈ വരവിനു, മഹിയും കുടുംബവും എന്റെ ഗസ്റ്റ് ആണ്.”
“അതെല്ലാം തനിക്കു ബുദ്ധിമുട്ടാകുമെടോ?
തന്റെ ഈ തിരക്കിനിടയിൽ...”
“മഹി, അങ്ങിനെ പറയരുത്... എത്ര പതിറ്റാണ്ടുകൾ ആയി നമ്മൾ തമ്മിൽ കണ്ടിട്ട്...ഇനി നമ്മളെന്നെങ്കിലും കാണുമോ? അതും എനിക്കുറപ്പില്ല...”
മഹി സമ്മതിച്ചു. അതങ്ങനെയാണ്. കലാലയ കാലത്തു നിന്നെ അങ്ങിനെയാണ്. മഹിക്ക്എന്റെതും എനിക്ക് മഹിയുടെയും വാക്കുകൾ തട്ടി മാറ്റാൻ പറ്റില്ല.
ഇരുപത്തെട്ടു വർഷങ്ങൾ...വീണ്ടും മഹിയെ കാണുന്നു...
മഹിക്ക് മൂന്നു ദിവസത്തെ പരിപാടിയാണ്. ഒരു ദിവസം കുടുംബത്തോടൊപ്പം കൊച്ചിയിൽ ഒരു ചെറിയ വിനോദ യാത്ര. ഒരു ദിവസം പുരസ്കാര സ്വീകരണം, പിന്നെ ചില വ്യക്തിപരമായ ജോലികളും കഴിഞ്ഞു ഉച്ചക്ക് മഹി പോകും.
നാളെ മറക്കാതെ മഹിയുടെ താമസം ഹോട്ടലിൽ ഏർപ്പാട് ചെയ്യണം. എന്റെ ഫോണിലെ മസ്റ്റ് ടു ഡൊ ലിസ്റ്റിൽ അത് ടൈപ്പ് ചെയ്തു, അലാറവും വച്ചു.
അടുത്ത ദിവസം രാവിലെ തന്നെ അജിത്തിനെ വിളിച്ചു താജിൽ മുറി ബുക്ക് ചെയ്തു.
“അജിത്, ബില്ല് എന്റെ സ്വകാര്യ അക്കൗണ്ടിലേക്കു ബില്ല് ചെയ്താൽ മതി. കമ്പനി ഗസ്റ്റ് അല്ല വരുന്നത്. അവർക്കു ഒരു നല്ല കാറും ഡ്രൈവറും വരുന്ന ദിവസം മുതൽ തിരിച്ചു പോകുന്ന വരെ ഏർപ്പാടാക്കാൻ ഹോട്ടലിൽ പറയണം. റെയിൽവേ സ്റ്റേഷനിൽ നിന്നും അവരെ കൊണ്ട് വരികയും വേണം.”
ഓരോരോ തിരക്കിൽ സമയമേ പോയതറിഞ്ഞില്ല. പ്രകാശ് വിളിച്ചു.
“ഞാൻ കരുതി നീ വിളിച്ചു എന്നോട് വിവരങ്ങൾ പറയുമെന്ന്.
എന്തെ ഇഷപ്പെട്ടില്ലേ?”
“എന്താണത് പ്രകാശ്?”
“ഓ അപ്പോൾ നീ പെട്ടി ഇനിയും തുറന്നിട്ടില്ല.”
“പ്രകാശ് എന്താണ് പറയുന്നത്?”
“മീനു, നാളെ നമ്മുടെ വിവാഹ വാർഷികമാണ്.
ഞാൻ നിനക്കൊരു സർപ്രൈസ് ഗിഫ്റ് പെട്ടിയിൽ വച്ചിരുന്നു. അത് കണ്ടോ , ഇഷ്ടപ്പെട്ടോ?”
ഓ ഗോഡ് , വല്ലാത്ത ചമ്മൽ തോന്നി.
“സോറി പ്രകാശ്, പെട്ടി ഇനിയും എംപ്റ്റി ചെയ്തിട്ടില്ല.”
“എപ്പോളും പോലെ, ഈ വർഷവും നീ മറന്നു. ഇരുപത്തെട്ടു വർഷമായി നീ എന്റെ ജീവിതത്തിലേക്ക് വന്നിട്ട്.”
“അയ്യോ ശരിക്കും സോറി, പിന്നെ അഡ്വാൻസ് വിഷസ് ട്ടോ ബോത്ത് ഓഫ് അസ്.
പിന്നെ എന്താണ് ഗിഫ്റ് എന്ന് പറഞ്ഞില്ല?”
“സൂത്രക്കാരി, മോള് അത് പോയി ബാഗിൽ തിരയൂ, എന്നിട്ടു എന്നെ വിളിക്കു.
പിന്നെ, ഗിഫ്റ് തിരഞ്ഞെടുത്തത് അച്ചുവിന്റെയും കൂടെ ഉത്സാഹത്തിലാണ്.” പ്രകാശ് ഫോൺ കട്ട് ചെയ്തു.
ഞാൻ എന്റെ പെട്ടി തുറന്നു. പെട്ടിയുടെ അടിയിൽ, എന്റെ വസ്ത്രങ്ങളുടെ അടിയിൽ ഒരു ചെറിയ ബോക്സ്. ഞാനതു തുറന്നു നോക്കി, മൂന്നു വെള്ള കല്ലുകൾ വച്ച ഒരു സ്വർണ മോതിരം. എനിക്ക് മോതിരങ്ങളോടുള്ള ഭ്രമം അച്ചുവിന് നന്നായിട്ടറിയാം.
ഒരു നിമിഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. പ്രകാശും അച്ചുവും, അവർ ഇല്ലെങ്കിൽ എന്റെ ജീവിതം ഒരു തരിശു ഭൂമി പോലെ ആയിരുന്നേനെ. ഉറങ്ങാൻ പോകുന്നതിനു മുൻപ്, ആമസോൺ ഇന്ത്യയിൽ പോയി ഒരു ടാഗ് ഹുർ വാച്ചും ഫെർണസ് ആൻഡ് പെറ്റൽസിൽ ഒരു റോസ് ബൊക്കെയും ഓർഡർ ചെയ്തു. വിവാഹ വാർഷിക ആശംസകളോടെ നാളെ രാവിലെ തന്നെ അവ പ്രകാശിന്റെ കയ്യിൽ എത്തിച്ചേരും.
ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ, എന്റെ മനസ് ഇരുപത്തെട്ട് വർഷങ്ങൾക്കു പുറകിലേക്ക് പോയി.
അദ്ധ്യായം 10
പ്രകാശുമായുള്ള വിവാഹം.
ഞാൻ ബിരുദം അവസാന വർഷം പഠിക്കുകയായിരുന്നു. പ്രതിവർഷം ഭദ്രകാളി കാവിൽ ഉത്സവം നടക്കും . ഉദായാസ്തമന പൂജകൾ നടക്കും. വെളിച്ചപ്പാടും, ഗുരുതിയും, അട വഴിപാടും സദ്യയും... പാലും വെള്ളരി എന്ന് പറയുന്ന ആ പൂജക്ക് ദേശക്കാർ ഒന്നടങ്കം എത്തും. പിന്നെ സ്വന്ത ബന്ധങ്ങളും. വെളിച്ചപ്പാട് അരുൾ വാക്ക് പറയും. അതപ്പടി ഫലിക്കും എന്നാണ് എല്ലാവരും പറഞ്ഞിരുന്നതും അനുഭവവും. വീട്ടിലും അമ്പലത്തിലുമായി പിടിപ്പതു പണിയുണ്ടാകും. വല്യമ്മാവൻ കുറെയധികം പേരെ അന്ന് ജോലിക്കു വയ്ക്കും. ശേഖരൻ അമ്മാമ എല്ലാത്തിനും മുന്നിൽ നിന്ന് അമ്പലത്തിലെ കാര്യങ്ങളൊക്കെ നോക്കും.
ചെറിയമ്മായിക്ക് ഇതിലൊന്നും അത്ര താല്പര്യം കണ്ടിട്ടില്ല. ആദ്യത്തെ കൊല്ലം തീണ്ടാർന്നു എന്ന് പറഞ്ഞു മാറി നിന്ന്...പിന്നത്തെ കൊല്ലം ഗർഭമായി, കഴിഞ്ഞ വർഷങ്ങളിൽ കുട്ടി പേടിക്കും...ഇങ്ങിനെ ഓരോ ഒഴികഴിവു പറഞ്ഞു മാറിയിരുന്നു. കുഞ്ഞമ്മാവൻ മാത്രമേ വരവുണ്ടായിരുന്നുള്ളു. പക്ഷെ ഇക്കൊല്ലം എന്തോ ചെറിയമ്മയ്ക്കാണ് ഉത്സാഹം കൂടുതൽ. പൂജക്ക് മൂന്നു നാല് ദിവസം മുൻപ് തന്നെ എത്തിച്ചേർന്നു. വീട് വൃത്തിയാക്കുന്നു. ഒടുവിൽ ഉത്സവത്തിന്റെ ദിവസം വന്നു. ചെറിയമ്മായി വന്നു എന്റെ മുറിയിൽ ഒരു കസവു പിടിപ്പിച്ച മയിൽപീലി നിറത്തിൽ ഉള്ള സാരിയും, പണ്ടവും ഒക്കെ കൊണ്ട് വന്നു വെച്ചിരിക്കുന്നു. ഞാൻ കുളി കഴിഞ്ഞെത്തിയപ്പോഴേക്കും, എന്റെ പുറകിൽ മുറിയിലും എത്തി. “മീനു ഇന്ന് സാരി ഉടുത്താൽ മതി. നല്ല സുന്ദരിയായി ഒരുങ്ങി വരണം.”
“ഇവിടെ അമ്മായി ഉണ്ടല്ലോ സുന്ദരിയായി, ഇനി ഞാൻ എന്തിനു മത്സരിക്കണം. ഞാൻ ഇത്തിരി തമാശക്കും കാര്യമായും പറഞ്ഞു.”
“മീനു ഇപ്പൊ ചെറിയ കുട്ടി ഒന്നും അല്ല, പാവാടയും ബ്ലൗസ്ഉം ഇട്ടോണ്ട് നടക്കാൻ. ഇന്ന് സാരി ഉടുക്കണം.”
“എനിക്കതിനു സാരി ഒന്നും ഉടുക്കാൻ അറിയില്ല.”
“അതിനു ഞാൻ ഉടുപ്പിച്ചു തരില്ലേ.”
“അമ്മായി, കോളേജ് ഡേയ്ക്ക് സാരി ഉടുക്കുന്ന കഷ്ടപ്പാട് എനിക്ക് മാത്രമേ അറിയൂ. എനിക്കിതൊന്നും വലിച്ചു ചുറ്റി നടക്കാൻ പറ്റില്ല. പിന്നെ വേണമെങ്കിൽ ഞാൻ ഒരു ദാവണി ഇടാം.”
“അയ്യോ, അത് പോരാ,”
“ഇത് എന്ത് പ്രാന്താ ഇത്, അമ്മായിക്ക്.”
ഞാൻ താഴേക്ക് പോയി അമ്മമ്മയോടു ചോദിച്ചു.
ഓഹോ, അവിടെ അമ്മമ്മയും ഗമയിൽ ആണ്. പതിവിനു വിപരീതമായി വല്യ കസവുള്ള നേരിയതും, കഴുത്തിൽ കുഴിമിന്നിയും, ഒക്കെ ഇട്ടു മരക്കസേരയിൽ ആണ് ഇരുപ്പു.
“അമ്മമ്മേ, ഇന്നെന്താ ഇവിടെ വല്ല പ്രച്ഛന്ന വേഷോം ഉണ്ടോ?
അമ്മമ്മ നേര്യതിടുന്നു, ഞാൻ സാരി ഉടുക്കണത്രെ...
എന്താ ഇവിടെ?”
“അതോ, അത് ഇന്ന് കുറെ വിരുന്നുകാരുണ്ട്, കുഞ്ഞമ്മാവന്റെ ബന്ധു വീട്ടീന്ന് വരും. അപ്പൊ നമ്മളൊക്കെ നന്നായി ഒരുങ്ങി ഇരിക്കണ്ടേ.” “ഓഹോ, അപ്പൊ ഇത്ര കാലത്തെ അലോഗ്യങ്ങളൊക്കെ ഒക്കെ മാറിയോ?”
“അങ്ങനെ ഒന്നും പറയല്ലേ മീനു. കുടുംബാംഗങ്ങൾ അല്ലെ, തട്ടീം മുട്ടിയും ഒക്കെ ഇരിക്കും. നീയു പോയി സാരി ഉടുക്ക്.”
അപ്പൊ ഇനി രക്ഷ ഇല്ല. എനിക്ക് അമ്മായി സാരി ഒന്നും ഉടുപ്പിക്കണ്ട. ഞാൻ ശാന്തയെ വിളിച്ചു. ശാന്ത തിരക്കിലാണ്. “മീനു, കുമുദം ഇവിടെ ഉണ്ട്, ഞാൻ കുമുദത്തിനെ അയക്കാം.”
കുമുദം ഞങ്ങളുടെ അയൽക്കാരിയാണ്. മിക്കവാറും തെക്കേപ്പാട്ടു തന്നെ കാണും. വല്യമ്മായിയുടെ കൂടെതന്നെ ഉണ്ടാവും എപ്പോളും. രാത്രി എന്റെ മുറിയിലാണ് ഉറക്കം. അവരുടെ ഭർത്താവ് പട്ടാളത്തിലാണ്. കൊല്ലത്തിൽ ഒരിക്കൽ അവധിക്കു നാട്ടിൽ വരും. അപ്പോൾ മാത്രമേ കുമുദം അവരുടെ വീട്ടിൽ പോയി ഉറങ്ങു.
സാരി ഉടുപ്പിച്ച ശേഷം കുമുദം പറഞ്ഞു, “മീനുട്ടി, സുന്ദരിയായിരിക്കുന്നു. വരുന്നോർക്കു നല്ലോണം ഇഷ്ടമാകും. ഇപ്പൊ തന്നെ കൂട്ടി കൊണ്ട് പോകാതിരുന്ന മതി.”
“എന്താണ് ഇത് ഒരു പുതിയ പദ്ധതി. ചേച്ചി, എന്താ പറഞ്ഞത്?”
“അല്ല, മീനു വല്യ കുട്ടി ആയിരിക്കാന് ന്നു...” അതും പറഞ്ഞു നാണിച്ചു അവർ കോണി ഇറങ്ങി ഓടിപോയി. ഈ സ്ത്രീക്കിത്തിരി ഇളക്കം കൂടുതലാണ്. അതെങ്ങിനെ, കണ്ട പൈങ്കിളി വാരികകളൊക്കെ വായിച്ചു നെടുവീർപ്പിടുകയല്ലേ പണി. വല്ലാത്തൊരു ജന്മം, ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ ഗോവണി ഇറങ്ങി താഴെ എത്തിയതും ചെറിയമ്മായി ഒരു വലിയ ഉരുണ്ട മുല്ലപ്പൂവുമായി ഓടി വരുന്നു. “മീനു, നില്ക്കു” എന്നും പറഞ്ഞു പൂമാലയൊക്കെ എന്റെ തലയിൽ ചൂടി. എനിക്ക് മുല്ലപ്പൂവിന്റെ മണം തല വേദനയുണ്ടാകും. എടുത്തു് കളയാൻ വിടുന്നുമില്ല. മൊത്തത്തിൽ എന്തോ ഒരു ഗൂഡാലോചന നടക്കുന്നുണ്ട്. കണ്ടിട്ട് ഒരു കല്യാണാലോചനയുടെ മട്ടുണ്ട്. ഞാൻ മനസ്സിൽ പറഞ്ഞു. ആ വരട്ടെ, എന്നെ കെട്ടിക്കാൻ, അപ്പൊ കാണിച്ചു കൊടുക്കാം.
എന്റെ ഊഹം തെറ്റിയില്ല. ഒരു ഒൻപതര മണി ആയപ്പൊളേക്കും ഒരു ജീപ്പ് നിറയെ ആളുകൾ മുറ്റത്തെത്തി. ചെറിയമ്മായിയുടെ അച്ഛനും അമ്മയും, പിന്നെ കുറെ അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങളും മൂന്ന് നാല് ആണുങ്ങളും. അതിലൊരു ആൾ കുറച്ചു ചെറുപ്പമാണ്. ഒരു മുപ്പതു മുപ്പത്തഞ്ചു വയസു തോന്നും.സാമാന്യം നല്ല തടി ഉണ്ട്. പിന്നിൽ നിന്ന് നോക്കിയാൽ വല്യ കുഴപ്പമൊന്നും ഇല്ല, പക്ഷെ മുഖത്തിൽ ഒരു പ്രാവശ്യമേ നോക്കിയുള്ളൂ. അയ്യേ, ഒരു വിടന്റെ ചിരി. വല്ലാത്തൊരു വൃത്തികെട്ട വായയും, പിന്നെ കുടവയറും, വല്ലാത്ത ഒരു വെളുപ്പും. ഒരു പാലും വെള്ളത്തിന്റെ നിറം. ഛെ...പഴയ സൂരി നമ്പൂതിരിപ്പാടിന്റെ ഒരു പുതിയ പതിപ്പ്. കഷണ്ടി മാത്രം ഇല്ല. എനിക്ക് ഓക്കാനം വന്നു.
വീട്ടിലെല്ലാവർക്കും ഒരേ ഉത്സാഹം. ചെറിയമ്മായി എല്ലാവരെയും സ്വീകരണമുറിയിലേക്കു നയിക്കുന്നു. കുശല പ്രശ്നങ്ങൾക്ക് ശേഷം പ്രാതൽ . ഇഡ്ഡലി, സാംബാർ, പുഴുകിയ പഴം, കാപ്പി... വന്നവരൊക്കെ നല്ല പോലെ വെട്ടി വിഴുങ്ങാൻ തുടങ്ങി. എന്നെ ആണെങ്കിൽ ഇടക്കിടെ വിളിക്കും എന്തെങ്കിലും ഒക്കെ ഓരോരുത്തർക്ക് വിളമ്പാൻ പറയും. കൂടെ വന്ന പെണ്ണുങ്ങൾ എന്നെ അടി മുടി നോക്കി കൊണ്ടിരുന്നു. ആ കുടവയറിന്റെ കണ്ണ് എന്റെ മാറിൽ തറച്ചു നിന്നു.... ഛെ എന്ത് വൃത്തികെട്ടവൻ.. . എനിക്കൊരു മാതിരി ചന്തയിൽ നിർത്തിയ പശുവിനെ പോലെ തോന്നി.
പ്രാതൽ കഴിച്ചു എല്ലാവരും കൈ കഴുകാൻ വന്നു. തോർത്ത് എടുത്തു കൊടുക്കാൻ എന്നെ ഏല്പിച്ചിരിക്കുകയാണ്. അയാൾ വന്നപ്പോളും ഞാൻ തോർത്ത് നൽകി. പെട്ടെന്ന് തോർത്ത് വാങ്ങിക്കാൻ എന്ന വ്യാജേന അയാൾ എന്റെ കൈ തഴുകാൻ തുടങ്ങി.
ഛീ എന്തൊരു വൃത്തി കെട്ട മനുഷ്യൻ.
എനിക്കെന്റെ കയ്യിൽ എന്തോ തേരട്ട ഇഴയുന്ന പോലെ തോന്നി.
ഞാൻ പെട്ടെന്ന് കൈ പിൻവലിച്ചു തിരിഞ്ഞു നടന്നു.
ഒട്ടു പ്രതീക്ഷിക്കാത്ത ഒന്ന് സംഭവിച്ചു.
അയാൾ എന്റെ നിതംബത്തിൽ തട്ടി.
“വിചാരിച്ചതിലും പറഞ്ഞു കേട്ടതിലും സുന്ദരിയാണ് നീ.”
കൈ ഓങ്ങി അടിക്കാനാണ് തോന്നിയത്. പക്ഷെ അതൊരു വല്യ പ്രശ്നമാകും.
“നിങ്ങള്ക്ക് നാണമില്ലേ? വൃത്തികെട്ടവൻ.” ഞാൻ മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി. അയാൾ ഒരു സ്ത്രീ ലമ്പടന്റെ ചിരി ചിരിച്ചു.
എങ്ങിനെ ഇവിടെ നിന്നൊന്നു രക്ഷപെടും? മെല്ലെ അടുക്കളപ്പുറത്തു തിരക്കിലായിരുന്നു ശാന്തയെ കൂട്ട് പിടിച്ചു. “എനിക്ക് കുറച്ചു പായസം ഒരു തൂക്കു പാത്രത്തിൽ വേണം.”
“എന്തിനാ?”
“ഞാൻ വടക്കേതിൽ അമ്മായിക്ക് കൊടുത്തിട്ടു വരാം.”
“കുട്ടിയെ ഇവിടെ ഉള്ളവർ അന്വേഷിക്കില്ലേ?”
“ശാന്ത എന്തെങ്കിലും പറയു. എനിക്ക് വയ്യ അവിടെ ഇങ്ങിനെ ചുറ്റിപറ്റി നില്ക്കാൻ.”
ഞാൻ തൂക്കു പത്രവും എടുത്തു വടക്കേതിലെക്കു നടന്നു. തറവാട്ടിൽ നിന്നും ഒരു നീണ്ട വരമ്പ് കടന്നാൽ വടക്കേതിലെത്തും. അവിടെ അമ്മായി ഉണ്ട്. അവർ എപ്പോളെങ്കിലും ഒക്കെ തറവാട്ടിലേക്ക് വരാറ് ഉണ്ട്, പക്ഷെ അവർക്കു ഇത്തിരി സാമ്പത്തിക ചുറ്റുപാട് കുറവായ കാരണം ഒരു ചിറ്റമ്മ നയം ഞാൻ എപ്പോളും കാണാറുണ്ട്. അത് മനസിലാക്കിയിട്ടോ എന്തോ അമ്മായി അധികം അങ്ങോട്ടേക്ക് വരാറില്ല.
ഞാൻ വടക്കേതിൽ എത്തിയപ്പോൾ അമ്മായി കുളി കഴിഞ്ഞു തല തോർത്തുകയായിരുന്നു.
“ആഹാ, ആരാ ഇതു. മീനുവിന് ഇങ്ങോട്ടേക്കുള്ള വഴി ഒക്കെ അറിയ്യോ?”
“അതെന്താ അമ്മായി അങ്ങിനെ ചോദിച്ചത്. ഞാൻ അല്ലെ ഇടക്കൊക്കെ ഇങ്ങോട്ടു വരാറുള്ളത്. ഇവിടന്നു ആരെയും അങ്ങോട്ട് കാണാറില്ലലോ.”
“ഏട്ടൻ പോയെ പിന്നെ ഞാൻ തന്നെ അല്ലെ ഉള്ളോ. ഓരോ പണി ആയിട്ടെങ്ങനെ കഴിയും”, അമ്മായിയുടെ ഏട്ടൻ കുറച്ചു മാസങ്ങൾക്കു മുൻപാണ് മരിച്ചത്. അമ്മായിയും പ്രകാശു മാത്രമേ ഇപ്പോൾ ആ വീടിന്റെ അവകാശികളായുള്ളു. പ്രകാശ് തമിഴ് നാട്ടിൽ എവിടെയോ ആണ്. അമ്മായിയും പ്രകാശും നെയ്വേലിയിലായിരുന്നു. കുറെ വർഷങ്ങൾ. പിന്നെ പ്രകാശിന് ജോലി കിട്ടിയപ്പോൾ അമ്മായി തിരിച്ചു തറവാട്ടിലേക്ക് പോന്നു.
“ഇന്ന് കാവിലെ പൂജയല്ലേ. ഞാൻ അമ്മായിക്കിത്തിരി പായസം തരാൻ വന്നതാ. ഇത് രാവിലത്തെ പൂജയുടെ പായസാണ്.”
“എന്തായാലും പ്രസാദം കിട്ടീലോ. അത് മതി.” അമ്മായി ഭക്തിയോടെ പായസ പാത്രം വാങ്ങി.
“മീനു ഇന്ന് സുന്ദരിയിട്ടുണ്ടല്ലോ. സാരി ഒക്കെ ഉടുത്തു വല്യ കുട്ടിയായിരിക്കുന്നു. മുല്ല മൊട്ടു മാലയും, ജിമിക്കിയും, അസ്സലായിട്ടുണ്ട്.”
