Sunil Sankar

Drama

4.1  

Sunil Sankar

Drama

നീലച്ചായമടിച്ച ആ ഗേറ്റ്

നീലച്ചായമടിച്ച ആ ഗേറ്റ്

6 mins
629


വലുതായപ്പോൾ എനിക്ക് ആ ഗേറ്റ് മാത്രമേ ഓർമ്മയിലുണ്ടായിരുന്നുള്ളൂ. മങ്ങി മങ്ങിപ്പോയ ഓർമ്മകളിൽ, ആ വീടും. വെള്ള നിറത്തിലുള്ള കുമ്മായം പൂശിയ ചുമരുകളും, അതിൽ ഗേറ്റിന്റെ അതേ നീലച്ചായത്തിലുള്ള ജനലുകളും, ജപ്പാൻ ബ്ലാക്ക് അടിച്ച തറയും, ചുവപ്പും കറുപ്പും കാവിയിട്ട നിലവും എല്ലാം ഞാൻ മറന്നിരുന്നു. ഈ നിമിഷം വരെ, വീണ്ടും ആ വീട്ടിൽ എത്തുന്നത് വരെ. കുറേ പ്രായമായതൊഴിച്ചാൽ ആ വീടിന് പറയത്തക്ക മാറ്റങ്ങളൊന്നുമില്ല. പണ്ട് കുറെ ചെടികളുണ്ടായിരുന്നു മുറ്റത്ത്. ചെട്ടിപ്പൂവും, പാർവ്വതിപ്പൂവും ഒരു വശത്തായുള്ള വെള്ളമന്ദാരവും, പിന്നെയൊരു സീതാപ്പഴവും, മുറ്റത്തിനതിരിട്ടു നിൽക്കുന്ന റോസാപൂക്കളും. കിണറിനടുത്തുള്ള പേരമരം ഇപ്പോഴുമുണ്ട്.

ഞാൻ മെല്ലെ പടികൾ കയറി. പുരാതനമായ ഒരു കോളിങ് ബെല്ലിന്റെ സ്വിച്ച്. ഷോക്കടിക്കുമോ എന്ന പേടിയോടെ ഞാനതൊന്നു തൊട്ടു. കുഴപ്പമില്ല. ഒന്ന് അമർത്തി നോക്കി. ഉള്ളിൽ എവിടെയോ ഒരു "ക്രീ" ശബ്ദം കേട്ടു. ആരോ വരുന്ന ശബ്ദമാണെന്ന് തോന്നുന്നു. ഒരു ഇരുപത്തഞ്ചു ഇരുപത്താറ് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്നു വാതിൽ തുറന്നു.

"ആരാ?"

"ഞാൻ..."

ഒരു നിമിഷം എനിക്ക് വാക്കുകൾ മുട്ടി. ആരെ ചോദിക്കണം? ഞാനവരുടെ ആരെങ്കിലുമാണോ? ഇതവരുടെ വീട് തന്നെയാണോ? ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾ.

ഒന്ന് മുരടനക്കി ഞാൻ വീണ്ടും പറഞ്ഞു.

"ഇത് ചന്ദ്രമതി ടീച്ചർന്റെ വീടല്ലേ?"

"അതേ."

"ടീച്ചറിനെ ഒന്ന് കാണാനായിരുന്നു."

"അമ്മേടെ പഴയ സ്റ്റുഡന്റാവും ല്ലേ? കയറിയിരിക്കൂ. ഞാനൊരു ചായെട്ക്കാംട്ടോ. അമ്മ ഇപ്പൊ എത്ത്ണ്ടാവും. അമ്പലത്തില്ക്ക് പോയതാ."

