Sunil N K

Drama

4.1  

Sunil N K

Drama

ജനുവരിയിൽ പൂത്ത ലില്ലിപ്പൂക്കൾ

ജനുവരിയിൽ പൂത്ത ലില്ലിപ്പൂക്കൾ

5 mins
23.8K


ഞാൻ 'പരമേശ്വര പിഷാരടി' എന്ന ഈ ശരീരത്തിൽ കയറിക്കൂടിയിട്ട് ഏതാണ്ട് എഴുപതാണ്ട് തികഞ്ഞു എന്ന യാഥാർത്ഥ്യം, ഭംഗിയുള്ള തങ്കലിപികളിൽ ക്ഷണക്കത്തിൻറെ രൂപത്തിൽ മുന്നിലിരുന്നിളിക്കുന്നത് കണ്ടു സന്തോഷിക്കാനും സഹതപിക്കാനും ഇടയുള്ള സഹൃദയരെതേടി ഇറങ്ങിയതായിരുന്നു ഞാൻ.


ഞാൻ കഷ്ടിച്ചു കയറിയതേയുള്ളൂ, ബസ്സ് വിട്ടു. സീറ്റ് തേടിയുള്ള എൻറെ യാത്ര പിറകോട്ട്, സർക്കാരിൻറെ ആനവണ്ടി മുന്നോട്ട്, അടുത്ത ബ്രേക്കിടലിൽ ഈ ശരീരം മറ്റൊരു സുന്ദരകളേബരൻറെ സമീപത്ത് പതിച്ചു, ജഡത്വനിയമം ശരിതന്നെ, മാറ്റമൊന്നുമില്ല.


ജനുവരിയിലെ മകരമഞ്ഞിൻറെ തണുപ്പ് ആസ്വദിച്ചുകൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പുതിയതൊന്നും റിപ്പോർട്ട് ചെയ്യാനില്ലെന്ന് കണ്ണുകൾ വിരസതയോടെ അറിയിച്ചു. അല്ലെങ്കിലും തിമിരം കൂടിയിട്ടുണ്ടെന്ന് കണ്ണുഡോക്ടർ പറഞ്ഞപ്പോൾ തന്നെ അവ V.R.S. അപ്ലൈ ചെയ്തതാണ്.


പ്രാതലിനൊപ്പം പങ്കജാക്ഷി തന്ന പാലിൽ മധുരം കൂടുതലിട്ടതു കൊണ്ടാണോ, അതോ നിദ്രാദേവിയുടെ കടാക്ഷം പണ്ടത്തെപ്പോലെയില്ലാത്തതു കൊണ്ടാണോ ആവോ കൺപോളകൾക്കൊക്കെ ഒരു കനം. ബ്രേക്കിടലിൽ ഇടിച്ച ഭാഗത്ത് കയ്യിൽ ചെറിയ വേദനയുണ്ട്. ആവലാതി പറയുമ്പോഴൊക്കെ പങ്കജാക്ഷി പറയും, 'കുട്ടികളുടെ മനസ്സും ശരീരവും ആണെ'ന്ന്. 


"സർക്കാരിനെ സേവിച്ചും, യുക്തിവാദം വളർത്തിയും എഴുപതു കഴിഞ്ഞല്ലോ പങ്കീ," അതു കേട്ടപ്പോൾ അവളുടെ കണ്ണുകളിൽ അത്ഭുതമാണോ അതോ പ്രാണനാഥന് പ്രായത്തിന്റെ പക്വത വരാൻ തുടങ്ങിയതിന്റെ ആശ്വാസമാണോ ആദ്യം കണ്ടത് എന്ന് അറിയില്ല. ഏതായാലും സദ്യയുടെ കണക്കെടുപ്പ് തുടങ്ങിയപ്പോഴാണ് ശരിക്കും കണ്ണുമിഴിച്ചത്. ട്രഷറിയിലെ സമ്പാദ്യത്തിന്റെ നല്ലൊരുപങ്കും എടുത്താലേ സദ്യയ്ക്കു തികയൂ!! ഇന്നലെയങ്ങനെ ട്രഷറി സമ്പാദ്യത്തിലൂടെ സപ്തതിസദ്യയുടെ മനപ്പായസവുമുണ്ട് ഉച്ചമയക്കത്തിലാണ്ടനേരത്താണ്, ഇടിത്തീയായി അങ്ങേതിലെ ശേഖരൻറെ വാക്കുകൾ കാതുകളിൽ വീണത്.


