വൈഗയുടെ 30 ദിവസങ്ങൾ - യാത്രകൾ
വൈഗയുടെ 30 ദിവസങ്ങൾ - യാത്രകൾ


ദിനം 28: 18 മാർച്ച് 2021
"ആ..."
വൈഗ ഞെട്ടി എഴുന്നേറ്റു. അവൾ ടേബിൾ ലാമ്പ് ഓൺ ചെയ്തു. സമയം 1.30 കഴിഞ്ഞു.
"സ്വപ്നമായിരുന്നല്ലേ?"
ദേവിയും യാമിനിയും വൈഗയും കൂടി ഒഴുകി പോകുന്ന ദൃശ്യമായിരുന്നു അവൾ കണ്ടത്. നന്നായി വിയർത്തിട്ടുണ്ട്. വൈഗ ജഗിൽ നിന്നും വെള്ളമെടുത്തു കുടിച്ചു.
ലൈറ്റ് ഓഫ് ചെയ്തില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. തന്റെ രണ്ട് ഉറ്റ സുഹൃത്തുക്കളായിരുന്നു മരിച്ചത്. വളരെ നാളുകൾക്ക് ശേഷമാണ് അവരെ സ്വപ്നം കണ്ടത്. ഒരു പക്ഷേ എന്റെയും മരണം മുൻപേ കണ്ടത് കൊണ്ടാകാം ഇങ്ങനൊരു സ്വപ്നം കണ്ടത്.
അവളാകെ അസ്വസ്ഥയായി. ആരോടും ഒന്നും പറഞ്ഞിട്ടില്ല. റിപ്പോർട്ട് പ്രകാരം ഡോക്ടർ നൽകിയ ഗുളികകൾ മാത്രമാണ് കഴിക്കുന്നത്. അവൾ കണ്ണുകളടച്ചു കിടന്നു. എപ്പോഴോ ഉറങ്ങി പോയി.
"വൈഗ..."
ശാരദ കതകിൽ കൊട്ടിക്കൊണ്ടിരുന്നു. അവൾ ഉറക്കച്ചടവോടെ വാതിൽ തുറന്നു.
"എന്താ അമ്മ?"
"നീയിപ്പോ എന്താ കതകടച്ചു കിടക്കുന്നത്?"
"അതിനിപ്പോ എന്താ?"
"ഓരോ ദിവസം ചെല്ലുന്തോറും പല ശീലങ്ങളും നീ പഠിച്ചു കൊണ്ടിരിക്കുവാണോ?"
"അമ്മക്കിപ്പോ എന്താ വേണ്ടത്?"
"8 മണി കഴിഞ്ഞു. നീ ഇന്ന് പോണില്ലേ?"
"ഇല്ല."
അവൾ കതകടച്ചു.
"ശെടാ ഈ പെണ്ണിന് ഇതെന്ത് പറ്റി?"
10 കഴിഞ്ഞിട്ടും വൈഗ മുറിയിൽ നിന്നിറങ്ങിയില്ല.
"നിന്റെ ചേച്ചിക്കെന്ത് പറ്റിയെടി, വല്ല പ്രേമ നൈരാശ്യമാണോ?"
വൈഗ വാതിൽ തുറന്നതും രണ്ട് പേരും നിശബ്ദമായി.
"നീയിതെവിടെ പോകുവാ?"
അവൾ ഒരുങ്ങി നിൽക്കുന്നത് കണ്ടവർ ചോദിച്ചു.
"കൊട്ടാരക്കര വരെ."
"കൊട്ടാരക്കരയോ?"
"ദേവിടെ അമ്മയെ കാണണം."
"ഒറ്റക്കോ, ഇരുട്ടാവില്ലേ വരുമ്പോ?"
"നേരത്തെ തിരിച്ചോളാം."
"നിനക്കെന്നാ ഒരെട്ട് മണിക്ക് ഇറങ്ങാർന്നില്ലേ? ഇന്നിപ്പോ പോകണ്ട."
വൈഗ ഒന്നും മിണ്ടാതെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.
"വൈഗേ, നിൽക്കാനാ പറഞ്ഞത്!"
"നിങ്ങൾക്കൊന്ന് മിണ്ടാതിരിക്കാമോ? നാശം പിടിക്കാൻ. തള്ളേനെ കൊണ്ട് തൊറ്റു."
വൈഗ അവർക്ക് നേരെ പൊട്ടി തെറിച്ചുകൊണ്ട് സ്കൂട്ടർ പറപ്പിച്ചു. ശാരദ ശില പോലെ നിന്നു. കണ്ണിൽ നിന്നും കണ്ണീർ വീഴുന്നുണ്ട്. ആദ്യമായാണ് തന്റെ മകൾ തന്നെ തള്ളയെന്നു വിളിക്കുന്നത്.
"അമ്മേ..."
ഗൗരി സങ്കടത്തോടെ അവരെ വിളിച്ചു. ശാരദ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി.
വൈഗയുടെ കണ്ണും നിറയുന്നുണ്ടായിരുന്നു. തന്നെ വെറുക്കാവുന്നിടത്തോളം വെറുക്കട്ടെ.