അതേ എന്നു അല്ല എന്നുമർത്ഥത്തിൽ ഞാനൊന്ന് തലകുലുക്കി. എന്നിട്ട് ഉമ്മറത്തെ ചാരുപടിയിൽ കയറിയിരുന്നു. പണ്ട് വന്നപ്പോൾ ഈ ചാരുപടി ഇവിടെ ഉണ്ടായിരുന്നോ ? ഇല്ലെന്ന് തോന്നുന്നു. പത്താം ക്ലാസ് കഴിഞ്ഞ് , പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയ സമയത്താണ് ആ വരവുണ്ടായത്. ഒരു ഇരുപത്തഞ്ചു വർഷങ്ങൾക്ക് മുൻപ്. അന്ന് അച്ഛനുമുണ്ടായിരുന്നു കൂടെ. അച്ഛൻ പടിക്ക് പുറത്ത് നിന്നു. അന്നും ആ ഗേറ്റിന് നീല നിറമായിരുന്നു.


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


"നീയ് പോയി പറഞ്ഞ്ട്ട് പോരേ. ഞാനിവിടെണ്ടാവും. എന്തേലും തന്നാല് വേടിക്കാനും കഴിക്കാന്വൊന്നും നിക്കണ്ട. അച്ഛൻ പൊറത്ത്ണ്ട് , വേഗം പോണംന്ന് പറഞ്ഞാ മതി. "

ഞാൻ മെല്ലെ തലയാട്ടി. ഇന്ന് വന്ന പോലെ തന്നെ. അന്ന് പക്ഷേ അവർ എന്നെ കാത്തെന്നോണം പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട പാടെ അമർത്തി പിടിച്ചു. കുറേ ചുംബനങ്ങൾ, മുഖത്തും തലയിലുമായി തന്നു. എനിക്ക് അത് അരോചകമായാണ് തോന്നിയത്. സന്തോഷമായിരുന്നോ അതോ സങ്കടമായിരുന്നോ അവരുടെ കണ്ണിൽ ? ആവോ , ആർക്കറിയാം ? എന്റെ മനസ്സിൽ അന്ന് നിർവ്വികാരത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ വേണ്ടാത്ത ഒരാളെ മനസ്സിലാക്കേണ്ട കാര്യമെന്ത്?

"അകത്തേക്ക് വാ. വല്ലതും കഴിക്കാം."

അവരെന്നെ ക്ഷണിച്ചു.

"വേണ്ടാ. അച്ഛൻ പുറത്ത് കാത്ത് നിക്ക്ണ്ട്. പോണം."

"ത്ര വേഗം പൂവാനാണെങ്കി എന്തിനേ പ്പൊ വന്നത്? "

അവർ കെറുവിച്ചു. ഞാൻ പുറത്തേക്ക് നോക്കി. അച്ഛൻ തിരിഞ്ഞു നിൽക്കുന്നു. ആ കാലൻ കുട കൊണ്ട് നിലത്ത് ഇടയ്ക്കിടെ കുത്തുന്നുണ്ട്. "മതി, പോര്" എന്നാണ് അതിന്റെ അർത്ഥം. അച്ഛന്റെ ഓരോ ചലനവും ഞാൻ നന്നായി അപഗ്രഥിച്ചു പഠിച്ചിട്ടുണ്ട്.


"ഞാൻ പത്താം ക്ലാസ് പാസായി. ഫസ്റ്റ് ക്ലാസുണ്ട്. "

"ഉവ്വോ ? പ്രീഡിഗ്രിക്ക് ഏതു ഗ്രൂപ്പാ എടുക്കുക ?"

"ഫസ്റ്റ് ഗ്രൂപ്പ് എടുത്ത് എഞ്ചിനീയറിംഗിന് പോണംന്നാണ്. "

"എവിടെയാ നോക്ക്യേത് ? തൃശ്ശൂര് കിട്ട്വോ ?"

"കോഴിക്കോട് പോയാ മതീന്നാണ് അച്ഛന്. ദേവഗിരീല് അഡ്മിഷൻ ആയിട്ട്ണ്ട്. അവിടെ ഹോസ്റ്റലിൽ നിക്കും. ഇവടെ വന്ന് പറയണംന്ന് പറഞ്ഞു അച്ഛൻ. "

"അപ്പോ ഇനി മോനെ കാണല്ണ്ടാവില്ല്യ ല്ലേ ?"

ഞാനൊന്നും മിണ്ടിയില്ല. അല്ലെങ്കിലും എനിക്കവരോട് ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ലല്ലോ.

"ശരി, ഞാൻ പോട്ടെ ?"

