Sheena Aami

Romance Tragedy

4.8  

Sheena Aami

Romance Tragedy

ഓർമയിലെ രക്തപുഷ്പം...

ഓർമയിലെ രക്തപുഷ്പം...

6 mins
733


"ഒരു രക്തപുഷ്പത്തിന്റെയോർമയ്ക്ക്..."


കടും ചുവപ്പ് ചായത്തിലുള്ള കട്ടിയുള്ള ഉരുണ്ട അക്ഷരങ്ങൾക്ക് താഴെ, കറുത്ത് കരിഞ്ഞു എന്നോ ദ്രവിച്ച് പോയ, ഇനിയും പേരെന്തെന്ന് അയാൾക്കറിയാത്ത ഏതോ ഒരു പുഷ്പത്തിന്റെ, അയാൾക്ക്‌ മാത്രം തിരിച്ചറിയാനാവുന്ന അവസാനത്തെ ഒരടയാളം മാത്രമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളു...


കറുത്ത് ചുരുണ്ട് നിബിഢമായ കാർകൂന്തലിനെ അലങ്കരിച്ചിരുന്ന, വെള്ളക്കല്ല് പതിച്ച ആ വലിയ ജിമിക്കിക്ക് തൊട്ട് താഴെ, ചെവിയോട് പറ്റിച്ചേർന്ന് ഒരു ദിവസം പോലും മുടങ്ങാതെ അവൾ ചൂടിയിരുന്ന ആ ചുവന്ന പുഷ്പം. ഒരു നിമിഷത്തേക്കെങ്കിലും ആ ചുവന്ന പൂവാകുവാൻ സാധിച്ചിരുന്നെങ്കിലെന്ന് മോഹിച്ചിട്ടുണ്ട്. സ്ഥലകാലങ്ങൾ സ്തംഭിച്ച് നിന്ന് പോയിട്ടുണ്ട് പലപ്പോഴും. ആ കരിങ്കൂവള മിഴികൾക്ക് മുന്നിൽ...


ശ്വസിക്കുന്ന ശ്വാസത്തിലും, ജീവാത്മാവിന്റെ ഓരോ പരമാണുവിലും രക്തവർണത്തിൽ ചാലിച്ച ചെങ്കൊടിയുടെ ചുവപ്പും പേറി നടന്ന, കോളേജിലെ ധീരവിപ്ലവനായകനായ ആ ഇരുപത്തിരണ്ടുകാരൻ പതറിപ്പോയത് അവളുടെ മുന്നിൽ മാത്രമായിരുന്നു...


വിപ്ലവം കൊടുമ്പിരികൊണ്ട നാളുകളിലെ ഒരു പകലിൽ, ഇടിമുഴക്കങ്ങൾ പോലെ മുഴങ്ങുന്ന മുദ്രാവാക്യങ്ങൾക്കിടയിൽ, അവന്റെ തൊട്ടടുത്ത്, കടും ചുവപ്പ് നിറത്തിലുള്ള കുപ്പിവളകളണിഞ്ഞ കയ്യിന്റെയുടമയെ കാറ്റിൽ പറന്നുയരുന്ന ചെങ്കൊടികൾക്കിടയിലൂടെ അവൻ ആദ്യമായി കണ്ടു. അവൾ... ജാനകി...


നെറ്റിയിലെ ചുവന്ന കുങ്കുമപ്പൊട്ടും കരിങ്കൂവളമിഴികളിലെ അടങ്ങാത്ത ആവേശത്തിന്റെ അഗ്നിനാളങ്ങളും അന്നാദ്യമായി കാണുകയായിരുന്നു... പിന്നീട് അതൊരു പതിവായി മാറി. ആ കരിങ്കൂവളമിഴികളായിരുന്നു അവനെ ആദ്യം അവളിലേക്കാകർഷിക്കുന്നത്.


സമരമുഖത്തെ അടങ്ങാത്ത ആവേശത്തിന്റെ അഗ്നിനാളങ്ങളിൽ നിന്നും ലൈബ്രറിയിലെ ഭയാനകമായ നിശ്ശബ്ദതയിലേക്കുള്ള അവളുടെ പരകായപ്രവേശം പലപ്പോഴും അത്ഭുതപ്പെട്ടുത്തി. വല്ലപ്പോഴും മാത്രം ലൈബ്രറിയിലെ സന്ദർശകനായിരുന്ന ഒരു ഇരുപത്തിരണ്ടുകാരൻ പിന്നീടവിടത്തെ നിത്യസന്ദർശകനായി മാറിയതിന് പിന്നിലെ കാരണം ആ കരിങ്കൂവളമിഴികളായിരുന്നുവോ...??


