വൈഗയുടെ 30 ദിവസങ്ങൾ - "ചികിത്സ"
വൈഗയുടെ 30 ദിവസങ്ങൾ - "ചികിത്സ"


ദിനം 22: 6 ജനുവരി 2021
"നമുക്കൊരു ചായ കുടിച്ചിട്ട് വരാം, വൈഗ."
11 മണിക്ക് മിനിക്കൊരു ചായ നിർബന്ധമാണ്. തിരക്കും അധികമുണ്ടായില്ല, സൗമ്യ ചേച്ചിയുടെ അനുവാദത്തോടെ രണ്ടുപേരും കഫ്റ്റീരിയയിലേക്ക് പോയി.
"രണ്ടു ചായ." മിനി ഓർഡർ കൊടുത്തു.
"നിനക്ക് കഴിക്കാൻ വല്ലതും വേണോ?"
"വേണ്ട മിനി, എന്നും എണ്ണപ്പലഹാരം തിന്നു മടുത്തു.
"എങ്കിൽ അട പറയട്ടെ?"
"ഓ... വേണ്ട, എനിക്കിഷ്ടമല്ല."
"ശരിയാ എണ്ണ തിന്നണ്ട, ഞാനൊരു അട പറയാം."
വൈഗ ചിരിച്ചു. അവർ ചായ മേടിച്ചു കൊണ്ട് സ്റ്റാഫുകൾ കഴിക്കുന്ന ഭാഗത്തേക്ക് ചെന്നു.
"ദാ, അവിടെ ഇരിക്കാം."
മിനി ഒരു മൂലയിൽ കിടക്കുന്ന രണ്ട് ചെയറിലേക്ക് കൈ ചൂണ്ടി. മറ്റ് സ്റ്റാഫുകൾ ചായ കുടിക്കുന്നുണ്ട്.
"നല്ല അട, നിനക്കും ഒരെണ്ണം മേടിക്കാമായിരുന്നു."
"എനിക്കിഷ്ടമല്ല, അടയും കൊഴുക്കട്ടയൊന്നും, എന്തോ ശർക്കര ഇഷ്ടമല്ല."
"അയ്യേ, അതല്ലേടി ടേസ്റ്റ്?"
മിണ്ടിയും പറഞ്ഞും അവർ ചായ രസിച്ചു കുടിച്ചു.
"വാടി പോകാം," വൈഗ ധൃതികൂട്ടി.
"ഒന്ന് പോടീ, കുറച്ചു നേരം കൂടി ഇരിക്കാം. തിരക്കാണെന്ന് പറഞ്ഞാൽ പോരെ? അങ്ങോട്ടേക്ക് ഓടി പോയാൽ പിന്നെ ഇറങ്ങാൻ പറ്റില്ല."
"ഇത് കോളേജ് ലൈഫോ, നമ്മൾ സ്റുഡന്റ്‌സോ അല്ല, സ്റ്റാഫുകൾ ആണ്. പിടിച്ചു കഴിഞ്ഞാൽ സൗമ്യ ചേച്ചി നല്ലത് പറയും."
"ചേച്ചിക്കറിയാം, നീ ഇവിടെ ഇരിക്ക്."
"ഞാൻ പോകുവാ, നീ ആസ്വദിച്ച് കഴിഞ്ഞിട്ട് വന്നാൽ മതി."
വൈഗ കസേരയിൽ നിന്ന് എഴുന്നേറ്റതും ഡോർ തുറന്നു വരുണും ഒരു ലേഡി ഡോക്ടറും വന്നു. സർജൻ തന്നെയാണെന്ന് തോന്നുന്നു, സ്ക്രബ്ബാണ് വേഷം. വൈഗ അവളെ കാണാത്തവിധം ഒതുങ്ങിയിരുന്നു. മിനിയുടെ ചുണ്ടിൽ കള്ളച്ചിരി വിടർന്നു.
"അല്ല, നിനക്ക് പോകണ്ടേ?"
"നിന്റെ കൂടെ തന്നെ പോകാമെന്ന് വിചാരിച്ചു."
"അയ്യോടാ, എന്ത് സ്നേഹം...? ഞാൻ ഡോക്ടറെ കണ്ടു."