"മാഷിൻറെ പൈസ ഇപ്പോൾ കിട്ടില്ല്യാത്രേ. കുറേ കടലാസുകൾ കൂടി കൊടുക്കേണ്ടി വരും. ടീച്ചറിൻറെ പൈസ കിട്ടണമെങ്കിൽ ടീച്ചർ തന്നെ പോകേണ്ടിയും വരുമത്രേ."

"അതെങ്ങനെയാ ശേഖരാ... ആശുപത്രീന്ന് വന്നശേഷം അവൾക്കങ്ങനെ പുറത്തൊന്നും പോകാൻ പറ്റില്ലല്ലോ. ങാ... ഞാൻ തന്നെ നാളെ പോയി നോക്കാം."


ആശുപത്രിവാസം അവളെ കുറച്ചൊന്നുമല്ല മാറ്റിയത്. പാൽക്കാരൻ വരുംമുമ്പേ അടുക്കളയിലെ സകല പണികളും തീർത്തു വച്ചിരുന്ന ആളാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കണം, ഇപ്പോൾ. ഏതാണ്ട് എല്ലാ ദിവസവും ഞാൻ തന്നെ എണീറ്റ് വന്നില്ലെങ്കിൽ അപ്പുറത്തെ വീട്ടിലെ കറുമ്പിപ്പൂച്ച പാല് പാത്രം നക്കിത്തുടക്കുന്ന കാഴ്ച കാണേണ്ടിവരും, അതാണിപ്പോഴത്തെ അവസ്ഥ. മകൻറെ ഭാര്യ ആഴ്ചയിലൊരിക്കൽ വന്ന് ഫ്രിഡ്ജ് നിറച്ച് വയ്ക്കുന്നതുകൊണ്ട് കാര്യമായി അടുക്കളയും തലയും പുകയ്ക്കേണ്ടി വരുന്നതുമില്ല. പുസ്തകം കണ്ടാൽ തന്നെ തുമ്മി തുടങ്ങാറുള്ള പങ്കി, ഇപ്പോൾ ആ കുടുസ്സുമുറിയിൽ നിന്നും പുറത്തേക്കിറങ്ങുന്നതേയില്ല. എപ്പോഴും വായന; എത്ര വിളിച്ചാലും ചെവി കേൾക്കാത്ത മട്ടിൽ. 


ചിലപ്പോൾ ഞാൻ ചോദിക്കും:

"ഊണും ഉറക്കവും ഉപേക്ഷിച്ച് നീയിങ്ങനെ പഠിച്ച് പഠിച്ച് കളക്ടറാകാൻ പൂവ്വാണോ, പങ്കീ..."

"ഇതൊന്നും പരമ്വേട്ടന് കടിച്ചാൽ പൊട്ടാത്തതാ," എന്ന പരിഹാസച്ചിരിയോടെ വീണ്ടും തുടങ്ങും, ഗീതാവലോകനം! എന്താണാവോ ഇതിലിത്രയ്ക്കുള്ളത്!  

'മാ ഫലേഷു കദാചന,' അതുതന്നെ തിരിച്ചും മറിച്ചും നൂറുതവണ പറയും.


വേറെ എപ്പോഴോ ചോദിച്ചപ്പോൾ പറഞ്ഞു, അന്ന് ആശുപത്രിയിൽ വച്ച് അവൾ ശരിക്കും കൃഷ്ണനെ കണ്ടുവെന്ന്. അവൾ അന്ന് 'കൃഷ്ണൻ കൃഷ്ണൻ' എന്ന് വിളിച്ചുകൊണ്ട് കാണിച്ച പുകില്... ഞാൻ ശരിക്ക് പേടിച്ചുപോയി. ആദ്യമായല്ലേ ഇങ്ങനെ ഒരു അവസ്ഥ നേരിൽ കാണുന്നത്. ഡോക്ടർമാർ വളരെ സീരിയസ് ആണെന്ന് പറയുമ്പോഴുണ്ടായിരുന്ന മനക്കരുത്ത് മുഴുവനും ചോർന്നുപോയത് അപ്പോഴാണ്. യുക്തിചിന്തയൊക്കെ കളഞ്ഞ് ദൈവത്തെ ശരിക്കും ഉള്ളുരുകി പ്രാർത്ഥിച്ചു പോയി. പിന്നീട് മകനും ഭാര്യയുമൊക്കെ വന്നപ്പോഴാണ് അവളൊന്ന് അടങ്ങിയത്. ഡോക്ടർമാർ ഇതിനെ 'ICU psychosis' എന്നാണത്രേ പറയുക. ഈ അവസ്ഥയിൽ കാണാത്തതു പലതും കണ്ടതായി തോന്നുമത്രേ.