“ഓ, ഇതൊക്കെ എന്റെ ചെറിയമ്മായിയുടെ നേരമ്പോക്കാണ്. ഇന്ന് അവരുടെ വീട്ടിൽ നിന്നും ആരൊക്കയോ വന്നിട്ടുണ്ട്. എനിക്കവിടെ നിന്നിട്ടു ശ്വാസം മുട്ടുന്നു. അത് കൊണ്ട് കൂടിയാ ഞാൻ ഇപ്പൊ തന്നെ ഇങ്ങോട്ടു
an> പോന്നത്.” “അവടെ അനേഷിക്കില്ലേ?” “ആഹാ, അന്വേഷിക്കട്ടെ. ശാന്തയോടു പറഞ്ഞിട്ടാ പോന്നത്.” അമ്മായി അടുക്കളയിലേക്കു പോയി കാപ്പി ഉണ്ടാക്കാൻ, ഞാൻ അവിടെ ഇരുന്നു മാതൃഭൂമി പത്രം വായിച്ചു. രാവിലത്തെ തിരക്ക് കാരണം തെക്കേപ്പാട്ടുന്നു ഇന്ന് ഒരു തുള്ളി വെള്ളം കൂടി കിട്ടീട്ടില്ല, പിന്നല്ലേ, പത്രം വായന. അമ്മായി പാലില്ലാത്ത കാപ്പി തന്നു. പിന്നെ ദോശയും ഉള്ളി ചമ്മന്തിയും. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞാണ് ഞാൻ അവിടെ നിന്ന് തിരിച്ചു പോന്നത്. തറവാട്ടിൽ എത്തിയപ്പോഴേക്കും കുഞ്ഞമ്മാവൻ പടിപ്പുരയിൽ നില്കുന്നു. അദ്ധ്യായം 11 “മീനു, നീ എന്ത് പണിയ കാണിച്ചേ? എവിടെക്കാ നീ ഓടി പോയത്. ചെറിയമ്മായി നിന്നെ എത്ര നേരമായി തിരയുന്നു?” “ഇന്ന് മാത്രമെന്താ എന്നോട് കുഞ്ഞമ്മാവന്റെ ഭാര്യക്കിത്ര സ്നേഹം?” “മീനു, നിനക്ക് നാക്കിനിത്തിരി നീളം കൂടിട്ടുണ്ട്.” “അതെ, കുഞ്ഞമ്മാവന് അമ്മായിയെ പേടിയായിരിക്കും, പക്ഷെ എനിക്കൊരു പേടിയും ഇല്ല.” അതും പറഞ്ഞു ഞാൻ വീട്ടിൽ കേറാതെ നേരെ കാവിലേക്കു വച്ച് പിടിച്ചു. അവിടെ ശേഖരൻ അമ്മാവനെയും, വെളിച്ചപ്പാടിന്റെയും സഹായിച്ചു കൊണ്ട് സമയം കളഞ്ഞു. ദേശത്തുള്ള സവർണ തറവാടുകളിലെ എല്ലാവരും പൂജക്ക് കൂടും, എല്ലാവർക്കും ഊണും ഉണ്ട്. പക്ഷെ മഞ്ഞപ്പൊടി ആട്ടം കഴിഞ്ഞേ ഇല വക്കു. പീഠം വക്കലും, വെളിച്ചപ്പാടിന്റെ തീ മെതിക്കലും വെട്ടലും, അരുൾ വാക്ക് പറയലും കഴിഞ്ഞു. അമ്മമ്മയോടു ആണ് വെളിച്ചപ്പാട് ആദ്യം അരുൾ വാക്ക് പറയുക. “എന്നെ നന്നായി നോക്കി നടത്തിയാൽ, ഞാൻ നിങ്ങളെ ഒക്കെ വേണ്ട വിധം കൊണ്ട് നടക്കും. പിന്നെ അടുത്ത പാലും വെള്ളരിക്കു മുൻപേ ഇവിടെ ശുഭ കാര്യങ്ങൾ നടക്കും. ഒന്നും കൊണ്ടും വിഷമിക്കണ്ട,” വെളിച്ചപ്പാട് അമ്മമ്മയോടു ഉറഞ്ഞു തുള്ളി. അമ്മമ്മ ഭക്തിയോടെ തൊഴുതു നിന്നു. എനിക്കീ വെട്ടലും ചോര വീഴ്തതെലും ഒക്കെ പേടിയാണ്. പൂജ ചെയ്ത പോരെ, ഇതെന്തിനാ വെളിച്ചപ്പാട് നെറ്റി വെട്ടി ചോര വരുത്തുന്നത്. ഇതൊന്നും പറയാനും ചോദിക്കാനും പാടില്ല തറവാട്ടിൽ, ഒന്നോ അഹങ്കാരം അല്ലെങ്കിൽ കലി കാലം, ഈ ഉത്തരങ്ങൾ അല്ലാതെ വേറെ ഒന്നിലും അത് ചെന്നെത്തില്ല. വളരെ കാലങ്ങളായിട്ടുള്ള സമ്പ്രദായങ്ങൾ ആണത്രേ. കാളിക്ക് ചോര കണ്ടാലേ സന്തോഷമാകു. വെട്ടി വെട്ടി ആ വെളിച്ചപ്പാടിന്, ഒരു ത്രാണിയുമില്ലാതായിരിക്കുന്നു. ഒരു വിളർച്ച ബാധിച്ച ആളെ പോലെ ആയിരിക്കുന്നു. ഒടുവിൽ ചെറിയമ്മായിയുടെ വീട്ടുകാർ വന്ന ജീപ്പ് തിരിച്ചു പോയപ്പോൾ സമയം സന്ധ്യ കഴിഞ്ഞു. രാത്രീ പൂജയുടെ കണക്കൊക്കെ തീർത്തു വല്യമ്മാവൻ വരാന്തയിൽ ഇരുന്നു. എല്ലാവരും ചുറ്റും കൂടീട്ടുണ്ട്. എല്ലാം കൊണ്ടും നല്ല ബന്ധമാണ് ഇത്. ചെക്കനിത്തിരി തടി കൂടുതൽ ഉണ്ട്. അതിനെന്താ, പെൺകുട്ടികൾ ഒരു പ്രസവമൊക്കെ കഴിഞ്ഞ തടിച്ചോളും. ഞാനും കുമുദവും ഗോവണിപ്പടിയിൽ ഒളിഞ്ഞിരുന്നു കേട്ടു. അപ്പോൾ കാര്യങ്ങളുടെ കിടപ്പിതൊക്കെയാണ്. ചെറിയമ്മായിയുടെ ഒരു ബന്ധത്തിൽ പെട്ട ആളാണ് ചെക്കൻ. അയാൾക്കിത്തിരി റബ്ബർ എസ്റ്റേറ്റ് ഒക്കെ ഉണ്ട്. ചെറിയമ്മായിയുടെ അച്ഛൻ പെൻഷൻ പറ്റിയ ശേഷം വെറുതെ ഇരിക്കുകയാണ്. ആ എസ്റ്റേറ്റിൽ ഒരു മാനേജർ പോസ്റ്റ് തരമാക്കാം. ചെക്കന് മുപ്പത്തി നാലു വയസുണ്ട്. പെങ്ങന്മാരുടെ കല്യാണം കഴിയാൻ വേണ്ടി കാത്തിരുന്നാണ് സ്വന്തം കല്യാണം വൈകിയത്. പക്ഷെ ഇപ്പോൾ ഈ സാക്ഷാൽ എന്നെ കണ്ടപ്പോൾ ഇത്ര കാലം ദൈവം കല്യാണം നീട്ടി വപ്പിച്ചത് നന്നായി എന്ന് തോന്നിയത്രേ. ഇപ്പോൾ ഒന്നും സഭയിൽ പോയി മിണ്ടാൻ പറ്റില്ല. നാളെ അമ്മമ്മയെ സോപ്പിട്ടു ഇത് വേണ്ടന്നുവക്കുകയെ തരമുള്ളു. മീനു, അടുത്ത പൂജ ആവുമ്പോഴെക്കും മീനുട്ടി ഒരു കുട്ടിയും കൊണ്ടായിരിക്കും വരണത്. അത് കുമുദത്തിന്റെ വക. അശ്രീകരം. വായ് തുറന്നാൽ ഈ തരം വർത്തമാനമേ ഉള്ളു. ഛെ, എനിക്ക് ദേഷ്യം വന്നു. നെഞ്ചിൽ തീ ഇട്ട പോലെയുണ്ടെനിക്ക്. . ഈ കണ്ട കാര്യമൊക്കെ ഇവിടെ നടന്നിട്ടും എനോട് ഒരു ആളും ചോദിച്ചില്ല എന്തിനു, പറഞ്ഞത് പോലും ഇല്ല. കുറെ ആൾക്കാർ വരുന്നു, കാണുന്നു, ഇതാ ഇപ്പൊ കല്യാണത്തെ പറ്റി സംസാരം തുടങ്ങിയിരുന്നു. കുമുദം പൈങ്കിളി പുസ്തകം വായിക്കാൻ തുടങ്ങിയപ്പോൾ ഞാൻ എഴുന്നേറ്റു വിളക്കണച്ചു. എനിക്ക് ഉറങ്ങണം. എപ്പോ നോക്കിയാലും ഒരു ലൈറ്റ് ഇടലും പുസ്തകം വായിക്കലും. എന്റെ ദേഷ്യം മുഴുവൻ കുമുദത്തിനോട് തീർത്തു ഞാൻ. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഒരു പോള കണ്ണടക്കാൻ പറ്റിയില്ല. അയാളുടെ ആ വൃത്തി കെട്ട ചിരിയാണ് കണ്ണിനു മുൻപിൽ. രാവിലെ പതിവിലും നേരത്തെ എഴുനേറ്റു. അമ്മമ്മയുടെ അടുത്ത് ചെന്നിരുന്നു പത്രം വായിച്ചു കൊടുത്തു. പിന്നെ അമ്മമ്മയുടെ കാലു മെല്ലെ തിരുമ്മി കൊടുത്തു. “അമ്മമ്മേ, ഇന്നലെ എന്താ ഇവിടെ നടന്നത്, അമ്മമ്മയെങ്കിലും എന്നോട് പറയണം.” “അയ്യേ, ഇതാ ഇപ്പൊ നന്നായതു.” “അവര് വന്നു, കുട്ടിയെ കണ്ടു, അവരിക്കിഷ്ടമായി. ഇനി ഇപ്പൊ തിയതി നിശ്ചയിക്കണം.” “എന്ത്, ആരോട് ചോദിച്ചിട്ടു?” എനിക്കയാളെ ഇഷ്ടല്ല. എനിക്കിനിയും പഠിക്കണം.” “എല്ലാ പെൺകുട്ടികളും കല്യാണത്തിന് മുമ്പ് അങ്ങിനെയേ പറയു, എന്നിട്ടു കല്യാണം കഴിഞ്ഞു പോയാൽ പിന്നെ ഭർത്താവിനെ വിട്ടു ഒരു ദിവസം കൂടി നിൽക്കാൻ വയ്യ എന്ന് പറയും.” “അമ്മമ്മേ, ഞാൻ കാര്യമായിട്ടാണ് പറയണേ. എനിക്ക് പിജി ചേരണം. ഇതൊരു തരം കൊല ചതിയാണ്. അമ്മമ്മ ഒരാൾ വിചാരിച്ചാൽ ഇത് ഇവിടെ നിർത്താം. എന്റെ പോന്നു അമ്മമ്മയല്ലേ.” “എന്താ കുട്ടി, അനാവശ്യം പറയണത്. നല്ല ജാതക പൊരുത്തമുണ്ട്. പിന്നെ നിന്റെ അമ്മയും അച്ഛനും ഒക്കെ സമ്മതിച്ചിരിക്കുന്നു.” “ഓഹോ, അപ്പൊ ഇതൊരു കൂട്ട് ചേർന്ന ചതിയാണ്. അമ്മമ്മക്ക് എന്നോട് ഒരു സ്നേഹവും ഇല്ലേ?” അമ്മമ്മ എന്റെ മുടി തലോടി. “അമ്മമ്മക്ക് സ്നേഹമുള്ളതോണ്ടല്ലേ, പെട്ടെന്ന് കല്യാണം ഉറപ്പിക്കണേ. എനിക്കിനി അധികം കാലം ഇല്ല്യ. ദേശത്തു പണിക്കർ പറഞ്ഞാൽ കൃത്യമാണ്. അടുത്ത പിറന്നനാൾ ഞാൻ കടക്കില്ല, അതിനുള്ളിൽ ഈ കല്യാണം നടക്കണം.” എന്റെ തേവരെ, എല്ലാവർക്കും നൊസ്സു പിടിച്ചാൽ പിന്നെ എന്താ ചെയ്യാ. ഞാൻ ഓടി പോയി ഒരുങ്ങി, കോളേജിലേക്ക് പുറപ്പെട്ടു. പിന്നിൽ നിന്നു വല്യമ്മാമ പറയാണ്, “ഡിഗ്രി അവസാന കൊല്ലം അല്ലെ, കൊല്ല പരീക്ഷക്ക് മുൻപേ തന്നെ കല്യാണം നടത്തണം എന്നാ അവർക്കു. പരീക്ഷ പിന്നെയും എഴുതാലോ?” തേവരെ, ഇത് വല്ലാത്ത കെണിയായിപോയി . എനിക്ക് ദേഷ്യവും കരച്ചിലും ഒക്കെ വന്നു. അദ്ധ്യായം 12 കൃത്യം ഈ സമയം നോക്കി മഹി കോളേജിൽ ഇല്ല. നാസയിൽ ഒരു ഇന്റേൺഷിപ് കിട്ടി പോയിരിക്കുകയാണ്. ഇപ്പൊ ഒരു മാസമായി. ഒരു വിവരവും ഇല്ല. ആ സ്ഥലത്തു തപാലാപ്പീസും ഫോൺ ഉം ഒന്നുമില്ലേ? ഒരു സ്നേഹമില്ലാത്ത വർഗങ്ങൾ. എനിക്കൊരു വിഷമം വരുമ്പോൾ ഒരാൾ കൂടെ ഇല്ല. ക്ലാസ്സിൽ കയറിയില്ല. മഹിയുടെ വീട്ടിലെ ഫോൺ നമ്പറിൽ വിളിച്ചു. ഫോൺ താത്ക്കാലികമായി വിച്ഛേദിക്കപ്പെട്ടിരിക്കുന്ന്നു. അസ്സല്. ഇനി ഇപ്പോൾ എങ്ങിനെ ബന്ധപെടാനാണ്. മഹിയുടെ വീട് അറിയില്ല, പക്ഷെ മഹിയുടെ കൂടെ എപ്പോളും കാണാറുള്ള ശിവദാസനെ അറിയാം. ശിവദാസൻ തിരഞ്ഞു പിടിച്ചു. മഹിയുടെ എന്തെങ്കിലും വിവരമുണ്ടോ? “ഇല്ല, പോയ ശേഷം ഒരു കത്ത് പോലും ഇല്ല.” “ഇനി വല്ല റോക്കറ്റിലും കേറ്റി വിട്ടോ, ആവോ?” എനിക്ക് കലി വന്നു തുടങ്ങിയിരുന്നു. ശിവദാസൻ ചിരിച്ചു. “എന്റെ കൂടെ ഒന്നു വരുമോ? മഹിയുടെ വീട് ശിവനറിയില്ലേ?” “എന്തിനാ?” “ഒരു വല്യ പ്രശ്നത്തിലാണ് ഞാൻ...എനിക്ക് എത്രയും പെട്ടെന്ന് മഹിയെ കോൺടാക്ട് ചെയ്തേ പറ്റൂ.” “ശരി, ഞാൻ വരാം.” ഞങ്ങൾ ഓട്ടോ പിടിച്ചു, മഹിയുടെ വീട്ടിലേക്കു പുറപ്പെട്ടു. മഹിയുടെ അമ്മയോടെങ്കിലും ചോദിച്ചു നമ്പർ മേടിക്കണം. അവിടെ ചെന്നപ്പോഴായിരുന്നു ഏറ്റവും വല്യ ആശ്ചര്യം ഞങ്ങളെ കാത്തിരുന്നത്... വീട് പൂട്ടിയിരുന്നു. മുറ്റം കണ്ടാൽ തന്നെ അറിയാം, കുറെ നാളായി അവിടെ ആള് താമസം ഇല്ല എന്ന്. അടുത്ത വീട്ടിലെ വീട്ടമ്മയോട് ചോദിച്ചപ്പോൾ മഹിയുടെ അമ്മ വീട് പൂട്ടി അവരുടെ അച്ഛന്റെ അടുത്തേക്ക് പോയി എന്ന് പറഞ്ഞു. അതും പോരാത്തതിന്, മഹിയുടെ അച്ഛൻ എവിടെയോ ഔദ്യോഗിക ദൗത്യത്തിന് വടക്കേ ഇന്ത്യയിലേക്ക് പോയി എന്നും പറഞ്ഞു. തിരിച്ചു ഓട്ടോവിൽ വരുമ്പോൾ, ഞാൻ നെഞ്ച് പൊട്ടി കരയുന്നുണ്ടായിരുന്നു. ശിവനൊന്നും മനസിലായില്ല. “കരയല്ലേ” എന്ന് മാത്രം പറഞ്ഞു കൊണ്ടേ ഇരുന്നു. ഒടുവിൽ ശിവൻ ചോദിച്ചു, “നിങ്ങൾ തമ്മിൽ അപ്പൊ പ്രേമമായിരുന്നു അല്ലെ?” ഞാൻ ഒരു നിമിഷം ശിവനെ നോക്കി. “എനിക്കറിയില്ല ശിവ, അറിയില്ല.” മഹിയില്ലാതെ ഞാൻ ഇല്ല. അത് പ്രേമമോ, പ്രണയമോ, സ്നേഹമോ, എനിക്കറിയില്ല... അതായിരുന്നു സത്യം. മഹിയില്ലാതെ മീനുവില്ല, മീനുവില്ലാതെ മഹിയില്ല... പക്ഷെ ഞങ്ങൾ രണ്ടു പേരും ഒരിക്കലും പ്രേമത്തെയോ സ്നേഹത്തെയോ കുറിച്ച് സംസാരിച്ചിട്ടില്ല. ഒരു വല്ലാത്ത ആത്മ ബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. മഹി ഇന്റേൺഷിപ്പിനു പുറപ്പെടുമ്പോൾ പോലും, ഞങ്ങൾക്കിടയിൽ ഒരു വികാര വിക്ഷോഭവും ഉണ്ടായിരുന്നില്ല. എന്തും വിട്ടു കൊടുക്കാൻ, മറ്റേയാളുടെ നല്ലതിന് വേണ്ടി എന്തും ചെയ്യാനുള്ള ഒരു മനസ്... അതിനെ പ്രണയമെന്നോ പ്രേമമെന്നോ പറയാമോ, അല്ലെങ്കിൽ അതിലും ഉചിതമായ എന്തെങ്കിലും പേരുണ്ടോ എന്നൊന്നും എനിക്കറിയില്ലായിരുന്നു... സത്യത്തിൽ, ഞങ്ങൾ രണ്ടു പേരും ഒന്നായിരുന്നു, അതായിരുന്നു സത്യവും. പക്ഷെ ഇപ്പോൾ കല്യാണ ആലോചനയും ഒക്കെ ആയി, മൊത്തതിൽ പ്രശ്നമായി. ഒരു വാക്ക് പറയാനോ ചോദിക്കാനോ പോലും ആരും ഇല്ല. കുറെ വൈകിയായിരുന്നു വീടെത്തിയത്. “എന്താ മീനു , ഇത്ര വൈകിയതു...” “സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു...” “നേരത്തെ വരണം ഇനി, കല്യാണം നിശ്ചയിച്ച കുട്ടിയാണ്.” “നിശ്ചയോ? ഇതെപ്പോഴാ ഉണ്ടായേ?” “അതിപ്പോ, അവർക്കു തനിയെ നിശ്ചയം വെക്കണം എന്നൊന്നും ഇല്ല, നേരിട്ട് കല്യാണം തന്നെ ആവാം ന്ന പറയണത്.” അമ്മമ്മ ഇങ്ങിനെ മാറി പോകും എന്ന് ഞാൻ വിചാരിച്ചതല്ല. അപ്പോൾ, കാര്യങ്ങൾ ഞാൻ കരുതുന്ന പോലെ അല്ല. വല്ലാത്ത ദ്രുത ഗതിയിൽ കാര്യങ്ങൾ നടക്കുന്നത്. രണ്ടു ദിവസത്തിൽ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. ഞാൻ ധൈര്യം സംഭരിച്ചു വല്യമ്മാവന്റെ പക്കൽ ചെന്ന് നിന്നു. മയത്തിൽ പറഞ്ഞു, “അമ്മാമ്മേ, എനിക്കിപ്പോ കല്യാണം വേണ്ട...” അമ്മാമ ഒന്ന് തറച്ചുനോക്കിയശേഷം പറഞ്ഞു "നിന്നോട് ചോദിച്ചില്ലില്ലോ , ഉവ്വോ?" “അത്, അത് പിന്നെ... എനിക്ക് പഠിക്കണം...” “ തെക്കേപ്പാട്ടു കുട്ടിക്ക് എപ്പോഴാ പഠിക്കേണ്ടത് എപ്പോഴാ പഠിപ്പു നിർത്തേണ്ടത് എന്ന് എനിക്കറിയാം. എന്നെയാരും പഠിപ്പിക്കണ്ട...പിന്നെ ഇനി അഥവാ ബിരുധാനാന്തര ബിരുദം ചെയാമെന്നുണ്ടെങ്കിൽ അത് വിവാഹ ശേഷം ആവാം. അവർക്കൊരു വിരോധവും ഉണ്ടാകില്ല...” മകരമാസം അവസാനത്തിനുള്ളിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളാണ് വീട്ടിൽ നടക്കുന്നത്. കുഞ്ഞമ്മാവനെ ഒന്ന് വിളിച്ചാലോ? അടുത്ത ദിവസം രാവിലെ ആരും പൂമുഖത്തില്ല എന്ന് ഉറപ്പു വരുത്തി ഞാൻ കുഞ്ഞമ്മാവന്റെ ഫോണിൽ വിളിച്ചു. ചെറിയമ്മായി ആണ് ഫോൺ എടുത്തത്. “എന്താ മീനു, ഇരുപ്പുറക്കിനില്ല അല്ലെ? സുകുമാരന് (അതാണ് ആ കോന്തന്റെ പേര്) മീനുവിനോട് ഫോണിൽ സംസാരിക്കണം എന്നൊക്കെ സൂചിപ്പിച്ചു. പക്ഷെ വല്യമ്മാവനതൊന്നും ഇഷ്ടാവില്ല. അതോണ്ടാ വിളിക്കാത്തതു.” എന്റെ തേവരെ... ഇവർക്കൊന്നും കാര്യം മനസിലാവില്ലേ... ഞാൻ ഈ കെണിയിൽ നിന്ന് ഊരാൻ നോക്കുമ്പോൾ, ഇത് പിന്നയും മുറുകുകയാണ്... “കുഞ്ഞമ്മാവൻ ഇല്ലേ...” “ഉവ്വ് കൊടുക്കാം...” കുഞ്ഞമ്മാവൻ ലൈനിൽ വന്നു... പഴയ കുഞ്ഞമ്മാവനല്ല... എന്തും പറയാനുള്ള എന്റെ സ്വാതന്ത്രം എന്നെ പോയിരിക്കുന്നു.. എങ്കിലും ഞാൻ പറഞ്ഞു...”എനിക്ക് വിവാഹം വേണ്ട...” “ഇതായിപ്പോ നന്നായതു. തീയതി നിശ്ചയിച്ചിട്ടു വിവാഹം വേണ്ടെന്നു പറയുകയോ?” “എന്നോടാരും ചോദിച്ചില്ലില്ലലോ...” “മീനു, നിന്റെ കുട്ടിക്കളി വിട്, കുടുംബത്തിന് ചീത്ത പേരുണ്ടാക്കരുത്... നീ ഈ വേണ്ടാത്ത ചിന്തയൊക്കെ ഉപേക്ഷിച്ചിട്ട് വിവാഹത്തിനൊരുങ്ങാൻ നോക്കു. ഈ ഞായറാഴ്ച ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്... ക്ഷണത്തിനുള്ള പട്ടികയൊക്കെ തയ്യാറാക്കണം.” അമ്മയും അച്ഛനും ദിവസവും തറവാട്ടിലേക്ക് വിളിക്കുന്നുണ്ട്. ഞാൻ അമ്മയോട് കരഞ്ഞു പറഞ്ഞു.”