വൈഗയുടെ 30 ദിവസങ്ങൾ - ട്യൂമർ
വൈഗയുടെ 30 ദിവസങ്ങൾ - ട്യൂമർ


ദിനം 27: 9 മാർച്ച് 2021
"വൈഗ, ഒരു മിനിറ്റ്?"
"ആ...ഡോക്ടറോ, എന്താ?"
വൈഗ വരുന്നതും നോക്കി വരുൺ കാറിൽ തന്നെ കാത്തിരിക്കുകയായിരുന്നു. ഇന്നലത്തെ കാത്തിരിപ്പ് പാഴായെങ്കിലും അവൻ അതേപറ്റി അവളോട് പറഞ്ഞില്ല.
"അന്നത്തെ സംഭവത്തിൽ താനിപ്പോഴും ദേഷ്യത്തിലാണോ?"
"അത് ഞാനല്ലേ ഡോക്ടർ ചോദിക്കേണ്ടത്?"
അവൾ ചിരിച്ചു.
"അന്നത്തെ ഒരു ദേഷ്യത്തിൽ ഞാൻ ഡോക്ടറോട് മോശമായി എന്തൊക്കെയോ പറഞ്ഞെങ്കിലും അതോർത്തു പിന്നീട് ദുഖിച്ചിട്ടേയുള്ളു. പലപ്പോഴും ചിരിച്ചെങ്കിലും ഡോക്ടർ ഒരു മൈൻഡും ചെയ്തില്ലല്ലോ? പിന്നെ പിന്നെ എനിക്ക് തോന്നി ഡോക്ടർക്കിപ്പോ എന്നോട് ദേഷ്യമായിരിക്കുമെന്ന്."
"ഒരിക്കലുമില്ല. തന്നെ ശല്യപെടുത്തേണ്ട എന്നേ ചിന്തിച്ചുള്ളൂ."
അവൾ മറുപടിയൊന്നും പറഞ്ഞില്ല.
"വൈഗ, കൂടുതൽ വളച്ചു കെട്ടുന്നില്ല. പാതി വഴിക്കു മുറിഞ്ഞു പോയ ആ പെണ്ണുകാണൽ മുഴുവനാക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്, തന്റെ എല്ലാ സ്വപ്നങ്ങളോടും കൂടി. മറ്റൊരു പെണ്ണുകാണാൻ അമ്മ നിർബന്ധിക്കുന്നുണ്ട്. എപ്പോഴോ തന്നെ അറിയാതെ ഇഷ്ടപ്പെട്ടുപോയി. അമ്മയോട് ഞാൻ പറഞ്ഞിട്ടില്ല. തനിക്ക് താല്പര്യമില്ലായിരുന്നല്ലോ അന്ന്."
"അന്ന് ഞാൻ... എന്റെ സ്വപ്നങ്ങളിൽ പോലും ഡോക്ടറെ പോലൊരു വ്യക്തിയെ സ്നേഹിച്ചിട്ടില്ല. എപ്പോഴോ അറിയാതെ ഞാനും ഇഷ്ടപ്പെട്ടു പോയി. ഞാനായി നശിപ്പിച്ച ആ ദിവസത്തിന്റെ മൂല്യത്തെ ഓർത്ത് പിന്നീടൊരുപാട് നഷ്ടബോധം തോന്നിയിട്ടുണ്ട്. ഡോക്ടറെ പോലൊരാളെയായിരുന്നു ആദ്യം സ്വപ്നം കാണേണ്ടിയിരുന്നത്. എങ്കിൽ മറ്റെല്ലാ സ്വപ്നങ്ങളും പൂവണിയും. ഈ ഒരു ചോദ്യത്തിനു വേണ്ടിയാണ് ഡോക്ടർ എന്റെ മനസ്സിപ്പോ ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിൽ ഇനിയുള്ള ഒരേയൊരു താല്പര്യം ഡോക്ടർ മാത്രമായിരിക്കും. Really I love you."
അവൾ ചെറുതായി പുഞ്ചിരിച്ചു...
"ഏയ് വൈഗ താനെന്താ ഒന്നും പറയാത്തത്?"
വരുൺന്റെ ചോദ്യം അവളെ ചിന്തകളിൽ നിന്നുണർത്തി.
"ഓ സോറി ഡോക്ടർ. വളരെ സന്തോഷം..."
അവൾ മുഴുവനാക്കും മുൻപ് ഏതോ ഒരോർമ്മയിൽ പെട്ടെന്ന് നിർത്തി.
"ഡോക്ടർ, ഞാൻ വൈകിട്ട് പറഞ്ഞാൽ മതിയോ?"
