വൈഗയുടെ 30 ദിവസങ്ങൾ - ഫാദർ ഡേ
വൈഗയുടെ 30 ദിവസങ്ങൾ - ഫാദർ ഡേ


ദിനം 29: 28 മാർച്ച് 2021
ബെല്ലടി കേട്ട് വൈഗ വാതിൽ തുറന്നു.
"അച്ഛൻ... അച്ഛാ!"
അവൾ സുകുമാരനെ കെട്ടിപിടിച്ചു. അയാൾ സന്തോഷത്തോടെ അവളുടെ നിറുകയിൽ തലോടി.
"അമ്മേ... ദാ അച്ഛൻ."
ശാരദയും ഗൗരിയും ഓടി വന്നു.
"എന്റെ സുകുചേട്ടാ രണ്ടു വർഷം... നിങ്ങൾക്ക് ഞങ്ങളെ വേണ്ടായിരുന്നല്ലോ."
അവർ കരയാൻ തുടങ്ങി. ഗൗരി വന്നച്ചനെ ചുറ്റി പിടിച്ചു.
"എന്ത് ചെയ്യാനാ ശാരദേ, കൊറോണ വന്നത് കൊണ്ട് കഴിഞ്ഞ മാർച്ചിൽ വരാൻ പറ്റിയില്ലല്ലോ."
വർഷത്തിൽ 1 മാസം ഒരുമിച്ചാണ് സുകുമാരൻ ലീവ് എടുക്കുക.
"എങ്ങോട്ടേക്കും പോകാൻ അനുമതി കിട്ടിയില്ല ആർക്കും."
"നിങ്ങളൊരുപാട് ക്ഷീണിച്ചു പോയി."
അവരുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണീർ അടർന്നു വീണു കൊണ്ടിരുന്നു.
അച്ഛൻ വന്നതിന്റെ ആഘോഷത്തിലാണ് ആ കുടുംബം. വൈഗ പൂർണ സന്തോഷത്തിലായിരുന്നു. രാത്രി അച്ഛനോടൊപ്പം പുറത്തിരുന്നു ഒരുപാട് വിശേഷങ്ങൾ പറഞ്ഞു.
"മണി 11.30 കഴിഞ്ഞു. നിങ്ങൾ പോയി കിടന്നോ."
"ഗുഡ് നൈറ്റ് അച്ഛാ."
വൈഗയും ഗൗരിയും അച്ഛന്റെ കവിളിൽ ചുംബനം നൽകി അകത്തേക്ക് പോയി.
വൈഗ കതകടക്കാൻ തുടങ്ങിയതും ഗൗരി അകത്തേക്ക് കയറി.
"നീയിതെങ്ങോട്ടാ"
"അച്ഛൻ വന്നില്ലേ, അമ്മേടെ കൂടെ കിടക്കാൻ പറ്റില്ലല്ലോ."
"നിന്റെ മുറിയില്ലേ?"
"എനിക്കൊറ്റക്ക് കിടക്കാൻ പേടിയാ."
"ഇവിടെ കിടക്കണ്ട, മാറി നിൽക്ക്."
അവൾ ഗൗരിയെ പിടിച്ചു തല്ലാൻ ശ്രമിച്ചു. ഗൗരി കതകിൽ തൂങ്ങികിടക്കുകയാണ്.
"മാറാനല്ലേ പറഞ്ഞത്."
ഗൗരി വൈഗയുടെ കയ്യിൽ കടിച്ചു.
"ആ..."
വൈഗ അവളുടെ തോളിൽ നല്ലൊരടി കൊടുത്തു. ഗൗരി കാലു കൊണ്ടവളെ തൊഴിച്ചു.
"മാറി നിൽക്ക് ജന്തു."
"നീ പോടി ഭ്രാന്തി."
"എന്താ പിള്ളേരെ ഇത്?"
ശാരദ ഗൗരിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
"അമ്മേ, എന്നേ കിടത്തുന്നില്ല."
"ഗൗരി അങ്ങോട്ട് മാറി നിൽക്ക്. വൈഗേ നിനക്കെന്താ പറ്റിയത്? കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു. പണ്ടൊന്നും ഇവളെ കിടത്താൻ പ്രശ്നമില്ലായിരുന്നല്ലോ. ഇപ്പൊ എന്താ?"
"വല്ല പ്രേമമുണ്ടാകും അമ്മേ, ഞാൻ കിടന്നാൽ കിന്നരിക്കാൻ പറ്റില്ലല്ലോ."
"ഗൗരി മിണ്ടാതിരിക്ക് നീ, വൈഗേ കാര്യം പറ."
"ഒന്നുമില്ല, എനിക്ക് തനിച്ചു കിടക്കണം."
"പറ്റില്ല, ഇവളിവിടെ കിടക്കട്ടെ."
"പറ്റില്ലെന്നല്ലേ പറഞ്ഞത്?"
"വൈഗ മിണ്ടാതിരിക്ക്, ഗൗരി അകത്തേക്കു ചെല്ല്."
അച്ഛൻ ഗൗരവത്തോടെ പറഞ്ഞതും വൈഗ നിശബ്ദയായി.
"കതകടച്ചോ നീ."
"ഉം..."
മനസ്സില്ലാമനസ്സോടെ അവൾ കതകടച്ചു.
r>
"എന്താ ഇവൾക്ക് പറ്റിയത്?"
