വൈഗയുടെ 30 ദിവസങ്ങൾ - "ഫെയർവെൽ"
വൈഗയുടെ 30 ദിവസങ്ങൾ - "ഫെയർവെൽ"
ദിനം 18: 30 ഒക്ടോബർ 2020
ഇന്ന് പോകാൻ നേരം മിനി ചേച്ചിയോട് പറയണം, റിസൈൻ ചെയ്യുവാണെന്ന്. രണ്ടു ദിവസത്തിനുള്ളിൽ ധർമഗിരിയിൽ ജോയിൻ ചെയ്യേണ്ടതാണ്.
"ചേച്ചി എന്തുപറയും ആവോ? "
വൈഗ ഒരുങ്ങുന്നതിനിടെയിൽ ഓരോന്നും ആലോചിച്ചു കൂട്ടി.
"ശോ, അല്ലെങ്കിലും ഒരിടത്ത് ജോലിക്ക് കയറിയാൽ മറ്റൊരിടത്ത് അതിലും നല്ല ജോലി നോക്കാൻ ബുദ്ധിമുട്ടാണ്."
അവൾ കണ്ണാടിക്കു മുന്നിൽ നിന്ന് പരിഭവിച്ചു.
ചോറ്റുപാത്രവുമായി കയറിവന്ന ശാരദ അത് കേട്ടു.
"നീ എന്തിനാ അത് നോക്കുന്നത്, നല്ലൊരു ജോലി എല്ലാവരും ആഗ്രഹിക്കുന്നതല്ലേ? സ്നേഹബന്ധം നോക്കി ആരും വിട്ടു കളയില്ല നല്ല അവസരങ്ങൾ."
"അതല്ലമ്മേ,റിസൈൻ ഒക്കെ വെക്കുമ്പോൾ ഒരു മാസം മുന്നേ പറയണം അല്ലെങ്കിൽ ഒരു രണ്ടാഴ്ച മുന്നേ, അവർക്ക് വേറെ ആളെ നോക്കണ്ടേ. ഇതിപ്പോ മൂക്കിൻ തുമ്പിലെത്തിയിട്ടാണ് അറിയിക്കാൻ പോകുന്നത്."
"എന്തായാലും പറയാതെ പറ്റില്ലല്ലോ "
"അത് പറയണം, പക്ഷേ ചേച്ചി വിചാരിക്കും നന്ദിയില്ലാത്തവളാണെന്ന്."
"പറയട്ടെ നിനക്കെന്താ, അത് അവരുടെ ഭാഗം. നമ്മുടെ ഉയർച്ചയ്ക്ക് വേണ്ടിയാണ് അല്ലാതെ സ്നേഹബന്ധത്തിന് വേണ്ടിയല്ല ആരും ജോലി ചെയ്യുന്നത്. അല്ലെങ്കിൽ എപ്പോ പോയാലും കിട്ടുന്നതായിരിക്കണം. എത്ര ആശുപത്രികളിൽ നീ പോയി, വല്ലതും കിട്ടിയോ? "
വൈഗ മൗനം പൂണ്ടു.
"നീ മെഡിക്കൽ ഷോപ്പിൽ നിൽക്കാൻ തുടങ്ങിയിട്ട് 11 മാസമാകാറായി. ആ എക്സ്പീരിയൻസ് കൊണ്ട് നിനക്ക് പുറത്തേക്ക് പോകാൻ പറ്റുമോ, ഹോസ്പിറ്റലിൽ തന്നെ ചുരുങ്ങിയത് രണ്ടു വർഷം വേണം."
"ശരിയാണ് അമ്മെ, ഞാനല്ലെങ്കിലും പറയും. ധർമ്മഗിരി പോലുള്ള ആശുപത്രിയിൽ കിട്ടുക എന്നത് ഒരു ഭാഗ്യം അല്ലേ?"
"അതെ, ഭാഗ്യം തന്നെയാണ്. മുമ്പും ഒരു ഭാഗ്യം വന്നു, തട്ടിക്കളഞ്ഞപ്പോൾ ഓർക്കണം അതും ഒരു ഭാഗ്യമായിരുന്നുവെന്ന്."