"ഇനി എന്നാ വര്വാ ഇങ്ങോട്ട് ? ലീവിന് വരുമ്പോ വരണംട്ടോ."

എന്റെ തലയിൽ ഒന്നു കൂടി തലോടി അവർ പറഞ്ഞു.

ഒന്നു തലയാട്ടി, തിരിഞ്ഞൊന്നു നോക്കാതെ ഞാനാ നീല ഗേറ്റ് കടന്നു.

"അച്ഛാ പൂവാം?"

അച്ഛൻ നടന്നു തുടങ്ങിയിരുന്നു. ഞാൻ വേഗം ഒപ്പം നടന്നു. ബസിൽ കയറി വീടെത്തുന്ന വരെ അച്ഛൻ കാര്യമായൊന്നും സംസാരിച്ചില്ല.

വീടെത്തിയിട്ടും മിണ്ടാവ്രതം തുടർന്നപ്പോൾ, ഞാൻ ചോദിച്ചു:

"ആരാച്ഛാ അവര്?"

"നിന്റമ്മ."

കഴിഞ്ഞു. ഇനിയൊന്നും ചോദിക്കണ്ട. ചെലപ്പോ നല്ല പെടയാവും കിട്ടുന്നത്.


ഇത്രേം കാലം അമ്മ എന്നെ പ്രസവിച്ചപ്പോൾ മരിച്ചു എന്നാണ് എല്ലാവരും പറഞ്ഞ് കേട്ടിട്ടുള്ളത്. ഇതിപ്പോൾ എവിടെന്ന് പൊട്ടി മുളച്ചതാണാവോ പുതിയൊരു അമ്മ. ഇനി അപ്പുറത്തെ കുട്ടന്റെ അമ്മ പറഞ്ഞ പോലെ , അച്ഛൻ രണ്ടാമത് കല്യാണം കഴിക്കാനോ മറ്റോ ആണോ ആവോ ? ഇനിയിപ്പോൾ ഞാനും ഉണ്ടാവില്ലല്ലോ. പക്ഷേ അവർ വളരെ ചെറുപ്പമാണല്ലോ. അച്ഛനിപ്പോൾ ഒരു അമ്പത് വയസ്സായിക്കാണും. ഇവരുമായി അതിനൊന്നും സാധ്യതയില്ല.


അച്ഛൻ പക്ഷേ വേറെ വിവാഹമൊന്നും കഴിച്ചില്ല. പിന്നെ ഇതിനെപ്പറ്റി സംസാരവുമുണ്ടായില്ല. അവർ എന്റെ അമ്മയായി വന്നാൽ തരക്കേടില്ല എന്നെനിക്കും തോന്നിയിരുന്നു. പിന്നെപ്പഴോ മനസ്സിൽ നിന്നും അവരുടെ ചിത്രം വിട്ടു പോയി. പ്രീ ഡിഗ്രി, അതുകഴിഞ്ഞ് ചെന്നൈ IIT യിലെ എഞ്ചിനീയറിംഗ് പഠനം, ജോലി, അമേരിക്കയിലെ പോസ്റ്റ് ഗ്രാജുവേഷൻ, എല്ലാം കഴിഞ്ഞപ്പോഴേക്കും മറ്റൊന്നും ആലോചിക്കാൻ നേരമുണ്ടായിരുന്നില്ല.


അതിനിടയിൽ വിവാഹം, കുട്ടികൾ, അവരുടെ വിദ്യാഭ്യാസം അങ്ങിനെ ഓരോന്ന് നടക്കുമ്പോഴും, ഞാൻ അവരെ ഓർത്തു. ഇനി അച്ഛൻ പറഞ്ഞത് സത്യമാണെങ്കിലോ? അച്ഛനോട് പല തവണ ചോദിക്കാൻ നിന്നതാണെങ്കിലും, അവിടെയെത്തുമ്പോൾ ഒന്നും വേണ്ടാന്ന് തോന്നി തിരിച്ചു പോരും. അച്ഛനോട് അന്നുമിന്നും എനിക്ക് പേടിയും , സ്നേഹവും ഇടകലർന്ന ഒരു സമ്മിശ്രവികാരമാണ്.