"എനിക്കറിയില്ല ചേട്ടാ, ഞാൻ വിളിച്ചപ്പോ പറഞ്ഞില്ലേ? കാര്യമായ എന്തോ ഉണ്ട്."
"എന്തെങ്കിലും സ്‌ട്രെസ് ആയിരിക്കും. നീ ഊതി വീർപ്പിക്കണ്ട."
"വല്ല പ്രേമമുണ്ടോന്നാ എന്റെ സംശയം."
"അങ്ങനുണ്ടെങ്കിൽ നീ പേടിക്കണ്ട, അവൾ നമ്മളോട് പിന്നെയായാലും പറഞ്ഞോളും. നമുക്കങ്ങീകരിക്കാൻ പറ്റാത്തതൊന്നും അവൾ ചെയ്യത്തില്ല."
"ഉം... പെണ്ണിന് വളം വെച്ചു കൊടുത്തോ."
"എന്റെ മോളെ എനിക്കറിയാം. നീ വാ ശാരദേ, നമുക്ക് കിടക്കാം."
"എന്തോ എനിക്ക് പേടി തോന്നുന്നു."
"നീ വളർത്തി നശിപ്പിച്ചോ എന്റെ കുഞ്ഞിനെ?"
"ദേ സുകുവേട്ടാ, ഒരിടി വെച്ചു തന്നാലുണ്ടല്ലോ."
അയാൾ ചെറുതായി പുഞ്ചിരിച്ചു.
"വാടി."
അവരെ പുറകിൽ നിന്നും കുസൃതിയോടെ തള്ളിക്കൊണ്ട് പോയി.
"വാ ചേച്ചി, നമുക്ക് കിടക്കാന്നെ."
ഗൗരി അവളെ ചൊടിപ്പിക്കാൻ ശ്രമിച്ചു. അവളുള്ളത് കൊണ്ട് വൈഗ മരുന്ന് കഴിച്ചില്ല. ഒന്നും മിണ്ടാതെ ലൈറ്റ് ഓഫ് ചെയ്തിട്ട് കിടന്നു. ഗൗരി അവളോട് ചേർന്നു കിടന്നിട്ട് ചുറ്റി പിടിച്ചു. അവൾ ചിരിച്ചു കൊണ്ട് ഗൗരിയെ കെട്ടിപിടിച്ചു.
അച്ഛൻ ഏപ്രിൽ 28 ന് തിരിച്ചു പോകും. അതിനു മുന്നേ ഫാദർ ഡേ ഗിഫ്റ്റ് മേടിക്കണം.
"ഒരു പക്ഷെ അടുത്ത ഫാദർ ഡേക്ക് കൊടുക്കാൻ പറ്റോന്നറിയില്ലല്ലോ..."
വൈഗ ദീർഘശ്വാസമെടുത്തു.
അവൾ ജോലി കഴിഞ്ഞു സ്റ്റുഡിയോയിൽ കയറി. എല്ലായ്പോഴും അച്ഛന് ആവശ്യ വസ്തുക്കളാണ് നൽകുന്നത്. ഇപ്പ്രാവശ്യം ഫോണിൽ കിടക്കുന്ന ഫാമിലി ഫോട്ടോയും താനും അച്ഛനുമായുള്ള ഫോട്ടോസിന്റെയും ഫ്രെയിം കൊടുക്കാമെന്നവൾ വിചാരിച്ചു. അവൾ പറഞ്ഞ പ്രകാരത്തിൽ ഏപ്രിൽ 5 ന് ചെയ്തു കൊടുക്കാമെന്നു സ്റ്റുഡിയോയിലെ പയ്യൻ വാക്ക് കൊടുത്തു.
"ഒരു കാർഡ് കൂടി മേടിക്കണം."
അവൾ വലിയൊരു ഗിഫ്റ്റ് കടയിൽ കയറി.
"ഫാദർസ് ഡേക്ക് കൊടുക്കാൻ പറ്റിയ കാർഡുണ്ടോ?"
"ഉണ്ടല്ലോ മാഡം, ആ സെക്ഷനിലേക്ക് ചെന്നോളൂ."
"പുതിയ സെലെക്ഷൻ അടുത്ത മാസം വരും."
"അത് സാരമില്ല. ഉള്ളത് നോക്കട്ടെ."
"ഉള്ളത് കാണിക്ക്, സെലെക്ഷൻ വരാൻ കാത്തു നിൽക്കാൻ സമയമൊന്നുമില്ലാത്ത ആളാണ്."
വൈഗ തിരിഞ്ഞു നോക്കി.
വരുൺ.
അവളൊന്നും മിണ്ടിയില്ല.
"ഏതാന്ന് വെച്ചാലെടുത്തോളൂ വൈഗ, ഒരോ നിമിഷവും വിലപിടിപ്പുള്ളതല്ലേ. ചെയ്യാനുള്ളതൊക്കെ വേഗം ചെയ്യണം."
വൈഗയിൽ ഒരു പരിഭ്രാന്തി കയറി. മുന വെച്ചുള്ള സംസാരം.
"നാളെ വരാം ഇപ്പൊ വേണ്ട."
അവൾ വരുണിനോടൊന്നും മിണ്ടാതെ കടയിൽ നിന്നിറങ്ങിപ്പോയി.
വരുൺ പുഞ്ചിരിച്ചു. അവൻ ഒരു ഫാദർ ഡേ കാർഡും, ലവ് കാർഡും സെലക്ട് ചെയ്തു.