വല്ലപ്പോഴുമൊരു ചിരി, അല്ലെങ്കിൽ ഒന്നോ രണ്ടോ വാക്ക്. അത് പോലും അപ്രാപ്യമായിരുന്ന കാലം. ചിന്തകളിലെ സമാനതകൾ പരസ്പരമടുപ്പിച്ചു. വിപ്ലവത്തിന്റെ നായകന് അവന് യോജിച്ച മറ്റൊരു സഖിയെ ആ കലാലയത്തിലെങ്ങും കണ്ടെത്തുവാനാവുമായിരുന്നില്ല. അവകാശങ്ങൾക്ക് വേണ്ടി ഉയർത്തുന്ന ശക്തമായ ആ കരങ്ങളെ തന്റെ കരങ്ങളോട് ചേർത്ത് ബന്ധിക്കുവാൻ അവനാഗ്രഹിച്ചു.


അടിയുറച്ച് വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ കറകളഞ്ഞ സഖാവ് മാത്രമായിരുന്നവന്റെയുള്ളിൽ പിന്നീടെപ്പോഴാണ് ആ കരിങ്കൂവള മിഴികൾക്ക് വേണ്ടി മാത്രമായി മറ്റൊരു സഖാവുണ്ടാവുന്നത്? അവളുടെ സഖാവേയെന്ന ആ വിളിക്ക് പകരംവെക്കുവാൻ ജീവിതത്തിലിന്നേവരെ മറ്റൊന്നിനും സാധ്യമായിട്ടില്ലെന്നയാൾക്ക് തോന്നി ...


കമ്മ്യൂണിസവും സാഹിത്യവും തമ്മിൽ നിർവ്വചിക്കാനാവാത്ത അഭേദ്യമായ ഒരു ബന്ധമുള്ളത് പോലെ അവനും അവളും പലപ്പോഴും കൂടിക്കുഴഞ്ഞിരുന്നു. പരസ്പരം വേർതിരിച്ചറിയാനാവാത്ത വിധം.


പാർട്ടിയോഫീസിലെ മീറ്റിങ്ങുകൾ പലപ്പോഴുമുള്ള കൂടിക്കാഴ്ചകൾക്ക് വഴിവെച്ചു. പിന്നീടത് ആ നാലുചുവരുകൾക്ക് പുറത്തേക്ക് വ്യാപിച്ചു. കലാലയത്തിന്റെയങ്കണത്തിലെ ഗുൽമോഹറുകൾ നിഴൽ വീഴ്ത്തിയ ഇരുളിൽ, എന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന കരിങ്കൂവള മിഴികളിലെ തിളക്കത്തിന് മൂന്നാമതൊരാൾക്ക് നിർവ്വചിക്കാനാവാത്ത അർത്ഥതലങ്ങളുണ്ടായിരുന്നു...

അന്ന്.... ഇടവപ്പാതിതോർന്ന ഒരു സായംസന്ധ്യയിൽ ഗുൽമോഹറിന്റെ ഇലത്തുമ്പിൽനിന്ന് ഇറ്റ് വീഴുന്ന മഴത്തുള്ളിയെ കൈപ്പിടിയിലൊതുക്കി അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പതിയെ പറഞ്ഞു.

"എനിക്ക് സഖാവിനോട് പ്രണയമായിരുന്നു..."

അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു... നിമിഷങ്ങളോളം...


പിന്നീട് പ്രസ്ഥാനത്തിന്റെ ചൂടും ചൂരും തങ്ങിനിൽക്കുന്ന ആ നാലു ചുവരുകൾക്കുള്ളിലെ ഇരുളിൽ... തന്റെ പ്രിയ സഖാവ് ചെകുവേരയെ സാക്ഷിയാക്കി, മഴമുത്തുകൾ തിളങ്ങുന്ന ഗുൽമോഹറിന്റെ ഇതളുകളാൽ കൊരുത്ത രക്തവർണത്തിലുള്ള ഹാരം അവൻ അവളുടെ കഴുത്തിലണിയിച്ചു. കൊയ്ത്തരിവാളിൻ തുമ്പിലമർത്തിയ ചെഞ്ചായം കലരുന്ന വിരൽത്തുമ്പിനാൽ അവൾക്ക് സിന്ദൂരം ചാർത്തുമ്പോൾ ആ കരിങ്കൂവളമിഴികൾ ഒരുനിമിഷത്തേക്കടയുന്ന ചിത്രം അവൻ എന്നും തന്റെ ഹൃദയത്തോട് ചേർത്തുവെച്ചാസ്വദിച്ചിരുന്നു.