"നാളെ ഞാൻ മരിച്ചാലു
ം ഓമന സന്തതി മരിക്കുന്നത്രയും ദുഃഖം വരില്ലായിരിക്കും തല തെറിച്ച സന്തതി മരിക്കുമ്പോൾ."
അവൾ ദീർഘശ്വാസമെടുത്തു കൊണ്ട് വണ്ടിയുടെ സ്പീഡ് കൂട്ടി.
1.45 ആയപ്പോൾ ദേവിയുടെ വീട്ടിലെത്തി. ഒരു 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ കതക് തുറന്നു. അതാരാണെന്ന് അവൾക്ക് മനസ്സിലായില്ല.
"ആരാ?"
"സരോചിനി അമ്മ."
"ആരാ?"
"ദേവിയുടെ സുഹൃത്തായിരുന്നു."
"ഉം..."
കതക് തുറന്ന സ്ത്രീ മൂളി.
"അകത്തേക്ക് വന്നോളൂ. 8 മാസം മുന്നേ പടിയിൽ നിന്നും കാൽ വഴുതി വീണതാ അതേ പിന്നെ സരോചിനി ചേച്ചി തളർന്നു കിടപ്പാ." വൈഗയിൽ ഒരു ഞെട്ടലുണ്ടായി.
"അയ്യോ ഇനി മാറില്ലേ?"
"മരുന്നൊക്കെ നടക്കുന്നുണ്ട്. ഉഴിച്ചിലും പിഴിച്ചിലും എല്ലാം ഉണ്ട്. എന്നെങ്കിലും പഴയത് പോലെയാകുമായിരിക്കും. ദേവി പോയെ പിന്നെ ആൾക്കൊരു മന്ദിപ്പായിരുന്നു."
വൈഗ ഒന്നും മിണ്ടിയില്ല. ഞെട്ടലിൽ നിന്നും അവൾ മോചിതയായില്ല.
"എന്ത് പറയാനാ...? ഓരോ വിധി. മനുഷ്യരുടെ ഓരോ അവസ്ഥകൾ, നമുക്കൊന്നും പ്രവചിക്കാൻ കഴിയില്ലല്ലോ. അതാ... ഈ മുറിയിലുണ്ട്. കേറി കണ്ടോളു. ഞാൻ ചായ എടുക്കാം."
വൈഗ മുറിയിലേക്ക് കയറി.
"അമ്മേ"
അവർ കണ്ണുകൾ തുറന്നു. ആ കണ്ണിലെ തിളക്കം അവളുടെ കണ്ണിലേക്കൊഴുകി. അവരുടെ കൈ തണ്ട കയ്യിലെടുത്തവൾ തടവി.
"വൈഗ മോളെ, എത്ര നാളായി നീ വന്നിട്ട്. വിളി പോലുമില്ലാതെ... എന്നെ മറന്നല്ലോ കുഞ്ഞേ? ദാ കണ്ടില്ല്യേ കുട്ടി എന്റയവസ്ഥ. ഒന്ന് മരിച്ചു കിട്ടിയാൽ മതിയായിരുന്നു."
അവർ ഒറ്റശ്വാസത്തിൽ അവളോട് സങ്കടം മുഴുവൻ പറഞ്ഞു.
"അമ്മേ, അങ്ങനെ പറയല്ലേ. എല്ലാം ശരിയാകും."
ഏറെ നേരത്തെ സംസാരത്തിനൊടുവിൽ 5 മണിക്ക് വൈഗ ഇറങ്ങി.
"ഇനിയും വരണം മോളെ. നീ മാത്രമേയുള്ളു ഞങ്ങൾക്ക്. യാമിനിയുടെ വീട്ടിൽ പോകാറില്ലേ?"
"പോകണം അമ്മേ. ഇന്നിനി സമയമില്ല. നാളെ ഇറങ്ങണം. എനിക്കും സമയം കുറവാണെ..."
അവൾ നനഞ്ഞു കുതിർന്ന ഒരു ചിരി സമ്മാനിച്ചു. സരോചിനിയുടെ കയ്യിൽ 3000 രൂപ നിർബന്ധിച്ചു വെച്ചു കൊടുത്തു.
അവൾ യാത്ര പറഞ്ഞിറങ്ങി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഈ ഒരവസ്ഥ. ദേവി മരിച്ചപ്പോൾ താനെന്നും അമ്മയുടെ കൂടെയുണ്ടാകുമെന്ന് കരുതിയതാണ്. തിരക്കുകൾക്കിടയിൽ ബന്ധങ്ങൾ മറന്നു. ബന്ധങ്ങൾ വേണമെന്ന് തോന്നിയപ്പോൾ വളരെയധികം വൈകി പോയി. ഇപ്പൊ തിരക്കുകളെവിടെ?
2 വർഷത്തിനിടയിൽ ഒരിക്കൽ പോലും വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്യാത്തതിൽ അവൾക്ക് കുറ്റബോധം തോന്നി. അവളുടെ ഹൃദയം നോവിന്റെ രുചിയറിഞ്ഞു കൊണ്ടിരുന്നു. തിരിച്ചു പോന്നപ്പോൾ മുതൽ ദേവിയുടെ സാന്നിധ്യം തന്റെ കൂടെത്തന്നെയുണ്ടെന്നവൾക്ക് തോന്നി.