സ്നേഹത്തിന്റെ വാതിൽ
സ്നേഹത്തിന്റെ വാതിൽ
"കുഞ്ഞാവേ,
നിനക്കവിടെ സുഖമാണോടീ ? നീ പോയതിനു ശേഷം ഞങ്ങൾക്ക് ഒരു സന്തോഷവുമില്ലെടീ. നിന്നെ പറഞ്ഞു വിടേണ്ടായിരുന്നു എന്ന് എപ്പോഴും തോന്നും. നിന്റപ്പയ്ക്ക് എന്നും അസുഖമാണ്. പ്രശ്നം കൂടുതലും മനസ്സിന്റെയാണെന്നാ ശ്രീകുമാരൻ ഡോക്ടറ് പറഞ്ഞത്. നിന്നെ കാണാഞ്ഞിട്ടാണെന്ന്. എന്ന് വെച്ച് നീ വിഷമിക്കേണ്ട, ഞാനുണ്ടല്ലോ എല്ലാത്തിനും. എനിക്കാവുന്നിടത്തോളം ഞാൻ നോക്കും. പിന്നെ നീ വന്ന് കൊണ്ട് പൊയ്ക്കോളണം. ഈ പിണക്കമൊന്നും കാര്യമാക്കണ്ട കേട്ടോടീ. അതൊക്കെ നിന്നെകാണുമ്പ മാറിക്കോളും.
അമ്മാമ്മയുടെ ഓർമ്മദിവസമാണ് അടുത്ത ഞായറാഴ്ച. മോള് സമയം കിട്ടുവാണേൽ പള്ളീപ്പോയി പ്രാർത്ഥിക്കണം.
നിന്നെ പെണ്ണാലോചിച്ച ആ പയ്യനില്ലാരുന്നോടീ പാലക്കലെ,ജസ്റ്റിൻ. അവന്റെ കല്യാണമായിരുന്നു കഴിഞ്ഞാഴ്ച. ഞാൻ പോയിരുന്നു. വിളിച്ച് പോവാതിരുന്നാ മോശമല്ലേടീ. കല്യാണത്തിന് ഒരാഴ്ച മുമ്പ് അവനെ വഴിയിൽ വെച്ച് കണ്ടാരുന്നു. എന്റെ കൈ പിടിച്ച് കുറച്ചു നേരം നിന്നു. ഒന്നും മിണ്ടിയില്ല. ഞാനും ഒന്നും മിണ്ടിയില്ല. എനിക്ക് കരച്ചിൽ വന്നാരുന്നു കേട്ടോ? അവൻ കാണാതെ ഞാനതങ്ങ് തുടച്ചു കളഞ്ഞു. അവനെ കെട്ടിയിരുന്നേ നീ ഇവിടെത്തന്നെ കാണുമായിരുന്നല്ലോ. ആലോചിക്കുമ്പോ എനിക്ക് പിന്നേം.
അടുക്കള ഭാഗത്തു നീ നട്ട ആ തേൻവരിക്ക കായ്ച്ചു കേട്ടോ. ആരോ മലപ്പുറത്ത് നിന്ന് തന്നതല്ലേ? നിറയെ കായ്ച്ചിട്ടുണ്ട്. പക്ഷെ പറിക്കാനും കഴിക്കാനുമൊന്നും തോന്നുന്നില്ലെടി. നിനക്കല്ലാരുന്നോ ചക്കേടെ പ്രാന്ത്. പണിക്ക് വരുന്ന മാതയോട് എടുത്തോളാൻ പറഞ്ഞു. അവർക്ക് അതൊരു സന്തോഷമാവും.
പിന്നെഡീ മോളേ, എന്റെയീ വയറുവേദന എന്നേം കൊണ്ടേ പോവൂന്നാ തോന്നുന്നു. വല്ലാത്ത വേദന. ഇവിടെ താലൂക്കാശുപത്രീലെ രമാദേവി ഡോക്ടറെ കാണിച്ചു. അവര് സ്കാൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. അടുത്തൊരു ദിവസം ചെയ്യാം. അതിന് മഞ്ചേരിക്ക് പോണം. അല്ലെങ്കി പെരിന്തൽമണ്ണയ്ക്ക്. ബസ്സിലൊന്നും കേറിപ്പോകാൻ വയ്യെടീ. വല്ലാത്ത ക്ഷീണമാ."