അന്ന്......അവളുടെ കയ്യോട് കൈചേർത്ത് വെച്ച് ജീവിതകാലം മുഴുവൻ അവളുടെ സഖാവായി കൂടെയുണ്ടായിക്കൊള്ളാമെന്ന് അവൻ അവൾക്ക് വാക്ക് നൽകിയിരുന്നു... ബിരുദപഠനം അവസാനിക്കാറാവുമ്പോഴേക്കും അവളോടൊത്തുള്ള ഒരു ജീവിതമായിരുന്നു മനസ് നിറയെ... പിന്നീടെപ്പോഴാണ് അവന് പിഴച്ചുതുടങ്ങിയത്?


കടപ്പാടുകളാൽ ബന്ധനസ്ഥമാക്കപ്പെട്ട കരങ്ങൾ മരണക്കിടക്കയിലെ അമ്മാവന് അവസാനമായി കൊടുത്ത വാക്കിനെ പരിപാലിക്കുവാൻ മറ്റൊരു വാക്ക് ഉടയ്ക്കണമായിരുന്നു. സ്വന്തം പെണ്ണിന് കൊടുത്ത വാക്കിനെ പോലും സംരക്ഷിക്കാനാവാത്തവൻ പിന്നീടൊരിക്കലും ഒരു സഖാവായിരുന്നില്ല.

"ഒന്ന് കാണണം... " എന്ന് മാത്രമെഴുതിയ അവളുടെ കുറിപ്പ് പലയാവൃത്തി വായിച്ചു.

പതിവ് പോലെ ഗുല്മോഹറിന് കീഴെ അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു. മുഖത്ത് നോക്കാതെ അവൻ ചവച്ച്തുപ്പിയ വാചകങ്ങൾ...


ഹൃദയം വാർന്ന് രക്തമൊഴുകുമ്പോഴും മന്ദഹസിക്കുന്ന തന്റെ പെണ്ണിനെ അഭിമുകീകരിക്കാനാവാതെ ഒരു ഭീരുവിനെ പോലെ പതർച്ചയോടെ അവനവളുടെ മുന്നിൽ നിന്നു. ഉള്ളിൽ ആർത്തിരമ്പുന്ന ഒരായിരം സമുദ്രങ്ങളുടെ അലയടികൾ അവൾ അവനറിയാതിരിക്കുവാൻ സമർത്ഥമായി ഒതുക്കിവെച്ചിരുന്നു.

അവനെ അവൾ ഒര് നോക്ക് കൊണ്ട്പോലും തടഞ്ഞില്ല...

ഒരുപക്ഷെ അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ അവൻ തീർത്തും ദുർബലനായിപ്പോവുകയോ, അല്ലെങ്കിൽ മറ്റ് യാതൊന്നിനും തന്നെ തടയാനാവാത്തവിധം പതിന്മടങ്ങ് ശക്തിയോടെ അവനവളിലേക്ക് ഓടിയടുക്കുകയോ ചെയ്യുമായിരുന്നു...

"സഖാവിനെ.... നിക്ക് മനസിലാവും. പൊയ്ക്കോളൂ..." എന്ന് മാത്രം പറഞ്ഞു.

എന്നും രാമനാലുപേക്ഷിക്കപ്പെടേണ്ടവളല്ലോ ജാനകി...


പിന്നീട് കലാലയജീവിതത്തോട് വിടപറഞ്ഞത്, തികച്ചും പരമ്പരാഗത രീതിയിൽ കല്യാണിയുടെ കഴുത്തിൽ വരണമാല്യമണിയിക്കുമ്പോൾ, ഒരു വിപ്ലവകാരിയുടെ അടങ്ങാത്ത ആവേശവും കണ്ണുകളിലെ അഗ്നിനാളങ്ങളും എങ്ങോ നഷ്ടമായിരുന്നു. മുൻപെങ്ങോ ഒരു വിപ്ലവകാരിയുടെ രക്തസിന്ദൂരമണിഞ്ഞ വെൺമേഘക്കീറിനെ അനുസ്മരിപ്പിക്കുന്ന നെറ്റിക്ക് താഴെ കരിങ്കൂവളമിഴികൾ ഹൃദയത്തിനെ കുത്തിത്തുളയ്ക്കുന്നുണ്ടായിരുന്നൂവപ്പോഴും... ആ മിഴികളുടെ ഉടമയാകട്ടെ... അവനിൽ നിന്ന് എങ്ങോ അകന്നിരുന്നു. ദൂരെ ... ദൂരെ...