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


വീണ്ടും എല്ലാം പൊങ്ങി വന്നത് അച്ഛൻ ഒരു ഹാർട്ട് അറ്റാക്കിനെ തുടർന്ന്, ആശുപത്രിയിൽ ചികിത്സയിലായ കാലത്താണ്. ഞാൻ ജോലിയിൽ നിന്നും അവധിയെടുത്ത് അച്ഛനെ ശുശ്രൂഷിക്കാൻ വേണ്ടി നിന്ന സമയം. ഒരു ദിവസം രാത്രിയാണ് അച്ഛൻ എന്നോട് ചോദിച്ചത്:

"ഉണ്ണ്യേ, നിനക്ക് അമ്മേന്റെ സ്നേഹം ഞാൻ ഇല്ല്യാണ്ടാക്കിന്ന് തോന്ന്ണ്ടോ ?"

"അതെന്താ അച്ഛൻ അങ്ങനെ ചോദിക്കാൻ ?"

"നെന്റമ്മ മരിച്ചിട്ടില്ല്യാന്ന് നെനക്കറീല്ല്യേ ? "

സത്യത്തിൽ എനിക്കറിയില്ലായിരുന്നു. അല്ലെങ്കിൽ ഞാനങ്ങനെയാണ് എന്നെത്തന്നെ വിശ്വസിപ്പിച്ചത്. എന്നെ നോക്കാനും സ്നേഹിക്കാനും തോന്നാതിരുന്ന ഒരമ്മയെ എനിക്കെന്തിനാ? അല്ലെങ്കിലും എനിക്കച്ഛൻ മാത്രം മതിയായിരുന്നു. അച്ഛൻ കരുതിയത് ഞാനതെല്ലാം അന്വേഷിച്ചു കണ്ടെത്തിയിട്ടുണ്ടാവും എന്നാവണം.

"ഞാനതിനെപ്പറ്റി അന്വേഷിക്കാറില്ലച്ഛാ . എനിക്കച്ഛനുണ്ടായിരുന്നല്ലോ. അതു മതി. "


"നെനക്ക് അമ്മല്ല്യാണ്ടാവാൻ ഒരു തരത്തിൽ ഞാനന്ന്യാ കാരണം. ഒരു തരത്തിലും ഒത്തു പോവില്ല്യാന്നറിഞ്ഞിട്ടും ആ ബന്ധത്തിന് നിന്ന ഞാൻ തന്ന്യാ തെറ്റുകാരൻ. അവൾക്ക് നെന്നെ അത്രയ്ക്കും ഇഷ്ടായിരുന്നു. ഞാനതും സമ്മതിച്ചില്ല. നീയും ന്നെട്ട് പോയാലോ ന്ന്ള്ള പേടി. അതോണ്ടെന്താ , ന്റെ മോന് അമ്മേടെ സ്നേഹം കിട്ടാൻ യോഗല്യാണ്ടായി. ല്ലേടാ? "

അച്ഛൻ ഇത്രയും സ്നേഹത്തോടെ എപ്പോഴെങ്കിലും എന്നോട് സംസാരിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ, നിറയെ സ്നേഹം ഒളിപ്പിച്ച ഒരു നിലവറയാണ് ആ ഹൃദയം എന്നെനിക്ക് ഉറപ്പായിരുന്നു.

"അച്ഛനിപ്പോ അതൊന്നും ആലോചിക്കണ്ട. ഉറങ്ങീക്കോളൂ. നമുക്ക് നാളെ സംസാരിക്കാം."

എന്റെ കൈ പിടിച്ചു കൊണ്ട് തന്നെ അച്ഛൻ ഉറങ്ങിപ്പോയി. ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ ഞാൻ മെല്ലെ എഴുന്നേറ്റ് അപ്പുറത്തെ ചെറിയ ബെഡിൽ കിടന്നുറങ്ങി. ഇടയ്ക്കെപ്പോഴോ, ഡ്യൂട്ടി നഴ്സ് അച്ഛന് മരുന്ന് കൊടുക്കാൻ വന്ന് വിളിച്ചപ്പോഴാണ് ഞാനുണർന്നത്. അപ്പോഴേക്കും അച്ഛനും, ആ സ്നേഹവും എന്നെ വിട്ട് പോയിരുന്നു.