"Sure. ഞാൻ 5 മണിക്ക് ഇവിടെ ഉണ്ടാകും."
"ഓക്കേ ഡോക്ടർ. ബൈ."
വൈഗ വേഗം നടന്നു. അവൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. പക്ഷേ ഒരേസമയം അവളുടെ മനസ്സിൽ ബയോപ്സി റിപ്പോർട്ട് കൂടി കയറി വന്നതോടെ സന്തോഷം മുങ്ങിപ്പോയി.
"ഹലോ, ഡോക്ടർ നവീൻ."
"ഹലോ ഡോക്ടർ, ഞാൻ വൈഗയാണ്."
"വൈഗ ഒരു 3 മണിയോടെ റിപ്പോർട്ടാകും, അപ്പൊ വിളിച്ചോളൂ."
"താങ്ക് യു ഡോക്ടർ."
വൈഗ ജോലിക്കിടയിലും 3 മണിയാകാൻ കാത്തിരുന്നു. ഏത് നേരവും അവളുടെ കണ്ണ് ക്ലോക്കിൽ പതിഞ്ഞു കൊണ്ടിരുന്നു.
കാത്തിരുന്നു കാത്തിരുന്നു 3 മണി ആയതും അവൾ ഡോക്ടറെ വിളിച്ചു.
"യെസ് വൈഗ. പറഞ്ഞോളൂ."
"ഡോക്ടർ റിപ്പോർട്ട് ആയോന്നറിയാൻ?"
ഡോക്ടറുടെ നിശബ്ദത അവളിൽ ആധി കയറ്റി തുടങ്ങി. ഏതോ ഒരു ഭീതി അവളെ വലയം വെച്ചു തുടങ്ങി.
"ഡോക്ടർ."
"വൈഗ നാളെ അമ്മയെ കൂട്ടി വരൂ. ഇനി തനിക്കൊളിച്ചു വയ്ക്കാൻ സാധിക്കില്ല."
"ഡോക്ടർ കാര്യം പറയു. എന്താണെങ്കിലും ഞാൻ റെഡിയാണ്."
"നേരിട്ട് പറയുന്നതാണ് നല്ലത്."
"ഡോക്ടർ പ്ലീസ്."
"ബ്രെയിൻ ട്യൂമറാണ് വൈഗ. ലാസ്റ്റ് സ്റ്റേജ്..."
വൈഗ നിശബ്ദയായി. എന്ത് പറയണമെന്നറ
ിയാതെ അവൾ വെമ്പി.
"വൈഗ, are you all right? ആത്മവിശ്വാസം കൈവിടാതിരിക്കു. Still, we are not hopeless."
വൈഗ ചിരിച്ചു.
"സർജറി, കീമോ... ഏതാണ് ഡോക്ടർ?"
"ലാസ്റ്റ് സ്റ്റേജ് ആയത് കൊണ്ട് രണ്ടും നോക്കേണ്ടി വരും. ഒരു മിനിറ്റ് പോലും പാഴാക്കരുത്. തന്റെ സഹകരണം ഉണ്ടെങ്കിൽ നമ്മൾ വിജയിക്കും."
ഡോക്ടറുടെ ആശ്വാസ വാക്കുകൾ ഒന്നും വൈഗ കേട്ടില്ല.
"താങ്ക് യു ഡോക്ടർ."
"വൈഗ."
അവൾ ഫോൺ വെച്ചെന്നു ഡോക്ടർക്കു മനസ്സിലായി. അവൾക്ക് കുറച്ചു സമയം ആവശ്യമാണെന്ന് അയാൾക്ക് തോന്നി.
വൈഗ ടോയ്ലറ്റിൽ പോയി പൊട്ടികരഞ്ഞു.
"തല വേദന വന്നപ്പോ ഒരിക്കലെങ്കിലും ഞാൻ കാര്യമായി എടുത്തിരുന്നെങ്കിൽ... എന്റെ ഈശ്വരാ... ഞാനിതെങ്ങെനെ പറയും."
അവൾ വീണ്ടും പൊട്ടികരഞ്ഞു. കുറെ കരഞ്ഞപ്പോൾ മനസ്സിനൊരാശ്വാസം. കുറച്ചു കഴിഞ്ഞപ്പോൾ അവളെല്ലാം വേർതിരിച്ചെടുത്തു.
