Sunil Sankar

Drama Romance

3.1  

Sunil Sankar

Drama Romance

കാത്തിരിപ്പിന്റെ പുസ്തകം

കാത്തിരിപ്പിന്റെ പുസ്തകം

3 mins
797


"നമ്മുടെ ലൈബ്രറിയിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടാവില്ലേ ? പലതും നമ്മൾ ഒരു പ്രാവശ്യം വായിക്കും. റാക്കിൽ തിരിച്ചു വെക്കും. ചിലത് നമ്മൾ ഇടയ്ക്കിടെ എടുത്തു വായിക്കുകയും ആസ്വദിക്കുകയും ചെയ്യും. മറ്റു ചിലത് നമ്മൾ കൂടെ കൊണ്ടു നടക്കും. അതില്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല."


"ഇനിയും ചിലതുണ്ട്, ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ , അതിലെ ഓരോ വാക്കും നമുക്ക് മനഃപാഠമായിരിക്കും. ഗാർസ്യയുടേം, ഹൊസൈനിയുടേയും നോവലുകൾ പോലെ. ഇനിയൊരിക്കലും ആ പുസ്തകത്തിന്റെ ഒരു താള് പോലും കണ്ടില്ലെങ്കിലും. അതിനെ പറ്റിയുള്ള ഓർമ്മകൾ പോലും ഒരു വേദനയും, നീറ്റലും, ചെറുചിരിയുമെല്ലാം നമുക്ക് എറിഞ്ഞു തരും. അപ്പോൾ നിങ്ങൾ ആരോടുമില്ലാതെ ഒറ്റയ്ക്കിരുന്ന് ചിരിക്കാനോ, ദേഷ്യപ്പെടാനോ, കരയാനോ ഒക്കെ തുടങ്ങും. കാണുന്നവർ നിങ്ങൾക്ക് ഭ്രാന്തായോ എന്നും സംശയിക്കും."


തേവരയിലെ കായൽക്കരയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്ന് അനൂപ് അത് പറയുമ്പോൾ ഞങ്ങൾ ചേട്ടത്തി തന്ന ചായ മെല്ലെ ഊതിക്കുടിക്കുകയായിരുന്നു.


"അവന്റെ ഒടുക്കത്തെ ഒരു ഫിലോസഫി," പ്രവീൺ സ്വരം താഴ്ത്തി എന്നോട് പറഞ്ഞു.

അനൂപ് ഞങ്ങളെ ശ്രദ്ധിക്കുന്നേയില്ല എന്നു തോന്നി. അവന്റെ ശ്രദ്ധ കായലിലെ മീൻ പിടിക്കുന്ന വഞ്ചികളിലായിരുന്നു.


കുറച്ചു നേരം നിശ്ശബ്ദനായി ഇരുന്നതിന് ശേഷം അവൻ പ്രവീണിനോടായി പറഞ്ഞു:

"മായ എനിക്ക് അങ്ങിനെയുള്ള ഒരു പുസ്തകമാണ്. എന്റെ ഓർമകളിൽ എപ്പോഴും നിൽക്കുന്ന ഒന്ന്. അത് ഒഴിവാക്കണമെന്ന് ഞാൻ വിചാരിച്ചാൽ പോലും നടക്കില്ല. കാരണം, അതൊരു മെമ്മറി കാർഡൊന്നുമല്ലല്ലോ, എറേസ് ചെയ്തു കളയാൻ. തലച്ചോറ് ഉള്ളിടത്തോളം, അതവിടെ തന്നെ കാണും."

"എന്നുവെച്ച്, ഞാനവളെ കാണുമെന്നോ , അവളുടെ കൂടെ ജീവിക്കുമെന്നോ അല്ലെങ്കിൽ സദാസമയം അവളെയും ആലോചിച്ച് ജീവിതം കളയുമെന്നോ ഒന്നുമല്ല അതിന്റെ അർത്ഥം. എന്റെ ഓർമ്മകളിൽ അവളുണ്ടാവും എന്ന് മാത്രമേയുള്ളൂ. "

"എന്നാപ്പിന്നെ നിനക്കവളെ അന്വേഷിച്ച് കണ്ടുപിടിച്ചൂടേ ?"