വൈഗ ചിരിച്ചു. മിനി അവരെ വീക്ഷിച്ചു.
"ഉം... കൂടെയുള്ള സുന്ദരി ഡോക്ടർക്ക് പുള്ളിക്കാരനോട് ഒരു പ്രത്യേക അടുപ്പം ഉണ്ടല്ലോ?"
"തുടങ്ങി കഥ ഉണ്ടാക്കൽ!"
"നീ സൂക്ഷിച്ചോ, നിനക്കൊരു എതിരാളി പുറകിൽ ഉണ്ടായിരുന്നു."
"നിനക്ക് വേറെ പണിയില്ലേ? ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നുമില്ല."
"അതെന്തെങ്കിലുമാകട്ടെ, എന്തായാലും നല്ല ചേർച്ചയുണ്ട് രണ്ടുപേരും. നിനക്ക് യോഗമില്ല. ഞാൻ പറഞ്ഞത് ശരിയാണോന്നറിയാം, നീ ശ്രദ്ധിച്ചു നോക്ക്."
വരുൺ ചായ ഊതി കുടിക്കുകയാണ്, കൂടിയിരിക്കുന്ന പെൺകുട്ടി ചായ കുടിക്കുമ്പോഴും കണ്ണുകൾ ഇടയ്ക്ക് വരുണിൽ വീഴുന്നുണ്ട്. വൈഗ ശ്രദ്ധിച്ചു.
"കണ്ടോ, ഞാൻ പറഞ്ഞില്ലേ?"
മിനി വലിയ കണ്ടുപിടിത്തം പിടിച്ച പോലെ പറഞ്ഞു...
"അല്ല, നിങ്ങൾ എന്താ പിണക്കമാണോ...? ഒരു മൈൻഡും ഇല്ലല്ലോ കുറേ ദിവസമായി. ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു, നിനക്ക് ദേഷ്യം കയറിയാലോന്നു കരുതിയാ ചോദിക്കാതിരുന്നത്."
"അതിനു പണ്ടും വലിയ മൈൻഡ് ഉണ്ടായിരുന്നോ?" വൈഗ തിരിച്ചു ചോദിച്ചു.
"നിന്നോടൊന്നും ചോദിക്കാതിരിക്കുന്ന
താണ് നല്ലത്."
വൈഗ അവനെ നോക്കി, തന്നെ കണ്ടിട്ടില്ലെന്ന് അവൾക്കു തോന്നി. അവളുടെ മുഖത്ത് സങ്കടം നിഴലിക്കുന്നത് മിനി ശ്രദ്ധിച്ചു.
"ചത്ത പശുവിന്റെ ജാതകം നോക്കണോ, മോളെ?"
"വേണ്ട. അതുകൊണ്ട് ഞാൻ പോകുവാ."
വൈഗ എഴുന്നേറ്റുപോയി.
"ഏയ് വൈഗ, നിൽക്ക്."
മിനി പുറകീന്ന് വിളിച്ചു, അവൾ ഒച്ചയെടുക്കുന്നത് കണ്ടു വൈഗ നിന്നിട്ടു തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകൾ അവനിലേക്ക് സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിച്ചു. വരുൺ ഡോർലേക്ക് നോക്കി. വൈഗ ഡോർ തുറന്ന് മിനിയോടൊപ്പം പുറത്തിറങ്ങി. അവൾക്കിപ്പോൾ പ്രത്യേകിച്ച് ഒരു ഭാവവും തോന്നിയില്ല. ശരിയാണ്, താൻ കൊന്നുകളഞ്ഞ ഒരു പശുവിന് നേരെ ദയയോടെ നോക്കിയിട്ടോ, ജാതകം നോക്കിയിട്ടോ കാര്യമില്ല.
1.30 മണി.
"ഈ മരുന്ന് വേഗം തരാമോ?"
ഒരു സാധു സ്ത്രീ കരഞ്ഞു കൊണ്ട് ബില്ല് അവൾക്ക് നേരെ നീട്ടി. വൈഗ അവരെ ദയനീയമായി നോക്കി. അവൾ വേഗം മരുന്നെടുത്തു ക്യാഷ് ബിൽ കൊടുത്തു. 2800 രൂപയായിട്ടുണ്ട്. അവർ പരുങ്ങുന്നത് കണ്ട് വൈഗക്ക് കാര്യം മനസ്സിലായി.
