N N

Drama Romance Tragedy

4  

N N

Drama Romance Tragedy

"ഞാനില്ലെങ്കിൽ നീയില്ല"

"ഞാനില്ലെങ്കിൽ നീയില്ല"

2 mins
326


ഞാൻ സൂര്യൻ. ഇതെന്റെ പ്രണയ കഥയോ ആത്മ കഥയോ ആണ്. ഉദയവും, അസ്തമയവും ഏവർക്കും എന്നോട് പ്രണയമാണ് എന്നാൽ ബാക്കിയത്രയും നേരങ്ങളിൽ ഞാൻ പോലും ആഗ്രഹിക്കാത്ത മറ്റൊരു ഉഗ്രതേജസ്വിയായി മാറുന്നത് മുതൽ എല്ലാവരും എന്നെ വെറുക്കുന്നു. പ്രണയത്തേക്കാളേറെ വെറുപ്പ് ഏറ്റുവാങ്ങേണ്ടി വരുന്നൊരു പ്രപഞ്ച പ്രതിഭാസം മാത്രമാണ് ഞാൻ. പ്രണയത്തിന്റെ നൈർമല്ല്യവും, ആത്മാർത്ഥതയും വാനോളം ഉയർത്തപ്പെടുമ്പോഴും പ്രണയം എന്നിലെപ്പോഴും വേദനയുടെ വിത്തുകൾ മാത്രമാണ് വിതക്കുന്നത്.


 നിമിഷനേരം മാത്രം എന്നെ പ്രണയിക്കുന്ന മനുഷ്യരേക്കാളേറെ, എന്റെ പോരായ്മയെപ്പോലും സ്നേഹിക്കുന്ന ഒരുവളുണ്ട്


 " സൂര്യകാന്തി ".


എനിക്കായി ജന്മം കൊണ്ടവൾ. ഞാനില്ലെങ്കിൽ കാന്തി നഷ്ടപ്പെടുന്ന ഒരു പൂവ്. എന്നിലെ ഉഗ്ര ചൂടിൽ വാടി തളർന്നാൽ പോലും ഒരിക്കലും അവൾ എന്റെ നേർക്കക്ക് മുഖം തിരിച്ചിട്ടില്ല.ഞാൻ മറയുന്നത് വരെ എനിക്കായി അവൾ ഉണർന്നിരിക്കും, മറഞ്ഞു കഴിഞ്ഞാൽ മരണത്തിന് തുല്ല്യമായ വേദനയിൽ എനിക്കായി കാത്തിരിക്കും മറ്റൊരു പുനർജന്മത്തിനായി. എന്നിട്ടും അവളുടെ പ്രണയത്തെ ഞാൻ മാനിക്കുന്നില്ല. അവഗണിച്ചിട്ടും എന്നോടുള്ള വറ്റാത്ത പ്രണയവുമായി അവൾ നിലകൊള്ളുന്നു, അവളുടെ മരണം വരെ. മരണത്തിൽ പോലും ഞാനവളെ ആശ്വസിപ്പിക്കുന്നില്ല, "നിന്നെ ഞാൻ പ്രണയിക്കുന്നു " എന്നൊരു കളവിലൂടെയെങ്കിലും സന്തോഷിപ്പിക്കുന്നില്ല.


ഞാനവളെ പ്രണയിക്കുന്നില്ല എന്ന വാസ്തവം അറിഞ്ഞുകൊണ്ട് തന്നെ ആ പരിശുദ്ധ, നിസ്വാർത്ഥ പ്രണയം മരിക്കുന്നു. എന്നെ ഇത്രയുമധികം ഈ ലോകത്ത് സ്നേഹിക്കുന്ന ഒരേയൊരു ജീവി അവൾ മാത്രമാണ്. എന്നിട്ടും ആ സ്നേഹത്തിനു മുന്നിൽ ഞാൻ കണ്ണടക്കുന്നു. അല്ലെങ്കിലും എല്ലാവരെയും ഉഗ്രചൂടിൽ ബുദ്ധിമുട്ടിക്കാൻ അറിയുന്ന എനിക്ക് മനസാക്ഷിയില്ലല്ലോ ?


പ്രിയേ! നിന്റെ പ്രണയത്തിനു മുന്നിൽ നിസ്സഹായനായത്,

ഞാൻ മറ്റൊരു സൂര്യകാന്തി പൂ ആയത് കൊണ്ടാണ്.

അതേ, നീയെന്നെ അളവറ്റു നിസ്വാർത്ഥമായി സ്നേഹിച്ചത് പോലെ ഞാനും ഒരാളെ സ്നേഹിച്ചു പോയി.


"ചന്ദ്രനെ ".


