Pramod Sachidhanandhan

Drama Romance

4.3  

Pramod Sachidhanandhan

Drama Romance

നിള

നിള

9 mins
6.4K


ആരാണ് കണ്ണിലേക്ക് നിറങ്ങൾ കോരി ഒഴിച്ചത്... പച്ച... മഞ്ഞ,ചുവപ്പ്... മുഴുവൻ നിറങ്ങളും കണ്ണിനു ചുറ്റും തത്തി കളിക്കുന്നുണ്ടല്ലോ... സ്വപ്നം ആണെന്നാണ് ആദ്യം കരുതിയത്... കണ്ണ് വലിച്ചുതുറന്നു നോക്കി... ഇല്ല നിറങ്ങൾ മായുന്നില്ല ... കണ്ണിനു മുന്നിൽ തന്നെ ഉണ്ട്... എന്താണിങ്ങനെ? സ്ഥലകാല ബോധം വീണ്ടു കിട്ടാൻ കുറച്ചു സമയം എടുത്തു. മഴ മാറിയിരിക്കുന്നു. കാറിന്റെ വിന്ഡോ ഗ്ലാസിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികളിലൂടെ വെയിൽ ഒരു മഴവില്ലുമായിട്ടാണ് കണ്ണിൽ വന്നു പതിക്കുന്നത്. പണ്ട് ഫിസിക്സ് ക്‌ളാസിൽ പഠിച്ച നിറങ്ങൾ ഏഴും ഉണ്ടോ എന്ന് വെറുതെ എണ്ണി നോക്കി ... വയലറ്റ്... ഇൻഡിഗോ... ബ്ലൂ... ഗ്രീൻ...


" സാർ ഉണർന്നോ?" എണ്ണം തെറ്റിച്ചു കൊണ്ടായിരുന്നു ഡ്രൈവറുടെ ചോദ്യം. റിയർവ്യൂ മിററിലൂടെ തന്നെ നോക്കിയിരിക്കുന്ന അയാളുടെ കണ്ണുകൾ കാണാം... മറുപടി ഒരു മൂളലിൽ ഒതുക്കി. എയർപോർട്ടിൽ നിന്ന് വണ്ടിയിൽ കയറുമ്പോൾ മഴ തകർത്തുപെയ്യുകയായിരുന്നു. പ്രീ പെയ്ഡ് ടാക്സി ബുക്ക് ചെയ്തു കയറി ഇരുന്നതേ ഓർമ്മയുള്ളൂ. എപ്പോഴാണ് മഴ തോർന്നത്... എപ്പോഴാണ് ഉറങ്ങി പോയത്... ആവോ... എവിടെ എത്തി എന്നറിയാൻ പുറത്തേക്ക് നോക്കി. വണ്ടി ഒരു പാലത്തിലേക്ക് കയറുകയാണ്. കുറച്ചു മുൻപിലായി മെട്രോ സ്റ്റേഷൻ കാണാം. ആലുവ എത്തുന്നതെ ഉള്ളു.


"വെയിൽ കാണുന്നുണ്ടല്ലോ... മഴ മാറി എന്ന് തോന്നുന്നു." എന്തെങ്കിലും സംസാരിക്കാം എന്ന് കരുതിയാണ് ഡ്രൈവറോട് ചോദിച്ചത്.


"ഇത് കുറച്ചു സമയത്തേക്കേ ഉണ്ടാകൂ സാർ... മൂന്നാലു ദിവസത്തിനിടയിൽ ആദ്യമായിട്ടാ സൂര്യനെ ഒന്ന് പുറത്തു കാണുന്നത്. ഇനിയും നാലഞ്ച് ദിവസത്തേക്ക് കനത്ത മഴ ആയിരിക്കുമെന്നാ കാലാവസ്ഥാ മുന്നറിയിപ്പ്. ഇങ്ങനെ പോയാൽ കഴിഞ്ഞ വർഷത്തെ പോലെ ആലുവ മുങ്ങുമെന്നാ തോന്നുന്നത്".


വല്ലാത്ത ആശങ്ക നിഴലിക്കുന്നുണ്ടായിരുന്നു അയാളുടെ ശബ്ദത്തിൽ. അതിനും മറുപടി പറഞ്ഞില്ല. താനൊരു അരസികനാണെന്നു അയാൾക്ക് തോന്നിക്കാണണം. പെയ്തു തോർന്ന മഴയുടെ ശക്തി മനസിലാക്കി തന്നുകൊണ്ടു റോഡിലൂടെ വെള്ളം പരന്നൊഴുകുന്നുണ്ട്. പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കി. എയർ പ്ലെയിൻ മോഡ് മാറ്റാൻ മറന്നു പോയിരിക്കുന്നു. മാറ്റിയതും നോട്ടിഫിക്കേഷൻ ബാറിലേക്ക് മെസ്സേജുകൾ എത്തി നോക്കാൻ തുടങ്ങി. ഒരു വാട്സ്ആപ് മെസ്സേജിൽ ആണ് കണ്ണുടക്കിയത്.


"വെയർ ആർ യൂ " തുറന്നു വായിച്ചില്ല. റീഡ് ടിക്ക് കാണണ്ട. എന്തോ ഓർമ്മ വന്നത് പോലെ പെട്ടെന്ന് സൈഡിലേക്ക് നോക്കി.

ഇല്ല... വിൻഡോ ഗ്ലാസിൽ വെയിൽ മഴവില്ലു വരയ്ക്കുനില്ല. ഡ്രൈവർ പറഞ്ഞത് പോലെ വെയിൽ മാറി ഇരിക്കുന്നു. എടുത്തൊഴിച്ചത് പോലെ മഴ വീണ്ടും പെയ്യാൻ തുടങ്ങി. നിറങ്ങൾ... മഴ.. .അവൾ.. .വാതിൽപ്പടിയിൽ മറഞ്ഞുനിന്നെത്തി നോക്കുന്ന ഒരു നാണക്കാരിയെ പോലൊരു ചിരി ചുണ്ടിന്റെ അറ്റത്തു വന്നെത്തി നോക്കിയിട്ട് പോയി. മെട്രോയുടെ തൂണുകളിലെ പരസ്യത്തിൽ ഇരുന്നു ചിരിക്കുന്ന പെൺകുട്ടിക്ക് അവളുടെ ഛായ ഉണ്ടോ ? പിറകിലേക്ക് ഓടുന്ന മെട്രോ തൂണുകൾക്കൊപ്പം ഓർമകളും പിറകിലേക്ക് ഓടി തുടങ്ങി.