ലോകമെന്തെന്നറിയാത്ത, വിപ്ലവമോ സാഹിത്യമോ കേട്ട്കേൾവിപോലുമില്ലാത്ത, പത്താന്തരം തികയ്ക്കാത്ത തനി നാട്ടിൻപുറത്തുകാരി കല്യാണിക്ക് മുന്നിൽ സഖാവ് ബാലചന്ദ്രനില്ലായിരുന്നു. അവളുടെ മാത്രം ബാലേട്ടൻ... അവളുടെ ആ വിശ്വാസം ഒരിക്കൽ പോലും തകർക്കാതിരിക്കാൻ ശ്രമിച്ചു. അല്ലെങ്കിലും സഖാവ് ബാലചന്ദ്രൻ പാലിക്കപ്പെടാതെ പോയ വാക്കിന്റെ ഭാരത്തിനടിയിൽ ഞെരിഞ്ഞമർന്നെന്നോ ഇല്ലാതായിരുന്നുവല്ലോ...


കാലം മാറി. മണ്ണടിഞ്ഞുവീണ വിപ്ലവകാരികൾക്ക് ഉയിർത്തെഴുനേൽപ്പില്ലാതെയായി. വിപ്ലവമെന്ന പദം എന്നോ കാലഹരണപ്പെട്ടു. ബാക്കിയാക്കപ്പെട്ട കമ്മ്യൂണിസം പുസ്തകങ്ങളിൽ മാത്രമായൊതുങ്ങി.


വർഷങ്ങൾക്കിപ്പുറം ബാലൻമാഷെന്ന റിട്ടയേർഡ് അദ്ധ്യാപകന്റെ ലോകവും പുസ്തകങ്ങളിൽ മാത്രമായൊതുങ്ങി. വായിച്ചു തീർക്കുന്ന ഓരോ അക്ഷരങ്ങളും അയാളെ സംബന്ധിച്ചിടത്തോളം ആർക്കോവേണ്ടിയുള്ള സമർപ്പണങ്ങളാണ്. "സ്കൂളീന്ന് പോന്നിട്ടും പുസ്തകങ്ങളെന്നെ കൂട്ട്" എന്ന കല്യാണിയുടെ പരിഭവങ്ങൾക്ക് മറുപടിയായി അയാൾ പുഞ്ചിരിക്കുക മാത്രം ചെയ്തു. പ്രിയപ്പെട്ട എഴുത്തുകാർക്ക് വേണ്ടി അയാളൊരു മുറിയൊരുക്കി. ഒഴിവ് സമയങ്ങളിൽ അവരോട് സംവദിച്ചു. മുറിയിലെ ഏറിയ ഭാഗവും സീത കയ്യടക്കിയതിൽ മറ്റ് എഴുത്ത്കാർക്ക് പരിഭവമുണ്ടോയെന്ന് അയാൾ അന്വേഷിക്കാറില്ല. മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന എന്തോ ഒന്ന് അയാൾ അവരിൽ കണ്ടെത്തി. അവരുടെ സൃഷ്ടികളോടാണയാൾക്കാരാധന. അവരുടെ അക്ഷരങ്ങൾ അയാളെ പലപ്പോഴും ചുട്ടുപൊള്ളിക്കാറുണ്ട്. നഷ്ടബോധത്തിന്റെ നിഴൽ വീണ് ചിതറിക്കിടക്കുന്ന അവരുടെ അക്ഷരങ്ങൾ അയാളെ ഭൂതകാലത്തിന്റെ അഗാതഗർത്തങ്ങളിലേക്ക് വലിച്ചിഴയ്ക്കാറുണ്ട് പലപ്പോഴും.


ഉമ്മറക്കോലായിലെ ചാരുകസേരയിൽ വെറുതെ കണ്ണടച്ച് കിടക്കുമ്പോൾ ഇന്നും ചിമ്മിയടയുന്നൊരു കരിങ്കൂവളമിഴികളോടൊപ്പം സഖാവേ... എന്നൊരു വിളിയൊച്ച നിശ്ശബ്ദതയിലെങ്ങോ മുഴങ്ങിക്കേൾക്കാറുണ്ട്.

