വൈഗയുടെ 30 ദിവസങ്ങൾ - ഈ താങ്ങ്
വൈഗയുടെ 30 ദിവസങ്ങൾ - ഈ താങ്ങ്


ദിനം 30: 30 മാർച്ച് 2021
വൈഗ ഡ്യൂട്ടി കഴിഞ്ഞു പാർക്കിങ്ങിലെത്തി. സ്കൂട്ടർ എടുക്കാൻ തുടങ്ങിയതും വരുൺ മുന്നിലേക്ക് വന്നു.
"വൈഗ, ഒരു മിനിറ്റ്."
"സോറി ഡോക്ടർ, എനിക്ക് സമയമില്ല."
അവൻ ചിരിച്ചു.
"എങ്കിൽ പോയ്കൊള്ളു, ഞാൻ വീട്ടിലേക്ക് വന്നോളാം. അച്ഛനുമുണ്ടല്ലോ, ഗൗരവമുള്ള കാര്യങ്ങളൊക്കെ സംസാരിക്കുമ്പോൾ അച്ഛനും ഉള്ളത് നല്ലതാ."
"ഇല്ല, ഡോക്ടർ പറഞ്ഞോളൂ."
വരുൺ ചിരിച്ചു.
"നമുക്കിവിടെന്നു മാറാം."
"ഡോക്ടർ പ്ലീസ്."
"വൈഗ പറയുന്നത് കേൾക്ക്, എന്റെ കാറിനു പുറകെ വാ."
അവൻ ഗൗരവത്തോടെ പറഞ്ഞിട്ടു കാറിലേക്ക് കയറി. അവൾ മനസ്സില്ലാ മനസ്സോടെ കാറിനു പുറകെ പോയി. അവന്റെ കാർ ചെന്ന് നിന്നത് ബീച്ചിലായിരുന്നു. അസ്തമയ സൂര്യന്റെ ഭംഗി ശരിക്കും ആസ്വദിക്കാൻ പറ്റിയ സമയം. സൂര്യന്റെ ചോപ്പു നിറം ആകാശത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. കടലിനെ ചുംബിക്കാൻ പോകുന്ന സൂര്യനെ പോലെ അവൾക്കു തോന്നിച്ചില്ല.
"വൈഗ ഇറങ്ങ്."
അവൾ സ്കൂട്ടർ സ്റ്റാൻഡിലിട്ടു.
"ഡോക്ടർ നവീൻ എന്റെ നല്ലൊരു സുഹൃത്താണ്..." വൈഗയിൽ ഒരു ഞെട്ടലുണ്ടായി.
"തന്റെ എല്ലാ കാര്യവും എന്നോട് പറഞ്ഞു. അപ്പോഴാ താനെന്നെ നിരസിച്ചതിന്റെ കാരണം മനസ്സിലായത്. തനിക്കെന്നോട് ഇഷ്ടമുണ്ടെന്ന ഒരു തോന്നലുണ്ടായി. ആ ധൈര്യത്തിലാ തന്നോട് ഞാൻ പറഞ്ഞത്. പക്ഷേ തന്റെ മറുപടിയിൽ വല്ലാത്ത സങ്കടം തോന്നി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആ ദേഷ്യത്തിൽ അമ്മയോട് പെണ്ണു കാണാൻ പോകാമെന്നൊക്കെ സമ്മതിക്കുകയും ചെയ്തു. പക്ഷേ പോകാൻ തോന്നിയില്ല. എനിക്ക് മനസ്സിലായി. എനിക്കിനി അതിനു കഴിയില്ലെന്ന്. ഞാനാരെയും മുമ്പ് പ്രണയിച്ചിട്ടില്ല, പക്ഷെ ഇപ്പൊ ഞാൻ ശരിക്കും തന്നെ പ്രണയിക്കുന്നുണ്ട്. ഇതാ."
അവൻ അവൾക്ക് വേണ്ടി മേടിച്ച കാർഡ് എടുത്തു നീട്ടി.
"Really I love you വൈഗ."
"ഡോക്ടർ പ്ലീസ്, എനിക്ക് പറ്റില്ല."
"തന്റെ എല്ലാ കാര്യവും അറിഞ്ഞിട്ടു തന്നെയാ പറയുന്നത്, അതോ ഇഷ്ടമില്ലാത്തത് കൊണ്ടാണോ?"
"ഇല്ല ഡോക്ടർ, എനിക്ക് ഡോക്ടറോഡ് ഇഷ്ടം മാത്രമേയുള്ളു. വെറുക്കാനൊന്നുമില്ലല്ലോ, പക്ഷേ എനിക്ക്....."
"മതി. ഇനിയൊന്നും അറിയണ്ട."
അവളുടെ കയ്യിലേക്ക് വരുൺ കാർഡ് വച്ചു കൊടുത്തു.