നാലു വർഷങ്ങൾക്ക് മുൻപാണ്. തിരുവനംന്തപുരത്തെ ടെക്നോപാർക്ക് കാലം.


ചൂട് സഹിക്കാതെയാണ് മോണിറ്ററിൽ നിന്ന് തല ഉയർത്തി നോക്കിയത്. എന്താണിത്..?ഏ സി വർക്ക് ചെയ്യുന്നില്ലേ ? കുറച്ചു മുൻപിലായി ഹസീന അജുവിനോട് കത്തി വച്ചുകൊണ്ടു നിൽക്കുന്നുണ്ട്.

 

"ഹസീനാ..അഡ്മിനിൽ വിളിച്ചു ഏ സി വർക്ക് ചെയ്യുന്നില്ലെന്നു പറയാമോ ?" കുറച്ചു ഉച്ചത്തിൽ ആണ് ചോദിച്ചത്.

 

"നീ അപ്പോൾ മെയിൽ ഒന്നും കണ്ടില്ലേ... " സ്വർഗ്ഗത്തിലെ കട്ടുറുമ്പായതിന്റെ നീരസമുണ്ടായിരുന്നെന്ന് തോന്നി അവളുടെ തിരിച്ചുള്ള ചോദ്യത്തിൽ. എന്താണ് മെയിലിൽ? ഔട്ട് ലുക്ക് ഓപ്പൺ ചെയ്തു നോക്കി. അൺറീഡ് മെയിലുകളിൽ നിന്ന് അഡ്‌മിനിലെ അളഗപ്പന്റെ മെയിൽ തിരഞ്ഞു പിടിച്ചു തുറന്നു നോക്കി.


ഓഹ് ..ഒരു മണിക്കൂർ ഏ സി മെയിന്റനൻസ് ആക്ടിവിറ്റി... ദേഷ്യം വരുന്നുണ്ട്... സഹിക്കാൻ പറ്റാത്ത ചൂട്.ഒന്ന് രണ്ടു ടേബിൾ ഫാനുകൾ അവിടെ ഇവിടെ ആയി കൊണ്ട് വയ്ക്കുന്നുണ്ട്... അതെന്താവാൻ... ഇവന്മാർക്കിതു ഞായറാഴ്ച്ച വല്ലതും ചെയ്താൽ പോരെ .സ്വയം ചോദിച്ചു കൊണ്ട് സീറ്റിൽ നിന്നെഴുന്നേറ്റു കഫ്തീരിയയിലേക്ക് നടന്നു. കോഫീ മേക്കറിൽ നിന്ന് ഒരു കാപ്പിയുമെടുത്തു ബാൽക്കണിയിലേക്ക് ഇറങ്ങി. അവിടെ നിന്നാൽ മെയിൻ ഗേറ്റിന്റെ ഭാഗത്തെ കാഴ്ചകൾ ഒക്കെ കാണാം. നിരന്നു നിൽക്കുന്ന മരങ്ങളിൽ ഒക്കെയും കടവാവലുകൾ തല കീഴായി തൂങ്ങി കിടക്കുന്നു. ഇവറ്റകൾ എന്തിനാണിങ്ങനെ തല കീഴായി തൂങ്ങി കിടക്കുന്നത്? ഇനി ഭൂമി എപ്പോഴും കണ്ടു കൊണ്ടിരിക്കാനുള്ള ദൈവത്തിന്റെ സി സി ടി വി കാമറകൾ ആണോ ?ഏത് ദൈവം ? ലുക്ക് കൊണ്ട് യുക്തന്മാരുടെ ദൈവമായ ഡിങ്കന്റെ അവതാരമാകാനാണു സാധ്യത... ഉവ്വ്. അത് തന്നെയാണ് ചുവന്ന ജെട്ടിയിട്ട ഡിങ്കനെ പോലെ തന്നെയുണ്ട് അവരെ കണ്ടാൽ. ഒരു പ്രപഞ്ച സത്യം കണ്ടെത്തിയ സന്തോഷത്തിൽ ശ്കതരിൽ ശക്തൻ ഡിങ്കൻ അതാ മരത്തിൽ തൂങ്ങി കിടക്കുന്നു എന്ന് വിളിച്ചു കൂവണം എന്ന് തോന്നി. 


"എന്താ ഇവിടെ പരിപാടി?" ചോദ്യം കേട്ട് തിരിഞ്ഞു നോക്കി. ശാന്തിയാണ്,കൂടെ മനോജും കൈലാസുമുണ്ട്.മറുപടി പറഞ്ഞില്ല കയ്യിൽ ഇരുന്ന കപ്പുയർത്തി കാണിച്ചു.


"പാർക്ക് ക്ലബ്ബിൽ പെയിന്റിംഗ് എക്സിബിഷൻ നടക്കുന്നുണ്ട്... വാ...പോയി നോക്കിയിട്ട് വരാം. ഈ ചൂടത്തിരിക്കുന്നതിനേക്കാൾ നല്ലത് അതാണ്." കൈലാസിന്റെ വാക്കുകളിൽ എപ്പോഴും ഒരാജ്ഞ ഉണ്ടാകും. ട്രൈനിംഗ് മാനേജുരുടെ സ്ഥായീ ഭാവം. അവർക്കോപ്പം പുറത്തേക്ക് നടന്നു.  