മരുന്ന് എന്തായാലും ഫലിക്കുന്നുണ്ടെങ്കിലും അതിൻറെ സെഡേഷൻ കാരണമാവും പങ്കിയിങ്ങനെ ഉറക്കം തൂങ്ങി ആയിപ്പോയത്. മകൻ കുറേ നിർബന്ധിച്ചു, അവരുടെ കൂടെ പോയി നിൽക്കാൻ. എനിക്കും തോന്നി, മോഹം. എല്ലാ സ്ഥലത്തും കറങ്ങി നടക്കാനുമൊക്കെ. പക്ഷേ പങ്കിക്ക് വയ്യാത്രേ.


'അത്രയ്ക്ക് നിർബന്ധാച്ചാൽ ഒറ്റയ്ക്ക് പൊയ്ക്കോളാൻ.'


"പിഷാരടി സാറിന് എന്നെ മനസ്സിലായോ" ഒരു തരുണീമണിയുടെ കളകൂജനം എന്നെ ചിന്താധാരയിൽ നിന്നും ഉണർത്തി. 'പിഷാരടി സാറോ'? ഞാൻ ഞെട്ടിപ്പോയി ജാതിപ്പേര് ചേർക്കുന്ന ബ്രാഹ്മണ മേധാവിത്വത്തിനെതിരെ പോരാടിയ തന്നെ 'പിഷാരടി സാർ' എന്ന് വിളിക്കാൻ ധൈര്യപ്പെടുന്ന ഇവൾ ആര്? എൻറെ കണ്ണിലെ ചോദ്യം തിരിച്ചറിഞ്ഞുകൊണ്ടാവണം അവൾ പറഞ്ഞു, "ഞാൻ പാഞ്ചാലിയാ"


മൂന്നു പതിറ്റാണ്ടു കാലത്തെ ശിഷ്യഗണം മുഴുവൻ വിറളിപിടിച്ച കാളക്കൂട്ടം കണക്കേ മുന്നിലൂടെ ഓടിപ്പോയി!! ഒരു പാഞ്ചാലിയെ മാത്രമേ ഓർമ്മ വരുന്നുള്ളൂ, ക്ലാസിൽ എന്നും നേരം വൈകി വരുന്നതിന് താൻ ദേഷ്യപ്പെടാറുള്ള ഒരു കിളുന്തു പെണ്ണ്. 

"അല്ല ഞാൻ ആ പാഞ്ചാലി അല്ല. സാർ എന്നെ പഠിപ്പിച്ചിട്ടില്ല."

"പിന്നെ?"

"ഞാൻ സാക്ഷാൽ പാഞ്ചാലി"

"സാക്ഷാൽ പാഞ്ചാലിയോ? അതേത് പാഞ്ചാലി?"

"സാറ് ട്രഷറി ഓഫീസിലേക്ക് പോകുകയല്ലേ?"

"അതെ അതെ," ഞാൻ വിസ്മയത്തോടെ നോക്കി.

"ഭാര്യയുടെ പെൻഷൻ പേപ്പറുകൾ ശരിയാക്കാനും കൂടിയാവും അല്ലേ?"

സംസാരം ദീർഘിപ്പിക്കാൻ താല്പര്യമില്ലാത്ത രീതിയിൽ ഞാൻ മുഖം കോട്ടി. 'ഞാൻ എൻറെ ഭാര്യയുടെ പെൻഷൻ വാങ്ങാൻ പോകുന്നതിന് ഇവൾക്കെന്താ,' 'അതൊക്കെ ഇവൾ എങ്ങനെ അറിയുന്നു?' നിയമപ്രകാരം വേണ്ടതെല്ലാം കൃത്യമായി ഉണ്ട്. ഞാൻ തന്നെയാണ് അവളുടെ ഭർത്താവ് എന്നും തെളിയിച്ചു. ഒപ്പും കൃത്യം. പിന്നെന്താ?