ശാരദ കുത്തി കൊണ്ട് പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി. വരുണിന്റെ കാര്യമാണെന്ന് വൈഗക്ക് മനസ്സിലായി. പെട്ടെന്നവൾ ദേഷ്യത്തോടെ അടുക്കളയിലേക്ക് പോകാനൊരുങ്ങി.
"അല്ലെങ്കിൽ വേണ്ട, ചുമ്മാ വഴക്കിട്ടിറങ്ങി ഇന്നത്തെ ദിവസം കളയണ്ട."
അവൾ ഉരുണ്ടുകൂടിയ ദേഷ്യത്തെ കടിച്ചു പിടിച്ചു.
"അമ്മേ, ഞാൻ ഇറങ്ങുവാ,"
"ശരി പോയിട്ട് വാ, പറഞ്ഞേക്കണം."
വൈഗ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.
5.30
വൈഗ പോകാനായി റെഡിയായി.
"ചേച്ചി, ഞാൻ ഇറങ്ങുവാ."
"ശരി വൈഗേ."
രണ്ടും കൽപ്പിച്ചവൾ പറഞ്ഞു.
"ചേച്ചി, മറ്റന്നാൾ തൊട്ടു ഞാൻ ഉണ്ടാകില്ലാട്ടോ."
മിനി വിശ്വസിക്കാൻ തയ്യാറായില്ല.
"പറ്റിക്കാതെ പോ, പെണ്ണേ."
"ചേച്ചി ഞാൻ പറ്റിച്ചതല്ല, എനിക്കൊരു ഹോസ്പിറ്റലിൽ ജോലി കിട്ടി."
മിനിയുടെ മുഖം ചുവന്നു.
"ഇത് ഭയങ്കര ബോറായി പോയി, വൈഗേ. ഒരു സ്ഥാപനത്തിൽ നിൽക്കുമ്പോൾ അതിന്റേതായ മര്യാദകളുണ്ട്. ഇതൊരു സാധാ മെഡിക്കൽ ഷോപ്പ
ായതു കൊണ്ട് റിസൈൻ ഫോർമാലിറ്റി നോക്കണ്ട എന്ന് വെച്ചോ?"
മിനിയുടെ ശബ്ദമുയർന്നു.
"ചേച്ചി എനിക്ക് പോലും പ്രതീക്ഷയില്ലാതെ കിട്ടിയതാ. ഉടനെ ആവശ്യമുള്ള വേക്കൻസിയാ, ഒരു മാസം മുന്നേ അറിയിച്ചിട്ടാണോ വരുന്നത്? എനിക്കും സങ്കടമുണ്ട് ചേച്ചിയെ ഒറ്റക്കാക്കി പോകുമ്പോൾ."
"മതി വൈഗ, എന്നെ ഓർത്തു കൂടുതൽ സങ്കടപ്പെടേണ്ട. ഒരു സാമാന്യ മര്യാദ കാണിക്കാമായിരുന്നു, ജോലി കിട്ടി എന്നറിഞ്ഞപ്പോൾ തന്നെ ഒരു വാക്ക് പറയുകയോ മെസ്സേജ് അയക്കുകയോ ചെയ്യാമായിരുന്നു."
മിനി പെട്ടെന്ന് ചൂടാകുന്ന സ്വഭാവമാണെന്ന് വൈഗക്കറിയാം. തണുക്കുമ്പോൾ എല്ലാം ശരിയാകും, അതു കൊണ്ടു തന്നെ അവൾ മൗനം പാലിച്ചു.
"മറ്റന്നാൾ ആക്കണ്ട, നാളെ തൊട്ട് വരണമെന്നില്ല. എന്തായാലും ഒരാളെ കിട്ടുന്നത് വരെ ഞാൻ തന്നെ നോക്കണം. വേറൊരാളെ വെക്കാതിരുന്നത് തനിക്കത്രയും ശമ്പളം കൂട്ടി തരാലോ എന്ന ചിന്ത കൊണ്ടാ, അതിപ്പോ വല്ലാത്ത മണ്ടത്തരമായി പോയി."