എനിക്കീ വിവാഹം വേണ്ട...” “അച്ഛന് വയസായി, ഗൾഫിൽ ഇപ്പൊ പണ്ടത്തെ പോലെ അല്ല. നിന്റെ ഭാരം ഇറക്കി വച്ചിട്ട് വേണം ഞങ്ങൾക്ക് നാട്ടിലേക്കു തിരിച്ചു വരാൻ.” അമ്മയുടെ പായാരം കേട്ടാൽ തോന്നും ഞാൻ എന്തോ മല പോലെ അവരുടെ തലയിൽ കേറി ഇരിക്കയാണെന്നു. ശാന്ത ചോദിച്ചു. “എന്താ കുട്ടേയ്, എന്തെ ഇപ്പൊ ഇങ്ങിനെ ഉഷാറില്ലാതായി.” “എനിക്കീ വിവാഹം വേണ്ട ശാന്തേ. അയാളെ കണ്ടാൽ തന്നെ അറക്കുന്നു.” “പെൺകുട്ടികൾക്ക് അങ്ങിനെ തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു...” ശാന്ത നെടുവീർപ്പിട്ടു. ആരോടാ ഒന്നു പറയാ, രക്ഷിക്കാൻ ചോദിക്കക... വടക്കേതിൽ അമ്മായി ഉണ്ട്...പക്ഷെ അവർ എന്ത് ചെയ്യാനാണ്... ഒടുവിൽ ചുറ്റി തിരിഞ്ഞു നടന്നു ചെന്നത് അമ്മായിയുടെ അടുത്തേക്കായിരുന്നു. അദ്ധ്യായം 13 “പ്രകാശാ, ഇതാരാ നോക്ക്.” “ഓ പ്രകാശ് വീട്ടിൽ ഉണ്ടായിരുന്നോ?” പ്രകാശ് കുറച്ചു കറുത്തിട്ടാണ്, പക്ഷെ നല്ല ചുരുണ്ട മുടി, നിരയൊത്ത വെളുത്ത പല്ലുകൾ. പ്രകാശ് എന്നെകണ്ടതും മുറ്റത്തേക്ക് വന്നു. അമ്മായിയുടെ ഏട്ടൻ മരിച്ചപ്പോ കണ്ടതാണ്. അധികം പരിചയമൊന്നും ഇല്ല... ഒന്നു ചിരിച്ചെന്നു വരുത്തി... “മീനുവിനെന്താ സുഖമില്ലേ?” പ്രകാശ് ചോദിച്ചു. “ഏയ്, ഒന്നും ഇല്ല...” ഇനി ഇപ്പോൾ അമ്മായിയോട് ഒന്നും സംസാരിക്കാൻ പറ്റില്ല... “കയറി ഇരിക്ക്...” “എപ്പോൾ വന്നു?” ഞാൻ ചോദിച്ചു... “രണ്ടു ദിവസമായി...പൊങ്കൽ അവധിയാണ്.” “കുറച്ചു ദിവസമുണ്ടാകില്ലേ?” “രണ്ടാഴ്ച ഉണ്ടാകും.” “ഞാൻ വരട്ടെ... അതും പറഞ്ഞു ഞാൻ പുറപ്പെട്ടു...” “എന്തെ , ഇരിക്ക്, കാപ്പി കുടിച്ചിട്ട് പോകാം.” “ഇല്ല അമ്പലത്തിൽ പോണം...” അമ്പലത്തിൽ പോകാൻ പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ എവിടെ എങ്കിലും പോയി കുറച്ചു സമാധാനം കിട്ടണം. ഞാൻ അമ്പലത്തിലേക്ക് നടന്നു... തേവരേ... എന്നെ ഇങ്ങിനെ കൈ വിട്ടല്ലോ നീ... ദീപാരാധനയ്ക്കു നിന്നില്ല...ചുറ്റമ്പലം വഴിയേ പോയി അമ്പലക്കുളത്തിന്റെ കരയിൽ എത്തി....ചുറ്റും അധികമാരും ഇല്ല...ഒന്നും കൂടെ ഇരുട്ടിയാൽ, എടുത്തു ചാടിയാൽ ആരും കാണില്ല... നാളെ പൊങ്ങുന്ന വരേയ്ക്കും... കണ്ണടച്ച് പിടിച്ചു ഞാൻ നിന്നു.... കണ്ണുകൾ നിറഞ്ഞുകവിഞ്ഞു എന്റെ ബ്ലൗസിന്റെ നനച്ചു.... ഇനിയും ഒരു പത്തു നിമിഷം... തിരക്ക് കുറയും...ആളുകൾ ഒഴിഞ്ഞു പോകും, കണ്ണുകൾ പൂട്ടി എത്ര നേരം നിന്നെന്നറിയില്ല ... “മീനു എന്താ ഇവിടെ ചെയ്യുന്നത്?” പിന്നിൽ പ്രകാശിന്റെ ശബ്ദം... ഞാൻ തിരിഞ്ഞു നോക്കി...എന്റെ കരഞ്ഞു വീർത്ത മുഖം കണ്ടു, പ്രകാശ് പേടിച്ചു... “എന്തെ, എന്ത് പറ്റി...” ഞാൻ തേങ്ങി തേങ്ങി കരഞ്ഞു.... പ്രകാശ് എന്റെ തോളിൽ പിടിച്ചു... “എനിക്ക് മീനു വീട്ടിൽ വന്നപ്പോൾ എന്തോ പന്തി കേടു തോന്നി... അതുകൊണ്ടാ ഞാൻ പുറകിൽ വന്നത്. എന്തേ? ഏതാണ് കാര്യം...” “എനിക്ക് വിവാഹം കഴിക്കണ്ട...” “അതിനെന്തിനാ കരയുന്നതു...ഇഷ്ടമില്ലെങ്കിൽ പറഞ്ഞാൽ പോരെ...” “ആരുകേൾക്കാനാണ് പ്രകാശ്... എല്ലാം അവർ തന്നെ തീരുമാനിച്ചിരിക്കുകയല്ലേ...” എന്നെ പെണ്ണ് കാണാൻ വന്നതും അയാളെ എനിക്ക് ഇഷ്ടമായില്ലെന്നും... പക്ഷെ ആരും എന്റെ ഇഷ്ടത്തെ പറ്റി ആലോചിക്കുന്നു പോലും ഇല്ല എന്നും പറഞ്ഞു. “ഞാൻ അമ്മയെ പറഞ്ഞയച്ചാലോ ...അമ്മ വല്യമ്മാമയോട് പറയട്ടെ...” “കാര്യമില്ല പ്രകാശ്... ആരും പറഞ്ഞാൽ കേൾക്കുന്ന ഒരു മനസ്ഥിതി അവർക്കാർക്കും ഇല്ല...” “മീനുവിനെ ഞാൻ എങ്ങിനെ സഹായിക്കുക?” “സഹായിക്കുക?” ആ വാക്കുകൾ എന്റെ മനസ്സിൽ കൊളുത്തി വലിച്ചു... ഞാൻ ഒരു നിമിഷം ആലോചിച്ചു... കണ്ണുകൾ തുടച്ചു... “പ്രകാശ് എന്നെ സഹായിക്കുമോ?” “എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്നാലോചിക്കുകയാണ് ഞാൻ...” “എന്ത് വന്നാലും എന്റെ കൂടെ നിൽക്കുമോ?” പ്രകാശ് ആലോചിച്ചു... “മീനു എന്താ ചെയ്യാൻ പോണത്?” “ഞാൻ എന്തും ചെയ്തേക്കും. എനിക്ക് രക്ഷപ്പെടണം. അതിനു എന്റെ കൂടെ നില്ക്കാൻ പ്രകാശന് സമ്മതമാണോ? ങേ?” പ്രകാശ് പകച്ചു പോയി... “മീനു, എന്താ...എന്താ പറയണത്?” “ആ കോന്തൻ എന്നെ വിവാഹം കഴിക്കുന്നതിനു മുൻപേ പ്രകാശ് എന്നെ രക്ഷപെടുത്തണം... ഞാൻ രക്ഷപെടും...” “മീനു നല്ലോണം ആലോചിച്ചിട്ടാണോ ഈ പറയുന്നത്...” എന്റെ തലയിൽ ഒന്നും കേറുന്നുണ്ടായിരുന്നില്ല... എന്നോട് ചോദിക്കാതെ ഒരു സ്ത്രീ ലമ്പടനെ വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിച്ച അവരെല്ലാം നാണം കെട്ടു പോണം... വേറെ ഒന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.... “എനിക്കൊന്നും ആലോചിക്കാൻ ഇല്ല... പക്ഷെ ഏതു അപമാനവും താങ്ങാൻ പ്രകാശ് തയ്യാറാകണം... സത്യം?” ഞാൻ എന്റെ വലത്തേ കൈ നീട്ടി... ഒരു നിമിഷം ആലോചിച്ച ശേഷം, പ്രകാശ് എന്റെ കൈ പിടിച്ചു, എന്നെ ദേഹത്തോട് ചേർത്ത് പിടിച്ചു. അദ്ധ്യായം 14 ഇതെങ്ങിനെ അവതരിപ്പിച്ചു ജയിക്കണം എന്നെനിക്കു അറിയില്ലായിരുന്നു... എന്തെങ്കിലും ഒരു വല്യ നാടകം നടത്തിയില്ലെങ്കിൽ മൊത്തം പാളും... അവസാനം, രണ്ടു ദിവസത്തെ, ആലോചനക്ക് ശേഷം ഞാൻ ഒരു വഴി കണ്ടു പിടിച്ചു. ഈ രണ്ടു ദിവസവും മഹിയുടെ എന്തെങ്കിലും ഒരു വിവരം കിട്ടാൻ ഞാൻ ശ്രമിക്കായ്കയല്ല. പക്ഷെ എല്ലാം വിഫലമായി. ഒടുവിൽ ഞാൻ എന്റെ ബ്രഹ്മാസ്ത്രം പുറത്തെടുത്തു... എന്ത് കാര്യവും കുമുദത്തിനോട് പറഞ്ഞു ആരോടും പറയരുതെന്ന് പറഞ്ഞാൽ മതി... അത് റേഡിയോ ന്യൂസ് പോലെ എല്ലാവരുടെ കാതിലും എത്തിക്കൊള്ളും... ഇപ്പോൾ കുമുദത്തിനെ ഉപയോഗിക്കുക തന്നെ വഴിയുള്ളു... അന്ന് വൈകുന്നേരം അത്താഴം കഴിഞ്ഞു കുമുദം എന്റെ മുറിയിലേക്ക് വന്നു....ഞാൻ മെല്ലെ കുമുദത്തിന്റെ അടുത്തെത്തി... “എന്താ, ഇന്നിത്ര സ്നേഹം, മീനൂട്ടിക്ക്...” “എനിക്കൊരു കൂട്ടം ചോദിക്കാനുണ്ട്...” |എന്താ അത്... കല്യാണൊക്കെ ആവല്ലേ, ഇപ്പൊ തന്നെ സംശയങ്ങൾ തുടങ്ങിയോ...”കുമുദം ഒരു വൃത്തികെട്ട ചിരി ചിരിച്ചു... മുഖമടച്ചു ഒരു അടി കൊടുക്കാൻ തോന്നി...പക്ഷെ അരുതു...എന്റെ ആയുധമാണ് കുമുധം ഇന്ന്... “അത് ഈ ഗന്ധർവ വിവാഹം കഴിച്ചാൽ പിന്നെ വേറെ ആളെ കല്യാണം കഴിക്കാന് പാടുമോ?” “ഗന്ധർവ വിവാഹോ? ഇതെന്താ ഇപ്പൊ ഇത്?” ഞാൻ ഒന്നും കൂടെ കുമുദത്തിനോട് ചേർന്നിരുന്നു... “അത്, കുമുദം ആരോടും പറയരുത്... എനിക്ക് ഉറപ്പു തരണം...” കുമുദം കാതു കൂർപ്പിച്ചു.... ഉം, കുമുദം ഫോമിൽ ആയി എന്നെനിക്കു മനസിലായി... “മീനു പറ...” “ഉറപ്പല്ലേ?” “തീർച്ച.” “അത്... ഞാനും ഒരാളും കുറച്ചു മാസങ്ങളായി ഇഷ്ടത്തിലാണ്...” “അത് മീനു അത്...”കുമുദത്തിന്റെ വാക്കുകളിൽ പരിഭ്രമം... “ഞങ്ങൾ രണ്ടാളും കൂടി ഞാൻ ഗന്ധർവ്വൻ സിനിമ കാണാൻ പോയി...” “അപ്പൊ, മീനു കോളേജിലേക്ക് പോണത്?” “കുമുദ ചേച്ചി, കേൾക്കു...” “അതിലെ ഗന്ധർവനെ പോലെ ഞങ്ങളും ഒക്കെ ചെയ്തു...” “എന്റെ ഈശ്വര...” ഞാൻ ചേച്ചിയുടെ കയ്യിൽ അമർത്തിപ്പിടിച്ചു... “എന്റെ മീനു, എന്താ ഇത്... അല്ല , അയാൾ ആരാ...” “അതൊന്നും ഇപ്പൊ പറയില്ല...” കുമുദം ഞെട്ടി തരിച്ചിരുന്നു പോയി... കുമുദത്തിന്റെ കവിളിൽ നുള്ളിക്കൊണ്ടു ഞാൻ ഉറങ്ങാൻ പോയി. എനിക്കല്ലെങ്കിലും ഉറക്കത്തിൽ സംസാരിക്കുന്ന പതിവുണ്ട്... കുമുദം അത് കേട്ട് എന്നെ കളിയാക്കാറുമുണ്ട്.... അടുത്ത രംഗം, ഇനി ഉറക്കം അഭിനയിക്കണം... ഉറക്കത്തിലെന്ന പോലെ സംസാരിക്കണം. കുമുദം അന്ന് അധിക നേരം കഥ വായിച്ചില്ല... പെട്ടെന്ന് വിളക്കണച്ചു കിടന്നു.... ഞാൻ ഉറക്കം നടിച്ചു...ഒരു പത്തു പത്തര മണിക്ക് ഉറക്കത്തിൽ പിച്ചും പേയും പറയുന്ന പോലെ ഞാൻ പറയാൻ തുടങ്ങി... “അയ്യേ, വിട്, എന്റെ കുപ്പായത്തിന്റെ വിട്... എന്തൊരു ആർത്തിയ ഇത്...എപ്പോ നോക്കിയാലും എന്റെ കുപ്പായത്തില കയ്യ്...അങ്ങിനെ ഇപ്പൊ സുഖിക്കണ്ട ഇന്ന്...ഇതുപ്പൊ കുറെ ദിവസമായി...എന്റെ കുളി തെറ്റുമോ എന്ന ഇപ്പൊ എന്റെ പേടി...അങ്ങിനെ കടിച്ചു നോവിക്കല്ലേ... എനിക്ക് നോവുന്നു...” ഞാൻ ചിണുങ്ങി... ഉറക്കത്തിലെ പോലെ ചിരിച്ചു... കുമുദം ഞെട്ടി എഴുനേറ്റു വിലക്ക് തെളിച്ചെങ്കിലും ഞാൻ ഉറക്കം നടിച്ചു കിടന്നു...എന്റെ ബ്രഹ്മാസ്ത്രം ഫലിക്കാൻ പോകുന്നു.... രാവിലെ പതിവിലും നേരത്തെ തന്നെ കുമുദം മുറിയിൽ നിന്ന് ഇറങ്ങി പോയത് ഞാൻ അറിഞ്ഞു. താഴെ ഉറക്കെ സംസാരിക്കുന്നതു കേൾക്കുന്നുണ്ട്. അദ്ധ്യായം 15 വല്യമ്മാമ ഒച്ച വക്കുന്നു...അമ്മമ്മ കരയുന്നു... “അവളെ വിളിക്കു ഇങ്ങോട്ടു, ആ ഒരുമ്പെട്ടോള്...” “വിവാഹം വേണ്ട വേണ്ട എന്ന് പറഞ്ഞപ്പോൾ ഇത്രേം കരുതിയില്ല...” കുമുദം ഓടി മോളിൽ വന്നു...”എന്റെ മീനുട്ട്ടി, വല്യമ്മാമ എല്ലാം അറിഞ്ഞാണു... ഇനി എന്താക്കെ പ്രശ്നങ്ങളാണ് ഉണ്ടാകാൻ പോകുന്നത് എന്നറിയില്ല.” ഞാൻ പേടിച്ചു അരണ്ടു താഴേക്ക് ചെന്നു. വല്യമ്മാമ തളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. എന്നെ കണ്ടതും, മുഖമടച്ചൊരു അടി... കണ്ണിൽ നിന്നും പൊന്നീച്ച പാറി...കണ്ണീർ പുഴ പോലെ ഒഴുകി... “ആരാടീ അത്? ഞാൻ എല്ലാം അറിഞ്ഞു...എന്നോടൊന്നും ഒളിക്കണ്ട... ആരാ അവൻ?” ഞാൻ മിണ്ടിയില്ല... “പറയാൻ...ഒരുമ്പെട്ടോളെ, പറയാൻ...” ഞാൻ കല്ല് പോലെ നിന്ന്...തൂണും ചാരി... “നീ പറയില്ല അല്ലെ, നിന്നെ കൊണ്ട് പറയിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ...” അമ്മാമ ഇറയത്തു നിന്നും ചൂരലെടുത്തു...ഞാൻ കണ്ണുകൾ ഇറുക്കി പൂട്ടി..എന്നെ തലങ്ങും വിലങ്ങും പ്രഹരിക്കാൻ തുടങ്ങി. “അരുതു, കുട്ടാ അരുതു...”അമ്മമ്മാ കരഞ്ഞു വിളിച്ചു... ഒടുവിൽ ഭേദ്യം താങ്ങാതെ നിലത്തു വീഴുമെന്നായപ്പോൾ ഞാൻ പറഞ്ഞു...”വടക്കേലെ പ്രകാശ്.” ഒരു നിമിഷം വീട് നിശ്ശബ്ദമായി. സൂചി വീണ കേൾക്കണ നിശ്ശബ്ദത . “അപ്പോൾ അതാണ് അവിടെ ഒരു കൂട്ടം കൂടാൻ പോക്ക്. സുകൃത ക്ഷയം അല്ലാതെന്താ... നല്ല ആഢ്യന്മാരുടെ വീട്ടിലേക്കു ബന്ധം കൂടി പോകാൻ വിധി ഇല്ല, അല്ലാതെന്താ...” വിവരമറിഞ്ഞപ്പോൾ കുഞ്ഞമ്മാവൻ കലി തുള്ളി... അമ്മയ്ക്കും അച്ഛനും ഫോൺ പോയി... “അമ്മ വല്യമ്മാമയെ കുറ്റം പറഞ്ഞു, ഏട്ടൻ ലാളിച്ചിട്ട ഇത്രത്തോളം വഷളായത്...” എനിക്ക് വല്ലാത്ത ക്ഷീണവും സങ്കടവും എല്ലാം മാറി മാറി വന്നു... ഞാൻ ചെയ്തത് തെറ്റോ ശരിയോ എന്ന് പോലും അറിയില്ല... പ്രകാശിനോടെനിക്കൊരു പരിചയവും ഇല്ല... ഇപ്പോൾ അയാളുടെ പേരും ചീത്തയായി.മഹി, മഹിയാണിതിനൊക്കെ കാരണം...ഒന്ന് കണ്ടിരുന്നെങ്കിൽ...ഒരു വാക്ക് മിണ്ടാൻ കഴിഞ്ഞെങ്കിൽ... പക്ഷെ പ്രതീക്ഷിച്ചതിനു വിപരീതമായി വേറൊരു കാര്യം നടന്നു. വിവാഹം നിർത്തിവെക്കും എന്ന് കരുതിയപ്പോൾ, അതിനു പകരം അമ്മാമ അമ്മായിയെ വിളിപ്പിച്ചു. “എന്താ മാളൂ ഇതൊക്കെ...നിന്റെ മകനെന്താ ഇങ്ങിനെ, ഇവിടത്തെ കുട്ടിയെ തന്നെ കിട്ടീള്ളോ...” അമ്മായി തല കുനിച്ചു... അവസാനം പറഞ്ഞു... “കുട്ടികൾക്ക് ഇഷ്ടാണെങ്കിൽ നമ്മളെന്താ ചെയ്യാ...” “അപ്പൊ, ഒക്കെ നീയും അറിഞ്ഞോണ്ടാണ്. ഇവിടെ ബന്ധം കൂടിയ പിന്നെ വല്യ തറവാട്ടുകാരായി നടക്കാലോ അല്ലെ...” അമ്മായി നാണക്കേട് കൊണ്ട് ചൂളിപ്പോയി... എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഒരു തെറ്റും ചെയ്യാത്ത ഒരു അമ്മയും മകനുമാണ് എനിക്ക് വേണ്ടി നീറുന്നതു... ഞാൻ ഉറക്കെ കരഞ്ഞു... ശബ്ദം പുറത്തു വരാതിരിക്കാൻ, തോർത്തുമുണ്ട് വച്ച് വായ പൊത്തി... കുറെ നേരത്തെ തർക്കങ്ങൾക്കൊടുവിൽ, അമ്മായി പറഞ്ഞു, “ഇന്ന് ഈ നിമിഷം മീനുവിനെ ഇറക്കി കൊണ്ടുപോകാൻ ഞാൻ തയ്യാറാണ്...” ഞാൻ മിന്നലേറ്റ പോലെ സ്തംഭിച്ചു നിന്നു... ഒടുവിൽ, കല്യാണം നിർത്തി വക്കുന്നതിനു പകരം , തീരുമാനിച്ച മുഹൂർത്തത്തിൽ എന്റെയും പ്രകാശന്റെയും വിവാഹം നടത്താൻ തീരുമാനിച്ചു... എന്റെ കണ്ണുകളിൽ നീര് വറ്റിയിരുന്നു . ഞാൻ പൊരുതി തോറ്റു പോയിരുന്നു... അന്ന് തേവരുടെ കുളക്കരയിൽ പ്രകാശ് വന്നിരുന്നില്ലെങ്കിൽ... ഞാൻ എന്നെ രക്ഷപെട്ടേനെ...എന്നെ ഒരു മാതിരി വീട്ടു തടങ്കലിൽ ആക്കി. ആരോടും മിണ്ടാനോ പറയാനോ കാണാനോ വഴിയില്ല. ഒടുവിൽ, അമ്മയും അച്ഛനും വന്നു... എല്ലാവരും എന്നെ ഒരു നികൃഷ്ട ജീവിയെ പോലെ നോക്കി. ഞാൻ മുറിയിൽ നിന്നു ഇറങ്ങീല്ല... ആഹാരം ശാന്ത കൊണ്ടുവന്നു തരും... ഒരു ദിവസം ആരും കേൾക്കില്ലന്നായപ്പോൾ ശാന്ത ചോദിച്ചു... “മീനുട്ടി, ഞാൻ കേട്ടതൊക്കെ സത്യമാണോ? എനിക്ക് വിശ്വാസം വരണില്ല...ഒന്നിൽ നിന്നു തലയൂരാൻ വേണ്ടി വേറൊരു കുരുക്കിൽ തല വച്ച് കൊടുത്തു അല്ലെ...” ശാന്തക്ക് മനസിലായത് പോലും വേറെയാർക്കും മനസിലായില്ലല്ലോ എന്നോർത്തു എനിക്ക് അടക്കാൻ വയ്യാത്ത സങ്കടം വന്നു. ശാന്തയെ കെട്ടി പിടിച്ചു മതി വരുവോളം കരഞ്ഞു. ശാന്ത മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണോപ്പി... “ദൈവം എന്തെങ്കിലും ഒന്ന് വിചാരിച്ചിട്ടുണ്ടാകും...