"സോഷ്യൽ മീഡിയ അരങ്ങു തകർക്കുന്ന ഈ കാലത്ത് അതൊരു ബുദ്ധിമുട്ടല്ലെന്ന് എനിക്കുമറിയാം. പക്ഷെ വേണ്ട. അവൾക്കും എന്നെ വേണമെന്ന് തോന്നുന്ന ഒരു കാലത്ത് അതുണ്ടാവും. ഒരു വരി, ഇല്ലെങ്കിൽ ഒരു വിളി. അതുമതി, ലോകത്ത് എവിടെയാണെങ്കിലും അവൾക്കരികിലേക്കെത്താൻ."

"നിനക്ക് പ്രാന്താണ്. നിന്നെ വേണ്ടാന്ന് വെച്ച ഒരുത്തിക്ക് വേണ്ടി ജീവിതം കളയാൻ."

"അവളെന്നെ വേണ്ടാന്ന് പറയട്ടെ, പ്രവീൺ. എന്നിട്ടാലോചിക്കാം."

അവൻ വീണ്ടും അവന്റെ ചിന്തകളിലേക്ക് വഴുതി വീണു.


"ഞാൻ ഇന്ദുവിന്റെ വീട്ടിൽ എന്താ പറയേണ്ടത് ?"

"അവളോട് കാത്തിരിക്കാൻ പറയൂ. അതിൽക്കൂടുതൽ ഉറപ്പൊന്നും എനിക്കിപ്പോൾ കൊടുക്കാൻ പറ്റില്ല."

ഇന്ദുവിന്റെ നന്നായറിയുന്ന ഒരാളെന്ന നിലയ്ക്ക് എനിയ്ക്ക് അപ്പോൾ തന്നെ ചോദിക്കണമെന്ന് തോന്നി, വേറൊരുത്തി മനസ്സിലുള്ളപ്പോൾ , ഇന്ദു നിന്റെയടുത്തേക്ക് വരുമെന്ന് തോന്നുന്നുണ്ടോ എന്ന്. അവൾ ഇവനെപ്പോലെ ഒരു ബുദ്ധിജീവിയല്ല, മറിച്ച് നല്ല ബുദ്ധിയുള്ള ജീവിയാണ്. Very practical too. അവൾക്ക് ഇവനോട്, ഇവന്റെ പ്രൊഫഷണൽ പാഷനോട്, തോന്നിയ ഒരു ഭ്രമം, ഒരു ആരാധന, ഒരു ഇൻഫാച്ച്വേഷൻ എന്ന് പറയാവുന്ന ഒന്ന് - അതാണ് എന്നെയും, അനൂപിന്റെ സുഹൃത്തായ പ്രവീണിനെയും അവന്റെ ഫ്ലാറ്റിലെത്തിച്ചത്. അനൂപ് ഗസ്റ്റ് ലെക്ചറർ ആയി ക്ലാസെടുക്കുന്ന അതേ ഡിപ്പാർട്ട്‌മെന്റിൽ , റിസർച്ച് ചെയ്യുന്നു എന്നതാണ് അവരുടെ ബന്ധത്തിന്റെ തുടക്കം.