ക്ലബ്ബിന്റെ ചുവരുകളിൽ നിറങ്ങളുടെ പൂരമാണെന്നു തോന്നി. ടെക്കികളിൽ ഇത്രയൂം കലാവാസനകൾ ഉള്ളവരൊക്കെ ഉണ്ടോ എന്ന കൈലാസിന്റെ ചോദ്യത്തിൽ 'ഉണ്ട്, വന്നത് കാര്യമായി' എന്ന ധ്വനി. ചിത്രങ്ങൾക്കിടയിലൂടെ നടക്കുമ്പോഴാണ് ഒരു ചിത്രത്തിൽ കണ്ണുടക്കിയത്. കറുപ്പ് ബാക്ക്ഗ്രൗണ്ടിൽ വെള്ള ഫ്രോക്കും വെള്ള ഷൂസും ഇട്ടു നിൽക്കുന്ന ഒരു ചെറിയ പെൺകുട്ടി. ഒരു കൈ കൊണ്ട് തലയിൽ വച്ചിരിക്കുന്ന പാകമല്ലാത്ത തൊപ്പി വീണുപോകാതെ പിടിച്ചിട്ടുണ്ട്. മറ്റേ കയ്യിൽ ആർക്കോ കൊടുക്കുവാനെന്നവണ്ണം പിടിച്ചിരിക്കുന്ന കുറച്ചു ചുവന്ന പൂക്കൾ. നിറങ്ങൾ കോരി ഒഴിച്ച് വച്ചിരുന്ന ചിത്രങ്ങൾക്കിടയിൽ 3 നിറങ്ങൾ കൊണ്ടൊരു ചിത്രം. അതുകൊണ്ടാകണം അതിനോടൊരിഷ്ടം തോന്നിയത്. അടിയിലായി ആർട്ട് ബൈ എൻ എസ് എന്നെഴുതിയിട്ടുണ്ട്.


"എന്താണീ എൻ എസ്സ് ?" ചോദിച്ചത് കൂടെ ഉള്ളവരോടാണെങ്കിലും ഉത്തരം കിട്ടിയത് പിറകിൽ നിന്നാണ്. 


"നിള ...നിളാ സുബ്രമണ്യൻ." 


നിറയെ വെള്ള പൂക്കൾ ഉള്ള കടും ചുവപ്പു ചുരിദാറാണ് ആദ്യം കണ്ണിൽ പെട്ടത്. കുഞ്ഞു മുഖവും കുഞ്ഞു കണ്ണുകളുമുള്ള ഒരു പെൺകുട്ടി.


"ഇത് എന്റെ പെയിന്റിംഗ് ആണ്." അവൾ പറഞ്ഞു. 


"നന്നായിട്ടുണ്ട്." ഒറ്റവാക്കിൽ ഒതുക്കി മറുപടി.


അഭിനന്ദനം ഒരു ചിരി കൊണ്ട് സ്വീകരിച്ചവൾ പിറകിലേക്ക് മാറി. ഓഫീസിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഒരുപാട് നേരമായി എന്ന് മനോജിന്റെ ഓർമപ്പെടുത്തൽ കൊണ്ടാണ് തിരിച്ചു നടന്നത്. നടക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കി,ചിത്രത്തിലെ പെൺകുട്ടിയുടെ കയ്യിലെ ചുവന്ന പൂക്കളിൽ നിന്ന് പടർന്നിറങ്ങിയ ചുവപ്പാണ് അവളുടെ ഡ്രെസ്സിനെന്നു തോന്നി. "പ്രണയത്തിനും വിപ്ലവത്തിനും ചുവപ്പു നിറമാണ്"... എവിടെയോ വായിച്ചു മറന്ന വാക്കുകൾ എന്തുകൊണ്ടോ മനസിലേക്ക് ഓടിയെത്തി.അതവിടെ കഴിഞ്ഞു.നിള അവളുടെ വഴിക്ക് ഒഴുകിപോയി. ഞങ്ങൾ ഞങ്ങളുടെ വഴിക്കും. പക്ഷെ കാലം എന്താണ് നമുക്ക് വേണ്ടി കരുതി വച്ചിരിക്കുന്നത് എന്ന് പറയാൻ കഴിയില്ലല്ലോ


രണ്ടു മാസങ്ങൾ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി. ആയിടയ്ക്കാണ് പാർക്ക് 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾ തുടങ്ങുന്നത്. ആംഭീ തീയേറ്ററിൽ തൈക്കുടം ബ്രിജിന്റെ മ്യൂസിക് ഷോ നടക്കുന്നുണ്ട്. ആൾക്കൂട്ടത്തിനിടയിലൂടെ ഊളിയിട്ട് സ്റ്റേജിനു മുമ്പിലെത്താനുള്ള ശ്രമത്തിനിടയിലാണ് കണ്ണുകളിലേക്ക് ഒരു നീല വെളിച്ചം പടർന്നു കയറിയത്. സൂക്ഷിച്ചു നോക്കുമ്പോൾ തൊട്ടുമുമ്പിൽ ഒരു പെൺകുട്ടിയാണ് അവളുടെ നീല ലാച്ചയിൽ തട്ടി വെളിച്ചമിങ്ങനെ പടരുകയാണ്. മുൻപിലേക്ക് ഒരടിപോലും വെക്കാനാകാത്ത വിധം ആൾകൂട്ടമായി കഴിഞ്ഞു. പാട്ടുകൾക്കൊപ്പം കാണികൾ ഇളകി മറിഞ്ഞു തുടങ്ങി. കൂടെ ഉള്ളവർ എല്ലാം പാട്ടിനൊപ്പം ചുവട് വയ്ക്കാൻ തുടങ്ങിയത് കൊണ്ടാകണം ആ നീല ഡ്രെസ്സുകാരി രണ്ടു ചുവടു പിന്നണിലേക്കിറങ്ങി. ഇപ്പോൾ അവളുടെ മുഖം ശരിക്കും കാണാം. എവിടെയോ കണ്ടുമറന്ന മുഖം.


"ഏയ്...നിള... " ആ വിളി ഒരു റിഫ്ലക്സ്‌ ആക്ഷൻ ആയിരുന്നു. ആളെ മനസിലായി എന്ന് തിരിച്ചറിയും മുമ്പേ നാക്ക് പ്രവർത്തിച്ചു കഴിഞ്ഞിരുന്നു. അവൾക്ക് മനസിലായില്ല എന്ന് ആ നോട്ടം കൊണ്ട് മനസിലായി. 