ഒന്ന് കണ്ടൂടെ സഖാവേ...? ഒരിക്കൽ... ഒരിക്കൽ മാത്രം...

മഴ തോർന്ന ഒരു സായംസന്ധ്യയിൽ പറമ്പിന്റെ വടക്കേ അറ്റത്ത് നിഴൽ വീഴ്ത്തി നിൽക്കുന്ന ഗുൽമോഹറിന്റെ ചില്ലയിൽ നിന്നും ഇറ്റ് വീഴുന്ന മഴത്തുള്ളികൾ അയാളോടങ്ങനെ മന്ത്രിച്ചതിൽ തെറ്റ് പറയാനാവില്ലല്ലോ? കല്യാണം കഴിഞ്ഞ് ആറാം നാൾ കല്യാണി നട്ട കുഞ്ഞു തയ്യ്. ഇന്നത് വളർന്ന് പടർന്ന് പന്തലിച്ച് പൂത്തുലഞ്ഞു നിൽകുമ്പോൾ, കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷങ്ങളുടെ ഭാരവും പേറി നിൽക്കുന്ന അവളിലെ നോവ് ആരറിയാൻ?


ചെമ്മണ്ണ് ചുവപ്പിച്ച കല്യാണിയുടെ കയ്യിലേക്കൊന്ന് നോക്കിയിട്ട് "ന്തിനാപ്പോത്?" എന്നൊരു ചോദ്യം കൊണ്ട് അന്നവളെ വിലക്കാനാഗ്രഹിച്ചു.

"വളർന്ന് വലുതായി പൂത്താ തൊക്കെര് ഭംഗിയല്ലേ ബാലേട്ടാ...? നല്ല ചോന്ന നിറത്തില് പൂത്ത് നിക്കണ കാണാൻ? "

പിന്നീടൊന്നും പറഞ്ഞില്ല. അതെ...ഭംഗി. ചോന്ന നിറത്തിന്റെ ഭംഗി... മണ്ടിപ്പെണ്ണിന് എന്തറിയാം? തന്റെ.... രക്ത പുഷ്പത്തിന്റെയോർമയ്ക്ക്, അവൾ... കല്യാണി നട്ടമരം. എത്ര വിചിത്രം. മണ്ടിപ്പെണ്ണ്... അവൾക്കെന്തറിയാം?


ഒരുപാടാന്വേഷിക്കേണ്ടിവന്നില്ല ആ വലിയ തറവാട്ടുമുറ്റത്തെത്താൻ. ഇത്രയും വർഷങ്ങൾക്കിപ്പുറം ജാനകിയെ അന്വേഷിച്ച് ഒരു സഹപാഠി അവിടെയെത്തിയതിൽ ആർക്കും അമ്പരപ്പോ ആശ്ചര്യമോ കണ്ടില്ല. അവിടെനിന്ന് കുറിച്ച് നൽകിയ കടലാസുതുണ്ട് അയാളുടെ കയ്യിലിരുന്ന് എന്തിനെന്നറിയാതെ വിറകൊണ്ടു. അക്ഷരങ്ങൾക്ക് മങ്ങലേറിവരുന്നു...


പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഭവനം. ചുറ്റും ശാന്തമായ അന്തരീക്ഷം. എവിടെനിന്നൊക്കെയോ കിളികൾ ചിലയ്ക്കുന്നു. മുറ്റത്തിന്റ ഒത്തനടുക്ക് തുളസിത്തറ.


ഉമ്മറത്തെ മണിമുഴക്കശബ്ദം ഏതാനും നിമിഷത്തേക്ക് നിശബ്ദതയിൽ വീണ്ടും പ്രതിധ്വനിക്കുന്നത് പോലെ തോന്നി. അയാൾ കുറച്ച് നേരം കാത്തു. വാതിലിന്റെ വിജാഗിരി നിരങ്ങുന്നതിന്റെ ശബ്ദം. ഹൃദയം ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങിയിരിക്കുന്നു. വാതിൽ പാളികൾ ചെറിയ ഞെരക്കത്തോടെ തുറന്നു. ഒരു നിമിഷം അയാളുടെ മിഴികൾ പിടഞ്ഞു. ഇല്ല...അവളല്ല. മുന്നിൽ നിൽക്കുന്നത് പാട്ടുപാവാടയുടുത്ത ഒരു കൗമാരക്കാരിയാണ്.

