N N

Drama

3  

N N

Drama

വൈഗയുടെ 30 ദിവസങ്ങൾ - "ടീച്ചർ "

വൈഗയുടെ 30 ദിവസങ്ങൾ - "ടീച്ചർ "

2 mins
198


ദിനം 24: 17 ഫെബ്രുവരി 2021


വൈഗ വേഗം സ്കൂട്ടർ പാർക്ക് ചെയ്തിട്ട് ഓടി. രണ്ട് മിനിറ്റ് കൂടിയുള്ളു പഞ്ച് ചെയ്യാൻ, അല്ലെങ്കിൽ ലേറ്റ് പഞ്ചിലേക്ക് പോകും. മൂന്നു തവണ അടുപ്പിച്ചു വന്നാൽ പ്രശ്നമാണ്. എന്നും എത്തുമ്പോഴേക്കും ഈ സമയമാകും. പിന്നെയൊരു ഓട്ടമാണ്. ഓടിയെത്തിയെങ്കിലും ഇത്തവണയും ലേറ്റ് പഞ്ചായി.


"ശോ...എന്ത് കഷ്ടമാണ്, മിക്കവാറും ഇങ്ങനെ പോയാൽ എച്ച് ആറീന്ന് വിളിപ്പിക്കും. അല്ല ആരെ കുറ്റം പറയാനാ... ഞാൻ തന്നെയല്ലേ കാരണം? എണീക്കാൻ ഇങ്ങനെ ഒരു മടി!"

 വൈഗ അവളെത്തന്നെ കുറ്റപ്പെടുത്തി.


"എസ്ക്യൂസ്മി കുട്ടി ഓർത്തോ ഏത് ഫ്ലോറിലാണ്?"

"തേർഡ് ഫ്ലോർ."

"താങ്ക്യു!"

"നന്ദിനി ടീച്ചറല്ലേ ഇത്."


വൈഗ പെട്ടെന്ന് നിശബ്ദയായി. തന്റെ പത്താം ക്ലാസിലെ പ്രിയപ്പെട്ട ടീച്ചർ. ടീച്ചർക്ക് കത്തെഴുതുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു വൈഗക്ക്. അവൾ ഡിഗ്രി ഫസ്റ്റ് ഇയർ വരെ ആ ശീലം തുടർന്നു. പിന്നെ കാലത്തിന്റെ സുന്ദരമായ കെണിയിൽ അകപ്പെട്ടു പോയി.


 ജീവിത തിരക്കുകൾക്കിടയിൽ അതിനൊന്നും സമയം കണ്ടെത്താൻ കഴിഞ്ഞില്ല. പാതിയാക്കി വെച്ച പല കത്തുകളും മുഴുവൻ ആക്കാതെ കാറ്റിൽപറത്തി. പാഴാക്കുന്ന സമയത്തെ ചൊല്ലി പരിതപ്പിച്ചു കൊണ്ടിരുന്നതല്ലാതെ പൂർത്തീകരിച്ച എഴുത്തുകൾ പോസ്റ്റ് ബോക്സിൽ എത്തിയില്ല. പല കത്തുകളെയും കാത്തിരുന്ന് മുഷിയാനായിരുന്നു പോസ്റ്റ് ബോക്സിന്റെ വിധി.


 പല പ്രാവശ്യം വിളിക്കാൻ ശ്രമിച്ചപ്പോഴും കത്തെഴുതാം എന്ന് വിചാരിച്ചു ഒടുവിൽ രണ്ടും നടന്നില്ല. ടീച്ചർക്ക് തന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു. ടീച്ചറെ വിളിക്കാൻ തുടങ്ങിയെങ്കിലും ഇപ്പോൾ വേണ്ട, കത്തയച്ചിട്ട് ചെന്ന് കാണാമെന്ന് വിചാരിച്ചു. അവൾ വേദനയോടെയാണെങ്കിലും ഏതോ ഒരു തോന്നലിൽ തിരിഞ്ഞു നടന്നു .


"വൈഗ."


 പെട്ടെന്ന് അവൾ ഞെട്ടിയതു പോലെ നിന്നു. ടീച്ചറുടെ ശബ്ദം, തിരിഞ്ഞു നോക്കാൻ ഒരു മിനിറ്റോളം എടുത്തു. അവൾ കുറ്റബോധത്തോടെ തലതാഴ്ത്തി കൊണ്ട് ടീച്ചർക്ക് നേരെ തിരിഞ്ഞു.


"എന്റെ കുട്ടി, ഏത് മാസ്ക് വെച്ചാലും എന്റെ കുട്ടികളെ എനിക്ക് മനസ്സിലാകും. അവരുടെ ശബ്ദം കേട്ടു കൊണ്ട് പോലും ഞാൻ കണ്ടു പിടിക്കും. നീയെന്നെ മറന്നാലും ഞാൻ നിന്നെ ഒരിക്കലും മറക്കില്ല"


"അയ്യോ ടീച്ചർ, I am really sorry. എനിക്ക് ടീച്ചറെ മനസ്സിലായി, ഇത്രയും കാലം ഒരു വിളിയോ, കത്തോ അയക്കാത്തത് കൊണ്ട് എനിക്ക് ഒരു ചമ്മൽ തോന്നി. ആദ്യം കത്തയക്കാമെന്നു വിചാരിച്ചിട്ടാ ഞാൻ..."


"നിനക്ക് ചേരാത്ത പല സ്വഭാവങ്ങളും നീ പഠിച്ചു കഴിഞ്ഞല്ലോ"

 അവൾ ക്ഷമാപണത്തോടെ ടീച്ചറെ നോക്കി.