"നമ്മൾ പെയിന്റിംഗ് എക്സിബിഷനിൽ പരിചയപ്പെട്ടിരുന്നു."


മനസിലായി എന്നരീതിയിൽ അവൾ തലകുലുക്കി.


മനോജും കൈലാസും പ്രഭുദേവയും മൈക്കൽ ജാക്‌സണുമൊക്കെയായി മാറി കഴിഞ്ഞിരുന്നു. അവരോടൊപ്പം ആടി തിമിർക്കണമെന്നുണ്ടായിരുന്നെങ്കിലും ഗുരുത്വാകർശനത്തിൽ പെട്ടപോലെ മനസ് നിളയ്ക്ക് ചുറ്റും വലംവെയ്ക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു. അവൾ ആകെ അസ്വസ്ഥ ആണെന്ന് തോന്നി. സ്റ്റെജിലേക്കവൾ നോക്കിയതേ ഇല്ല. മുന്നിൽ ആടിത്തിമിർക്കുന്ന കൂട്ടുകാരിയെ തോണ്ടി വിളിച്ചവൾ പോയാലോ എന്ന് ചോദിച്ചു. ബഹളത്തിനിടയിൽ ചോദിച്ചത് എന്താണെന്നു അവൾക്ക് മനസ്സിലായില്ലെന്ന് തോന്നി. കുറച്ചു നേരം കൂടി അങ്ങനെ ആൾകൂട്ടത്തിൽ തനിയെ നിന്ന ശേഷം അവൾ പതുക്കെ പിറകിലേക്ക് നടന്നു. സമയം പത്തുമണിയോടടുപ്പിച്ചായിരിക്കുന്നു.


തിരിഞ്ഞു നോക്കുമ്പോൾ ഇളകിമറിയുന്ന ആൾകൂട്ടത്തിനിടയിലൂടെ നടന്നു മറയുന്ന നീല വെളിച്ചം. ഒരുവട്ടം മുന്നിലേക്കൊന്നു നോക്കി, മനോജും കൈലാസും വേറൊരു ലോകത്തിലാണ്.അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു തോന്നി. നിള പോയ വഴിയേ ഇറങ്ങി നടന്നു.


റോഡിനു സൈഡിലെ പുല്തകിടിയിലേക്ക് അവൾ ഇരുന്നു.


"എന്ത്പറ്റി" അടുത്തേക്ക് ചെന്ന് ചോദിച്ചു. തന്നോട് എന്തിനാ പറയുന്നത് എന്ന് ചോദിക്കുമോ എന്ന പേടി ഉണ്ടായിരുന്നെങ്കിലും രണ്ടും കല്പിച്ചു ചോദിച്ചതാണ്. രണ്ടു നിമിഷം മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി.


"എന്നെ ഒന്ന് ഹോസ്റ്റലിൽ കൊണ്ടാക്കാമോ..." അപ്രതീക്ഷിതമായ ചോദ്യമായിരുന്നു. വല്ലാത്ത തളർച്ച ഉണ്ടായിരുന്നു അവളുടെ ശബ്ദത്തിന്. ആദ്യം ഒന്ന് പകച്ചെങ്കിലും തലകുലുക്കി സമ്മതിച്ചു. വണ്ടിയുടെ കീ മനോജിന്റെ കയ്യിലാണ്.


"ചാവി ഫ്രണ്ടിന്റെ കയ്യിലാണ്... വാങ്ങിയിട്ട് വരട്ടെ."


"വേണ്ട... നടന്നു പോകാം..." അത് തന്നെയാണ് നല്ലതെന്നു തോന്നി. പാർക്ക് സെന്ററിന് സൈഡിലെ സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് നടന്നു. 


"എന്ത് പറ്റി... താനാകെ അപ്സെറ്റ് ആണന്നു തോന്നുന്നല്ലോ. "


"അപ്സെറ്റ് ഒന്നും അല്ല... തല പിളർന്നു പോകുന്ന പോലെ വേദനിക്കുന്നു... ഉച്ചത്തിൽ ഉള്ള ശബ്ദത്തിന്റെ ആകും... രണ്ടു ദിവസം മുൻപ് പനി മാറിയതേ ഉള്ളു... പരിപാടി കാണാൻ ഉള്ള ആവേശത്തിൽ അത് മറന്നു."ചിരിച്ചു കൊണ്ടാണവൾ പറഞ്ഞത്.


"ഊം. "


"തന്റെ പേരെന്താ?"


"അർജുൻ... പേരുപോലും അറിയാത്തവരോടാണോ സഹായം ചോദിക്കുന്നത്? "


അവൾ ഒന്ന് പുഞ്ചിരിച്ചു. 


മെയിൻ ഗേറ്റ് എത്താറായിരിക്കുന്നു. ഒന്നുരണ്ടു ബൈക്കുകൾ അങ്ങോട്ടു പോകുന്നത് ഒഴിച്ചാൽ വഴി ഏറെക്കുറെ വിജനമാണ്. മെയിൻ ഗേറ്റും ബൈപാസും കഴിഞ്ഞു. കുറച്ചു അപ്പുറത്തായി സുലൈമാനികടയുടെ ബോർഡ് കാണാം.


"ഒരു ചായ കുടിച്ചാലോ... തല വേദന വരുമ്പോൾ ഞാനൊക്കെ ആദ്യം ട്രൈ ചെയ്യുന്നത് ഒരു ബ്ലാക് ടീ ആണ്."


"ഞാനും ഇപ്പോൾ ആലോചിച്ചതേ ഉള്ളു. "


സുലൈമാനിയിലേക്ക് നടന്നു. റോഡ് പണിക്കായി വീതി കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തു സ്‌ഥാപിച്ച ഒരു കുടയുടെ അടിയിലായി ഇരുന്നു. അപ്പുറത്തെ ടേബിളിൽ രണ്ടു പെൺകുട്ടികൾ സിഗരറ്റ് പുകച്ചു കൊണ്ടിരിപ്പുണ്ട്. ഹിന്ദിക്കാരാണെന്നു തോന്നുന്നു.