എല്ലാം നല്ലതിനായിരിക്കും, അല്ലാതെന്താ... മീനു ഇങ്ങിനെ സങ്കടപെടല്ലേ... മാളു ഏടത്തി നല്ല സ്ത്രീയാണ്. അവരുടെ മകനും അങ്ങിനെ ആകു.. മീനുവിനെ സങ്കടപെടുത്താതെ നോക്കും... എന്ത് മുതലുണ്ടായാലെന്താ...ഒരു കുട്ടീടെ മനസ് കാണാൻ ഇവിടെ ഉള്ളവർക്ക് കഴിഞ്ഞില്ലലോ ? ഇവരൊക്കെ എന്ത് നേടാനാ?” അദ്ധ്യായം 16 ഒടുവിൽ ദേശത്തു കാവിൽ താലികെട്ട്... ഒരു കല്യാണ വീടിന്റെ ബഹളമൊന്നും ഇല്ല...വളരെ ചുരുങ്ങിയ ഒരുക്കങ്ങൾ...അമ്മമ്മക്ക് ദക്ഷിണ കൊടുത്തു കാലിൽ വീണു നമസ്കരിക്കുമ്പോൾ, ഞാൻ പൊട്ടി കരഞ്ഞു. ഞാൻ എല്ലാം യാന്ത്രികമായി ചെയ്തു... മാലയിടുമ്പോൾ പ്രകാശിന്റെ കണ്ണുകൾ എന്റെ കണ്ണുകളോട് ഇടഞ്ഞു. ഞാൻ തല താഴ്ത്തി...പുടവ കൊടുക്കാൻ കൊണ്ട് വന്നിരുന്ന സാരി കണ്ടപ്പോൾ ആണ് എനിക്ക് അതിശയം തോന്നിയത്... എന്റെ ഏറ്റവും പ്രിയപ്പെട്ട നിറങ്ങൾ... മഞ്ഞയും പച്ചയും... പ്രകാശിനെങ്ങിനെ അറിഞ്ഞു... എനിക്കത്ഭുതമായി...ഒരു പക്ഷെ ഇതെന്റെ വിധിയായിരിക്കാം...ഇനി എനിക്ക് തിരിഞ്ഞു നോക്കാനില്ല. എല്ലാം ഇവിടെ ഉപേക്ഷിച്ചു ഞാൻ പോകുകയാണ്. തറവാട്, മഹി, എല്ലാം... പിന്നെയാണ് അറിഞ്ഞത്, എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചു പ്രകാശ് പൊങ്കൽ അവധി നീട്ടി കല്യാണം വരെ നാട്ടിൽ തന്നെ നിന്നതു... പ്രകാശിന്റെ മനസ്സിൽ ഞാൻ എന്നും ഉണ്ടായിരുന്നു എന്ന്. പണവും തറവാട്ട് മഹിമയും പറയാനില്ലാത്തതിനാൽ മനസ്സിൽ ഒളിച്ചു വച്ചിരിക്കുക ആയിരുന്നു ആ സ്നേഹം എന്ന്. എനിക്ക് പക്ഷെ പ്രകാശിനോട് സഹതാപമാണ് തോന്നിയത്. സ്നേഹിക്കാനുള്ള കഴിവ് എനിക്കെന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പ്രകാശിന് അവധി ഇല്ലായിരുന്നു. കല്യാണം നടന്ന അന്ന് രാത്രി തന്നെ ഞങ്ങൾ ട്രെയിൻ കയറി. എനിക്കും അതൊരു വിധം ആശ്വാസമായി തോന്നി. മദ്രാസ് മെയിലിൽ രണ്ടാം ക്ലാസ്സു സ്ലീപ്പർ ടിക്കറ്റ്. അമ്മായി രാത്രിക്കുള്ള ഭക്ഷണം ഇലവാട്ടി പൊതിഞ്ഞു തന്നിരുന്നു. ട്രെയിനിൽ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. ജനലിലേക്കു തല ചായ്ച്ചു കണ്ണടച്ചു . എനിക്കൊന്നും ഓർക്കേണ്ട...മനസ്സിനോട് ഞാൻ ആവർത്തിച്ച് പറഞ്ഞു. ഒടുവിൽ ട്രെയിൻ കോയമ്പത്തൂരിൽ എത്തിയപ്പോൾ പ്രകാശ് വിളിച്ചു. നമുക്ക് ഭക്ഷണം കഴിക്കാം. പ്രകാശ് പൊതി ചോറ് തുറന്നു തന്നു. ചുക്ക് വെള്ള കുപ്പി തുറന്നു അടുത്ത് വച്ചു. എനിക്കൊരു ഉരുള ചോറ് പോലും തൊണ്ടയിൽ നിന്നും ഇറങ്ങുന്നില്ല...ഒടുവിൽ കുറച്ചു നേരം കഴിഞ്ഞു ഞാൻ കൈ കഴുകാൻ എഴുനേറ്റു. ബാത്റൂമിൽ പോയി കതകടച്ചു. വെള്ളം തുറന്നു വിട്ടു, ഏങ്ങലടിച്ചു കരഞ്ഞു. എത്ര നേരം കരഞ്ഞെന്നറിയില്ല. വാതിലിൽ നിർത്താതെ മുട്ട് കേൾക്കുന്നു, “മീനു, മീനു...” പ്രകാശാണ്. ഞാൻ വാതിൽ തുറന്നു...എന്റെ കരഞ്ഞു വീങ്ങിയ മുഖം കണ്ടു പ്രകാശ് വല്ലാതായി. വെള്ളം പിടിച്ചു മുഖം കഴുകിപ്പിച്ചു. പാന്റിന്റെ പോക്കറ്റിൽ നിന്നും തൂവാല എടുത്തു എന്റെ മുഖം തുടച്ചു തന്നു... “ഇനി ഈ കണ്ണ് ഞാൻ നിറഞ്ഞു കാണരുത്. മീനുവിന്റെ ജീവിതത്തിൽ എന്നും സന്തോഷമേ ഉണ്ടാകാൻ പാടു...നമ്മൾ സന്തോഷമായി ജീവിക്കും.” അതും പറഞ്ഞു എന്നെ ചേർത്ത് പിടിച്ചു സീറ്റിലേക്ക് നടന്നു. ചെന്നൈയിലുള്ള ചൂളൈമേട്ടിലെ ഒറ്റ മുറി വീട്. നിരനിരയായി കിടക്കുന്ന വീടുകളിൽ ഒന്ന്. ഇരുപത്തഞ്ചോളം വീടുകൾ. അഞ്ചു വീടിനൊരു ബാത്രൂം, ഒരു കക്കൂസ്. തെക്കേപ്പാട്ടെ നാലുകെട്ടും പടിപ്പുര മാളികയും കണ്ടു വളർന്നു ജീവിച്ച എനിക്ക് തീപ്പെട്ടി കൂടു പോലുള്ള വീട്ടിലേക്കുള്ള പറിച്ചു നടൽ എളുപ്പമായിരുന്നില്ല. പ്രകാശിനും ആ വൈക്ലബ്യം നന്നായിട്ടു ഉണ്ടായിരുന്നു. എന്റെ പ്രയാസം ഞാൻ പുറത്തു കാണിച്ചില്ല. ആവശ്യമില്ലാതെ പ്രകാശിനെ എന്തിനു വിഷമിപ്പിക്കണം. വരിയിൽ നിന്ന് പമ്പ് അടിച്ചു വെള്ളം പിടിക്കാനും , പൊതു കുളിമുറിയും കക്കൂസും ഉപയോഗിക്കാനും വൈകാതെ ശീലിച്ചു. ഒരു മാസത്തിനുള്ളിൽ എനിക്ക് തിരിച്ചു നാട്ടിലേക്കു വരണമായിരുന്നു, പരീക്ഷ എഴുതണം. പ്രകാശിനും നിർബന്ധമായിരുന്നു, പഠിത്തം ഉപേക്ഷിക്കരുതെന്നു. അത് കൊണ്ടുതന്നെ ഒരു ഭർത്താവിന്റെ അവകാശങ്ങൾ ഒന്നും പ്രകാശ് ഉപയോഗിച്ചില്ല. അതൊരു വല്ലാത്ത ആശ്വാസമായിരുന്നു. ഒരു ചെറിയ കട്ടിലും കിടക്കയുമാണ് മുറിയിൽ ഉണ്ടായിരുന്നത്.പ്രകാശ് താഴെ പായ വിരിച്ചു കിടക്കും. ചോദിച്ചാൽ ചൂട് കാരണം താഴെ കിടക്കുന്നതാണ് സുഖമെന്ന് പറയും. എന്റെ മനസിനും ശരീരത്തിനും സമയം ആവശ്യമാണെന്ന് ഒരു പക്ഷെ പ്രകാശിന് തോന്നിയിരിക്കാം. അതൊരു ആശ്വാസമായിരുന്നു. പ്രകാശ് പോയിക്കഴിഞ്ഞാൽ ഞാൻ പുസ്തകമെടുക്കും. ഒരു തരം പകപോക്കൽ പോലെ ഞാൻ പഠിച്ചു. എനിക്ക് എല്ലാത്തിൽ നിന്നും രക്ഷപെടണമായിരുന്നു. എല്ലാ ഓർമകളും, അത് തേച്ചു മായ്ച്ചു കളയാൻ ഞാൻ എന്നെ തന്നെ വെല്ലു വിളിച്ചു. പ്രകാശിന് അവധി ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഞാൻ ട്രെയിനിൽ നാട്ടിലെക്കു തിരിച്ചു. തനിച്ചു പോകുന്ന കാരണം ഞാൻ ആഭരണങ്ങൾ ഒന്നും അണിഞ്ഞിരുന്നില്ല. ഹാൾ ടിക്കറ്റ് വാങ്ങി തിരിച്ചു വന്നു. തെക്കേപ്പാട്ടെക്ക് പോയി. അവിടെ ആർക്കും ഞാൻ ചെന്നത് ഇഷ്ടമായില്ല എന്ന് വളരെ വ്യക്തമായി. വല്യമ്മാമ മുന വെച്ച് സംസാരിച്ചു...”ഇപ്പൊ തന്നെ പണ്ടമൊക്കെ വിറ്റു തിന്നോ? കോലം കണ്ടില്ലേ? അഗതികളെ മാതിരി...” അമ്മമ്മ കിടപ്പിലായിരുന്നു. ഞാൻ കുറച്ചു നേരം അവിടെ ചുറ്റി നിന്ന്. അവിടത്തെ ഓരോ സ്ഥലവും ...ഓർമയിൽ എന്റെ മനസ് പുളഞ്ഞു. ഒടുവിൽ അമ്മമ്മയുടെ അടുത്ത് പോയിരുന്നു... അമ്മമ്മ തേങ്ങി. “എന്നാലും എൻറെ കുട്ടി...” ഞാൻ അമ്മമ്മയുടെ കൈയിൽ പിടിച്ചു. തിമിരം ബാധിച്ചു തുടങ്ങിയ ആ കണ്ണിൽ നോക്കി ഞാൻ ചോദിച്ചു... ”അമ്മമ്മക്ക് തോന്നുന്നുണ്ടോ ഞാൻ ചീത്ത കുട്ടിയാണ് എന്ന്. അമ്മമ്മ വളർത്തിയ കുട്ടിയല്ലേ ഞാൻ? ഞാൻ ചീത്ത ആകുമോ? ഈ നിമിഷം വരേയ്ക്കും ഞാൻ പത്തര മാറ്റു തങ്കം തന്നെ ആണ്. എല്ലാം എനിക്ക് ഇഷ്ടമില്ലാത്ത ഒരു കല്യാണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി പറഞ്ഞ കെട്ടു കഥകൾ ആയിരുന്നു. പക്ഷെ ആർക്കും എന്നെ മനസിലായില്ല. പിന്നെ എനിക്കും വാശിയായി.” “എന്റെ കുട്ടീ, എന്തിനെ നീ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. നീ നിന്നെ തന്നെ നശിപ്പിക്കയല്ലേ?” “അതെനിക്കറിയില്ല അമ്മമ്മേ... പ്രകാശ് നല്ല വ്യക്തിയാണ്. ഞാൻ നശിച്ചു പോകില്ല. അതെനിക്കുറപ്പാണ്. മാളു അമ്മായിയേയും പ്രകാശിനെയും ഇതിലേക്ക് വലിച്ചിഴച്ചത് ഞാനാണ്. ഞാൻ ജീവിച്ചു കാണിക്കും.” അമ്മമ്മയുടെ കണ്ണുകൾ നിറഞ്ഞു. “അമ്മമ്മക്ക് വയസായി. പ്രാർത്ഥിക്കാൻ മാത്രമേ ഇപ്പോളാകു. നല്ലതു വരട്ടെ. പ്രകാശിനോട് അമ്മമ്മക്ക് ദേഷ്യം ഒന്നും ഇല്ല. ഈ തറവാട്ടിലെ കുട്ടി തന്നെ യാണ് അവനും.” അദ്ധ്യായം 17 കലാലയത്തിൽ പരീക്ഷ തുടങ്ങി. മഹിയുടെ എന്തെങ്കിലും വിവരം അറിയാം എന്ന ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ശിവദാസനെയും കണ്ടില്ല. പിജി പരീക്ഷ വേറെ ദിവസങ്ങളിലായിരുന്നു. പിന്നെ കേട്ടു, മഹിയുടെ ട്രെയിനിങ് ആറു മാസം കൂടി നീട്ടിയിരിക്കുന്നു. പത്തു ദിവസത്തിനുള്ളിൽ പരീക്ഷ കഴിഞ്ഞു. തിരിച്ചു മദ്രാസിലേക്ക്. പ്രകാശ് ജോലിക്കു പോയി കഴിഞ്ഞാൽ എനിക്ക് വല്ലാത്ത ഏകാന്തതയാണ്. ഒന്നും ചെയ്യാനില്ല. ഹിന്ദു ദിനപത്രം വാങ്ങി വായിക്കും. പ്രകാശ് എന്നെ എത്രത്തോളം നന്നായി നോക്കാൻ പറ്റുമോ അത്രയും ചെയ്യുന്നുണ്ട്. പ്രകാശിന്റെ കാര്യം ആലോചിച്ചാൽ പാവം തോന്നും. ജോലി കഴിഞ്ഞു ബസ് പിടിച്ചു വരുമ്പോളേയ്ക്ക് വിയർത്തു കുളിച്ചു ആകെ ക്ഷീണിച്ചിട്ടുണ്ടാകും. പക്ഷെ എല്ലാ ഞായറാഴ്ചയും എന്നെ പുറത്തു കൊണ്ട് പോകും. ബീച്ച്, അല്ലെങ്കിൽ സിനിമ, പിന്നെ വുഡ്ലാൻഡ്സിൽ ഒരു മസാല ദോശ, കാപ്പി. അങ്ങിനെ ഏക ദേശം ഒന്നൊര മാസം കഴിഞ്ഞു. എന്റെ റിസൾട്ട് വന്ന ദിവസം. യൂണിവേഴ്സിറ്റി റാങ്കിന് വെറും രണ്ടു മാർക്ക് കുറവ്. എനിക്ക് തന്നെ അതിശയം തോന്നി. ഞാൻ പ്രകാശിന്റെ ഓഫീസിലേക്ക് ഫോൺ ചെയ്തു. പ്രകാശ് അന്ന് അനുമതി വാങ്ങിച്ചു നേരത്തെ വീട്ടിൽ വന്നു. “ഇന്ന് നമുക്ക് പുറത്തു കഴിക്കാം.” രാത്രി പൂനമല്ലി ഹൈ റോഡിൽ ഉള്ള ചൈനീസ് റെസ്റ്റാറ്റാന്റിൽ പോയി സൂപ്പും ഫ്രൈഡ് റൈസും കഴിച്ചു. തിരിച്ചു വരുന്ന വഴിയിൽ ശേഖർ എംപോറിയൂമിൽ നിന്നും എനിക്ക് രണ്ടു ചുരിദാറുകൾ വാങ്ങിച്ചു. ഞാൻ എവിടെയും പുറത്തു പോകാറില്ല, എത്ര വേണ്ടെന്നു പറഞ്ഞിട്ടും പ്രകാശ് സമ്മതിച്ചില്ല. രാത്രി കിടക്കാൻ നേരം, പ്രകാശ് എന്റെ തോളിൽ കൈ വച്ച് പറഞ്ഞു. “ഇവിടെ ഒക്കെ ശാന്തി മുഹൂർത്തം എന്ന ഒരു ചടങ്ങുണ്ട്. നല്ല നാളും മുഹൂർത്തവും നോക്കി ഭാര്യാ ഭർതൃ ബന്ധം തുടങ്ങുന്ന ദിവസമാണത്. നമുക്കിനിയെങ്കിലും ഒരുമിച്ചൂടെ.” ഞാൻ തല താഴ്ത്തി. വിവാഹ ശേഷം ഒരിക്കൽ പോലും പ്രകാശ് ഒരു ഭർത്താവിന്റെ അവകാശങ്ങളോ അധികാരങ്ങളോ എടുത്തിട്ടില്ല. പ്രകാശിന്റെ വിരലുകൾ എന്റെ മുഖത്ത് തലോടാൻ തുടങ്ങി. മെല്ലെ പ്രകാശ് എന്നെ ചുംബിക്കാൻ തുടങ്ങി. ഞാൻ കണ്ണുകൾ ഇറുക്കെ പൂട്ടി. പച്ചരി ചോറും, എരിവ് കൂടിയ കറികളും, പ്രകാശും എല്ലാം എനിക്ക് മെല്ലെ മെല്ലെ പരിചയമായി തുടങ്ങി. ഒരു ദിവസം പ്രകാശ് പറഞ്ഞു, “വെറും ബിരുദം കൊണ്ടൊന്നും കാര്യമില്ല. സിഎ ക്കു ചേരണ”മെന്ന്. പ്രകാശിന് രാവിലെ വളരെ നേരത്തെയാണ് ക്ലാസ്. അവിടെ നിന്നും നേരെ ഓഫീസിൽ പോകും. എനിക്കാണെങ്കിൽ വെറുതെ വീട്ടിലിരുന്നു വല്ലാതെ മടുത്തു തുടങ്ങി. എവിടെയെങ്കിലും ഒരു ജോലി കിട്ടിയാൽ ഇത്ര മടുപ്പുണ്ടാവില്ല. ഒരു ദിവസം പ്രകാശിനോട് ചോദിച്ചു, ഞാൻ ഒരു ജോലിക്കു ശ്രമിക്കട്ടെ എന്ന്. ഭാഷ അറിയാതെ എങ്ങിനെ കൈകാര്യം ചെയ്യും എന്നായി പ്രകാശ്. ഒടുവിൽ ഞാൻ ഭാഷ പഠിച്ചോളാം എന്ന ഉറപ്പിന്മേൽ ജോലിക്കു അപേക്ഷിക്കാൻ തുടങ്ങി. ഏകദേശം രണ്ടു മാസത്തോളം ഞാൻ അയച്ച ഒരു അപേക്ഷക്കും ഒരു മറുപടി പോലും വന്നില്ല. ഒടുവിൽ ഒരു ദിവസം എനിക്കൊരു ഇന്റർവ്യൂ അറിയിപ്പ് വന്നു. ഒരു സ്വകാര്യ ആശുപത്രീയിൽ റിസെപ്ഷനിസ്റ് ജോലി. ഇന്റർവ്യൂ എളുപ്പമായിരുന്നു. ഒരു ആഴ്ചക്കുള്ളിൽ ജോയിൻ ചെയ്തോളാൻ പറഞ്ഞു. ആയിരത്തി ഇരുനൂറു രൂപ ശമ്പളം. രാവിലെ എട്ടു മണി മുതൽ ഒരു മണി വരെ ജോലി. ഉച്ചക്ക് വീട്ടിൽ വരാം. വൈകീട്ട് നാല് മുതൽ എട്ടര മണി വരെ പിന്നെയും പോകണം. പ്രകാശിന് വലിയ സന്തോഷമൊന്നും തോന്നിയില്ല. “മീനു വിചാരിക്കുന്ന പോലെയല്ല, വീട്ടിലെ പണിയൊക്കെ നോക്കി പിന്നെ ജോലിക്കും പോയി വരുമ്പോളേക്കും ആകെ വയ്യാതാകും”. ഞാൻ വാശി പിടിച്ചു. ഒടുവിൽ പ്രകാശ് സമ്മതിച്ചു. ഏറ്റവും ബുദ്ധിമുട്ടു ബസ് യാത്രയായിരുന്നു. വല്ലാത്ത തിരക്കുള്ള ബസ്കൾ. ഒട്ടും വൃത്തിയില്ല . ആളുകളൊക്കെ വിയർത്തൊലിച്ചു, ദേഹത്തിടിച്ചു നിൽക്കും. അതും പോരാത്തതിന് ബസ് സ്റ്റോപ്പിലേക്ക് വളരെ ദൂരം നടക്കണം. ഒരു സൈക്കിൾ ഉണ്ടെങ്കിൽ പെട്ടെന്നെത്താം. പ്രകാശിന് പേടിയായിരുന്നു. വല്ലാത്ത തിരക്കുള്ള റോഡുകളാണ്. സൈക്ലിസ്റ്റുകൾക്കു ഒരു സുരക്ഷയുമില്ല. അവസാനം, പ്രകാശ് പക്ഷെ എനിക്കൊരു ഉപയോഗിച്ച സൈക്കിൾ വാങ്ങി തന്നു. അദ്ധ്യായം 18 കുറച്ചു ആഴ്ചകൾക്കു ശേഷം ആശുപത്രീയിൽ ഒരു സമ്മേളനം നടത്താൻ പദ്ധതി ആസൂത്രണം ചെയ്തു. കുറെ ഡോക്ടർമാരും മെഡിക്കൽ പ്രതിനിധികളും പങ്കു ചേരുന്ന ഒരു സമ്മേളനം. ഹോസ്പിറ്റലിന്റെ എംഡി ഒരു മലയാളി ആയിരുന്നു. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഒരു മധ്യ വയസ്കൻ. അദ്ദേഹം ആ സമ്മേളനത്തിന്റെ ചുമതല എന്നെ ഏല്പിച്ചു. ഞാൻ അത് വളരെ സന്തോഷത്തോടെ ഏറ്റെടുത്തു. ആ സമ്മേളനം ഒരു വൻ വിജയമായിരുന്നു. ഒരു ദിവസം എംഡി എന്നെ റൂമിലേക്ക് വിളിപ്പിച്ചു. വിവരങ്ങളൊക്കെ ചോദിച്ചു. നല്ല അക്കാഡമിക് പെർഫോമൻസ് ഉണ്ടായിട്ടും എന്തെ തുടർന്ന് പഠിക്കാത്തതെന്നു ചോദിച്ചു. എനിക്ക് പ്രത്യേകിച്ച് ഉത്തരമുണ്ടായിരുന്നില്ല. “മീനാക്ഷി വളരെ സമർത്തയാണ്. കാര്യങ്ങൾ എടുത്തു നടത്താനും , കുശാഗ്ര ബുദ്ധിയോടെ കാണാനും കഴിയുന്നുണ്ട്. ഏതിലും ജയിക്കണമെന്ന ഒരു ആഗ്രഹവുമുണ്ടു. മീനാക്ഷിയുടെ ഒരു പ്രകൃതത്തിനു എംബിഎ പഠിക്കുന്നതായിരിക്കും അഭികാമ്യം. സെയിൽസ്,മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നന്നായി ശോഭിക്കാൻ പറ്റും. മീനാക്ഷി ഒന്ന് അപേക്ഷിച്ചു നോക്ക്. എന്ത് സഹായം വേണമെങ്ക്കിലും ചോദിയ്ക്കാൻ മടിക്കണ്ട.” എനിക്കും തുടർന്ന് പഠിക്കാനൊരു ആഗ്രഹം ഇല്ലാതില്ലാ. അല്ലെങ്കിലേ പ്രകാശ് നിറയെ കഷ്ടപെടുന്നുണ്ട്. ഇനി ഇതിനും പൈസ ചിലവാക്കണമെങ്കിൽ...