'ഇന്ന് എന്തായാലും പെൻഷൻ തുക കയ്യിലാക്കിയേ മടങ്ങൂ' പങ്കജാക്ഷിക്ക് വാക്കു കൊടുത്തിട്ടാണ് ഇറങ്ങിയത്. "ബഹളത്തിനൊന്നും നിക്കല്ലേ"പങ്കി ഓർമിപ്പിച്ചിരുന്നു..

"എല്ലാ രേഖകളും കൃത്യം.അവിടെയുള്ള പകുതിയിലേറെപ്പേരും ഞാനോ നീയോ പഠിപ്പിച്ച കുട്ടികൾ. പിന്നെന്തിനാ ആ ആപ്പീസർ കടുംപിടിത്തം കാണിച്ച് ഈ വയസ്സാൻ കാലത്ത് നിന്നെ കഷ്ടപ്പെടുത്തുന്നത്? ഇന്നും വരട്ടു സ്വഭാവം കാണിച്ചാൽ എൻറെ തനിനിറം അയാൾ അറിയും."

"സ്ഥലം എംഎൽഎ വരെ എൻറെ ശിഷ്യൻ ആണ്," നിമിഷ നേരം കൊണ്ട് താൻ ട്രഷറിയിൽ ആണെന്നു തോന്നിപ്പോയി, മനോഗതം ലേശം ഉച്ചത്തിൽ ആയിപ്പോയി.


ദേഷ്യത്തിൽ ഉള്ള എൻറെ വിറയൽ കണ്ടിട്ടാവണം പാഞ്ചാലി എന്നെ തുറിച്ചു നോക്കി. പിന്നെ മൃദുസ്വരത്തിൽ മൊഴിഞ്ഞു. "

സാർ എന്തിനാ ഇങ്ങനെ...." കൂടുതൽ പറയാൻ അനുവദിക്കാതെ ഞാൻ മുഖം തിരിച്ചു. മുഖം കാണാനില്ലെങ്കിലും പാഞ്ചാലി വിടാൻ ഭാവമില്ല. "അല്ല ഞാൻ എൻറെ കഥ പറയാമെന്നു മാത്രം."

ഇവൾക്ക് എന്തു കഥ? പെൻഷൻ ആയവർക്കല്ലേ അതിൻറെ പങ്കപ്പാട് അറിയൂ. ഈ പ്രായത്തിൽ ഞാനുമിതുപോലെ വായിൽകൊള്ളാത്ത പലതും പലരെയും ഉപദേശിച്ചു നടന്നതാ.

"പണ്ട് ചൂതുകളി തോറ്റ് രാജ്യസഭയിലേക്ക് വലിച്ചു കൊണ്ടുവരുമ്പോൾ എൻറെ മനസ്സിലുണ്ടായിരുന്നതും ഇതേ ചിന്താഗതിയാ. നീതിയും ന്യായവും നൂറുശതമാനവും എൻറെ ഭാഗത്ത്. ശക്തരായ അഞ്ച് വീര പുരുഷകേസരികൾ എൻറെ ഭാഗത്ത്. ധർമ്മത്തിന് വേണ്ടി എല്ലാം ത്യജിച്ച മഹാത്മാക്കളെ കൊണ്ട് നിറഞ്ഞ കൗരവരാജ്യസഭ പിന്നെന്തിന്..."


ഇവൾക്ക് ശരിക്കും വട്ടാണോ?!! ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.

"മാഷേ, ഞാൻ പറഞ്ഞു വരുന്നത്... എല്ലാം ശരിയാണെങ്കിലും എല്ലായ്പ്പോഴും ശരിയാകണമെന്നില്ല."

"എന്നെ ശല്യപ്പെടുത്താതെ ഒന്ന് എഴുന്നേറ്റ് പോകുന്നുണ്ടോ."

ഞാൻ ബസിന്റെ ബ്രേക്ക് അനുസരിച്ച് ഒരു തള്ളും കൂടി വെച്ചുകൊടുത്തു.