"ജാനകി..." നേർത്ത വിറയലോടെ ആ പേരുച്ചരിച്ചു...

"അമ്മാ..... ഉങ്കളെ പാക്ക യാരോ വന്തിരുക്കാങ്കെ... "

"കയറിയിരിക്കാൻ പറ കുട്ട്യേ... "ശബ്ദത്തിനോടൊപ്പം ഇരുളിൽ നിന്നും വെളിച്ചത്തിലേക്കൊരു രൂപം തെളിഞ്ഞു വരുന്നു. ഒരു നിമിഷം തന്റെ ഹൃദയമിടിപ്പ് നിലച്ചുവോയെന്ന് അയാൾക്ക്‌ തോന്നി.


അതെ... അവൾ... ജാനകി. അതേ രൂപം. കാര്യമായ മാറ്റങ്ങളൊന്നുമില്ല. നെറ്റിയിലെ ആ ചുവന്ന വലിയ പൊട്ടിന് പോലും...

മുഖത്തെ ആ വലിയ കണ്ണട ആ കരിങ്കൂവളമിഴികളെ മറച്ചിരിക്കുന്നു. സാരിത്തലപ്പാലെ സ്വയമൊരു കവചം തീർത്തിട്ടുണ്ട്. നെറ്റിയിൽ അങ്ങിങ്ങ് ചിതറിവീണ വെള്ളിനാരുകൾക്കിടയിൽ നെറുകയിൽ തെളിഞ്ഞു കാണുന്ന സിന്ദൂരം...

ഇപ്പോൾ അയാൾക്ക്‌ പോലും തിരിച്ചറിയാനാവാത്ത ഏതോ ഭാവം തിങ്ങി നിക്കുന്ന ആ കരിങ്കൂവള മിഴികളിലേക്ക് ഒന്നേ നോക്കിയുള്ളൂ...

"ന്തേപ്പോ... ഇങ്ങനെ തോന്നാൻ..?"

നിമിഷങ്ങളുടെ നിശബ്‌ദതയെ ഭേദിച്ചുകൊണ്ട് ആ സ്വരം അയാൾ കേട്ടു. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷങ്ങളായി തന്റെ ഏകാന്തതകളെ കവർന്നെടുത്തിരുന്ന അതേ സ്വരം.


പതിയെ തലചെരിച്ചു ആ മുഖത്തേക്കൊന്ന് നോക്കി. അവൾ സന്ദർഭത്തെ ഉൾക്കൊണ്ട്‌ സാധാരണനിലയിലേക്ക് മടങ്ങി വന്നിരിക്കുന്നു. കരിങ്കൂവള മിഴികളിൽ നിറഞ്ഞ ശാന്തത... ചുണ്ടുകളിൽ മന്ദസ്മിതം. എന്തോ മറുപടി പ്രതീക്ഷിച്ച് തന്റെ മുഖത്തേക്ക് ഉറ്റുനോക്കുന്നു.

"ഒന്ന്... കാണണം ന്ന് തോന്നി..."

ഏതാനും നിമിഷത്തെ മൗനം.

"നിയ്ക്കും ഒന്ന് കാണണം ന്ന് ണ്ടാരുന്നു സഖാവിനെ... ഒരിക്കലെങ്കിലും." മുഖത്തേക്ക് നോക്കാതെയാണത് പറഞ്ഞത്. "കാണാനാവും ന്ന് കരുതീതല്ല. "

"സഖാവ്... വീണ്ടുമൊരിക്കൽകൂടി ആ വിളി കേൾക്കാനാവും ന്ന് ഞാനും കരുതീല. "

വീണ്ടും നിശബ്ദത.


"എങ്ങന്യാ കണ്ട് പിടിച്ചേ?" വിഷയം മാറ്റാനെന്നോണം ഒര് ചോദ്യം. മറുപടി പ്രതീക്ഷിക്കുന്നില്ലെന്ന് തോന്നി. പിന്നെ പറഞ്ഞു. "കുട്ടി ആരോ കാണാൻ വന്നിരിക്കുന്നു ന്ന് പറഞ്ഞപ്പോ വല്ല കോളേജ് കുട്ട്യോളോ മറ്റോ ആവും ന്ന് കരുതി. അവർക്കാണല്ലോ സ്വപ്നം കാണണ പ്രായം. എന്റെ ഭ്രാന്ത്കള് കൂടുതലും വായിക്കണതും അവര് തന്നയാണല്ലോ. ആരും അറിയാനിഷ്ടല്ലാത്തോണ്ടാ പേര്മാറ്റിയെഴുതാന്ന്വച്ചത്. ന്നാലും തെരഞ്ഞു പിടിച്ചെത്തും ചെലോര്. "

"ജാനകി ഇപ്പോഴും...? " അയാൾ അവിശ്വസനീയതയോടെ മുഖമുയർത്തി.