വൈഗ ഡ്യൂട്ടി കഴിഞ്ഞു പാർക്കിങ്ങിലെത്തി. ചുറ്റുമുള്ളതൊന്നും അവൾ കണ്ടില്ല. സ്കൂട്ടർ സ്റ്റാർട്ട് ചെയ്തിട്ട് വരുണിനെ നോക്കി. അവൻ ചിരിച്ചു കൊണ്ട് വരുന്നുണ്ടയിരുന്നു. മാസ്ക്കുള്ളത് കൊണ്ട് അവളുടെ തളർന്ന മുഖഭാവത്തെ അവന് മനസ്സിലാക്കാൻ സാധിച്ചില്ല.
"വൈഗ, എന്തായി."
"സോറി ഡോക്ടർ. ഞാനൊരുപാട് ചിന്തിച്ചു. എനിക്ക് നിങ്ങളെ പോലൊരാളെ ചിത്രീകരിക്കാൻ പോലും പറ്റുന്നില്ല. എന്റെ സങ്കല്പത്തിൽ ചേർന്ന ഒരാളാകാൻ നിങ്ങൾക്കൊരിക്കലുമാവില്ല. ഡോക്ടർ, അമ്മ പറയുന്നത് കേൾക്കുന്നതാണ് നല്ലത്. എനിക്ക് വിധിച്ചിരിക്കുന്നത് നിങ്ങളല്ല, നിങ്ങൾക്ക് വിധിച്ചിരിക്കുന്നതും ഞാനല്ല."
വൈഗ പറഞ്ഞതും വണ്ടി സ്പീഡിൽ ഓടിച്ചു പോയി.
വരുൺ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു വൈഗ പറഞ്ഞത്. ആ ഒരു ഞെട്ടലിൽ നിന്നും മോചിതനാവൻ അവന് ഏതാനും മിനിട്ടുകൾ വേണ്ടി വന്നു. ഇപ്പോഴാണവൻ ആദ്യമായി എന്തോ ഒരു ഹൃദയഭാരം അനുഭവിച്ചറിഞ്ഞത്. വരുൺ ഏകാകിയെ പോലെ അവിടെ തന്നെ നിന്നു.
6 മണി.
വൈഗ ബീച്ചിലേക്കാണ് പോയത്. അസ്തമയ സൂര്യൻ ആകാശത്തെയും കടലിനെയും ഒരു പോലെ സുന്ദരമാക്കിയിരിക്കുന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചു കൊണ്ടിരുന്നു.
"പാവം വരുൺ... വീണ്ടും താൻ ദുഖിപ്പിച്ചു..."
അവളവന്റെ മുഖഭാവം ഓർത്തോർത്തു കരഞ്ഞു. അച്ഛൻ അമ്മ ഗൗരി... എല്ലാ ചിന്തകളും അവളുടെ മനസ്സിൽ ദുഃഖ കടൽ സൃഷ്ടിച്ചു... സൂര്യൻ കടലിൽ മുങ്ങി മരിച്ചിരിക്കുന്നു. പ്രതീക്ഷയുടെ നാളത്തെ ഉദയം കാണാൻ ആരൊക്കെ ഈ ലോകത്തുണ്ടാവും. സമയം പോയ്കൊണ്ടിരുന്നു.
വരുൺ വന്നതറിഞ്ഞു രേവതി കതക് തുറന്നു. അവരുടെ മുഖത്തു ചിരി പടർന്നെങ്കിലും അവനിൽ ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല.
"നീ പറയാന്നു പറഞ്ഞു കളിപ്പിക്കുന്നതല്ലാതെ നീ വരുന്നില്ലല്ലോ? എന്നെ നാണംകെടുത്തിയിട്ട് നിനക്കെന്താ കിട്ടുന്നത്...?"
അവൻ മുകളിലേക്ക് കേറാൻ ഒരുങ്ങിയപ്പോ രേവതി തടഞ്ഞു.
"പറഞ്ഞിട്ട് പോടാ."
"അമ്മ എന്താന്നു വെച്ചാ ചെയ്യ്. ഞാൻ കൂടെ വന്നേക്കാം."
അവൻ സഹികെട്ടത് പോലെ പറഞ്ഞു.
"ഉറപ്പാണോ?"
"ആന്നേ... ഇനിയൊരൊന്നും ചോദിച്ചു വരാതെ കുറച്ചു നേരമെങ്കിലും സമാധാനം തരണം."
അവൻ വേഗം പടികൾ കയറി പോയി.
"ഇവനിതെന്ത് പറ്റി?"
അവർ അന്തം വിട്ടു.
"ആ എന്തെകിലും ആകട്ടെ. അവൻ സമ്മതിച്ചല്ലോ."
അവർ സന്തോഷത്തോടെ ഫോണിനടുത്തേക്ക് നീങ്ങി.