"ടീച്ചറെ..."

"ഉം... മതി. എന്റെ നമ്പർ ഒക്കെ കയ്യിലുണ്ടല്ലോ അതോ കളഞ്ഞോ?"

"ടീച്ചറെ... എന്റെ കയ്യിലുണ്ട്,"അവൾ കൊഞ്ചി.


"ഉം... പിന്നെ സുഖമല്ലേ, നീ ഫാർമസിക്ക് ചേർന്ന വിവരം വരെ ഞാനറിഞ്ഞു, പിന്നെ നീ ഒന്നും അറിയിച്ചില്ലല്ലോ."

"ഇനി എല്ലാം ഞാൻ അറിയിക്കും ടീച്ചർ."

"ഓ... ഞാൻ പറഞ്ഞിട്ട് വേണ്ട. നിനക്കെന്നെ അറിയിക്കണമെന്ന് ഉണ്ടെങ്കിൽ മാത്രം മതി."


"ടീച്ചറെ ... സോറി ഡി മോളെ... ക്ഷമിക്ക്... എന്റെ മുത്തല്ലെ?"

"നീ അധികം സോപ്പ് ഇടണ്ട."

വൈഗ പഴയതു പോലെ കൊഞ്ചാൻ തുടങ്ങി.

"സുഖമല്ലേ ടീച്ചറെ, ഇപ്പോ എന്താ ഇവിടെ?"


"ഭയങ്കര മുട്ടുവേദന, പഴയതു പോലെ ഒന്നും നടക്കാൻ പറ്റുന്നില്ല. ഒരു കസിൻ ഉണ്ട് ഇവിടെ, ഓർത്തോപീഡിക് സർജനാ. അവന്റെ മരുന്നാ കഴിച്ചു കൊണ്ടിരിക്കുന്നത്. ഒന്ന് കാണാൻ വന്നതാ."

"കൂടെയാരും വന്നില്ലേ ടീച്ചറെ?"


"ഇല്ല കുട്ടി, മക്കളൊക്കെ പുറത്തല്ലേ. കൂട്ടിനൊരു ചേച്ചി ഉണ്ടെങ്കിലും അവർക്കിപ്പോ സുഖമില്ല. അവരാണ് കൂടെ വരാറുള്ളത്. സുഖമില്ലാതെ അവരെ ഞാൻ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ? വയസ്സായാൽ എല്ലാവരുടെയും അവസ്ഥ ഇതാണ് കുട്ടി. ആകെയുള്ള ഒരു ആശ്വാസം സ്നേഹമുള്ള കുട്ടികൾ ഇടയ്ക്ക് വിളിക്കും, അതിലൂടെ ഓർമ്മകൾ പുതുക്കും. അല്ലെങ്കിലും അത്തരം നല്ല ഓർമ്മകളിലൂടെയുള്ള യാത്രയാണ് വാർദ്ധക്യം. ഇനി മരിക്കുമ്പോൾ എല്ലാവരെയും കാണാം."

 ടീച്ചർ വിഷാദം നിറഞ്ഞ ചിരി അവൾക്ക് സമ്മാനിച്ചു.


"ടീച്ചർ ഡോക്ടറെ കണ്ടിട്ട് വാ, ഞാൻ ലീവ് എടുക്കാം. ടീച്ചറെ കൊണ്ടുവിടാലോ? വെറുതെ ബസ് കേറി പോകണ്ട. ഇന്ന് ടീച്ചറുടെ കൂടെ കൂടാം. എന്താ?"

വൈഗ ചിരിച്ചു.

"നിന്റെ ഡ്യൂട്ടി കളയണ്ട കുട്ടി."

"അത് സാരമില്ല ടീച്ചർ, ഇത്രയും നാൾ നോക്കാത്തതിന്റെ ഒരു പ്രായശ്ചിത്തം കൂടി ആക്കാം നമുക്കിത്."

അവൾ കണ്ണൊന്നിറുക്കി. നന്ദിനി ടീച്ചർ ചിരിച്ചു.


"അല്ലെങ്കിൽ വേണ്ട, ടീച്ചർ എന്റെ കൂടെ വാ. നമുക്കൊരുമിച്ചു പോകാം. ഇവിടെ വെയിറ്റ് ചെയ്യണേ, ഞാൻ ലീവ് പറഞ്ഞിട്ട് വരാം. എന്തായാലും ഈ മാസത്തെ ലീവും, ഓഫും ഒക്കെ കിടപ്പുണ്ട്. ഡേ ഡ്യൂട്ടി ആയതു കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളും."

വൈഗ ചിരിച്ചിട്ട് ഫാർമസിയിലേക്ക് നടന്നു.


"പാവം എന്റെ ടീച്ചർ, ഇങ്ങനെ ഒരു സന്ദർഭത്തിലൂടെ ആണെങ്കിലും എനിക്ക് ടീച്ചറോടൊപ്പം പഴയകാലം പോലെ കൂടാലോ." "ഓൾഡ് ഈസ്‌ ഗോൾഡ്"തന്നെയാണ്. ആ അനുഭവങ്ങൾക്കും ഓർമകൾക്കും പകരം വയ്ക്കാൻ ഒന്നുമില്ല, അതുകൊണ്ട് തന്നെയാണ് വാർദ്ധക്യത്തിൽ പലർക്കും അത്തരം ദിനങ്ങൾ കൂട്ടാകുന്നത്.


Rate this content
Log in

Similar malayalam story from Drama