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
കത്ത് വായിച്ചു കഴീഞ്ഞ്, കിട്ടിയ പോലെ തന്നെ മടക്കി ഞാനത് മേശക്ക് മുകളിൽ വെച്ചു. കണ്ണീര് ഞാനൊളിപ്പിച്ചു. എന്റെ സാന്ദ്രമോൾക്ക് ഞാനിതു പോലെ കത്തെഴുതുമോ? ഇനിയിപ്പോൾ എഴുത്തൊന്നുമുണ്ടാവില്ല . ആ കാലമൊക്കെ കഴിഞ്ഞില്ലേ. മെയിൽ ചെയ്യുമായിരിക്കും. മുന്നിലാരോ വന്നതറിഞ്ഞ് ഞാൻ തലയുയർത്തി. HC ജോർജാണ്.
"എല്ലാം കഴിഞ്ഞോ ജോർജേട്ടാ?"
"മഹസറെഴുതി, സാക്ഷിമൊഴിയെടുത്തു. ഇനി പോസ്റ്റ് മോർട്ടത്തിനെടുക്കാം, സാറേ."
"സംശയിക്കാൻ എന്തെങ്കിലും ?"
"തോന്നുന്നില്ല സാറേ. ആന്റണിച്ചേട്ടൻ മരിച്ചിട്ട് നാലു ദിവസമേ ആയുള്ളൂ. അതിന്റെ ഒരു ദുഃഖത്തിൽ ആവാനേ സാധ്യതയുള്ളൂ. "
"ഇവരുടെ ഈ കത്തിൽ പറയുന്ന മകളോ ? അവളെവിടെയാ ?"
"വലിയ കഥയാ സാറേ. ഒറ്റ മോളായിരുന്നു. നഴ്സിംഗ് പഠിക്കാൻ കോഴിക്കോട് പോയതാ. അവിടന്ന് ഒരു കാക്കചെക്കന്റെ കൂടെ ചാടിപ്പോയി. പ്രേമത്തിന് കണ്ണും മൂക്കും മതവുമൊന്നുമില്ലല്ലോ."
"എന്നിട്ട് ഇവര് അന്വേഷിച്ചതൊന്നുമില്ലേ ?"
"അവള് പിന്നെ വന്നാരുന്നു. പക്ഷേ ഞങ്ങൾക്ക് ഇങ്ങനൊരു മോളില്ലാന്നും പറഞ്ഞ് ആന്റണിച്ചേട്ടൻ ഇറക്കിവിട്ടു."
"എറക്കിവിട്ടെന്ന് പറഞ്ഞാൽ ?"
"ചവിട്ടി പുറത്താക്കി എന്ന് പറഞ്ഞ പോലെ തന്നെ. നീ ഞങ്ങടെ മോളല്ല, ഞാൻ ചത്താൽ എന്റെ മുഖം കാണാൻ പോലും വന്നേക്കരുത്, നീ ചത്താൽ നിന്റെ ശവം കാണാൻ ഇവിടന്ന് ആരും വരികേല എന്നും പറഞ്ഞ് അതിനെ ആട്ടിയിറക്കി വിട്ടു."
"എന്നിട്ട് അവൾ എങ്ങോട്ട് പോയി ?"
"ആ പോക്ക് നേരെ റെയിൽവേ ട്രാക്കിൽ അവസാനിച്ചു. ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തു സാറേ. പെണ്ണിന് വിശേഷമുണ്ടായിരുന്നു. സന്തോഷവാർത്ത അപ്പനോടും അമ്മയോടും പറയാൻ വന്നതായിരുന്നു."
ജോർജേട്ടൻ പിന്നെ ഒന്നും പറഞ്ഞില്ല. ഞാനും. ഞാനാ കത്തെടുത്ത് അതിന്റെ അവസാനം ഒന്നു കൂടി വായിച്ചു . അത് ഇപ്രകാരമായിരുന്നു :
"അപ്പനെപ്പോഴും പറയും, എല്ലാ വാതിലും ഞാനവൾക്കു മുന്നിൽ അടച്ചു വെച്ചു. സ്നേഹത്തിന്റെ ഒരു വാതിലെങ്കിലും തുറന്നിടാമായിരുന്നു, നിനക്ക് വേണ്ടി. നമ്മുടെ കുഞ്ഞാവയല്ലേ അവളെന്ന്. എന്നെങ്കിലും ഓടി വരാൻ അവൾക്ക് ഈ വീടല്ലേ ഉള്ളെന്ന്. "
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
കത്ത് തിരിച്ചു വെച്ചപ്പോൾ തന്നെ ഞാനുറപ്പിച്ചിരുന്നു, ഷാഹിയെ അവളുടെ വീട്ടിൽ കൊണ്ടു പോകണം, സ്നേഹത്തിന്റെ ആ ഒരു വാതിൽ തുറപ്പിക്കണം എന്ന്. നാളെ എന്റെ മോളും ചിലപ്പോൾ അതാഗ്രഹിച്ചേക്കാം. ഞാനത് തുറന്നു തന്നെ വെക്കട്ടെ.