"താൻ treatment refuse ചെയ്‌തെന്ന് മനസ്സിലാക്കിയപ്പോ ഡോക്ടർ നവീൻ വീട്ടുകാരുടെ കോൺടാക്ട് കിട്ടുവാനായി
എച് ആറിലേക്ക് കണക്ട് ചെയ്തു. അപ്പോഴാ എന്റെ റെക്കമെന്റെഷനേ പറ്റി അറിയുന്നത്. ഉടനെ തന്നെ പരിചയമുണ്ടോന്നൊക്ക ചോദിച്ചു, എല്ലാം എന്നോട് പറഞ്ഞു. മാത്രമല്ല തന്റെ വീട്ടുകാരോടും എല്ലാം പറഞ്ഞു കഴിഞ്ഞു. തന്റെ വീട്ടിൽ കേറിയിട്ടാ ഞാൻ ഹോസ്പിറ്റലിലേക്ക് പോന്നത്."
അവളിലെ ഞെട്ടലും പരിഭ്രാന്തിയും അവനു മനസ്സിലായി. അവളുടെ വലതു കൈ അവന്റെ കയ്യിലെക്കെടുത്തിട്ട് തലോടി.
"ഞങ്ങളെല്ലാവരും കൂടെയുണ്ട്. എന്തൊക്കെ ചെയ്തു തീർക്കാൻ ശ്രമിച്ചാലും താൻ വിട്ടുപോയാൽ ആർക്കും വിഷമം കാണില്ലേ? മുന്നേ അറിഞ്ഞില്ലല്ലോ എന്ന വേദനയിൽ ഉരുകുന്നതിനേക്കാൾ നല്ലതല്ലേ ട്രൈ ചെയ്യുന്നത്? ഒരു പക്ഷേ എല്ലാവരുടെയും പ്രാർത്ഥനയും ട്രീറ്റ്മെന്റും കൊണ്ട് തന്റെ എല്ലാ അസുഖവും ഭേദമായാലോ? എത്രെയോ ഫൈനൽ സ്റ്റേജ് കേസുകളാണ് സുഖപ്പെട്ടിരിക്കുന്നത്..."
അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞു കൊണ്ടിരുന്നു.
"നാളെ മുതൽ വേണ്ട ട്രീറ്റ്മെന്റുകൾ തുടങ്ങും. തന്റെ കൂടെ ഞങ്ങളുണ്ട്. തന്റെ ആയുസ്സ് തനിക്കോ ഞങ്ങൾക്കോ പിടിച്ചു വെക്കാനാകില്ല. ഈശ്വര വിശ്വാസവും ആത്മധൈര്യവും കൈവിടാതിരിക്ക്. ബാക്കിയൊക്കെ ദൈവം തീരുമാനിക്കട്ടെടോ."
അവൻ ചെറുതായി ചിരിച്ചു. അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു.
അവർ ഒരുമിച്ചു കൈ കോർത്തുകൊണ്ട് ബീച്ചിലൂടെ നടന്നു. അവളുടെ മനസ്സിന് നല്ലൊരാശ്വാസം തോന്നി. ഉള്ളിലടക്കി വെച്ചതെല്ലാം പുറത്തേക്കൊഴുകി. താനെത്തി പെട്ടിരിക്കുന്ന കൈകളിൽ എന്നും താൻ സുരക്ഷിതയാണെന്നവൾക്ക് തോന്നി. ആ സ്നേഹത്തിനു മുന്നിൽ മരണം വരെ തോറ്റു പോകും. സൂര്യകിരണങ്ങളുടെ അകമ്പടിയോടെ മന്ദമാരുതൻ അവരെ തൊട്ടു തലോടി പോയ്കൊണ്ടിരുന്നു. അവളുടെ സങ്കടം പതിയെ പതിയെ കുറഞ്ഞു തുടങ്ങി.
"ഇതാ... നമ്മുടെ അച്ഛന് കൊടുക്കാൻ ഉള്ളതിൽ ഏറ്റവും നല്ല ഫാദർസ് ഡേ കാർഡ്, ലീവ് കഴിഞ്ഞു പോകുന്നതിനു മുന്നേ കൊടുക്കണ്ടേ?"
അവന്റെ മുഖത്തെ പ്രകാശം അവളുടെ ഹൃദയത്തിലേക്കോഴുകി. അവൾ പുഞ്ചിരിയോടെ ആ കാർഡ് വാങ്ങി നെഞ്ചോട് ചേർത്തു.
"ഇത് വെറുമൊരു ഫാദർസ് ഡേ കാർഡല്ല, തന്റെ അച്ഛൻ തനിക്കു തിരിച്ചു തരുന്ന ഏറ്റവും പരിശുദ്ധമായ സമ്മാനം കൂടിയാണ്."
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വരുൺ അവളെ തന്റെ ചുമലിലേക്ക് ചേർത്തു പിടിച്ചു.
അവരുടെ സ്നേഹത്തിൽ അലിഞ്ഞത് കൊണ്ടാകാം, സൂര്യൻ അസ്‌തമിക്കാൻ മറന്നതു പോലെ സൂര്യാസ്ഥമയവും സമയം കടന്നു പോയത്.