ഒരാഴ്ചയോളം കഴിഞ്ഞു. എംഡി ഹോസ്പിറ്റലിൽ കണ്ടപ്പോൾ ചോദിച്ചു. “എന്തായി പഠിക്കാൻ തീരുമാനിച്ചോ?” എനിക്കുത്തരം ഉണ്ടായിരുന്നില്ല. അന്ന് രാത്രി ഞാൻ പ്രകാശിനോട് ഈ കാര്യം അവതരിപ്പിച്ചു. താല്പര്യം കാണിക്കില്ലെന്നാണ് കരുതിയത്. പക്ഷെ, കുറച്ചു നേരത്തെ ആലോചനക്ക് ശേഷം പ്രകാശ് പറഞ്ഞു. “മീനു പഠിക്കണം. വിവാഹം അതിനൊരു തടസ്സമാകരുതു. പക്ഷെ വെറുതെ എന്തെങ്കിലും പഠിച്ചിട്ടു കാര്യമില്ല. എം ബി എ ചെയ്യുമ്പോൾ വലിയ ബിസിനസ് സ്കൂളുകളിലോ ഐഐഎം ഇലോ ചെയ്യണം. എന്നാലെ ഭാവി ഉണ്ടാകൂ. എന്തായാലൂം നമുക്കൊന്ന് പരിശ്രമിക്കാം”, എന്ന് പറഞ്ഞു പ്രകാശ്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ തന്നെ എം ബി എ കലാലയങ്ങളെക്കുറിച്ചും അതിനുള്ള തയാറെടുപ്പുകളെക്കുറിച്ചും എല്ലാ വിവരവും ശേഖരിച്ചു കൊണ്ടുവന്നു. പ്രകാശിന്റെ സീ എ ക്ലാസ്സിലും അന്വേഷിച്ചു. ഒടുവിൽ നല്ല കോച്ചിങ് ഉണ്ടെങ്കിലേ എൻട്രൻസ് കിട്ടാൻ എളുപ്പമാകു എന്ന് പറഞ്ഞു. നിരന്തരമായ തിരച്ചിലുകൾക്കൊടുവിൽ ടൈം അക്കാഡമിയിൽ കോച്ചിങ്ങിനു ചേർന്നു. ദിവസവും രാവിലെ അഞ്ചര മുതൽ എട്ടു മണി വരെ ക്ലാസ്. ആശുപത്രിയിൽ ദിവസവും അര മണിക്കൂർ വൈകി ചെല്ലാനുള്ള അനുമതി തന്നു. കൈയോടെ മുന്നൂറു രൂപ ശമ്പള വർധനയും. രാത്രിയും പകലും മാറി മാറി വരുന്നു എന്നല്ലാതെ ഊണും ഉറക്കവുമില്ലാതെ പഠിച്ച നാളുകൾ. പ്രകാശും ബുദ്ധിമുട്ടിച്ചില്ല. അടുക്കളയിലും വീട് വൃത്തിയാക്കാനും എല്ലാ പണിക്കും കൂടെ തന്നെ നിന്നൂ... കഠിനമായ കണക്കുകൾ പരിഹരിക്കാൻ പറഞ്ഞു തന്നു. ഒടുവിൽ എൻട്രൻസ് പരീക്ഷ. ദേഹമാസകലം നടുങ്ങുന്നുണ്ടായിരുന്നു പരീക്ഷക്ക് പുറപ്പെടുമ്പോൾ. നെഗറ്റീവ് മാർക്ക് ഉണ്ട്, പെർസെന്റിലേ മാർക്ക് സിസ്റ്റം ആണ്. പ്രകാശ് അവധിയെടുത്തു കൂടെ വന്നിരുന്നു. പരീക്ഷ നന്നായി എഴുതി. പക്ഷെ ലക്ഷകണക്കിന് ആളുകൾ എഴുതിയ പരീക്ഷയാണ്. അത് തരണം ചെയ്തു റാങ്ക് ലിസ്റ്റിൽ വരുന്ന കാര്യത്തിൽ വല്യ ഉറപ്പൊന്നുമില്ല. പരീക്ഷ കഴിഞ്ഞു പുറത്തു വന്നപ്പോൾ പ്രകാശ് കാത്തു നിൽക്കുന്നു. സാമീസ് കഫെയിൽ ചെന്ന് ഞങ്ങൾ താലി മീൽസ് കഴിച്ചു. അദ്ധ്യായം 19 ആഴ്ചകൾക്കു ശേഷം പരീക്ഷ ഫലം വന്നു. ടൈം അക്കാഡമിയിൽ നിന്നും പ്രകാശിനാണ് ഫോൺ പോയത്. തൊണ്ണൂറ്റിയെട് ശതമാനം മാർക്ക്. നല്ല സ്കോർ ആണ്. പക്ഷെ പ്രവേശനം കിട്ടുമെന്ന് പറയാൻ പറ്റില്ല. ഇന്റർവ്യൂ ജയിക്കണം. ഗ്രൂപ്പ് ഡിസ്കഷൻ , പേഴ്സണാലിറ്റി , എല്ലാം ഇന്റർവ്യൂ ബോർഡിന് ബോധ്യമാകണം. ടൈം അക്കാഡമിയിൽ തന്നെ ഇന്റർവ്യൂ കോച്ചിങ് ചേർന്നു. പലപ്പോഴും മഹിയെ ഓർമ്മ വന്നു. എന്നെ പ്രസംഗിക്കാൻ പഠിപ്പിച്ചത്, കാര്യങ്ങൾ ശരിയായ വിധത്തിൽ അവതരിപ്പിക്കാൻ പഠിപ്പിച്ചതു, എന്തിനും ഏതിനെയും വ്യത്യസ്തമായ ഒരു വീക്ഷണകോണിൽനിന്നു നോക്കാൻ പറഞ്ഞു തന്നത്, എല്ലാം. എട്ടു ബിസിനസ് സ്കൂളുകളിൽ നിന്നും ഇന്റർവ്യൂ കാർഡ് വന്നു. പ്രകാശിന് എക്സ് എൽ ആർ ഐ ആയിരുന്നു താത്പര്യം. പക്ഷെ അവിടത്തെ ഇന്റർവ്യൂവിനു മുൻപ് തന്നെ എനിക്ക് ഐ എസ് ബി ഹൈദരാബാദിൽ അഡ്മിഷൻ കിട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ സ്വകാര്യ ബി സ്കൂൾ ആണ്. ഫീസും വളരെ കൂടുതലാണ്. പ്രകാശ് ലോൺ എടുക്കാൻ ശ്രമിച്ചു. ഇപ്പോൾ കിട്ടുന്ന ശമ്പളം വച്ച് വലിയ ലോൺ കിട്ടില്ല. ഒടുവിൽ പ്രകാശിന്റെ 'അമ്മ പറഞ്ഞു, "മീനു പഠിക്കട്ടെ. നമുക്ക് വീട് വിൽക്കാം." ആ വലിയ മനസിന് മുന്നിൽ ഒരു നിമിഷം ഞാൻ എല്ലാം മറന്നു നിന്ന് പോയി. അവരുടെ ഏട്ടന്റെ മരണ ശേഷം അമ്മായി അവിടെയാണ് താമസം.നാട്ടിലേ വീട് വിറ്റു അമ്മ ഞങ്ങളുടെ കൂടെ വന്നു താമസിക്കാൻ തയ്യാറായി. രണ്ടു വർഷം കോളേജിൽ തന്നെ താമസിച്ചു പഠിക്കേണ്ട കോഴ്സ് ആണ്. പ്രകാശ് വന്നു എന്നെ കോളേജിൽ ചേർത്തു. വിവിധ രാജ്യങ്ങളിൽ നിന്നും, മേഖലകളിൽ നിന്നും വന്നവർ. ഒരു പാട് ജോലി പരിചയവും വലിയ വിദ്യാഭാസ ബിരുദങ്ങൾ ഉള്ളവർ. ഒരു തരം ഭീതി എന്നെ ബാധിച്ചു തുടങ്ങിയിരുന്നു. പ്രകാശ് സമാധാനിപ്പിച്ചു. “നിനക്ക് പറ്റും, ശ്രമിക്കു.” പ്രകാശും അമ്മയും മദ്രാസിൽ. ഞാൻ ഹൈദരാബാദിൽ. രണ്ടു വർഷത്തിനിടയിൽ ഞാൻ വീട്ടിൽ പോയത് മൂന്ന് തവണ. പ്രകാശ് ഓരോ മൂന്നു മാസവും കാണാൻ വരും. ഇന്റേൺഷിപ്പും, ട്രെയിനിങ്ങും, എല്ലാം കൊണ്ട് സംഭവ ബഹുലമായ ദിവസങ്ങൾ. ഒടുവിൽ ശിശിരകാല ഇന്റേൺഷിപ്പിനു സമയമായി. മുപ്പതോളം കമ്പനികൾ വരും. നല്ല കമ്പനി കിട്ടിയില്ലെങ്കിൽ കരിയർ മുഴുവൻ അതിന്റെ ഒരു സ്വാധീനം ഉണ്ടാകും. അത് കൊണ്ട് തന്നെ എല്ലാവരും വളരെ തീവ്രമായി പരിശ്രമിക്കും. ആദ്യത്തെ മൂന്നു ദിവസം കൺസൾട്ടിങ് സ്ഥാപനങ്ങളിലാണ് വരുന്നത്. ഉയർന്ന ശമ്പളവും സ്ഥാപനത്തിന്റെ തലസ്ഥാനത്തു ജോലിയും തരുന്നത് അവരാണ്. അത് കൊണ്ട് തന്നെ മത്സരവും കഠിനമാണ് . മൂന്ന് ദിവസങ്ങൾ കടന്നു പോയി. കൂട്ട ചർച്ച ചുറ്റെത്തിയെങ്കിലും ഞാൻ അതിലപ്പുറം പോയില്ല. എനിക്കാകെ നിരാശയായി. ഇത്രയും ചെലവ് ചെയ്തു എവിടെയും എത്തിയില്ലെങ്കിലോ? പ്രകാശ് ധൈര്യം പകർന്നു. പ്രകാശിന്റെ അമ്മ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തി. നാലാം ദിവസം അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനി കളാണ് വരുന്നത്. തലേ ദിവസം എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അഭിമുഖത്തിൽ തോറ്റു പോകുമോ എന്ന ഭയം...ഒടുവിൽ രാവിലെ നാല് മണിക്ക് ശേഷം എപ്പോഴോ കണ്ണുകൾ അടഞ്ഞു. സ്വപ്നത്തിൽ ഞാൻ മഹിയെ കണ്ടു. “തന്നെ ആർകെങ്കിലും തോൽപിക്കാനാകുമോ? തനിക്കു പറ്റുമെടോ. താൻ ധൈര്യമായിരിക്ക്.” ഞെട്ടിയുണർന്ന ഞാൻ മഹിയെ തിരഞ്ഞു. പിന്നീടറിഞ്ഞു അത് വെറും സ്വപ്നമായിരുനെന്നു. അന്നേ ദിവസം മുഴുവനും ഞാൻ ഒരു സ്വപ്ന ലോകത്തിലെന്ന പോലെ കഴിഞ്ഞു. മനസിന്റെ ആഴത്തിൽ മുക്കി കൊന്നു കളഞ്ഞ ഒരു ഓർമയായിരുന്നു മഹി. എഴുത്തുപരീക്ഷകളും, അഭിമുഖങ്ങളും, കൂട്ട ചർച്ചകളും എല്ലാം തികച്ചും യന്ത്രത്തെ പോലെ ചെയ്തു. പക്ഷെ ഫല പ്രഖ്യാപനം വന്നപ്പോൾ അത്ഭുതാവഹമായി. എന്റെ പേരായിരുന്നു ആദ്യം വിളിച്ചത്. അദ്ധ്യായം 20 കലാലയത്തിൽ എല്ലാവരും അഭിനന്ദനങ്ങൾ അറിയിച്ചു. എനിക്കെല്ലാം യാത്രികമായി തോന്നി. പ്രകാശിനെ വിളിച്ചു പറഞ്ഞു. പ്രകാശിന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. അന്ന് രാത്രി ഞാൻ ബോധം കെട്ടുറങ്ങി. എന്റെ പരിശീലനം മൈസൂരിലായിരുന്നു. മൂന്നു മാസങ്ങൾ നീണ്ട പരിശീലനം. പുതിയ ഭാഷ, പുതിയ അന്തരീക്ഷം, പരിചയമില്ലാത്ത പുതിയ സഹപ്രവർത്തകർ എല്ലാം എന്നെ വിസ്മയിപ്പിച്ചു. ഒരു വൻ കരാറായിരുന്നതിനാൽ മേലാളന്മാർക്കു എന്നോടുള്ള പ്രതീക്ഷയും ഉത്തമത്തിലായിരുന്നു. ഏറ്റെടുത്ത ദൗത്യം വിജയകരമായി സമയബന്ധിതമായി നിറവേറ്റിയാൽ സ്ഥാപനത്തിൽ നിന്നും നിയമന ഉത്തരവ് എനിക്ക് തരാൻ അവർ സന്നദ്ധരായി. പരിശീലന കാലാവധി കഴിഞ്ഞപ്പോൾ ആദ്യത്തെ സ്ഥലമാറ്റം ഡെൽഹിക്കടുത്തുള്ള ഗുരുഗ്രാമിലേക്കായിരുന്നു. തികച്ചും അന്യ പട്ടണമായതിനാൽ എനിക്ക് ആകാംഷ കൂടി. എൻ സി ആർ എന്ന് അറിയപ്പെടുന്ന പ്രവിശിഖാ. ഉത്തർ പ്രദേശ്, ഹരിയാന ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ സംഗമസ്ഥലമാണ്. അതുകൊണ്ടു തന്നെ ഈ പ്രവിശിഖയിൽ കുറ്റകൃത്യങ്ങൾ അധികമാണ്. ഭവന ബേധനം, പിടിച്ചുപറി, ബലാത്സംഗം ഇത്യാദി നിത്യസംഭവങ്ങളാണ്. സ്ത്രീ സുരക്ഷ എന്നും ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. രാത്രി ഏഴു മണി കഴിഞ്ഞാൽ പിന്നെ പുറത്തിറങ്ങുന്നത് അപകടമാണ്. എന്റെ അങ്ങാടി സഞ്ചാരവും വിതരണക്കാരുടെ പ്രശ്നങ്ങളും പരിഹരിച്ചുകഴിയുമ്പോഴേക്കും രാത്രി എട്ടര മാണി കഴിഞ്ഞിരിക്കും. ഭീതി അകറ്റാൻ ഓരോ നിമിഷവും മനസിനെ പാകപ്പെടുത്തുക എന്നത് മാത്രമേ പോംവഴിയായി എന്റെ മുന്നിലുണ്ടായിരുന്നുള്ളു. നീണ്ട മൂന്ന് കൊല്ലം ഗുരുഗ്രാമിൽ സേവനമനുഷ്ഠിച്ചു കഴിയുമ്പോൾ പ്രകാശിന്റെ ചാർട്ടേർഡ് അക്കൗണ്ടൻസി പഠനം പൂർത്തി ആയിരുന്നു. വിവാഹത്തിന് ശേഷം ഞങ്ങൾ വളരെ കുറച്ചു സമയം മാത്രമേ ഒരുമിച്ചു കഴിഞ്ഞിട്ടുള്ളൂ. പ്രകാശിന്റെ അമ്മ ഒരു കുടുംബം തുടങ്ങേണ്ടതിനെ കുറിച്ച് സൂചിപ്പിച്ചു തുടങ്ങി. പ്രകാശും മുംബൈയിലേക്ക് മാറിയാൽ ഒരു കുടുംബം തുടങ്ങാമെന്ന് ഓർമിപ്പിച്ചു. ഒടുവിൽ പ്രകാശ് മുംബൈയിൽ അശോക് ലെയ്ലാന്റിൽ ധനകാര്യ വകുപ്പ് ഉദ്യോഗത്തിൽ പ്രവേശിച്ചു. അങ്ങിനെ എല്ലാരും മുംബൈയിലേക്ക് ചേക്കേറി. ഉല്ലാസ് നഗറിലെ രണ്ടു മുറി വീട്. വാടക വളരെ അധികമാണെങ്കിലും കാഴ്ചയിൽ ഒരു ചേരി പ്രദേശം പോലെ തോന്നും. അതിനു ശേഷമാണ് അർജുൻ ജനിച്ചത്. മോൻ ജനിച്ചതോടെ ജീവിത നിലവാരം ഉയർത്തേണ്ടി വന്നു. ജോലിയിൽ ഉയർവുണ്ടായി, സാമ്പത്തിക പ്രശ്നങ്ങൾ ഓരോന്നായി കുറയാൻ തുടങ്ങി. മെല്ലെ മെല്ലെ, മുംബൈയിലെ തന്നെ ഏറ്റവും പരിഷ്കാരമുള്ള ഏറ്റവും തിരക്കുള്ള അന്ധേരി ലിങ്ക് റോഡിൽ ഫ്ലാറ്റ് വാങ്ങിച്ചു. മോൻ ജനിച്ചു അധിക നാളൊന്നും എനിക്ക് മുംബൈയിൽ തങ്ങാൻ കഴിഞ്ഞില്ല. രണ്ടു വർഷത്തിനുള്ളിൽ വീണ്ടും സ്ഥലമാറ്റങ്ങൾ. രാജ്യത്തിൻറെ പല പ്രദേശങ്ങളിലേക്കും എനിക്ക് പോകേണ്ടിവന്നു. എനിക്ക് പരാതികളോ പരിഭവങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു. എന്റെ സഹപ്രവർത്തകരുടെ സ്ഥിതിയും തതെയ്വാ. ചിലരൊക്കെ മുംബൈ വിടാൻ മടിച്ചു മറ്റു സ്ഥാപനങ്ങളിൽ ചേക്കേറി. എനിക്കെന്തോ അതിനൊന്നും തോന്നിയില്ല. പ്രകാശ് ഒന്ന് രണ്ടു പ്രാവശ്യം സൂചിപ്പിച്ചതുമാണ്. സ്ഥാപനങ്ങൾ മാറുമ്പോൾ തസ്തികയിൽ വ്യത്യാസമുണ്ടാകും, കൂടാതെ ശമ്പളപരിഷ്കരണവും സംജാതമാക്കാം. പക്ഷെ എനിക്കെന്തോ എന്റെ ആദ്യത്തെ സ്ഥാപനത്തിൽനിന്ന് മാറാൻ തോന്നിയില്ല. ജീവിതം അങ്ങിനെ ഉരുണ്ടോടി കൊണ്ടിരുന്നു. അദ്ധ്യായം 21 പിറ്റേന്നു രാവിലെ തന്നെ പ്രകാശും അച്ചുവും വിളിച്ചു വിവാഹ വാർഷിക അനുമോദങ്ങൾ അറിയിച്ചു. ഞാൻ മറക്കാതെ പുതിയ മോതിരം അണിഞ്ഞു. ഒരു ഫോട്ടോ എടുത്തു മൊബൈലിൽ രണ്ടു പേർക്കും അയച്ചു. പതിവിനു വിപരീതമായി ഒരു ചുരിദാർ അണിയാം എന്ന് തീരുമാനിച്ചു. രാവിലെ കുറച്ചു സമയം ഉണ്ട്. ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ പോയാലോ? അജിത്തിനെ വിളിച്ചു. “ഇവിടെ അടുത്ത് ക്ഷേത്രം വല്ലതുമുണ്ടോ അജിത്?” അജിത്തിന് അത്ബുധമായി. “എന്തേ മാഡം?” “ഒന്നുമില്ല, വെറുതെ ഒന്ന് സന്ദർശിക്കാൻ തോന്നി.” എറണാകുളത്തപ്പൻ ക്ഷേത്രം, വളരെ പ്രസിദ്ധമാണ്. എറണാകുളത്തു വരുന്ന എല്ലാവരും പോകുന്ന ഒരു അമ്പലമാണത്. ഡ്രൈവറോട് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം പറഞ്ഞുകൊടുത്തിട്ടു കാറിൽ കയറി. തെക്കേപ്പാട്ടു ഉള്ളപ്പോൾ അമ്പലത്തിൽ പോവുക ഒരു ദിനചര്യയായിരുന്നു. അതൊക്കെ വളരെ പഴയ ഓർമകളാണ്. കുടുംബത്തോടെ അമ്പലത്തിൽ പോയത് അച്ചുവിനു മുടി എടുക്കാനായിരുന്നു. അതിൽ പിന്നെ രണ്ടു ദശകത്തോളം കാലമായി ക്ഷേത്രദർശനം എന്ന ശീലം ഇല്ലാതായിട്ട്. അമ്പലത്തിൽ വലിയ തിരക്കനുഭവപെട്ടില്ല. എനിക്കൊന്നും പ്രാർത്ഥിക്കാനുണ്ടായിരുന്നില്ല. പിന്നെ ഒരു നന്ദി പ്രകടനം മാത്രം. ദിവസവും മുടങ്ങാതെ നൂറു കുടം വെള്ളം കൊണ്ട് ധാര ചെയ്യുന്ന ശിവൻ. കിരാത വേഷ ദാരിയായി പ്രത്യക്ഷനായി അനുഗ്രഹം കൊടുത്ത ശിവൻ. കൂവള ഇലകളാൽ അലങ്കരിക്കപ്പെട്ട ശിവന്റെ മുന്നിൽ നിന്ന് കൈകൂപ്പി നമ്രശിരസ്കയായ് കണ്ണുകൾ ചിമ്മി എല്ലാ സൗഭാഗ്യങ്ങളും നേടാൻ കഴിഞ്ഞതിൽ നന്ദി രേഖപ്പെടുത്തി. നാലമ്പലത്തിനു പുറത്തു പ്രദക്ഷിണം വെക്കുമ്പോൾ പഞ്ചസാര പോലുള്ള മണൽ തരികൾ വിരലുകൾക്കിടയിൽ കുടുങ്ങി ഊർന്നു വീണു. നനവുള്ള പ്രഭാതം. വല്ലാത്ത ഒരു രസം തോന്നി അങ്ങിനെ നടക്കാൻ. കുറച്ചു നേരം അവിടെ ചിലവിട്ടു പിന്നെ ജോലിസ്ഥലത്തേക്ക് തിരിച്ചു. വൈകുന്നേരം ശിപായി ഗവർണരുടെ പക്കൽ നിന്നുമുള്ള ക്ഷണം കൊണ്ട് വന്നു തന്നു. മഹേന്ദ്ര വർമക്കു എഴുത്തശ്ശൻ പുരസ്കാരം. ഒരു ലക്ഷം രൂപ റോക്ക പുരസ്കാരവും പ്രശസ്തിപത്രവും ഗവർണർ മഹിക്ക് നൽകും. കുറച്ചു നേരം ഞാനാ ക്ഷണക്കത്തു കൈയിൽ വച്ച് അതിലേക്കു തന്നെ നോക്കി ഇരുന്നു. എഴുത്തുകാരനായ മഹിയെ എനിക്ക് പരിചയമില്ല. ശാസ്ത്രജ്ഞൻനാകൻ അദമ്യമായി ആഗ്രഹിച്ച മഹിയെ മാത്രമേ എനിക്കറിയൂ. നീണ്ട ഇരുപത്തെട്ടു കൊല്ലങ്ങൾ... മഹി എപ്പോൾ എങ്ങിനെ എഴുത്തുകാരനായി എന്നെനിക്കറിയില്ല. പ്രതിവർഷം രണ്ടു പ്രാവശ്യം വരുന്ന ഫോൺ വിളികൾക്കപ്പുറം ഞങ്ങൾക്ക് വേറെ ഒരു വിധ അടുപ്പവുമില്ല. കാലം ചെയ്ത മാറ്റങ്ങൾ... ജീവിച്ചു തീർക്കാനുള്ള തത്ര പാടുകൾ. ഇന്റർനെറ്റിൽ ഒന്ന് പരതിയാലോ മഹേന്ദ്ര വർമ്മ എന്ന എഴുത്തകാരനെക്കുറിച്ചു...രാത്രി വീട്ടിൽ ചെന്നിട്ടാവാം. ഉറങ്ങാൻ പോകുന്നതിനു മുൻപ് ഒന്ന് കൂടെ അജിത്തിനെ വിളിച്ചു മഹിയുടെ താജിലെ താമസത്തെ കുറിച്ച് അനേഷിച്ചു. മഹേന്ദ്ര വർമയെ ക്കുറിച്ചു ഒന്ന് ഇന്റർനെറ്റിൽ ആരാഞ്ഞാലോ? വേണ്ട... എന്തെങ്കിലും പറയാനുണ്ടെങ്കിൽ മഹി തന്നെ പറയട്ടെ. എനിക്കൊന്നും അന്വേഷിക്കാനില്ല. എങ്കിലും മഹിയുടെ ചിത്രങ്ങൾ ഒന്ന് ഗൂഗിളിൽ തിരയാതിരുന്നില്ല. ഇട തൂർന്ന മുടി കഷണ്ടിക്ക് വഴി മാറിയിരിക്കുന്നു. ക്ലീൻ ഷേവ് ചെയ്തിരുന്ന മഹി താടിയും മീശയും വച്ച എഴുത്തുകാരനായിരിക്കുന്നു. ലാപ്ടോപ് അടച്ചു വച്ച് ഞാൻ ഉറങ്ങാൻ കിടന്നു. പതിവിനു വിപരീതമായി നാല് മണിക്ക് തന്നെ എന്റെ ഉറക്കം പോയി. അതെ സ്വപ്നം ...