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


മരണം കഴിഞ്ഞ് ആളുകളൊക്കെ പിരിഞ്ഞപ്പോൾ ഞാൻ വീട്ടിൽ ഒറ്റയ്ക്കായ പോലെയായി. അച്ഛന്റെ ഒരേയൊരു ചേച്ചി, ശാരദമ്മായി മാത്രം കൂടെ നിന്നു. മഞ്ജു മോളേയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി. "വല്ലപ്പോഴും വരുന്നതാണല്ലോ നാട്ടിൽ, എല്ലവരേയും ഒന്ന് കാണാല്ലോ" എന്നൊരു ന്യായവും ഉണ്ടായിരുന്നു. ഞാൻ എതിർക്കാനൊന്നും പോയില്ല. അല്ലെങ്കിലും ടീവിയും , കൂട്ടുകാരും ഒന്നുമില്ലാതെ മോളും ബോറടിക്കും. ഈ വീടിന്റെ ഓർമ്മകൾ എനിക്ക് മാത്രം ഉള്ളതാണല്ലോ.

അച്ഛന്റെയും.


വൈകുന്നേരം കട്ടൻചായ ഉണ്ടാക്കിക്കൊണ്ടു വന്നപ്പോഴാണ് , ഞാൻ അമ്മായിയോട് എന്റെ അമ്മയെപ്പറ്റി ചോദിച്ചത്.

"നീയെന്തേ ഇത്രേം കാലം ചോദിക്കാഞ്ഞൂന്ന് ഞാനെപ്പഴും വിചാരിക്കും. പിന്നെ, ഞാനായിട്ട് നെന്നോട് ഓളെപറ്റി പറഞ്ഞാല് അത് അപ്പൂന് ഇഷ്ടപ്പെടില്ല്യ. പിന്നെ വെറുതെ വഴക്കും വക്കാണ്വാവും."

"ഞങ്ങടമ്മാവന്റെ മോളാ നെന്റമ്മ. പതിനഞ്ചു വയസ്സിന്റെ വ്യത്യാസണ്ടായിരുന്നു രണ്ടാളും തമ്മില്. അതന്ന്യാരുന്നു, രണ്ടാളും തമ്മിലുള്ള ഏറ്റവും വലിയ പ്രശ്നം. ഇവനൊരു പഴേ മട്ടും മാതിര്യല്ലേ. അവളാണെങ്കി, കോളേജിലൊക്കെ പഠിച്ച കുട്ടീം. "

"ന്നാപ്പിന്നെ കല്യാണം കഴിക്കണാര്ന്നോ?"

"ഇന്നത്തെപ്പോലെയല്ലല്ലോ മോനേ അന്ന്. അവള്ടെ അച്ഛന്റെ വാശിക്കായിരുന്നു കല്യാണം. അപ്പൂനും വല്യേ താൽപര്യം ണ്ടായിരുന്നൂന്നെനിക്ക് തോന്ന്ണില്ല. അവനന്നേ ഒരു മുരടനാ. ആരോടും ഒരു സ്നേഹത്തോടെ പെരുമാറാനറിയില്ല്യ."


"കല്യാണം കഴിഞ്ഞ് കുറച്ച് കഴീഞ്ഞപ്പോ നെന്നെ വയറ്റിലായി. ഞാൻ കരുതി ഇനീപ്പോ പ്രശ്നൊന്നുണ്ടാവില്ല്യാന്ന്. പക്ഷേ, അവള് ഒരു ജോലി കിട്ടീപ്പോ നേരെ അങ്ങോട്ട് പോയി. ആരു പറഞ്ഞിട്ടും കൂട്ടാക്കീല. "