"എന്റെ പൊന്നു ചേച്ചി, ചേച്ചി ഇത്ര സെൻസിറ്റീവാകാതെ."
മിനി വേഗം അവളുടെ ശമ്പളം കണക്കുകൂട്ടി കൊടുത്തു.
"ചേച്ചി, എനിക്ക് വേണ്ട ഇത്."
"ഇത് പിടിക്ക്."
മിനി അവളുടെ മുന്നിലേക്കിട്ടു, സാധാരണ മിനിയുടെ കോപം മാറേണ്ട സമയം കഴിഞ്ഞു. വൈഗക്ക് മനസ്സിലായി, ആൾക്കൊട്ടം ഇഷ്ടമല്ല താനിവിടുന്ന് പോകുന്നതെന്ന്. എല്ലാറ്റിനുമുപരി ഞാൻ കാണിച്ചതും വല്ലാത്ത കഷ്ടമായിപ്പോയി.
"ഞാനിപ്പോ എന്ത് ചെയ്യാനാ, എന്റെ കുറ്റമാണോ ചേച്ചി? എന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഹോസ്പിറ്റലിൽ കയറാൻ. ആ അവസരം ഞാൻ തട്ടികളഞ്ഞാൽ ചേച്ചിക്ക് സമാധാനമാവോ? ചേച്ചിയെ ഞാനൊരു സുഹൃത്തിനെ പോലെയാ കണ്ടിട്ടുള്ളത്..."
"വൈഗ എനിക്ക് കേൾക്കണ്ട, പോകാൻ നോക്ക് എന്നെ ടെൻഷൻ അടിപ്പിക്കാതെ. അറിയാലോ ചെറിയ കാര്യം മതി എനിക്ക് ടെൻഷനാകാൻ. താനിനി വരണ്ട."
കുറച്ചു നേരം കൂടി അവൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. ഇതുവരെ കാണാത്ത ഒരു മിനിയാണ് തന്റെ മുമ്പിലെന്നവൾക്ക് മനസ്സിലായി. വൈഗ ഒന്നും മിണ്ടാതെ തന്റെ ശമ്പളമെടുത്തു ബാഗിൽ വെച്ചു സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. തിരിഞ്ഞു നോക്കിയെങ്കിലും മിനി നോക്കിയത് കൂടിയില്ല. അവൾ വണ്ടി റോഡിലേക്കിറക്കി.
11 മാസം ഉടമ തൊഴിലാളി എന്നതിനപ്പുറം, ചേച്ചി അനിയത്തി എന്നതിനപ്പുറം നല്ല സുഹൃത്തുക്കളെ പോലെയാണ് പെരുമാറിയിരുന്നത്. എന്നിട്ട് കൂടി ഞങ്ങൾക്കിടയിൽ ഒരു നല്ല യാത്ര പറച്ചിൽ പോലുമുണ്ടായില്ല.
"നാം എത്ര മനസ്സിലാക്കിയെന്നു വിശ്വസിച്ചാലും ഇനിയും മനസ്സിലാക്കാനേറെയുള്ള നിഗൂഢതയാണ് മനുഷ്യമനസ്സ്. മറ്റുള്ളവരുടെ നന്മയെക്കാൾ വലുത് സ്വന്തം സ്വാർത്ഥതയാണ്, സ്വന്തം ലാഭങ്ങളാണ്. ഞാൻ പോകില്ലെന്ന് വിചാരിച്ചിട്ടാണോ ഇതുപോലെ ഷോ ഇറക്കിയത്? അമ്മ പറഞ്ഞതാ ശരി, ഇത്തരം കപടമായ സ്നേഹബന്ധത്തിന് വേണ്ടി തുലയ്ക്കാനുള്ളതല്ല എന്റെ സ്വപ്നങ്ങൾ."
വൈഗ വണ്ടിയുടെ സ്പീഡ് കൂട്ടി.