"എന്താ ചേച്ചി പ്രശ്നം?"
"എന്റെയിലിത്രയും പൈസയില്ല, ഇപ്പോൾ തന്നെ വേണ്ട മരുന്നാണ് മോളെ."
അവർ കരയുകയാണ്.
"എന്താ വൈഗ?"
സൗമ്യ ചേച്ചിയാണ്. അവരുരോടവൾ കാര്യം പറഞ്ഞു.
"ഞാൻ പറഞ്ഞോളാം, വൈഗ മാറിക്കോ."
"ക്ഷമിക്കണം. ഞങ്ങൾക്കങ്ങനെ മരുന്നു തരാൻ പറ്റില്ല, ആദ്യം ബില്ല് അടയ്ക്കണം."
അവർ കരഞ്ഞു കൊണ്ടിരിക്കുകയാണ്. വൈഗക്ക് സങ്കടം തോന്നി.
"ചേച്ചി, ബാക്കി പൈസ ഞാൻ തരാം. അവർക്കിപ്പോൾ ആവശ്യമുള്ളതാ, ട്യൂമറിന്റെ മരുന്നുകളാണ്."
അവൾ പതിയെ പറഞ്ഞു.
"വൈഗ, ഇതു പോലെ ധാരാളം അവസ്ഥകൾ നമ്മൾ കാണും. എല്ലാവരെയും താൻ ഇതു പോലെ സഹായിക്കോ,നമുക്കതിന് പറ്റില്ല. സെന്റിമെൻസ് മാറ്റിവെച്ചേ തീരൂ."
അവർ അപേക്ഷിക്കുന്നുണ്ടെങ്കിലും സൗമ്യ ചേച്ചി സമ്മതിക്കുന്നില്ല. ചുറ്റും നിൽക്കുന്നവരിൽ ചിലരൊക്കെ ശ്രദ്ധിച്ചു തുടങ്ങി.
"ചേച്ചി ഞാൻ പറഞ്ഞില്ലേ, ഈ ഒരു പ്രാവശ്യം മതി. അവർക്ക് മരുന്നു കൊടുത്തേക്ക്. ഞാൻ തരാം."
സൗമ്യ മരുന്നു പാക്കറ്റ് അവർക്ക് നേരെ നീട്ടി. ആ സ്ത്രീ കയ്യിലുണ്ടായിരുന്ന 1600 രൂപ നീട്ടിയെങ്കിലും വൈഗ സമ്മതിച്ചില്ല.
"വേണ്ട വെച്ചോളൂ."
അവർ നന്ദി പറഞ്ഞു കൊണ്ട് ഓടിപ്പോയി.
"തനിക്ക് ഈ ഫീൽഡ് ശരിയാകുമെന്നെനിക്ക് തോന്നുന്നില്ല."
സൗമ്യ ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.
വൈഗ കമ്പ്യൂട്ടറിൽ നിന്നും അവരുടെ ബില്ല് നമ്പർ നോക്കി രോഗിയുടെ ഐഡി നമ്പറെടുത്തിട്ട് ഇ.എം.ർ നോക്കി. കുറച്ചു മുമ്പ് അഡ്മിറ്റായ 11 വയസ്സുള്ള പെൺകുട്ടിയുടെ അമ്മയാണ്. പെട്ടെന്നുണ്ടായ തലവേദനയെ തുടർന്ന് കുഴഞ്ഞു വീണപ്പോൾ ഇങ്ങോട്ടേക്ക് കൊണ്ടുവന്നതാണ്.
"Investigation report: Symptoms of brain tumour."
അവൾക്ക് സങ്കടം തോന്നി.
"ചികിത്സ വൈകുന്നതിന്റെ പേരിലും, കയ്യിൽ പണമില്ലാത്തതിന്റെ പേരിലും ആർക്കും മരിക്കേണ്ടി വരരുതേ ദൈവമേ," അവൾ കണ്ണുകളടച്ചു.