വയറ്റിലിള്ളതല്ലേന്ന് വിചാരിച്ച് അവസാനം അവൾടെ അമ്മേം അച്ഛനും കൂടെപ്പോയി നിന്നു. നീയുണ്ടായേന് ശേഷം അവര് തമ്മില് പ്രശ്നം കൂടുതലായി. പിന്നെ ഓൾക്കവടെ ഒരു രഹസ്യക്കാരൻണ്ട് ന്നൊക്കെ ഓരോരുത്തര് പറയേണ്ടായി. ശര്യാണോന്ന്റിയില്ല്യ. എന്തായാലും ഒരു ദിവസം അപ്പു പോയി നെന്നേം എടുത്ത് ഇങ്ങോട്ട് പോന്നു. "

"അപ്പോ പിന്നെ അമ്മ എന്നെ കൂട്ടാൻ വന്നില്ലേ?"

"വന്നിട്ടെന്ത് ചെയ്യാനാ ? അവൻ നെന്നെ കൊടുക്ക്വോ ? കൊറേ കേസും കൂട്ടൊക്ക്യായി. കാര്യൊന്നൂണ്ടായില്ല്യ. "

"അമ്മേടെ പേരെന്താ അമ്മായീ ?"

"ശരിയായ പേര് എനിക്കിപ്പോ ഓർമ്മയില്ലെടാ. എല്ലാരും അമ്മാളുന്നാ വിളിച്ചിര്ന്നെ."


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


പോകുന്നതിനു മുൻപ് ഒരു ദിവസം, ഞാൻ അച്ഛന്റെ മരപ്പെട്ടി ഒന്നു തുറന്നു നോക്കി. കുറേ ആധാരങ്ങൾ, കുറച്ച് പണം, കുറെ പഴയ ഫോട്ടോകൾ, (കുറേയൊക്കെ എന്റേത് തന്നെ, അച്ഛനും അമ്മയും കല്യാണം കഴിഞ്ഞ ഉടനെ എടുത്ത ഒരു ഫോട്ടോ ഞാനെടുത്ത് മാറ്റി വെച്ചു,) ഒരു വലിയ ലക്കോട്ട്. അതിനുള്ളിൽ പഴയതും പുതിയതുമായ കുറേ കത്തുകൾ. പുതിയതെല്ലാം എനിക്കയച്ചതാണ്. ചിലത് എന്റെ കോളേജ് അഡ്രസിൽ അയച്ചതുമുണ്ട്. ഒന്നും എനിക്ക് കിട്ടിയിട്ടില്ല. എല്ലാം അച്ഛൻ എങ്ങനെയോ വേടിച്ച് ഒളിപ്പിച്ചു വെച്ചതാണെന്നു തോന്നുന്നു. 


കത്തുകൾ ഓരോന്നായി ഞാനെടുത്ത് വായിച്ചു. അച്ഛനുള്ളതെല്ലാം ആദ്യമൊക്കെ ഭീഷണിയും പിന്നെ പിന്നെ എന്റെ മോനെ ഒന്ന് കാണിച്ചു തര്വെങ്കിലും ചെയ്യൂ എന്ന യാചനയുമായിരുന്നു. അവനിപ്പോൾ പത്ത് കഴിഞ്ഞില്ലേ എന്നൊരു കത്തിൽ കണ്ടു. ഇപ്പൊഴെങ്കിലും അവനെ ഒന്ന് ഇങ്ങോട്ടയക്കു, എന്ന് കേണ ഒരു കത്തിൽ ഞാൻ നോക്കി. അമ്മയുടെ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ ഞാനതിൽ കണ്ടു. ആ കത്തിന് ശേഷമായിരിക്കും എന്നെ അങ്ങോട്ട് കൂട്ടി കൊണ്ട് പോയത്. അപ്പോൾ അത് എന്റെ അമ്മ തന്നെയായിരിക്കും. അച്ഛൻ അന്ന് സത്യം പറഞ്ഞതാവും. പിന്നെയുള്ള കത്തുകളൊക്കെ എന്റെ പേരിലായിരുന്നു. എന്റെ ഉണ്ണീ എന്നു പറഞ്ഞു തുടങ്ങുന്ന കത്തുകളെല്ലാം അവസാനിക്കുന്നത് സ്വന്തം അമ്മ എന്നെഴുതീയായിരുന്നു. അന്വേഷണങ്ങളെല്ലാം അവിടെ തറഞ്ഞു നിന്നു.