"രണ്ടു സ്പെഷ്യൽ സുലൈമാനി വിത്ത് മിന്റ്." ഓർഡർ കൊടുത്തത് അവളാണ്.


സുലൈമാനി കുടിച്ചു ഹോസ്റ്റലിൽ എത്തുന്നതിനു മുൻപ് പൊന്നാനിക്കാരി നിള അവളുടെ വീടും വീട്ടുകാരെയുമൊക്കെ വാക്കുകളിലൂടെ വരച്ചു കാട്ടിത്തന്നു. ഒപ്പം അവളുടെ വുഡ്ബിയെ പറ്റിയും പറഞ്ഞു. സിംഗപ്പൂരിൽ എൻജിനീയർ ആയ അഖിൽ. ആ യാത്ര ഒരു തുടക്കമായിരുന്നു. സുലൈമാനി ഞങ്ങളുടെ സ്ഥിരം കണ്ടുമുട്ടൽ കേന്ദ്രമായി. കാണുമ്പോഴൊക്കെയും അവൾക്ക് സംസാരിക്കാനുണ്ടാകുക അഖിലിനെ പറ്റിയാകും. അന്നൊന്നും അതൊരു പ്രശ്നമേ ആയി തോന്നിയില്ല.


വണ്ടി ഒന്ന് ആടി ഉലഞ്ഞു... ഒരു വലിയ ഗട്ടറിൽ ചാടിയതാണ്. ചിന്തകളിൽ നിന്ന് ഉണർന്നു. മഴ തകർത്തു പെയ്യുന്നുണ്ട്. പ്രണയവും മഴ പോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എപ്പോഴാണ് പെയ്തു തുടങ്ങുന്നതെന്നോ നിന്ന് പോകുന്നെതെന്നോ പറയാനേ കഴിയില്ല. വണ്ടി വൈറ്റില എത്താറായിരിക്കുന്നു. റോഡ് കാണാനാവാത്ത വിധം വെള്ളമാണ്.

"കൊച്ചിയിലൂടെ യാത്ര ചെയ്യണമെങ്കിൽ ഇപ്പോൾ ഒരു ലൈഫ് ജാക്കറ്റ് കൂടി കരുത്തേണ്ടുന്ന അവസ്ഥയാ" ആരോടെന്നില്ലാതെ ഡ്രൈവർ പറഞ്ഞു. ബസ് ടെർമിനലിന് ഉള്ളിലേക്ക് കയറ്റി അയാൾ വണ്ടി നിർത്തി. ഡ്രൈവറോടൊരു നന്ദി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് കയറി. നാലു മണി ആകുന്നതേ ഉള്ളു. ഇനിയും ഒരുമണിക്കൂർ ഉണ്ട് ബുക്ക് ചെയ്ത വണ്ടി വരാൻ. ഒഴിഞ്ഞു കിടന്ന ഒരു കസേരയിലേക്ക് ഇരുന്നു. ബാഗിന്റെ ഉള്ളിൽ നിന്ന് പകുതി വായിച്ചു തീർത്ത ഒരു ബുക്ക് എടുത്തു നിവർത്തി. പക്ഷെ എന്തോ മനസ് പിടി തരുന്നില്ല. അവളിലേക്ക് തിരിച്ചു നടക്കുകയാണ്.


എപ്പോഴാണ് അവളോട് പ്രണയം തോന്നി തുടങ്ങിയത്. അറിയില്ല... അല്ലെങ്കിലും കൃത്യമായ കാലവും സമയവും ഒന്ന് കുറിച്ചിട്ടല്ലല്ലോ ഇതൊക്കെ സംഭവിക്കുന്നത്. ബുദ്ധിയും മനസ്സും രണ്ടു വഴിക്കായിരുന്നു. മറ്റൊരാളുടെ കാമുകിയെ പ്രണയിക്കുന്ന വിഡ്ഢിത്തം. ബുദ്ധിക്ക് വഴങ്ങാതെ മനസ് പറഞ്ഞ വഴിയേ പോയ നാളുകൾ.


വേളി ടൂറിസ്റ്റു വില്ലേജിലൂടെ നടക്കുകയായിരുന്നു. കടൽകാറ്റിൽ അവളുടെ മുടി പാറിക്കളിക്കുന്നുണ്ട്. മുന്നിലെ കുളത്തിൽ രണ്ടരയന്നങ്ങൾ നീന്തിക്കളിക്കുന്നു. ഒരു പച്ച ടോപ്പും ജീൻസുമായിരുന്നു അവൾ ഇട്ടിരുന്നത്. പലതവണ ഒന്നിച്ചു പുറത്തു പോയിട്ടുണ്ടെങ്കിലും പതിവ് വാചാലതയൊന്നും ഇല്ലാതെ അവൾ നിശബ്ദമായി നടക്കുന്നു.


" ഞാൻ ഒരു കാര്യം ചോദിക്കട്ടെ." അവളുടെ ശബ്‌ദം കാറ്റിൽ തട്ടി നേർത്ത പോലെ തോന്നി.


"എന്താണ്? "


"നിനക്ക് എന്നോട് പ്രേമം ആണോ ?"


ഒരു നിമിഷം ഒന്ന് പതറി പോയി. ധൈര്യം വീണ്ടെടുത്തു അവളുടെ മുഖത്തേക്ക് നോക്കി. ഒരു കുസൃതി ചിരിയാണ് കണ്ടത്. ഒരു നിമിഷം ഒന്നാലോചിച്ചു. പിന്നെ ഒന്നുമാലോചിച്ചില്ല. മുട്ടുകുത്തി താഴെ ഇരുന്നു അവൾക്ക് നേരെ കൈകൾ നീട്ടി ചോദിച്ചു.