നിന്നെപ്പോലെ എനിക്കൊരിക്കലും അവളെ ദൂരെ നിന്നുകൊണ്ട് പോലും വീക്ഷിക്കുവാനാവില്ല, നിലാവെളിച്ചം തൂകി രാത്രിയുടെ യാമങ്ങളെ മനോഹരിയാക്കുന്ന ആ സൗന്ദര്യത്തെ ദർശിക്കുവാനും ആവില്ല. എന്നിരുന്നാലും ഞാനവളെ പ്രണയിക്കുന്നു. അവളുടെ ജീവിതവുമായി എത്രമാത്രം ഞാൻ ബന്ധപ്പെട്ടു കിടക്കുന്നു.പക്ഷെ ഞാനെന്ന ശാപത്തെ പോലും അവൾ ഓർക്കില്ല.എല്ലാവരും വാനോളം പുകഴ്ത്തുന്ന അവളുടെ നിലാ സൗന്ദര്യം പോലും എന്റെ ദാനമാണെന്നത് മറന്ന് നക്ഷത്രത്തെ പ്രണയിക്കുന്നു.


ഞാനില്ലെങ്കിൽ അവളില്ല എന്ന പ്രപഞ്ച സത്യം വിഫലം. ഞാനവൾക്കായി നൽകുന്ന എന്റെ ജീവനാണ് അവളുടെ പ്രകാശ വായു. അല്ലെങ്കിൽ ഇരുളടഞ്ഞ ഒരു ഗോളം മാത്രമാണ് പ്രണയിനി നീ.

എന്റെ പരിശുദ്ധ പ്രണയത്തെ നീയും അവഗണിക്കുന്നു, ഞാൻ സൂര്യകാന്തിയെ അവഗണിച്ചത് പോലെ. ഒരുപക്ഷേ നീയും നക്ഷത്രത്തെ ആത്മാർത്ഥമായി പ്രണയിച്ചത് കൊണ്ടാകാം. ഞങ്ങളെ പോലെ നീ ഭാഗ്യം കെട്ട ജന്മമല്ല. കാരണം നക്ഷത്രം നിന്നെയും പ്രണയിക്കുന്നു.


തിരിച്ചു കിട്ടാത്ത പ്രണയത്തിന്റെ കയ്പ്പ് നിനക്കനുഭവിക്കേണ്ടി വരാത്തത്തിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. കാരണം നീയൊരിക്കലും ദുഖിക്കരുത്.നീ ദുഖിതയാകുന്നതാണ് എന്നിലെ ഏറ്റവും വലിയ ഭയം.ഞാനായി നിന്നെ ഇരുളിന്റെ കയത്തിലേക്ക് ഒരിക്കലും തള്ളിയിടുകയില്ല. നീ എന്റേതായില്ലെങ്കിൽ കൂടിയും, നീയാ പ്രപഞ്ച സത്യത്തെ അറിയാതെ പോയാൽ കൂടിയും ഞാൻ മരിക്കുവോളം നീ രാത്രിയുടെ എനിക്കജ്ഞമായ സൗന്ദര്യതേജസ്വിയായിരിക്കും, മേഘങ്ങളുടെ കളികൂട്ടുകാരിയായിരിക്കും, മന്ദമാരുതന്റെ ആരാധനാ പാത്രമായിരിക്കും, നക്ഷത്രത്തിന്റെ പ്രണയിനിയുമായിരിക്കും.


എന്റെ ആത്മാർത്ഥ പ്രണയത്തിൽ ഞാൻ മാത്രമേയുള്ളു, നീയില്ല എന്ന യാഥാർഥ്യത്തിൽ ഞാൻ വേദനിക്കുന്നില്ല. കാരണം ജീവിതത്തിൽ മാത്രമാണ് നീ എന്റേതല്ലാത്തത്. മരണത്തിൽ നമ്മൾ ഒന്നാണ്. പ്രപഞ്ച തീരുമാനം അതാണ്‌.

"ഞാനില്ലെങ്കിൽ നീയില്ല. സൂര്യൻ നിന്നിൽ പ്രകാശം ചൊരിഞ്ഞില്ലെങ്കിൽ നീയെന്ന ജീവന്റെ അംശം പോലും ആർക്കും തിരിച്ചറിയാൻ കഴിയില്ല. നിന്നെ പ്രണയിക്കുന്ന നക്ഷത്രത്തിനു പോലും നീ അജ്ഞയാകും. എന്റെ മുന്നിൽ നീ കൊട്ടിയടച്ച ആ പ്രണയ വാതിൽ നിന്റെ മുന്നിൽ ആരും കൊട്ടിയടക്കുവാൻ  മരിക്കുവോളം ഞാൻ സമ്മതിക്കില്ല.

കാരണം, നിന്നെ ഞാൻ പ്രണയിക്കുന്നു. എന്നിലുമധികം, മറ്റാരേക്കാളുമധികം ഒരായിരം മടങ്ങ് നിന്നെ ഞാൻ പ്രണയിക്കുന്നു.


Rate this content
Log in

Similar malayalam story from Drama