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


ഇപ്പോൾ ഈ വീട്ടിൽ വീണ്ടും വന്നിരിക്കുമ്പോൾ അവര് തന്നെയാണോ എന്റെ അമ്മ എന്ന ശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെന്നെ തിരിച്ചറിയുമോ? ഇല്ലെങ്കിൽ എന്തും പറഞ്ഞ് പരിചയപ്പെടുത്തും? അപ്പുക്കുട്ടൻ നായരുടെ മകനെന്നോ ? കൃഷ്ണനുണ്ണി എന്നോ? അതോ അമ്മേടെ മോനാണെന്നോ?

ചായ കുടിച്ചു തുടങ്ങിയപ്പോൾ അവരെത്തി. ഞാൻ ചായ അവിടെ തന്നെ വെച്ച് എഴുന്നേറ്റു.

ഉമ്മറത്തേക്ക് കയറി അവർ എന്നെയൊന്ന് നോക്കി. ഒന്ന് ചിരിച്ചു. എന്റെ രണ്ട് കൈയ്യും കൂട്ടിപ്പിടിച്ചു.

"ഒടുക്കം നീ വന്നൂലേ ?" അമ്മയുടെ കണ്ണിൽ ഞാനത് വായിച്ചു.

"എന്നെ മനസ്സിലായോ ?" കണ്ണു കൊണ്ട് ഞങ്ങൾ സംസാരിച്ചു.

അമ്മ മെല്ലെ ചിരിച്ചു. ചിലപ്പോൾ ഒരുപാട് കാലത്തിനു ശേഷം അമ്മ മനസ്സറിഞ്ഞ് ചിരിച്ചത് അപ്പോഴായിരിക്കാം. പിന്നെ ഞങ്ങൾ രണ്ടാളും കെട്ടിപ്പിടിച്ച് കരഞ്ഞു. ചിലപ്പോൾ എന്നെ പ്രസവിച്ചതിന് ശേഷം, അമ്മ സന്തോഷത്തോടെയും, ഞാൻ എന്തിനെന്നറിയാതെയും കരയുന്നതും ഇപ്പോഴായിരിക്കും.


അതിന് ശേഷം അമ്മ കഥകൾ പറഞ്ഞു. കോളേജിൽ വെച്ച് അമ്മയ്ക്കൊരു ഇഷ്ടം ഉണ്ടായിരുന്നതും, മുത്തശ്ശൻ നിർബന്ധിച്ച് അമ്മയെ അച്ഛനെകൊണ്ട് കല്യാണം കഴിപ്പിച്ചതും, ഒരിക്കലും ഒത്തു പോവാൻ പറ്റാഞ്ഞിട്ടും, അമ്മ ശ്രമിച്ചതും, ഇഷ്ടമില്ലാഞ്ഞിട്ടും അച്ഛന് കീഴ്പ്പെടേണ്ടി വന്നതും, ജോലി കിട്ടി വീട്ടിൽ നിന്നും ഓടിപ്പോന്നതും, അമ്മയ്ക്ക് വേണ്ടി മറ്റേയാൾ പതിനഞ്ചു കൊല്ലം കാത്തിരുന്നതും, അവസാനം അമ്മ സമ്മതിച്ചതും, അഞ്ചു വർഷം മുൻപ് അയാൾ മരിച്ചതും എല്ലാം.


അപ്പോ നേരത്തെ കണ്ട കുട്ടി എന്റെ അനിയത്തിയാണോ ? അവൾക്കെന്നെ അറിയ്വോ ? ഞാൻ എന്നോട് തന്നെ ചോദിച്ചു.

"ഏട്ടനെപറ്റി പറയാത്ത ഒരു ദിവസം പോലും ഞങ്ങടെ ജീവിതത്തില് ഉണ്ടായിട്ട്ണ്ടാവില്ല്യ. ല്ലേ അമ്മേ?"

പിന്നിൽ നിന്ന് അവൾ ചിരിച്ചു.


Rate this content
Log in

Similar malayalam story from Drama