"ക്യാൻ ഐ ബി യുവർ സെക്കന്റ് ബോയ് ഫ്രണ്ട് ?"


ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.


"പറയൂ."


"ഓഫ്‌കോർസ് ഡിയർ." മുഖത്തേക്ക് ചെറുതായി അടിച്ചുകൊണ്ടാണ് അവൾ പറഞ്ഞത്. അവൾ ചിരി നിർത്തിയിരുന്നില്ല. നടന്നു നടന്നു കടലിനടുത്തു എത്തിയിരിക്കുന്നു.


"യമുനയ്ക്ക് കാളിയനെ പോലെയാണ് നിനക്ക് ഞാൻ നിളാ. "


ഒരു ചുവടു മുന്നിൽ കയറി യാത്ര തടസപ്പെടുത്തി കൊണ്ടവൾ ചോദിച്ചു.


"എങ്ങനെ ?"


"അഖിലാണ് നിന്റെ കൃഷ്ണൻ .ഞാൻ കാളിയനും."


"പക്ഷെ കാളിയന് യമുനയോടു പ്രണയമായിരുന്നില്ലല്ലോ ? പക്ഷെ ഈ കാളിയനു നിളയോട് പ്രേമമല്ലേ...?"


"അത് നിങ്ങൾ കൃഷ്ണന്റെ ആൾക്കാർ പറഞ്ഞുണ്ടാക്കിയ കഥയല്ലേ."


"കൃഷ്ണന്റെ ആൾക്കാരോ.. .ആര്? " അവളുടെ മുഖത്തു കൗതുകം കൂടിവന്നു


"രാവണനെയും കാളിയനെയും ശംഭുകനെയും വില്ലന്മാരാക്കിയവർ... ഞാൻ ഒരു കഥ എഴുതുന്നുണ്ട്, കാളിയനെ നായകനാക്കി ... കടുത്ത പ്രണയം മൂലം യമുനയെ തേടി വന്ന കാളിയനെ,തന്നെക്കാൾ യമുനയെ അവൻ സ്നേഹിക്കുന്നുണ്ടോ എന്ന് ചിന്തിച്ചു അസൂയ മൂത്തു ചവിട്ടി കൂട്ടിയ കൃഷ്ണന്റെ കഥ. "


അവൾക്ക് ചെറുതെയി ദേഷ്യം വന്നു തുടങ്ങിയിരുന്നു. ഇഷ്ട ദൈവത്തെ പറ്റിയാണ് പുതിയ കഥ.


"അല്ലെങ്കിലും നിങ്ങൾ സഖാക്കൻമാർക്ക് പുരാണങ്ങളോടൊക്കെ പുച്ഛമാണല്ലോ."


മറുപടി ഒരു ചിരിയിൽ ഒതുക്കി...


"തിരിച്ചു പോയാലോ?" ചുവപ്പായ ആകാശത്തേക്ക് നോക്കി കൊണ്ടാണവൾ പറഞ്ഞത്


"ഊം"


തിരിച്ചു നടക്കുമ്പോൾ സൂര്യൻ അറബിക്കടലിലേക്ക് മുങ്ങാം കുഴിയിട്ടു തുടങ്ങിയിരുന്നു.


മഴ മാറിയിരിക്കുന്നു.പൊന്നാനി ബോർഡ് വച്ച കെ എസ്സ് ആർ ടി സി സ്‌കാനിയ മുന്നിൽ വന്നു നിന്നു.


സീറ്റുകണ്ടുപിടിച്ചു ഇരുന്നു. സീറ്റു ശരിയാക്കി ചാരി കിടന്നു.


എപ്പോഴായിരുന്നു അവളെ അവസാനം കണ്ടത്..?


അവളോടുള്ള പ്രണയത്തോളം പോന്ന പ്രണയമായിരുന്നു വീഡിയോഗ്രാഫിയോടും. പശ്ചിമഘട്ടത്തെ പറ്റിയുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കി നാഷണൽ ജോഗ്രഫികിസിന്റെ ഫോട്ടോഗ്രാഫി ടീമിലുള്ള എറിക് ആൽബെർട്ടീന് അയച്ചു കൊടുത്തിരുന്നു. ഡൽഹിയിലേക്ക് ഇന്റർവ്യൂന് വിളിക്കുമ്പോഴും സെലക്ട് ആകുമെന്ന് കരുതിയിരുന്നില്ല. പക്ഷെ മറിച്ചായിരുന്നു സംഭവിച്ചത്. അസ്സിസ്റ് ചെയ്യാൻ സെലക്ട് ചെയ്തെന്നു വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

പോകുന്നതിനു തലേ ദിവസം...


"അപ്പോൾ നാളെ നീ പോകുകയാണ്..." ശംഖുമുഖത്തെ ബീച്ചിലൂടെ എനിക്ക് സമാന്തരമായി നടന്നു കൊണ്ടായിരുന്നു അവൾ ചോദിച്ചത്. തിരമാലകൾ വന്ന് അവളുടെ കാലിൽ മുത്തം വച്ച് പോകുന്നുണ്ടായിരുന്നു.


"എന്നാണിനി കാണുക ?" ഇടറിയിരുന്നു അവളുടെ ശബ്ദം.


ഇനീ കാണുമോ. അറിയില്ല. അഖിലുമായുള്ള കല്യാണം മിക്യവാറും ഈ വർഷം തന്നെ ഉണ്ടാകും. അതുകൊണ്ട് തന്നെ പോകുന്നതാണ് നല്ലതെന്നു തോന്നി.


 "ഞാൻ ആലോചിക്കാറുണ്ട് അർജുൻ... കുറച്ചു വർഷങ്ങൾക്ക് മുൻപ് നമ്മൾ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന്. ഇപ്പോൾ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത വിധം ഞാൻ ബന്ധിക്കപെട്ടിരിക്കുന്നു. "


അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കണ്ണ് നിറഞ്ഞിട്ടുണ്ടോ?


"അഖിൽ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് അർജുൻ..." ഒന്ന് നിർത്തിയിട്ടാണവൾ ബാക്കി പറഞ്ഞത്


"ഞാനും..."