"കാർന്നോരെ&!#&#" ചെകിടടപ്പിക്കുന്ന അലർച്ചയാണ് ഉണർത്തിയത്. കണ്ണു തുറന്നു നോക്കി. പാഞ്ചാലി ആണെന്ന് വിചാരിച്ച് തള്ളിയത് തൊട്ടടുത്ത സീറ്റിൽ ഇരുന്നിരുന്ന ഒരു സ്ത്രീ രത്നത്തെയാണ്. രാവിലത്തെ പങ്കിയുടെ 'ഉദ്ധവഗീത' തലയ്ക്ക് പിടിച്ചിരുന്നു. ദ്രവിച്ചതും ഇളകിയതുമായ പല്ലുകൾക്കിടയിൽ നിന്നും കിട്ടിയ തേങ്ങാപ്പൂളിന്ന് പങ്കിയുടെ മരുന്നിന്റെ ചുവ!


'ദൈവമേ അവൾ ഇന്ന് മരുന്നിട്ട പാൽ ഗ്ലാസ് മാറ്റി എനിക്ക് തന്നല്ലോ!'


വെറുതെയല്ല പാഞ്ചാലിയൊക്കെ സ്വപ്നത്തിൽ ഉപദേശിക്കാൻ എത്തിയത്. ജാള്യത മറക്കാനായി ബസ്സിലെ എല്ലാവരെയും നോക്കി വളിച്ച ഒരു ചിരി വരുത്തി. കണ്ണുതുറന്നു നോക്കിയപ്പോൾ ഒരു സത്യം കൂടി മനസ്സിലായി തൻറെ സന്തതസഹചാരിയായിരുന്ന കാലൻകുട ഏതോ സാമദ്രോഹി അടിച്ചു മാറ്റിയിരിക്കുന്നു . രാവിലെ തെക്കേപ്പറമ്പിലെ മൂവാണ്ടൻ മാവിന്റെ അടുത്തെത്തിയപ്പോഴാണ് മഴക്കാറ് കണ്ടത്. കുട കൈമാറുമ്പോൾ പങ്കി പ്രത്യേകം പറഞ്ഞു. "എവിടെയും വെച്ച് മറക്കണ്ടാ ട്ടോ."


അപ്പോഴാണ് ഒരു വിദ്വാൻ "മാഷേ ഞാൻ സദാനന്ദനാണ്."

ഇത്തവണ തെറ്റിയില്ല. "ഒമ്പതാം തരം ബിയിലെ സദാനന്ദൻ. താൻ എം എ കഴിഞ്ഞ വിവരം രാജീവൻ പറഞ്ഞ് അറിഞ്ഞിരുന്നു. ഇപ്പോൾ?" "ഇപ്പോൾ പി എച്ച് ഡി കഴിഞ്ഞു, മാഷിനെ പോലെ ഒരു അധ്യാപകനാണ്; കോളേജിൽ." 

"അത് നന്നായി. എന്തായിരുന്നു ഗവേഷണവിഷയം?"

"മരണാനന്തര ജീവിതം."

"മരണാനന്തര ജീവിതമോ? തനിക്ക് ഈ തട്ടിപ്പു വിഷയം മാത്രമേ കിട്ടിയുള്ളോ!"

"സാറിൻറെ വീക്ഷണത്തിൽ ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ," ഒരു കള്ളച്ചിരിയോടെ സദാനന്ദൻ വിഷയം മാറ്റി. "ടീച്ചർ പെൻഷൻ ആയില്ലേ?" എന്തായാലും വിരസത മാറ്റാൻ കിട്ടിയ ശിഷ്യനെ ഞാനെൻറെ മുഴുവൻ പുരാണവും കേൾപ്പിച്ചു. പുതുതായി പണികഴിപ്പിച്ച നഗരസഭാ സമുച്ചയത്തിലെ വിശാലമായ ബസ്റ്റാൻഡിൽ ബസ് നിന്നപ്പോഴാണ് കഥ തീർന്നത്.