"സീതേടേ... ഒര് ചുകപ്പൻ പ്രണയം വായിച്ചിട്ടില്ല്യെ?" ചെറു ചിരിയോടെയൊര് ചോദ്യം...

"അതെ... സീത..."

കഴിഞ്ഞ വർഷങ്ങളത്രയും കൂടെയുണ്ടായിരുന്ന സീത. ആ വർഷങ്ങളത്രയും താൻ തേടിയലഞ്ഞ കരിങ്കൂവളമിഴികളായിരുന്നുവെന്നോ? അവളുടെ അക്ഷരങ്ങളെയായിരുന്നുവോ താൻ ഇക്കാലമത്രയും ആരാധിച്ചിരുന്നത്? അവളുടെ അക്ഷരങ്ങളിൽ തന്നെയായിരുന്നുവോ താൻ അവളേ തന്നെ തേടിയലഞ്ഞത്?

ജീവിതത്തിന്റെ ഏതോ ഒരു ബിന്ദുവിൽ വെച്ച് താനെന്നോ ഒരിക്കൽ അവളെ ഉപേക്ഷിച്ച് പോന്നിട്ടും തന്നെ വിടാതെ പിന്തുടർന്നവൾ... എന്നും തന്റെ ഏകാന്തതകളെ കവർന്നെടുത്തിരുന്നവൾ... അവൾ സീത. അവൾ തന്നെ ജാനകിയും...


കാലം തന്നോടിക്കാലമത്രയും കാട്ടിക്കൂട്ടിയ വികൃതികളിൽ ഏറ്റവും ക്രൂരമായിയിതിനെ അയാൾക്ക്‌ തോന്നി.

"ദാ... ചായ." തൊട്ടടുത്തെ അവളുടെ സ്വരം അയാളെ ചിന്തകളുടെ കുരുക്കിൽ നിന്ന് മോചിതനാക്കി. കണ്ണുനീർ വന്ന് മൂടിയതിനാൽ കാഴ്ച മങ്ങിയിരിക്കുന്നു. എങ്കിലും ചായ വാങ്ങി...

"ആവി പൊന്തണ ചായയാ. സഖാവിനതാണല്ലോ ഇഷ്ടം... "

ഇഷ്ടം... എന്റെ ഇഷ്ടങ്ങൾ... അതിനാണല്ലോ ഇവിടെയെന്നും മുൻ‌തൂക്കം... എന്നിട്ടുമെന്തേ നീ അന്നെന്നെ ഒര് നോക്ക് കൊണ്ടുപോലും തടഞ്ഞില്ലാ? എന്റെ ഇഷ്ടം നീ മാത്രമായിരുന്നുവല്ലോ സഖാവേ... എന്നും.

മനസ് അലകടൽ പോലെ ഇരമ്പിയാർക്കുന്നു.


അരുത്... അവളുടെ നെറുകയിലെ സിന്ദൂരം അങ്ങനെ വിലക്കുന്നത്പോലെ തോന്നി...

"കല്യാണി... ?" പെട്ടെന്നുള്ള ചോദ്യം ചിന്തയിൽനിന്നുണർത്തി. അവൾ ഒരു ചോദ്യരൂപത്തിൽ തന്നെ നോക്കുകയാണ്.

"ഉവ്വ്... കല്യാണി... സുഖായിട്ടിരിക്കുന്നു." അയാൾ വാക്കുകൾക്കായി പരതി.

"കുട്ട്യോളോ....? "അടുത്ത ചോദ്യത്തിൽ വാത്സല്യം തുളുമ്പി നിൽകുന്നപോലെ...

"ഉവ്വ്... ഉവ്വ്.... ഒരാളേയുള്ളു മീനാക്ഷി. കല്യാണം കഴിഞ്ഞിരിക്കുണു." വീണ്ടും മൗനം.

"അല്ലാ... ഞാൻ ചോദിച്ചില്ലാ... കുട്ട്യോളൊക്കെ? "

"ഇല്ല്യാ." മന്ദസ്മിതം വിടാതെയുള്ള മറുപടി. കുട്ടികളെ പറ്റി ചോദിച്ചത് വിഷമായോ ആവോ? ചോദിക്കേണ്ടിയിരുന്നില്ലാ...