" ഞാൻ നിനക്കാരാണ് ?"


കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷമാണു അവൾ മറുപടി പറഞ്ഞത്. 


"നമ്മൾ സമാന്തരമായി ഒഴുകുന്ന രണ്ടു നദികളാണ് അർജുൻ... ഒരിക്കലും കൂട്ടിമുട്ടാതെ സമാന്തരമായി ഒഴുകുന്നവ."


"എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും പെണ്ണേ. "


മുന്നിലേക്ക് കയറി അവൾ തിരിഞ്ഞു നിന്നു.


"വേണ്ട അർജുൻ... നമുക്കിങ്ങനെ തന്നെ ഒഴുകാം... ഗതിമാറി ഒഴുകിയ നദികൾ കാരണം സംസ്കാരങ്ങൾ വരെ ഇല്ലാണ്ടായിട്ടില്ലേ... നമുക്കങ്ങനെ ഒന്നും ആകേണ്ട."


ഒന്നും പറഞ്ഞില്ല. നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ഒരു വിമാനം എയർപോർട്ടിൽ നിന്ന് ഉയർന്നു പൊങ്ങി പോയി.


"നമ്മൾ എപ്പോഴാണ് ആദ്യം കണ്ടത്." നിന്നുപോയ സംസാരം അവൾ വീണ്ടും തുടങ്ങി


"നിന്റെ പെയിന്റിങ് എക്സിബിഷന്."


"അന്ന് കണ്ട ചിത്രത്തിലെ പെൺകുട്ടിയെ ഓർമ്മയുണ്ടോ... പാകമല്ലാത്ത ഒരു തൊപ്പിവച്ച ?"


"ഊം."


"എന്തെ നീ ചോദിച്ചില്ല ആ തൊപ്പി എന്തുകൊണ്ട് ഇത്ര വലുതായി പോയി എന്ന് ?"


ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.


"ആ വലിയ തൊപ്പിക്കുള്ളിൽ നിറയെ അവൾ ഒളിപ്പിച്ചു വച്ച സ്വപ്നങ്ങൾ ആണ്... ഞങ്ങൾ പെൺകുട്ടികൾ ഓർമ്മ വയ്ക്കുന്ന കാലം മുതൽ ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കുന്ന കുറെ സ്വപ്നങ്ങൾ ഉണ്ട്... ചിലതൊക്കെ നടക്കും... ബാക്കിയൊക്കെയും ആരുമറിയാതെ എന്നും ഒളിച്ചുതന്നെ വച്ചിരിക്കും... കല്യാണം.. ഭർത്താവ് ,കുട്ടികൾ ... അതിനപ്പുറത്തുള്ളൊരു ലോകത്തെ പറ്റി ആരും അവരെ പഠിപ്പിക്കുന്നില്ല. "


ഒന്ന് നിർത്തിയ ശേഷമാണ് അവൾ ബാക്കി പറഞ്ഞത്


"എന്റെ സ്വപ്നങ്ങൾക്കൊപ്പം നടക്കുന്ന ഒരാളാകും നീയെന്നെനിക്കറിയാം ... പക്ഷെ നമ്മൾ കണ്ടുമുട്ടാൻ വൈകിപ്പോയി അർജുൻ."


"പ്രണയം എന്നാൽ സ്വന്തമാക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ നിളാ.. .നമുക്ക് എന്നും സുഹൃത്തുക്കളായിരിക്കാം. "


ആകാശത്തു നിന്ന് ഒരു കൊള്ളിമീൻ പടർന്നിറങ്ങി. പിറകെ ഇടിയും. മഴ പെയ്യുമെന്നു നേരത്തെ തോന്നിയിരുന്നു.


"നമുക്ക് പോയാലോ ?"


"ഊം "


തിരിച്ചു നടന്നു. അജുവിന്റെ കാർ എടുത്തിട്ടാണ് വന്നത്. വണ്ടി എടുത്തു കുറച്ചു മുന്നോട്ട് പോയതും മഴ തുടങ്ങി.


അവളുടെ ഹോസ്റ്റലിനു മുൻപിൽ വണ്ടി നിർത്തി. ഡോർ തുറന്നു, അവൾ സൈഡിലെ വെയ്റ്റിംഗ് ഷെഡിലേക്ക് കയറിയിട്ട് ഇറങ്ങി വരാൻ പറഞ്ഞു. അവിടെ ഇരുന്നാൽ അവളുടെ ഹോസ്റ്റൽ കാണാം. മഴ തകർത്തു പെയ്യുകയാണ്. ഡോർ തുറന്നു പൂറത്തിറങ്ങുന്നതിനിടയിൽ രണ്ടുപേരും ചെറുതായി നനഞ്ഞിരുന്നു.


അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ടാണ് പറഞ്ഞത്.


"എനിക്കിപ്പോൾ ജയദേവനെയും ക്ലാരെയുമാണ് ഓർമ്മ വരുന്നത്."


"ആരാണവർ " അവളുടെ മറുചോദ്യം ഞെട്ടിച്ചുകളഞ്ഞു. ജയദേവനെയും ക്ലാരയെയും അറിയാത്ത മലയാളിയോ? ഒറ്റ ചോദ്യത്തിൽ പിന്നീട് പറയാൻ വന്നതൊക്കെയും ഞാൻ മറന്നു പോയി.


"ഞാൻ പോകുന്നു ," പറഞ്ഞ ശേഷം അവൾ എഴുന്നേറ്റ് രണ്ടു സ്റ്റെപ്പ് മുന്നോട്ടു വച്ചു. പിന്നെ തിരിഞ്ഞടുത്തേക്കു വന്നു. ഒരു നിമിഷം കണ്ണുകളിലേക്ക് അവൾ സൂക്ഷിച്ചു നോക്കി.


"എന്റെ കല്യാണത്തിന് നീ വരുമോ ?"


"ഇല്ല."


"ഊം... വേണ്ട."