എനിക്കൊരിക്കലും പിടി തരാത്ത കൃഷ്ണൻ, വേണു ഗോപാലൻ... പിന്നീടുറങ്ങാൻ കഴിഞ്ഞില്ല. വെളുപ്പിന് തന്നെ തീവണ്ടി താവളത്തിലേക്ക് പോയാൽ കൊള്ളാമെന്നു തോന്നി. ഡ്രൈവറെ അപ്പോൾത്തന്നെ വിളിച്ചു രാവിലെ പതിവിലും നേരത്തെ എത്താൻ പറഞ്ഞു. അദ്ധ്യായം 22 എറണാകുളം ജംഗ്ഷൻ. ജോലിക്കു പോകുന്നവരുടെ തിരക്കാണ്. പ്ലാറ്റുഫോം നിറഞ്ഞു കവിയുന്നു. എനിക്ക് വല്ലാത്തൊരു പരവേശം തോന്നി. ആകാംഷ കൊണ്ടോ എന്തോ, വല്ലാത്തൊരു മാനസികഅവസ്ഥ. മനസിലെ വികാര വിക്ഷോഭങ്ങളെ അടക്കാൻ പാടുപെട്ടു ഞാൻ തീവണ്ടിയും കാത്തു നിന്നു. പത്തു മിനുട്ടു വൈകി തീവണ്ടി എത്തി. സെക്കന്റ് എ സി കോച്ചിൽനിന്നും ഇറങ്ങുന്ന മഹിയെ കണ്ടു. കയ്യിൽ ഒരു പെട്ടി. പണ്ടത്തെ പോലെ തോളുയർത്തി ഉള്ള നടത്തമല്ല ചുമൽ എല്ലുകൾ കുനിഞ്ഞിരിക്കുന്നു . പക്ഷെ കണ്ണുകളിലെ തീക്ഷണതക്കു മാത്രം മാറ്റമില്ല. സൂര്യ തേജസ് പോലുണ്ടായിരുന്ന മുഖം വാടിയിരിയ്ക്കുന്നു. പുറകിൽ ഒരു പത്തു വയസു തോന്നിക്കുന്ന ബാലിക. പിന്നെ അല്പം ഇരുനിറത്തിൽ, ചുരുണ്ടമുടിയുള്ള ഒരു സ്ത്രീയും. ഗീത- മഹിയുടെ പത്നി. മഹി ഒരിക്കൽ ഭാര്യയുടെ പേർ ഗീതയാണെന്നു പറഞ്ഞതോർക്കുന്നു. മോളുടെ പേർ അഞ്ജലി എന്നാണെന്നും. ഒരു നിമിഷം ശങ്കിച്ചു നിന്നു, എങ്ങിനെ അടുത്ത് പോകും, ഒടുവിൽ ധൈര്യം സംഭരിച്ചു നടന്നു. മഹി ഹോട്ടലിൽ നിന്നും വന്ന കാർ ഡ്രൈവറിന്റെ കൂടെ നടക്കാൻ തുടങ്ങുന്നു. “മഹി...” ഞാൻ ഉറക്കെ വിളിച്ചു. മഹി തിരിഞ്ഞു നോക്കി. ഒരു നിമിഷം, ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു. കണ്ണിമയ്ക്കാതെ, ചലനമറ്റു ഞങ്ങൾ പരസ്പരം മറന്നു നോക്കി നിന്നു. പെട്ടെന്ന് മഹി പരിസരബോധം വീണ്ടെടുത്തു. “എന്ത് കോലമാണെടോ ഇത്? എന്തൊരു മാറ്റം?” ഞാൻ അതിനു ഉത്തരം പറഞ്ഞില്ല. “അഞ്ജലി, എങ്ങിനെയുണ്ടായിരുന്നു യാത്രയൊക്കെ. മോൾക്ക് ഇഷ്ടമായോ?” അവൾ ചിരിച്ചു കൊണ്ട് തലയാട്ടി. “ഗീതേ, എന്ത് പറയുന്നു, സുഖമല്ലേ?” “അഹ്, തരക്കേടില്ല...” ഇനി എന്ത് സംസാരിക്കണം എന്നറിയാതെ പകച്ചു നിന്നു. മഹിയുടെ കാർ പുറത്തു കിടപ്പുണ്ടായിരുന്നു. ഹോട്ടൽ വരെ ഞാൻ വരാം എന്നും പറഞ്ഞു, എന്റെ ഡ്രൈവറോട് മഹിയുടെ കാറിനെ പിൻതുടരാൻ പറഞ്ഞു.പുറത്തു മഴ നൂല് പോലെ പെയ്തിറങ്ങാൻ ത്തുടങ്ങി. മഹിയെയും കുടുംബത്തെയും ഹോട്ടലിൽ ആക്കിയിട്ടു ഞാൻ തിരിച്ചു പൊന്നു. ഒരു പതിനൊന്നു മണിക്ക് മഹി വിളിച്ചു. “എന്താണ് തന്റെ പ്ലാൻ. ഞങ്ങൾ സിറ്റി ഒന്ന് കറങ്ങാൻ പോകുന്നു. താൻ വരുന്നോ?” ഒരു നിമിഷം ആലോചിച്ചു. “വേണ്ട മഹി, ഇല്ല, കുറച്ചു തിരക്കുണ്ട് ഓഫീസിൽ.” “എപ്പോഴാണ് തന്നെ ഒന്ന് സ്വസ്ഥമായി കാണാൻ കിട്ടുക?” “ഞാൻ, ഞാൻ രാത്രി വരാം മഹി...നമുക്ക് അത്താഴം ഒന്നിച്ചാവാം.” വൈകീട്ട് ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ മണി എട്ടു കഴിഞ്ഞിരിക്കുന്നു. നേരെ മറൈൻ ഡ്രൈവിലേക്കു ചെല്ലാൻ ഡ്രൈവറോട് പറഞ്ഞു. അവിടെ ഹോട്ടൽ താജിലെ ബുഫേ റെസ്റ്റാറ്റാന്റിൽ മഹിയും കുടുംബവും കാത്തിരിക്കുന്നുണ്ടായിരുന്നു. മോൾ വല്യ ഉത്സാഹത്തിലായിരുന്നു. ഞാൻ അവൾക്കു ഒരു കൊച്ചു വൈഡൂര്യം പതിച്ച കമ്മൽ വാങ്ങിയിരുന്നു. അതവൾക്കു സമ്മാനിച്ചു. കായലിൽ പ്രകാശപൂരിതവും വർണ്ണശബളമായ ഓടങ്ങൾ. നല്ല നിലാവ്. മഴ മാറി നിന്നതു കൊണ്ട് നല്ല ഭംഗിയുള്ള കാഴ്ചകൾ. മഹിക്കും എനിക്കുമിടയിൽ വല്ലാത്തൊരു ഔപചാരികത. വിവാഹം തീർക്കുന്ന മതില്കെട്ടുകളോ അതോ വയസു കൂടുമ്പോൾ വരുന്ന തിരിച്ചറിവുകളോ...? അത്താഴം കഴിഞ്ഞപ്പോളേക്കും മോൾക്ക് ഉറക്കം വന്നു. ഗീത കുട്ടിയേയും കൊണ്ട് റൂമിലേക്ക് പോയി. ഞാനും മഹിയും റെസ്റ്റാറ്റാന്റിനു പുറത്തേക്കു നടന്നു. അദ്ധ്യായം 23 കായലിനോട് ചേർത്തിട്ടിരുന്ന സിമന്റ് ബെഞ്ചിൽ ഞങ്ങൾ ഇരുന്നു. ഞങ്ങൾക്കിടയിൽ മൗനം കനത്തു. അവസാനം ലോകത്തിലേക്കും ഏറ്റവും ബുദ്ധി ശൂന്യമായ ആ ചോദ്യം ഞാൻ ചോദിച്ചു... “ഗീത നല്ല കുട്ടിയാണല്ലേ? ഒരു മാതൃകാപരമായ ദാമ്പത്യം അല്ലെ?” മഹി ഉത്തരം പറഞ്ഞില്ല. ഒരു വരണ്ട ചിരി ചിരിച്ചു. “ഉം, എന്റെ അകന്ന ബന്ധത്തിലെ കുട്ടിയാണ്.” എന്റെ മനസ്സിൽ വർഷങ്ങൾ ആയി ഞാൻ കൊണ്ട് നടന്നിരുന്ന ആ ചോദ്യം ഞാൻ ചോദിയ്ക്കാൻ തയ്യാറായി. “ശാസ്ത്രജ്ഞൻ ആകാൻ പോയ മഹി എങ്ങിനെ സാഹിത്യകാരനായി? എന്തേ, ഗവേഷണം അത്രയ്ക്ക് മടുത്തു പോയോ?” ഒരു നീണ്ട മൗനത്തിനു ശേഷം മഹി വാചാലനായി. “നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം. താൻ എങ്ങിനെ തിരിച്ചും കേരളത്തിൽ എത്തി പെട്ടു?” “ആ കഥയൊക്കെ പഴഞ്ചനാണ്. മഹി പറ, എന്താണ് വിശേഷങ്ങൾ?” വീണ്ടും മൗനം... രണ്ടു പേരും എത്ര നേരം കായലും നോക്കി ഇരുന്നു എന്നറിയില്ല. ഇടയിൽ ഗീതയുടെ ഫോൺ വന്നു. ഞാൻ എഴുനേറ്റു. എന്റെ ഡ്രൈവറെ ഫോണിൽ വിളിച്ചു. “കാണാം മഹി. പിന്നെ എന്നെ മഹി ക്ഷണിച്ചില്ലെങ്കിലും എനിക്ക് വേറെ ക്ഷണം ഉണ്ട്.” “തന്നെ ഞാൻ ക്ഷണിക്കണോ?” മഹിയുടെ ചുണ്ടിൽ ആ പഴയ കുസൃതി ചിരി വിരിഞ്ഞു. എന്റെ എല്ലാ ദേഷ്യങ്ങളും പിടി വാശികളും അലിയിച്ചു കളഞ്ഞിരുന്നു അതെ ചിരി. മഹി പെട്ടെന്ന് പഴയ മഹി ആയപോലെ...വേണ്ട...അരുതു, മനസ് പറഞ്ഞു . “പറയു, ആരാ തന്നെ പ്രത്യേകം ക്ഷണിച്ചത്? സംഘാടകരല്ലേ?” “അല്ല, ഗവർണർ...” ഞാൻ പറഞ്ഞു. “അദ്ദേഹത്തിന് വലിയ ഇഷ്ടമാണ് മഹിയുടെ പുസ്തകങ്ങളെ. മഹിയുടെ എഴുത്തിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു. വല്ലാത്ത തീക്ഷണതയാണ് മഹിയുടെ വാക്കുകൾക്കും എഴുത്തിനും എന്നാണ് അദ്ദേഹം പറയുന്നത്.” മഹിയുടെ മുഖത്തു ചുളിവുകൾ പടരുന്നത് ഞാൻ ആ മങ്ങിയ വെളിച്ചത്തിലും കണ്ടു... “വളരെ തീക്ഷ്ണമായ വികാര വിചാരങ്ങളിൽ കൂടെ കടന്നു പോയ ഒരു കാലത്താണ് ഞാൻ മിക്കതും എഴുതിയത്. ഒരു പത്തു പതിനഞ്ചു വർഷം. പിന്നെ എഴുത്തിന്റെ വേഗതയും ഘനവും കുറഞ്ഞു.” “എന്താ മഹി പറയുന്നത്...” തീക്ഷ്ണമായ അനുഭവങ്ങൾ...പതിനഞ്ചു വർഷം... എനിക്കൊന്നും മനസിലാകുന്നില്ല... അദ്ധ്യായം 24 ഇരുപത്തെട്ടു വർഷങ്ങൾ... മഹിക്കും എനിക്കുമിടയിൽ മനസിലാക്കാൻ കഴിയാത്തത്രയും എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. മഹി തുടർന്നു: “മീനാക്ഷി എനിക്കെന്നും ഒരു സമസ്യയായിരുന്നു. ആൺകുട്ടികളുടെ മുഖത്ത് നോക്കി സംസാരിക്കാൻ പെൺകുട്ടികൾ മടിച്ചിരുന്ന കാലത്തു, ധൈര്യത്തിന്റെ ഒരു മൂർത്തി ഭാവമായിരുന്നു, മീനാക്ഷി. മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു സമസ്യ. അതെ പോലെ ഒരു ദിവസം താൻ എല്ലാം വിട്ടു, ഒരു അറിയിപ്പ് പോലും ഇല്ലാതെ, എന്നിൽ നിന്നും ഓടി മറഞ്ഞു...ഒരു കടങ്കഥ പോലെ.” “ഓടി പോവുകയോ? ഞാനോ? മഹിയല്ലെ അങ്ങിനെ ചെയ്തത്. ഒരു പരിശീലനത്തിനെന്നും പറഞ്ഞു പോയ മഹിയെ പിന്നെ ഞാൻ ഇന്നാണ് മുഖാമുഖം കാണുന്നത്. ഒന്ന് ബന്ധപെടാൻ വേണ്ടി ഞാൻ പരിശ്രമിക്കാത്ത വഴികൾ ഇല്ല. ഒടുവിൽ ഒരു സന്നിഗ്ധഘട്ടത്തിൽ എന്റെ വിവാഹം നടന്നു. മഹി കലാലയം വിട്ട ശേഷം എന്നെ ഒന്ന് ബന്ധപ്പെടാൻ ശ്രമിച്ചുവോ? ഒരു ശ്രമം പോലും നടത്തിയില്ല? അതാണെനിക്ക് മനസിലാകാത്തത്. ഒരു സാധാരണ പെൺകുട്ടിയുടെ പരിമിതികളിൽ നിന്ന് പുറത്തു ചാടാൻ വേണ്ടി നിരന്തരം പോരാടിയ ഒരു വ്യക്തിയാണ് ഞാൻ. മഹിയാണ് എനിക്ക് എന്റെ കഴിവുകൾ മനസിലാക്കി തന്നത്. മഹി പാകിയ ആത്മവിശ്വാസത്തിന്റെ വിതകളാണ് പ്രകാശ് വെള്ളമൊഴിച്ചു വളർത്തിയത്. അവസാനം ഞാൻ ഇവിടെ എത്തി.” “വിധി, വിധി ഓരോരുത്തർക്കും ഓരോന്ന് നിശ്ചയിച്ചിട്ടുണ്ട്. തന്റെ ഈ വളർച്ചയിൽ എനിക്ക് വളരെ സന്തോഷമുണ്ട്.” “മഹി എന്താണീ പറയുന്നത്? വിധിയോ? ഇതിലൊക്കെ എന്ന് വിശ്വസിക്കാൻ തുടങ്ങി?” കുറച്ചു നേരത്തെ മൗനത്തിനു ശേഷം മഹി ചോദിച്ചു. “പ്രകാശ് എങ്ങിനെ?” “നിറകുടമാണ്. മഹി ഒരിക്കൽ പരിചയപ്പെടണം, പ്രകാശിനെ ഇഷ്ടമാകാതിരിക്കില്ല.”” അന്തരീക്ഷത്തിനൊരു ലാഘവം വരാൻ ഞാൻ പറഞ്ഞു. മഹിയെ പോലെ ഇത്രയും പ്രശസ്തനായ ഒരു എഴുത്തുകാരനാവുക ഒരു വലിയ ഭാഗ്യമല്ലേ? മഹിയെകാണുമ്പോഴൊക്കെ ജനങ്ങൾ എത്ര ബഹുമാനത്തോടെയും ആദരവോടെയും ആരാധനയോടും നോക്കുന്നത് ഞ്യാൻ അറിയുന്നു. പിന്നെ എന്റെ ഒരു ഭാഗ്യം -മഹി എന്റെ വളരെ അടുത്ത കൂട്ടുകാരനാണ് എന്ന് എനിക്കെല്ലാവരോടും പറയാമല്ലോ?” മഹി ഒന്നും പറഞ്ഞില്ല. “മഹി നാളെ കുറച്ചു സമയം കണ്ടെത്താമെങ്കിൽ എന്റെ സ്ഥാപനത്തിലോട്ടു ഒന്ന് വരണം. അവിടെ മഹി ക്ക് വളരെ ആരാധകരുണ്ട്. മാത്രവുമല്ല, വേറെ ചില പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അപ്പോൾ ഒരു വിശിഷ്ട അതിഥിയായി മഹി വന്നാൽ ...അതെല്ലാവർക്കും സന്തോഷമാകും.” “അതൊന്നും വേണ്ടെടോ?” “അതെന്തേ? ഞാൻ ഔപചാരികമായി വിളിക്കാത്ത കൊണ്ടാണോ?” “ശേ, ശേ...നമുക്കുള്ളിൽ എന്ത്...ഔപചാരികത. ഈയിടയായി ജനങ്ങളോ ടു ഇടപഴകാൻ തന്നെ മടിയാണ്.” “എന്റെ മഹി...മഹിക്കിതെന്തു പറ്റി. കലാലയ ജീവിതത്തിൽ തീപ്പൊരിയായിരുന്ന മഹി എന്നാണു ഇങ്ങനെ ഒരു പുറന്തോടിനുള്ളിൽ ഒളിച്ചിരിക്കാൻ തുടങ്ങിയത്? മഹി വാല്മീകിയായ് മാറിയത് എന്നുമുതലാണ്?” മഹിയുടെ മൊബൈൽ ഫോൺ പിന്ന്നെയും ശബ്ദിച്ചു. ഗീതായായിരുന്നു അപ്പുറത്തു. മഹി ഘടികാരത്തിലേക്കു നോക്കി. മണി പതിനൊന്നരയാകുന്നു. മറൈൻ ഡ്രൈവിൽ വിളക്കുകൾ അണഞ്ഞുതുടങ്ങിയിരിക്കുന്നു. “ശരി മഹി, നാളെ കാണാം...” ശുഭ രാത്രി ആശംസിച്ചു കൊണ്ട് ഞാൻ എന്റെ കാറിനടുത്തേക്ക് നടന്നു. രാത്രി കിടക്കുമ്പോൾ ഞാൻ ഓർത്തു, മഹി ആളാകെ മാറി. രാവിലെ ഓഫീസിലേക്ക് പോകുന്നതിനു മുൻപ് മഹിയേ വിളിക്കാൻ ശ്രമിച്ചു. നമ്പർ തിരക്കിലാണ്. പുരസ്കാരം സ്വീകരിക്കുന്ന ദിനമല്ലേ. . അഭിനന്ദങ്ങളുടെ പ്രവാഹമാണെന്നു തോനുന്നു. ഞാൻ തിരിച്ചും വിളിച്ചു ബുദ്ധിമുട്ടിക്കാൻ പോയില്ല. ഓഫീസിൽ എത്തി കുറച്ചു സമയം കഴിഞ്ഞപ്പോൾ അജിത് വന്നു. “മാഡം,ഇന്ന് ഓഫീസിൽ സ്റ്റാഫിന് വേണ്ടി കുറെ വിനോദകരമായ കളികളുണ്ട്. മാഡം വരണം. പങ്കെടുക്കണം. എല്ലാവർക്കും അതൊരു ഊർജം നൽകും. “ “ശരി വരാം...” ഞാൻപറഞ്ഞു. “അര മണിക്കൂറിനുള്ളിൽ എന്റെ ജോലികൾ എല്ലാം തീർത്തിട്ട് വരാം.” വിനോദങ്ങൾക്കായുള്ള വിശാലമായ മുറിയിലേക്ക് നടന്നു. പലതരം വിനോദ കളികൾ, അക്ഷരശ്ലോകം ഒക്കെ തകൃതിയിൽ നടക്കുന്ന മുറിയിലേക്ക് കടന്നു ചെന്നു. എന്നെ കണ്ടയുടൻ പെട്ടെന്നു നിശബ്ദമായി അന്തരീക്ഷം. ഞാൻ തുടരാൻ ആംഗ്യം കാണിച്ചു. ഒരു വശത്തു മൂന്ന് നിമിഷങ്ങൾ കൊണ്ട് ചായ പടം വരച്ചു തരുന്ന രണ്ടു കലാകാരന്മാർ ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും അവർ എഴുനേറ്റു നിന്നു. ഞാൻ അവരോട് ഇരിക്കാൻ പറഞ്ഞു എന്റെ ഒരു പടം വരച്ചു തരാനാവശ്യപ്പെട്ടു. മൂന്നു നിമിഷങ്ങൾക്കുള്ളിൽ ഒരു കലാകാരൻ എന്റെ ഛായാപടം വരച്ചു തന്നു. കൊള്ളാം, ഞാൻ കാണാനത്ര മോശമൊന്നുമല്ല എന്ന് മനസ്സിൽ പറഞ്ഞു. ചിത്രകാരന്മാർക്കു നന്ദി പറഞ്ഞു എഴുനേറ്റു. അപ്പോഴാണ് ടാരറ്റ് പ്രവചനങ്ങള് പറയുന്ന ഒരു മധ്യ വയസ്ക എന്റെ പക്കൽ വന്നത്. എനിക്കിതിലൊന്നും താത്പര്യമില്ല. വെറുതെ ഒന്ന് പങ്കെടുക്കാൻ വേണ്ടി വന്നതാണ്. ഞാൻ പോകാൻ പുറപ്പെട്ടു. മധ്യ വയസ്ക പറഞ്ഞു. “മാഡം, ഒരു നിമിഷം നിൽക്കൂ.” ഞാൻ നിന്നു. എന്റെ കണ്ണുകളിൽ ഒരു ചോദ്യ ഭാവം നിറഞ്ഞു. “ മാഡം എന്റെ പേര് ഷീല. ടാരറ്റ് പ്രവചനങ്ങള് ഒരു വിനോദ വൃത്തിയായി ചെയ്യന്നു.” “ഹായ്”, ഞാൻ പറഞ്ഞു. അവർ കയ്യിൽ ചീട്ടു കേട്ട് പോലെ പിടിച്ചിരുന്ന ചീട്ടുകൾ എന്റെ നേരെ നീട്ടി. “മാഡം, ഇതിൽ നിന്നും ഒരു മൂന്നു ചീട്ടുകൾ എടുക്കു. ക്രമത്തിൽ എടുക്കണമെന്നില്ല”, ഞാൻ മൂന്ന് ചീട്ടുകൾ എടുത്തു. അവർ എന്നെ ഒരു വൃത്താകൃതിയിലുള്ള മേശയിലേക്കു നയിച്ചു. എന്റെ കയ്യിൽ നിന്നും അവർ ചീട്ടുകൾ വാങ്ങി കമഴ്ത്തി വച്ചു. പിന്നെ ഓരോന്നായി അവർ അത് മലർത്തി വെക്കാൻ തുടങ്ങി.ആദ്യത്തെ ചീട്ടു - ചക്രവർത്തി - ഒരു രാജകീയ വേഷത്തോടെ ഇരിക്കുന്ന താടിക്കാരന്റെ ചിത്രമായിരുന്നു അത്. രണ്ടാമത്തെ ചീട്ടു - മഹാറാണി -ഒരു സ്ത്രീ നീല കുപ്പായമിട്ടിരിക്കുന്ന ചിത്രമായിരുന്നു ആ ചീട്ടിൽ.