അറിയപ്പെടുന്ന ഒരു ആർകിടെക്ട് ആണ് അനൂപ്. ബോംബെയിലും , ലണ്ടനിലുമായി പഠനം, അതു കഴിഞ്ഞ് ഇന്ത്യയിൽ പലയിടത്തുമായി ജോലി, ആർകിടെക്ചറൽ മാഗസിനുകളിലെ സ്ഥിരസാന്നിധ്യം, കോളമിസ്റ്റ്, ചെലവ് കുറഞ്ഞ നിർമാണരീതികളിൽ നടത്തിയ പരീക്ഷണങ്ങൾക്ക് അന്താരാഷ്ട്ര വേദികളിൽ ലഭിച്ച അംഗീകാരങ്ങൾ, പോരാത്തതിന് ഒരു സിനിമാതാരത്തിന്റെ ഗ്ലാമറും. ഇതൊക്കെ മതിയായിരുന്നു ഇന്ദുവിന് ( അവൾക്കെന്നല്ല , ആർക്കും) അവന്റെ ഫാനാവാൻ. പക്ഷേ ഒരു സ്ഥിരം കോളേജ് രീതിയിലുള്ള പീന്നാലെ നടത്തം, ചുറ്റിക്കറങ്ങൽ എന്നിവയിൽ താൽപര്യമില്ലാത്തതു കൊണ്ടും, അതിനൊന്നും നേരമില്ലാത്തതു കൊണ്ടും, വീട്ടുകാർ കല്യാണക്കാര്യം പറഞ്ഞ് രാത്രിയും പകലും ഇമോഷണലി ബ്ലാക്ക്മെയിൽ ചെയ്യുന്നതു കൊണ്ടുമാണ് , അവൾ എന്നെ വിളിച്ച് കാര്യം പറഞ്ഞത്. ആദ്യത്തെ കടമ്പയായ അവളുടെ അച്ഛനോടും, അമ്മയോടും സംസാരിക്കലും അവരുടെ സമ്മതം വാങ്ങലും , ഞാനൊരു വിധം ചെയ്തു. സുന്ദരിയും, വിദ്യാസമ്പന്നയും, കോട്ടയത്തെ പേരു കേട്ട തറവാട്ടുകാരും സർവ്വോപരി പണക്കാരിയുമായ ഒരു പെണ്ണിനെ കിട്ടിയാൽ ഒരാളും വേണ്ടാന്ന് പറയുമെന്ന് ഞാനെന്റെ സ്വപ്നത്തിൽ പോലും കരുതിയില്ല. അത്രയും നല്ലൊരു ആലോചനയാണ് ഇവൻ എറിഞ്ഞു കളയുന്നത്. ഇതെന്തൊരു ജന്മം ?


പ്രവീൺ അവനോട് വീണ്ടുമെന്തൊക്കെയോ ചോദിച്ചു. എനിക്ക് താൽപര്യമില്ലാത്ത വിഷയങ്ങളായതു കൊണ്ട്, ഞാൻ എന്റെ മുന്നിൽ വെച്ച ചായയിലും, മാരീ ബിസ്കറ്റിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അതും കഴിഞ്ഞപ്പോൾ ഫ്ലാറ്റിനു താഴെ കളിക്കുന്ന കുട്ടികളെയും, അവരെ നോക്കാനെന്നും പറഞ്ഞ് പരദൂഷണം പറയാൻ വന്നിരിക്കുന്ന അവരുടെ അമ്മമാരെയും നോക്കി നേരം പോക്കി. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അവരുടെ സംഭാഷണത്തിലേക്ക് തന്നെ ശ്രദ്ധ പാളി വീണു.


"ഞാനിവിടെ അധികകാലം ഉണ്ടാവില്ല പ്രവീൺ, ബോംബെയിലേക്ക് തിരിച്ചു പോയാലോ എന്നാലോചിക്കുന്നു. എന്റെ കോളേജിൽ നിന്നും ഒരു ഓഫറുണ്ട്. "

"ജെജെയിൽ നിന്നും ഓഫറെന്നു പറഞ്ഞാൽ ചെറിയ കാര്യമല്ലല്ലോ? എന്തായാലും പോണം. എന്നാ ജോയിൻ ചെയ്യേണ്ടത് ?"