"മാഷേ, ഞാൻ രാവിലെ ഒന്നും കഴിച്ചിട്ടില്ല. ഒരു കാപ്പി കുടിക്കാൻ കൂടുന്നുവോ?" എൻറെ ദൈന്യത കണ്ടിട്ടാവണം സദാനന്ദൻ ക്ഷണിച്ചു. ഞാൻ നിരസിച്ചില്ല. "മാഷ്ടെ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ എങ്ങനെയുണ്ട്?" ദോശ വായിലിട്ട് ചവച്ചു കൊണ്ട് സദാനന്ദൻ ചോദിച്ചു. ചൂടു കാപ്പി ഊതി കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു ,"ഇപ്പോ എല്ലാവർക്കും തന്നെപ്പോലെ വേദാന്തത്തിൽ ആണ് താല്പര്യം. പിന്നെ മക്കൾക്കുവേണ്ടി രാഷ്ട്രീയക്കാരും മാറി."

"ടീച്ചറുടെ പെൻഷന് ഇനി ഏതു പേപ്പറാണ് കിട്ടാൻ ബാക്കിയുള്ളത്?" ചട്ണിയുടെ എരുവ് മാറ്റുവാനായി വെള്ളം മോന്തികൊണ്ട് സദാനന്ദൻ ചോദിച്ചു.

"ഏറ്റവും അവസാനം ചെല്ലുമ്പോൾ ചോദിക്കുകയാ ലൈഫ് സർട്ടിഫിക്കറ്റ് എവിടെ എന്ന്?" ഞാൻ വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു.

"സ്വതവേ എല്ലാ കാര്യങ്ങൾക്കും സഹായിക്കാൻ ഇഷ്ടംപോലെ ആൾക്കാരുള്ള സാറിനെ ഇക്കാര്യത്തിൽ സഹായിക്കാൻ ആരും ഇല്ലേ?" "ഇതിനായി നാട്ടുകാർ എല്ലാവരോടും ഞാൻ കുറേ ന്യായം പറഞ്ഞു, അപേക്ഷിച്ചു, വഴക്കുകൂടി; അവസാനം എനിക്കു മതിയായി, ഞാനും അതംഗീകരിച്ചു."

"മാഷ്ടെ മകൻ വലിയ ഉദ്യോഗസ്ഥനല്ലേ, അവനോട് പറഞ്ഞില്ലേ?" ദോശയുടെ അവസാനത്തെ കഷ്ണം ചട്നി പാത്രത്തിൽ മുക്കി മുഴുവനാക്കികൊണ്ട് സദാനന്ദൻ ചോദിച്ചു. കുടിച്ചു കൊണ്ടിരുന്ന കാപ്പി ഗ്ലാസ് കാലിയാക്കി കൊണ്ട് ഞാൻ പറഞ്ഞു. "അവൻറെ മറുപടിയാണ് ഏറ്റവും രസം, നാട്ടുകാർ പറയുന്നത് ശരിയാണത്രേ... അവൻറെ അമ്മ ആശുപത്രിയിൽ വച്ച്തന്നെ മരിച്ചുപോയിരുന്നൂന്ന്. എന്തായാലും സദാനന്ദൻ എന്റെ സപ്തതിയ്ക്കു വരണം. അടുത്ത മാസം മുപ്പതാം തീയതി ഞായറാഴ്ചയാണ്."


ക്ഷണക്കത്ത് എവിടെയോ വെച്ചു മറന്നു, ക്ഷണക്കത്ത് തപ്പാനെന്നവണ്ണം ഞാൻ ബാഗ് തുറക്കാനാഞ്ഞു. ബർണോളീസ് തിയറം മനസ്സിലാക്കാതെ മിഴിച്ചു നിൽക്കുന്ന ഒമ്പതാം ക്ലാസുകാരനെ പതുക്കെ തോളിൽ തട്ടിയിട്ടു ഞാൻ പുറത്തേക്ക് നീങ്ങി. ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം, ക്ലാസെടുക്കാൻ നേരം വൈകി എന്ന തിരിച്ചറിവോടെ പുറത്തേക്ക് പായുന്ന സദാനന്ദൻ; കാലത്തിൻറെ താളം കാത്തുനിൽക്കാതെ ജനുവരിയിൽ തന്നെ പൂത്ത ഏപ്രിൽ ലില്ലിപൂക്കളുടെ അടുത്തേക്ക് ഞാനും...


Rate this content
Log in

Similar malayalam story from Drama