മൂന്നാമത്തെയും അവസാനത്തെയും ചീട്ടു - സ്നേഹിതർ -പ്രപഞ്ചത്തിൽ നഗ്നരായി നിൽക്കുന്ന ഒരു ആണും പെണ്ണും- അതായിരുന്നു ആ ചീട്ടു. ഷീല പറയാൻ തുടങ്ങി. “ടാരറ്റ് പ്രവചനങ്ങള് തമാശയല്ല. നമ്മുടെ ആഴ്ന്നു മനസിലേക്കുള്ള ഒരു അവലോകനം കൂടിയാണത്. മാഡത്തിന്റെ ചീട്ടുകൾ വളരെ രസകരമായ ചില സത്യങ്ങൾ വിളിച്ചോതുന്നു. ഒരു പക്ഷെ മാഡത്തിന് പോലും അതെ കുറിച്ച് അറിവുണ്ടാകണമെന്നില്ല. നമ്മുടെ ഉപബോധ മനസിനുള്ളിലേക്കു അവയ്ക്കു ചെല്ലാൻ കഴിയും. ഞാൻ ഈ ചീട്ടുകളുടെ ഫലം പറഞ്ഞോട്ടെ?” എനിക്കൊന്നും മനസിലായില്ല, ചെപ്പടി വിദ്യക്കാരുടെ വാക്ചാതുര്യം എന്നാണു കരുതിയത്. ഒരു പത്തു നിമിഷം ഇവിടെ ചിലവിട്ടാൽ എന്റെ പണി കഴിഞ്ഞു. അത് കൊണ്ട് തന്നെ ഞാൻ പറഞ്ഞു, ശരി ഷീല പറയൂ. ആദ്യത്തെ ചീട്ടെടുത്തു എന്നെ കാണിച്ചിട്ട് ഷീല തുടങ്ങി. “ദി എംപെറോർ - ചക്രവർത്തി- ഈ ചീട്ടു കാണിക്കുന്നത് താങ്കളുടെ ഉത്തരവാദിത്വങ്ങളെയും അഭിലാഷങ്ങളെയുമാണ്. മാഡത്തിന്റെ വിവാഹ ജീവിതത്തിൽ ഒരു പ്രത്യേക തരം തുലനമുണ്ട്. അത് രണ്ടു കമിതാക്കളെപോലെയല്ല. പക്ഷെ അതൊരു രക്ഷിതാവും കുട്ടിയും പോലുള്ള ബന്ധമാണ്. പ്രായപൂർത്തിയായ ഒരു ആളും ഒരു ബാലികയും പോലുള്ള ബന്ധം.” എനിക്ക് ചിരി വന്നു. എന്തെല്ലാമോ അസംബന്ധം പറയുകയാണ് ഈ സ്ത്രീ. ഷീല അടുത്ത ചീട്ടെടുത്തു കാണിച്ചു. “മഹാറാണി - - ഈ ചീട്ടിന്റെ അർഥം നമ്മുടെ ദിന ചര്യകളിലോ ദൈനം ദിന ജോലികളിലോ നമുക്ക് കാണാൻ കഴിയില്ല. ഇത് മാഡത്തിന്റെ ഉപബോധ മനസിലേക്കുള്ള ഒരു താക്കോലാണു. താങ്കളുടെ സ്വപ്നങ്ങൾ, ഉപബോധ മനസിലെ ആഗ്രഹങ്ങൾ...തങ്ങളുടെ സ്ത്രൈണത മാഡം ബോധ പൂർവം മറച്ചു വച്ചിരിക്കുകയാണ്, പക്ഷെ അതിലോലോമായ സ്ത്രൈണ മനോഭാവത്തിന്റെ ഉടമയാണ് മാഡം. അതോടൊപ്പം ഈ ചീട്ടു വരാനിരിക്കുന്ന മാറ്റത്തിനെയും സൂചിപ്പിക്കുന്നു.” എനിക്ക് ഷീലയുടെ വിവരണങ്ങൾ നല്ല രസകരമായി തോന്നി. സ്ത്രൈണത, ലോല ഭാവങ്ങൾ...ഏതോ പ്രണയ കഥയിലെ വരികൾ പോലെ.... ഷീല മൂന്നാമത്തെ ചീട്ടെടുത്തു നിരത്തി. “ദി ലവേഴ്സ് -ഈ കാർഡ് ഒരു ദൈവീകമായ ഏകീകരണത്തെ പ്രതി നിദാനം ചെയ്യന്നു. ഈ ചീട്ടു പ്രകാരം ഇതിലെ ഒരു ആൾക്ക് പൂർണത വരണമെങ്കിൽ മറ്റേ ആളുടെ സാന്നിധ്യം അത്യാവശ്യമാണ്.ഇതൊരു ആത്മ ബന്ധത്തിന്റെ പൂർത്തീകരണമാണ് സൂചിപ്പിക്കുന്നത്. ഒരു തരം കർമം. മാഡത്തിന്റെ ജീവിതത്തിൽ മൂന്നാമതൊരു ആത്മാവുണ്ട്. ഉപബോധ മനസിനതറിയാം പക്ഷെ ബോധ മനസിനത് അവ്യക്തമാണ്. അടുത്ത ചില നാളുകളിൽ മാഡത്തിനതു മനസിലാകും. കാരണം അവിടെ ഒരു ദൈവീക സംരക്ഷണം, ഇടപെടൽ ഞാൻ കാണുന്നു.” “നല്ലതു, ഞാൻ എന്തായാലും സ്ഥലം മാറി പോകാൻ തയാറെടുക്കാറുകയാണ്. വളരെ വർഷങ്ങൾക്കു ശേഷം കുടുംബത്തിനോടൊത്തു ജീവിക്കാൻ ഒരു അവസരം കൈ വന്നിരിക്കുകയാണ്.” അത്രയും പറഞ്ഞു ഞാൻ എഴുനേറ്റു. അദ്ധ്യായം 25 കുറച്ചു സമയത്തിന് ശേഷം മഹിയുടെ ഫോൺ വന്നു. “സോറി, ചില വ്യക്തിപരമായ പ്രശ്നങ്ങൾ. തന്നെ തിരിച്ചു വിളിക്കാൻ കഴിഞ്ഞില്ല.” “സാരമില്ല, മഹി, ഇന്ന് മഹി യുടെ ദിവസമല്ലേ. എല്ലാ കണ്ണുകളും മഹി യിലായിരിക്കും. അഭിനന്ദനങ്ങൾ. ഇന്ന് പത്രത്തിലും കണ്ടു മഹി പുരസ്കാരം ഏറ്റുവാങ്ങാൻ പോകുന്ന വാർത്ത.” “അതല്ലെടോ. വീട്ടിൽ ഒരു ചെറിയ പ്രശ്നം.” “എന്തുപറ്റി ?” “ഗീതയുടെ അച്ഛന് സുഖമില്ല. ആശുപത്രിയിൽ ആണ്.” “എന്റെ ദൈവമേ...നേരാണോ...എന്നിട്ടു?” ഗീതയും മോളും ഉച്ചക്കുള്ള തീവണ്ടിക്കു നാട്ടിൽ പോകുന്നു. ഇത് നിരാശാവഹമായ സംഭവവികാസമാണ്. ഗീതയും മോളും മഹി ഈ പുരസ്കാരം സ്വീകരിക്കുന്നത് കാണാൻ എത്ര ആഗ്രഹിച്ചിരിക്കും. ഗീതയുടെ അമ്മ ചെറുപ്പത്തിലേ മരിച്ചതാണ്. അച്ഛനും ഒരു ജേഷ്ഠനും മാത്രമാണുള്ളത്. അച്ഛന് പേടിക്കാൻ തക്ക വണ്ണം ഒന്നുമില്ല. പക്ഷെ അവൾക്കു പോയെ തീരു എന്ന ഉറച്ചതീരുമാനത്തിലാണ്. . “യാത്ര സൗകര്യമൊരുക്കിയോ?” “ഉവ്വ്, എല്ലാം ട്രാവൽ ഡെസ്ക് ശെരിയാക്കിയിട്ടുണ്ട്.” ഉച്ചക്ക് ഞാൻ മഹിയുടെ ഹോട്ടൽ വരെ പോയി. ഗീത ഒരേ കരച്ചിലായിരുന്നു. ഒടുവിൽ ഒരുവിധം ആശ്വസിപ്പിച്ചു തീവണ്ടി കയറ്റിവിട്ടു. നാടെത്തുമ്പോൾ ഗീതയുടെ സഹോദരൻ വന്നു അവരെ സ്വീകരിച്ചോളും. മഹിയുടെ പുരസ്കാര ചടങ്ങു വൈകുന്നേരമാണ്. രാവിലത്തെ തിരക്കിനിടയിൽ മഹി ഒന്നും കഴിച്ചിരുന്നില്ല. താജ് ഗേറ്റ് ഇന്റെ കഫെയിൽ ഇരിക്കുമ്പോൾ മഹി വളരെ അസ്വസ്ഥനായിരുന്നു. “ഗീത, ഇതൊക്കെ സ്വയം കൈകാര്യം ചെയ്യുമോ?” “അവളങ്ങിനിയാ. കരയാൻ മാത്രമേ അറിയൂ. സന്തോഷത്തിലും, സങ്കടത്തിലും കരയും.” മഹി പറഞ്ഞു. അന്നു ഉച്ചതിരിഞ്ഞു ഞാൻ ഓഫീസിൽ പോയില്ല. മഹിയുടെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരുന്നു. പത്രക്കാർ, എഴുത്തുകാർ, അവസാനം ചടങ്ങിന് പുറപ്പെടേണ്ട സമയമായി. മഹിയോടൊത്തു കാറിൽ കേറുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത. ഗീതക്കേറ്റവും അഭിമാനിക്കാവുന്ന നിമിഷങ്ങളാണിത്. തന്റെ ഭർത്താവിന് ഇത്ര വലിയ ഒരു പുരസ്കാരം കിട്ടുക...പക്ഷെ അവർക്കത്തിന് കഴിഞ്ഞില്ല. അദ്ധ്യായം 26 എനിക്കാണെങ്കിൽ ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തു വല്യ പരിചയമില്ല. ടൌൺ ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. കലാലയ വിദ്യാർഥികൾ തുടങ്ങി പ്രായമായവർ വരെ...ചടങ്ങു തുടങ്ങി. പ്രശസ്ത കഥാ കൃത്തുക്കൾ മഹിയുടെ എഴുത്തിന്റെ പാടവത്തെ കുറിച്ച് ഘോരഘോരം പ്രശംസിച്ചു. പുരസ്കാരദാനത്തിനു മുൻപ് ഗവർണറുടെ പ്രസംഗം. “മഹേന്ദ്ര വർമയുടെ എഴുത്ത് എന്നിൽ ഒരു തരം സംഭ്രമമുണ്ടാക്കുന്നു. ആ വാക്കുകളുടെ തീവ്രത എന്നെ ഞാൻ അല്ലാതാക്കുന്നു...എന്നെ വളരെയേറെ സ്വാധീനിക്കുന്നു. അദ്ദേഹം പ്രണയത്തെ തപസ്സിനോടുപമിക്കുന്നു...” ഗവർണർ പ്രസംഗം തുടർന്ന് കൊണ്ടേ ഇരുന്നു. ഈ മഹി ഇതൊക്കെ എപ്പോൾ എവിടുന്ന് എഴുതി കൂട്ടി. ഞാൻ മഹിയുടെ ഒരു കൃതിപോലും വായിച്ചിട്ടില്ല. നാളെ തന്നെ എല്ലാ പുസ്തകങ്ങളും വാങ്ങണം, ഞാൻ മനസ്സിൽ ഉറച്ചു. മഹി പുരസ്കാരം സ്വീകരിക്കുന്നത് എന്റെ മൊബൈൽ ക്യാമെറയിൽ പകർത്തി. പുരസ്കാരം സ്വീകരിച്ച ശേഷം മഹി സംസാരിച്ചു തുടങ്ങി. എന്റെ മനസ് മുപ്പതു വർഷങ്ങൾ പുറകിലേക്ക് പാഞ്ഞു. മഹിയുടെ കലായാലയത്തിലെ പ്രസംഗങ്ങൾ. എല്ലാ വിദ്യാർത്ഥി നേതാക്കളും ശബ്ദ മുഖരിതമായി ആവേശം മൂത്തു പ്രസംഗിക്കുമ്പോൾ, മഹി വ്യത്യസ്ത്ഥനയിരുന്നു. ഒരിക്കലും ഒച്ച വക്കലോ, ബഹളങ്ങളോ നടത്താതെ യുവ മനസിനെ ഹരം കൊള്ളിച്ച ആശയങ്ങൾ നിറഞ്ഞ പ്രസംഗങ്ങൾ. മഹിയുടെ ഓരോ വാക്കും അത് സംവദിക്കുന്ന ആശയങ്ങളും ...അത്രക്കും ആസ്വാദ്യമായിരുന്നു ഓരോ വാക്കും, വാക്യവും, പ്രസംഗങ്ങളും. മഹിയുടെ പ്രസംഗത്തിൽ മഹി തന്റെ പ്രചോദനകളെ പറ്റി പറഞ്ഞു. “നമ്മൾ കണ്ടു മുട്ടുന്നവരാണ് നമ്മുടെ ചോദനകൾ. എന്റെ ജീവിതത്തിൽ അതൊരു പെൺകുട്ടി ആയിരുന്നു. അവൾ സുഹൃത്തായിരുന്നു, പ്രിയമാനസമായിരുന്നു, അമ്മയായിരുന്നു, ഒരു ദൈവീക സാന്നിധ്യമായിരുന്നു.” മഹിയുടെ നയനങ്ങളിൽ അശ്രുകണങ്ങൾ നിറയുന്നത് ഞാൻ കണ്ടു. മഹിയുടെ ശബ്ദം ഒന്നിടറിയോ? “അതാരാണ്? തങ്ങളുടെ സഹധർമ്മിണിയാണോ? അവർ ഇവിടെ സന്നിഹിതായാണോ?” സദസ്സിൽ നിന്നും ചോദ്യ ശരങ്ങൾ വന്നു . “അതെന്റെ സ്വകാര്യതയാണ്. എന്റെ മാത്രം.” മഹിയുടെ കണ്ണുകൾ ഒരു നിമിഷം എന്റെ മുഖത്ത് തറച്ചോ? അതോ എന്റെ തോന്നലോ? “അത് സത്യമാകാം, മിഥ്യയാകാം...” മഹി പറഞ്ഞു നിർത്തി. ഒരു പാട് പത്രങ്ങളുടെയും വാരികകളുടെയും പ്രതിനിധികൾ അഭിമുഖത്തിന് വേണ്ടി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ ചടങ്ങു നടന്ന വേദിയിൽ നിന്നും പുറത്തു വന്നപ്പോഴേക്കും രാത്രി എട്ടു മണിയായി. സംഘാടകരും, സുഹൃത്തുക്കളും മഹിയെ അത്താഴ വിരുന്നിനു നിർബന്ധിച്ചു കൊണ്ടിരുന്നു. മഹി പക്ഷെ വ്യക്തി പരമായ കാര്യങ്ങൾ പറഞ്ഞൊഴിഞ്ഞു. പാവം മഹി, ഗീതയുടെ അഭാവം മഹിയെ വല്ലാതെ അസ്വസ്ഥനാക്കുന്നത് ആയി എനിക്ക് തോന്നി. കാറിൽ മഹി മൗനം പാലിച്ചു. വെളുത്ത പൈജാമയും നീല കുർത്തയും. മഹിക്ക് നന്നായി ഇണങ്ങുന്ന വേഷമാണത്. കലാലയത്തിൽ എല്ലാ പ്രധാനപ്പെട്ട വിശേഷങ്ങൾക്കും മഹിയുടെ വേഷ വിധാന ചുമതല എനിക്കായിരുന്നു. കുർത്ത മഹിക്ക് നന്നായി ഇണങ്ങുന്ന വേഷമാണ്. എനിക്കേറ്റവും ഇഷ്ടവുമാണ്. വസ്ത്രങ്ങളുടെ ചേർച്ച അന്ന് പറഞ്ഞുകൊടുത്തിരുന്നത് ഞാനായിരുന്നു. ഇന്നും അങ്ങിനെ പറയണമെന്നുണ്ട്. പക്ഷെ പറ്റുന്നില്ല. ജീവിതത്തിലെ രണ്ടു ദ്രുവങ്ങളിലാണ് ഞങ്ങൾ ഇന്ന്. ഒരു അകലം അറിഞ്ഞോ അറിയാതെയോ ഉണ്ട്. അത് പാലിച്ചേ പറ്റൂ. പെട്ടെന്ന് എന്തോ ഓർത്ത പോലെ മഹി ചോദിച്ചു. “ഇവിടെ ഇന്ത്യൻ കോഫി ഹൗസ് ഉണ്ടോ?” അദ്ധ്യായം 27 എനിക്ക് ഒന്നും മനസിലായില്ല. ഒരു നിമിഷം മൗനത്തിനു ശേഷം ചോദിച്ചു, “മഹി എന്താ ചോദിച്ചത്?” “നമുക്കിന്നു അത്താഴം അവിടെ, ഇന്ത്യൻ കോഫി ഹൗസിൽ നിന്നാക്കിയാലോ?” “എനിക്കറിയില്ല ഇവിടെ ഇന്ത്യൻ കോഫി ഹൗസ് എവിടെയാണെന്ന്. ഞാൻ ഫോണിൽ ഗൂഗിൾ വഴി മേൽവിലാസം കണ്ടെത്തി ഡ്രൈവർക്കു അഡ്രസ് പറഞ്ഞു കൊടുത്തു.” “മഹി ഇപ്പോഴും നമ്മുടെ ഇന്ത്യൻ കോഫി ഹൗസ് ദിനങ്ങൾ ഓർക്കുന്നുണ്ടോ?” “മറക്കാൻ പറ്റുമോ അതൊക്കെ.” മഹി മറു ചോദ്യം ചോദിച്ചു. മഹി ചിരിച്ചു, അതേ ചിരി, ഒരു ക്ഷണം കൊണ്ട് എന്നെ നിരായുധയാക്കാൻ കഴിവുള്ള അതേ ചിരി. എന്റെ എല്ലാ വഴക്കുകളും ഒരു ചിരി കൊണ്ട് നേരിട്ടിരുന്ന അതേ മഹി. ഇന്ത്യൻ കോഫി ഹൗസിൽ തിരക്കില്ല. പക്ഷെ ആളുകൾ മഹിയെ തിരിച്ചറിയുന്നു. ഞാൻ മഹിയോട് ശബ്ദം താഴ്ത്തി പറഞ്ഞു. “മഹി ഒരു സെലിബ്രിറ്റിയാണ്. ആളുകൾ ശ്രദ്ധിക്കുന്നു. ആൾകൂട്ടത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ പ്രൈവസി ഉള്ള ഏതെങ്കിലും റൂമിലേക്ക് പോകാം.” മഹി ഫാമിലി റൂമിലേക്ക് നടന്നു. ഞങ്ങൾ രണ്ടുപേരും മാത്രം. മഹി ഓർഡർ ചെയ്യൂ. ഞാൻ പറഞ്ഞു. “തന്റെ ഫേവയറിറ്റസ് തന്നെ ആകട്ടെ. എന്താ?” പിന്നെ മഹി ഓർഡർ പറഞ്ഞു- “മസാല ദോശ, പഴം പൊരി, കാപ്പി.” മഹി ഇതൊക്കെ ഇത്ര കൃത്യമായി ഓർക്കുന്നു? എനിക്ക് അതിശയം തോന്നി. ഞാൻ മഹിയുടെ കയ്യിൽ മെല്ലെ അമർത്തി. പെട്ടെന്ന് ഞങ്ങൾ രണ്ടുപേരും കലാലയ കാലത്തേക്ക് തിരിച്ചു പോയ പോലെ തോന്നി. ഭക്ഷണം വന്നു. മഹി പറഞ്ഞു, “താനാകെ മാറി പോയിരിക്കുന്നു. വളരെ സൈലന്റ് ആയി. വല്ലാത്ത ഒരു ഇരുത്തം വന്ന പോലെ. പഴയ വായാടിത്തരവും, എടുത്തു ചാട്ടവും ഒന്നും ഇല്ലാത്ത തന്നെ എനിക്ക് വല്ലാതെ അപരിചിതമായി തോന്നുന്നു.” . ഞാൻ പുഞ്ചിരിച്ചു. “ഇതൊക്കെ ഓരോ വേഷങ്ങൾ അല്ലെ മഹി, അരങ്ങു നിറഞ്ഞു നിന്ന് ആടി തീർക്കുകയല്ലേ. ഉള്ളിന്റെ ഉള്ളിൽ ഞാൻ ഇന്നും പഴയ മീനുവാണ്. പക്ഷെ ആ മീനുവിനെ ഞാൻ ഒരു വലിയ കുഴി കുത്തി അതിലിട്ടു കുഴിച്ചു മൂടി യിരിക്കുകയാണ്.” മഹി യുടെ നോട്ടം എന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി. “തന്റെ കോർപ്പറേറ്റ് ജീവിതം ഒക്കെ എങ്ങിനെ പോകുന്നു. വലിയ സ്ഥാനത്തെത്തിയില്ലേ?” “ഓ, അതൊക്കെ അങ്ങിനെ പോകുന്നു. ഈ സ്ഥാനങ്ങൾ ഒക്കെ ഒരു നീർ കുമിള പോലെയാണ്. ഒരു വിഡ്ഢിയെ പോലെ നമ്മൾ കുമിളക്കുള്ളിൽ ഇരിക്കുകയാണ്. നാം എന്താണെന്നു നമുക്കറിയില്ല. ധനം, പദവി, അന്തസ്സ്, ഗെയിം ചെയ്ഞ്ചർ...പക്ഷെ ഉള്ളു പൊള്ളയായ ഒരു കുമിളയുടെ ആയുസ്സ്, അത്രയേ അതിനൊക്കെയുള്ളൂ.” “താൻ വളരെ തത്വതജ്ഞാനിയാകുന്നു മീനു”, മഹി പറഞ്ഞു. “പിന്നെ മഹിയോ? എന്തൊക്കെയായിരുന്നു പ്രസംഗത്തിൽ, പ്രചോദനം, പെൺകുട്ടി... ആട്ടെ, ആരാണ് ആ പെൺകുട്ടി ശരിക്കും? ഗീത? അതോ? എനിക്കറിയാത്ത വേറെരാരെങ്കിലും?” “താനെന്നെ കളിയാക്കുകയാണോ?” ഞാൻ ഒരു നിമിഷം ഒന്നും സംസാരിച്ചില്ല. “അല്ല മഹി, അല്ല, സത്യമായും അല്ല. എനിക്ക് മഹിയുടെ വാക്കുകൾ വളരെ ഭംഗിയുള്ള ഒരു കവിത പോലെ തോന്നി. നിങ്ങൾ എഴുത്തുകാരൊക്കെ ചിലപ്പോൾ അങ്ങിനെ യായിരിക്കും സംസാരിക്കുക.” മഹി പെട്ടെന്ന് കാപ്പി കുടിക്കുന്നത് നിർത്തി. കൈ കഴുകാൻ എഴുനേറ്റു. എനിക്കൊന്നും മനസിലായില്ല. എന്റെ മനസ് മന്ത്രിച്ചു. ഇതൊരു പുതിയ മഹിയാണ്. എന്റെ പഴയ മഹി അല്ല ഇത്. പലപ്പോഴും എനിക്ക് പലതും മനസിലാക്കാൻ പറ്റുന്നില്ല. അദ്ധ്യായം 28 കോഫി ഹൗസിൽ നിന്നും പുറത്തു വന്നപ്പോഴേക്കും മഴ ചാറാൻ തുടങ്ങിയിരുന്നു. താളത്തോടു തുള്ളി തിമിർക്കുന്ന മഴ. എനിക്ക് കലാലയ ജീവിതം ഓർമയിൽ വന്നു. ഒരു മഴയ്ക്ക് ഞങ്ങൾ കുറെ യുവതികൾ മഴയിൽ ഇറങ്ങി ദിൽസേ പട്ടു പാടി നൃത്തം ചെയ്തതും, പ്രിൻസിപ്പൽ മെമോ തന്നതും. അതോർത്തു ഞാൻ മെല്ലെ ചിരിച്ചു. മഹി തിരിഞ്ഞു നോക്കി. “തനിക്കൊർമയുണ്ടോ, താനും സംഘവും ചെയ്ത കുരുത്തക്കേടുകൾ ഒക്കെ...” “എല്ലാം ഇപ്പോൾ ഓർമ വരുന്നൂ, മഹി... ഇന്നലെ കഴിഞ്ഞ പോലെ ഉണ്ടു ഒരു പക്ഷെ പത്തു പതിനഞ്ചു വർഷം മുൻപ് ഞാൻ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ വച്ച് മഹിയെ കണ്ടില്ലായിരുന്നെങ്കിൽ ... നമ്മൾ ഒരിക്കലും ചിലപ്പോൾ ഈ ജന്മത്തു കണ്ടുമുട്ടില്ലായിരുന്നു. ഒരിക്കലും ഇത് പോലെ തിരിച്ചും ഒരു കോഫി ഹൗസിൽ...ഒരുമിച്ചിരിക്കില്ലായിരുന്നു.” എന്റെ വിവാഹ ശേഷം ഏകദേശം പത്തു വർഷങ്ങൾ കഴിഞ്ഞു വളരെ അപ്രതീക്ഷിതമായാണ് മഹിയെ കണ്ടത്. ഒരു ചരമത്തിന്റെ ചടങ്ങിന് വേണ്ടി വന്നതായിരുന്നു. ഞാനും പ്രകാശും പട്ടാമ്പിയിൽ നിന്ന് തീവണ്ടി കയറി. രണ്ടു പേർ ഞങ്ങൾ കയറിയ ബോഗിയുടെ മറുവശത്തുനിന്നു ഇറങ്ങുന്നത് കണ്ടു, പക്ഷെ ശ്രദ്ധിച്ചില്ല. സീറ്റിൽ ഇരുന്നപ്പോഴാണ് ശ്രദിച്ചതു, ശിവദാസ് ...