ചോദിക്കാനോ അറിയാനോ തീരെ താല്പര്യമുണ്ടായിട്ടല്ലാ. ഇങ്ങോട്ട് വിശേഷങ്ങള് തിരക്കുമ്പോ എന്തെങ്കിലുമൊക്കെ ചോദിക്കാതിരിക്കുന്നതിന്റെ അനൗചിത്യം ഒന്നുകൊണ്ട് മാത്രം... എന്തെങ്കിലുമൊക്കെ ചോദിക്കേണ്ടതല്ലേ... തന്റെ ഇത്തരം ചിന്തകളെ അയാൾ തന്നെ ശാസിച്ചു. എങ്കിലും തിരിച്ചറിഞ്ഞു. അവളുടെ കാര്യത്തിൽ സഖാവ് ബാലചന്ദ്രനിന്നും സ്വാർത്ഥനാണെന്ന്. അർഹതയില്ലാത്ത തന്റെ സ്വാർത്ഥത. അയാൾക്ക്‌ പുച്ഛം തോന്നി.


"ഭർത്താവ്... ആളിവിടില്ല്യേ...? "ചോദിക്കാൻ നന്നേ ബുദ്ധിമുട്ടി.

മറുപടിവാരനല്പം വൈകി. അവളും നന്നേ ബുദ്ധിമുട്ടുകയാണെന്ന് തോന്നി.

"ഇല്ല്യാ...

ഇല്ല്യാ... കല്യാണം... കഴിച്ചില്ലാ."


നിലത്തേക്ക് മിഴികളൂന്നിക്കൊണ്ട് ഒരിക്കൽക്കൂടി അവൾ അക്ഷരങ്ങളെ പെറുക്കി വെച്ചപ്പോൾ, മനസ്സിലാവാത്തത് പോലെ അയാൾ ഏതാനും നിമിഷത്തേക്ക് ആ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. പിന്നെ നോട്ടം ആ നെറുകയിൽ ചാർത്തിയ സിന്ദൂരത്തിലേക്ക് നീണ്ടു... അതിലൊരായിരം ചോദ്യങ്ങളുണ്ടായിരുന്നു.

അയാളെ അഭിമുകീകരിക്കാനാവാതെയെന്നോണം അവർ വിദൂരതയിലേക്ക് നോക്കി നിന്നു...

അപ്പോഴും ചുണ്ടുകളിൽ തങ്ങി നിന്ന മന്ദസ്മിതത്തിന് അയാളിലെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമുണ്ടായിരുന്നു...

കാലം വെട്ടിയും തിരുത്തിയും, കൂട്ടിയും കിഴിച്ചും വികൃതമാക്കിയ തന്റെ ജീവിതം അയാൾക്ക്‌ മുന്നിൽ അനാവരണം ചെയ്യപ്പെട്ട് കിടന്നു.


ഒരു നിമിഷം ഭൂമിയുടെ മാറ് പിളർന്ന് താനാ അഗാധഗർത്തത്തിലേക്ക് ആണ്ട് പോയിരുന്നെങ്കിലെന്ന് അയാൾ ആഗ്രഹിച്ചു. ഒരു ശില കണക്കെ ഏതാനും നിമിഷം അയാൾ അതേയിരുപ്പിരുന്നു. പിന്നെ സജലങ്ങളായ മിഴികളോടെ ഒന്നും കാണാതെ... ഒന്നും കേൾക്കാതെ... മിണ്ടാതെ... ഇടവപ്പാതിയിലെ ഇനിയും തോർന്ന് തീർന്നിട്ടില്ലാത്ത ആ മഴയിലേക്കിറങ്ങി നടന്നു...

അയാളുടെ കണ്ണുനീരിനെ ഏറ്റുവാങ്ങി മഴത്തുള്ളികൾ ആ നെഞ്ചിലൂടെ പെയ്തിറങ്ങുമ്പോൾ , അയാൾക്ക്‌ പിന്നിൽ ആ കരിങ്കൂവളമിഴികളിലെ ചുടുകണ്ണീർ പകുത്തെടുക്കുവാനാളില്ലാതെ നിലത്ത് വീണുടഞ്ഞുകൊണ്ടിരുന്നു...


Rate this content
Log in

Similar malayalam story from Romance