വീണ്ടും നിശബ്തത. രണ്ടു കയ്യും കൊണ്ടവൾ മുഖം കോരിയെടുത്തു നെറ്റിയിൽ ഒരുമ്മ വച്ചു.


"ഐ വിൽ മിസ് യൂ ഇടിയറ്റ്."


പിന്നെ പതിയെ മഴയിലേക്ക് ഇറങ്ങി. റോഡ് ക്രോസ്സ് ചെയ്യുന്നതിന് മുൻപ് അവൾ വീണ്ടും തിരിഞ്ഞു നിന്നു ഒന്ന് ചിരിച്ചു.


"തൂവാനതുമ്പികൾ ഞാൻ ഒരു അഞ്ചുവട്ടമെങ്കിലും കണ്ടിട്ടുണ്ട്. " 


തിരിഞ്ഞു നോക്കാതെ അവൾ ഗേറ്റുകടന്നു ഹോസ്റ്റലിലേക്ക് പോയി. അവിടുന്ന് വണ്ടിയെടുത്തു മുന്നോട്ട് പോകുമ്പോൾ മഴ തോർന്നിരുന്നെങ്കിലും ഗ്ലാസ്സിലെ വെള്ളത്തുള്ളികൾ കാരണം കാഴ്ച മങ്ങുന്നുണ്ടായിരുന്നു. വൈപ്പർ ഇട്ടു നോക്കി എങ്കിലും മാറ്റമൊന്നുമില്ല. കണ്ണുനിറഞ്ഞിട്ടാണ് കാഴ്ച മങ്ങിയതെങ്കിലും സമ്മതിച്ചുതരാൻ മനസു തയ്യാറാകുന്നുണ്ടായിരുന്നില്ല. ആൺകുട്ടികൾ കരയാൻ പാടില്ലന്നല്ലേ കുട്ടിക്കാലം മുതൽ പഠിപ്പിച്ചിരിക്കുന്നത്. അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച.


ഓർമ്മകളിൽ നിന്നുണർന്നു. ബസിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. മഴ മാറിയിരിക്കുന്നു. കണ്ണുകൾ അടഞ്ഞു അടഞ്ഞു പോകുന്നു. എട്ടുമണിയോടെ വണ്ടി പൊന്നാനിയിൽ എത്തി. നിളയുടെ കരയിൽ ഉള്ള ഒരു ബാർ ഹോട്ടലിൽ ആയിരുന്നു റൂം ബുക്ക് ചെയ്തിരുന്നത്. റൂമിൽ പോയി ഒന്ന് ഫ്രഷായി പുറത്തേക്കിറങ്ങി. ബാറിലിരുന്നാൽ നിള ആർത്തലച്ചൊഴുകുന്നത് കാണാം. വെയിറ്ററെ വിളിച്ചൊരു ആന്റിക്യുറ്റി ബ്ലൂ ഓർഡർ ചെയ്തു. നാളെ അവളുടെ കുട്ടിയുടെ ഒന്നാം ബർത്ത് ഡേ ആണ്.


"നീ വരണം. " വാട്സ് ആപ്പിൾ വോയിസ് മെസ്സേജായി ആണ് അവൾ അയച്ചത്, മറുപടി ഒന്നും പറഞ്ഞിരുന്നില്ല.പക്ഷെ വരാൻ തോന്നി.


ബോട്ടിൽ പകുതിയോളം കാലി ആയിരിക്കുന്നു. ഒരു ലാർജ് ഒഴിച്ചെടുത്തു പുഴയുടെ അടുത്തേക്ക് നടന്നു. കാലുകൾ ഇടറുന്നുണ്ടോ. കൈവരിയിൽ പിടിച്ചു വെറുതെ നദിയിലേക്ക് നോക്കി നിന്നു. പെട്ടെന്നാണ് ഒരിടി വെട്ടിയത്. ഞെട്ടലിൽ കയ്യിലിരുന്ന ഗ്ലാസ് താഴേക്ക് വീണു. അത് പിടിക്കാൻ ആഞ്ഞതും കാൽ വഴുതി മുന്നോട്ടു വീണുപോയോ? എന്താണിത്... ചുറ്റും ഇരുട്ടാണല്ലോ... കറുത്ത ബാക്ക്ഗ്രൗണ്ട്... ദേ അവിടെ ഒരു പെൺകുട്ടി... വെളുത്ത ഫ്രോക്കും വലിയ വെള്ള തൊപ്പിയും ഉള്ള കുഞ്ഞു പെൺകുട്ടി. അവൾക്ക് നിളയുടെ മുഖമല്ലേ ? അവൾ അടുത്തേക്ക് നീന്തി വരുന്നു.അവളുടെ തൊപ്പി ഊർന്നു വീണിരിക്കുന്നു... അതിൽ നിന്ന് ചുറ്റും നിറങ്ങൾ പരക്കുന്നു... ഇതായിരുന്നോ നിന്റെ സ്വപ്നങ്ങൾ... ഇത്രയും നിറങ്ങൾ... നിറങ്ങൾ എല്ലാം ചേർന്നൊരു കാളിയനെ വരയ്ക്കുന്നുണ്ടോ.... നിളാ... ഉറക്കെ വിളിച്ചു... വായ്ക്കുള്ളിലേക്ക് വെള്ളം ഇരച്ചു കയറുന്നു... കൂടുതൽ ആഴങ്ങളിലേക്ക്... നിറങ്ങൾ എല്ലാം ചേർന്ന് വീണ്ടും കറുപ്പാകുന്നു...


"എപ്പോഴെങ്കിലും നമുക്കിടയിലെ മണൽത്തിട്ടകൾ ഭേദിച്ചു ഞാൻ നിന്നിലേക്ക് ഒഴുകും." ആരാണത് പറയുന്നത്... ഒന്നും കാണാൻ പറ്റുന്നില്ലാല്ലോ... ചുറ്റും കറുപ്പുമാത്രം...


വീണ്ടും ഉറക്കെ വിളിച്ചു നോക്കി... നിളാ... നിളാ... അവൾ കേട്ടുകാണുമോ ...


Rate this content
Log in

Similar malayalam story from Drama