ശിവൻ ഓടി വരുന്നു. ജനാലക്കൽ വന്നു ചോദിച്ചു. “മീനുവല്ലേ?” “അതെ.” “എന്നെ ഓർമ്മയുണ്ടോ, ശിവദാസ്...” എനിക്ക് പെട്ടന്ന് മനസിലായില്ല, പക്ഷെ ഇപ്പോൾ തിരിച്ചറിഞ്ഞു. “എങ്ങിനെ ഞാൻ മറക്കും ശിവ...മറക്കാൻ പറ്റുമോ?” “മഹേന്ദ്ര, മഹേന്ദ്ര”, ശിവൻ ഉറക്കെ വിളിച്ചു... ഞാൻ കതകിനു അടുത്തേക്കോടി. മഹിയുടെ കോലം കണ്ടു എനിക്കൊട്ടും മനസിലായില്ല, താടിയും മുടിയുമൊക്കെ നീട്ടി വളർത്തി... “മഹേന്ദ്ര, മീനു...” ശിവൻ പിന്നെയും പറഞ്ഞു. മഹി തിരിഞ്ഞു നോക്കി. ഞാൻ കൈ ഉയർത്തി കാണിച്ചു...അടുത്ത് കാണാനോ എന്തെങ്കിലും ചോദിക്കാനോ കഴിഞ്ഞില്ല, അപ്പോഴേക്കും തീവണ്ടി നീങ്ങി തുടങ്ങിയിരുന്നു. ഒരു നോട്ടം മഹിയിൽനിന്നും പാറി വീണ പോലെ തോന്നി. “എന്തൊരു മാറ്റം എല്ലാവർക്കും, കണ്ടിട്ട് തിരിച്ചറിയാൻപോലും പറ്റുന്നില്ല.” ഞാൻ പറഞ്ഞു. “മീനുവിനും നിറയെ മാറ്റങ്ങളില്ലേ? തടിച്ചു ചുവന്ന ഒരു പരിഷ്കാരി നഗരവാസിയല്ലേ ഇപ്പോൾ.” പ്രകാശ് അതും പറഞ്ഞു എന്നെ ചേർത്ത് പിടിച്ചു അരികത്തേക്കിരുത്തി. പിന്നെയും വർഷങ്ങൾ കുറെ കഴിഞ്ഞു. ഒരു ദിവസം, എന്റെ പിറന്നാളിന്റെ അന്ന് മഹി എന്നെ വിളിച്ചു. പിന്നെ അത് പതിവായി. അങ്ങിനെ വർഷത്തിലെ ഒന്നോ രണ്ടോ ഫോൺ വിളി. അതിലൂടെ ഞങ്ങൾ പരിചയം പുതുക്കി കൊണ്ടേ ഇരുന്നു. താജിൽ എത്തിയപ്പോഴേക്കും മഴ വല്ലാതെ കനത്തിരുന്നു. “തനിക്കു ധൃതിയുണ്ടോ? നമുക്കല്പം സംസാരിച്ചിരിക്കാം, താൻ വാ...” മഹി പറഞ്ഞു. “മഹി വിളിച്ചാൽ എന്ത് തിരക്കുണ്ടെങ്കിലും ഏതു നരകത്തിലേക്കാണെങ്കിലും ഞാൻ ഓടി വരില്ലേ?” ഞാൻ പാതി കളിയായും പാതി കാര്യമായും പറഞ്ഞു. “ഒരിക്കൽ തന്നെ കൂടെ കൂട്ടാൻ വിളിക്കാൻ ധൈര്യമില്ലാതിരുന്നത്തിന്റെ പേരിൽ നഷ്ടപെട്ട ഒരു യൗവനമാണ് എന്റേത്.” മഹി ലിഫ്റ്റിൽ കയറി. ഈ മഹി എന്തൊക്കെയാ പറയുന്നത്. പകുതിപോലും എന്നിക്കു മനസിലാകുന്നില്ല. മഹി എന്തൊക്കെയോ എന്നിൽ നിന്നും ഒളിക്കാൻ ശ്രമിക്കുന്നുണ്ട്. മഹി മുറി തുറന്നു. കായലിന്റെ ദൃശ്യം ജാലകച്ചിലിലൂടെ കാണുന്ന മുറിയാണ് മഹിയുടേത്. മഴ കുറേശ്ശേ ചാറുന്നുണ്ട്. ആകാശത്തു നക്ഷത്രങ്ങൾ ഇല്ല. പക്ഷെ കാർ മേഘ പടലങ്ങൾക്കു ഇടയിലൂടെ ചന്ദ്രൻ എത്തി നോക്കുന്നുണ്ട്. അങ്ങകലെ ഒന്നോ രണ്ടോ ചങ്ങാടങ്ങൾ മാത്രം. മുനിഞ്ഞു കത്തുന്ന വിളക്കുകളുടെ പ്രകാശം കായലിൽ പ്രതിഫലിക്കുന്നുണ്ട്. മനസ്സിനൊരു പിരി മുറുക്കം പോലെ. എനിക്കൊരു സിഗരറ്റു വലിക്കണം എന്ന് തോന്നി. പാന്റിന്റെ പോക്കറ്റിൽ നിന്നും രണ്ടു മാൾബറോ സിഗരെറ്റെടുത്തു. മഹിക്കൊന്നു വച്ച്നീട്ടി. “വേണ്ട”, മഹി പറഞ്ഞു. പിന്നെ എന്നെ ആദ്യം കാണുന്ന ഒരാളെ കാണുമ്പോലെ നോക്കി. ഞാൻ സിഗരറ്റ് കത്തിച്ചു മെല്ലെ പുക ഉള്ളിലേക്കെടുത്തു. “മഹി, നമുക്കൊന്നു മദ്യപിച്ചാലോ?” ഞാൻ വീണ്ടും ചോദിച്ചു. “ഇന്നെനിക്കു വല്ലാത്ത ഒരു സന്തോഷം തോനുന്നു. മഹിക്ക് പുരസ്കാരം കിട്ടി, ഞാനും മഹിയും ഇങ്ങിനെ വളരെയേറെ വർഷങ്ങൾക്കു ശേഷം ഒരുമിച്ചിരുന്നു പഴയ കഥയൊക്കെ പറഞ്ഞു...വരൂ, നമുക്കൊന്ന് കൂടാം.” “എനിക്ക് വേണ്ട, താൻ കഴിക്കു”, മഹി പറഞ്ഞു. ഞാൻ ഫ്രിഡ്ജിൽ നിന്നും ഒരു വോഡ്ക കുപ്പി എടുത്തു. ഒരു ഗ്ലോബ്ലെറ്റിലേക്കു പകർന്നു. ഒരു ചെറു നാരങ്ങാ കഷ്ണവും, കുറച്ചു വെള്ളരിക്ക കഷ്ണങ്ങളും ഒരു പ്ലേറ്റിലേക്കു എടുത്തിട്ടു. ഞാൻ സോഫയിൽ ചാരി ഇരുന്നു. വോഡ്ക ഒരൽപം നുണഞ്ഞു. വോഡ്കയുടെ എരിവ് തീ പോലെ അന്നനാളത്തിലേക്കിറങ്ങി. എന്റെ കയ്യിലെ വോഡ്ക നോക്കി മഹി പറഞ്ഞു. “വളരെ വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഇന്ന് കുടിക്കാതിരിക്കുന്നതു. തന്റെ സാന്നിധ്യം മനസ്സിനൊരു അശ്വാസമേകുന്നു. ഒരു സുഖം. കൊടുങ്കാറ്റും പേമാരിയും പെയ്തകന്ന ആകാശം പോലെയാണ് ഇപ്പോൾ എന്റെ മനസു.” “മഹി പറയുന്ന കാര്യങ്ങൾ ഒന്നും എനിക്ക് മനസിലാകുന്നില്ല. കലാലയത്തിൽനിന്നും അപ്രത്യക്ഷനാവുക, വളരെ കാലം വനവാസംപോലെ ഒരു മേൽവിലാസവും ഇല്ലാതെ കാണാതാവുക. പത്തു പതിനഞ്ചു വർഷക്കാലത്തെ ഏതോ തീവ്ര വികാരങ്ങളെ പറ്റി പറയുക. എന്താ മഹി ഇതെല്ലാം?” “തനിക്കറിയില്ല?” “എനിക്കോ? എനിക്കെന്തറിയാൻ? എങ്ങിനെ അറിയാൻ?” “തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. താൻ വളരെ നിഷ്കളങ്കയായിരുന്നു. പിന്നെ എന്റെ ഭീരുത്വം.” “ഇതേയ്, പിന്നെയും ഒന്നും പിടി കിട്ടാത്ത കാര്യങ്ങൾ പറയുന്നു.” ഞാൻ മഹിയുടെ കയ്യിൽ പിടിച്ചു. അദ്ധ്യായം 29 മഹി പറഞ്ഞു തുടങ്ങി. “തനിക്കറിയില്ല, എന്റെ മനസ്സിൽ തനിക്കുള്ള സ്ഥാനം എന്തായിരുന്നെന്നു, എനിക്ക് താൻ ആരായിരുന്നു എന്ന്.” ഞാൻ മഹിയുടെ കണ്ണുകളിലേക്കു ഉറ്റു നോക്കി. മഹി തുടർന്നു. “തന്നെ ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്കിഷ്ടമായി. മൈക്കിളിന്റെ സംഭവത്തോടെയല്ല, അതിനെത്രയോ മുൻപുതന്നെ. താൻ കലാലയത്തിൽ വന്ന ആദ്യത്തെ ദിവസം. പിങ്ക് നിറത്തിലുള്ള നീണ്ട പാവാടയും, പഫ് കൈയുള്ള പച്ച ബ്ലൗസ്ഉം ധരിച്ചആണ് കലാലയത്തിലെ ആദ്യത്തെ ദിവസം താൻ വന്നത്. തന്നെ കണ്ട നിമിഷം എന്റെ മനസ് പറഞ്ഞു, ഇതാണ് എന്റെ പെണ്ണ്. ഒരു തരം ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. പക്ഷെ നമ്മളൊരുമിച്ചിരുന്ന കാലഘട്ടത്തിൽ ഒന്നും എനിക്ക് പറയാൻ കഴിഞ്ഞില്ല, എനിക്ക് തന്നെ ഇഷ്ട്ടമാണെന്നു, എനിക്ക് തന്നോട് പ്രണയമാണെന്ന്. ഞാൻ നിറയെ സൂചനകൾ തനിക്കു തന്നു. അതൊന്നും താൻ കണ്ടെന്നു നടിച്ചില്ല ,ഇല്ലെങ്കിൽ മനസിലാക്കിയില്ല. തനിക്കൊർമയുണ്ടോ, നമ്മൾ മയിലാടും കുന്നിൽ പോയി കവിതകൾ ചൊല്ലിയത്? ആ ഓരോ കവിതയും തനിക്കായി ഞാൻ എഴുതിയതായിരുന്നു . പക്ഷെ ഓരോരോ എഴുത്തുകാരുടെ പേരുകൾ ചേർത്ത് പറഞ്ഞു ഞാനതു മറച്ചു പിടിച്ചു. ഒരിക്കൽ മീനു ചൊല്ലി, എന്റെ ഒരു കവിത... “അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും... ഉരുകി നിന്നാത്മാവിൻ ആഴങ്ങളിൽ നിന്ന് പൊഴിയുമ്പോൾ ആണെന്റെ സ്വർഗം...” ആ നിമിഷം തന്നെ വാരി പുണരാനും, എന്റെ മനസിലുള്ളത് മുഴുവനും പറയാനും ഞാൻ ആഗ്രഹിച്ചതാണ്. പക്ഷെ മടിയായിരുന്നു, പേടിയായിരുന്നു. പ്രണയം ഒരാണിനെ എത്ര മാത്രം ഭീരുവാക്കുന്നു എന്ന് ഞാൻ അറിഞ്ഞു. താനെന്റെ സ്നേഹത്തിന്റെ വെറും ഒരു ക്യാമ്പസ് പ്രേമമായി വില കുറച്ചു കണ്ടെങ്കിലോ എന്ന് ഞാൻ പേടിച്ചു. ഒടുവിൽ നാസയിലെ ആ ദിവസങ്ങളിൽ ഞാൻ അറിഞ്ഞു. താനില്ലാതെ എനിക്ക് ജീവിക്കാനാകില്ലെന്നു. എന്റെ സ്നേഹം മുഴുവൻ ഞാൻ വാക്കുകൾ ആക്കി, കത്തുകൾ എഴുതി. പക്ഷെ ഒന്നിന് പോലും മറുപടി കിട്ടിയില്ല...അതെന്നെ നിരാശനാക്കി...പക്ഷെ എന്റെ കത്തുകൾ ഒന്നും തന്റെ കയ്യിൽ കിട്ടിയില്ല എന്ന് ഞാൻ പിന്നീടറിഞ്ഞു...നാസയിൽ നിന്നും തിരിച്ചു വന്നു ഏകദേശം മൂന്നു വർഷത്തിന് ശേഷം...ബേബി മെമ്മോറിയൽ ആശുപതിയിലെ മനോ രോഗചികിത്സാക്കായി എന്നെ ചേർത്തപ്പോൾ...” “വാട്ട്? കത്തോ?” “മനോ രോഗമോ? എന്താ മഹി ഈ പറയുന്നത്?” അദ്ധ്യായം 30 “അതെ, എന്റെ കത്തുകൾ എത്തിപ്പെട്ടത് പ്രിൻസിപ്പലിന്റെ കരങ്ങളിൽ ആയിരുന്നു. തന്നെ പിരിഞ്ഞിരിക്കുന്ന വേദനയിൽ അങ്ങിനെ ഒരു സാധ്യതയെ കുറിച്ച് ഞാൻ ആലോചിച്ചില്ല എന്നതാണ് യാഥാർഥ്യം. ഒടുവിൽ നിരവധി കത്തുകൾക്ക് മറുപടി ഇല്ലാതായപ്പോൾ ഞാൻ കരുതി ഞാൻ ഭയപ്പെട്ടത് സംഭവിച്ചു എന്ന്, താൻ എന്നെ ഒരു പൂവാലനെ പോലെ കരുതി തിരസ്കരിച്ചു എന്നു. എങ്കിലും എനിക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. തന്നെ നേരിൽ കണ്ടാൽ എല്ലാം ശരിയാകുമെന്ന്. എന്റെ പരിശീലനം ആറു മാസത്തേക്ക് നീണ്ടു. ഒടുവിൽ നാസയിൽ നിന്നും ഒരു ജോലിക്കായുള്ള ഉത്തരവു കടലാസും കൊണ്ട് ഞാൻ കലാലയത്തിലേക്കു ഓടിയെത്തി. അപ്പോഴാണ്ഞാ ൻ എന്നെ തകർത്തു കളഞ്ഞ ആ വിവരം അറിഞ്ഞത്. താൻ വിവാഹം കഴിഞ്ഞു പോയെന്നു. അതെന്നെ വല്ലാതെ ഉലച്ചു. ഞാൻ നാസയിലേക്കു തിരിച്ചു പോയി. പക്ഷെ അവിടെ എനിക്കൊന്നിലും ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിഞ്ഞില്ല. വേദനകളുടെ ദിന രാത്രങ്ങൾ... മദ്യം, മയക്കു മരുന്ന്, നിരാശ, മനോ വ്യാധിയുടെ പടു കുഴിയിലേക്കുള്ള എന്റെ വീഴ്ച. അച്ഛൻ ആകെ വിഷമിച്ചു. ഒടുവിൽ ബോധത്തിനും അബോധാവസ്ഥയ്ക്കുമിടയിലുള്ള ഏതോ ഒരു നാൾ, ആശുപത്രി കിടക്കയിൽ എന്റെ അടുത്ത് വന്നിരുന്നു, മുടി കോതിയൊതുക്കി അദ്ദേഹം പറഞ്ഞു, “മാപ്പു , മഹേന്ദ്രാ , മാപ്പു. ഒരു പ്രേമ ബന്ധത്തിൽ പെട്ട് ഭാവി കളയരുതെന്നു കരുതി അച്ഛന്റെ നിർദേശ പ്രകാരമാണ് പ്രിൻസിപ്പൽ ആ കത്തുകൾ എല്ലാം നശിപ്പിച്ചു കളഞ്ഞത്. മഹേന്ദ്ര, ആ കുട്ടി, നിനക്കിത്ര പ്രിയപെട്ടവളാണ് എന്നു എനിക്ക് അറിയില്ലായിരുന്നു, മാപ്പു തരണം നീ എനിക്ക്.” ഒടുവിൽ ശിവദാസൻ എന്റെ സ്ഥിതി കേട്ടറിഞ്ഞു. അവനെന്നെ പഴയ മഹേന്ദ്രനാക്കാൻ കിണഞ്ഞു പരിശ്രമിച്ചു. ഒടുവിൽ ഞാൻ വാക്കുകളിൽ അഭയം കണ്ടെത്തി. കുറേശ്ശേ എഴുതാൻ തുടങ്ങി. ഇന്ത്യയുടെ ഓരോ കോണിലും ഞാൻ അലഞ്ഞു നടന്നു. ഒരു ഏകാകിയുടെ സഞ്ചാരം. അടക്കി വച്ച സ്നേഹത്തിന്റെ ലാവ വാക്കുകളോരോന്നിനേയും തീക്കനലുകലാക്കി. നഷ്ട പ്രണയത്തെ കുറിച്ച് എഴുതുന്ന എല്ലാവർക്കും പെട്ടെന്ന് ആരാധകർ ഉണ്ടാകും. എന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചു. പ്രശസ്തിയും ധനവും അച്ഛനെ സമാധാനിപ്പിച്ചില്ല. ഒടുവിൽ മരണകിടക്കയിൽ വച്ച് ഗീതയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്റെ മനസ് മരവിച്ചിരുന്നു. വികാരങ്ങൾ ഇല്ലാത്ത ഒരു മര കഷ്ണം പോലെയായിരുന്നു ഞാൻ. തനിക്കറിയാമോ, തന്നെ നഷ്ടപെടുത്തിയതിനു എനിക്കിനിയും എന്നോട് പൊറുക്കാൻ കഴിഞ്ഞിട്ടില്ല. മദ്യപിച്ചു ലക്ക് കെട്ടല്ലാതെ ഞാൻ ഇന്ന് വരെ ഗീതയെ തൊട്ടിട്ടില്ല. തെറ്റുകളാണെല്ലാം, പൊറുക്കാനാവാത്ത തെറ്റുകൾ.” മഹിയുടെ കണ്ണിൽ നിന്നും വെള്ളം ചാലിട്ടൊഴുകാൻ തുടങ്ങി. വോഡ്കയുടെ വീര്യം എന്നിൽ നിന്നും ചോർന്നു പോയി. ഞാൻ പതുക്കെ മന്ത്രിച്ചു. “മഹീ, ഒരു വാക്കു, ഒന്ന് വിളിച്ചാൽ ഞാൻ ഓടി വരുമായിരുന്നില്ല? എന്നിട്ടും, എന്നിട്ടും...” ഞാൻ വിങ്ങി പൊട്ടി. മഹി കരഞ്ഞു, ഞാനും... മഹിയുടെ സങ്കടം എനിക്ക് താങ്ങാനാകില്ലായിരുന്നു. മഹിയുടെ മുഖം ഞാൻ കയ്യിലെടുത്തു... “അരുതു മഹി, അരുതു...കരയല്ലേ...” ആ മാറിൽ മുഖം ചായ്ച്ചു ഞാൻ പൊട്ടി കരഞ്ഞു. അദ്ധ്യായം 31 പുറത്തു മഴ ആർത്തലച്ചു പെയ്യാൻതുടങ്ങി. മഹിയുടെ കൈകൾ എന്റെ മുടിയിഴകൾ തലോടി. ഒരിക്കലും കൈവിട്ടു പോകരുതെന്ന വണ്ണം ഞാൻ മഹിയെ ആഞ്ഞു പുൽകി. മെല്ലെ, മെല്ലെ, മഹി എന്റെ മുഖം കയ്യിലെടുത്തു.മഹിയുടെ നിശ്വാസം എന്റെ മുഖത്ത് പടർന്നു. മഹിയുടെ അധരങ്ങൾ എന്റെ നെറ്റിയിൽ, കണ്ണുകളിൽ, കവിളിൽ, തുരു തുരെ ചുംബിച്ചു കൊണ്ടിരുന്നു. എന്റെ വിരലുകൾ മഹിയുടെ മുതുകിൽ സ്നേഹ ചാലുകൾ തീർത്തു. ദശകങ്ങളോളം തടഞ്ഞു നിർത്തിയ സ്നേഹം അണക്കെട്ടു തകർത്തു പ്രളയം പോലെ ഒഴുകി. ഒരു സീല്കാര ശബ്ദത്തോടെ കായലിൽ കാറ്റു വീശി, കൊള്ളിയാൻ മിന്നി, മഴ തകർത്തു പെയ്തു. ഞാൻ ഒരു സ്വപ്ന ലോകത്തിലേക്ക് വഴുതി പോയി. കൃഷ്ണനെ തേടി നടക്കുന്ന ഞാൻ... കുന്നിൻ മുകളിൽ, കൂറ്റൻ മണിയുടെ താഴെ...പെട്ടെന്നതാ... കുന്നു മുഴുവൻ പൂക്കൾ, വിരിഞ്ഞു സൗരഭ്യം പരത്തി നിൽക്കുന്നു. ഹൃദയ രമ്യമായ ഒരു വേണുഗാനം കാറ്റിൽ ഒഴുകി വരുന്നു. അമ്പരപ്പോടെ നിന്ന എന്റെ കണ്ണുകൾ ആരോ പുറകിൽ നിന്നും പൊത്തി. ഓടകുഴലിന്റെ കുഞ്ചലം എന്റെ വലതു ചെവിക്കരികിൽ തട്ടി, എന്നെ ഇക്കിളിയിട്ടു കോൾമയിർ കൊള്ളിച്ചു. എന്റെ കണ്ണുകൾ മൂടിയ ആ കൈ ഞാൻ അടർത്തി മാറ്റിയപ്പോൾ, ഞാൻ കണ്ടു, കൃഷ്ണൻ, എന്റെ കൃഷ്ണ... കൃഷ്ണൻ എന്നെ ചേർത്ത് നിർത്തി മാറോടണച്ചു. ആ സംഗമവേളയുടെ ആനന്ദ ലഹരിയിൽ ഞാൻ അടി മുടി പൂത്തു കുലുങ്ങി. എന്റെ ശരീരത്തിലെ ഓരോ മുകുളങ്ങളും ഓരോ പൂവായ് വിരിഞ്ഞു. അദമ്യമായ ആ ആനന്ദത്തിൽ മയങ്ങി ഞാൻ പുഞ്ചിരിയോടെ കിടന്നു. ഏതോ ഒരു ഫോൺ അടിക്കുന്ന ശബ്ദമാണ് എന്നെ ഉണർത്തിയത്. എവിടെയാണ് കിടക്കുന്നതെന്നു മനസിലാക്കാൻ സമയമെടുത്തു. അടുത്തുണ്ടായിരുന്ന മഹി, ഇല്ല... ആരും ഇല്ല...ഞാൻ പുതപ്പെടുത്തു വാരി പുതച്ചു. കിടക്കയിൽ എന്റെ അടുത്തായി ഒരു പുസ്തകം... പ്രിയമാനസം...മഹിയുടെ ഏറ്റവും പുതിയ കൃതി... അതിന്റെ ആദ്യത്തെ ഏടിൽ മഹിയുടെ വടിവൊത്ത കൈ അക്ഷരത്തിൽ... "എന്റെ ദേവതക്ക്... യാത്ര ചോദിക്കാനാകില്ലെനിക്കെന്റെ ആത്മാവിനോട്...അത് കൊണ്ട് തന്നെ യാത്രാമൊഴികൾ ഇല്ലാതെ ഞാൻ ഇറങ്ങട്ടെ... എന്നെന്നും സ്നേഹപൂർവ്വം... മഹി..." ഞാൻ ആ പുസ്തകമെടുത്തു മാറോടു ചേർത്തു...കണ്ണുനീർ ചാലായി ഒഴുകുന്നു. വീണ്ടും ഫോൺ മണി മുഴങ്ങി. പ്രകാശ് കാളിങ് എന്നു വലിയ വെളുത്ത അക്ഷരങ്ങൾ എന്റെ ഐഫോണിൽ തെളിയുന്നു...