"രണ്ടാഴ്ച സമയമുണ്ട്. പക്ഷേ പോകുമ്പോൾ പലതും ഇവിടെ ഇട്ടിട്ട് പോവണം എന്നാലോചിക്കുമ്പോഴാ."

"അതങ്ങനെയല്ലേ ? എന്തെങ്കിലും കളഞ്ഞാലല്ലേ മറ്റൊന്ന് കിട്ടൂ ?"

"കളയാൻ തോന്നാത്ത പലതുമാണ് ഇട്ടിട്ട് പോകുന്നത്. എന്തായാലും ഒരിക്കൽ തിരികെ വരും. "

"ശരി തന്റെ നേരം കളയുന്നില്ല. ഞങ്ങളിറങ്ങുന്നു. ആ പ്രോപ്പോസൽ ഒന്നു കൂടി ആലോചിക്ക്. ഇങ്ങനെ ഒരു വിവരവുമില്ലാതെ ഒന്നിന്റെ പിറകെ എത്രയാന്നു വെച്ചിട്ടാ ?"

"ഞാൻ പറഞ്ഞല്ലോ പ്രവീൺ, എനിക്ക് സമയം വേണം. കാത്തിരിക്കാൻ പറ്റുമെങ്കിൽ കാത്തിരിയ്ക്കാൻ പറയൂ ഇന്ദുവിനോട്."


ഇറങ്ങി താഴെ പാർക്കിങ്ങിൽ എത്തിയപ്പോൾ, ഇന്ദുവിന്റെ കാൾ വന്നു.

"എന്തായി കുഞ്ഞേട്ടാ ? അയാളോടിച്ചോ ?"

"മോളേ, നീ പനമ്പള്ളി നഗറിലെ കോഫീഷോപ്പിലേക്ക് വാ. നമ്മടെ ഹരീഷിന്റെ. ഞങ്ങളവിടെ കാണും."

ഞങ്ങളവിടെയെത്തി ഒരു പത്തു മിനിറ്റിൽ അവളുമെത്തി.

മുഖം കണ്ടാലറിയാം ടെൻഷനിലാണെന്ന്.

"ഇരിക്ക്."

"കുഞ്ഞേട്ടാ , കളിപ്പിക്കാതെ പോയ കാര്യം എന്തായീന്ന് പറ."

ഞാൻ നടന്നതൊക്കെ പറഞ്ഞു.

"മോളേ, നീയത് വിട്ടേക്ക്. അച്ഛനോടും അമ്മയോടും ഞാൻ എന്തേലും പറഞ്ഞോളാം."

"വേണ്ട കുഞ്ഞേട്ടാ, ഞാൻ സമ്മതിക്കുന്നില്ലയെന്ന് പറഞ്ഞാ മതി. ഇല്ലെങ്കിൽ ഇനിയും നിർബന്ധം കൂടും."

അവൾ പോകാനെഴുന്നേറ്റു.

"അപ്പോയിനി നീയെന്താ ചെയ്യാൻ പോണേ?"

"അദ്ദേഹം കൂടെ കൊണ്ടു നടക്കേണ്ട പുസ്തകമില്ലേ , അതാണ് ഞാൻ."

അതും പറഞ്ഞ് അവളിറങ്ങി.

വല്ലാത്തൊരു കുട്ടി. ഞാനെന്നോട് തന്നെ പറഞ്ഞു.

"സാരമില്ല ചേട്ടായീ. ഇങ്ങനെ അവനെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ ഇവിടെയിട്ടിട്ട് അവനെത്ര ദൂരം പോകാൻ ? ഏറിയാലൊരു ആറു മാസം. അതു കഴിഞ്ഞാൽ നമുക്കൊരു സദ്യയുണ്ണാം. ഉറപ്പ്." പ്രവീൺ പറഞ്ഞു.

അവൾ പോകുന്നതും നോക്കി ഞങ്ങൾ അവിടെതന്നെയിരുന്നു.


◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆


Rate this content
Log in

Similar malayalam story from Drama